കാവൽവാക്കും പ്രാർഥനയും

കാവൽവാക്കും  പ്രാർഥനയും

അല്ലാഹുവിനോട് നടത്തുന്ന കാവൽ പ്രാർത്ഥനയാണ് തഅവ്വുദ്. പിശാചിൽ നിന്ന് അല്ലാഹുവിനോട് സംരക്ഷണം തേടുന്നത്. തഅവ്വുദ് ഓതിക്കൊണ്ടാണ് ഫാതിഹ ആരംഭിക്കേണ്ടത്. ഖുർആൻ പാരായണം ചെയ്യാൻ ഉദ്ദേശിച്ചാൽ അഭിശപ്തനായ പിശാചിൽനിന്ന് അല്ലാഹുവിനോട് സംരക്ഷണം തേടാൻ വിശുദ്ധ ഖുർആൻ സൂറ അന്നഹ്ൽ 98-ാം വചനത്തിൽ നിർദേശിച്ചിട്ടുണ്ട്. “അഊ ദുബില്ലാഹിമിനശൈത്വാനി റജീം’ എന്നതാണ് തഅവ്വുദിന്റെ ഏറ്റവും ഉത്തമമായ വാചകം. റസൂൽ(സ്വ) ഫാതിഹാ പാരായണത്തിന് മുമ്പ് ഈ വാചകം ഉരുവിട്ടിരുന്നതായി ഹദീസുകളിൽ കാണാം.
മനുഷ്യനെ വഴിതെറ്റിക്കുന്ന ദുഷ്ടനായ പിശാചിന്റെ ദുർബോധനങ്ങളിൽ നിന്ന് സർവ്വശക്തനായ അല്ലാഹുവിനോട് അഭയം ചോദിക്കലാണ് തഅവ്വുദ്. പിശാചിൽ നിന്ന് തന്റെ ദാസനെ രക്ഷിക്കാൻ അവന് മാത്രമേ സാധിക്കുകയുള്ളൂ.
തന്റെ ബലഹീനതയും കഴിവുകേടും സമ്മതിക്കുകയാണ് തഅവ്വുദിലൂടെ വിശ്വാസി ചെയ്യുന്നത്. ഒപ്പം അല്ലാഹുവിന്റെ അപാരമായ കഴിവും ശക്തിവിശേഷവും ഞാൻ അംഗീകരിക്കുന്നു എന്ന തുറന്നുപറച്ചിൽകൂടി അതിലുണ്ട്. എല്ലാതരം വിപത്തുകളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ അല്ലാഹുവിന് മാത്രമേ കഴിയൂ എന്ന ബോധ്യമുണ്ടാകുമ്പോഴാണല്ലോ അവനോട് രക്ഷതേടാൻ ഒരാൾ സന്നദ്ധനാകുന്നത്. പിശാച് മനുഷ്യന്റെ ആജന്മ ശത്രുവാണെന്ന വെളിപ്പെടുത്തലും തഅവ്വുദിൽ അടങ്ങിയിട്ടുണ്ട്.

മയ്യിത്ത് നിസ്കാരം ഉൾപ്പെടേയുള്ള എല്ലാ നിസ്കാരങ്ങളിലും തഅവ്വുദ് സുന്നതാണ്. എല്ലാ നിസ്കാരങ്ങളുടെയും ഓരോ റക്അതിലും- ഗ്രഹണ നിസ്ക്കാരത്തിന്റെ രണ്ടാം ഖിയാം ഉൾപ്പെടെ – തഅവ്വുദ് സുന്നതുണ്ടെന്നാണ് പ്രബല വീക്ഷണം- എന്നാൽ തിലാവതിന്റെ സുജൂദ് നിർവ്വഹിച്ച ശേഷം തുടർന്ന് പാരായണം ചെയ്യുമ്പോൾ തഅവ്വുദ് ആവർത്തിക്കേണ്ടതില്ല.

പെരുന്നാൾ നിസ്കാരം, മയ്യിത്ത് നിസ്കാരം അല്ലാത്ത മറ്റു നിസ്കാരങ്ങളിലെല്ലാം പ്രാരംഭപ്രാത്ഥനക്ക് (ദുആഉൽ ഇഫ്തിതാഹ്) ശേഷമാണ് തഅവ്വുദ് നടത്തേണ്ടത്.. പെരുന്നാൾ നിസ്കാരത്തിൽ അതിലെ പ്രത്യേക തക്ബീറുകൾ കൂടി കഴിഞ്ഞ ശേഷമാവണം തഅവ്വുദ് നടത്തുന്നത്. മയ്യിത്ത് നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥനയില്ലാത്തതിനാൽ തക്ബീറതുൽ ഇഹ്റാം കഴിഞ്ഞാലുടൻ തഅവ്വുദ് നടത്തേണ്ടതാണ്. ആദ്യ റക്അതിൽ തഅവ്വുദ് പ്രബലമായ സുന്നതാണ്. മറ്റു റക്അതുകളിലും സുന്നതുണ്ട് . ആദ്യറക് അതിൽ തഅവ്വുദ് നഷ്പ്പെട്ടാൽ രണ്ടാം റക്അതിലും രണ്ടാം റക്അതിലും നഷ്ടമായാൽ ശേഷം വരുന്ന റക്അതിലും തഅവ്വുദ് നടത്തേണ്ടതാണ്. പതുക്കെയാണ് ഇമാം ഉൾപ്പെടെ എല്ലാവരും തഅവ്വുദ് പാരായണം ചെയ്യേണ്ടത്.

ഉറക്കെ പാരായണം ചെയ്യുന്ന നിസ്കാരങ്ങളിലും അങ്ങനെയാണ് ചെയ്യേണ്ടത്. തഅവ്വുദ് പ്രബലമായ സുന്നതായതിനാൽ അതുപേക്ഷിക്കൽ നന്നല്ല.
ഫാതിഹയിലെ ഓരോ വചനത്തിന്റെയും അവസാനം ശ്വാസമയക്കാനായി പാരായണം നിർത്തിക്കൊണ്ടാണ് ഓതേണ്ടത്. ബിസ്മി ഫാതിഹയിലെ ഒരു വചനമായതിനാൽ അതിന്റെ അവസാനവും വഖ്ഫ് ചെയ്യേണ്ടതാണ്- നിർത്തേണ്ടതാണ്. ആശയതലത്തിൽ തുടർന്നു വരുന്ന വചനവുമായി ബന്ധമുള്ള വചനങ്ങളിലും വഖ്ഫ് സുന്നതുണ്ട്. ഏഴാം വചനത്തിലെ “അൻഅംത അലൈഹിം’ എന്ന വാചകം വചനത്തിന്റെ അന്ത്യമല്ലാത്തതിനാൽ അവിടെ വഖഫ് ചെയ്യാതെ പാരായണം ചെയ്യലാണ് ഉത്തമം. വഖ്ഫ് ചെയ്യുന്ന പക്ഷം തുടർന്നോതുമ്പോൾ പ്രസ്തുത വാചകം ആവർത്തിക്കൽ സുന്നതില്ല. ആവർത്തിക്കാതിരിക്കലാണ് ഉത്തമം.
ഫാതിഹാപാരായണം പൂർത്തിയായ ഉടനെ ആമീൻ (പ്രാർത്ഥന സ്വീകരിക്കണേ എന്നാണർത്ഥം) സുന്നതുണ്ട്. നിസ്കാരത്തിലും അല്ലാത്തപ്പോഴും ഇത് സുന്നതാണ്. ഇമാമിനും, മഅ്മൂമിനും , ഒറ്റക്ക് നിസ്കരിക്കുന്നവർക്കുമെല്ലാം ആമീൻ സുന്നതുണ്ട്. “വലള്ള്വാല്ലീൻ’ എന്ന വാചകം പാരായണം ചെയ്തശേഷം “റബ്ബിഗ്ഫിർലീ’ എന്നു പറഞ്ഞു കൊണ്ടാണ് ആമീൻ പറയേണ്ടത്. റസൂൽ(സ്വ) “വലള്ള്വാല്ലീൻ’ എന്ന വാചകം പാരായണം ചെയ്ത ശേഷം റബ്ബിഗ്ഫിർലീ ആമീൻ എന്ന് പറഞ്ഞിരുന്നതായി ഹദീസിൽ കാണാം.

മീമിന് ഇരട്ടിപ്പ് നൽകാതെയും ദീർഘം (മദ്ദ് ) നൽകിയുമാണ് ആമീൻ ഉച്ചരിക്കേണ്ടത്. ഉറക്കെ പാരായണം ചെയ്ത് നിർവഹിക്കുന്ന നിസ്കാരങ്ങളിൽ ഉച്ഛത്തിലും അല്ലാത്തവയിൽ പതുക്കെയുമാണ് ആമീൻ പറയേണ്ടത്. ഇമാമിന്റെ പാരായണം കേൾക്കുന്ന മഅ്മൂമും ഇമാമിന് കൂടെ ആമീൻ ഉറക്കെ പറയേണ്ടതാണ്. ഇമാമിന്റെ ആമീനിനോട് യോജിച്ചുകൊണ്ടാണ് മഅ്മൂം ആമീൻ പറയേണ്ടത്. ഇമാമിന്റെ കൂടെ ആമീൻ പറയാൻ റസൂൽ(സ്വ) നിർദേശിച്ചിട്ടുണ്ട്. “ഇമാമിന് കൂടെ മലക്കുകൾ ആമീൻ പറയുന്നുണ്ടെന്നും നിങ്ങളുടെ ആമീൻ മലക്കുകളുടെ ആമീനിനോട് ഒത്തുവന്നാൽ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുമെന്നും റസൂൽ(സ്വ) അരുളിയിട്ടുണ്ട്. ആമീൻ മാത്രമാണ് മഅ്മൂം ഇമാമിനോടുകൂടെ ചെയ്യേണ്ട കർമം. മറ്റു കർമങ്ങളെല്ലാം ഇമാം ചെയ്ത് കഴിഞ്ഞ ശേഷമാണ് മഅ്മൂം ചെയ്യേണ്ടത്. ഇമാമിന് കൂടെ ആമീൻ പറയാൻ സാധിച്ചില്ലെങ്കിൽ ഇമാം ആമീൻ പറഞ്ഞ ഉടനെ മഅ്മൂം ആമീൻ പറയേണ്ടതാണ്. ഇമാം തനിക്ക് ആമീൻ പറയൽ സുന്നതുള്ള സമയം അത് നിർവഹിക്കാതെ വൈകിപ്പിക്കുന്ന പക്ഷം ഇമാമിനെ കാത്തുനിൽക്കാതെ മഅ്മൂം ഉറക്കെ ആമീൻ പറയേണ്ടതാണ്. ഇമാം തന്റെ ഫാതിഹക്ക് ശേഷം ആമീൻ പറഞ്ഞില്ലെങ്കിലും മഅ്മൂമിന് ആമീൻ സുന്നതുണ്ട്. ഉറക്കെയാണ് അപ്പോഴും മഅ്മൂം ആമീൻ പറയേണ്ടത്.
സുബ്ഹ് നിസ്കാരത്തിലും, മഗ്്രിബ്, ഇശാ നിസ്ക്കാരങ്ങളുടെ ആദ്യ രണ്ട് റക്അതുകളിലും ഫാതിഹ, ശേഷമുള്ള സൂറ എന്നിവ ഉറക്കെയാ പാരായണം ചെയ്യേണ്ടത്. ജുമുഅ നിസ്കാരം, രണ്ട് പെരുന്നാൾ നിസ്കാരങ്ങൾ, ചന്ദ്രഗ്രഹണ നിസ്ക്കാരം, മഴ ലഭിക്കാൻ വേണ്ടിയുള്ള നിസ്ക്കാരം, തറാവീഹ് നിസ്ക്കാരം, തറാവീഹിനെ തുടർന്ന് നിർവഹിക്കുന്ന വിത്റ് നിസ്ക്കാരം എന്നിവയിലും ഉറക്കെയാണ് പാരായണം ചെയ്യേണ്ടത്. ഇമാം, ഒറ്റക്ക് നിസ്കരിക്കുന്നവർ എന്നിവർക്കാണ് ഉച്ഛത്തിൽ പാരായണം ചെയ്യൽ സുന്നതുള്ളത്. മഅ്മൂം സ്വയം കേൾക്കും വിധം പതുക്കെയാണ് പാരായണം ചെയ്യേണ്ടത്. ഉറക്കെ പാരായണം ചെയ്യൽ നന്നല്ല.
ജനങ്ങളിൽ നിന്നെല്ലാം അകന്ന് ഏകാന്തതയിൽ കഴിഞ്ഞുകൂടുന്ന സമയമാണ് രാത്രി .അല്ലാഹുവിനെ സംബോധന ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയവും രാത്രിയാണ്. രാത്രി നിസ്ക്കാരങ്ങളിൽ ഉച്ഛത്തിൽ പാരായണം ചെയ്യാൻ നിർദേശിച്ചതിന് പിന്നിലെ പൊരുൾ ഇതാണെന്ന് ജ്ഞാനികൾ വിവരിച്ചിട്ടുണ്ട്. അടിമ തന്റെ യജമാനനോട് നേരിൽ സംബോധന ചെയ്യുന്നതിന്റെ അനുഭൂതി പ്രകടിപ്പിക്കുക എന്നതാണ് ഉറക്കെ പാരായണം ചെയ്യുന്നതിന് പിന്നിലെ സാംഗത്യം . അവസാന റക്അതുകളെ അപേക്ഷിച്ച് കൂടുതൽ ഉന്മേഷം ലഭിക്കുന്നത് ആദ്യ രണ്ട് റക്അതുകളിലായതിനാലാണ് ഉറക്കെയുള്ള പാരായണവും സൂറ: പാരായണവും ആദ്യ രണ്ട് റക്അതു കളിൽ പരിമിതപ്പെടുത്തിയത്. പകൽ സമയം ജോലിത്തിരക്കുകളുടെയും ജനസമ്പർക്കത്തിന്റെയും സമയമാണ്. തിരക്കുകളിൽ നിന്നൊഴിഞ്ഞ് നാഥനുമായി സംബോധന നടത്താൻ പറ്റിയ സമയമല്ല. അതിനാൽ പകൽ സമയങ്ങളിലെ നിസ്ക്കാരങ്ങളിൽ പതുക്കെ ഖുർആൻ പാരായണം ചെയ്യാൻ നിർദേശിക്കപ്പെട്ടു. സുബ്ഹ് സമയം സാധാരണഗതിയിൽ ജോലിത്തിരക്ക് കുറഞ്ഞ സമയമാണ്. അതിനാൽ, സുബ്ഹ് നിസ്ക്കാരത്തെ രാത്രി നിസ്ക്കാരത്തോടാണ് ചേർത്തിട്ടുള്ളത്. ജുമുഅയും ഇപ്രകാരമാണ് ( ഹാശിയതു ശ്ശബ്റാ മുല്ലസി 1/494).

ഇസ്ഹാഖ് അഹ്സനി

You must be logged in to post a comment Login