ഒരു ജീവി എന്ന നിലക്ക് മനുഷ്യന്‍ മനുഷ്യനോടും പ്രകൃതിയോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധം മനുഷ്യനല്ലാതെ ജീവിക്കുക എന്നതാണ്. മദ്യത്തിനെതിരെയുള്ള പ്രത്യക്ഷ സമരത്തിന്റെ ആദ്യഘട്ടമെന്നോണം ഡിസ.31ന് എസ്എസ്എഫ് മദ്യവില്പന തടയുന്നു; സംസ്ഥാനത്തെ പതിനാലു കേന്ദ്രങ്ങളില്‍
എന്‍ എം സ്വാദിഖ് സഖാഫി
വായനാ മുറിയില്‍ ചിതറിക്കിടക്കുന്ന ദിനപത്രങ്ങളില്‍ ഒന്നാം പേജിലാണ് ഡല്‍ഹിയില്‍ നിന്നുള്ള ആ വാര്‍ത്തയുള്ളത്; പാര്‍ലമെന്റിനെപ്പോലും ഇളക്കിമറിച്ച സംഭവം. ഓടിക്കൊണ്ടിരുന്ന ബസ്സില്‍ 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഒരു പറ്റം ചെറുപ്പക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷമാണ് പീഡനം നടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയ പ്രതികള്‍ സംഭവ സമയം മദ്യലഹരിയിലായിരുന്നുവെന്ന് തെളിഞ്ഞു.
അതേ പത്രത്തില്‍ തന്നെ കോട്ടയത്തു നിന്നുള്ള മറ്റൊരു വാര്‍ത്തകൂടിയുണ്ട്. മദ്യലഹരിയില്‍ ട്രെയിനില്‍ ബഹളമുണ്ടാക്കിയ ആറ് ജവാന്മാരെ ആര്‍പിഎഫ് അറസ്റ് ചെയ്തു. കൊല്ലത്തെ റെയില്‍വെ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് 500 രൂപ പിഴയും തടവും ശിക്ഷവിധിച്ചു. സഹയാത്രികരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും പരസ്യമായി മദ്യപിക്കുകയും യാത്രക്കാരെ ഇറങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുവത്രെ ഈ ധീരജവാ•ാര്‍! വിവരമറിഞ്ഞെത്തിയ ആര്‍പിഎഫുകാരെ ഇവര്‍ അക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയാണ് അറസ്റ് ചെയ്തത്.
മദ്യപാനം മഹാദുരന്തമായി പടര്‍ന്നു പിടിച്ചിരിക്കുകയാണ്. സ്വൈരജീവിതം താറുമാറാക്കുന്ന ഒഴിയാബാധയായി മദ്യവിപത്ത് അതിന്റെ നഖങ്ങള്‍ സമൂഹ ഗാത്രത്തില്‍ ആഴ്ത്തിയിരിക്കുന്നു. കുടത്തിലടക്കാന്‍ കഴിയാത്ത ഭീകരനായ ഭൂതത്താനെപ്പോലെ യഥേഷ്ടം അപകടം വിതച്ച് വിഹരിക്കുകയാണ് ഈ വില്ലന്‍. ഉത്തരവാദിത്തമുള്ള ഭരണകൂടം നിയന്ത്രിക്കാന്‍ പോലുമാകാതെ മിഴിച്ചു നില്‍ക്കുകയാണ്. സംഭ്രജനകമായ ഒരു ഭാവിയാണോ നമ്മെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത്? അങ്ങനെയാണ് നടേ സൂചിപ്പിച്ച സംഭവങ്ങളുടെ ആവര്‍ത്തന സ്വഭാവം നമ്മെ ഉണര്‍ത്തുന്നത്.
ഒരു ജീവി എന്ന നിലക്ക് മനുഷ്യന്‍ മനുഷ്യനോടും പ്രകൃതിയോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധം മനുഷ്യനല്ലാതെ ജീവിക്കുക എന്നതാണ്. മനുഷ്യത്വവും മൃഗീയതയും രണ്ടാണ്. മൃഗം മൃഗമായും മനുഷ്യന്‍ മനുഷ്യനായും തന്നെയാണ് ജീവിക്കേണ്ടത്. ഈ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണ് മദ്യപാനി ചെയ്യുന്നത്. ഉണര്‍ന്നു നില്‍ക്കുന്ന മാനുഷിക ഭാവത്തെ നിര്‍ബന്ധിത മയക്കത്തിനു വിധേയമാക്കി ഉറങ്ങിക്കിടക്കുന്ന മൃഗീയതയെ മനഃപൂര്‍വ്വം വിളിച്ചുണര്‍ത്തുന്ന കൊടുംപാതകത്തെ ആഘോഷവും ആഹ്ളാദവുമാക്കുന്നവരെ നമ്മളെന്താണ് വിളിക്കേണ്ടത്?
മദ്യപാനം കേവലമൊരു തിന്മയല്ല. എല്ലാ രാക്ഷസീയഭാവങ്ങളെയും തൊട്ടുണര്‍ത്തുന്ന, തിന്മകളുടെ ഊര്‍ജ്ജ സ്രോതസ്സാണത്. എന്തിനും ഏതിനും അരുനിന്ന് കൊടുക്കുന്ന മൃഗത്തെ വളര്‍ത്തിയെടുക്കുന്നുവെന്നതാണ് മദ്യപാനി ചെയ്യുന്ന സേവനം. ഉസ്മാനുബിന്‍ അഫ്ഫാന്‍(റ) ഒരിക്കല്‍ പ്രസംഗിച്ചു കൊണ്ടിരിക്കവെ പറഞ്ഞു: “എല്ലാ തിന്മകളുടെയും മാതാവാണ് മദ്യം.” ഇത് ശരിവെക്കുന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഖലീഫയുടെ പ്രസംഗം. പള്ളിയിലേക്ക് പോകുന്ന മനുഷ്യന്‍. പോകുന്ന വഴിയില്‍ ദുര്‍വൃത്തയായ ഒരു സ്ത്രീ ഇദ്ദേഹത്തെ വലയില്‍ വീഴ്ത്തുന്നു. പരിചാരികയെ ഉപയോഗിച്ച് അയാളെ വഞ്ചനാപരമായി തന്റെ വീട്ടിലെത്തിച്ച അവള്‍ അയാളോട് തുറന്നു പറഞ്ഞു : “മൂന്നു കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് ചേയ്തേ പറ്റൂ. ഒന്നുകില്‍ വ്യഭിചാരത്തിന് മുതിരുക. അല്ലെങ്കില്‍ ഈ കുഞ്ഞിനെ കൊലപ്പെടുത്തുക. അതിനും സാധ്യമല്ലെങ്കില്‍ ഈ മദ്യം കുടിക്കുകയെങ്കിലും ചെയ്യണം.”
ഞെട്ടലോടെ ആ മനുഷ്യന്‍ പ്രതികരിച്ചു: “കൊലപാതകത്തിനോ വ്യഭിചാരത്തിനോ ഞാന്‍ കൂട്ടുനില്‍ക്കില്ല.”
“എങ്കില്‍ മദ്യം നുണയാം.” നിവൃത്തിയില്ലാതെ അയാള്‍ അതിനു സന്നദ്ധനായി. മദ്യലഹരി പതുക്കെ തലക്കു പിടിച്ച അയാള്‍ അവളുടെ ഇംഗിതങ്ങള്‍ക്കെല്ലാം വഴങ്ങിക്കൊടുത്തു. അവളുമായി വേഴ്ചയിലേര്‍പ്പെട്ട അയാള്‍ ആ കുഞ്ഞിനെ കൊല ചെയ്തു!.
മദ്യം സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ദുരന്തങ്ങള്‍ക്കെതിരെ പൊതുബോധം രൂപപ്പെട്ടുവന്ന പശ്ചത്തലത്തിലാണ് “ഖുര്‍ആന്‍ മദ്യത്തില്‍ വലിയ നാശവും താല്‍ക്കാലികമായ നിസ്സാര നേട്ടങ്ങളുമാണുള്ളത്” എന്ന് പരാമര്‍ശിക്കുന്നത്. അതോടെ വിവേകം പൂര്‍ണമായി നഷ്പ്പെടാത്തവര്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങി. പിന്നീട് സ്വഹാബി പ്രമുഖന്‍ അബ്ദുറഹ്മാനുബ്നു ഔഫ് സംഘടിപ്പിച്ച സദ്യയില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരില്‍ ചിലര്‍ കുടിച്ച് ലക്കു കെട്ട് നിസ്കാരം അലങ്കോലപ്പെടുത്തിയപ്പോള്‍ നിരോധനത്തിന്റെ രണ്ടാംഘട്ടമായി. മദ്യലഹരിയില്‍ നിസ്കരിക്കരുതെന്ന് ഖുര്‍ആന്‍ തിരുത്തി. മറ്റൊരിക്കല്‍ സഅ്ദ്ബ്നു അബീവഖാസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സ്വഹാബികള്‍ മദ്യപിച്ച് മത്തുപിടിച്ച് കൈയാങ്കളിയിലേര്‍പ്പെട്ടപ്പോഴാണ് നിരോധത്തിന്റെ മൂന്നാം ഘട്ടം. “എന്തുകൊണ്ട് നിങ്ങള്‍ക്ക് മദ്യം വര്‍ജ്ജിച്ചുകൂടാ” എന്ന ആഹ്വാനത്തിലൂടെ മനുഷ്യന്റെ വിവേകവും പണവും തകര്‍ത്തു കളയുന്ന വില്ലനെ ഇസ്ലാം തുരത്തുകയായിരുന്നു; എന്നെന്നേക്കുമായി.
‘മദ്യവും ചൂതാട്ടവും നിങ്ങള്‍ക്കിടയില്‍ വെറുപ്പും ശത്രുതയും വിളിച്ചു വരുത്തു’മെന്ന ഖുര്‍ആന്റെ മുന്നറിയിപ്പ് എത്രമേല്‍ പ്രസക്തമാണ്. ദുരന്തങ്ങളും പരിഹാസവുമാണ് മദ്യപാനി വിളിച്ചു വരുത്തുന്നത്. കുടിച്ചു ലക്കു കെട്ടവന് ഭൂമി ആകാശവും ആകാശം ഭൂമിയുമാണ്. ഭാര്യയും മക്കളും സഹോദരിയും അമ്മയും അവന്റെ കണ്ണില്‍ സ്ത്രീ മാത്രമാണ്. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെപ്പോലെ മാലിന്യങ്ങളും വിസര്‍ജ്ജ്യവുംഛര്‍ദ്ദിലും അവന് കളിപ്പാട്ടങ്ങളാണ്.
മഹാനായ ഹാഫിള് ഇബ്നു അബിദ്ദുന്‍യാ (റ) മദ്യപിച്ച് ലക്കുകെട്ടു വഴിയില്‍ കിടക്കുന്ന ഒരാളെ കാണുന്നു. സ്വന്തം കയ്യിലേക്ക് മൂത്രമൊഴിച്ച് മുഖം കഴുകുകയാണയാള്‍. ‘വെള്ളത്തെ ശുദ്ധിയുള്ളതാക്കുകയും ഇസ്ലാമിനെ പ്രകാശമാക്കുകയും ചെയ്ത അല്ലാഹുവിന് സര്‍വ്വസ്തുതികളും’ എന്ന പ്രാര്‍ത്ഥനാ വചനം ഉരുവിട്ടു കൊണ്ടാണ് ഈ മൂത്രാഭിഷേകം.
അദ്ദേഹം തന്നെ പറയുന്നു മറ്റൊരു മദ്യപാനിയെക്കുറിച്ച്: ഇയാള്‍ വഴിയില്‍ വീണു കിടക്കുന്നു. ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ താടിയിലും മുഖത്തുമായി പറ്റിപ്പിടിച്ചിരിക്കുന്നു. അത് നക്കിയെടുക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ട തെരുവ് പട്ടിയോട് മദ്യപാനി വിളിച്ചു പറയുന്നു: “യജമാനനേ, ഉറുമാല്‍ മലിനപ്പെടുത്തല്ലേ?”
അബ്ബാസ് ബിന്‍ മിര്‍ദാസി(റ) നോട് ഒരാള്‍ ചോദിച്ചു: “താങ്കളെന്തേ മദ്യപിക്കുന്നില്ല?. “സ്വന്തം കൈകള്‍ കൊണ്ട് അവിവേകം വാരി വിഴുങ്ങാന്‍ ഞാനൊരുക്കമല്ല. തന്നെയുമല്ല. പകല്‍ വെളിച്ചത്തില്‍ ജനതയുടെ നേതാവായ ഞാന്‍ വൈകുന്നേരത്ത് വിഡ്ഢിയാകാനും തയ്യാറല്ല” എന്നായിരുന്നു മഹാന്റെ മറുപടി.
ഈ തിരിച്ചറിവാണ് നമ്മുടെ സമൂഹത്തിന് നഷ്ടപ്പെട്ടുപോയിട്ടുള്ളത്. ബുദ്ധിയുറയ്ക്കാത്ത, കാല്നിലത്തുറയ്ക്കാത്ത ഒരു സമൂഹത്തെയും കൊണ്ടെങ്ങനെ നമുക്ക് അടുത്ത പുലരിയിലേക്ക് പോവാനാവും? റോഡും പാലവുമൊക്കെ വീതിയും വലിപ്പവും കൂട്ടുന്നതിനുമുമ്പ് ഇച്ഛാശക്തിയുള്ള ഭരണകൂടവും ജനതയും ചിന്തിക്കേണ്ടത് ഈ വഴിക്കാണ്. ഇതിനാണ് എസ്എസ്എഫ് പുതിയ സമരനീക്കങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നത്. വളരെ ശക്തമായ സമരപരിപാടികളുമായി നീങ്ങിയില്ലെങ്കില്‍ ഈ വൃത്തികേട് നമ്മുടെ നെഞ്ചത്തു നിന്ന് പറിച്ചെറിയാന്‍ കഴിയില്ല. അതിനാല്‍ എസ്എസ്എഫ് മദ്യമുക്ത കേരളമെന്ന വിവേകമുള്ളവരുടെ തീരുമാനത്തിനൊപ്പം ധിഷണ കൊണ്ടും കര്‍മ്മം കൊണ്ടും കക്ഷിചേരുകയാണ്. പ്രതികരിക്കാനറയ്ക്കുന്നവര്‍ക്ക് താക്കീതായിട്ടാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനം സമരഭേരി മുഴക്കുന്നത്. മൂല്യങ്ങളുടെ ശവപ്പറമ്പിലെ മൂകസാക്ഷികളാവാന്‍ അത് ഒരുക്കമല്ല. ന•ക്കു വേണ്ടി നാം ഒരുമിക്കണം. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനില്ലെന്ന ഇച്ഛാശക്തിയോടെ പാര്‍ട്ടികള്‍ നിലപാടെടുക്കുകയാണെങ്കില്‍, അതായിരിക്കും ഏറ്റവും വലിയ ജനസേവനവും മനുഷ്യപക്ഷ വികസനവും. നാട് മദ്യമുക്തമാക്കുന്നത് മനുഷ്യനു വേണ്ടിയുള്ള തീരുമാനമാണ്. നമ്മുടെ വീട്, കുടുംബം, സ്വസ്ഥത, സമാധാനം എല്ലാം ഇടിച്ചു പരത്തിപ്പോകുന്ന മദ്യപ്പിശാചുക്കള്‍ക്കെതിരെയുള്ള ധര്‍മസമരമാണത്. ഏഴാംകിട ആരോപണങ്ങളുയര്‍ത്തി ഈ ധര്‍മസരത്തെ കക്ഷിരാഷ്ട്രീയത്തിലേക്കും വര്‍ഗീയതയിലേക്കും ആട്ടിത്തെളിക്കുന്നവരുടെ പൊയ്മുഖം വലിച്ചു ചീന്തണം. അതിനു നമുക്കാവും. സ്വബോധമുള്ളവരെ ചിന്തിപ്പിക്കാനും കഴിയും. നല്ല മനസ്സും ബോധ്യവുമുള്ള സമയത്ത് നമ്മുടെ രാഷ്ട്രീയക്കാരെയും അധികാരത്തിന്റെ മര്‍മ്മസ്ഥാനത്തിരിക്കുന്നവരെയും നമ്മള്‍ ചെന്നു കാണണം. എന്തുകൊണ്ട് തീരുമാനം വൈകുന്നു എന്ന് നമുക്കറിയണം. തടസ്സങ്ങള്‍ നീക്കിക്കൊടുക്കണം. വഴി എളുപ്പമാക്കണം. മദ്യരാജാക്ക•ാരെകൊണ്ട് മദ്യത്തിന്നെതിരെ തീരുമാമെടുപ്പിച്ച പ്രസ്ഥാനമാണിസ്ലാം.
ഇളം തലമുറയ്ക്ക് ലഹരിയെറിഞ്ഞു കൊടുത്തിരുന്ന പാന്‍ ഉല്പന്നങ്ങള്‍ക്കെതിരെ ജനജാഗ്രത ഉണര്‍ത്തിയ സംഘടനക്ക് ഈ സമരം ജയിക്കുമെന്ന പ്രതീക്ഷയുണ്ട്.ഇപ്പോഴിതാ പുതുവര്‍ഷപ്പിറവി വരുന്നു; ഡിസ.31ന്. അന്ന്, നമ്മുടെ നാടിനെ കുടിച്ചു കൂത്താടിയ മക്കള്‍ കയ്യിലെടുക്കാന്‍ പോവുകയാണ്. അന്ന് ആ കുട്ടികളെ നാം കയ്യിലെടുക്കണം. അന്ന് സഹോദരനെ/ മകനെ/ ചങ്ങാതിയെ നാം തെരുവിന് വിട്ടുകൊടുക്കരുത്. ഈയൊരു ഉറച്ച തീരുമാനം എസ്എസ്എഫ് നിങ്ങളാടാവശ്യപ്പെടുകയാണ്.
നിങ്ങള്‍ക്കു വേണ്ടി, കുടുംബത്തിനു വേണ്ടി, നല്ല നാടിനുവേണ്ടി, സര്‍വ്വോപരി മനുഷ്യനു വേണ്ടി അന്നത്തെ രാത്രി നാം കരുതിയിരിക്കുക. അര്‍ധ ബോധത്തോടെയെങ്കിലും മദ്യഷാപ്പിനു മുമ്പില്‍ എത്തിപ്പെടുന്നവരെ ന്യായമായും തിരുത്താനും ചിന്തിപ്പിക്കാനും എസ്എസ്എഫ് തയ്യാറെടുത്തു കഴിഞ്ഞു. അതിനായി ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബര്‍ 31ന് എസ്എസ്എഫ് കേരളത്തിലെ മദ്യഷാപ്പുകള്‍ ഉപരോധിക്കുകയാണ്.
എസ്എസ്എഫ് സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍
You must be logged in to post a comment Login