പ്രതീക്ഷിച്ചതിലുമേറെ മുസ്ലിംകള് എന്‍ ആര് സി പട്ടികയില്‍നിന്ന് പുറത്തായതോടെയാണ് ബി ജെ പി സര്‍ക്കാര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുകയാണെന്ന ആരോപണം സമുദായത്തിനുള്ളില്‍ നിന്നുയര്‍ന്നത്. 2015ലെ വേനല്‍ക്കാലത്ത് ഏറെ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടിയ അനുഭവം ഓര്‍ക്കുകയായിരുന്നു ലോവര്‍ അസമിലെ ബോങയ്ഗാവോണ്‍ ജില്ലയിലുള്ള ഔദുബി ഗ്രാമത്തില്‍ ഫാര്‍മസി നടത്തുന്ന സൈഫുല്ല സര്‍ക്കാര്‍. ”എല്ലാവരും തന്താങ്ങളുടെ രേഖകള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു” അദ്ദേഹം പറഞ്ഞു. ”ഞങ്ങള്‍ക്കെല്ലാവര്‍ക്കും രേഖകളുണ്ടായിരുന്നു, എന്നാല്‍ ഈ രേഖകള്‍ വീണ്ടെടുക്കുകയും ഹാജരാക്കുകയും ചെയ്യുക എന്നതായിരുന്നു വെല്ലുവിളി – മുത്തച്ഛന് മുമ്പ് വാങ്ങിയ ഭൂമിയുടെ ഔദ്യോഗിക രേഖകള്‍ ഏത് സഹോദരന്റെ/ സഹോദരിയുടെ പക്കലാണ് ഉള്ളതെന്ന് കണ്ടെത്തുക, മുമ്പ് വാങ്ങിയ ഭൂമിയുടെ രജിസ്ട്രേഷന് പ്രക്രിയകള്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കുക എന്നിങ്ങനെയുള്ള നടപടിക്രമങ്ങളാണ് ജനങ്ങളെ കാത്തിരുന്നത്.”
അസമിലെ മറ്റെല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെപ്പോലെ ആ വേനല്‍ക്കാലത്ത്, ഔദുബി ഗ്രാമവാസികളും തങ്ങളെ ഇന്ത്യന്‍ പൗരന്മാരായി അംഗീകരിക്കുന്നതിന് വേണ്ട രേഖകള്‍ തയാറാക്കുന്നതിന്റെ തിരക്കിലായിരുന്നു. 1951ല്‍ സമാഹരിച്ച അസമിന്റെ ദേശീയ പൗരത്വ രജിസ്റ്റര്‍, തുടര്‍ച്ചയായുണ്ടായ ദൗര്‍ഭാഗ്യ സംഭവങ്ങള്‍ക്കൊടുവില്‍ പുതുക്കിയ സമയമായിരുന്നു അത്. അസമിലെ ദേശീയവാദികളുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു അത്. പൗരത്വരേഖകളൊന്നുമില്ലാതെ ബംഗ്ലാദേശില്‍ നിന്നും മറ്റും അസമിലേക്കെത്തുന്ന കുടിയേറ്റക്കാരില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ വേര്‍തിരിച്ചറിയാന്‍ എന്‍ ആര് സി സഹായിക്കുമെന്നായിരുന്നു ദേശീയവാദികളുടെ വിശ്വാസം. അസമിലേക്ക് ഇത്തരം കുടിയേറ്റക്കാര്‍ അതിക്രമിച്ചുകയറുന്നുവെന്നും അവര്‍ വാദിച്ചിരുന്നു.
അസമില്‍ സ്ഥിരതാമസമാക്കിയ, ബംഗാളില്‍ വേരുകളുള്ള മുസ്ലിംകള് (ഇവരെ ‘അനധികൃത കുടിയേറ്റക്കാര്‍’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്) മറ്റാരെക്കാളും തീക്ഷ്ണമായി പൗരത്വം തെളിയിക്കുന്ന പ്രക്രിയയിലൂടെ കടന്നുപോവാന്‍ ആഗ്രഹിച്ചു. ”ഞങ്ങള്‍ ഇന്ത്യക്കാരാണെന്നും അസമികളാണെന്നും അത് ശരിവെക്കുന്ന രേഖകള്‍ ഞങ്ങളുടെ പക്കലുണ്ടെന്നും എന്നെന്നേക്കുമായി തെളിയിക്കാനുള്ള ഒരു വഴിയായാണ് ഞങ്ങള്‍ എന്‍ ആര് സിയെ കണ്ടത്.” സൈഫുല്ല പറഞ്ഞു. ”അന്തസും അഭിമാനവും വീണ്ടെടുക്കാനുള്ള ഒരവസരമായും ബംഗ്ലാദേശി മിയ എന്ന വിളിപ്പേരില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയായും ഞങ്ങളില്‍ പലരും അതിനെ കണ്ടു.”
ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ അധിക്ഷേപിക്കാന്‍ ‘മിയ’ എന്ന വിളിപ്പേര് പതിറ്റാണ്ടുകളായി ഉപയോഗിക്കുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധരായ കുടിയേറ്റക്കാരാണ് എന്ന അര്‍ഥത്തിലാണ് ഇവരെ ഇത്തരത്തില്‍ അധിക്ഷേപിച്ചിരുന്നത്. എന്‍ ആര് സി നിര്‍ദേശങ്ങള്‍ പ്രകാരം പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഈ സമുദായത്തിലെ അംഗങ്ങളില്‍ മിക്കവരും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്തിമ ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും പലരും തങ്ങളെ സംശയത്തോടെ നോക്കുന്ന പതിവ് തുടരുന്നുവെന്നാണ് അസമിലെ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിം സമുദായത്തിന്റെ പരാതി. ”ഈ അപമാനം നിരന്തരം തുടരുകയാണ്; ഒന്നിനും ഒരു മാറ്റവുമുണ്ടായിട്ടില്ല” സൈഫുല്ല പറയുന്നു.
പൗരത്വം സാക്ഷ്യപ്പെടുത്തിയവര്‍
1971 മാര്‍ച്ച് 24-ാം തീയതി അര്‍ധരാത്രി മുതലോ അതിന് മുമ്പോ ഇന്ത്യയില്‍ താമസിച്ചുവരുന്നവരാണ് താന്‍ അല്ലെങ്കില്‍ തന്റെ പൂര്‍വികര്‍ എന്ന് അപേക്ഷകര്‍ക്ക് തെളിയിക്കാനായാലേ ദേശീയ പൗരത്വ രജിസ്റ്ററില്‍ അഥവാ എന്‍ ആര് സി പട്ടികയില്‍ ഇടംപിടിക്കാന്‍ ആവുകയുള്ളൂ. 1971 മാര്‍ച്ച് 24-ാം തീയതി പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശ് യുദ്ധത്തിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് കുടിയേറ്റക്കാരുടെ ഒഴുക്ക് തുടങ്ങിയത് എന്ന നിഗമനത്തിലാണ് പൗരത്വം തെളിയിക്കുന്നതിന്റെ അളവുകോലായി ഈ തീയതി വയ്ക്കാന്‍ അധികൃതര്‍ തുനിഞ്ഞത്. ഇത് തെളിയിക്കുന്നതിനായി വ്യക്തിവിവരങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതിനൊപ്പം പ്രസ്തുത തീയതിക്ക് മുമ്പായി ഇന്ത്യയില്‍ താമസിച്ചിരുന്ന പൂര്‍വികരെ സംബന്ധിക്കുന്ന രേഖകളും ഹാജരാക്കണമായിരുന്നു.
തുടര്‍ച്ചയായുണ്ടായ കാലതാമസത്തിനും രണ്ട് കരട് രേഖകള്‍ക്കും ശേഷം കഴിഞ്ഞ വര്‍ഷം ആഗസ്ത് 31നാണ് പുതുക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. അപേക്ഷ സമര്‍പ്പിച്ച 3.29 കോടി പേരില്‍ 3.11 കോടി ജനങ്ങളുടെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടു. പട്ടികയില്‍ ഉള്‍പ്പെടാതെപോയ 19 ലക്ഷത്തോളം പേരുടെ മതപരമായ വിവരങ്ങള്‍ എന്‍ ആര് സി അധികൃതര്‍ പുറത്തുവിട്ടില്ലെങ്കിലും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന അസം സ്വദേശികളായ മുസ്ലിംകളില് നല്ലൊരു പങ്കും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. പതിറ്റാണ്ടുകളായി ഈ മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിച്ചിരുന്ന പൊതുബോധത്തെ ചോദ്യം ചെയ്യുന്നത് കൂടിയായിരുന്നു പുതുക്കിയ എന്‍ ആര് സി പട്ടിക.
പട്ടികയില്‍ ഇടം നേടിയവര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാനുള്ള ചില തുടര്‍പരിശോധനകള്‍ക്ക് കൂടി പിന്നീട് വിധേയരാവേണ്ടിവന്നു. ഈ പരിശോധനകള്‍ വലിയ ദുരിതമുണ്ടാക്കുന്നവയായിരുന്നു. കാലപ്പഴക്കത്തിന്റെ മഞ്ഞ നിറം ബാധിച്ച രേഖകളില്‍ ചികഞ്ഞ് കണ്ടെത്തിയ എഴുത്തുകുത്തുകളിലെ ചെറിയ പിഴവുകളും നിലവിലെ നടപടിക്രമങ്ങളിലെ സാങ്കേതിക തടസ്സങ്ങളും ചൂണ്ടിക്കാട്ടി നിരവധി അപേക്ഷകരുടെ പേരുകള്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് രേഖയില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞിരുന്നു.
ഉദാഹരണത്തിന്, 2018 ജൂലൈ 30ന് പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററിന്റെ രണ്ടാം കരടുരേഖയില്‍ 40 ലക്ഷത്തോളം അപേക്ഷകരെയാണ് ഒഴിവാക്കിയത്. ഔദുബിയിലെ പ്രാദേശിക എന്‍ ആര് സി കേന്ദ്രത്തില്‍ സമര്‍പ്പിച്ച ആകെ അപേക്ഷകളില്‍ 32 ശതമാനം എണ്ണം ചെറിയ സാങ്കേതിക പിഴവിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടത് പ്രദേശത്തെ ജനങ്ങളെ ഭയപ്പാടിലാക്കിയിരുന്നു. എന്നാല്‍ അന്തിമ എന്‍ ആര് സി പട്ടിക വന്ന സമയത്തിനുള്ളില്‍ ഈ പിഴവ് പരിഹരിക്കാന്‍ സാധിച്ചതോടെ മിക്കവാറും പേര്‍ക്ക് പട്ടികയില്‍ ഉള്‍പ്പെടാനായി.
അസമിലെ തദ്ദേശീയ സമുദായങ്ങളായി കണക്കാക്കപ്പെടാത്ത വിഭാഗങ്ങളില്‍ നിന്നുള്ള മിക്കവാറും ജനങ്ങളുടെ കുടുംബാംഗങ്ങള്‍ ആരെന്ന് കണ്ടെത്തുന്നതിലേക്കായി വാക്കാലുള്ള വിസ്താരത്തിന് ഹാജരാവാന്‍ എന്‍ ആര് സി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റു വിഭാഗങ്ങളില്‍ പെട്ടവരെക്കാള്‍ കൂടുതല്‍ സൂക്ഷ്മനിരീക്ഷണത്തിന് തങ്ങളെ വിധേയരാക്കിയതായി ബംഗാള്‍ വേരുകളുള്ള മുസ്ലിംകള് പരാതിപ്പെടുന്നു. ഉദാഹരണത്തിന് അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 2019 ആഗസ്തില്‍ ലോവര്‍ അസം മേഖലയില്‍ നിന്നുള്ള പ്രസ്തുത സമുദായംഗങ്ങളെ വീണ്ടും വിസ്താരത്തിനായി അധികൃതര്‍ വിളിപ്പിച്ചിരുന്നു. ചുരുങ്ങിയ ദിവസത്തെ സമയം നല്‍കിക്കൊണ്ട് വളരെ ദൂരെയുള്ള സ്ഥലങ്ങളിലേക്കാണ് ഇവരെ പരിശോധനകള്‍ക്കായി വിളിച്ചത്.
സ്വന്തം മതസ്വത്വത്തിന്റെ പേരിലാണ് തങ്ങളെ അധികൃതര്‍ ഇത്തരത്തില്‍ അപമാനിക്കുന്നതെന്ന് രോഷാകുലരായ ജനങ്ങള്‍ പറയുന്നു. എന്നിട്ടും സ്വന്തം വ്യക്തിവിവരങ്ങള്‍ ബോധ്യപ്പെടുത്താനും അവ ബന്ധപ്പെട്ടവര്‍ക്ക് മുമ്പില്‍ തെളിയിക്കാനുമായി അവര്‍ നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളിലെത്തി. അന്തിമ പൗരത്വ പട്ടികയിലും ഇത് പ്രതിഫലിച്ചു. ബംഗ്ലാദേശി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലോവര്‍ അസം മേഖലയിലെ താമസക്കാരായ ബംഗാളി സംസാരിക്കുന്ന മുസ്ലിംകളില് സിംഹഭാഗവും പട്ടികയില്‍ ഉള്‍പ്പെടുക തന്നെ ചെയ്തു.
എന്നാല്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള മുസ്ലിം ‘നുഴഞ്ഞുകയറ്റക്കാരെ’പ്പറ്റി നിരന്തരം വംശീയ പ്രചാരണം നടത്തുകയും അപായമണി മുഴക്കുകയും ചെയ്തിരുന്ന അസമിലെ ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അന്തിമ എന്‍ ആര് സി പട്ടിക വലിയ ക്ഷീണമുണ്ടാക്കുന്നതായിരുന്നു. പട്ടികയില്‍ അപാകതകള്‍ ഉള്ളതായി സംസ്ഥാന സര്‍ക്കാര്‍ വിശ്വസിച്ചു. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ (2014 മുതല്‍ ദേശീയ പൗരത്വ പട്ടിക പുതുക്കുന്ന പ്രക്രിയ കോടതി നിരീക്ഷിച്ചുവരികയാണ്) ഹര്‍ജി നല്കി. അതിര്‍ത്തി ജില്ലകളില്‍ നിന്ന് പട്ടികയിലുള്‍പ്പെട്ട 20 ശതമാനം ആളുകളുടെ പേരുകള്‍ പുനപ്പരിശോധിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ‘അനധികൃത കുടിയേറ്റക്കാര്‍ക്ക്’ എതിരെ പതിറ്റാണ്ടുകളായി പ്രതിഷേധസ്വരം ഉയര്‍ത്തിവന്നിരുന്ന ആള് അസം സ്റ്റുഡന്റ്സ് യൂണിയനെപ്പോലുള്ള ദേശീയവാദ പാര്‍ട്ടികളും ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞവരുടെ എണ്ണം തങ്ങള്‍ പ്രതീക്ഷിച്ചതിലും കുറവാണെന്നായിരുന്നു ഈ പാര്‍ട്ടികളുടെ വാദം.
സര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്ററിനൊപ്പമല്ല
ദേശീയ പൗരത്വപട്ടിക പുറത്തുവന്ന് ഒരു വര്‍ഷത്തിനിപ്പുറവും തങ്ങള്‍ വഞ്ചിക്കപ്പെട്ടതു പോലെ തോന്നുന്നുവെന്നാണ് ബംഗാളി സംസാരിക്കുന്ന അസം മുസ്ലിംകളില് പലരും അഭിപ്രായപ്പെട്ടത്. ”ഒരു സമുദായമെന്ന നിലയില്‍ എത്രയോ പതിറ്റാണ്ടുകളായി അനുഭവിച്ചുവരികയായിരുന്ന അപമാനം അവസാനിപ്പിക്കാന്‍ ദേശീയ പൗരത്വ രജിസ്റ്ററിലൂടെ സാധിക്കുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായും വിശ്വസിച്ചിരുന്നു, അതുകൊണ്ടുതന്നെയാണ് നൂറു ശതമാനവും അതിന്റെ നടപടിക്രമങ്ങളോട് സഹകരിച്ചത്”, അസമിലെ മോറിഗാവോണ്‍ ജില്ലയില്‍ നിന്നുള്ള മുസ്ലിം ആക്ടിവിസ്റ്റായ അന്‍വര്‍ ഹുസൈന് പറയുന്നു. ”അതുകൊണ്ടുതന്നെ അവര്‍ ആവശ്യപ്പെട്ടതെല്ലാം ഞങ്ങള്‍ ചെയ്തു – എപ്പോള്‍, എവിടേക്ക് വിസ്താരത്തിനോ പരിശോധനയ്ക്കോ വേണ്ടി വിളിച്ചാലും ഞങ്ങള്‍ അവിടേക്ക് ഓടിയെത്തി, എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ സത്യം മനസ്സിലാക്കുന്നു, ഈ പ്രശ്നത്തിന് ഒരിക്കലും പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.”
പൗരത്വ രജിസ്റ്റര്‍ നിലവില്‍ അകപ്പെട്ടുപോയ അനിശ്ചിതാവസ്ഥയും സമുദായത്തിന്റെ നിരാശയ്ക്ക് ഭാഗികമായി കാരണമാണ്. അസം സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കോടതിയുടെ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം കോടതിയുടെ ഭാഗത്തുനിന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയുമുണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രസ്തുത ഹര്‍ജിയുടെ ഭാവി നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി യാതൊരു നിര്‍ദേശവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
”ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ പേരുള്ളതായി ഇന്റര്‍നെറ്റിലൂടെ മാത്രമാണ് ഇതുവരെ ഞങ്ങള്‍ കണ്ടിട്ടുള്ളത്. ഇതുവരെയും ഞങ്ങള്‍ക്ക് യാതൊരു ഔദ്യോഗിക സാക്ഷ്യപത്രവും ലഭിച്ചിട്ടില്ല. 1951ലെ പൗരത്വ രജിസ്റ്ററില്‍ ചെയ്തതുപോലെ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പൗരത്വം തെളിയിക്കുന്ന രേഖയുടെ ഒരു കോപ്പി നല്‍കേണ്ടതായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്‍ ആര് സി ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ഞങ്ങള്‍ കരുതുന്നു” സൈഫുല്ല വിശദീകരിച്ചു.
2015ല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള പ്രക്രിയ സജീവമായതിന് പിന്നാലെ 1951ലെ എന്‍ ആര് സി പട്ടിക ഡിജിറ്റല്‍ രൂപത്തിലാക്കി പൊതുജനങ്ങള്‍ക്ക് കാണാന്‍ പാകത്തിന് ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിരുന്നു. 1971 ന് മുമ്പ് ജീവിച്ചിരുന്ന തങ്ങളുടെ പൂര്‍വികരുടെ പാരമ്പര്യം അപേക്ഷകര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാവാന്‍ വേണ്ടിയായിരുന്നു അത്. എന്നിരുന്നാലും പുതുക്കിയ എന്‍ ആര് സി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍, അതാത് അപേക്ഷകരുടെ കുടുംബങ്ങള്‍ക്കായി നല്‍കിയിരുന്ന 21 അക്ക നമ്പര്‍ കൊടുത്ത് സ്വന്തം പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എന്‍ ആര് സി വെബ്സൈറ്റില്‍ പരിശോധിക്കാനുള്ള അവസരം മാത്രമാണ് അനുവദിച്ചിരുന്നത്. പുതുക്കിയ പട്ടിക മുഴുവനായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല.
സത്യത്തില്‍ എന്‍ ആര് സി പട്ടികയില്‍ നിന്ന് പിന്തള്ളപ്പെട്ടവര്ക്ക് പോലും ഔദ്യോഗികമായി അവരുടെ പൗരത്വം നിഷേധിച്ചുകൊണ്ടുള്ള മെമോ ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പൗരത്വവിഷയത്തിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരു വിദേശ രാജ്യത്തിന്റെ കോടതിയെ സമീപിക്കാനും അവര്‍ക്ക് സാധിക്കില്ല. ഇതൊന്നും പോരാതെ, ദേശീയതലത്തില്‍ എന്‍ ആര് സി നടപ്പാക്കുമെന്നും ‘സ്വാഭാവികമായും’ അസമിലേക്കും അത് വ്യാപിപ്പിക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കഴിഞ്ഞ വര്‍ഷത്തെ പ്രസ്താവന കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കി. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ അസമില്‍ ഇതുവരെ നടപ്പാക്കിയ പൗരത്വ നിര്‍ണയ പ്രക്രിയകള്‍ വെറുതെയാവുമെന്ന് അര്‍ഥം.
”എന്‍ ആര് സി ഉപയോഗിച്ച് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഞങ്ങളെ ഉപദ്രവിക്കുകയായിരുന്നു. കാരണം അസമിലെ വിദേശീയരുടെ പ്രശ്നം പരിഹരിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ തങ്ങളുടെ രാഷ്ട്രീയ ആയുധം അതോടെ ഇല്ലാതാവുമെന്ന് അവര്‍ക്കുറപ്പുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിനൊരു പരിഹാരം കാണാനും അവര്‍ തയാറാവുന്നില്ല” – മധ്യഅസമിലെ ഡറാങ് ജില്ലയില്‍ നിന്നുള്ള അഭിഭാഷകനും ആക്ടിവിസ്റ്റുമായ സദ്ദാം ഹുസൈന് പറയുന്നു.
ബംഗാളില്‍ വേരുകളുള്ള അസമീസ് മുസ്ലിംകളുടെ താല്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ആള് അസം മൈനോറിറ്റി സ്റ്റുഡന്റ്സ് യൂണിയനും നിലവിലെ അനിശ്ചിതാവസ്ഥയ്ക്ക് ഉത്തരവാദികള്‍ ബി ജെ പിയാണെന്ന് അഭിപ്രായപ്പെടുന്നവരാണ്. ”ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബി ജെ പി ആ പട്ടികയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. തുടങ്ങിവെച്ച പ്രക്രിയ മുന്നോട്ടു കൊണ്ടുപോവാന്‍ അനുവദിക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കാനേ നമുക്ക് സാധിക്കുകയുള്ളൂ” സംഘടനയുടെ വര്‍ക്കിങ് പ്രസിഡണ്ടായ സൈനുദ്ദീന്‍ അഹമ്മദ് പറഞ്ഞു.
എന്നാല്‍ കോടതിയുടെ കാര്യത്തില്‍ വലിയ പ്രതീക്ഷയില്ലാത്തവരാണ് പലരും. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയോട് കടുത്ത വിമര്‍ശനങ്ങളാണ് ഗുവാഹത്തി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അമന് വദൂദ് എന്ന അഭിഭാഷകനുള്ളത്. അസമിലെ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്ന നിയമപ്രശ്നങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്നൊരാള്‍ കൂടിയാണ് അമന്. ”ദേശീയ പൗരത്വ രജിസ്റ്റര്‍ എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്ന് വാശിപിടിച്ചയാളാണ് രഞ്ജന്‍ ഗോഗോയ്. എന്നാല്‍ പട്ടിക പുറത്തുവന്നതിന് ശേഷം അദ്ദേഹം ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, അതിന് ശേഷം രണ്ടര മാസം കഴിഞ്ഞ ശേഷം മാത്രമാണ് അദ്ദേഹം വിരമിച്ചതെന്നും ഓര്‍ക്കണം” അമന് വദൂദ് ചൂണ്ടിക്കാണിക്കുന്നു.
പഴയ മുന്‍വിധികളും പുതിയ സ്വത്വങ്ങളും
കോടതിക്കും ഭരണകൂടത്തിനും അപ്പുറം പലതിലേക്കും തങ്ങളുടെ നിരാശ പങ്കുവയ്ക്കുന്നവരുമുണ്ട്. കാലങ്ങളായി നിലനില്‍ക്കുന്ന മുന്‍വിധികളെ തുടച്ചുമാറ്റാന്‍ എന്‍ ആര് സി പട്ടികയിലെ സാന്നിധ്യത്തിനും സാധിച്ചിട്ടില്ലെന്ന് ബര്പേടയില് നിന്നുള്ള ഗവേഷകനും ആക്ടിവിസ്റ്റുമായ അബ്ദുല്‍ കലാം ആസാദ് പറയുന്നു. ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ നദീതടങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവരിലേറെയും ബംഗാളില്‍ വേരുകളുള്ള അസമീസ് മുസ്ലിംകളാണ്. ഇവര്‍ ‘അനധികൃത കുടിയേറ്റക്കാര്‍’ ആണെന്ന ബി ജെ പി നേതാക്കളുടെ പ്രചാരണമാണ് ഇതിന് പിന്നിലെ കാരണം.
”ഇന്നും ഏതൊരു ഒഴിപ്പിക്കല്‍ പ്രക്രിയ നടന്നാലും ബംഗ്ലാദേശികളെയാണ് ഒഴിപ്പിക്കുന്നതെന്ന പ്രചാരണം പരക്കെ ജനങ്ങള്‍ ഏറ്റുപിടിക്കാറുണ്ട്. എന്നാല്‍ ബംഗ്ലാദേശികള്‍ എന്ന് വിളിച്ച് അന്യവല്‍ക്കരിക്കുന്ന ഈ മനുഷ്യരിലേറെ പേരുടെയും പേരുകള്‍ എന്‍ ആര് സി പട്ടികയില്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അസമിലെ പൊതുജനങ്ങള്‍ക്കിടയില്‍ അത്തരമൊരു അടിസ്ഥാനമില്ലാത്ത പ്രസ്താവന വിളിച്ചുപറഞ്ഞാലും അതിന്റെ പേരില്‍ യാതൊരു സ്ഥിരീകരണവും നല്‍കാതെ തന്നെ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് എളുപ്പത്തില്‍ കടന്നു പോവാന്‍ ആവുമെന്നുള്ളതാണ് സത്യം. ഞങ്ങള്‍ക്ക് മേലുള്ള ഉപദ്രവങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ എന്‍ ആര് സിക്ക് സാധിക്കുമെന്ന വിശ്വാസം വെറുതെയായിരുന്നു” ആസാദ് പറയുന്നു.
എന്നാല്‍ എന്‍ ആര് സിയുടെ ഫലമായി സമുദായത്തിനുള്ളില്‍ പുതിയൊരു തരം ആത്മവിശ്വാസം രൂപപ്പെട്ടുവെന്ന അഭിപ്രായമുള്ളവരുമുണ്ട്, ”തങ്ങള്‍ വിദേശികളാണെന്ന പ്രചാരണം ഇപ്പോള്‍ പഴയ പോലെ സമുദായാംഗങ്ങളെ പേടിപ്പിക്കുന്നില്ല. ഒരാളുടെ പൗരത്വം തെളിയിക്കാന്‍ വേണ്ട രേഖകള്‍ എന്തൊക്കെയാണെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കറിയാം, കാരണം ഞങ്ങളുടെ കയ്യില്‍ ഇപ്പോള്‍ ആ രേഖകളുണ്ട്” ഡറാങില് നിന്നുള്ള അഭിഭാഷകനായ ഹുസൈന് പറയുന്നു. തനിക്കെതിരെ ഉണ്ടാവുന്ന മുന്‍വിധികളെയും ഇകഴ്ത്തിക്കാണിക്കലുകളെയും താന്‍ ഇനി പഴയ പോലെ കാര്യമായെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹുസൈന് പറയുന്നു. ”മുമ്പ് ആരെങ്കിലും എന്നെ മിയ എന്ന് വിളിച്ചാല്‍ അതെന്നെ വല്ലാതെ പ്രകോപിപ്പിക്കുകയും അവര്‍ക്കെതിരെ വഴക്കിന് പോവാന്‍ തോന്നുകയും ചെയ്യുമായിരുന്നു” ഹുസൈന് പറഞ്ഞു.
ബംഗാളി സംസാരിക്കുന്ന അസമീസ് മുസ്ലിംകള് പതിറ്റാണ്ടുകളായി തങ്ങളെ മിയ എന്ന അപരനാമത്തില്‍ വിളിക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. അസമീസ് ആയാണ് അവര്‍ തങ്ങളെ സ്വയം നിര്‍ണയിച്ചിരുന്നത്. എന്നാല്‍ അടുത്തിടെയായി സമുദായംഗങ്ങളായ പലരും മിയ എന്ന വിളിപ്പേരിനെ തങ്ങളുടേത് മാത്രമായ ഒന്നായി തിരിച്ചറിയുകയും ചിലര്‍ ആ പേരില്‍ അഭിമാനം കണ്ടെത്താന്‍ പോലും തയാറാവുകയും ചെയ്തു.
”ഞങ്ങള്‍ക്കും സ്വന്തമായി എന്തെങ്കിലും വേണമെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് മിയ എന്ന വിളിപ്പേരിനെ ഞങ്ങള്‍ സ്വന്തമായി കരുതി ഏറ്റെടുത്തത് – ചിലര്‍ ഞങ്ങളെ ബംഗാളില്‍ വേരുകളുള്ള മുസ്ലിംകള് എന്ന് വിളിക്കാറുണ്ട്. മറ്റു ചിലര്‍ക്ക് ഞങ്ങളെ ‘നാ-അക്സോമിയാസ്'(പുതിയ അസമുകാര്‍) എന്നു വിളിക്കാനാണ് താല്പര്യമെങ്കില് വേറെ ചിലര്‍ക്ക് ഞങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിളിക്കാനാണ് ഇഷ്ടം” ഹുസൈന് പറഞ്ഞു വയ്ക്കുന്നു.
”എന്നാല്പിന്നെ എന്തുകൊണ്ട് സ്വയം മിയ എന്നു വിളിച്ചുകൂടാ എന്ന് ഞങ്ങളും കരുതി.’
ലേഖനം/ അരുണാഭ് സൈഖ്യ
വിവര്‍ത്തനം: സിന്ധു മരിയ നെപ്പോളിയ
You must be logged in to post a comment Login