അസഹിഷ്ണുതയുടെ യോഗി

അസഹിഷ്ണുതയുടെ യോഗി

1925-26കാലത്ത് ഇന്ത്യ ചുറ്റിക്കണ്ട എഴുത്തുകാരന്‍ ആര്‍ഡസ് ഹക്‌സിലി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കാണ്‍പൂര്‍ സമ്മേളനത്തിന് സാക്ഷിയായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള എണ്ണമറ്റ പ്രസംഗങ്ങള്‍ ശ്രവിക്കാനായപ്പോള്‍, ഈ ജനത അതര്‍ഹിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മനോഗതം. അപ്പോഴും ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ ചില തിക്തമുഖങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സ്വാതന്ത്ര്യം കൊണ്ട് ഈ ജനത വിവക്ഷിക്കുന്നത് സവര്‍ണരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു വ്യവസ്ഥയായിരിക്കുമല്ലോ എന്ന് അദ്ദേഹം ചിന്തിച്ചു. ആ വ്യവസ്ഥയില്‍ താഴ്ന്ന ജാതിക്കാര്‍ അങ്ങേയറ്റം ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരില്ലേ? ആ വിഭാഗത്തിന് അവകാശങ്ങളുണ്ടെന്ന് കരുതുന്നതുപോലും മതനിന്ദയായി കാണില്ലേ? അങ്ങനെയെങ്കില്‍ ഒരു സവര്‍ണഭരണത്തിന്റെ മുഖമുദ്ര എന്തായിരിക്കും?
രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ ഇന്ത്യ സ്വതന്ത്രയായി. സാമൂഹിക പരിഷ്‌കര്‍ത്താവും വിദ്യാഭ്യാസവിചക്ഷണനുമായ ആഗാഖാന്‍, ഹക്‌സിലിയെപ്പോലെ 1951ല്‍ ഇന്ത്യ ചുറ്റിക്കണ്ടതിന് ശേഷം ജവഹര്‍ലാല്‍ നെഹ്‌റുവിന് എഴുതി: ‘ഞാന്‍ പങ്കുവെക്കുന്ന മുസ്ലിംകളിലെ ഭീതി കനത്തതാണ്. അഞ്ചോ പത്തോ വര്‍ഷത്തിനു ശേഷം ഹിന്ദുമഹാസഭയുടെ ഭരണമാണ് രാജ്യത്ത് വരാന്‍പോകുന്നതെങ്കില്‍ എന്തായിരിക്കും സംഭവിക്കുക?’ ഇന്ത്യന്‍ റിപ്പബ്ലിക് ഒരു ഹിന്ദുരാഷ്ട്രമായി മാറുന്നതിന്റെ ദുരന്തം 70വര്‍ഷം മുമ്പ് തന്നെ കുറെ വലിയ മനുഷ്യര്‍ അകക്കണ്ണ് കൊണ്ട് കണ്ടിരുന്നു. മോഡിയുടെ ഇന്ത്യയില്‍, യോഗി ആദിത്യനാഥിന്റെ യു പിയില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് അവര്‍ ഭയപ്പെട്ടതുതന്നെ.

ജീവിതനന്മയുടെ പ്രകാശം പരത്തി ഒരു നല്ല മുസ്ലിമായി ജീവിക്കുക വര്‍ത്തമാന ഇന്ത്യയില്‍, അതും യോഗി ആദിത്യനാഥ് എന്ന ഹിന്ദുത്വവര്‍ഗീയവാദി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ എത്ര ക്ലേശഭരിതവും പരീക്ഷണപരവുമാണെന്ന് സമര്‍ഥിക്കുന്നതാണ് ഡോ. കഫീല്‍ഖാന്‍ എന്ന മനുഷ്യസ്‌നേഹിയുടെ ജീവിതാനുഭവങ്ങള്‍. ഗൊരഖ്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളജിലെ കുഞ്ഞുങ്ങളുടെ ഹോസ്പിറ്റലില്‍ പ്രാണവായു കിട്ടാതെ 63 കുഞ്ഞുങ്ങള്‍ മരിച്ചുവീണപ്പോള്‍, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥ ലോകത്തോട് വിളിച്ചപറഞ്ഞ ഏകകുറ്റത്തിന് രണ്ടരക്കൊല്ലക്കാലം പീഡനങ്ങളും കാരാഗ്രഹവാസവും അനുഭവിക്കേണ്ടിവന്ന ഒരു മുസ്ലിം ആക്ടിവിസ്റ്റിന്റെ ജീവിതനിമിഷങ്ങള്‍ സംഘ്പരിവാര്‍ ഭീകരതയോട് ചേര്‍ത്തുപറയമ്പോഴും ആ കഥ പൂര്‍ത്തിയാവുന്നില്ല. ദുരിതസമയത്ത് സ്വന്തം കീശയില്‍നിന്ന് കാശെടുത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കുറേ ശിശുക്കളുടെ ജീവന്‍ രക്ഷിച്ച ഡോക്ടറെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജയിലിലടച്ച് ഗുരുതര കൃത്യവിലോപം ചുമത്തിയ ക്രൂരത കൂടി നിരത്തുമ്പോഴാണ് മോഡിയും യോഗിയും വാഴുന്ന ലോകത്തിന്റെ ഭീകരതയുടെ യഥാര്‍ത്ഥ മുഖം തെളിഞ്ഞുവരുന്നത്. 2017 ആഗസ്ത് 7-12 തീയതികളിലായിരുന്നു ഗൊരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണമുണ്ടാവുന്നതും കഫീല്‍ഖാന്‍ എന്ന ശിശുരോഗ വിദഗ്ധന്റെ ജീവിതം ഒരു വഴിത്തിരിവിലേക്ക് തള്ളപ്പെടുന്നതും. ഒരുഘട്ടം പിന്നിട്ടപ്പോള്‍ ഭരണകൂടം ഡോക്ടറുടെമേല്‍ അഴിമതിയും കൃത്യവിലോപവും ചുമത്തുകയും അദ്ദേഹത്തിന്റെ വാക്കുകളില്‍ പോലും രാജ്യദ്രോഹക്കുറ്റം ദര്‍ശിക്കുകയും ചെയ്തു. അതോടെ രാജ്യം മുഴുവനും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വ്യക്തയായി അദ്ദേഹം മാറി. ഡോ. കഫീല്‍ഖാന്റെ ജീവിതം സമകാല ഇന്ത്യനവസ്ഥയില്‍ ഒരു മുസ്ലിം അനുഭവിക്കേണ്ടിവരുന്ന പ്രതികാരങ്ങളുടെ മാതൃകയായിത്തീരുന്നത് അങ്ങനെയാണ്. ശിശുക്കളുടെ കൂട്ടമരണ ദുരന്തത്തിന് ഉത്തരവാദികളെന്ന് യോഗി സര്‍ക്കാര്‍ കണ്ടെത്തിയ ഒമ്പത് പേരെയും ജാമ്യത്തില്‍ വിട്ടപ്പോള്‍ കഫീല്‍ഖാനെ മാത്രം നാഷനല്‍ സെക്യൂരിറ്റി ആക്ട് (എന്‍ എസ് എ ) ചുമത്തി മാസങ്ങളോളം ജയിലിലടച്ചു. സര്‍ക്കാറിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും തുറന്നുപറയാന്‍ ആര്‍ജവം കാട്ടിയതിന്. ഔദ്യോഗിക അന്വേഷണ സമിതികള്‍ കുറ്റമുക്തനാക്കിയെങ്കിലും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിട്ടില്ല. അലീഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റി കാമ്പസില്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തി ജനുവരി 29ന് മുംബൈയില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഭരണകൂട പകയുടെ മറ്റൊരു ഭീകര ചിത്രം രാജ്യത്തിനു മുന്നില്‍ അനാവൃതമാവുകയായിരുന്നു. നീണ്ട നിയമപോരാട്ടത്തിനു ശേഷം കഫീല്‍ഖാന്റെ മേല്‍ ചുമത്തപ്പെട്ട ദേശീയ സുരക്ഷാനിയമം ഒഴിവാക്കണമെന്നും ഉടന്‍ മോചിപ്പിക്കണമെന്നും അലഹബാദ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് വിധിക്കുമ്പോള്‍, പ്രതിക്കൂട്ടിലാവുന്നത് കടുത്ത ന്യൂനപക്ഷവിരുദ്ധ മനോഭാവം കൊണ്ടു നടക്കുന്ന യോഗി ആദിത്യനാഥാണ്. ഇപ്പോള്‍ കഫീല്‍ ഖാന്‍ മഥുര ജയിലില്‍നിന്ന് ഇറങ്ങിവരുന്നത് ഒരു പോരാളിയുടെ പരിവേഷത്തോടെയാണ്! വിചാരണ നടന്ന അലീഗഢ് ജില്ലാ കോടതി അദ്ദേഹത്തിന്റെ തടവിന് ന്യായീകരണം കണ്ടെത്താന്‍ പ്രസംഗത്തില്‍നിന്ന് ആവശ്യമുള്ള ഭാഗങ്ങള്‍ അടര്‍ത്തിയെടുക്കുകയായിരുന്നുവെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്.
”We are having no hesitation in concluding that neither detention of Dr. Kafeel Khan under National Security Act, 1980 nor extension of the detention are sustainable in the eye of law.’The writ petition for the reasons given above is allowed…… The order of detention dated 13th February, 2020 passed by District Magistrate, Aligarh and confirmed by the State of Uttar Pradesh is set aside. The extension of the period of detention of detenue Dr. Kafeel Khan is also declared illegal. A writ in the nature of habeas corpus is hereby issued to release Dr. Kafeel Khan, the detenue from State custody forthwith.’ ദേശീയ സുരക്ഷാനിയമം അനുസരിച്ച് ഡോ. കഫീല്‍ഖാനെ തടവിലിട്ടതും അത് നീട്ടിക്കൊണ്ടുപോകുന്നതും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സാരം. 2020 ഫെബ്രുവരി 13ന് അലീഗഢ് ജില്ലാ മജിസ്ട്രേറ്റ് പ്രസ്താവിച്ച, യു പി സര്‍ക്കാര്‍ സ്ഥിരീകരിച്ച ജയിലിലടക്കാനുള്ള വിധി റദ്ദാക്കിയിരിക്കുന്നു. തടവ് കാലാവധി നീട്ടിക്കൊണ്ടുള്ള നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ കസ്റ്റഡിയിലുള്ള ഡോ. കഫീല്‍ ഖാനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സ്വീകരിച്ചിരിക്കുന്നു.

നീതിയുടെ ഇത്തിരിവെട്ടം
തങ്കലിപികളില്‍ കുറിച്ചിടേണ്ട വാക്കുകളാണ് ഡോ. കഫീല്‍ ഖാനെ വിട്ടയച്ചുകൊണ്ട് കോടതി പറഞ്ഞത്. ജുഡീഷ്യറി പോലും ഹിന്ദുത്വവത്കരിക്കപ്പെടുന്ന കാലത്ത് നീതിയുടെയും വിവേകത്തിന്റെയും മൃദുസ്വരം കേള്‍ക്കുമ്പോഴുള്ള അനുഭൂതി പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. ഭരണകൂട ഭീകരത ഫണം വിടര്‍ത്തിയാടുന്ന യോഗിയുടെ സാമ്രാജ്യത്തില്‍ പൗരന്റെ മൗലികാവകാശം പരിരക്ഷിക്കുന്നതില്‍ നീതിപീഠം പ്രദര്‍ശിപ്പിക്കുന്ന ഈ ജാഗ്രത ഘനാന്ധകാരത്തിലെ രജതരേഖയാണ്. പൗരത്വഭേദഗതി നിയമത്തിന് എതിരെ അലീഗഢ് കാമ്പസില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ അഭിസംബോധന ചെയ്തത് മഹാ അപരാധമായി കണ്ട യു പി സര്‍ക്കാര്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ച് ജനുവരി ഒന്നിനാണ് കഫീല്‍ ഖാനെ മുംബൈയില്‍ അറസ്റ്റ് ചെയ്യുന്നത്. കോടതി ജാമ്യം അനുവദിച്ചിട്ടും ഇദ്ദേഹത്തെ വിട്ടയച്ചില്ല. എന്നല്ല, ഫെബ്രുവരി 13നു അലീഗഢ് ജില്ലാഭരണകൂടം കുപ്രസിദ്ധമായ ദേശീയ സുരക്ഷാനിയമം (എന്‍ എസ് എ) ചുമത്തി ഒരു വര്‍ഷത്തേക്ക് തടവറ ഉറപ്പുവരുത്തി. സിഖ് ഭീകരവാദം കൊടുമ്പിരികൊണ്ട കാലസന്ധിയില്‍ ഇന്ദിരാഗാന്ധിയാണ് ഈ കരിനിയമം കൊണ്ടുവരുന്നതും വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ക്കായി പ്രയോഗിച്ചതും. ഡോ. കഫീല്‍ഖാന്റെ അലീഗഢ് പ്രസംഗം മുഴുവനും കേട്ട ഹൈക്കോടതി, അതില്‍ വിദ്വേഷമോ വര്‍ഗീയതയോ പ്രചരിപ്പിക്കുന്ന, അല്ലെങ്കില്‍ അക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്യുന്ന ഒന്നുമില്ലെന്ന് കണ്ടെത്തി. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവുന്നതാണ് കഫീല്‍ഖാന്റെ പ്രസംഗത്തിന്റെ ഉള്ളടക്കവും സാരാംശവും. ദേശീയോദ്ഗ്രഥനവും പൗരന്മാര്‍ തമ്മിലുള്ള പരസ്പര ഐക്യവും ഈട്ടിയുറപ്പിക്കാനുള്ള ഉദ്‌ബോധനമാണ് പ്രസംഗത്തിന്റെ ആകത്തുകയെന്ന് നീതീപീഠം അംഗീകരിക്കുമ്പോള്‍, യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എത്ര ക്രൂരമായാണ് വിദ്യാസമ്പന്നനായ ഒരു മുസ്‌ലിമിനോട് പെരുമാറുന്നതെന്ന് വ്യക്തമാവുന്നു. കഫീല്‍ഖാന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിച്ചാല്‍ മനസ്സിലാവും നമ്മുടെ നാടിന്റെ ഹൃദയധമനികളില്‍ പാരസ്പര്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശം പകരുന്നതാണ് ആ വാക്കുകളെന്ന്.

‘കുഞ്ഞുനാള്‍ തൊട്ട് നമ്മെ പഠിപ്പിക്കുന്നത് ഹിന്ദുവാകാനോ മുസ്ലിമാകാനോ അല്ല; മറിച്ച് മനുഷ്യാനാവാനാണ്. എന്നാല്‍, നമ്മുടെ മോട്ടാഭായ് പഠിപ്പിക്കുന്നത് ഹിന്ദുവോ മുസ്ലിമോ ആവാനാണ്; മനുഷ്യനാവാനല്ല… മുസ്ലിമിതര വിഭാഗങ്ങളുടെ അടുത്തുചെന്ന് അവരുമായി സംസാരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. അവരോട് പറയുക ; നമ്മള്‍ പഞ്ചറായ സൈക്കിളോ ഫ്രിഡ്‌ജോ മൊബൈലോ നന്നാക്കുന്നവരോ നാല് കല്ല്യാണം കഴിക്കുന്നവരോ ജിഹാദികളോ പാകിസ്ഥാനികളോ അല്ലെന്ന്. നമ്മളും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമൊക്കെയാണ്. വന്ന് അടുത്തിരുന്നു ഭക്ഷണം കഴിക്കാം; ചിലര്‍ സൃഷ്ടിച്ച അകല്‍ച്ച മാറ്റിക്കൊണ്ട് . ആര്‍ എസ് എസുകാര്‍ അവരുടെ സ്‌കൂളുകളിലൂടെ പഠിപ്പിക്കുന്നതെന്താണ്? താടിവെച്ചവരെല്ലാം വളരെ മോശമാണെന്ന്. പഞ്ചറായ ടയര്‍ നന്നാക്കുന്നവരും നാല് വേളി കഴിക്കുന്നവരും പാകിസ്ഥാനെ പിന്താങ്ങുന്നവരും ഭീകരവാദികളാണെന്ന് . അവരുമായി കൂടിച്ചേരുക, എന്നിട്ട് നമ്മളും മനുഷ്യരാണെന്ന് മനസ്സിലാക്കിക്കൊടുക്കുക. നമ്മളെക്കാള്‍ മതബോധമുള്ളവര്‍ വേറെ ഇല്ലെന്നും. നമ്മുടെ മതം മാത്രമാണ് മാനവികതയെ കുറിച്ച് പഠിപ്പിക്കുന്നത്; നമ്മുടെ മതം മാത്രമാണ് ബഹുസ്വരതയെ കുറിച്ച് പഠിപ്പിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടത്; ഈ രാജ്യം നമ്മുടേതാണ്. ഈ ഹിന്ദുസ്ഥാന്‍ നമ്മുടേതാണ്. ആരുടെയും കുടുംബ സ്വത്തല്ല. എത്രത്തോളം ഈ മണ്ണ് നിങ്ങളുടേതാണോ അത്രത്തോളം നമ്മുടേതുമാണ്. അത് നമ്മളില്‍നിന്ന് പിടിച്ചെടുക്കാന്‍ നിനക്ക് ശേഷിയില്ല. നിന്റെ കഴിവില്‍പെട്ടതല്ല ഞങ്ങളെ ഭീഷണിപ്പെടുത്തുക എന്നത്. നിന്റെ ശേഷിയില്‍പെട്ടതല്ല ഞങ്ങളെ ഇവിടെനിന്ന് ഉന്മൂലനം ചെയ്യുക എന്നത്. നമ്മള്‍ 25കോടിയുണ്ട്. ആള്‍ക്കൂട്ട കൊലയിലുടെയോ കരിനിയമങ്ങള്‍ കൊണ്ടോ ഞങ്ങളെ ഭീഷണിപ്പെടുത്താനാവില്ല. നാം ഒത്തൊരുമയോടെയായിരിക്കും. നാം പൂര്‍ണമായും ഐക്യപ്പെട്ടായിരിക്കും…’ ഡോ. കഫീല്‍ഖാന്റെ പ്രസംഗത്തില്‍ രാജ്യത്തിന്റെ നാഡിമിടിപ്പും വര്‍ത്തമാനകാല ഇന്ത്യയുടെ രാഗദ്വേഷങ്ങളും വായിച്ചെടുക്കാം. രോഷാകുലനും ആത്മബോധം തിളുമ്പുന്ന പോരാളിയുമായാണ് വിദ്യാര്‍ഥികളുടെ മുന്നില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. യോഗി സര്‍ക്കാറിന്റെ പീഡനങ്ങളും അവഹേളനങ്ങളും അവമതികളും ഏറ്റുവാങ്ങുമ്പോഴും ഈ മണ്ണില്‍ പ്രത്യാശ്യാഭരിതനാണദ്ദേഹം. എന്നിട്ടും ഉത്തര്‍പ്രദേശില്‍നിന്ന് പ്രാണഭയം കൊണ്ട് പലായനം ചെയ്യേണ്ടിവന്നെങ്കില്‍ അത് യോഗിയുടെ സാമ്രാജ്യത്തിലെ കൂരിരുട്ടും ക്രൂരതയുമാണ് ചൂണ്ടിക്കാട്ടുന്നത്.

യു പിയിലെ കാടന്‍ഭരണം
യോഗി ആദിത്യനാഥ് എന്ന ഹിന്ദുസന്യാസി ഭരിക്കുന്ന യു പി ഇന്ന് ലോകത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. മോഡിയുടെ പിന്‍ഗാമിയായാണ് ആര്‍ എസ് എസ് നേതൃത്വം യോഗിയെ എടുത്തുകാട്ടുന്നത്. 20കോടി മനുഷ്യര്‍ ജീവിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് വര്‍ഗീയതയും വിദ്വേഷവും പരന്നൊഴുകുന്ന പ്രഭവകേന്ദ്രമാണ് യോഗിയുടെ മഠം സ്ഥിതിചെയ്യുന്ന ഗൊരഖ്പൂര്‍. കാര്യക്ഷമമായ ഭരണവുമായി മുന്നോട്ടുപോവുന്നതില്‍ തുടക്കം തൊട്ട് പരാജയപ്പെട്ട യോഗിയുടെ സാമ്രാജ്യം ഇപ്പോള്‍ അറിയപ്പെടുന്നത് പൊലിസ് കാപാലികതയുടെയും വ്യാജ ഏറ്റുമുട്ടലിന്റെയും ന്യൂനപക്ഷപീഡനത്തിന്റെയും ദളിത് അടിച്ചമര്‍ത്തലിന്റെയും കെടുകാര്യസ്ഥതയുടെയും പേരിലാണ്. ബി ആര്‍ ഡി മെഡിക്കല്‍ കോളജില്‍ സംഭവിച്ച ദുരന്തം സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണ്. കുടിശ്ശിക അടക്കാത്തതിന്റെ പേരില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സപ്ലൈ ചെയ്യുന്നത് നിര്‍ത്തിയതാണ് ശിശുക്കള്‍ പ്രാണവായു കിട്ടാതെ മരിക്കുന്നതിലേക്ക് നയിച്ചത്. ഇക്കാര്യം വെട്ടിത്തുറന്ന് പറയാന്‍ ഡോ. കഫീല്‍ഖാന്‍ കാണിച്ച ആര്‍ജവം കോളജ് അധികൃതരെയും യോഗി സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി. കഫീല്‍ ഖാന്‍ മുന്‍കൈ എടുത്ത് പകരം സംവിധാനം ഏര്‍പ്പാട് ചെയ്‌തെങ്കിലും ആഗസ്ത് 10,11 തീയതികളില്‍, രണ്ടുനാള്‍ കൊണ്ട് 34 ശിശുക്കള്‍ മരിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടി. അപ്പോഴേക്കും കഫീല്‍ഖാന്റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ഹീറോയാക്കി മാറ്റിയിരുന്നു. ഇതൊന്നും തന്നെ യോഗിസര്‍ക്കാറിന് ഇഷ്ടപ്പെട്ടില്ല. അതോടെയാണ് പ്രതികാരദാഹത്തോടെ പെരുമാറാന്‍ തുടങ്ങിയത്. കഫീല്‍ഖാനെതിരെ അഴിമതിയും കൃത്യവിലോപവും കുറ്റപത്രത്തില്‍ കൂട്ടിച്ചേര്‍ത്തു. മറ്റു പ്രതികള്‍ കുറ്റമുക്തരാവുകയോ ജോലിയില്‍നിന്ന് വിരമിക്കുകയോ ചെയ്തിട്ടും കഫീല്‍ഖാനെ വെറുതെവിട്ടില്ല. സംഭവത്തിന് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയാവുകയും കഫീല്‍ഖാന് ‘ക്ലീന്‍ ചിറ്റ് ‘കൊടുക്കുകയും ചെയ്തിട്ടും റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കിട്ടിയ റിപ്പോര്‍ട്ടിലൂടെ ജനം ഡോക്ടറുടെ നിരപരാധിത്വം അറിഞ്ഞതോടെ സര്‍ക്കാര്‍ കൂടുതല്‍ കര്‍ശന നിലപാടെടുത്തു. അങ്ങനെയൊരു റിപ്പോര്‍ട്ടില്ലെന്ന് വാദിക്കുക മാത്രമല്ല, കൂടുതല്‍ ആരോപണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മറ്റൊരു വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പാവങ്ങള്‍ക്ക് ചികില്‍സ നല്‍കുന്നതിന് സംഘടിപ്പിക്കപ്പെട്ട മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം കൊടുത്തത് പോലും മഹാ അപരാധമായി ചിത്രീകരിച്ച് വേട്ടയാടല്‍ തുടര്‍ന്നു. അപ്പോഴേക്കും മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമജ്ഞരും ആക്ടിവിസ്റ്റുകളും ഡോ. കഫീല്‍ഖാന്റെ പോരാട്ടത്തിനു പിന്തുണയുമായി എത്തിയിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും 200ല്‍ അധികം ആരോഗ്യപ്രവര്‍ത്തകരും നേരത്തെ തന്നെ ഇദ്ദേഹം നിരപരാധിയാണെന്നും ജയിലില്‍നിന്ന് വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് യു പി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഡോ. കഫീലിന്റെ അലീഗഢ് പ്രസംഗത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 153എ, 295എ പ്രകാരം കേസെടുക്കാന്‍ ഒരു പഴുതും കാണുന്നില്ലെന്ന് പ്രസംഗം മുഴുവന്‍ കേട്ട സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് മര്‍ക്കണ്ഡെയ കട്ജു ചൂണ്ടിക്കാട്ടുകയുണ്ടായി.നാം ഇന്ത്യന്‍ മുസ്ലിംകള്‍ 25കോടിയുണ്ടെന്നും ആള്‍ക്കൂട്ടകൊല കൊണ്ടോ നിയമം കൊണ്ടോ ആര്‍ക്കും നമ്മളെ പേടിപ്പിക്കാനാവില്ലെന്നും കഫീല്‍ഖാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നാണ് കട്ജു ചോദിച്ചത്.

ഭരണകൂടം ഒരു വ്യക്തിക്കെതിരെ പ്രതികാരദാഹവുമായി ഇറങ്ങിത്തിരിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് ഡോ.കഫീല്‍ഖാന്റെയും കുടുംബത്തിന്റെയും ജീവിതാനുഭവങ്ങള്‍ കാണിച്ചുതരുന്നു. 2018 ജൂണ്‍ 20ന് കഫീല്‍ഖാന്റെ സഹോദരന്‍ കാശിഫ് ജമീലിനു നേരെ അജ്ഞാതസംഘം വന്ന് നിറയൊഴിച്ചപ്പോള്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മൂന്ന് വെടിയുണ്ടകളാണ് ശരീരത്തില്‍ തുളച്ചുകയറിയത്. കുടുംബം സാമ്പത്തികമായി തകര്‍ന്നുതരിപ്പണമായി, പട്ടിണി കിടക്കേണ്ടിവന്നു. സെപ്തംബര്‍ ഒന്നിന് അര്‍ധരാത്രി മഥുര ജയില്‍നിന്ന് മോചിപ്പിക്കപ്പെട്ട ഡോ. കഫീല്‍ വിളിച്ചുപറഞ്ഞത് താന്‍ യോഗി വാഴുന്ന യു പിയിലേക്കില്ല എന്നാണ്. തന്റെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാണെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്.

KASIM IRIKKOOR

You must be logged in to post a comment Login