ഖുര്‍ആന്റെ വ്യത്യസ്തതകള്‍

ഖുര്‍ആന്റെ   വ്യത്യസ്തതകള്‍

അഞ്ചു കേവലാക്ഷരങ്ങള്‍ കൊണ്ടാണ് ഖുർആനിലെ മർയം അധ്യായം തുടങ്ങുന്നത്. ഖുര്‍ആനില്‍ 29 അധ്യായങ്ങള്‍ അങ്ങനെയാണ്. വിശുദ്ധ ഖുര്‍ആന്‍ ഒരു സാധാരണ ഗ്രന്ഥമല്ലല്ലോ? അതുകൊണ്ട് തന്നെ ഇതര ഗ്രന്ഥങ്ങളില്‍ നിന്നും വേറിട്ട്, സ്വന്തമായ ഒരു അസ്തിത്വം അത് നിലനിര്‍ത്തുന്നുണ്ട്. സാധാരണ ഗ്രന്ഥത്തിന്റെ പൊതു സ്വഭാവങ്ങളില്‍ നിന്നും ഖുര്‍ആന്‍ വേറിട്ടുനില്‍ക്കുന്നുണ്ട്. ആ വേറിട്ടുനില്‍ക്കലില്‍ പ്രധാനമാണ് ഈ വിസ്മയ പ്രാരംഭങ്ങള്‍.

സാധാരണ അറബി നിയമമനുസരിച്ച് ഈ അക്ഷരങ്ങള്‍ “കഹയഅസ’ എന്നോ മറ്റോ ആണ് വായിക്കേണ്ടത്. എന്നാല്‍ വായിക്കുന്നത് കാഫ്, ഹാ, യാ… എന്നിങ്ങനെയാണ്. അല്‍ ബഖറ, ആലു ഇംറാന്‍ അധ്യായങ്ങളുടെ തുടക്കവും, ഇന്‍ശിറാഹ്, ഫീല്‍ അധ്യായങ്ങളുടെ തുടക്കവും കാഴ്ചയില്‍ ഒരു പോലെയാണെങ്കിലും പാരായണം വ്യത്യസ്തമാണ്.

അറബിയില്‍ ഇംഗ്ലീഷിലേതു പോലെ തന്നെ അക്ഷരങ്ങള്‍ അതു പോലെയല്ല പദങ്ങളില്‍ ഉപയോഗിക്കാറുള്ളത്. APPLE എന്നതിന് ആപ്പിള്‍ എന്നു വായിക്കുന്നു. എ പി പി എല്‍ ഇ എന്നു വായിക്കുന്നില്ല. സൂറത്തുല്‍ ഫീലിന്റെ തുടക്കത്തില്‍ നാം അലിഫ് ലാം മീം എന്നു വായിക്കുന്നില്ല, അലം എന്നു വായിക്കുന്നു. എന്നാല്‍ സൂറത്തുല്‍ ബഖറയില്‍ അത് “അലിഫ്, ലാം മീം’ എന്നാണ് വായിക്കേണ്ടത്. ഖുര്‍ആന്റെ ഒരു വേറിട്ടുനില്‍പാണിത്.

ഒരു ഗ്രന്ഥം എന്ന നിലക്ക് ഖുര്‍ആര്‍ ഇതര ഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തമാവുന്നതിന്റെ ചില രീതികളും അവയുടെ ഹ്രസ്വമായ വിവരണവുമാണ് ഈ അധ്യായത്തില്‍ ഉദ്ദേശിക്കുന്നത്. ഒരു പുസ്തകത്തിന് അതെഴുതാനുപയോഗിക്കുന്ന ഭാഷ, അതു പ്രകടിപ്പിക്കുന്ന ലിപി, അതു വായിക്കാന്‍ സ്വീകരിക്കുന്ന രീതി, ആ വാക്യങ്ങള്‍ക്കുള്ള അര്‍ഥം, ആ ഗ്രന്ഥത്തില്‍ ഉപയോഗിച്ച ക്രമം, വാക്യങ്ങളുടെ വ്യാഖ്യാനം, ഗ്രന്ഥത്തിനു നല്‍കിയ പേര് എന്നിവയാണല്ലോ ഒരു സാധാരണ ഗ്രന്ഥത്തിലെ പൊതു സ്വഭാവങ്ങള്‍. എന്നാല്‍ ഇക്കാര്യങ്ങളിലൊക്കെയും ഖുര്‍ആന്‍ നമ്മെ വിസ്മയപ്പെടുത്തും. പരിശോധിക്കാം.

1) പാരായണ ഭേദങ്ങള്‍
ഒരു പുസ്തകം സാധാരണഗതിയില്‍ ഒരു രൂപത്തിലേ വായിക്കാനാവൂ. എന്നാല്‍ ഖുര്‍ആനിലെ പല സൂക്തങ്ങളും ഏഴോളം രൂപത്തില്‍ പാരായണം ചെയ്യാനാവും. അവയെല്ലാം അല്ലാഹുവില്‍നിന്നും ജിബ്്രീല്‍(അ) മുഖേന ലഭിച്ചതുമാണ്. അല്ലാതെ ചില ബൈബിള്‍ കൃതികളില്‍ കാണുന്നതു പോലുള്ള അഭിപ്രായ വ്യത്യാസങ്ങളല്ല. അതിനാല്‍ അവകള്‍ തമ്മില്‍ ആശയത്തില്‍ വൈവിധ്യം സംഭവിക്കാമെങ്കിലും വൈരുദ്ധ്യം സംഭവിക്കില്ല.

ഒരു സംഭവമുണ്ട്. ഒരിക്കല്‍ ഹിശാം(റ) നിസ്‌കരിക്കുമ്പോള്‍ ഖുര്‍ആന്‍ ഓതുന്നത് ഉമര്‍(റ) കേള്‍ക്കാനിടയായി. താന്‍ തിരുനബിയില്‍ നിന്ന് കേട്ടതു പോലെ ആയിരുന്നില്ല ആ പാരായണം. നിസ്‌കാരം കഴിഞ്ഞ ഉടനെ അദ്ദേഹത്തെയും കൂട്ടി ഉമര്‍(റ) തിരുനബിയുടെ സവിധത്തിലെത്തി. “നബിയേ… അങ്ങ് പാരായണം ചെയ്തതിന് വിപരീതമായി ഇദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്തു.’ ഉമര്‍(റ) പരാതിപ്പെട്ടു.
“അദ്ദേഹത്തെ വിടൂ ഉമര്‍! അദ്ദേഹം പാരായണം ചെയ്യട്ടെ’ തിരുനബി കല്‍പിച്ചു. ഹിശാം പാരായണം തുടങ്ങി. “ഇത് ശരിയാണല്ലോ… ഇങ്ങനെത്തന്നെയാണ് ഖുര്‍ആന്‍ അവതരിച്ചിരിക്കുന്നത്.’ ഹിശാമിന്റെ(റ) പാരായണം കേട്ട തിരുനബി പ്രതികരിച്ചു.
“ഇനി നിങ്ങള്‍ പാരായണം ചെയ്യൂ…’ തിരുനബി(സ) ഉമറിനോട്(റ) കല്‍പിച്ചു. ഉമര്‍(റ) പാരായണം ചെയ്തു. “ഇതും ശരിയാണ്. ഖുര്‍ആന്‍ ഏഴു രൂപത്തില്‍ അവതരിച്ചിട്ടുണ്ട്’. ഉമറിന്റെ(റ) പാരായണം ശ്രവിച്ച തിരുനബി(സ) പ്രതികരിച്ചു. ഒരേ രൂപത്തില്‍ എഴുതുകയും പല രൂപത്തില്‍ പാരായണം ചെയ്യുകയും, ആശയത്തില്‍ വൈവിധ്യങ്ങളുണ്ടായിട്ടും തീരെ വൈരുദ്ധ്യം സംഭവിക്കാത്ത വിസ്മയ ഗ്രന്ഥമാണ് ഖുര്‍ആന്‍.

2) ലിപി
ഖുര്‍ആന്‍ അറബി ഭാഷയിലാണെങ്കിലും അറബി ഭാഷ അറിയുന്നവര്‍ക്കെല്ലാം ശരിയായ വിധം ഖുര്‍ആന്‍ പാരായണം സാധ്യമല്ല. അതിന് ഖുര്‍ആന്റെ സവിശേഷമായ ലിപി അറിയുക തന്നെ വേണം. പാരായണത്തിലെന്ന പോലെ ലിപിയിലും ഖുര്‍ആന്‍ സ്വന്തമായ അസ്തിത്വം പുലര്‍ത്തിയിട്ടുണ്ട്. ഖുര്‍ആനില്‍ ഉപയോഗിച്ച ലിപി റസ്മുല്‍ ഉസ്മാനിയെന്നാണ് അറിയപ്പെടുന്നത്. ചില പ്രത്യേക സ്ഥലങ്ങളില്‍ തിരുനബിയുടെ നിര്‍ദേശപ്രകാരം സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായ എഴുത്തുരീതിയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. ചിലയിടത്ത് ഒരക്ഷരം അധികമുണ്ടാവും- ഉച്ചാരണത്തില്‍ അത് കാണില്ല; വേറെ സ്ഥലത്ത് ഒരക്ഷരം പോയിട്ടുണ്ടാകും. ചിലപ്പോള്‍ ഒരക്ഷരത്തിന് പകരം മറ്റൊരക്ഷരം കൊടുത്തിട്ടുണ്ടാകും. ചിലപ്പോള്‍ അക്ഷരം മാറ്റാതെതന്നെ മാറ്റി ഉച്ചരിക്കേണ്ടിവരും. ഇതൊന്നും അബദ്ധത്തില്‍ സംഭവിച്ചതല്ല. അങ്ങനെ എഴുതാനുള്ള പ്രത്യേക നിര്‍ദേശങ്ങളാണ്.

3) ക്രമം
എല്ലാ ഗ്രന്ഥങ്ങള്‍ക്കും ഒരു ക്രമം ഉണ്ട്. ആദ്യം എഴുതിയത് ആദ്യ അധ്യായം, പിന്നീടെഴുതിയത് അതിന്റെ ശേഷം, അടുത്തത് അതിന്റെ പിറകെ എന്നിങ്ങനെയായിരിക്കും അതിന്റെ ക്രമം. എന്നാല്‍ ഖുര്‍ആന്‍ അതിന്റെ അവതരണ ക്രമത്തിലല്ല ക്രോഡീകരിക്കപെട്ടിട്ടുള്ളത്. ഇങ്ങനെ ക്രമപ്പെടുത്തുന്നതു കൊണ്ട് ഒരു അസാംഗത്യവും സംഭവിക്കാത്ത വിധം അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം മറ്റൊരു രീതിയിലാണത് ക്രമപ്പെടുത്തിയത്. അതോടൊപ്പം അധ്യായങ്ങള്‍ തമ്മിലും അതിലെ സൂക്തങ്ങള്‍ തമ്മിലുമുള്ള ബന്ധം ആരെയും ആശ്ചര്യപ്പെടുത്തും. ഉദാഹരണത്തിന് ആദ്യം അവതരിച്ച സൂക്തങ്ങള്‍ വെച്ചിരിക്കുന്നത് 96-ാം അധ്യായത്തിന്റെ തുടക്കത്തിലാണ്.

4) ആശയം
സാധാരണ ഒരു ഗ്രന്ഥത്തില്‍ അതിലുള്ള വാക്കുകളുടെ അര്‍ഥങ്ങള്‍ മാത്രമേ അതിന്റെ ആശയമായി പറയാന്‍ സാധിക്കുകയുള്ളൂ. ആ വാക്കുകള്‍ക്കില്ലാത്ത അര്‍ഥമോ അവകളുടെ വിപരീതാര്‍ഥമോ അതിന്റെ ആശയമായി ഗണിക്കാന്‍ പറ്റില്ല. എന്നാല്‍ ഖുര്‍ആനില്‍ ഈ മൂന്നു രൂപത്തിലും ആശയമുണ്ടാവും. നസ്ഖ് എന്ന പ്രതിഭാസത്തെത്തുടര്‍ന്നാണ് ഈ വൈവിധ്യം സാധ്യമാകുന്നത്. ഒരു സൂക്തത്തിന്റെ ആശയത്തെ/പാരായണത്തെ ദുര്‍ബലപ്പെടുത്തുന്നതിനാണ് നസ്ഖ് എന്ന് വ്യവഹരിക്കപ്പെടുന്നത്. ഇത് മൂന്ന് ഇനമുണ്ട്. ആശയങ്ങള്‍ മാത്രം ദുര്‍ബലപ്പെടുത്തുന്നതാണ് ഒന്ന്. അപ്പോള്‍ ആ പദം ഖുര്‍ആനില്‍ തന്നെയുണ്ടാകും. ഇങ്ങനെ പദം മാത്രം ശേഷിപ്പിക്കുകയെന്ന വ്യത്യസ്തതയും മുമ്പ് ഇങ്ങനെയൊരു ആശയമുണ്ടായിരുന്നു എന്ന അറിയിപ്പും ഇതിലൂടെ ലഭിക്കുന്നു. മറ്റൊന്ന് ആശയത്തോടു കൂടെ പദവും ദുര്‍ബലപ്പെടുത്തലാണ്. ഇത് പൊതുവെ മറ്റു ഗ്രന്ഥങ്ങളില്‍ ഉണ്ടാകുന്നതാണെങ്കിലും അതില്‍ തെറ്റോ വിയോജിപ്പോ ഉണ്ടാകുമ്പോഴാണ് അങ്ങനെയുണ്ടാകാറുള്ളത്. എന്നാല്‍ ഖുര്‍ആനില്‍ അങ്ങനെയല്ല. ആദ്യമേ നിശ്ചയിച്ച അവധി തീര്‍ന്നതുകൊണ്ടാണ് ദുര്‍ബലപ്പെടുത്തുന്നത്. പദം മാത്രം ദുര്‍ബലപ്പെടുത്തുന്നതാണ് അടുത്തത്. ഈ സന്ദര്‍ഭത്തില്‍ ആശയത്തിന്റെ പദം ഖുര്‍ആനില്‍ നിന്ന് കണ്ടുപിടിക്കാന്‍ സാധിക്കില്ല. വ്യഭിചരിച്ചവനെ എറിഞ്ഞു കൊല്ലണമെന്ന ആശയം അറിയിക്കുന്ന പദം ഖുര്‍ആനിലുണ്ടായിരുന്നു. പിന്നീട് ആ പദം ദുര്‍ബലപ്പെടുത്തി. ഇപ്പോള്‍ ആ ആശയം ഖുര്‍ആനിലുണ്ട്. പക്ഷേ, അതറിയിക്കുന്ന പദം ഖുര്‍ആനില്‍ നിന്ന് കണ്ടുപിടിക്കാന്‍ സാധിക്കില്ല. ഇത് ഖുര്‍ആന്റെ വലിയൊരു വ്യത്യസ്തതയാണ്. ആശയപരമായ മറ്റൊരു വ്യത്യസ്തത കൂടിയുണ്ട്. പദമുണ്ടായിട്ടും ആശയമറിയാന്‍ സാധിക്കില്ല. അവ ഗ്രന്ഥത്തിന്റെ പോരായ്മയല്ല. ചിലത് ദുര്‍ഗ്രാഹ്യമാണെന്ന് (മുതശാബിഹാത്ത്) ഖുര്‍ആന്‍ തന്നെ നേരത്തെ വ്യക്തമാക്കിയതാണ്. അവ ഗുപ്തമാക്കി വെച്ചതില്‍ ചില രഹസ്യങ്ങളുണ്ട്. അതിന്റെ അര്‍ഥം അറിയാത്തതുകൊണ്ട് ഖുര്‍ആന്റെ ലക്ഷ്യം ലഭിക്കാതെ പോവുകയില്ല. അധ്യായം മർയമിന്റെ ഒന്നാം സൂക്തം അത്തരം ഒരു സൂക്തമത്രെ.
5) വ്യാഖ്യാനം

എല്ലാ വാക്യങ്ങള്‍ക്കും വ്യാഖ്യാനമുണ്ടാകാമെങ്കിലും അനന്തമായ വ്യാഖ്യാനമെന്നത് ഖുര്‍ആന് സ്വന്തമാണ്. കര്‍മശാസ്ത്രപരമായത്, ചരിത്രപരമായത്, ഫിലോസഫിക്കലായത്, വ്യാകരണപരമായത്, ശസ്ത്രീയമായത്… അങ്ങനെ പോകുന്നു. ഖുര്‍ആന്റെ ഒരോ വാക്യത്തിന്റെയും വ്യാഖ്യാനങ്ങള്‍, ആയിരക്കണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടും ഖുര്‍ആന്‍ നിത്യ വിസ്മയമായി ഒട്ടനവധി സാധ്യതകളിലേക്ക് വീണ്ടും കവാടങ്ങള്‍ തുറക്കുന്നു. ഇമാം ബൂസ്വീരി(റ) പറഞ്ഞില്ലേ: സമുദ്രങ്ങളിലെ തിരമാല പോലെയാണ് ഖുര്‍ആനിലെ ആശയങ്ങള്‍. സമുദ്രത്തിലെ മുത്തുകളെക്കാള്‍ ഭംഗിയും മൂല്യവുമുണ്ട് അവക്ക്.

6) അമാനുഷികത
മറ്റൊരാള്‍ക്ക് നിര്‍മിക്കാന്‍ സാധ്യമാകാത്ത വിധമുള്ളതാവുകയും, അങ്ങനെയൊന്ന് കൊണ്ടുവരാന്‍ വെല്ലുവിളിക്കുകയും ചെയ്യുകയാണ് ഖുര്‍ആന്‍. അത് പറയുന്നതോ അക്ഷരജ്ഞാനമില്ലാതിരുന്ന ഒരാള്‍! എല്ലാവര്‍ക്കും സുസമ്മതന്‍, സത്യസന്ധന്‍. ഗ്രന്ഥലോകത്ത് തീര്‍ച്ചയായും വേറിട്ട ഒരനുഭവമാണിത്. അമാനുഷികതയുടെ മുഖങ്ങള്‍ ധാരാളമുണ്ട്. അവ വിശദമായ വിശദീകരണം അര്‍ഹിക്കുന്നുണ്ട്.

7) പേരുകള്‍
ഗ്രന്ഥത്തിനും അതിലെ അധ്യായങ്ങള്‍ക്കും ഒരു ശീര്‍ഷകമുണ്ടാകും. ഒന്നേ ഉണ്ടാകൂ. എന്നാല്‍ ഖുര്‍ആന്‍ ഇവിടെയും വ്യത്യസ്തമാകുന്നു. ഖുര്‍ആന് ധാരാളം പേരുകളുണ്ട്; ചില അധ്യായങ്ങള്‍ക്ക് ഒന്നിലധികം.

അധ്യായം കേന്ദ്രീകരിക്കുന്ന വിഷയത്തിനടിസ്ഥാനമാക്കിയാണ് സാധാരണ ഗതിയില്‍ അധ്യായത്തിനു പേരു നല്‍കാറുള്ളത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ ബന്ധമുണ്ടെന്ന് തോന്നാത്തതും എന്നാല്‍ ബന്ധമുള്ളതുമായ പേരുകളാണ് ഖുര്‍ആന്‍ നല്‍കിയത്. പുതിയ കാലത്ത് പലരും ഈ രീതി സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ മാതൃക ഖുര്‍ആനാണെന്നു കാണാം.

ഇങ്ങനെയുള്ള പ്രത്യേകതകളില്‍ പ്രധാനമാണ് ചില ആരംഭങ്ങളിലെ വിസ്മയമായി നില കൊള്ളുന്ന ഈ അക്ഷരക്കൂട്ടുകള്‍. വിശദമായി അടുത്ത ലക്കത്തില്‍ വിവരിക്കാം.

(തുടരും)

You must be logged in to post a comment Login