പാളിപ്പോയ ഒരു രാഷ്ട്രീയ പരീക്ഷണത്തിന്റെ ഇച്ഛാഭംഗത്തിലാണ് കേരളത്തിലെ ജമാഅത്തെ ഇസ്ലാമി. എന്തായിരുന്നു ആ പരീക്ഷണം? നമുക്കറിയുന്നതുപോലെ അത് കഴിഞ്ഞ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളാണ്. കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നുഴഞ്ഞുകയറാനും ഇടം പിടിക്കാനും പതിറ്റാണ്ടുകളായി പലരൂപത്തിൽ നടത്തിയ പരിശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെടുകയും ആ ശ്രമങ്ങളുടെ കുന്തമുനയായി നിന്ന മാധ്യമ സംവിധാനങ്ങൾ അപ്പാടെ വിശ്വാസ്യതാ നഷ്ടത്തിന്റെപടുകുഴിയിലേക്ക് വീണുപോവുകയും ചെയ്തത് നാം കണ്ടതാണ്. അവരുടെ വിദ്യാർഥി യുവജന സംഘാടനങ്ങളായ എസ് ഐ ഒയും സോളിഡാരിറ്റിയും എത്തിപ്പെട്ട ആശയക്കുഴപ്പങ്ങൾ നമ്മുടെ മുന്നിൽ ഉള്ളതുമാണ്. അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകൾ. ഉത്ഭവം മുതൽ ജമാഅത്തെ ഇസ്ലാമിയും അതിന്റെമാധ്യമങ്ങളും അടിമുടി എതിർക്കുകയും അപഹസിക്കുകയും ചെയ്തിരുന്ന മുസ്ലിം ലീഗിനെ പാട്ടിലാക്കാനും പലതരം പ്രതിസന്ധികളിൽ ആടിയുലയുന്ന ലീഗിന്റെ മറപറ്റാനും അവർ ശ്രമിച്ചു. തിരഞ്ഞെടുപ്പിലേക്കടുത്ത നാളുകളിൽ അവരിൽ മുസ്ലിം ലീഗ് സ്നേഹം പൊട്ടിയൊലിച്ചു. ലീഗിന്റെപിന്തുണയോടെ യു ഡി എഫിന്റെ ഭാഗമാകാൻ അവർ കിണഞ്ഞു ശ്രമിച്ചു. ഇന്ത്യൻ മതേതര ജീവിതത്തിന്റെകൊടിയടയാളങ്ങൾ ഇപ്പോഴും ബാക്കിയുള്ള കോൺഗ്രസാണ് യു ഡി എഫിന്റെനേതൃത്വത്തിൽ. സമവാക്യങ്ങളും സമവായങ്ങളുമാണ് ആ കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫിന്റെ അടിത്തറ. അവിടേക്കാണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ സംഘടനാ രൂപമായ ജമാഅത്തെ ഇസ്ലാമി കടന്നുകയറാൻ കിണഞ്ഞു പരിശ്രമിച്ചത്. തുടക്കത്തിൽ ആ ശ്രമങ്ങൾ വിജയിച്ചേക്കുമെന്നുപോലും തോന്നി. ആഭ്യന്തരമായ ഒട്ടേറെ പ്രശ്നങ്ങളിൽ ഉലയുകയായിരുന്നല്ലോ മുസ്ലിം ലീഗ്. അധികാരം കിട്ടാതാവുന്ന ഒരു സാഹചര്യം അവരെ സ്വാഭാവികമായും ഭയപ്പെടുത്തി. ഏത് വിധേനയും തിരഞ്ഞെടുപ്പ് ജയിക്കണം എന്ന് അവർ ആഗ്രഹിച്ചു. അവർ എന്നതിനെക്കാൾ പി കെ കുഞ്ഞാലിക്കുട്ടി എന്ന ലീഗിന്റെ അവസാനവാക്ക് അതാഗ്രഹിച്ചു. ആ ആഗ്രഹമായിരുന്നു ജമാഅത്ത് ചൂണ്ടയിലെ ഒന്നാംതരം ഇര. തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് പ്രാദേശിക നീക്കുപോക്കുകൾക്കായി ചർച്ചകൾ നടന്നു.
2020 ഡിസംബറിൽ “ചൂണ്ടുവിരലി’ൽ നമ്മൾ അതേക്കുറിച്ച് സംസാരിച്ചു : “ക്രമമില്ലായ്മയിലെ ക്രമം എന്നൊരു പരികല്പനയുണ്ട് സമൂഹശാസ്ത്ര പഠനത്തിൽ. ക്രമമില്ലായ്മകൾ സ്വയം ഒരു ക്രമമായി മാറും എന്നതാണത്. മറ്റൊരു സന്ദർഭത്തിൽ മറ്റൊരു സവിശേഷതയെ വിശദീകരിക്കാനാണ് ആ പരികല്പന എങ്കിലും യു ഡി എഫ് എന്ന വിശാല മുന്നണിയുടെ ജനിതകത്തിന് നന്നേ ഇണങ്ങും ആ പദം. രൂപീകരിക്കപ്പെട്ട കാലം മുതൽ ഇങ്ങോട്ട് യു ഡി എഫ് ഉൾവഹിക്കുന്നത് ആ ക്രമമില്ലായ്മയുടെ ക്രമത്തെ ആണ്. അയഞ്ഞതും ബഹുസ്വരവുമായ ഒരു ഘടന. അതിനകത്തെ പാർട്ടി പ്രാതിനിധ്യങ്ങളിൽ ഒട്ടാകെ ഇത് ദൃശ്യവുമാണ്. അഴിമതിയിൽ മുങ്ങിത്താഴുന്നതിലോ തരാതരം പോലെ കക്ഷികളെ കൂട്ടുന്നതിലോ പ്രത്യേകിച്ചൊരു ദാർഢ്യം കാണിക്കാത്ത സംഘാടനം. അത് മതവിശ്വാസികളോടും മതനിരാസകരോടും ഒരേയളവിൽ ഇടപെടും. തിരഞ്ഞെടുപ്പ് മാത്രം അജണ്ടയാവും. എഴുപതുകൾ മുതൽ ഇങ്ങോട്ട് ഭരണത്തിലിരുന്ന ഓരോ ഘട്ടത്തിലും ഇനിയൊരിക്കലും ഒരു തിരിച്ചുവരവില്ല എന്ന വിധത്തിൽ ആരോപണങ്ങളുടെ നടുക്കടലിൽ ഉലഞ്ഞിട്ടുണ്ട് ആ സംവിധാനം. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിനെ ഓർക്കുക. പലഘട്ടങ്ങളിൽ വന്ന കെ കരുണാകരൻ സർക്കാറുകളെ ഓർക്കുക. അപ്പോഴൊക്കെ കേരളം അഞ്ചുവർഷത്തേക്ക് മാത്രമാണ് അവരെ ശിക്ഷിച്ചത്. സാധ്യമാകുന്നത്ര ആരോപണരഹിത ഭരണം സമ്മാനിച്ചിട്ടും പലപ്പോഴും മികച്ച ഭരണം കാഴ്ചവെച്ചിട്ടും അഞ്ചുവർഷത്തിലേറെ ഇടതുമുന്നണിക്ക് കേരളം അവസരം നൽകിയിട്ടില്ല. അതിനും കാരണം നമ്മളാദ്യം പറഞ്ഞ ക്രമമില്ലായ്മ നൽകുന്ന, ബഹുസ്വരതയും അയവും നൽകുന്ന സവിശേഷ രാഷ്ട്രീയാനുഭവമാണ്. ആ അനുഭവത്തിന്റെ പേരാണ് കേരളത്തിൽ യു ഡി എഫ്. സുതാര്യമായ രാഷ്ട്രീയവും നേതാക്കളുമാണ് ആ അയഞ്ഞ വ്യവസ്ഥയുടെ അടിത്തറ. സർവ മതപ്രീണനം പലയാവർത്തി നടത്തിയിട്ടുണ്ട് യു ഡി എഫ്. ശബരിമല മുതൽ എത്രയോ അനുഭവങ്ങൾ. അപ്പോഴെല്ലാം അടിത്തട്ടിൽ ദൃശ്യപ്പെടുന്ന ഒന്നുണ്ട്. അത് നിശ്ചയമായും മതനിരപേക്ഷതയും ഇന്ത്യ എന്ന മതേതര ആശയത്തോടുള്ള ചേർന്നുനിൽപുമാണ്. ഇത് യു ഡി എഫിലെ ഏതെങ്കിലും നേതാക്കൾ അറിഞ്ഞുകൊണ്ട് എടുക്കുന്ന നിലപാടായി കാണേണ്ടതില്ല. പക്ഷേ, സംവിധാനത്തിന്റെ അടിത്തറ സ്വഭാവം മൂലം അത് മതസഹിത മതേതരവും ബഹുസ്വരവുമാണ്. യു ഡി എഫിന് ഒരിക്കലും ഒരു സംഘപരിവാർ സഹയാത്രികരെ, തീവ്രഹിന്ദുത്വത്തിന്റെ അടയാളവാഹകരെ ആ സംവിധാനത്തിൽ ചേർക്കാൻ കഴിയില്ല. യു ഡി എഫിലെ പല നേതാക്കളും കടുത്ത ഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ച സന്ദർഭങ്ങൾ നിരവധി ഉണ്ട്. ഇവർ ഏതാ പാർട്ടി എന്നുപോലും ജനങ്ങൾ അമ്പരന്ന ഘട്ടങ്ങൾ. അപ്പോഴും സംവിധാനമെന്ന നിലയിൽ യു ഡി എഫിന് മതേതരമായിരിക്കേണ്ടി വന്നു. അതാകട്ടെ മുഴുവൻ മതവിശ്വാസങ്ങളെയും പിന്തുണക്കുന്ന, പ്രതിനിധീകരിക്കുന്ന മതേതരത്വമായിരുന്നു. യു.ഡി.എഫിന് അങ്ങനെ നിലയെടുക്കേണ്ടി വന്നതിന്റെ ഒരു കാരണം മുസ്ലിം ലീഗിന്റെയും കേരള കോൺഗ്രസിന്റെയും സജീവ സാന്നിധ്യമാണ്.
ബഹുസ്വരതയെ, ദേശീയ പ്രസ്ഥാനത്തെ, മതേതരത്വത്തെ അംഗീകരിക്കാതെ നിലനിൽക്കാൻ കഴിയാത്ത പാർട്ടിയാണ് കേരളത്തിലെ മുസ്ലിം ലീഗ്. തീവ്രനിലപാടുകൾ അവർക്ക് സാധ്യമല്ല. അത്തരം ഏതൊരു നീക്കവും ആ പാർട്ടിയെ ജനാധിപത്യത്തിൽ നിന്ന് പുറത്താക്കും. കാരണം ലളിതമാണ്. മുസ്ലിം എന്ന മതസംജ്ഞയെ അത് ശരീരത്തിൽ വഹിക്കുന്നുണ്ട്. ഒരു മതവിഭാഗത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ളതാണ് അതിന്റെ നില. അവരെടുക്കുന്ന നിലപാടുകൾ അതിനാൽ തന്നെ അവരിൽ പെടാത്തവരായ ബഹുഭൂരിപക്ഷം മുസ്ലിമിന്റെയും ജീവിതത്തെ ബാധിക്കുന്നതാണ്. വിശ്വാസി മുസ്ലിം അവരുടെ ജീവിതം കൊണ്ട് സാധ്യമാക്കിയ അന്തരീക്ഷത്തെക്കൂടി ഉപയോഗിച്ചാണ് ഏഴ് പതിറ്റാണ്ടായി അവർ നിലനിൽക്കുന്നത്. മലയാളി മുസ്ലിമിനോട് മുസ്ലിം ലീഗിന് രാഷ്ട്രീയ ബാധ്യതയുണ്ട്. ബാബരിക്കാലത്തെ അവരുടെ നിലപാടിന് പിന്നിൽ ആ ബാധ്യതയല്ലാതെ മറ്റൊന്നുമില്ല. അതീവ ജാഗ്രത ആവശ്യപ്പെടുന്നതാണ് ലീഗിന്റെ ഓരോ ചലനവും എന്ന് ചുരുക്കം. ജനാധിപത്യത്തിൽ, ഒരു മതേതര സമൂഹത്തിൽ അത് അനിവാര്യമായ ജാഗ്രതയാണ് താനും. ഈ ജാഗ്രത ഒരിക്കലും മുസ്ലിമല്ല എന്ന് വരുത്തിയുള്ള കാപട്യമല്ല. ദേശത്തോട് കൂറുള്ളവരാണെന്ന സാക്ഷ്യപത്രം നെറ്റിയിലൊട്ടിക്കൽ അല്ല. മറിച്ച് ദേശീയപ്രസ്ഥാനത്തിന്റെ അടിത്തറ ആയിരുന്ന മതേതരത്വത്തെയും മതസൗഹാർദത്തെയും ഉയർത്തിപ്പിടിക്കുന്ന ഒരു നിലയാണ്. വിഭജനത്തിന്റെ അവശേഷിക്കുന്ന മുറിവുകൾ ഉണക്കാനുള്ള പരിശ്രമം കൂടിയാണത്. ഇന്ത്യ എന്ന ആശയത്തിലേക്കുള്ള ആത്മാഭിമാനത്തോടെയുള്ള അലിഞ്ഞുചേരലാണത്. വീഴ്ചകൾ ഉണ്ടെങ്കിലും ലീഗ് അത് സാധ്യമാക്കിയിട്ടുണ്ട്. സംഘപരിവാരത്തിനെതിരെ യു ഡി എഫിന് നിലയെടുക്കാൻ കഴിയുന്നത് ലീഗിന്റെ ആ നിലപാടിന്റെ ബലത്തിലാണ്. മറിച്ച് മുസ്ലിം സ്വത്വരാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടത്തിനാണ് ലീഗ് മുന്നിട്ടിറങ്ങുന്നതെങ്കിൽ സംഘപരിവാരത്തോട് യു ഡി എഫിന് എന്നേ സന്ധിചെയ്യേണ്ടി വന്നേനെ. ആ അർഥത്തിൽ യു ഡി എഫിനെ മതേതരചേരിയിൽ, ജനാധിപത്യ ചേരിയിൽ, സംഘപരിവാർ വിരുദ്ധതയിൽ ഉറപ്പിച്ചുനിർത്തുന്ന ഹരിതശാദ്വലം മുസ്ലിം ലീഗാണ്.
ഏറെക്കാലമായി ലീഗിന്റെ ആ നിലയെ തകർക്കാൻ പലതരം ശ്രമങ്ങൾ നടന്നിരുന്നു. 2012 ഏപ്രിലിൽ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഒരു പ്രസ്താവന നിങ്ങൾ ഓർക്കണം. മുസ്ലിം ലീഗിൽ എൻ ഡി എഫുകാർ നുഴഞ്ഞു കയറുന്നു എന്നതായിരുന്നു അത്. അഞ്ചാം മന്ത്രി വിഷയത്തിൽ ലീഗിനെയും കോൺഗ്രസിനെയും തമ്മിലടിപ്പിക്കുന്നത് ഈ നുഴഞ്ഞു കയറ്റക്കാരാണെന്നും പറഞ്ഞു കുഞ്ഞാലിക്കുട്ടി. ആ പറച്ചിൽ പോലും വലിയ പ്രതിരോധമാണ്. ഞങ്ങൾ ആ വഴിയല്ല എന്ന പ്രഖ്യാപനം. ആ വഴി മുസ്ലിം ലീഗിന്റെ ഖബറിലേക്കുള്ള വഴിയാണെന്നുള്ള തിരിച്ചറിവുകൂടിയായിരുന്നു അത്.
എല്ലാം മാറ്റിമറിക്കുന്ന കാലമാണ് കൊവിഡ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ യു ഡി എഫിലുണ്ട്. കൊവിഡ് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതൽ ബലവാനാക്കിയിരിക്കുന്നു. പ്രതിപക്ഷം അപഹാസ്യതയിലേക്ക് കൂപ്പുകുത്തുന്നു. ആ അപഹാസ്യത പരിഭ്രാന്തിയിലേക്ക് വഴിമാറുന്നു. തിരഞ്ഞെടുപ്പ് അടുക്കുകയാണ്. ഈ നിലയിൽ വലിയ ശ്രമങ്ങൾ വേണ്ടി വരും യു ഡി എഫിന് പച്ച തൊടാൻ. ആ പരിഭ്രാന്തി ലീഗിനുമുണ്ട്. പ്രതിപക്ഷ ഉപനേതൃത്വമെന്ന നിലയിലെ അവരുടെ പ്രകടനം ദയനീയമാണ്. എം കെ മുനീർ മുതൽ കെ എം ഷാജി വരെയുള്ളവർക്ക് ഒരു ചലനവും സൃഷ്ടിക്കാൻ കഴിയുന്നില്ല. ആ പരിഭ്രാന്തിയിലേക്കാണ് ജമാഅത്തെ ഇസ്ലാമി വെട്ടുകിളികളായി പറന്നിറങ്ങിയത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള നീക്കം അതിന്റെ പാരമ്യത്തിലാണ്. ജമാഅത്തിന്റെ കേരള മുഖംമൂടിയായ മാധ്യമം ദിനപത്രം യു ഡി എഫ് ഘടക ജിഹ്വയായി കുഴലൂത്ത് തുടങ്ങിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ നാഴികക്ക് നാൽപത് വട്ടമെന്ന നിലയിൽ യു ഡി എഫിനെയും കോൺഗ്രസിനെയും രാഷ്ട്രീയം പഠിപ്പിക്കുന്നുണ്ട്, പിന്തുണക്കുന്നുണ്ട്. ഒരു തീരുമാനത്തിന്റെ അപ്പുറത്ത് ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി യു ഡി എഫിന്റെ ഘടകകക്ഷിയാണ്. ആ തീരുമാനത്തിന്റെ അപ്പുറത്ത് മുസ്ലിം ലീഗ് എന്ന പാർട്ടിയുടെ മരണവുമുണ്ട്. ഒൻപത് വർഷമായി കേരളീയ പൊതുമണ്ഡലത്തിൽ ഒരു ചലനവും സൃഷ്ടിക്കാൻ കഴിയാതിരുന്ന വെൽഫയർ പാർട്ടിക്ക് യു ഡി എഫ് ബാന്ധവം നിലനിൽപ്പിന്റെ അവസാന വള്ളിയാണ്. പലതരം പ്രതിസന്ധികളിൽ വീണ് ആടിയുലയുന്ന മാധ്യമം ദിനപത്രത്തിനും അതിജീവനത്തിന് അനിവാര്യമായ ഒരു രാഷ്ട്രീയബലമാണത്. എട്ട് വർഷം മുൻപ് പി കെ കുഞ്ഞാലിക്കുട്ടി ഭയപ്പെട്ട ആ നുഴഞ്ഞുകയറ്റക്കാർ ലീഗിനെ വിഴുങ്ങുന്നതിന്റെ സൂചനകൂടിയാണ് വെൽഫയർ പാർട്ടിക്കുള്ള അവരുടെ പച്ചക്കൊടി. സ്വന്തം രാഷ്ട്രീയ യാത്രക്ക് ലീഗ് അറിഞ്ഞുകൊണ്ട് നൽകിയ ചുവപ്പ് കൊടിയായി അത് മാറുമോ എന്നാണ് കണ്ടറിയേണ്ടത്.’
ആറുമാസങ്ങൾക്കപ്പുറമാണ് നമ്മൾ ഇങ്ങനെ സംസാരിച്ചത്. ആ തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫ് നിഷ്പ്രഭമായി. എന്നാലിനി നിയമസഭയിൽ നോക്കാം എന്നായി കാര്യങ്ങൾ. തദ്ദേശത്തിലെ തിരിച്ചടിക്ക് വെൽഫയർ ബാന്ധവം കാരണമായി എന്ന വിലയിരുത്തലുകൾ സജീവമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തപ്പോഴേക്ക് അവർ ലീഗിനെ വീണ്ടും വട്ടമിട്ടു. തദ്ദേശ തോൽവിയിൽ ലീഗ് ഭയപ്പെട്ട കാലം. ജമാഅത്ത് സാന്നിധ്യം കേരളത്തിലെ ബഹുസ്വരതയെ പുണരുന്ന വിശ്വാസിമുസ്ലിമിനെ തങ്ങൾക്കെതിരാക്കും എന്ന തോന്നൽ ചില യു ഡി എഫ് നേതാക്കൾക്കുണ്ടായി. ഫലം ജമാഅത്തെ ഇസ്ലാമി കയ്യാലപ്പുറത്തെ തേങ്ങ എന്ന നിലയിലായി. നിങ്ങൾ ഓർക്കണം, ഞങ്ങളെ ചർച്ചക്ക് വിളിക്കൂ എന്ന് ദയനീയമായി അഭ്യർഥിക്കുന്ന സന്ദർഭം പോലും ജമാഅത്തെ ഇസ്ലാമി നേരിട്ടു. യു ഡി എഫിനുവേണ്ടി സർവ സന്നാഹങ്ങളോടെയും അവർ പോരിനിറങ്ങി. യു ഡി എഫ് തോറ്റു. ലീഗ് കനത്ത നിലയിൽ തിരിച്ചടി വാങ്ങി.
ജമാഅത്ത് ബാന്ധവം ഒരു നിലക്കും നേട്ടമുണ്ടാക്കില്ല എന്ന വിലയിരുത്തലുകൾ വന്നു. യു ഡി എഫ് അധികാരത്തിൽ വരേണ്ടത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനപരമായ നിലനിൽപ്പിന് അനിവാര്യമായിരുന്നു. അതുണ്ടായില്ല. അവർ മുന്നിട്ടിറങ്ങിയ പരീക്ഷണം പൊളിഞ്ഞുപാളീസായി. കൂടെ ഔദ്യോഗികമായി കൂട്ടാതിരുന്നു എന്ന ഒറ്റക്കാര്യമാണ് യു ഡി എഫിനെ ജീവനോടെ ബാക്കി നിർത്തിയത്, ലീഗിനെയും.
ഇനി എന്താവും ജമാഅത്തെ ഇസ്ലാമിയുടെ നീക്കം? അതിനുള്ള ഉത്തരം അവരുടെ നാളിതുവരെയുള്ള പൊതുമണ്ഡല പ്രവേശന പരിശ്രമങ്ങളുടെ ചരിത്രത്തിലുണ്ട്. “പൊതു’ എന്നുള്ളത് ജമാഅത്തെ ഇസ്ലാമിക്ക് മുഖംമൂടിയാണ്. അതിന്റെ രാഷ്ട്രീയ അടിത്തറ വിഭാഗീയതയാണ്. കലർപ്പ് സാധ്യമല്ലാത്ത വിധം അടഞ്ഞ വിഭാഗീയത. കലരുക എന്നാൽ സ്വത്വത്തെ ഇല്ലാതാക്കലാണ് എന്ന ജനാധിപത്യ വിരുദ്ധവും പുരോഗമന സ്വഭാവമുള്ള സമൂഹങ്ങൾ നിരാകരിച്ചതുമായ ആശയത്തിലാണ് അവർ എക്കാലവും മുറുകെപ്പിടിക്കുന്നത്. അങ്ങനെ അല്ല എന്ന് വിശ്വാസി ഇന്ത്യൻ മുസ്ലിം ജീവിതത്തിലൂടെ തെളിയിച്ചിട്ടുണ്ട് എന്നതാണ് പക്ഷേ, യാഥാർത്ഥ്യം. ഒരു മതേതര ബഹുസ്വര ജനാധിപത്യത്തിലാണ് തങ്ങൾ ഭാഗഭാക്കായിരിക്കുന്നത് എന്ന ബോധ്യമാണ് മൗദൂദിസ്റ്റുകൾ ഒഴികെയുള്ള മഹാഭൂരിപക്ഷം വരുന്ന മുസ്ലിം ജനതയുടെ നാനാതരം ഇടപെടലുകളെ മുന്നോട്ടു നയിക്കുന്നത്. അവരെ സംബന്ധിച്ച് “പൊതു’ ആയിരിക്കുക എന്നത് കാപട്യമല്ല, മറിച്ച് സത്തയുടെ ഭാഗമാണ്. ഒരു ലക്ഷ്യംവെച്ച് മറ്റൊന്ന് സംസാരിക്കൽ, ഒരു ലക്ഷ്യം വെച്ച് മറ്റൊന്ന് പ്രവർത്തിക്കൽ അവർക്ക് അന്യമായ ഒരു നിലയാണ്. അവരുടെ മതജീവിതം, മതാദർശം, മത പ്രബോധനം ഇതെല്ലാം നേരിട്ട് ചെയ്യുന്ന പ്രത്യക്ഷ പ്രവൃത്തികളാണ്. ആ ധാരയുടെ ഭാഗമായാണ് ലീഗ് പിറന്നതും വളർന്നതും. അതുകൊണ്ടാണ് ഒരു മടിയുമില്ലാതെ മുസ്ലിം ലീഗ് എന്ന പേര് സ്വീകരിച്ച് അവർ മതേതര സമൂഹത്തിൽ, ബഹുസ്വര സമൂഹത്തിൽ തുടരുന്നത്. ആ സത്യസന്ധതയില്ലാത്തതുകൊണ്ടാണ്, കാപട്യവും മുഖംമൂടി വത്കരണവും മതജീവിതമായി ധരിക്കുന്നതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിലിറങ്ങുമ്പോൾ മതച്ഛായകൾ ഇല്ലാത്ത വെൽഫെയർ എന്ന പേര് സ്വീകരിക്കുന്നത്. യുവജന സംഘാടനത്തിന് മുതിരുമ്പോൾ സോളിഡാരിറ്റി എന്ന് സ്വയം വിളിക്കുന്നത് ( ഈ പേരുകളുടെ വംശാവലിയിൽ ഒളിഞ്ഞുകിടക്കുന്ന സൂചനകൾ, ആ പേരുകൾ വന്ന രാഷ്ട്രീയ വഴികൾ കേരളം മനസിലാക്കിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം).
കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് മറ്റ് മുസ്ലിം സംഘടനകൾ, മുസ്ലിം ലീഗ് ഉൾപ്പടെ അവരുടെ വിശ്വാസ ജീവിതത്തെ മറയില്ലാതെ വെളിവാക്കി പ്രവേശിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമി വ്യാജനിർമിതികളിലൂടെയാണ് അതിന് ശ്രമിച്ചത്. ഇസ്ലാമിക വിരുദ്ധമായ കാപട്യം ഒരുവിധ ധാർമികതയുമില്ലാതെ അവർ പ്രയോഗിച്ചു. മതത്തെ രാഷ്ട്രീയമായി മനസിലാക്കാനും പ്രയോഗിക്കാനും ശ്രമിക്കുമ്പോൾ നഷ്ടമാകുന്നതാണ് മതം ഉയർത്തിപ്പിടിക്കുന്ന ധാർമികതയും വിശ്വാസത്തിന്റെ സാന്ത്വന സ്വഭാവമുള്ള മനോനിലയും.
ജമാഅത്തെ ഇസ്ലാമിക്ക് നഷ്ടമായതും അതാണ്. മാധ്യമം വാരികയെ ഉപയോഗിച്ച് അവർ കടന്നുകയറിയ പരിസ്ഥിതി സമരങ്ങളുടെ ഇന്നത്തെ നില ഓർക്കുക. കേരളത്തിന്റെപാരിസ്ഥിതിക സമരമുഖങ്ങളിലേക്ക് ജമാഅത്തെ ഇസ്ലാമി സ്വത്വവാദത്തെ കെട്ടഴിച്ചുവിട്ടു. മനുഷ്യനും പരിസ്ഥിതിയും എന്ന സമ്യക് ദർശനം കയ്യൊഴിയുകയും ദളിത് ആദിവാസി സ്വത്വത്തെ പ്രകോപിപ്പിച്ച് സമരമുന്നണിയിൽ അണിനിരത്താൻ ശ്രമിക്കുകയും ചെയ്തു. ദളിത് ആദിവാസി സ്വത്വവാദം ഉയർത്തിയതാകട്ടെ ആ ജനതയുടെ സമഗ്രമായ ഉന്നമനത്തെ ലാക്കാക്കി അല്ലായിരുന്നു. മറിച്ച്, സ്വത്വവാദം എന്ന, മനുഷ്യരെ കൂട്ടംതെറ്റിച്ച് ഒറ്റപ്പെടുത്തുന്ന വലതുപക്ഷ യുക്തിയെ സ്ഥാപിക്കാനായിരുന്നു. വെൽഫെയർ പാർട്ടിയുമായി വന്നപ്പോഴും മനുഷ്യരെ കൂട്ടം തെറ്റിക്കുകയും പൊതുവേ സാമൂഹികവും സാമ്പത്തികവും പങ്കാളിത്തപരവുമായി പിന്നണിയിലുള്ള മനുഷ്യരെ പരാജയപ്പെടുമെന്നുറപ്പുള്ള സമരമുഖത്തേക്ക് ആട്ടിത്തെളിക്കുകയുമായിരുന്നു അവർ. ഫലം, ഈ വിഭാഗങ്ങൾ ജമാഅത്തിന്റെ തനിനിറം മനസിലാക്കുകയും സമര മുഖങ്ങളിലെ അവരുടെ സാന്നിധ്യത്തെ സംശയിക്കുകയും ചെയ്തു. ദളിത്-ആദിവാസി-പരിസ്ഥിതി മുന്നേറ്റങ്ങളിലൂടെ പൊതു മണ്ഡലത്തിൽ രാഷ്ട്രീയ ശക്തിയാകാനുള്ള അവരുടെ ശ്രമത്തിനേറ്റ തിരിച്ചടിയാണ് വെൽഫയർ പാർട്ടിയുടെയും സോളിഡാരിറ്റിയുടെയും ഇന്നത്തെ ഗതികെട്ട അവസ്ഥ. വളഞ്ഞ വഴികൾ ഒന്നൊന്നായി അടഞ്ഞതോടെയാണ് യു ഡി എഫ് സംവിധാനത്തിലേക്ക് ഏതാനും ലീഗ് നേതാക്കളുടെ ദൗർബല്യങ്ങളിൽ തൂങ്ങി കടന്നിരിക്കാമെന്നും വാചാടോപങ്ങളുടെ പിൻബലത്താൽ നേതൃത്വമാർജിക്കാമെന്നും അവർ കരുതുന്നത്. ആ ശ്രമവും പരാജയപ്പെട്ടു.
എന്നാൽ ജമാഅത്തെ ഇസ്ലാമി പിന്തിരിഞ്ഞിട്ടില്ല. ലീഗിൽ ഉന്നംവെച്ച ആ കണ്ണുകൾ അവർ ചിമ്മിയിട്ടില്ല. അതിനുള്ള തെളിവാണ് ഈ ജൂലൈയിൽ അവരുടെ പ്രസിദ്ധീകരണങ്ങളിൽ കൃത്യ ഇടവേളകളിലായി പ്രത്യക്ഷപ്പെട്ട ലീഗുപദേശ ലേഖനങ്ങൾ. നാലുപാടും നിന്ന് അതീവ സ്നേഹം നടിച്ച് ലീഗിനെ രാഷ്ട്രീയം പഠിപ്പിക്കുകയാണ്. സാമുദായിക രാഷ്ട്രീയം പറഞ്ഞാവണം ലീഗ് നിൽക്കേണ്ടത്. നോക്കൂ, വിശദീകരണങ്ങളില്ലാതെ തെളിഞ്ഞുവരുന്നില്ലേ മതരാഷ്ട്ര വാദത്തിന്റെ തേറ്റകൾ? ചില സാംപിളുകൾ വായിച്ചാലും:
“ഇത്തരമൊരു രാഷ്ട്രീയം വർഗീയ പ്രവർത്തനമാവില്ലേ എന്ന സംശയം നമ്മുടെ പൊതുബോധം ഉയർത്തിയേക്കും. മുസ്ലിം രാഷ്ട്രീയത്തിന് കർതൃത്വമനുവദിച്ചുകൊടുക്കാതെ, അവർ എന്നും തങ്ങൾ വിടർത്തിക്കൊടുക്കുന്ന സംരക്ഷണച്ചിറകിനുള്ളിൽ കഴിയേണ്ടവരാണെന്ന ബോധത്തിൽനിന്നാണ് പാർട്ടികൾ ഈ സംശയം ഉന്നയിക്കുന്നത്. വിഭജനാനന്തരം കാൽനൂറ്റാണ്ടോളം അതിന്റെ ഉത്തരവാദിത്വം ആരോപിക്കപ്പെട്ട മുസ്ലിം ലീഗിന്റെ പ്രവർത്തന ചരിത്രം നമ്മുടെ മുമ്പിലുണ്ട്. മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി വാദിച്ചപ്പോൾ തന്നെ വിവിധ സമുദായ വിഭാഗങ്ങളുമായി ഉറ്റ ചങ്ങാത്തം അവർക്കുണ്ടായിരുന്നു. കോൺഗ്രസ് പക്ഷമടക്കം വില്ലനായി ചിത്രീകരിക്കുന്ന ഉവൈസിയുടെ പ്രവർത്തന രീതി നോക്കൂ ; സമുദായത്തിനു പുറത്തുള്ളവരെ ആദരവോടെ പരിഗണിച്ചും ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചും പാർലമെന്ററി വ്യവഹാരങ്ങളിൽ ഇത്ര ശക്തമായി ഇടപെടുന്ന ആളില്ലെന്ന് തോന്നുന്നു. മുസ്ലിം ലീഗ് പക്ഷം തന്നെ തീവ്രമുദ്ര കുത്തി പുറത്താക്കിയ സുലൈമാൻ സേട്ടിന്റെ ഐ എൻ എൽ ഇന്ന് കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷമെങ്കിലും സി പി എം മുന്നണിയുടെ ഭാഗമാണ്. പി ഡി പി, വെൽഫെയർ പാർട്ടി, എസ് ഡി പി ഐ എന്നിവയൊക്കെ രാഷ്ട്രീയ പ്രവർത്തനത്തിന് സ്വീകരിച്ച ശൈലി ഒരിക്കലും സാമൂഹികൈക്യത്തെ തകർക്കുന്നതായിരുന്നില്ലെന്ന് എതിരാളികൾ പോലും സമ്മതിക്കും. പുറത്തുള്ളവരെ നിന്ദ്യതയോടെയും വംശവെറിയോടെയും കാണാൻ കഴിയാത്ത ഒരു മൂല്യപരിസരം മുസ്ലിം മുൻകൈയിലെ രാഷ്ട്രീയ രൂപങ്ങൾക്ക് ഉണ്ട് എന്നതായിരുന്നു അവയുടെ ഏറ്റവും വലിയ മൂലധനം. ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.
ഇതിനായി ഇനിയും പുതിയൊരു പാർട്ടി വേണമെന്നില്ല; ഈ മൂലധനത്തെ ആധാരമാക്കി നിലവിലുള്ള പാർട്ടികൾക്കും സംവിധാനങ്ങൾക്കും തന്നെ തങ്ങളുടെ പ്രവർത്തനങ്ങളെ പുനഃസംവിധാനിക്കാവുന്നതേയുള്ളൂ. സ്വന്തം നിലയിൽനിന്നോ മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായിക്കൊണ്ടോ തന്നെയുള്ള പ്രവർത്തനമാവുമത്(ഡോ. ബദീഉസ്സമാൻ, പ്രബോധനം).
തീർന്നില്ല, മുസ്ലിം രാഷ്ട്രീയം പറഞ്ഞേ ലീഗ് നിലനിൽക്കാവൂ എന്ന പ്രബോധനങ്ങൾ പലരൂപത്തിൽ തുടരുകയാണ്. ഞങ്ങൾ പറഞ്ഞുതരാം, അറിവില്ലാത്ത നിങ്ങൾ കേട്ടനുസരിക്കൂ എന്നാണ് ധ്വനി.
പ്രച്ഛന്നതകളാണ് ഫാഷിസത്തെ ആഗോളമായി സാധ്യമാക്കുന്ന ഘടകം. മനുഷ്യർ ഒരുമിച്ചു നിൽക്കുകയും സാധ്യമാകുന്നത്ര ചേർന്നുനിൽക്കുകയും ചേർന്നുനിൽക്കലിലെ ചില്ലറ അസ്വാരസ്യങ്ങളോട് ചേരൽ എന്ന മഹത്തായ പ്രയോഗത്തിനായി പൊറുക്കുകയും ചെയ്യേണ്ട കാലമാണ്. സമാധാനത്തിലേക്കും സഹവർത്തിത്വത്തിലേക്കും അതാണ് വഴി. മനുഷ്യർ തളർന്നുപോയ കാലമാണ്. കൂട്ടമായി അതിജീവിക്കേണ്ട മഹാമാരിക്കാലം. ഇക്കാലത്തും ഒറ്റയുടെ വിഷദർശനങ്ങൾ ചീറ്റിത്തെളിച്ച് വരുന്നവരെ കരുതിയിരിക്കേണ്ടതുണ്ട്. വെട്ടുകിളികൾ ഇരയെ ഒടുക്കാതെ മടങ്ങാൻ മടിക്കും. പക്ഷേ, നമുക്കവയെ തുരത്തേണ്ടതുണ്ട്. സമാധാനവും സഹജീവനവും അതനുഭവിച്ചിട്ടുള്ളവരെ സംബന്ധിച്ച് അത്ര നിസ്സാരമല്ല.
കെ കെ ജോഷി
You must be logged in to post a comment Login