ഖുര്‍ആന്‍: പുകമറകള്‍ക്കപ്പുറം

ഖുര്‍ആന്‍: പുകമറകള്‍ക്കപ്പുറം

ചെളിവെള്ളമുള്ള ഒരു ജലാശയത്തിലാണ് സൂര്യാസ്തമനമെന്ന് ഖുര്‍ആന്‍.
‘അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു. അദ്ദേഹം സൂര്യാസ്തമയസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള/ ശക്തമായ ചൂടുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി കണ്ടു'(85-86/18). സൂര്യന്‍ സ്ഥായിയായി നില്‍ക്കുന്നുവെന്നും ഭൂമി സൂര്യനെ സദാ ഭ്രമണം ചെയ്യുന്നുവെന്നുമാണ് ശാസ്ത്ര നിശ്ചയം. ഇത് കണ്ടെത്താനാകാത്ത പ്രാചീന അറബ് ലോകത്തെ മനുഷ്യ സൃഷ്ടിയാണ് ഖുര്‍ആനെന്ന് ഈ വചനാംശം മുന്‍നിര്‍ത്തി ഒരു വാദമുണ്ട്, എന്താണ് സത്യം?
ചെളിവെള്ളം നിറഞ്ഞ/ ശക്തമായ ചൂടുള്ള ജലാശയത്തിലാണ് (മാഉന്‍ ഹമിഅ) സൂര്യാസ്തമയമെന്ന് ഖുര്‍ആന്‍ പറഞ്ഞത് ദുല്‍ഖര്‍നൈനിയെ (അല്‍ ഇസ്‌കന്തര്‍) ഉദ്ധരിച്ചതാണ്. അദ്ദേഹം നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണുന്നത് സൂര്യന്‍ ചെളിവെള്ളം നിറഞ്ഞ/ അത്യുഷ്ണമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞകലുന്നതാണ്. സൂര്യാസ്തമയ വേളയില്‍ പടിഞ്ഞാറന്‍ തീരത്തു ചെന്നു നഗ്‌നനേത്രങ്ങള്‍ കൊണ്ടു നോക്കിയാല്‍ ദുല്‍ഖര്‍നൈനി കണ്ടതല്ലാത്ത മറ്റെന്താണ് കാണാന്‍ കഴിയുക?
‘അങ്ങനെ അദ്ദേഹം സൂര്യാസ്തമയ സ്ഥാനത്തെത്തിയപ്പോള്‍’ (86/18) എന്നര്‍ഥം വരുന്ന വചനം വിശദീകരിച്ചുകൊണ്ട് ഹാഫിള് ഇബ്‌നു കസീര്‍ വിശദമാക്കി: ഭൂമിയുടെ പടിഞ്ഞാറു ഭാഗത്തേക്ക് സഞ്ചരിക്കാന്‍ കഴിയുന്ന അത്രയും അദ്ദേഹം സഞ്ചരിച്ചപ്പോള്‍ ഇതാണ് കാണാന്‍ പറ്റിയത്. അതല്ലാതെ സൂര്യാസ്തമയ സ്ഥാനത്തേക്ക് (മഗ്രിബുശ്ശംസ്) ചെന്നെത്താന്‍ മനുഷ്യന് കഴിയില്ല. ഇബ്‌നു കസീര്‍ തുടരുന്നു; അദ്ദേഹത്തിന്റെ കാഴ്ചയില്‍ സൂര്യന്‍ മഹാസമുദ്രത്തില്‍ അസ്തമിക്കുന്നതായാണ് കണ്ടത്. സമുദ്രതീരത്തുനിന്ന് ആരു നോക്കിയാലും കാണുന്ന കാഴ്ചയാണത്. എന്നാല്‍ സൂര്യന്‍ നാലാം ചക്രവാളത്തില്‍ (ഫലക് റാബിഅ്) സ്ഥായിയായി നിലകൊള്ളുന്നു’.
ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചത് ഉപരിസൂചിത വചനത്തിലെ ‘അദ്ദേഹം അതിനെ കണ്ടു – വജദഹാ എന്നതിന്റെ വിവക്ഷയാണ്. ദുല്‍ഖര്‍നൈനിയുടെ ദൃഷ്ടിയില്‍ പതിഞ്ഞ കാഴ്ചയാണുദ്ദേശ്യം. ഖുര്‍ആന്‍ ദുല്‍ഖര്‍നൈനിയെ ഉദ്ധരിച്ചു പറഞ്ഞ ദൃശ്യം തന്നെയാണ് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് പോലും സമുദ്രതീരത്തു ചെന്നാല്‍ കാണുക. ചക്രവാളങ്ങളെയും സൂര്യനെയും ചന്ദ്രനെയും പറ്റിയെല്ലാം ലഭിക്കുന്ന ദൃശ്യജ്ഞാനം ശാസ്ത്രീയ-സൈദ്ധാന്തിക ഭാഷ്യങ്ങളില്‍ നിന്ന് വ്യതിരിക്തമായിരിക്കും. ഇത് രണ്ടും കൂട്ടിക്കലര്‍ത്തുമ്പോഴാണ് ആശയക്കുഴപ്പം ഉണ്ടാകുന്നത്.

ശാസ്ത്ര രംഗത്ത് നിരൂപണ വിധേയമായ വിശുദ്ധ ഖുര്‍ആനിലെ മറ്റൊരു വചനമാണ് ദിവ്യത്വം വാദിച്ചിരുന്ന നംറൂദിനോട് ഇബ്രാഹിം നബി (അ) നടത്തിയ സംവാദം ഉള്‍ക്കൊള്ളുന്ന വചനം. ഈ വചനം മുന്‍നിര്‍ത്തി ഖുര്‍ആനില്‍ ശാസ്ത്രീയമായ പിഴവുകളുണ്ടെന്ന് കണ്ടെത്തിയ നിരൂപകര്‍, ഗോള ശാസ്ത്രത്തിന്റെ ലഘുപാഠങ്ങള്‍ അറിയാതെ നിര്‍മിച്ചതാണ് ഖുര്‍ആനെന്ന് വിലയിരുത്തിയിട്ടുണ്ട്.
യാഥാര്‍ത്ഥ്യമെന്താണ്? അല്ലാഹു പറയുന്നു: ‘ഇബ്രാഹീമിനോട് (അ) അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി അങ്ങറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതുകൊണ്ടാണത്.എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്രാഹീം(അ) പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നായി അവന്‍. ഇബ്രാഹീം(അ) പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കുനിന്ന് കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ്‌നിന്ന് കൊണ്ടുവരൂ. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'(അല്‍ ബഖറ 258/2). സൂര്യന്‍ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നതാണ് കണ്ണുകളിലൂടെ ലഭിക്കുന്ന ദൃശ്യജ്ഞാനം. ഇബ്രാഹിം നബി (അ) വെല്ലുവിളിച്ചത് പ്രഭാതത്തില്‍ സൂര്യോദയം പടിഞ്ഞാറുനിന്ന് കൊണ്ടുവരാന്‍ കഴിയുമോ എന്നാണ്. ഇവിടെ കാര്യം വ്യക്തമാണ്, വെല്ലുവിളി നടന്നത് നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണുന്ന കാര്യങ്ങളെ സംബന്ധിച്ചാണ്. അതല്ലാതെ സൈദ്ധാന്തികമായോ ശാസ്ത്രീയമായോ സ്ഥിരീകരിക്കപ്പെട്ട വസ്തുതകളെ കുറിച്ചല്ല. രണ്ടും വ്യവച്ഛേദിച്ചു മനസ്സിലാക്കാതെ പരസ്പരം കൂട്ടിക്കലര്‍ത്തുന്നത് തെറ്റാണ്.

ഒരു സുഹൃത്തിനോട് സൂര്യോദയത്തെ/ അസ്തമയത്തെപ്പറ്റി പറയുന്നുവെന്ന് വിചാരിക്കുക അയാള്‍ക്ക് ഗോളശാസ്ത്ര പ്രാവീണ്യം ഉണ്ടാകട്ടെ/ ഇല്ലാതിരിക്കട്ടെ , അത്തരമൊരു സാഹചര്യത്തില്‍ ‘അതാ സൂര്യന്‍ ഉദിക്കുന്നു’, അസ്തമിക്കുന്നു’, എന്നൊക്കെയല്ലാതെ മറ്റെന്താണ് പറയുക. അല്ലാതെ, ‘അതാ ഭൂമി സൂര്യനോട് അടുത്തുകൊണ്ടിരിക്കുന്നു’ എന്നു പറയാറുണ്ടോ?.
ആരോപണങ്ങളുടെ വേര് ഇത്ര ദുര്‍ബലമാണ്. ഒരു ഹദീസ് കാണുക. ഇമാം ബുഖാരി അബൂദറില്‍ നിന്ന്(റ) നിവേദനം ചെയ്യുന്നതാണിത്: പ്രവാചകര്‍ (സ്വ) ചോദിച്ചു;
‘അബൂദര്‍, സൂര്യന്‍ എവിടെയാണ് അസ്തമിക്കുന്നതെന്ന് അറിയുമോ?’
അബൂദര്‍: ‘അല്ലാഹുവിനും അവന്റെ ദൂതനുമറിയാം’.
നബി (സ്വ):
‘അത് അര്‍ശിന്റെ താഴെയാണ് സുജൂദ് ചെയ്യുക ‘.
ഈ ഹദീസും നേരത്തെ ഉദ്ധരിച്ച ഖുര്‍ആന്‍ വചനവും ബാഹ്യമായി പരസ്പരവിരുദ്ധമാണെന്നു തോന്നും.
യഥാര്‍ത്ഥത്തില്‍, അര്‍ശിന്റെ വലയത്തില്‍ നിന്ന് സൂര്യന്‍ പുറത്തു പോകുന്നില്ല. ഉദയാസ്തമന സമയങ്ങളില്‍ അര്‍ശിനു താഴെയായി അത് അല്ലാഹുവിനു സ്രാഷ്ടാംഗം നമിക്കുന്നു.

സൂര്യന്‍ മറ്റു മുഴുവന്‍ ഗോളങ്ങളെയും പോലെത്തന്നെ പൂര്‍ണമായും അല്ലാഹുവിനു കീഴ്‌പ്പെടുകയും ഏല്‍പ്പിച്ച ദൗത്യം കൃത്യമായി നിര്‍വഹിക്കുകയും ചെയ്യുന്നുവെന്നതാണ് സാഷ്ടാംഗം കൊണ്ട് വിവക്ഷിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ ഒരുവചനാംശമെടുക്കാം: ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണമിക്കുന്നത് അങ്ങ് കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ ഉറപ്പാകുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരുമുണ്ടാവില്ല. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു'(18/22).

സൂര്യന്റെ സാഷ്ടാംഗം മാറ്റമില്ലാതെ തുടരും… ‘സൂര്യന്‍ അതിന് സ്ഥിരമായി നിശ്ചയിച്ച ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്'(യാസീന്‍ 38/36). ഈ സൂക്താംശത്തില്‍, സ്ഥിരമായി നിശ്ചയിച്ച സ്ഥാനം എന്നാല്‍ അന്ത്യദിനം വരേക്കും എന്നാണ്. അബൂദറില്‍ നിന്നുള്ള (റ) നിവേദനത്തിന്റെ ബാഹ്യാര്‍ഥം എടുത്ത് നമുക്ക് കാണാവുന്ന ഒരു സ്ഥാനത്താണ് സൂര്യ സാഷ്ടാംഗമെന്ന് വായിക്കുന്നത് ശരിയല്ല. സൂര്യന്റെ സാഷ്ടാംഗം കൊണ്ട് ഉദ്ദേശ്യം അല്ലാഹുവിനോടുള്ള പൂര്‍ണമായ വിധേയത്വമാണ്. അന്ത്യദിനം വരെ സൂര്യന്‍ അല്ലാഹു ഏല്‍പിച്ച ദൗത്യം നിര്‍വഹിച്ചു കൊണ്ടേയിരിക്കും എന്നാണ്.
ഇസ്‌കന്തറിന്റെ ദൃഷ്ടിയില്‍ പതിഞ്ഞ കാര്യം വിശദീകരിക്കുന്ന സൂക്തമെടുത്ത് (86/18) വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ സൂര്യചന്ദ്ര നക്ഷത്രങ്ങളെ പറ്റിയുള്ള ഖുര്‍ആന്റെ ശാസ്ത്രീയ വീക്ഷണങ്ങള്‍ അവഗണിക്കുകയാണ്. അല്ലാഹു പറയുന്നു: ‘രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ. അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവര്‍ ഇരുട്ടില്‍ അകപ്പെടുന്നു. സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.(യാസീന്‍ 37-40/36).
ഈ സൂക്താംശങ്ങള്‍ പഠനവിധേയമാക്കിയാല്‍ സൂര്യ ചന്ദ്ര നക്ഷത്രങ്ങളെ പറ്റിയുള്ള കൃത്യവും ദൈവികവുമായ ശാസ്ത്രീയ വിശദീകരണം ലഭിക്കുമെന്ന് ഉറപ്പ്.
അതല്ലല്ലൊ പുകമറയിലിരിക്കുന്നവര്‍ക്ക് വേണ്ടത്. വിശുദ്ധ ഖുര്‍ആന്റെ ഏതെങ്കിലും ഭാഗം മാത്രം അടര്‍ത്തിമാറ്റി വൈരുദ്ധ്യമെന്നുദ്‌ഘോഷിക്കുന്ന പ്രവണത തിരുത്തപ്പെടണം.അത് സംവാദ മര്യാദയല്ല.

വിവ: സിനാന്‍ ബശീര്‍