കട്ടെടുത്ത മണ്ണിലെ കൈരാതങ്ങള്‍

കട്ടെടുത്ത മണ്ണിലെ കൈരാതങ്ങള്‍

1917 നവംബര്‍ രണ്ടിന് ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ആര്‍തര്‍ ബാല്‍ഫര്‍ സയണിസ്റ്റ് നേതാവ് ബാറന്‍ റോത്ത്‌ചൈള്‍ഡിന് ഒരു കത്തയക്കുന്നതോടെയാണ് ഇസ്രയേല്‍ രാഷ്ട്രത്തിന്റെ പിറവിക്ക് ഈറ്റില്ലം ഒരുങ്ങുന്നത്. ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി എല്ലാ പിന്തുണയും നല്‍കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. ബാല്‍ഫര്‍ പ്രഖ്യാപനം എന്ന പേരില്‍, ഒരു ജനതയുടെ സ്വപ്നങ്ങള്‍ കരിച്ചുകളയകുയും മറ്റൊരു ജനതയെ ക്രൂരതയുടെ അടയാളമായി ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്ത, ചരിത്രത്തില്‍ ഇടം നേടിയ ആ കത്തിലെ വാചകങ്ങള്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കായി ഇവിടെ ആവര്‍ത്തിക്കട്ടെ: ”His Majesty’s government view with favour the establishment in Palestine of a national home for the Jewish people, and will use their best endeavours to facilitate the achievement of this object, it being clearly understood that nothing shall be done which may prejudice the civil and religious rights of existing non-jewish communities in Palestine, or the right or political status enjoyed by jews in any other country.

യൂറോപ്പിലെ ക്രിസ്താനികളാല്‍ പീഢിപ്പിക്കപ്പെട്ട ഒരു ജനതയെ പുനരധിവസിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു പ്രത്യേക രാഷ്ട്രത്തിന് അനുമതി നല്‍കുമ്പോള്‍ അവര്‍ ഒരുകാര്യം മറച്ചുപിടിച്ചു. ഫലസ്തീന്‍ അപ്പോഴും ഉസ്മാനിയ ഖിലാഫത്തിന്റെ ഭാഗമാണ് എന്ന യാഥാര്‍ത്ഥ്യം. റോത്ത്‌ചൈള്‍ഡ് സയണിസ്റ്റായിരുന്നു. ബാല്‍ഫറും സയണിസ്റ്റ് തന്നെ. തങ്ങളുടെ അധീനതയില്‍ ഇല്ലാത്ത ഒരു ഭൂപ്രദേശത്ത് പുതിയൊരു രാജ്യം ഉണ്ടാക്കാനാണ് ബ്രിട്ടീഷ് ഭരണാധികള്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഒരു മഹാദുരന്തത്തിന്റെ ഉദ്ഘാടനമായിരുന്നു അത്. ഇന്നും വ്രണിതഹൃദയരായി കഴിയുന്ന 65ലക്ഷം മനുഷ്യജീവനുകളുടെ ശിരോലിഖിതം മാറ്റിയെഴുതിയ ആ ഗൂഢാലോചനയില്‍ മതപരമായ പകരം വീട്ടലും രാഷ്ട്രീയപരമായ ചൂതുകളിയും എത്രത്തോളമുണ്ട് എന്ന് ഗ്രഹിക്കാനാവുക പുണ്യഭൂമിയായ ജറൂസലമിലേക്ക് പടിഞ്ഞാറന്‍ സൈന്യം കാലെടുത്തുവെച്ചതോടെയാണ്.

വിഭജനപാതയിലൂടെ ദുരന്തമുഖത്തേക്ക്
1917 ഡിസംബര്‍ 11ന് ബ്രിട്ടീഷ് ജനറല്‍ എഡ്മണ്ട് അല്ലന്‍ബറി (Edmund Allenbury) ജഫ കവാടത്തിലൂടെ ജറൂസലമിലേക്ക് കടന്നു. അതോടെ ഉസ്മാനിയ്യ ഖിലാഫത്ത് അധികൃതര്‍ നഗരത്തില്‍നിന്നും സൈന്യത്തെ പിന്‍വലിച്ചു. അതിനു പറഞ്ഞ കാരണം മസ്ജിദുല്‍ അഖ്‌സ പോലുള്ള മതസ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെടാതിരിക്കാനാണെന്നാണ്. അതോടെ സ്വലാഹുദ്ദീന്‍ അയ്യൂബി 1187ല്‍ 91വര്‍ഷത്തെ ക്രൈസ്തവ ആധിപത്യത്തിനു ശേഷം തിരിച്ചുപിടിച്ച പൗരാണിക പുണ്യനഗരം ബ്രിട്ടീഷ് അധീനതയിലേക്ക് വീണ്ടും വന്നു. ആഹ്ലാദാതിരേകത്താല്‍ ജനറല്‍ എഡ്മണ്ട് പ്രഖ്യാപിച്ചു: ”കുരിശുയുദ്ധം ഇതോടെ പൂര്‍ത്തിയായിരിക്കുന്നു.” 11-14നൂറ്റാണ്ടുകളില്‍ തുടങ്ങിവെച്ച ഇസ്‌ലാംവിരുദ്ധ പോരാട്ടത്തിന്റെ അന്ത്യമാണ് ജറൂസലം കീഴടക്കിയതോടെ സംഭവിച്ചിരിക്കുന്നതെന്നാണ് ആ വിളംബരത്തിന്റെ സാരം. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ലിയോഡ് ജോര്‍ജ് ജറൂസലം അധിനിവേശത്തെ ബ്രിട്ടീഷ്ജനതക്കുള്ള ക്രിസ്മസ് സമ്മാനം എന്നാണ് വിശേഷിപ്പിച്ചത്. ക്രിസ്മസ് അവധിദിനങ്ങള്‍ക്കു മുമ്പ് നഗരം പൂര്‍ണമായും കൈപ്പിടിയിലൊതുക്കണമെന്ന് പ്രധാനമന്ത്രി പ്രത്യേകനിര്‍ദേശം നല്‍കുകയും ചെയ്തു. മാധ്യമങ്ങള്‍ ഈ വാര്‍ത്ത കൊണ്ടാടിയത് ക്രിസ്ത്യാനികളുടെ മതപരമായ വിജയം എന്ന നിലക്കാണ്. ഡിസംബര്‍ 19ന് ഇറങ്ങിയ ‘പഞ്ച്’ പത്രത്തിന്റെ മുഖ്യതലക്കെട്ട് ഇങ്ങനെ: ‘The Last Crusade’ (അവസാന കുരിശുയുദ്ധം). വാര്‍ത്താവിതരണ മന്ത്രാലയവും ക്രൂസേഡ് എന്ന പ്രയോഗം വ്യാപകമാക്കാന്‍ തുടങ്ങി. കുരിശുയുദ്ധങ്ങളില്‍ പങ്കെടുത്ത രണ്ടു പ്രഭുക്കന്മാരുടെ പിന്‍ഗാമികളാണ് ദക്ഷിണ ഫലസ്തീനില്‍ നിര്‍ണായക പോരാട്ടത്തിന് നേതൃത്വം കൊടുത്ത സൈനികമേധാവികളെന്ന് വരെ പ്രചരിപ്പിക്കപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം ജറൂസലം വിജയം കൊണ്ടാടാന്‍ വാര്‍ത്താവിതരണ മന്ത്രാലയം 40മിനുറ്റ് നീളുന്ന ഡോക്യുമെന്ററി തയാറാക്കി; ‘The New Crusades: With the British Forces on the Palestine Front’. ‘മതമൗലികവാദങ്ങള്‍ തമ്മിലെ സംഘട്ടനം: കുരിശുയുദ്ധം, ജിഹാദ്,ആധുനികത’ എന്ന പുസ്തകത്തില്‍ താരിഖ് അലി ജറൂസലം കീഴടക്കിയതിനെ പടിഞ്ഞാറന്‍ ക്രൈസ്തവലോകം ഏത് തരത്തിലാണ് നോക്കിക്കാണുന്നതെന്ന് വിവരിക്കുന്നിടത്ത്, ഫ്രഞ്ച് കമാണ്ടര്‍ ഹെന്റി ഗരോഡ് ( Henri Gouraud ) സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഖബറിനടുത്ത് ചെന്ന് ആക്രോശിച്ചത്രെ: ”കുരിശുയുദ്ധം അന്ത്യം കണ്ടിരിക്കുന്നു. സ്വലാഹുദ്ദീന്‍ എഴുന്നേല്‍ക്ക്! ചന്ദ്രക്കലയുടെ മേല്‍ കുരിശ് വിജയം വരിച്ചതിന്റെ ചടങ്ങ് എന്റെ സാന്നിധ്യത്തില്‍ ഇവിടെ പൂര്‍ത്തീകരിക്കുകയാണ്!”
യഹൂദര്‍ക്ക് സ്വന്തമായി ഒരു രാജ്യം എന്ന സയണിസ്റ്റ് ആശയം ഉദിക്കുന്നത് യൂറോപ്പില്‍, വിശിഷ്യാ ബ്രിട്ടനിലും ഫ്രാന്‍സിലും ജര്‍മനിയിലുമാണെങ്കിലും ഫലസ്തീനികളുടെ മണ്ണില്‍ ഒരു രാഷ്ട്രമുണ്ടാക്കി ജൂതജനതയെ കുടിയിരുത്താനുള്ള നീക്കമാണ് ജറൂസലമിന്റെ അധിനിവേശത്തോടെ വിജയം കണ്ടത്. ബൈബിളിലെ വാഗ്ദത്ത ഭൂമിയെ കുറിച്ചുള്ള ക്രിസ്ത്യന്‍ മതമൗലികവാദികളുടെ സങ്കല്‍പങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം സയണിസത്തിന് ദാസ്യവേല ചെയ്യാന്‍ ബ്രിട്ടനെ പ്രേരിപ്പിച്ചു. യുദ്ധം കഴിയുന്നതോടെ അറബ്‌സമൂഹത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കുമെന്നും ഓട്ടോമന്‍ സാമ്രാജ്യത്തില്‍നിന്ന് മോചനം ലഭിക്കുമെന്നും വാഗ്ദാനം നല്‍കി പോരാട്ടത്തിന് പ്രേരണ നല്‍കിയവരാണ് ഒടുവില്‍ കൊടുംവഞ്ചന കാട്ടിയത്. ലീഗ് ഓഫ് നാഷന്റെ ഉടമ്പടി 22ാം ഖണ്ഡിക പ്രകാരം അറബികളെ ‘നാഗരികതയുടെ പാവന ട്രസ്റ്റായി ‘ (A sacred trust of Civilization ) പരിഗണിക്കുകയും സ്വതന്ത്രരാജ്യങ്ങളായി അംഗീകരിക്കുകയും ചെയ്യുമെന്നാണ് ഉറപ്പുനല്‍കിയത്. സയണിസ്റ്റുകളുമായി ചേര്‍ന്നുള്ള ബ്രിട്ടന്റെ കള്ളക്കളികള്‍ മുഴുവന്‍ പുറത്തുവന്നതോടെ, ഫലസ്തീനികള്‍ കലാപത്തിനിറങ്ങി. ഇംഗ്ലീഷുകാര്‍ക്കും ജൂതന്മാര്‍ക്കുമെതിരായ ആക്രമണങ്ങളെ മൗസിം മൂസാ വിപ്ലവം അല്ലെങ്കില്‍ 20പേരുടെ വിപ്ലവം എന്നാണറിയപ്പെട്ടത്. ഫലസ്തീന്‍ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്ന അമീനുല്‍ ഹുസൈനിയുടെ രംഗപ്രവേശം ഈ വിപ്ലവത്തിലൂടെയായിരുന്നു. പക്ഷേ ആയുധമുഷ്‌ക് ഉപയോഗിച്ച് കലാപം അടിച്ചമര്‍ത്തി. അമീനുല്‍ ഹുസൈനി ഖുദ്‌സിലെ മുഫ്തിയായി നിയമിക്കപ്പെട്ടതോടെ, പുണ്യനഗരത്തിന്റെ അറബ് ഇസ്ലാമിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുള്ള നീക്കങ്ങളാരംഭിച്ചു. പക്ഷേ വിവിധ രാജ്യങ്ങളില്‍നിന്ന് ഒഴുകിയെത്തിക്കൊണ്ടിരുന്ന ജൂതസമൂഹത്തിന്റെ ദുഷ്ടകരങ്ങള്‍ അപ്പോഴേക്കും ഗൂഢാലോചനകളും ആക്രമണപദ്ധതികളും ആവിഷ്‌കരിച്ചുകഴിഞ്ഞിരുന്നു. യഹൂദനും സയണിസ്റ്റുമായ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി സര്‍ ഹെര്‍ബെര്‍ട്ട് സാമുവലിനെ ഫലസ്തീനിലെ പ്രഥമ ബ്രിട്ടീഷ് മാന്‍ഡേറ്ററിയായി നിയമിച്ചതോടെ സയണിസ്റ്റ് പദ്ധതികള്‍ ഓരോന്നോരോന്നായി നടപ്പാക്കാന്‍ തുടങ്ങി. അറബി, ഹീബ്രു, ഇംഗ്ലീഷ് ലിഖിതങ്ങളുള്ള ഫലസ്തീന്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഓരോ വര്‍ഷവും 16,500 ജൂതന്മാര്‍ക്ക് ഫലസ്തീനിലേക്ക് കുടിയേറാന്‍ അനുമതി നല്‍കുന്ന ഉത്തരവും പുറത്തിറക്കി.

ബ്രിട്ടീഷ് മാന്‍ഡേറ്റ് എന്ന ആഗോളവഞ്ചന
1920 ഏപ്രിലിലാണ് ഫലസ്തീനികളോട് ഒരക്ഷരം മിണ്ടാതെ ബ്രിട്ടന് ഫലസ്തീന്റെ മേല്‍ അവകാശം ‘മാന്‍ഡേറ്റ് ‘ ( British Mandate ) നല്‍കുന്നത്. ലീഗ് ഓഫ് നേഷന്‍സ് കൗണ്‍സില്‍ 1922ജൂലൈയില്‍ ആ മാന്‍ഡേറ്റ് അംഗീകരിക്കുകയായിരുന്നു. ചരിത്രകാരനായ വലീദ് ഖാലിദ് ഒരു ജനതയുടെ ഭാവിയും സ്വപ്നങ്ങളും കരിച്ചുകളഞ്ഞ ആ മാന്‍ഡേറ്റിനെക്കുറിച്ച് അറബികളുടെ വീക്ഷണകോണിലൂടെ വിലയിരുത്തിയത് ഇങ്ങനെ: ”The Mandate, as a whole, was seen by the Palestinians as an Anglo-Zionist condominium and its terms as instrument for the implementation of the Zionist programme; it had been imposed on them by force, and they considered it to be both morally and legally invalid.The palestinian constituted the vast majority of the population and owned the bulk of the land”. ആംഗ്ലോ സയണിസ്റ്റ് ഗൂഢാലോചനയിലൂടെ സയണിസ്റ്റ് പദ്ധതി ആയുധമുഷ്‌ക് ഉപയോഗിച്ച് പ്രയോഗവത്കരിക്കുന്നത് ധാര്‍മികമായും നിയമപരമായും അസാധുവാണെന്ന് ഫലസ്തീനികള്‍ വിശ്വസിച്ചു. ആ ഭൂമി മുഴുവന്‍ ഫലസ്തീനികളുടേതായിരുന്നു. സയണിസ്റ്റ് പദ്ധതികള്‍ വിജയം കണ്ടപ്പോള്‍ ഫലസ്തീന്‍ ഇസ്രയേല്‍ ആയി രൂപാന്തരപ്പെടാന്‍ തുടങ്ങി. അതിക്രൂരവും വഞ്ചന നിറഞ്ഞതുമായിരുന്നു ആ പരിണാമദശകള്‍. അധരസേവയിലൂടെ അറബികളെ ബ്രിട്ടീഷുകാര്‍ വഞ്ചിച്ചുകൊണ്ടേയിരുന്നു. ഫലസ്തീനികളെ അത് അങ്ങേയറ്റം പ്രകോപിപ്പിച്ചു. പോരാട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഒരു നൂറ്റാണ്ട് നീളുന്ന ഫലസ്തീന്‍ ചരിത്രത്തിന് അതോടെ തുടക്കമിടുകയായിരുന്നു. ഫലസ്തീനികളുടെ രോഷം തണുപ്പിക്കാന്‍ ബ്രിട്ടന്‍ കൊണ്ടുവന്ന ഓരോ പദ്ധതിക്കു പിന്നിലും ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നു. അത് മനസ്സിലാക്കിയ അറബ്‌സമൂഹം ഫലസ്തീന്റെ ഭാവിയെക്കുറിച്ച് പര്യാലോചിക്കാന്‍ ഖുദ്‌സ് ആസ്ഥാനമായി സമ്മേളനങ്ങള്‍ നടത്താന്‍ തുടങ്ങി. സായുധസമരത്തിന്റെ ഇടിമുഴക്കം കേട്ട് തുടങ്ങിയത് 1922ഓടെയാണ്. ഇസ്രയേല്‍ രാഷ്ട്രരൂപീകരണത്തെ ഒരിക്കലും അനുവദിക്കില്ലെന്ന് ആ പൗരാണികജനത ശപഥം ചെയ്തു. ബ്രിട്ടീഷ് കോളനിവാഴ്ചക്കും ജൂതകുടിയേറ്റത്തിനും എതിരെ സിറിയയിലെ ശൈഖ് ഇസ്സുദ്ദീന്‍ അല്‍ഖസ്സാമിന്റെ നേതൃത്വത്തില്‍ സായുധപോരാട്ടത്തിന് ആഹ്വാനം മുഴങ്ങി. 1925ല്‍ ഹിബ്രു യൂനിവേഴ്‌സിറ്റി ഉദ്ഘാടനം ചെയ്യാനെത്തിയ വിദേശകാര്യമന്ത്രി ബാല്‍ഫെറിനെതിരെ തെരുവില്‍ രോഷം ആളിക്കത്തി. മസ്ജിദുല്‍ അഖ്‌സ ആക്രമിക്കാനും ബുറാഖ് മതില്‍ എന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്ന, ‘വിലപിക്കുന്ന മതില്‍’ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് വാദിച്ചും യഹൂദര്‍ ഇരച്ചുകയറിയപ്പോള്‍ യുദ്ധം അരങ്ങേറി. ഥൗറത്തുല്‍ ബുറാഖ് ( ബുറാഖ് വിപ്ലവം) എന്ന് ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെട്ട ഈ പോരാട്ടം തുടര്‍ന്നുള്ള പോരാട്ടങ്ങളുടെ പ്രോദ്ഘാടനമായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം 1931ഡിസംബര്‍ 17ന് ഖുദ്‌സില്‍ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം വിളിച്ചുകൂട്ടി. 22 അറബ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്ന് മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, രാഷ്ട്രീയ നായകനും ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഗാന്ധിജിയുടെ വലം കൈയായി പ്രവര്‍ത്തിച്ച ധീരനുമായ മൗലാനാ ഷൗക്കത്തലി തുടങ്ങിയവര്‍ സമ്മേളനത്തില്‍ സജീവ ഭാഗഭാഗിത്തം വഹിച്ചു. ബുറാഖ് മതില്‍ മുസ്ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന സമ്മേളനപ്രമേയം ബ്രിട്ടന്‍ ഒറ്റയടിക്ക് തള്ളിക്കളഞ്ഞു. 1935ആയപ്പോഴേക്കും ശൈഖ് ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ജിഹാദിന് ആഹ്വാനം ചെയ്തു. അതിനിടയില്‍ അറബ് രാജ്യങ്ങള്‍ ഇടപെടാന്‍ തുടങ്ങി. 1937ആയപ്പോഴേക്കും ഫലസ്തീന്‍ വിഭജനത്തെക്കുറിച്ച് പാശ്ചാത്യലോകം പദ്ധതികളാവിഷ്‌കരിച്ചു. റോയല്‍ കമ്മിറ്റിയുടെ നിര്‍ദേശം അറബികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഫലസ്തീന്‍ രാഷ്ട്രത്തില്‍ യഹൂദര്‍ക്ക് ചില അവകാശങ്ങള്‍ വകവെച്ചുകൊടുക്കാം എന്നല്ലാതെ, കൂടുതല്‍ അധികാരത്തോട്കൂടിയ ഒരു ഇസ്രയേല്‍ രാഷ്ട്രം എന്ന ആംഗ്ലോ സയണിസ്റ്റ് പദ്ധതിയെ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അറബികളുടെ വികാരവിചാരങ്ങളെ പക്ഷേ, അധിനിവേശ ശക്തികള്‍ ഗൗനിച്ചില്ല.

നക്ബയിലേക്കുള്ള രക്ത പാതകള്‍
രണ്ടാം ലോകയുദ്ധം വന്‍ശക്തികളെ പോര്‍മുഖങ്ങളില്‍ തളച്ചിട്ട കാലം. ഫലസ്തീനില്‍ അറബികളും യഹൂദരും തമ്മില്‍ പോരാട്ടം നിത്യസംഭവങ്ങളായി. സിറിയയില്‍ ചേര്‍ന്ന അറബ് രാഷ്ട്രത്തലവന്മാരുടെ സമ്മേളനം വിഭജനപദ്ധതി അതേപടി നിരാകരിച്ചു. അതോടെ ഇസ്സുദ്ദീന്‍ ഖസ്സാമിയുടെ ബറ്റാലിയനുകള്‍ രാജ്യമാകെ ജിഹാദ് വിളി ഉയര്‍ത്തി. ബ്രിട്ടീഷ് ഭരണാധികാരി കേണല്‍ ആന്‍ഡ്രൂസ് വധിക്കപ്പെട്ടു. ഇതിന്റെ പ്രതികരണമെന്നോണം ബ്രിട്ടീഷ് മേധാവികള്‍ കടുത്ത അടിച്ചമര്‍ത്തലുകളും നാടുകടത്തലും പതിവാക്കി. കുടിയേറ്റക്കാരായ ജൂതയുവാക്കളെ റിക്രൂട്ട് ചെയ്തു ഫഗാന, ഇര്‍ഗുന്‍ തുടങ്ങിയ പേരുകളില്‍ തീവ്രവാദസംഘങ്ങള്‍ക്ക് രൂപം നല്‍കി. ഫലസ്തീന്‍നേതാക്കളെ അവര്‍ വെടിവെച്ചിടാന്‍ തുടങ്ങി. കൂടുതല്‍ വെള്ളപ്പട്ടാളത്തെ ഇറക്കുമതി ചെയ്തു പ്രക്ഷോഭത്തെ നേരിട്ടു. എന്നിട്ടും ചെറുത്തുനില്‍പ് ശക്തിപ്പെടുകയാണെന്ന് കണ്ട ബ്രിട്ടീഷ് സര്‍ക്കാര്‍, വിഭജന ഫോര്‍മുല തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. അനുരഞ്ജനത്തിന്റെ ഭാഗമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങള്‍ 1939ല്‍ പുറത്തുവന്നു. ഫലസ്തീനില്‍ ജൂതന്മാര്‍ക്കായി പ്രത്യേക ദേശീയ രാഷ്ട്രം എന്ന ആശയത്തില്‍നിന്ന് ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ വിധാതാക്കള്‍ പിന്മാറുകയാണോ എന്ന് സയണിസ്റ്റ് നേതൃത്വം ഭയപ്പെട്ടു. അതിനിടയില്‍ അച്ചുതണ്ട് രാഷ്ട്രങ്ങളുടെ നേതാക്കളായ ഹിറ്റ്‌ലറും മുസ്സോളിനിയും സയണിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ഫലസ്തീനികളെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. ആയുധങ്ങള്‍ നല്‍കാനും യൂറോപ്പിലെ ഫലസ്തീനികള്‍ക്ക് പരിശീലനത്തിന് വിദഗ്ധരെ ഏര്‍പ്പെടുത്താനും ജര്‍മനി മുന്‍കൈ എടുത്തുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. എന്നാല്‍, അറബികള്‍ക്കുള്ള മേല്‍ക്കൈ പെട്ടെന്ന് നഷ്ടപ്പെട്ടത് അമേരിക്കയുടെ സജീവമായ ഇടപെടലുകളോടെയാണ്. ജര്‍മനിയില്‍ നടക്കുന്ന ജൂതപീഢനങ്ങളെ പര്‍വതീകരിച്ച് അമേരിക്കയില്‍ നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങള്‍ ആഗോളതലത്തില്‍ അവര്‍ക്കനുകൂല കാലാവസ്ഥയൊരുക്കുന്നതില്‍ വിജയം കണ്ടു. ബാള്‍ട്രിമോറില്‍ നടന്ന അന്താരാഷ്ട്ര ജൂത കോണ്‍ഗ്രസ് സമ്മേളനത്തില്‍ ജൂതരാഷ്ട്ര സംസ്ഥാപനത്തിനായുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച യുദ്ധത്തില്‍ അച്ചുതണ്ട് ശക്തികളെ സഹായിക്കണമെങ്കില്‍ ജൂതരാഷ്ട്രനിര്‍മിതിക്കനുകൂലമായ തീരുമാനമെടുക്കണമെന്ന് അങ്കിള്‍സാം ബ്രിട്ടനു മുന്നില്‍ നിബന്ധന വെച്ചു. അതോടെ ബ്രിട്ടന്‍ അസാധാരണമായ ചില നീക്കങ്ങള്‍ തുടങ്ങി. സ്വന്തം നാട് വിട്ടുപോകാന്‍ ഫലസ്തീനികളെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു പ്രമേയം 1944ല്‍ പാസ്സാക്കി. താമസിച്ചില്ല, ഫലസ്തീന്‍ മണ്ണില്‍ ഇസ്രയേല്‍ പതാക ഉയര്‍ന്നു. ബ്രിട്ടീഷ് സൈന്യത്തെ കെട്ടുകെട്ടിക്കാനും അതുവഴി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ജൂതതീവ്രവാദികള്‍ വിപുലമായ പ്രചാരണം തുടങ്ങി. ഫഗാന നേതാവ് ബെന്‍ഗുറിയന്‍ സയണിസ്റ്റ് സ്വപ്നത്തിലുള്ള ഇസ്രയേലിന്റെ വ്യാപ്തിയും അതിരുകളും നിര്‍ണയിച്ചുകൊണ്ട് പറഞ്ഞു: ഇസ്രയേല്‍! നിന്റെ ഭൂമി യൂഫ്രട്ടീസ് മുതല്‍ നൈല്‍ വരെയാകുന്നു!

രണ്ടാം ലോകയുദ്ധത്തിന് പരിസമാപ്തി കുറിച്ചതോടെ ലീഗ് ഓഫ് നേഷന്‍സിന്റെ സ്ഥാനത്ത് ഐക്യരാഷ്ട്രസഭ നിലവില്‍ വന്നു. ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കാനും ഫലസ്തീനെ വിഭജിച്ച് അറബികളുടെയും ജൂതന്മാരുടെയും രണ്ട് രാഷ്ട്രങ്ങള്‍ക്ക് പിറവി നല്‍കാനും 1947 ജൂലൈ മൂന്നിന് ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.നവംബര്‍ 11ന് ആധുനികലോകത്തെ കൊടുംവഞ്ചന നിറഞ്ഞ ആ തീരുമാനത്തെ 181ാം പ്രമേയത്തിലൂടെ യു.എന്‍ അംഗീകരിച്ചു. 68ശതമാനം വരുന്ന അറബികളുടെമേല്‍ 32ശതമാനം വരുന്ന ജൂതരുടെ മേല്‍ക്കോയ്മയുടെ പുതിയ അധ്യായം അതോടെ തുറക്കപ്പെട്ടു. 1897ല്‍ തിയോഡര്‍ ഹെര്‍സല്‍ വിഭാവന ചെയ്ത ജൂതരാഷ്ട്രം പിറന്നുവീണതോടെ, ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള യഹൂദര്‍ ജറൂസലം ലക്ഷ്യമിട്ട് ഒഴുകാന്‍ തുടങ്ങി. മനുഷ്യര്‍ മാത്രമല്ല, ആയുധങ്ങളും ജൂതതീവ്രവാദസംഘങ്ങളും സ്വപ്നരാജ്യത്തിന്റെ നാനാമുക്കുകളിലേക്കും പ്രവഹിച്ചുതുടങ്ങി. അറബ് സമൂഹത്തിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു ഈ കുടിയേറ്റം. 1948മേയ് 14 നു തങ്ങളുടെ മാന്‍ഡേറ്റ് അവസാനിപ്പിച്ച് ബ്രിട്ടീഷ് സൈന്യം ജറൂസലമില്‍നിന്ന് പുറത്തുകടന്നതോടെ സംഘര്‍ഷത്തിന്റെ പുതിയൊരു അധ്യായം തുറക്കപ്പെട്ടു. ഇസ്രയേല്‍ രാഷ്ട്രപ്രഖ്യാപനം നിരാകരിച്ച അറബ് അയല്‍രാഷ്ട്രങ്ങള്‍ അങ്ങോട്ടേക്ക് ഇരച്ചുകയറി. അപ്പോഴേക്കും ഇസ്രയേലിനെ പടിഞ്ഞാറന്‍ ക്രൈസ്തവലോകം ആയുധമണിയിച്ചുകഴിഞ്ഞിരുന്നു. 20വിമാനങ്ങളാണ് ബ്രിട്ടന്‍ സമ്മാനമായി നല്‍കിയത്. ഫലമോ അതിക്രൂരമായ ഫലസ്തീന്‍വേട്ട. 1948ലെ യുദ്ധങ്ങള്‍ ഫലസ്തീനികളുടെ പിറന്നമണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിച്ചു. യുദ്ധത്തിന്റെ ബാക്കിപത്രം ഇമ്മട്ടില്‍ വായിക്കാം: യുദ്ധം തുടങ്ങുമ്പോള്‍ 10ലക്ഷം അറബികളുണ്ടായിരുന്നു ഇസ്രയേലില്‍. 1949ല്‍ അത് ഏഴു ലക്ഷം ആയി കുറഞ്ഞു. ഇസ്രയേലില്‍ ഒന്നര ലക്ഷം മാത്രം. എന്താണ് ആ ചരിത്രസന്ധിയില്‍ സംഭവിച്ചത് എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരു ജനതക്കും സംഭവിക്കാന്‍ പാടില്ലാത്തത്. പിറന്ന മണ്ണില്‍നിന്നും ജനിച്ചുവളര്‍ന്ന വീടുകളില്‍നിന്നും അതിക്രൂരമായി ആട്ടിയോടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്തു. നക്ബ (ദുരന്തം) എന്ന പേരിലാണ് അത് ഇന്നും ഓര്‍ക്കപ്പെടുന്നത്.

ആ ഓര്‍മകളെ മുഴുവന്‍ വകഞ്ഞുമാറ്റിയാണ് കഴിഞ്ഞദിവസം, (സെപ്തംബര്‍ 15ന് ) യു.എ.ഇയും ബഹ്‌റൈനും ഇസ്രയേലുമായി ‘അബ്‌റഹാം ഉടമ്പടി’യിലേര്‍പ്പെട്ടിരിക്കുന്നത്. അതോടെ, മറ്റേത് രാജ്യങ്ങളെയും പോലെ സയണിസ്റ്റ് രാജ്യം നയതന്ത്രസൗഹൃദത്തിന്റെ കരവലയത്തിലേക്ക് കയറിവരുകയാണ്. വേദനകളും യാതനകളും നിറഞ്ഞ ഇന്നലെകളെ പൂര്‍ണമായും വിസ്മരിച്ച് നടത്തിയ ഈ ഉടമ്പടിയിലടങ്ങിയ അപകടം അനാവൃതമാവണമെങ്കില്‍ ഇന്നേവരെ ജൂതരാഷ്ട്രവും അവരുടെ യജമാനന്മാരും പരസ്യമായി നടത്തിയ നിഷ്ഠൂരതകളും കൊടുംവഞ്ചനകളും പരിശോധിക്കേണ്ടതുണ്ട്.

(തുടരും )

KASIM IRIKKOOR

You must be logged in to post a comment Login