ജാമിഅ മില്ലിയ ഇസ്‌ലാമിയ: സി എ എ വിരുദ്ധ സമരത്തിലെ രാഷ്ട്രീയ വൈവിധ്യങ്ങള്‍, വൈരുധ്യങ്ങള്‍

ജാമിഅ മില്ലിയ ഇസ്‌ലാമിയ: സി എ എ വിരുദ്ധ സമരത്തിലെ രാഷ്ട്രീയ വൈവിധ്യങ്ങള്‍, വൈരുധ്യങ്ങള്‍

ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം രാജ്യമെമ്പാടും എതിര്‍ക്കപ്പെടുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രക്ഷോഭകേന്ദ്രമായിജാമിഅ മില്ലിയ ഇസ്‌ലാമിയ കേന്ദ്ര സര്‍വകലാശാല മാറിയത് ചരിത്രപരമായ ഒരു നിമിത്തംകൂടിയാണ്. നൂറുവര്‍ഷം പിന്നിടുന്ന ഒരു ജ്ഞാനപാരമ്പര്യം അധാര്‍മികവും അനീതിപരവുമായ വ്യവസ്ഥിതികളോട് കാലമിത്രയും ചെയ്തുപോന്ന കലഹങ്ങളാണ് ആ നിമിത്തത്തിന് നിദാനം. 1920ല്‍ ജാമിഅ പ്രസ്ഥാനം പിറവിയെടുക്കുമ്പോള്‍ ലക്ഷ്യം, ബ്രിട്ടീഷ്താല്പര്യങ്ങള്‍ക്ക് അതീതമായ ഒരു വിദ്യാഭ്യാസ സംവിധാനമായിരുന്നു. ദേശത്തിന്റെ ചോദനകളറിയുന്ന ഒരു വൈജ്ഞാനിക മുന്നേറ്റം സമൂഹത്തിനാവശ്യമെന്ന് അന്നത്തെ ദേശീയ നേതാക്കള്‍ വിഭാവനം ചെയ്തിരുന്നു. അലിഗഢ്സര്‍വകലാശാലയുടെ ബ്രിട്ടീഷ് വിധേയത്വം അംഗീകരിക്കാനാവാത്ത കോണ്‍ഗ്രസ് നേതാക്കളും അനുഭാവികളായ പണ്ഡിതരുമാണ് ആദ്യം അലിഗഢിലും, പിന്നീട് ഡല്‍ഹിയിലെ കരോള്‍ ബാഗിലും ശേഷം ഓഖ്‌ലയിലുമായി ജാമിഅ മുന്നേറ്റത്തിന് നാന്ദി കുറിച്ചത്.

അലിഗഢിന് ബദലാവുക എന്ന ലക്ഷ്യം ജാമിഅനേടിയെടുത്തു. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ ജാമിഅനിര്‍ണായക സാന്നിധ്യമായി. ജാമിഅയുടെ സാരഥികളില്‍ പലരും ദേശീയ പ്രസ്ഥാനത്തിന്റെനെടുനായകന്മാരും സ്വാതന്ത്ര്യലബ്ധിക്കു ശേഷം രാഷ്ട്ര നേതാക്കളുമായി. പാരതന്ത്ര്യത്തിന്റെ കാലത്തുള്ളജാമിഅയുടെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതായി നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം നരേന്ദ്ര മോഡിയുടെ ജനവിഭജനനിയമത്തിനെതിരെയുള്ള വിയോജിപ്പുകള്‍. ജാമിഅ മില്ലിയ എല്ലാ കാലത്തും ഉയര്‍ത്തിപ്പിടിച്ച മതസാഹോദര്യത്തിന്റെയും, അഹിംസയുടെയും, രാഷ്ട്രീയ ധാര്‍മികതയുടെയും മൂല്യങ്ങള്‍ സി എ എ വിരുദ്ധ സമരകാലത്തുംസംരക്ഷിക്കപ്പെട്ടു എന്നതാണ് ശ്രദ്ധേയം.

മഹാത്മാഗാന്ധിക്കും, ജവഹര്‍ലാല്‍ നെഹ്‌റുവിനുംജാമിഅയോട് ഉണ്ടായിരുന്ന താല്പര്യം ദേശീയപ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച സാഹോദര്യത്തിന്റെസന്ദേശം ഉള്‍ക്കൊണ്ടതിനാല്‍ കൂടിയായിരുന്നു. ജാമിഅ മില്ലിയസ്ഥിതി ചെയ്യുന്ന പ്രദേശം മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒന്നായി മാറുന്നത് വിഭജനകാലത്തെ ഭീതിദമായസാഹചര്യങ്ങള്‍ക്കു ശേഷമാണ്. ജാമിഅ നഗര്‍, ഇന്ത്യയില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചമുസ്‌ലിംകള്‍ക്ക് അഭയമുറപ്പിക്കാനുള്ള ഇടമായി മാറിയിരുന്നു. ജുമാമസ്ജിദും ജാമിഅ നഗറുംവിഭജനകാലത്തെവര്‍ഗീയ കലാപങ്ങളുടെ ഭയപ്പെടുത്തുന്നതും ദയനീയവുമായഓര്‍മകളെ ഖബറടക്കി അതിനുമുകളില്‍ കൂരകെട്ടി താമസിക്കാന്‍ അവര്‍ക്ക് നിലം നല്‍കി. പുരാണ ദില്ലിയില്‍ ജുമാമസ്ജിദെന്ന പോലെ ഓഖ്‌ലയിലെ ജാമിഅയുംചകിതരായ മുസ്‌ലിംകള്‍ക്ക് ആശ്വാസ കേന്ദ്രമായി.
റിക്ഷവലിക്കുന്നവര്‍ മുതല്‍ വലിയ കച്ചവടക്കാരും, ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ വരെ തിങ്ങിപ്പാര്‍ക്കുന്ന ജാമിഅ നഗറിലെഗല്ലികളില്‍പുരോഗതി വന്നില്ലെങ്കിലും വര്‍ഗീയ കലാപങ്ങളുടെ ഭീതി എത്തിനോക്കിയില്ല. 2008ലെ ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ ഈ ഗല്ലികളില്‍ ഭയം തിരികെ കൊണ്ടുവന്നു. ഡല്‍ഹിയില്‍ ജാമിഅ മില്ലിയയും ജാമിഅനഗറുംഒറ്റപ്പെടുമെന്ന സാഹചര്യം ഉണ്ടായി. അന്നനുഭവിച്ച ഭീതി, മാനഹാനി, വഞ്ചിതരായതിന്റെ സങ്കടം എന്നിങ്ങനെ എല്ലാം ജാമിഅ നഗറിലെ ജനങ്ങളില്‍ കടുത്ത നിരാശയായി ഘനീഭവിച്ചു കിടക്കുന്നുണ്ട്. ഏതുസമയവുംതങ്ങള്‍ വീണ്ടും വഞ്ചിക്കപ്പെടുമെന്ന ആശങ്ക അവരെ വിടാതെ പിന്തുടരുന്നു.
ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ചരിത്രത്തില്‍ അവര്‍ കണ്ട സമരോത്സുകതയോടും വര്‍ത്തമാനത്തില്‍ അവര്‍ മനസ്സിലാക്കിയ യാഥാര്‍ത്ഥ്യങ്ങളോടുംനീതി പുലര്‍ത്തേണ്ടതുണ്ടായിരുന്നു. അതേസമയം ഭയവും നിരാശയും പിന്തുടരുന്ന തങ്ങളുടെ ജീവിതങ്ങള്‍ക്കു മുകളില്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തുന്നതാണ്പൗരത്വ ഭേദഗതി നിയമം എന്ന് തിരിച്ചറിഞ്ഞവരായിരുന്നു ജാമിഅ നഗറിലെ ജനങ്ങള്‍. 2020 ഡിസംബര്‍ പതിനഞ്ചിന് ജാമിഅ മില്ലിയയില്‍ ഡല്‍ഹി പൊലീസ് നടത്തിയ കിരാതമായനടപടികളോടെഭരണകൂടം എങ്ങനെയാണ് ഈ പ്രക്ഷോഭങ്ങളെ നേരിടാന്‍ പോകുന്നതെന്ന്അവര്‍ മനസ്സിലാക്കി. അതോടെസര്‍വകലാശാല വിദ്യാര്‍ഥികളുടെ സര്‍ഗാത്മക സമര രീതികളോട് അന്നാട്ടുകാര്‍ സമരസപ്പെടുന്നതാണ് പിന്നത്തെക്കാഴ്ച.

ഡിസംബര്‍ പതിമൂന്നിന്ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് ശേഷമാണ് ജാമിഅനഗറില്‍ നിന്ന് പൊതുജന പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്. ഡല്‍ഹി പൊലീസ് വിദ്യാര്‍ഥികളോട് ശത്രുതാപരവും വംശീയവുമായ നിലപാടാണ് എടുക്കുന്നതെന്ന് അന്നേ വ്യക്തമായിരുന്നു. എന്നാല്‍ സര്‍വകലാശാലക്ക് പുറത്തുള്ളവരുമായി ചേര്‍ന്നുകൊണ്ടൊരു സമരം എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന ആശങ്ക ജാമിഅകോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് പതിനാലിന് നടന്ന സമരപരിപാടികള്‍ കാമ്പസില്‍ ഒതുങ്ങി. പുറത്ത് പൊതുജനങ്ങളുടെചെറിയ റാലികളുണ്ടായിരുന്നു. എന്നാല്‍ പതിനഞ്ചിന് പൊതുജന പ്രക്ഷോഭങ്ങള്‍ വലുതായി. ഞായറാഴ്ച വൈകുന്നേരത്തോടെ സമാധാനപരമെങ്കിലും റോഡ് ഉപരോധിച്ചുകൊണ്ടുള്ളസമരങ്ങള്‍ അരങ്ങേറി. മഥുര റോഡ് ഉപരോധിക്കാനുള്ള ശ്രമത്തിനിടെ പതിവുപോലെ മഫ്തിയില്‍ വന്ന പൊലീസുകാര്‍ തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു.

ആദ്യഘട്ടത്തില്‍തന്നെ കണ്ണീര്‍വാതകങ്ങളും ഫൈബര്‍ ബുള്ളറ്റുകളും വരെ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്നു. ലാത്തിച്ചാര്‍ജിന്റെ മുഴുവന്‍ മാനദണ്ഡങ്ങളും പൊലീസ് ലംഘിച്ചു. പൊലീസിന്റെ കൂടെ സേനയിലില്ലാത്തവരും സമരക്കാരെ മര്‍ദിക്കാന്‍ മുഖം മറച്ചെത്തി. പതിമൂന്നാം തീയതി ഉണ്ടായ ലാത്തിച്ചാര്‍ജിനുശേഷം ഭരണകൂടത്തിന്റെ രാഷ്ട്രീയനിലപാട് കുറച്ചുകൂടി വെളിവാക്കുന്ന നടപടിയാണ് പൊലീസ് പതിനഞ്ചിനും തുടര്‍ന്നത്. സമരക്കാര്‍ക്ക് നല്‍കേണ്ട ‘സന്ദേശം’ എത്ര കടുത്തതാകണമെന്ന കൃത്യമായ ധാരണ അമിത് ഷായുടെ പൊലീസിന് നേരത്തേയുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്ജാമിഅ കാമ്പസിനകത്ത് അവര്‍ നടത്തിയ നായാട്ട്. അന്നത്തെ സംഭവത്തിനുശേഷം സര്‍വകലാശാലയുടെ, മൗലാനാ അബുല്‍ കലാം ആസാദിന്റെ പേരിലുള്ളഏഴാം നമ്പര്‍ കവാടത്തിന് മുന്നില്‍ റോഡിന്റെ ഒരുവശത്ത്സമരം ചെയ്യാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചു. ആ സമരത്തിന് പൂര്‍വവിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയുംപിന്തുണ ലഭിച്ചു.
ഡിസംബര്‍ ഒമ്പതിനാണ് ലോകസഭയില്‍ പൗരത്വ ഭേദഗതി നിയമം അവതരിപ്പിക്കപ്പെടുന്നത്. അന്നുതന്നെ എം എസ് എഫിന്റെ നേതൃത്വത്തില്‍ കാമ്പസിനകത്ത് പ്രതിഷേധസംഗമം നടന്നു. പത്തിന് രാത്രിബില്ല് ലോകസഭയില്‍ എണ്‍പതിനെതിരില്‍ മുന്നൂറ്റിപതിനൊന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍പാസ്സായി. അന്ന് എസ് എസ് എഫ് ദേശീയകമ്മിറ്റിയുടെ ഒരു ചര്‍ച്ച ജാമിഅഗസ്റ്റ് ഹൗസില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.ഒരുപറ്റം വിദ്യാര്‍ഥികളുടെ പ്രതിഷേധറാലിയും അന്ന്നടന്നു.പിറ്റേന്ന് രാത്രി ജാമിഅ ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് പന്തം കൊളുത്തിയുള്ള പ്രകടനവുമുണ്ടായി. കാമ്പസിന് പുറത്തേക്ക് നടന്ന ആദ്യ പ്രതിഷേധമായിരുന്നു അത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചരാത്രി ജാമിഅ ഗേള്‍സ് ഹോസ്റ്റലില്‍ നിന്നുണ്ടായ കൂറ്റന്‍ റാലിയാണ്ജാമിഅയിലെ പ്രതിഷേധങ്ങളെ ലോകത്തിന് മുന്നിലെത്തിച്ചത്. ഏഴാം നമ്പര്‍ ഗേറ്റിലെഗാലിബ് ലോണ്‍ ഫലകത്തിന് മുകളില്‍ കയറി നിന്ന് മുദ്രാവാക്യം വിളിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രം സമരത്തിന്റെ പ്രതീകമായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലെ സ്ത്രീ സാന്നിധ്യം, അതും ജാമിഅമില്ലിയ പോലെ ഏറെ മുന്‍ധാരണകളും വാര്‍പ്പുമാതൃകകളുമുള്ള ഒരു സര്‍വകലാശാലയില്‍ നിന്ന് ഉണ്ടാവുക എന്നത് ഏറെ ശ്രദ്ധേയവും ചര്‍ച്ചയുമായി. പൊതുസമൂഹത്തിന്റെ കണ്ണില്‍ ‘പുരോഗമനപരമായി’ വസ്ത്രധാരണം ചെയ്ത പെണ്‍കുട്ടികളുംമതപരമായ കണിശതകളോടെ വസ്ത്രം ധരിച്ച പെണ്‍കുട്ടികളും യാതൊരു സംഘര്‍ഷങ്ങളുമില്ലാതെ ഒരുമിച്ചുനിന്നു. ഇറാനിലെ ഷാ ഭരണത്തിനെതിരെ ടെഹ്‌റാന്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ ഓര്‍മിപ്പിക്കുന്നതായി ജാമിഅയിലെ രംഗങ്ങള്‍ മാറി.

പതിമൂന്നിന് ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും വിദ്യാര്‍ഥികള്‍ക്ക് പിന്തുണ ഉറപ്പാക്കിയുംകോണ്‍ഗ്രസിന്റെ ടി എന്‍ പ്രതാപന്‍, മുസ്‌ലിം ലീഗിന്റെ ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ പാര്‍ലമെന്റ് അംഗങ്ങള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഡോ. കഫീല്‍ ഖാന്‍ അന്‍സാരി ഹെല്‍ത്ത് സെന്ററില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ പതിനഞ്ചിനുണ്ടായ പൊലീസ് അതിക്രമങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ വലിയ ശ്രദ്ധ ലഭിച്ചു. മോഡി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന വിധമായിരുന്നു പൊലീസ് നടപടി. വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും തിരഞ്ഞുപിടിച്ചാക്രമിച്ച പൊലീസും അവരെ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വലിയ വിമര്‍ശനം നേരിട്ടു. സമരക്കാര്‍ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍ വലിയ വിദ്വേഷപ്രചാരണം നടത്തി. അതിനിടയ്ക്ക്ഒരു ഡി ടി സി ബസ് ന്യു ഫ്രണ്ട്‌സ് കോളനിയിലെറോട്ടില്‍ അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു. ബസിന് പ്രതിഷേധക്കാരാണ് തീവെച്ചതെന്ന് പൊലീസും, പൊലീസ് തന്നെയാണ് തീവെച്ചതെന്ന് പ്രതിഷേധക്കാരും ആരോപിച്ചു. ഈ സംഭവ വികാസങ്ങള്‍ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്നിട്ടിറങ്ങി. വേഷം നോക്കി അക്രമകാരികളെ അറിയാം എന്ന വിവാദ പ്രസ്താവന അങ്ങനെയുണ്ടായതാണ്. പക്ഷേ, ആ തിരഞ്ഞെടുപ്പില്‍ ബി ജെ പി തോറ്റു.

ജാമിഅ മില്ലിയയില്‍ നടന്നതിന് സമാനമോ അതിലും ക്രൂരമോ ആയ പൊലീസ് നടപടി അന്നു രാത്രി തന്നെഅലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലുമുണ്ടായിരുന്നു.ജാമിഅയിലെ അതിക്രമം ലോകമറിഞ്ഞതുപോലെ അലിഗഢില്‍ നടന്നതെന്താണെന്ന് അവിടെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നതിനാല്‍ അന്നോ അടുത്ത ദിവസങ്ങളിലോ പോലും ലോകമറിഞ്ഞില്ല. മാത്രവുമല്ല, തലസ്ഥാനനഗരിയിലെ കാമ്പസ് എന്ന ഘടകം ജാമിഅയിലെ കിരാതസംഭവങ്ങള്‍ എളുപ്പം ലോകത്തിന് മുന്നിലെത്താന്‍ കാരണമായി. കാമ്പസിനകത്തുനിന്ന് പൊലീസ് സേനയുടെ അടിയന്തിര പിന്മാറ്റം ആവശ്യപ്പെട്ട് ഡല്‍ഹിയിലെഇതര സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ ഡല്‍ഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചിരുന്നു. എന്‍ എസ് യു ഐ, എസ് എഫ് ഐ, ഐസ, എം എസ് എഫ്, ഭീം ആര്‍മി തുടങ്ങിയ സംഘടനകളും പൊലീസ് ആസ്ഥാനത്ത് ക്യാമ്പ് ചെയ്തു. പൊലീസ് പിന്മാറ്റം ഉറപ്പാക്കും വരെ ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ച് ചന്ദ്രശേഖര്‍ ആസാദും അവിടെയുണ്ടായിരുന്നു.

ജാമിഅയിലെയും അലിഗഢിലെയും പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ പരാതിയുമായി യു പി എ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു സംഘം രാഷ്ട്രപതിയെ കണ്ടു. പൊലീസ്അതിക്രമത്തിന്റെ പിറ്റേന്ന് പുലര്‍ച്ചെ ആറു മണിക്ക്തന്നെ നടന്ന ആ ഐക്യദാര്‍ഢ്യമായിരുന്നു ദേശീയ രാഷ്ട്രീയത്തില്‍ ജാമിഅ മില്ലിയക്ക് കിട്ടിയ ആദ്യത്തെ ശ്രദ്ധേയ പിന്തുണ. അന്ന് ഉച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ എ ഐ സി സി നേതാക്കള്‍ ഇന്ത്യാ ഗേറ്റില്‍ ധര്‍ണയിരുന്നു.

പിന്നീട് നടന്ന, നൂറുദിവസം നീണ്ടുനിന്ന സമരപരിപാടികള്‍ക്ക് രാജ്യത്തിന്റെ നാനാദിക്കുകളില്‍ നിന്നുള്ള പിന്തുണയുണ്ടായി. ഐക്യദാര്‍ഢ്യവുമായെത്തിയവര്‍ ആശയപരമായി പല ചേരികളില്‍നില്‍ക്കുന്നവരെങ്കിലും ഫാഷിസ്റ്റ് വിരുദ്ധത എന്ന നിലപാടുതറയില്‍ അവര്‍ ഒറ്റക്കെട്ടായി നിന്ന് സമരത്തോട് ഐക്യപ്പെട്ടു. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെയെല്ലാം പ്രതിനിധികള്‍ ജാമിഅയിലെത്തി അഭിവാദ്യങ്ങള്‍ നേര്‍ന്നു. ഫെബ്രുവരി എട്ടിന് നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലും പ്രത്യക്ഷ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ജാമിഅയിലെ സമരവേദി ഇടം കൊടുത്തില്ലെങ്കിലും ജാമിഅയിലെയും ശഹീന്‍ബാഗിലെയും സമരങ്ങള്‍ ബി ജെ പിയുടെ ഏറ്റവും പ്രകടമായരാഷ്ട്രീയ ആയുധമായിരുന്നു. ജയിച്ചുവന്നാല്‍ ജാമിഅയിലും ശഹീന്‍ബാഗിലും നടക്കുന്നറോഡ് ഉപരോധിച്ചുകൊണ്ടുള്ള സമരങ്ങള്‍ ഒഴിപ്പിക്കുമെന്നായിരുന്നു ബി ജെ പിയുടെ പ്രധാന വാഗ്ദാനം തന്നെ.

പൗരത്വ ഭേദഗതി നിയമം ബില്‍ രൂപത്തില്‍ പാര്‍ലമെന്റിലായിരിക്കേ തന്നെ ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി(ജെ സി സി) വിദ്യാര്‍ഥികളെ ബോധവത്കരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനുമുള്ള വഴികള്‍ ആലോചിച്ചിരുന്നു. അങ്ങനെയൊരു യോഗത്തിലാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്ന ഡിസംബര്‍ പതിമൂന്നിന്പാര്‍ലമെന്റ് മാര്‍ച്ച് നടത്താം എന്നൊരാശയം ഉയരുന്നത്. ഇതിനെ എസ് ഐ ഒ ശക്തമായി പിന്തുണച്ചു. തികച്ചും സമാധാനപരമായ ഒരു പാര്‍ലമെന്റ് മാര്‍ച്ച് അങ്ങനെ ഉണ്ടായി. ജാമിഅയിലെ മുഖ്യധാരാ സംഘടനകളെല്ലാം മാര്‍ച്ചിന്റെ ഭാഗമായി. ജാമിഅയുടെ പരിസരം വിടുന്നതിനു മുന്നേ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ട ആ റാലിക്കുശേഷം ജെ സി സി കുറേക്കൂടി കരുതലോടെയാണ്നീങ്ങിയത്. ഒരു പ്രത്യേക നേതൃത്വമില്ലാത്ത വിദ്യാര്‍ഥികളുടെ കൂട്ടായ്മയായിരുന്നു വാസ്തവത്തില്‍ ജെ സി സി.ജാമിഅയിലെ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികള്‍ക്കുംവ്യക്തികള്‍ക്കുംസമരത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കാനുള്ള ജനാധിപത്യപരമായ ഒരിടം എന്നത് മാത്രമായിരുന്നു അത്. സമരങ്ങള്‍ അക്രമാസക്തമാകാതിരിക്കാന്‍, എല്ലാവരെയും ഉള്‍കൊള്ളാന്‍, പൊലീസ് അടക്കമുള്ളപുറമെ നിന്നുള്ളവരുടെഗൂഢാലോചനകളെ മറികടക്കാന്‍ അനൗപചാരികമെങ്കിലും ഇങ്ങനെയൊരു ഇടം ആവശ്യമായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നടക്കുന്ന മുഴുവന്‍ സി എ എ വിരുദ്ധ സമരങ്ങളെയും പറ്റിജെ സി സി ആലോചിക്കേണ്ടതില്ലെന്നും, രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള വിലാസത്തില്‍ ജെ സി സി വരേണ്ടതില്ലെന്നുമുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നു.

അതിനിടയില്‍ സംഘടനകളുടെയും വ്യക്തികളുടെയുംഅഭിപ്രായ വ്യത്യാസങ്ങളില്‍ തട്ടിയും തടഞ്ഞും പലപ്പോഴും ജെ സി സിയും ജാമിഅ സമരവും ഏഴാം ഗേറ്റിലൊതുങ്ങി. ജാമിഅയിലെ ചുമര്‍ചിത്രങ്ങള്‍ തുടങ്ങി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തുന്ന അതിഥികളെ ചൊല്ലി വരെ അഭിപ്രായഭിന്നതകളുണ്ടായി. ഒട്ടേറെ സംഘടനകളുടെയും വ്യക്തികളുടെയും അനേകം അഭിപ്രായങ്ങള്‍ ഒരുമിച്ച് അഭിമുഖീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്ന ശ്രമകരമായ ബാധ്യത ജെ സി സി ഒരു വഴിപാടുപോലെ നടത്തിപോന്നു. അതിനിടക്ക് ഇടത്- മുസ്‌ലിം- ലിബറല്‍- സെക്യുലര്‍- സ്വത്വവാദ രാഷ്ട്രീയങ്ങളുടെ ചെറുതും വലുതുമായ ആശയ സംഘട്ടനങ്ങളും നടന്നുപോന്നു. എല്ലാത്തിനുമൊടുവില്‍ ഭീമാകാരനായ ശത്രുവിന് മുന്നില്‍ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടതെന്നോര്‍മിപ്പിച്ചുകൊണ്ട് ഓരോ ദിവസവും കടന്നുപോയി. ജെ സി സിയുടെ നിയന്ത്രണത്തിനോ ആശീര്‍വാദത്തിനോ അപ്പുറത്ത് സര്‍ഗാത്മകമായ അനേകം ഇടങ്ങളും സമരത്തോടനുബന്ധിച്ച് വന്നുംപോയുമിരുന്നു. വായനാവൃത്തങ്ങള്‍ തുടങ്ങി, ചര്‍ച്ചാ സംഗമങ്ങളും ലെക്ച്ചറുകളുമടക്കം,ചുമരെഴുത്തുകള്‍ വരെ അത്തരത്തില്‍ നടക്കുന്നുണ്ടായിരുന്നു. എന്നും രാവിലെ മുതല്‍ സമരത്തിനെത്തുന്ന പ്രദേശ വാസികളായ സ്ത്രീകള്‍, പ്രായം ചെന്നവര്‍, കുട്ടികള്‍, സര്‍വകലാശാലാ വിദ്യാര്‍ഥികള്‍, വൈകുന്നേരമാകുമ്പോള്‍ ചെറുജാഥകളായി വന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍, ഏതെങ്കിലും പ്ലക്കാര്‍ഡുകള്‍ ശരീരത്തില്‍ പതിച്ച്മണിക്കൂറുകളോളം ഒരേ നില്‍പ്പ് തുടരുന്നവര്‍, കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും വരക്കുന്ന കൊച്ചു കുട്ടികള്‍ മുതല്‍ ജാമിഅയുടെ മതിലിലും റോഡിലും വലിയ ചിത്രങ്ങള്‍ തീര്‍ക്കുന്ന കലാകാരന്മാരും വരെ ഉണ്ടായിരുന്നു അവിടെ. സമരക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നവര്‍, റോഡുകളിലൊന്ന് അടഞ്ഞു കിടക്കുമ്പോഴും തുറന്നുവെച്ച ഒന്നിലൂടെവാഹനങ്ങള്‍ക്ക് അനസ്യൂതംകടന്നുപോകാന്‍ സൗകര്യം ചെയ്യുന്നവര്‍, അസാധാരണമായ അനുഭാവം കാണിക്കുന്ന ജാമിഅയിലെ സുരക്ഷാ ഗാര്‍ഡുമാര്‍, യോജിച്ചും വിയോജിച്ചും നില്‍ക്കുന്ന സര്‍വകലാശാലാ അധികൃതര്‍ എന്നിങ്ങനെ എല്ലാംചേരുന്നതായിരുന്നു ജാമിഅയിലെ സമരം.

തലസ്ഥാനനഗരിയിലെസമരസംഘാടനം എന്നതിലുപരി, ഒരു കേന്ദ്രസര്‍വകലാശാലയുടെ വിയോജിപ്പ് എന്നതും ജാമിഅയിലെ സമരത്തിന്ശ്രദ്ധ നേടിക്കൊടുത്തിരുന്നു. അതുപോലെ ജാമിഅയിലെത്തിയ പൊതുപ്രവര്‍ത്തകരും ദേശീയ അന്തര്‍ദേശീയ ശ്രദ്ധയെ ജാമിഅയില്‍ പിടിച്ചു നിര്‍ത്തി. കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ സന്ദര്‍ശനമായിരുന്നു ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. കേള്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ആളുകളുണ്ടായിരുന്ന പ്രസംഗവും അദ്ദേഹത്തിന്റേതായിരുന്നു എന്ന് കരുതുന്നു. എന്നാല്‍ ശശി തരൂരിന്റെ സന്ദര്‍ശനം ജാമിഅയിലെ അഭിപ്രായവ്യത്യാസങ്ങളെ തുറന്നുകാണിക്കുന്നതുമായി. സി എ എ വിരുദ്ധ സമരങ്ങളില്‍ മതകീയ മുദ്രാവാക്യങ്ങള്‍ വിളിക്കാതിരിക്കലാണ് നല്ലത് എന്ന നിലപാട് നേരത്തേ പ്രകടിപ്പിച്ച ആളായിരുന്നു ശശി തരൂര്‍. അതിനാല്‍ ശശി തരൂര്‍ പ്രസംഗിക്കാന്‍ നില്‍ക്കവേ ആള്‍ക്കൂട്ടത്തില്‍ നിന്ന് ചിലര്‍ ചില മതമുദ്രാവാക്യങ്ങള്‍ മുഴക്കുകയും ശശി തരൂരിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. വിരലിലെണ്ണാവുന്ന ഈ പ്രതിഷേധക്കാരെകോണ്‍ഗ്രസ് അനുഭാവികള്‍ തടഞ്ഞു. ഇതിനിടക്ക് പ്രതിഷേധക്കാരെയും മാധ്യമപ്രവര്‍ത്തകരെയും കോണ്‍ഗ്രസുകാര്‍ കൈയേറ്റം ചെയ്‌തെന്ന് ആരോപണവും ഉയര്‍ന്നു. ഒടുവില്‍ പ്രതിഷേധക്കാരെ തടഞ്ഞ സംഭവം അപലപനീയമായിപ്പോയെന്ന് ജെ സി സിക്ക് പത്രക്കുറിപ്പ്ഇറക്കേണ്ടി വന്നു. ശശി തരൂരിനെതിരില്‍പ്രതിഷേധിക്കാന്‍ തയാറായില്ലെങ്കിലും പ്രതിഷേധിച്ചവരുടെ കൂടെയാണ് തങ്ങളെന്ന നിലപാടെടുത്തവരുമുണ്ടായിരുന്നു. എന്നാല്‍, പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശങ്ങളുണ്ടെന്നും തന്റെ പ്രസ്താവനയുടെ വിശാലത കൃത്യമായി മനസ്സിലാകാത്തതിന്റെ പേരിലാകാം പ്രതിഷേധമെന്നും പിന്നീട് തരൂര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിന് നിങ്ങള്‍ പ്രചോദനമാണെന്നും ഇവിടെ സമത്വവും സ്വാതന്ത്ര്യവും ഉണ്ടാകാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യേണ്ടതെന്നും അതിനാല്‍ ഈ വിദ്യാര്‍ഥികള്‍ക്കൊപ്പം നിസ്സംശയം നിലകൊള്ളുകയാണെന്നും ശശി തരൂര്‍ പ്രസംഗിച്ചു. ഗാന്ധിജിക്ക് ജാമിഅയിലുണ്ടായിരുന്ന പ്രതീക്ഷയും ഡോ. സാകിര്‍ ഹുസൈന്റെ വാക്കുകളും, അല്ലാമാ ഇഖ്ബാലിന്റെ കവിതകളും നിറഞ്ഞുനിന്ന പ്രസംഗം ജൗഹര്‍ സലാം എന്ന അഭിവാദ്യത്തോടെയാണ് അവസാനിച്ചത്. നിറഞ്ഞ കരഘോഷങ്ങളുടെ അകമ്പടിയോടെ തരൂരിന്റെ വാക്കുകള്‍ സമരക്കാര്‍ ഏറ്റെടുത്തു.

തരൂരിനെ പോലെ സമരക്കാരെ ഏറെ പ്രചോദിപ്പിച്ച മറ്റൊരു സന്ദര്‍ശനമായിരുന്നു അരുന്ധതി റോയിയുടേത്. ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള അവരുടെ തീക്ഷ്ണമായ നിലപാടുകള്‍ ജാമിഅയുടെ സമരത്തിനുള്ളഏറ്റവും ശക്തമായ പിന്തുണയായി മാറി. കുറഞ്ഞ വാക്കുകളില്‍ സംസാരിച്ചും തന്റെ നോവലിലെ ചെറിയൊരു ഭാഗം വായിച്ചു കേള്‍പ്പിച്ചും വിദ്യാര്‍ഥികളോട് സംഭാഷണങ്ങള്‍ നടത്തിയുംഅരുന്ധതി തന്റെ ഐക്യദാര്‍ഢ്യം പ്രൗഢമാക്കി. സി പി ഐ എം സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സന്ദര്‍ശനവും ശ്രദ്ധേയമായി. ജാമിഅയിലെ പൊലീസ് ആക്രമണത്തിനുശേഷം സമര വേദിയില്‍ വന്ന് അഭിസംബോധന ചെയ്ത ആദ്യ ദേശീയ രാഷ്ട്രീയനേതാക്കളില്‍ ഒരാള്‍കൂടിയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ ജാമിഅയുമായി അടുത്ത ബന്ധമുണ്ടായിരുന്ന യെച്ചൂരിക്ക് ജാമിഅയുടെ സമരഭൂമികയില്‍ എളുപ്പത്തില്‍ ലയിക്കാനായി. അടിച്ചമര്‍ത്തുവോളം കൂടുതല്‍ കരുത്തായി പടരുന്നതാണ് വിദ്യാര്‍ഥിസമരങ്ങളെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ സന്ദര്‍ശനം ജാമിഅയുടെ സമരത്തെ ഇളക്കിമറിച്ചു. ജാമിഅയിലെയും ഡല്‍ഹിയിലെ തന്നെ വിവിധ ഭാഗങ്ങളിലെയും പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജുമാമസ്ജിദില്‍ നിന്ന് അറസ്റ്റിലായ ആസാദിന് ഡല്‍ഹിയിലേക്ക് പ്രവേശനം തന്നെ നിഷേധിക്കപ്പെട്ടിരുന്നു. എന്നാല്‍ നിരോധനം നീങ്ങിയ ഉടനെ ആസാദ് ജാമിഅയിലെത്തി. സംഘ്പരിവാറിന്റെ സവര്‍ണ രാഷ്ട്രീയത്തോട് തന്റേത് സന്ധിയില്ലാസമരമാണെന്ന് ആസാദ് ആവര്‍ത്തിച്ചു. ഈ മണ്ണില്‍ സുജൂദ് ചെയ്യുന്ന മുസ്‌ലിമിനോട് ഇവിടെ നിന്ന് പുറത്തുപോകണമെന്ന് പറയുന്നതിലും വലിയ വിഡ്ഢിത്തമില്ലെന്ന ആസാദിന്റെ വാക്കുകള്‍ പ്രകമ്പനമായി. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ്, നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍, ജെ എന്‍ യു എസ് യു പ്രസിഡന്റ് അയ്‌ഷെ ഘോഷ് തുടങ്ങിയവരും ജാമിഅ സമരത്തിന് കരുത്തേകി. കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരള ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, മുസ്‌ലിം ലീഗിന്റെ എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എ പി അബ്ദുല്‍ വഹാബ് തുടങ്ങിയവരും സമരത്തിന് ഐക്യദാര്‍ഢ്യവും പിന്തുണയും നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ ജെ ഡി, ഡി എം കെ പാര്‍ട്ടികളുടെ വിവിധനേതാക്കന്മാരും ജാമിഅ സമരത്തിലേക്കെത്തി.
ഡിസംബര്‍ പതിമൂന്നിന് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് പുറമെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യപകുതി നടക്കവേ ഫെബ്രുവരി പത്തിന് മറ്റൊരു പാര്‍ലമെന്റ് മാര്‍ച്ചും സംഘടിപ്പിക്കപ്പെട്ടു. എന്നാല്‍ പൊലീസ് ഇതും ക്രൂരമായി അടിച്ചമര്‍ത്തി. പൊലീസ് നടപടിക്കിടെ വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പിന്നീട് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമണ്‍ എന്ന സംഘടന പ്രസിദ്ധീകരിച്ചു. ജനുവരി മുപ്പതിന് രക്തസാക്ഷി ദിനത്തില്‍ രാജ്ഘട്ടിലേക്ക് ഗാന്ധി സമാധാന സന്ദേശ മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടു. മാര്‍ച്ചിനു നേരെ രാംഭക്ത് ഗോപാല്‍ എന്ന ഹിന്ദുത്വ ഭീകരന്‍ വെടിയുതിര്‍ത്തു. ജാഥയ്ക്ക് നേരെ ‘നിങ്ങള്‍ക്ക് ആസാദി വേണമല്ലേ, ഞാന്‍ തരാം ആസാദി’ എന്നട്ടഹസിച്ചുകൊണ്ട് തോക്കുനീട്ടി ഉന്നം പിടിച്ച് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ നിന്നിരുന്നിടത്തേക്ക് നീങ്ങി. ആ തീവ്രവാദിയെക്കാള്‍ നടുക്കുന്ന കാഴ്ച സമാധാനപരമായി നീങ്ങുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ നിറയൊഴിച്ച ഒരാള്‍ക്കു പിന്നില്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കുന്ന ഡല്‍ഹി പൊലീസായിരുന്നു.

ജാമിഅയിലെ സമരത്തിന് നേരെ വേറെയും വെടിവെപ്പുകളുണ്ടായി. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ തെരുവില്‍ നേരിടുമെന്നതടക്കം വധഭീഷണികളും ബലാത്സംഗ ഭീഷണികളും വരെ സാധാരണമായി. ഒരുദിവസം തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ജാമിഅ പരിസരത്തേക്ക് മാര്‍ച്ച് നടത്തി. ജാമിഅയുടെ റോഡില്‍ വിദ്യാര്‍ഥികള്‍ അവര്‍ക്കെതിരായും നിലയുറപ്പിച്ചു. ഒടുവില്‍ പൊലീസ് തന്നെ അവരെ തടഞ്ഞുനിര്‍ത്തി പിരിച്ചുവിട്ടു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വിളിച്ച ‘ഗോലി മാറോ സാലോംകോ’ മുദ്രാവാക്യങ്ങള്‍ ഇളക്കിവിട്ട അക്രമങ്ങളും പ്രകോപനങ്ങളുമായിരുന്നു എല്ലാം. എന്നിട്ടും അനീതിയുടെ രാക്ഷസരൂപം ഇപ്പോഴും ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് നേരെ പല്ലിളിച്ചു നില്‍ക്കുകയാണ്. ഫെബ്രുവരി അവസാനവാരം വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ മുസ്‌ലിംവിരുദ്ധ കലാപത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികളെ രക്ഷപ്പെടുത്തി നിരപരാധികളെ വേട്ടയാടുന്നത് തുടരുകയാണ് അനീതിയുടെ ഉപാസകര്‍. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ജനാധിപത്യവിരുദ്ധ നിയമങ്ങള്‍ ചാര്‍ത്തി തുറുങ്കില്‍ അടച്ച ഞങ്ങളുടെ കൂട്ടുകാര്‍ ഈ രാജ്യത്തിന്റെ ഇതിനകം അട്ടിമറിക്കപ്പെട്ട നിയമപാലന- നീതി ന്യായ വ്യവസ്ഥയുടെ ഇരകളാണ്. സഫൂറ സര്‍ഗാര്‍ ഗര്‍ഭിണിയായിരുന്നതിനാല്‍ ജാമ്യം അനുവദിക്കപ്പെട്ടു. മീരാന്‍ ഹൈദറും, ആസിഫ് ഇഖ്ബാല്‍ തന്‍ഹയും ഇപ്പോഴും കാരാഗൃഹത്തിലാണ്. മതിയായ തെളിവുകള്‍ പോയിട്ട് പറഞ്ഞുനില്‍ക്കാന്‍ പറ്റിയ ആരോപണങ്ങള്‍ പോലും ഡല്‍ഹി പൊലീസിന്റെ കൈവശമില്ല. എന്നിട്ടും ഇതൊക്കെ ഇങ്ങനെ തന്നെ തുടരുന്നത് കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച സമരങ്ങള്‍ ഇനി തുടരാതിരിക്കാനാണ്.

നൂറു ദിവസം പിന്നിട്ട സമരം കൊവിഡ് മാനദണ്ഡങ്ങള്‍ പരിഗണിച്ച് നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിറ്റേന്ന് തന്നെ, പൊലീസ് എത്തി സമരക്കാരുടെ പന്തലും തോരണങ്ങളും പ്ലക്കാര്‍ഡുകളും ബാനറുകളും നശിപ്പിച്ചു. വായനാവൃത്തങ്ങള്‍ വരെ പൊളിച്ചുമാറ്റി. പുസ്തകങ്ങള്‍ ചുരുട്ടിക്കൂട്ടി. ജാമിഅ സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സര്‍ഗാത്മക അടയാളമായി കണ്ടിരുന്ന പ്രതിരോധത്തിന്റെ ചുമര്‍ചിത്രങ്ങള്‍ അവര്‍ തിടുക്കപ്പെട്ട് മായ്ച്ചുകളഞ്ഞു. അവര്‍ ഞങ്ങളുടെ മുദ്രാവാക്യത്തെ, വാക്കുകളെ, വരകളെ, നിറങ്ങളെ, ഐക്യത്തെ, വസ്ത്രങ്ങളെ, ചിന്തകളെ, ധൈര്യത്തെ, ആശയങ്ങളെ, പഠിക്കാനുള്ള ആഗ്രഹത്തെ, വിശപ്പിനെ, ദാഹത്തെ, ഉറക്കത്തെ, ഉണര്‍ച്ചകളെ, പകലുകളെ, രാത്രികളെ, പാട്ടുകളെ, സിനിമകളെ, ജീവിതത്തെ, മരണത്തെ എന്തിന് ഞങ്ങളുടെ സ്വപ്നങ്ങളുടെ നിഴലുകളെ പോലും അവര്‍ ഭയപ്പെട്ടിരുന്നു. കാരണം, ഈ കാലുഷ്യങ്ങള്‍ക്കിടയിലുംഞങ്ങള്‍ക്ക് പഠിക്കാനും പറയാനും മുദ്രാവാക്യങ്ങള്‍ മുഴക്കാനും അക്രമികള്‍ക്കെതിരെ നെഞ്ചുവിരിച്ചുനില്‍ക്കാനും സാധിച്ചിരുന്നു. ഞങ്ങളുടെ മുന്‍ഗാമികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ മാപ്പപേക്ഷകളില്ലാതെ, തെല്ലും ഖേദമില്ലാതെ പോരാടിയിരുന്നു. ഞങ്ങള്‍ക്ക് അഭിമാനിക്കാന്‍ പോന്ന ഒരു പാരമ്പര്യവും സമരോത്സുകമായ ഒരുചരിത്രവുമുണ്ട്. രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടിക വന്നപ്പോള്‍ ഒന്നാം സ്ഥാനത്ത് ഞങ്ങളുണ്ട്, ഞങ്ങളുടെ ജാമിഅ മില്ലിയ ഇസ്‌ലാമിയ!

എന്‍ എസ് അബ്ദുല്‍ ഹമീദ്

You must be logged in to post a comment Login