സ്കോളർഷിപ്പ് അനുപാതം: ഇടതുപക്ഷം പുണരുന്നത് അനീതിയുടെ രാഷ്ട്രീയം

സ്കോളർഷിപ്പ് അനുപാതം: ഇടതുപക്ഷം പുണരുന്നത് അനീതിയുടെ രാഷ്ട്രീയം

സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗപദവികള്‍ ചീഫ് സെക്രട്ടറിയുടേതും പൊലീസ് മേധാവിയുടേതുമാണ്. കേരള സംസ്ഥാനം രൂപം കൊണ്ടതിന് ശേഷം നാല്‍പത്തിയെട്ടാമത്തെ ചീഫ് സെക്രട്ടറിയാണ് ഇപ്പോഴധികാരത്തിലിരിക്കുന്ന ഡോ. വി പി ജോയ്. ഈ നാല്പത്തിയെട്ട് പേരില്‍ 35 പേരും ഹിന്ദു വിഭാഗക്കാരായിരുന്നു. 12 പേര്‍ ക്രിസ്തുമത വിശ്വാസികള്‍. 2006 ജനുവരി 31 മുതല്‍ 2006 സെപ്തംബര്‍ 15 വരെ ചീഫ് സെക്രട്ടറിയുടെ കസേരയിലിരുന്ന മുഹമ്മദ് റിയാസുദ്ദീന്‍ മാത്രമാണ് ഏക മുസ്‌ലിം. ആകെ പോലീസ് മേധാവിമാര്‍ 34. അതില്‍ 26 പേരും ഹിന്ദുനാമധാരികളാണ്. ഏഴുപേര്‍ ക്രൈസ്തവരും. 1997 മെയ് ആറ് മുതല്‍ 1997 ജൂണ്‍ 30 വരെ ആ പദവിയിലിരുന്ന എം അബ്ദുല്‍ സത്താര്‍ കുഞ്ഞ് മാത്രമാണ് ഏക മുസ്‌ലിം. ചീഫ് സെക്രട്ടറി, പൊലീസ് മേധാവി പദവികളിരുന്ന മുസ്‌ലിംകള്‍ രണ്ട് പേര്‍ക്കും ചുരുങ്ങിയ സേവനകാലയളവ് മാത്രമാണുണ്ടായിരുന്നത്. ഈ പദവികളിലിരുന്നവരില്‍ പേരിനൊപ്പം നായര്‍, മേനോന്‍, അയ്യര്‍ തുടങ്ങിയ ജാതിവാലുണ്ടായിരുന്നവര്‍ കുറവല്ല.

കേരളത്തിലെ പ്രബല ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രാതിനിധ്യം ഈ ഉയര്‍ന്ന പദവികളില്‍ തുലോം കുറഞ്ഞുപോയതിന്റെ കാരണമെന്താണ്? ആ വിഭാഗം അനുഭവിച്ച/അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ പിന്നാക്കാവസ്ഥയല്ലാതെ മറ്റൊന്നാകാന്‍ തരമില്ല. അത് ചൂണ്ടിക്കാണിക്കുക എന്നതിനപ്പുറം മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ കണക്കെടുപ്പിന് മറ്റുദ്ദേശ്യമില്ല. ഉന്നത അധികാര പദവിയലങ്കരിച്ചവരില്‍ ചിലരെങ്കിലും സ്വ സമുദായത്തോട് തികഞ്ഞ പക്ഷപാതിത്വം കാണിച്ചിട്ടുണ്ടെന്നത് മറക്കുന്നില്ല. ചിലര്‍, മുസ്‌ലിം വിരോധം പ്രകടിപ്പിച്ചതും. എനിക്ക് മുസ്‌ലിംകളുടെ ശവശരീരം കാണണമെന്ന് വയര്‍ലെസ്സിലൂടെ ആക്രോശിച്ചയാള്‍ പൊലീസ് മേധാവിയും ഒന്നാം പിണറായി സര്‍ക്കാരില്‍ പൊലീസ് ഉപദേഷ്ടാവുമായിരുന്നു.

കേരളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ പ്രബല ന്യൂനപക്ഷ വിഭാഗമാണ് മുസ്‌ലിംകള്‍. രാജ്യ വിഭജനത്തിന് കാരണക്കാരെന്ന ആരോപണം അകാരണമായി നേരിടേണ്ടിവന്നവര്‍. ആ ആരോപണത്തിന്റെ നിഴലില്‍ അവരെ നിര്‍ത്തിക്കൊണ്ടാണ് ഭൂരിപക്ഷവിഭാഗത്തിന്റെ ഏകീകരണത്തിന് സംഘപരിവാരം ആദ്യകാലത്ത് ശ്രമിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് രാഷ്ട്രങ്ങളെന്ന സിദ്ധാന്തം ആദ്യം അവതരിപ്പിച്ചത് തീവ്ര ഹിന്ദുത്വ അജണ്ടകളുടെ തുടക്കക്കാരനായ വീര്‍ സവര്‍ക്കറാണെങ്കിലും. ആ ആരോപണം, പക്ഷേ രാജ്യത്തെ മുസ്‌ലിംകളെ സ്വാതന്ത്ര്യത്തിന് മുമ്പെന്ന പോലെ പിമ്പും രാഷ്ട്രീയ – സാമൂഹിക മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തി. അതിന്റെ പ്രതിഫലനം കൂടിയാണ് ആ സമൂഹം അനുഭവിക്കുന്ന ബഹുവിധത്തിലുള്ള പിന്നാക്കാവസ്ഥ. അതിന്റെ ആഴം പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനുമാണ് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാര്‍, ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചത്.

വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച കമ്മിറ്റി, പട്ടിക വിഭാഗത്തേക്കാള്‍ പിന്നാക്കാവസ്ഥ പലേടത്തും മുസ്‌ലിംകള്‍ നേരിടുന്നുവെന്നാണ് കണ്ടെത്തിയത്. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ശ്രേണികളിലേക്ക് എത്തിപ്പെടുന്നവരില്‍ മുസ്‌ലിംകളുടെ എണ്ണം 3.2 ശതമാനം മാത്രമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍പ്പോലും അവരുടെ സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പാകത്തില്‍ നടപടികളുണ്ടായിട്ടില്ലെന്നും. വടക്കേ ഇന്ത്യയെ അപേക്ഷിച്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിം അവസ്ഥ ഭേദമാണെങ്കിലും അവിടെയും പ്രശ്‌നങ്ങളുണ്ട്. പിന്നാക്ക വിഭാഗപ്പട്ടികയില്‍പ്പെടുത്തി, നേരത്തെ മുതല്‍ സംവരണം അനുവദിച്ചിരുന്നതുകൊണ്ടാണ് കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ കുറച്ചെങ്കിലും ഭേദപ്പെട്ട നില കൈവരിക്കാന്‍ ആ സമുദായത്തിന് സാധിച്ചത്. അപ്പോഴും ഉന്നത വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി വിവിധ മേഖലകളില്‍ വേണ്ട പരിഗണന ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
കേരളത്തില്‍ സംവരണം അനുവദിക്കപ്പെട്ടിട്ടും സര്‍ക്കാര്‍ – പൊതുമേഖലാ ഉദ്യോഗാവസരങ്ങളില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം മുസ്‌ലിംകളുള്‍പ്പെടെ സമുദായങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയത്. സംവരണാവസരങ്ങള്‍ തന്നെ അട്ടിമറിക്കപ്പെട്ടതിലൂടെയും അവസരനഷ്ടമുണ്ടായെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവില്‍ സ്വാഗതം ചെയ്യുകയും അവസരനഷ്ടം ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചുവെങ്കിലും ഇക്കാലത്തിനിടെ നഷ്ടമായ അവസരങ്ങള്‍ നികത്തിക്കൊടുക്കുക എന്നത് ഏതാണ്ട് അപ്രായോഗികമായി. രാഷ്ട്രീയ – സാമൂഹിക മുഖ്യധാരയില്‍, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട സ്ഥാനം ലഭിച്ച കാലത്തുപോലും കേരളത്തിലെ മുസ്‌ലിംകള്‍ക്ക് അവരര്‍ഹിക്കുന്ന പരിഗണന ലഭിച്ചിരുന്നില്ല എന്ന് ചുരുക്കം. മുസ്‌ലിം സമുദായത്തിന്റെ ശക്തമായ പിന്തുണയുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പലകുറി അധികാരത്തിന്റെ ഭാഗമായിട്ടും ഇത്തരം അനീതികളെ കണ്ടെത്തി തടയാനോ ലഘൂകരിക്കാനോ സാധിച്ചതുമില്ല. പൊതുവില്‍ മലബാര്‍ നേരിട്ടിരുന്ന അവഗണന, ഈ മേഖലയില്‍ കൂടുതലായുള്ള മുസ്‌ലിംകളെ ബാധിക്കുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലൂടെ സാമ്പത്തിക മുന്നേറ്റമുണ്ടാക്കാന് സാധിച്ചുവെങ്കിലും വിദ്യാഭ്യാസ – തൊഴില്‍ മേഖലകളില്‍ സമുദായം നേരിട്ട പിന്നാക്കാവസ്ഥ തുടരുകയാണുണ്ടായത്.

ഈ പശ്ചാതലത്തില്‍ നിന്ന് വേണം രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടിനെയും അതിന്റെ നടപ്പാക്കലിനെയും വിലയിരുത്താന്‍. മുസ്‌ലിം പിന്നാക്കാവസ്ഥ പഠിച്ച് നിര്‍ദേശിക്കപ്പെട്ട പരിഹാരങ്ങള്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് കൂടി ബാധകമാക്കാന്‍ 2006 മുതല്‍ 2011 വരെ അധികാരത്തിലിരുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍, തീര്‍ത്തും പിന്നാക്കം നില്‍ക്കുന്ന മറ്റൊരു വിഭാഗത്തെക്കൂടി പരിഗണിക്കുന്നുവെന്ന തോന്നലാണുണ്ടാക്കിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍, അതൊരു ബാലന്‍സിംഗ് കൂടിയായിരുന്നു. മുസ്‌ലിംകള്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടിനെ ബാധിക്കുമോ എന്ന ശങ്കയില്‍ നടത്തിയ ബാലന്‍സിംഗ്. 2011ല്‍ അധികാരത്തില്‍ വന്ന യു ഡി എഫ് സര്‍ക്കാര്‍ ഇതേനില തുടരാന്‍ തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നിര്‍ദേശിക്കപ്പെട്ടത്, ആ വിഭാഗത്തിന് മാത്രം അനുവദിക്കുകയും പരിവര്‍ത്തിത ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുകയുമായിരുന്നു വേണ്ടിയിരുന്നത്. ആനുകൂല്യങ്ങളില്‍ 80 ശതമാനം മുസ്‌ലിംകള്‍ക്കും 20 ശതമാനം പരിവര്‍ത്തിത ക്രൈസ്തവര്‍ക്കുമെന്ന തീരുമാനത്തെ മുസ്‌ലിംകളോ അവരെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളോ എതിര്‍ത്തിരുന്നുമില്ല. തങ്ങളോളമോ അതിലധികമോ പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന സൗമനസ്യം കാണിക്കുകയായിരുന്നു അവര്‍.
അത് ചൂഷണം ചെയ്ത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന അജണ്ടയുമായി രംഗത്തെത്തിയവരാണ് മുസ്‌ലിംകള്‍ക്ക് മാത്രമായി അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാകെയുള്ള ആനുകുല്യമായി വ്യാഖ്യാനിച്ച്, വ്യവഹാരം നടത്തിയത്. പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയും രാജ്യവ്യാപകമായി നടന്ന പഠനപ്രക്രിയയുടെ തുടര്‍ച്ചയിലാണ് ഇത് നടപ്പാക്കപ്പെട്ടത് എന്ന വസ്തുത കണക്കിലെടുക്കാന്‍ കോടതി തയറാകാതിരിക്കുകയും ചെയ്തതോടെയാണ് ന്യൂനപക്ഷാനുകൂല്യങ്ങള്‍ ആ പട്ടികയില്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കെല്ലാം ജനസംഖ്യാനുപാതികമായി പങ്കുവെക്കണമെന്ന ഉത്തരവുണ്ടായത്. ആ ഉത്തരവിനെ ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്ത്, വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായില്ല. കോടതി ഉത്തരവനുസരിച്ച് ആനുകുല്യങ്ങള്‍ പങ്കിടാന്‍ തീരുമാനിക്കുകയും ചെയ്തു.

ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണ നഷ്ടപ്പെടാതെ നോക്കുക എന്ന വോട്ട് രാഷ്ട്രീയത്തിലധിഷ്ഠിതമായ നിലപാട് സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ക്കും ക്രിസ്തീയ വിഭാഗങ്ങള്‍ക്കിടയില്‍ വസ്തുത ബോധ്യപ്പെടുത്താനുള്ള ത്രാണി നഷ്ടമായതിന്റെ കൂടി ഫലമാണിത്. ഇതേ പ്രതിസന്ധി പ്രതിപക്ഷമായ യു ഡി എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും അഭിമുഖീകരിക്കുന്നു. തുടര്‍ച്ചയായ അധികാരനഷ്ടത്തിനൊപ്പം ക്രിസ്തീയ വിഭാഗത്തിന്റെ അതൃപ്തി കൂടി ഏറ്റുവാങ്ങാന്‍ അവര്‍ സന്നദ്ധരല്ല. സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങള്‍ക്ക് അത് ലഭ്യമാക്കുക എന്ന സാമൂഹിക നീതിയുടെ കാഴ്ചപ്പാടില്‍ നിന്ന് വ്യതിചലിച്ച്, അധികാരം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയതന്ത്രങ്ങളില്‍ ഊന്നുക എന്ന വര്‍ഷങ്ങളായി തുടരുന്ന പതിവിന്റെ ഇരകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ തുടരുമ്പോള്‍ പുരോഗമനത്തിനുള്ള നാമമാത്രമായ അവസരം പോലും അര്‍ഹമായ സമുദായങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു.

നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കാര്‍ക്കും അത് നഷ്ടമാകില്ലെന്നും തുടര്‍ന്നങ്ങോട്ട് സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുമെന്നും പറയുമ്പോള്‍ നേരത്തെ നൂറില്‍ എണ്‍പത് കിട്ടിയിരുന്നത് അറുപതില്‍ താഴെയായി ചുരുങ്ങും. ക്രൈസ്തവരില്‍ തന്നെ തീര്‍ത്തും പിന്നാക്കമായ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ലഭിച്ചിരുന്ന 20 ശതമാനമെന്നത് എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ലഭിക്കുന്നതിലൊരു ഓഹരിയായി പരിമിതപ്പെടുകയും ചെയ്യും. അതേസമയം നിലവില്‍ തന്നെ സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ മേഖലകളില്‍ മികവ് കൈവരിച്ച വിഭാഗങ്ങള്‍ ഈ ആനുകൂല്യങ്ങളുടെ കൂടി ഉപഭോക്തളായി മാറും. ചുരുക്കത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് കൂടിയാണ് പുതിയ തീരുമാനം ദോഷകരമായി മാറുന്നത്. സര്‍ക്കാര്‍ – പൊതുമേഖലാ ഉദ്യോഗങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് നരേന്ദ്രന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ച പട്ടികയില്‍ ലത്തീന്‍ കത്തോലിക്കരുള്‍പ്പെടെ പരിവര്‍ത്തിത ക്രൈസ്തവരുമുണ്ടായിരുന്നു. നിയമപ്രകാരം ഈ വിഭാഗത്തിന് ലഭിക്കേണ്ട സംവരണാവസരങ്ങള്‍ അട്ടിമറക്കപ്പെട്ടുവെന്നും നരേന്ദ്രന്‍ കമ്മീഷന്‍ വ്യക്തമാക്കിയതാണ്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറിയ പങ്കും ക്രൈസ്തവ സഭകള്‍ക്ക് കീഴിലുള്ളതാണ്. അവിടങ്ങളിലൊക്കെ മാനേജുമെന്റ് ക്വാട്ടയില്‍ സമുദായാംഗങ്ങള്‍ക്ക് പഠനാവസരമൊരുക്കാന്‍ അവര്‍ക്ക് സാധിക്കും. അത്തരം സ്ഥാപനങ്ങളിലെ അധ്യാപക – അനധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ ഭൂരിഭാഗവും ആ സമുദായാംഗങ്ങള്‍ക്കാണ് ലഭിക്കുക. സ്വാതന്ത്ര്യത്തിന് മുമ്പ്, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിന്തുണയില്‍ വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവസഭകള്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയിലാണ് ഇവര്‍ക്ക് ഈ മേല്‍ക്കൈ ഉണ്ടാക്കിയെടുക്കാനായത്. കേരള സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതിന് ശേഷം അധികാരത്തിലെത്തിയ ആദ്യത്തെ സര്‍ക്കാരിനെ വിമോചനസമരത്തിലൂടെ അട്ടിമറിച്ചതിന് ശേഷം സഭകളുടെ ആവശ്യങ്ങളെ ഏറെ അനുഭാവത്തോടെ പരിഗണിക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ തയാറായതിന്റെ ഗുണമനുഭവിച്ചതും ക്രൈസ്തവരിലെ വരേണ്യ വിഭാഗമാണ്. പില്‍ക്കാലത്ത് സംസ്ഥാനത്ത് സ്വകാര്യ സ്വാശ്രയ കോളജുകള്‍ ആരംഭിച്ചപ്പോള്‍, അമ്പത് ശതമാനം മെറിറ്റ് സീറ്റെന്ന ധാരണ അട്ടിമറിച്ച് വിദ്യാഭ്യാസമേഖലയെയാകെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതില്‍ മുന്നില്‍ നിന്നതും ഇക്കൂട്ടര്‍ തന്നെ. സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നപ്പോള്‍ രണ്ടാം വിമോചന സമരമെന്ന ഭീഷണിയുമായി മുന്നില്‍ നിന്നതും മറ്റാരുമല്ല. അതേയാളുകള്‍ മറ്റൊരു അട്ടിമറിക്ക് കോടാലിക്കൈയാകുമ്പോള്‍, സാമൂഹിക നീതിയുടെ പക്ഷത്തുനില്‍ക്കേണ്ടവര്‍ സന്തുലനത്തിന്റെ വക്താക്കളാകുന്നത് അനൗചിത്യമാണ്.

ചുരുക്കത്തില്‍ ഏതാനും വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിന്റെ മാത്രം പ്രശ്‌നമായല്ല, പാലൊളി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വെള്ളം ചേര്‍ക്കലിനെ (അത് കോടതി വിധിയുടെ നടപ്പാക്കലെന്ന് വിശദീകരിക്കുമ്പോള്‍ പോലും) കാണേണ്ടത്. മറിച്ച് ജനാധിപത്യ സമ്പ്രദായത്തില്‍, അര്‍ഹമായ പ്രാതിനിധ്യം നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിന് തുടര്‍ന്നും അതേ അനീതി നേരിടേണ്ടിവരുന്നുവെന്ന ഗൗരവമുള്ള പ്രശ്‌നമായി തന്നെ കാണണം. വെള്ളം കലക്കി മീന്‍ പിടിക്കാനിറങ്ങിവര്‍ വിജയികളാകുമ്പോള്‍ അതിലെ അപാകം ചൂണ്ടിക്കാട്ടുക എന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയം. നിര്‍ഭാഗ്യവശാല്‍ ആ രാഷ്ട്രീയത്തെ ത്യജിക്കുകയാണ് പിണറായി വിജയന്റെ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും അതിന് ദിശനിര്‍ണയിക്കുന്ന സി പി എമ്മും.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login