ഇല്ലാതാവുന്ന മരമാവുകയാണ് മുസ്‌ലിം ലീഗ്

ഇല്ലാതാവുന്ന മരമാവുകയാണ് മുസ്‌ലിം ലീഗ്

രാഷ്ട്രീയത്തിന്റെ ഉപോല്‍പന്നമാണ് അധികാരലബ്ധി. അഥവാ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഫലങ്ങളില്‍ ഒന്ന്. ചിരപുരാതനമായ മരത്തിന്റെ ഉപമയില്‍ ചേര്‍ത്തുകെട്ടിയാല്‍ രാഷ്ട്രീയമെന്നത് പന്തലിക്കേണ്ട ഒരു മരമാണ്. ഭരണാധികാരമെന്നത് അതില്‍ ഉളവാകുന്ന കായ്കനികള്‍ മാത്രവും. ഇതേ ഉപമയില്‍ മരം തന്നെ ഫലമെന്ന് വന്നാല്‍ ഫലമില്ലാതാവുക എന്നാല്‍ മരമില്ലാതാവുക എന്നാണ്. അധികാരലബ്ധിക്കുള്ള വഴിമാത്രമായി രാഷ്ട്രീയം മാറിയാല്‍, അധികാരലബ്ധിയാണ് രാഷ്ട്രീയമെന്ന് വന്നാല്‍ മരത്തിന്റെ ഉപമ രാഷ്ട്രീയത്തെ ചതിക്കും. ഉപമയാല്‍ ചതിക്കപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്.

ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ നടന്ന കൂട്ടത്തല്ലും മൂപ്പിളമത്തര്‍ക്കവും തകര്‍ച്ചയും നാം അടുത്ത നാളുകളില്‍ കണ്ടു. രാഷ്ട്രീയ ഉള്ളടക്കം ചോര്‍ന്നുപോവുകയും അപ്പപ്പോഴത്തെ ഉപലബ്ധികളില്‍ അഭിരമിക്കുകയും ചെയ്തതിന്റെ പരിണതി എന്ന് നാം അതിനെ മനസിലാക്കുകയും ചെയ്തു. മുസ്‌ലിമിന്റെ നാമത്തില്‍, വിശ്വാസത്തിന്റെ ഊര്‍ജത്തില്‍, വിശ്വാസികളുടെ പിന്തുണയില്‍ രൂപപ്പെട്ട് വന്ന രാഷ്ട്രീയമായിരുന്നല്ലോ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റേത്. അത് അതിസവിശേഷമായ ഒരു ചരിത്രസന്ധിയില്‍ മുസ്‌ലിം കക്ഷി രാഷ്ട്രീയത്തിന്റെ ആത്മാന്തസ്സ് എന്ന വലിയ പ്രമേയത്തെ മുന്‍നിര്‍ത്തി സ്വീകരിച്ച ഒരു നിലപാടിന്റെ പേരായിരുന്നു. അത്തരം ഒരു നിലപാടിലേക്ക് ഇബ്രാഹീം സുലൈമാന്‍ സേട്ട് എന്ന ദീര്‍ഘദര്‍ശിയായ രാഷ്ട്രീയ മനുഷ്യന്‍ എത്തിച്ചേര്‍ന്നത് അദ്ദേഹം അപ്പോള്‍ നയിച്ചിരുന്ന ഒരു പ്രസ്ഥാനത്തിന്റെ വലിയ ചരിത്രത്തിന്റെ ബലത്തിലാണ്. വിഭജനാനന്തരം നേരിട്ട “എന്തിന് ഇനി നിലനില്‍ക്കണം’ എന്ന ചോദ്യത്തിന് ലീഗിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ നേതാക്കള്‍ കണ്ടെത്തിയ ഉത്തരം സേട്ടിന് അറിയാമായിരുന്നു. ആ ഉത്തരം ചെറിയ ഉത്തരമല്ല. ഇന്നാട്ടിലെ മുസ്‌ലിം ജനസാമാന്യത്തിന്റെ ജനാധിപത്യ രാഷ്ട്രീയ പ്രവേശത്തിനുള്ള ഉപാധികളില്‍ ഒന്നായി നിലനില്‍ക്കണം എന്നായിരുന്നു ആ തീരുമാനം. ദേശീയ പ്രസ്ഥാനത്തിലെ പ്രബലസാന്നിധ്യങ്ങളായിരുന്ന മുസ്‌ലിം നേതാക്കള്‍ പലപാട് ശ്രമിച്ചിട്ടും അവര്‍ ആ നിലപാടില്‍ ഉറച്ചു നിന്നു. അങ്ങനെയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഇന്ത്യയിലെ ഒരു രാഷ്ട്രീയ കക്ഷിയായി നിലയുറപ്പിച്ചതും പടര്‍ന്നതും. അതെല്ലാം ചരിത്രമാണ്. ആ ചരിത്രം നേരിട്ട ഒരു സവിശേഷ സന്ധിയായിരുന്നല്ലോ ബാബരി പള്ളി തകര്‍ത്തത്. അതൊരു മുസ്‌ലിം പ്രശ്‌നമാണെന്നും രാഷ്ട്രീയാന്തസ്സോടെ നിലനില്‍ക്കണമെങ്കില്‍ അധികാരം കയ്യൊഴിഞ്ഞുള്ള നേരെ നില്‍ക്കല്‍ വേണമെന്നും സേട്ട് മനസിലാക്കി. കാരണം അധികാരം രാഷ്ട്രീയത്തിന്റെ ഉപഫലമാണെന്നും രാഷ്ട്രീയമെന്നാല്‍ അധികാരമല്ലെന്നും ഉള്ള തിരിച്ചറിവ് സേട്ടിന് ഉണ്ടായിരുന്നു. ആ തിരിച്ചറിവാകട്ടെ സ്വയംഭൂ ആയ ഒന്നല്ലായിരുന്നു താനും. അത് ഒരു വലിയ കാലഘട്ടം തരുന്ന തിരിച്ചറിവാണ്. പാരമ്പര്യമെന്ന് ദുര്‍ബലമായി പരിഭാഷപ്പെടുത്താവുന്ന ഒന്ന്. സേട്ടിന്റെ മരണത്തോടെ പക്ഷേ, ആ പാരമ്പര്യത്തിന് ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ തുടര്‍ച്ച നഷ്ടപ്പെട്ടു. അധികാരത്തിലേക്കുള്ള ഒറ്റയടിപ്പാതയായി രാഷ്ട്രീയത്തെ സേട്ടിന്റെ പാര്‍ട്ടിയിലുണ്ടായിരുന്നവര്‍ കണ്ടു. അധികാരമെന്നത് മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ഏകലക്ഷ്യമായി. മുസ്‌ലിം ജനാധിപത്യ-ബഹുസ്വര രാഷ്ട്രീയത്തിന്റെ ആത്മാന്തസ്സ് എന്ന പ്രമേയം വലിയ നിലയില്‍ കയ്യൊഴിയപ്പെട്ടു. കാത്ത് കാത്തിരുന്ന് എന്നോണം അധികാര പങ്കാളിത്തം ലഭിച്ചു. ശേഷം കൂട്ടയടി, ചക്കളത്തിപ്പോര്, ദയനീയമായ തകര്‍ച്ച. മരത്തിന്റെ ഉപമ മറക്കരുത്. മരം തന്നെ ഫലമായാല്‍ ഉണ്ടാകാവുന്ന ദുരന്തവും മറക്കരുത്. ഉപമയാല്‍ ചതിക്കപ്പെട്ട പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ് എന്ന് പറഞ്ഞല്ലോ?. ഐ എന്‍ എല്ലിനെക്കുറിച്ച് ചുരുക്കിപ്പറഞ്ഞതില്‍ ലീഗിന്റെ ഗതിയുമുണ്ട്.

വിഷയത്തിലേക്ക് വരാം. വലിയ പ്രതിസന്ധിയുണ്ട് മുസ്‌ലിം ലീഗിന്. ആ പ്രതിസന്ധിയുടെ അഗാധതയില്‍ നിന്നാണ് പാണക്കാട് തങ്ങളുടെ അകത്തളത്തില്‍ നിന്നൊരാള്‍, യുവജന വിഭാഗത്തിന്റെ അഖിലേന്ത്യാ നേതാവായ ഒരാള്‍, സയ്യിദ് മുഈന്‍ അലി കേരളത്തിലെ മുസ്‌ലിം ലീഗിന്റെ കപ്പിത്താനെതിരെ രംഗത്തുവന്നത്. വെറും രംഗത്തു വരലല്ല, പി.കെ കുഞ്ഞാലിക്കുട്ടി എന്ന നേതാവിനെതിരെ അതിഗുരുതരമായ സാമ്പത്തിക കുറ്റാരോപണമാണ് നടത്തിയത്. ലീഗിനെയും അതിന്റെ കൊടിയടയാളമായി പലതലമുറകള്‍ പരിഗണിച്ചിരുന്ന ചന്ദ്രികയെയും കുഞ്ഞാലിക്കുട്ടി തകര്‍ക്കുന്നു എന്നാണ് പറഞ്ഞത്. പണത്തിന് കണക്കില്ല എന്നും പറഞ്ഞു. അങ്ങേയറ്റം കടന്ന് പാണക്കാട്ടെ ഇപ്പോഴത്തെ തങ്ങളെ രോഗിയാക്കിയതും കുഞ്ഞാലിക്കുട്ടിയാണെന്ന് തുറന്നടിച്ചു തങ്ങളുടെ മകനായ ആ ചെറുപ്പക്കാരന്‍. ബാബരിയാനന്തരം നിലയില്ലാക്കയത്തിലായപ്പോള്‍ ലീഗ് ശക്തമായി ഉറപ്പിച്ചെടുത്ത ഒരു പാരമ്പര്യമാണ് തങ്ങള്‍ എന്നോര്‍ക്കണം. അതേക്കുറിച്ച് വഴിയേ പറയാം. അതേ പരമ്പരയില്‍ നിന്നൊരു ഇളമുറക്കാരന്‍ ലീഗിന്റെ പരമോന്നത നേതാവിനെ ചൂണ്ടി കള്ളന്‍ എന്ന് പരസ്യമായി വിളിച്ചുപറയുകയാണ്. നോക്കൂ, ഇതൊരു ചെറിയ പ്രതിസന്ധിയല്ല. നാളെ പലപാട് സമ്മര്‍ദ്ദങ്ങളില്‍ പെട്ട് ആ ചെറുപ്പക്കാരന്‍ പറഞ്ഞ വാക്കുകള്‍ പിന്‍വലിച്ചാലും പറഞ്ഞത് പറയപ്പെട്ടുകഴിഞ്ഞല്ലോ?

തീര്‍ന്നില്ല, വാര്‍ത്താസമ്മേളനം നടന്ന ലീഗ് ഹൗസില്‍, ലീഗിനെ സംബന്ധിച്ച് അത്ര ചെറുതല്ലാത്ത പ്രധാന്യമുള്ള ലീഗ് ഹൗസില്‍ റാഫി പുതിയകടവത്ത് എന്ന് പേരായ ഒരു ലീഗ് പ്രവര്‍ത്തകന്‍ ഇരമ്പി വരുന്നു. അയാള്‍ വരുമ്പോള്‍ തങ്ങള്‍ പരമ്പരയിലെ ഇളമുറക്കാരന്‍ സംസാരിക്കുകയാണ്. നോക്കൂ, ലീഗ് മൂന്ന് പതിറ്റാണ്ടായി ചവിട്ടി നില്‍ക്കുന്ന ഏക മണ്ണാണ് ഈ തങ്ങള്‍ പരമ്പര. റാഫി വരുന്നു, ലീഗ് ഹൗസില്‍ മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് കേട്ടാല്‍ അറക്കുന്ന തെറി തങ്ങള്‍ പരമ്പരയിലെ ഇളമുറക്കാരന് നെരെ വലിച്ചെറിയുന്നു. കയ്യേറ്റം പോലും സംഭവിക്കാവുന്ന ഗുരുതര സ്ഥിതി വിശേഷം. കോണ്‍ഗ്രസിന് നെഹ്‌റു കുടുംബം പോലെ അല്ല ലീഗിന് തങ്ങള്‍ കുടുംബം. ലീഗ് മുന്നിൽ വെക്കുന്ന ഒന്നാംതരം രാഷ്ട്രീയ ആത്മീയതയാണത്. അതിന്റെ മുഖത്തേക്കാണ് തെറിവാക്കുകള്‍ ചിതറി വീണത്. നോക്കൂ, തങ്ങളെ തെറി വിളിക്കുന്ന ലീഗ്. തങ്ങള്‍ പരമ്പരയുടെ മുഖത്തേക്ക് തെറികള്‍ പാറി വീഴുന്ന ലീഗ് ഹൗസ്. ഇതല്ലെങ്കില്‍ മറ്റെന്താണ് പ്രതിസന്ധി? മരം തന്നെ ഫലമാവുകയും ഫലത്തിന്റെ അഭാവം മരത്തെ ഇല്ലാതാക്കുകയും ചെയ്യുമല്ലോ? ഇല്ലാതാവുന്ന മരമാവുകയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്.

ഇത് മുസ്‌ലിം ലീഗ് മാത്രം നേരിടുന്ന പ്രതിസന്ധിയാണോ?. അല്ലേയല്ല. രാജ്യവ്യാപകമായി കോണ്‍ഗ്രസ് നേരിടുന്നതും ഇനി നേരിടാന്‍ പോകുന്നതുമായ പ്രതിസന്ധിയാണിത്. ദീര്‍ഘകാലം അധികാരത്തിന് പുറത്ത് നില്‍ക്കേണ്ടി വരുന്ന, അധികാരോന്‍മുഖമായി മാത്രം രാഷ്ട്രീയത്തെ ചിട്ടപ്പെടുത്തിയിരിക്കുന്ന മുഴുവന്‍ പാര്‍ട്ടികളും, ചെറുപാര്‍ട്ടികള്‍ ഉള്‍പ്പടെ ഇത്തരം കഷ്ട ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ചിലത് മണ്ണടിഞ്ഞ് പോയിട്ടുമുണ്ട്.അതെല്ലാം ആ പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്‌നമാണ്. എല്ലാ കാലത്തേക്കുമായി ഒരു പാര്‍ട്ടിയും പ്രത്യേകിച്ച് ചെറുകിട പാര്‍ട്ടികള്‍ ഒരു ജനാധിപത്യത്തിലും നിലനില്‍ക്കണമെന്നില്ല. അവ വളരും, പിളരും. പിന്നെ വളരുകയൊന്നുമില്ല, പക്ഷേ പിളര്‍ന്നുകൊണ്ടിരിക്കും. കേരളത്തിലെ കേരള കോണ്‍ഗ്രസുകളെ നോക്കൂ. ഇപ്പോള്‍ ലീഗ് കടന്നുപോകുന്ന പ്രതിസന്ധികള്‍ ആ കോണ്‍ഗ്രസുകള്‍ എത്രയോ അനുഭവിച്ചതാണ്.

അങ്ങനെ താരതമ്യം ചെയ്യാമോ? വ്യത്യാസമില്ലേ? ഉണ്ട്. കേരള കോണ്‍ഗ്രസ് അല്ല മുസ്‌ലിം ലീഗ്. കേരള കോണ്‍ഗ്രസ് അതിന്റെ ഉത്ഭവം മുതല്‍ അധികാരം എന്ന, വ്യക്തികളുടെ അധികാരാര്‍ജനം എന്ന ഏകമുഖ സാന്നിധ്യമാണ്. അതിനുവേണ്ടി കര്‍ഷകര്‍, കത്തോലിക്കര്‍, നായന്‍മാര്‍ വരെയുള്ള പ്രമേയങ്ങളെ പലപാട് മുന്നില്‍ വെക്കും. അവര്‍ അപ്പറയുന്നതൊന്നും ഉള്ളതല്ലെന്ന് അവര്‍ക്കും അറിയാം, ജനങ്ങള്‍ക്കുമറിയാം. അതിനാല്‍ തന്നെ അവരിലുണ്ടാകുന്ന പിളര്‍പ്പോ അവര്‍ക്കിടയിലുണ്ടാകുന്ന വെറുപ്പോ അവര്‍ പ്രതിനിധാനം ചെയ്യുന്നു എന്ന് പറയുന്ന ഒരു വിഭാഗത്തെയും, അതിപ്പോള്‍ കര്‍ഷകരായാലും കത്തോലിക്കരായാലും ഒരുതരത്തിലും ബാധിക്കില്ല. പി.ടി ചാക്കോ, ആര്‍ ബാലകൃഷ്ണപിള്ള, കെ.എം മാണി തുടങ്ങിയ കേരള കോണ്‍ഗ്രസിന്റെ സ്ഥാപകരോട് നാം അതിനാല്‍ നന്ദി ഉള്ളവരാണ്. അവര്‍ അവരുടെ അധികാരോന്‍മുഖം മാത്രമായ രാഷ്ട്രീയത്തിന് മറ്റാരെയും, മറ്റൊരു സാമൂഹിക സ്വത്വത്തെയും ഉപയോഗിച്ചില്ല എന്നതിന്. നിശ്ചയമായും മരം തന്നെ ഫലം എന്ന തോന്നലിനും കക്ഷി രാഷ്ട്രീയ ജനാധിപത്യത്തില്‍ ഒരിടമുണ്ട്, ശാശ്വതമല്ലെങ്കിലും.

മുസ്‌ലിം ലീഗ് ചെയ്തത് പക്ഷേ, അതല്ല. തുടക്കത്തില്‍ ചരിത്രപരമായി ശരി എന്ന് തോന്നുന്ന ഒരു നിലപാടെടുത്താണ് ഇപ്പോഴത്തെ ലീഗ് ഉണ്ടാകുന്നത്.
അത് വിഭജനാനന്തരം ഇന്ത്യന്‍ മുസല്‍മാന്റെ ജനാധിപത്യ പ്രതിനിധാനത്തെ ഉറപ്പിച്ചെടുക്കാന്‍ നിലകൊണ്ടു. മുസ്‌ലിം എന്ന മതസ്വത്വത്തെ ജനാധിപത്യരാഷ്ട്രീയത്തിന്റെ പങ്കാളികള്‍ ആക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഉറപ്പിച്ച് നിലയെടുത്തു ( മതസ്വത്വം എന്ന വാക്ക് കേട്ട് മുഖം ചുളിക്കണ്ട, അത് പൊളിറ്റിക്കല്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഇസ്‌ലാം വിരുദ്ധം പോലുമായ മതസ്വത്വമല്ല.)

വിശ്വാസി മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രതിനിധാനം തന്നെയായിരുന്നു ലീഗ് എങ്കിലും വിശ്വാസത്തേയോ പ്രവാചകനെയോ ഖുര്‍ ആനെയോ ഉപയോഗിച്ചല്ല അവര്‍ രാഷ്ട്രീയം പറഞ്ഞത്. അവര്‍ ഈ നാടിനെ കുറിച്ച്, ഇന്നാട്ടിലെ പ്രാതിനിധ്യങ്ങളുടെ അഭാവങ്ങളെക്കുറിച്ച് പറഞ്ഞു. അത്തരത്തില്‍ ലീഗിനുള്ള ചരിത്രപരമായ പ്രാധാന്യത്തെയും പങ്കിനെയും ഇപ്പോഴത്തെ തകര്‍ച്ചകള്‍ റദ്ദാക്കുന്നില്ല. മുസ്‌ലിം ജീവിതത്തിനുമേല്‍, മുസ്‌ലിം വിശ്വാസി ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിനുമേല്‍ കയ്യേറ്റങ്ങള്‍ ഉണ്ടായ ഘട്ടങ്ങളില്‍ ചെറുതെങ്കിലും ശക്തമായ നിലയെടുക്കാന്‍ ലീഗിന് കഴിഞ്ഞിട്ടുണ്ട്. ഏകീകൃത സിവില്‍ കോഡിന്റെ മറവില്‍ എന്നേ യാഥാർത്ഥ്യമാകേണ്ട ഹിന്ദു സിവില്‍ കോഡിനെ ലീഗ് പ്രതിരോധിച്ച കാലമുണ്ട്. ശരീഅത് ഉള്‍പ്പടെ മുസ്‌ലിം വിശ്വാസി ജീവിതത്തിന്റെ തനത് നിലനില്‍പിനുമേല്‍ ഭൂരിപക്ഷാധികാരമോങ്ങിയ വാളിനെ പ്രതിരോധിക്കാനുള്ള ചെറുശ്രമങ്ങള്‍ ലീഗ് നടത്തിയിട്ടുണ്ട്. ചെറുതുകള്‍ കൂടി ചേര്‍ന്നതാണല്ലോ ചരിത്രം. വലതുപക്ഷത്തും ഇടതുപക്ഷത്തുമായി നിന്ന് പലഘട്ടങ്ങളില്‍ ലീഗ് ആര്‍ജിച്ചെടുത്ത അധികാര പങ്കാളിത്തം മുസ്‌ലിം സമുദായത്തിന്റെ ഭൗതിക വികാസത്തിന് ചെറുതല്ലാത്ത സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ബാബരിക്ക് മുന്‍പുള്ള കാലത്തെക്കുറിച്ചാണ് ഈ പറച്ചിലുകള്‍ എന്ന് ഓര്‍ക്കുമല്ലോ? അക്കാല കേരളത്തില്‍ വിശ്വാസി മുസ്‌ലിമിന് പലതരം സംഘാടനങ്ങള്‍ ഉണ്ടായിരുന്നു എന്ന് അറിയാമല്ലോ? ഇക്കാലവും ഉണ്ട്. അവര്‍ക്കിടയില്‍ പലതരം ഭിന്നതകളും ബൗദ്ധികമായ ചര്‍ച്ചകളും പണ്ഡിതര്‍ തമ്മിലെ തര്‍ക്കവും ചേരിതിരിവുകളുമുണ്ട്. അക്കാല ലീഗ് ആ തര്‍ക്കങ്ങളെ, തര്‍ക്ക പരിഹാരങ്ങളെ രാഷ്ട്രീയമായി അത്രയൊന്നും ഉപയോഗിച്ചില്ല. വിശ്വാസം വിശ്വാസത്തിന്റെ വഴിക്കും കക്ഷി രാഷ്ട്രീയം അതിന്റെ വഴിക്കും സഞ്ചരിച്ചു. അപവാദങ്ങള്‍ ഇല്ലെന്നല്ല, അത് അത്ര പ്രബലമായിരുന്നില്ല.

ബാബരി പള്ളി ഹിന്ദുത്വവാദികള്‍ തച്ചുതകര്‍ത്തത് ഒരു നിര്‍ണായക സന്ധി ആയിരുന്നു. ലീഗിന് അതിന്റെ ചരിത്രത്തില്‍ ആദ്യമായി മുസ്‌ലിം വിശ്വാസികള്‍ക്കിടയില്‍ വിശ്വാസ്യതാനഷ്ടം സംഭവിച്ചു. ബാബരി തകര്‍ക്കുമ്പോള്‍ മൂകസാക്ഷിയായിരുന്ന കോണ്‍ഗ്രസിനെ ഒട്ടി നില്‍ക്കാനെടുത്ത തീരുമാനം ആത്മഹത്യാപരമായിരുന്നു. ലീഗിന്റെ രാഷ്ട്രീയ ആത്മഹത്യ. വിശ്വാസ്യതാനഷ്ടം എന്നത് രാഷ്ട്രീയത്തില്‍ വലിയ കാര്യമാണ്. അണികള്‍ അവിടെ ഉണ്ടാകും. അധികാരം അവിടെയുണ്ടാകും. പക്ഷേ, സംഘടനയെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന, നിര്‍ത്തേണ്ട രാഷ്ട്രീയം അവിടെ ഉണ്ടാകില്ല. രാഷ്ട്രീയം ഇല്ലാതാകുന്നതോടെ പാര്‍ട്ടി തകരച്ചെണ്ടയാകും. ബാബരി അനന്തരം ലീഗ് തകരച്ചെണ്ടയായി. അവര്‍ രാഷ്ട്രീയം തത്വത്തില്‍ ഉപേക്ഷിച്ചു, പ്രയോഗത്തില്‍ തുടര്‍ന്നു.

ആ ഇടവേളയിലാണ് കുഞ്ഞാലിക്കുട്ടി- തങ്ങള്‍ പ്രതിഭാസം സംഭവിക്കുന്നത്. വിശ്വാസ്യതാനഷ്ടത്തോടെ കാമ്പില്ലാതായി മാറിയ കൂട്ടമായല്ലോ ലീഗ്. ആ ലീഗിനെ നയിക്കാന്‍ പ്രാപ്തനായിരുന്നു വാണിജ്യ ശാസ്ത്രം നന്നായി അറിയാവുന്ന പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ന് അദ്ദേഹത്തെ തള്ളിപ്പറയാന്‍ എളുപ്പമാണ്. പക്ഷേ, ലീഗ് എത്തിപ്പെട്ട ചരിത്രപരമായ ഒരു പ്രതിസന്ധിയുടെ ഫലമാണ് കുഞ്ഞാലിക്കുട്ടിയുടെ, അഥവാ കുഞ്ഞാലിക്കുട്ടിയിസത്തിന്റെ പിറവി എന്ന് മറക്കരുത്. വിശ്വാസ്യതാ നഷ്ടത്തെ, രാഷ്ട്രീയമായ ഉള്ളടക്ക നഷ്ടത്തെ അധികാരം കൊണ്ടും പണം കൊണ്ടും പ്രതിരോധിക്കാമെന്ന് കുഞ്ഞാലിക്കുട്ടിക്ക് അറിയാമായിരുന്നു.

അക്കാലം പ്രവാസത്തിന്റെ പൂക്കാലമാണ്. ദുബായ് കേന്ദ്രീകരിച്ച് ലിബറല്‍ വ്യവസ്ഥകള്‍ ശക്തമായ കാലം. ഗള്‍ഫിലെ പലതരം സമവാക്യങ്ങളില്‍ കുഞ്ഞാലിക്കുട്ടിയും ലീഗും ഇടപെട്ടു. പണ്ഡിതര്‍ അഭിപ്രായം പറഞ്ഞിരുന്ന മതവിശ്വാസത്തിന്റെ വേദികളെ പണക്കാര്‍ ഭരിക്കാന്‍ തുടങ്ങി. പടിക്ക് പുറത്തു നിര്‍ത്തിയിരുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ വരെ പില്‍ക്കാല ലീഗ് ഒളിഞ്ഞും തെളിഞ്ഞും സേവിച്ചു. പണമൊഴുക്കിന്റെ തള്ളിച്ച. എവിടെ രാഷ്ട്രീയം എന്ന ചോദ്യം സ്വാഭാവികമായും ഉയരുമല്ലോ? വിമര്‍ശനങ്ങള്‍ ഉണ്ടാവുമല്ലോ? ഉണ്ടായി. അപ്പോഴെല്ലാം കുഞ്ഞാലിക്കുട്ടിയും ലീഗും സമുദായത്തെയും വിശ്വാസത്തെയും പ്രവാചകനെ പോലും പരിചയാക്കി. തങ്ങള്‍ കുടുംബമായിരുന്നു ആ പരിച. കുഞ്ഞാലിക്കുട്ടിയാണ് പാണക്കാട് പരമ്പരയെ ഈ രൂപത്തില്‍ സൃഷ്ടിച്ചത്. മറ്റെന്താണ് കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിം വാക്കാകാന്‍ മാത്രം ആ കുടുംബം നടത്തിയ പ്രവര്‍ത്തനങ്ങള്‍? ഒന്നുമില്ല, പകരം ഒരു പാരമ്പര്യം സൃഷ്ടിക്കപ്പെട്ടു. ഒരു ആത്മീയ പരിവേഷം ചാര്‍ത്തപ്പെട്ടു. വിശ്വാസി മുസ്‌ലിമിന്റെ സംഘാടനങ്ങളില്‍ ഒന്നിനെ വരുതിയിലാക്കി. വിശ്വാസികള്‍ക്കിടയിലെ അക്കാദമികമായ പിളര്‍പ്പുകളില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്തു. ഈ ചതിയാണ് ലീഗ് മുസ്‌ലിം സമുദായത്തോട് ചെയ്തത്. അതിനാലാണ് മുസ്‌ലിം ലീഗിലെ ഇപ്പോഴത്തെ പ്രതിസന്ധി ഒരു മുസ്‌ലിം സമുദായ പ്രശ്‌നം കൂടിയായി മാറുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ ഉള്‍പ്പടെ കുഞ്ഞാലിക്കുട്ടി പ്രതിക്കൂട്ടിലായ കാലം ഓര്‍ക്കുക. നിര്‍ലജ്ജം സമുദായം വലിച്ചിഴക്കപ്പെട്ടു.

അതിനാല്‍ ലീഗിലെ ഇപ്പോഴത്തെ പ്രതിസന്ധി കുഞ്ഞാലിക്കുട്ടി എന്ന ഒറ്റപ്പേരിലേക്ക് ചുരുക്കുന്നത് രാഷ്ട്രീയ ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. കെ.എം ഷാജിയും കെ.ടി ജലീലുമൊക്കെ സൃഷ്ടിക്കപ്പെട്ടത് ലീഗിന്റെ രാഷ്ട്രീയ നഷ്ടത്തില്‍ നിന്നാണ്. തങ്ങള്‍ കുടുംബം വാസ്തവത്തില്‍ നിര്‍മിതമായ ഒരു പരിചയാണ്. ഇബ്രാഹിം കുഞ്ഞും പാലാരിവട്ടം പാലവുമെല്ലാം ഒരു വലിയ പ്രക്രിയയുടെ ചില പുറത്തുവരലുകളാണ്. ലീഗില്‍ ഇപ്പോള്‍ പുളക്കുന്ന, മുസ്‌ലിം സമുദായത്തെ നിത്യം വിവാദകേന്ദ്രമാക്കുന്ന, അതുവഴി വിശ്വാസികളെ ഉഗ്രമായ ധര്‍മസങ്കടങ്ങളിലേക്കും അപമാനങ്ങളിലേക്കും വലിച്ചിഴക്കുന്ന പുത്തന്‍ കൂറ്റുകാരെല്ലാം ഒരു അപചയകാലത്തിന്റെ പ്രതിനിധികളാണ്. വേരു ചീഞ്ഞ മരത്തിന് ഇലത്തുമ്പിലല്ല ചികില്‍സ വേണ്ടത്.

കെ കെ ജോഷി

You must be logged in to post a comment Login