വിശുദ്ധ ഖുര്‍ആനില്‍ ‘ലൈലത്തുല്‍ ഖദ്ര്’ എന്ന വിശുദ്ധരാവിനെ പരാമര്‍ശിക്കുന്നുണ്ട്. ‘ആ രാത്രി ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്, മാലാഖമാര്‍ അല്ലാഹുവിന്റെ ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരും, പ്രഭാതോദയം വരെ ആ രാത്രി സമാധാനമാണ്(അധ്യായം: അല്‍ ഖദ്ര്).
പരാമര്‍ശിത വചനങ്ങളില്‍ നിന്നും വ്യക്തമാവുന്നത് ലൈലത്തുല്‍ ഖദ്ര് ഒരു നിശ്ചിത സമയത്ത് ലോകത്തെല്ലായിടത്തും സംഭവിക്കുമെന്നാണ്. പക്ഷേ, ഭൂമിയുടെ ഭ്രമണാനുസൃതമാണല്ലോ രാവും പകലും മാറിമാറി വന്നുകൊണ്ടിരിക്കുന്നത്. ഇവിടെ പകലാകുമ്പോള്‍ ഭൂമിയുടെ നേര്‍വിപരീത ദിശയിലുള്ള പ്രദേശങ്ങളില്‍ രാത്രി ആയിരിക്കും. എന്നിരിക്കെ, ലൈലത്തുല്‍ ഖദ്ര് ഒരേസമയം ലോകത്ത് എല്ലായിടത്തും സംഭവിക്കുമെന്ന ഖുര്‍ആനിക ഭാഷ്യം എങ്ങനെ ശരിയാകും? ഇത് ഖുര്‍ആന്‍ ദൈവികമല്ല എന്നതിന് തെളിവല്ലേ?
പ്രസക്തമാണ് ആരോപണം. പക്ഷേ, വസ്തുനിഷ്ടമല്ല. പരിശോധിക്കാം; അടിസ്ഥാനപരമായി, കാലങ്ങള്‍ തമ്മില്‍ ശ്രേഷ്ഠതാ വ്യതിയാനം പുലര്‍ത്തുന്നില്ല. ‘കാലം’ കൊണ്ട് വിവക്ഷ ഗോളങ്ങളുടെ ചലനമാണ്, തത്വചിന്തയില്‍ വ്യവഹരിക്കപ്പെടുന്ന അര്‍ഥമല്ല. കാരണം അത് വസ്തുക്കളുടെ ചലനവുമായി ബന്ധപ്പെട്ട സങ്കല്പങ്ങളാണ്, ലൈലത്തുല്‍ ഖദ്റിനെ പറ്റിയുള്ള ഈ ചര്‍ച്ചയില്‍ അത് പ്രാധാന്യമര്‍ഹിക്കുന്നില്ല.
ലൈലത്തുല്‍ ഖദ്ര്, വെള്ളിയാഴ്ച രാവ്, അറഫാദിനം, റമളാനിലെ ദിനരാത്രങ്ങള്‍ – തുടങ്ങിയവയെല്ലാം സത്താപരമായി ഒന്നാണ്. സ്ഥലങ്ങളും തഥൈവ. ഒന്നിന് മറ്റൊന്നിനേക്കാള്‍ – പ്രകൃതിപരമായ വ്യത്യാസങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില് തന്നെയും- സത്താപരമായി പവിത്രതയോ പ്രത്യേകതയോ നിലനില്ക്കുന്നില്ല. മക്കയും അറഫയും മദീനയുമെല്ലാം ഭൂമി എന്ന അര്‍ഥത്തില്‍ ഒന്നാണ്. പിന്നെ ചില പ്രത്യേക സമയങ്ങള്‍ക്ക് പവിത്രത കൈവരുന്നത് എങ്ങനെയാണ്? വിശദമാക്കാം.
ചില നിര്‍ണിത സമയങ്ങളില്‍ പ്രത്യേക അനുഗ്രഹങ്ങള്‍, പാപമോചന പ്രാര്‍ഥന സ്വീകരിക്കല്‍, പ്രയാസങ്ങള്‍ ദൂരീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളിലൂടെ അല്ലാഹുവിന്റെ തജല്ലി(വെളിപാട്) ഉണ്ടാകും. അത് മുഖേന ആ സമയങ്ങള്‍ക്ക് പവിത്രത കൈവരുന്നു. അപ്പോള്‍, പവിത്ര രാവുകളും പകലുകളും അനുഗ്രഹ വര്‍ഷത്തിനായി അല്ലാഹു തിരഞ്ഞെടുത്തത് കൊണ്ടാണ് അവ പവിത്രമായത്. സത്താപരമായല്ല എന്നര്‍ഥം.
ഈ അടിസ്ഥാന തത്വ പ്രകാരം ധാരാളം അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്കു നല്കപ്പെടുന്ന ലൈലത്തുല്‍ ഖദ്റായി ചില സമയങ്ങള്‍ അല്ലാഹു തിരഞ്ഞെടുക്കും. അവ പവിത്രത കൈവരിക്കും. അത് ലോകത്ത് എല്ലായിടത്തും ഒരേസമയത്ത് ആവണമെന്നില്ല. ഇവിടെ ലൈലത്തുല്‍ ഖദ്റിന്റെ രാവ് ആകുമ്പോള്‍ ഭൂമിയുടെ എതിര്‍ദിശയില്‍ പകല്‍ ആയിരിക്കുമല്ലോ, അവിടെ രാവാകുന്ന മറ്റൊരു സമയം ലൈലത്തുല്‍ ഖദ്ര് സംഭവിക്കാം. ഒരേ സ്ഥാനത്തുള്ള അനുഗ്രഹ വര്‍ഷം കൊണ്ട് വ്യത്യസ്ത സമയങ്ങളെ പവിത്രമാക്കാന്‍ അല്ലാഹുവിനെന്തു പ്രയാസമാണുള്ളത്?
ഖുര്‍ആനിലെ ഒരു അധ്യായം തന്നെ ലൈലത്തുല്‍ ഖദ്റിന്റെ മഹത്വങ്ങളാണല്ലോ വിശദീകരിക്കുന്നത്. ഓരോ വര്‍ഷവും റമളാനിലെ വ്യത്യസ്ത രാവുകളിലാണ് ലൈലത്തുല്‍ ഖദ്ര് സംഭവിക്കുക. ഒരു നിര്‍ണിത രാവിന്റെ മാത്രം പ്രത്യേകതയല്ല ലൈലത്തുല്‍ ഖദ്റെന്ന് ഇതറിയിക്കുന്നുണ്ട്.
ഒരു പ്രത്യേക രാവായി നിര്ണയിക്കപ്പെടാത്തതു പോലെ, ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ ലൈലത്തുല്‍ ഖദ്ര് ഉണ്ടാകുന്ന സമയവും നിര്‍ണിതമല്ല.
ഒരു നബിവചനം ഇവിടെ ശ്രദ്ധേയമാണ്; ‘നിങ്ങള്‍ റമളാനിലെ അവസാന പത്തു രാവുകളില്‍ ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചു കൊള്ളൂ’. ഈ ഹദീസ് മുന്നോട്ടുവെക്കുന്ന ആശയം, ഭൂമുഖത്തെ എല്ലാ പ്രദേശവാസികളും സ്വന്തം ദേശത്ത് റമളാനിലെ അവസാന പത്തു രാവുകള്‍ വരുമ്പോള്‍ ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കണം എന്നാണ്.
അന്ത്യദിനത്തില്‍ വലിയ പ്രതാപം നേടുന്ന സച്ചരിതരുടെ വിജയരഹസ്യം ഖുര്‍ആന്‍ പറഞ്ഞുവയ്ക്കുന്നുണ്ടല്ലോ: ‘അവര്‍ രാത്രി അല്പം മാത്രം ഉറങ്ങുകയും അതിന്റെ അന്തിമയാമങ്ങളില്‍ പാപമോചനമര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു'(അല്‍ ദാരിയാത്ത് 17-18). ഭൂമുഖത്ത് പ്രഭാതവും പ്രദോഷവും ഭൂഗോളത്തിലെ വ്യത്യസ്ത ദിക്കുകളില്‍ തുടര്‍ച്ചയായി മാറി വരുന്നുണ്ടെന്നത് അല്ലാഹുവിനറിയാത്ത കാര്യമല്ല.
ഒരു സ്വഹീഹായ ഹദീസ് കാണുക; ‘രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് സമയം അല്ലാഹു എല്ലാ രാത്രിയും ഏറ്റവും താഴെയുള്ള ആകാശത്തിലേക്ക് ഇറങ്ങും. എന്നിട്ടു ചോദിക്കും; എന്നോട് പ്രാര്ഥിക്കുന്നവനു ഞാന്‍ ഉത്തരം ചെയ്യും, എന്നോട് ചോദിക്കുന്നവനു ഞാന്‍ നല്‍കും, എന്നോട് പാപമോചനം തേടുന്നവനു ഞാന്‍ പാപമോചനം നല്‍കും’. ഇവിടെ, രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് ഭാഗം വ്യത്യസ്ത സമയങ്ങളിലാണ് വ്യത്യസ്ത പ്രദേശത്തുള്ളവര്‍ക്ക് അനുഭവപ്പെടുക എന്നത് അല്ലാഹുവിന് അറിയാത്ത കാര്യമല്ലെന്നത് സുവിധിതം.
ഈ പ്രമാണങ്ങളെല്ലാം സംസാരിക്കുന്നത് അനുഗ്രഹങ്ങള്‍, പാപമോചനം, ഉത്തരം ചെയ്യല്‍ തുടങ്ങിയ രൂപേണയുള്ള അല്ലാഹുവിന്റെ തജല്ലി (വെളിപാട്) ഒരു സമയവും ലോകത്ത് നിലക്കുന്നില്ല എന്ന വസ്തുതയാണ്. ഇക്കാരണത്താല്‍, തൊഴില്‍ സംബന്ധമായതും മറ്റുമുള്ള ദൈനംദിന വ്യവഹാരങ്ങള്‍ പ്രാര്‍ഥനയ്ക്ക് തടസ്സമാവുന്നില്ല.
പ്രത്യേക പവിത്രതയുള്ള സമയങ്ങള്‍ ഓരോ ദേശത്തും മാറിമാറി വരുന്നതുകൊണ്ട് ആ സമയം പ്രാര്‍ഥിക്കാനും കൂടുതല്‍ ആരാധന കര്‍മങ്ങള്‍ക്ക് മാറ്റി വെക്കാനും സാധിക്കുന്നു. ജീവിതോപാധികള്‍ തൊടുന്നതിനും മറ്റും സമയം ചിലവഴിക്കേണ്ടി വരുന്നത് ഒരു തടസ്സമായി മാറുന്നില്ല.
ചുരുക്കത്തില്‍, ലൈലത്തുല്‍ ഖദ്ര് ലോകത്തെ എല്ലാ രാജ്യത്തും ഒരേ സമയം സംഭവിക്കാതെ ഒരോ രാജ്യത്തുള്ളവര്‍ക്കും അനുയോജ്യമായ സമയങ്ങളില്‍ സംഭവിക്കുന്നതാണ് യുക്തി.
ഇവിടെ മറ്റൊരു ചോദ്യം പ്രസക്തമാണ്; അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ ‘നാം അതിനെ (ഖുര്‍ആന്‍) ലൈലത്തുല്‍ ഖദ്റിലാണ് ഇറക്കിയത്’. മേല്‍ വിശദീകരിച്ച പ്രകാരം, ഈ ലൈലത്തുല്‍ ഖദ്ര് ഭൂമിയുടെ ഏതു ഭാഗത്തുണ്ടായതാണ്’?
പ്രവാചക ശ്രേഷ്ഠരുടെ ഹൃദയത്തിലാണല്ലോ ഖുര്‍ആന്‍ അവതീര്‍ണമായത്. ഖുര്‍ആന്‍ ആദ്യമായി അവതരിക്കപ്പെടുന്ന സമയത്ത് മക്കയിലായിരുന്നു പ്രവാചകന് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മക്കയിലുണ്ടായ ഒരു ലൈലത്തുല്‍ ഖദ്റിലാണ് ഖുര്‍ആന്‍ അവതരണത്തിന്റെ പ്രാരംഭം എന്ന് മനസ്സിലാക്കാം. ആ സമയത്ത് ഭൂമിയുടെ പല ഭാഗങ്ങളിലും രാത്രിയല്ലായിരുന്നു എന്നത് അപവാദമാവുന്നില്ല. ലൈലത്തുല്‍ ഖദ്റില്‍ ഖുര്‍ആന്‍ അവതരിച്ചു എന്ന ഖുര്‍ആനിക സൂക്തം വസ്തുതാപരം തന്നെയാണ്.
സഈദ് റമളാന്‍ ബൂതി
വിവ: സിനാന് ബശീര്‍
You must be logged in to post a comment Login