കാലഹരണദോഷത്തിന് സാധ്യതയുള്ളതാണ് നിങ്ങള്‍ ഇനി വായിക്കാന്‍ പോകുന്ന ചൂണ്ടുവിരല്‍. നീതിയുക്തവും ജനാധിപത്യപരവും മാനുഷികവുമായ ഒരു സര്‍ക്കാര്‍ തീരുമാനംകൊണ്ട് പ്രസക്തി റദ്ദാവാന്‍ ഇടയുള്ള ഒന്ന്. അഥവാ കാലഹരണപ്പെടട്ടേയെന്ന്, പ്രസക്തി നഷ്ടമാവട്ടെ എന്ന് ആഗ്രഹിക്കുന്ന ഒന്ന്. പ്രതികരണ സ്വഭാവമുള്ള, ഇടപെടല്‍ ക്ഷണിക്കുന്ന ആഴ്ചക്കുറിപ്പുകള്‍ പൊതുവേ ഇത്തരം നൂല്‍പ്പാലം കയറാറില്ല. പേജ് വിന്യാസവും അച്ചടിയും കഴിഞ്ഞ് വായനക്കാരിലേക്ക് എത്തുന്ന ദിവസങ്ങളുടെ ഇടവേളയില്‍ ഒറ്റത്തീരുമാനം കൊണ്ട് കുറിപ്പുകള്‍ കാലഹരണപ്പെടും എന്നതിനാലാണത്. പക്ഷേ, ഇതിപ്പോള്‍ നമ്മള് സംസാരിച്ചേ തീരൂ എന്നത് ഇക്കാലത്തിന്റെ ഒരാവശ്യമാണ്. അത്രയ്ക്ക് അനിവാര്യമായ സന്ദര്‍ഭമാണ്. ശരിയായ സര്‍ക്കാര്‍ തീരുമാനം വന്നാല്‍ അഭിമാനത്തോടെ ആ കാലഹരണപ്പെടലിനെ നമുക്കു സ്വീകരിക്കാം.
കാര്യത്തിലേക്ക് വരാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ എന്ന പോലെ കേരളത്തിലെ ഹയര്‍സെക്കണ്ടറി പ്രവേശനം പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണ്. മികച്ച രീതിയില്‍ എസ് എസ് എൽ സി വിജയിച്ച കുട്ടികള്‍ക്ക് പ്രവേശനത്തിന്റെ കാര്യത്തില്‍ ഒരേ നീതി ലഭിക്കുന്നില്ല. പ്ലസ് വണ്ണില്‍ ആഗ്രഹമുള്ള വിഷയത്തില്‍ (ഗ്രൂപ്പില്‍) പ്രവേശനം ലഭിക്കുന്നില്ല. ആഗ്രഹിക്കുന്ന പോലെ അങ്ങനെ ലഭിക്കുമോ എന്നു ചോദിക്കാം.
തിരുവനന്തപുരത്തും കൊല്ലത്തും മലപ്പുറത്തും എസ് എസ് എൽ സി എഴുതിയ വിദ്യാര്‍ഥികളുടെ കാര്യമെടുക്കാം. ഒരേ സിലബസാണല്ലോ അവര്‍ പഠിച്ചത്. ഒരേ പരീക്ഷ ഒരേ ദിവസം ഒരേ സമയത്ത് ആണല്ലോ അവര്‍ എഴുതിയത്. ഒരേ ചോദ്യപേപ്പര്‍. ഒരേ മാനദണ്ഡം പാലിച്ചുള്ള മൂല്യനിര്‍ണയം. ഇവരില്‍ ഒരേ മാര്‍ക്കു കിട്ടിയ എല്ലാവരും ഒരേരീതിയില്‍ യോഗ്യരാണ് എന്നതില്‍ സംശയമില്ലല്ലോ? പക്ഷേ, തിരുവനന്തപുരത്തെ കുട്ടിക്ക് അവര്‍ക്കിഷ്ടമുള്ള വിഷയത്തില്‍ പ്രവേശനം കിട്ടുകയും മലപ്പുറത്തെ കുട്ടിക്ക് ഒരു വിഷയത്തിലും അഡ്മിഷന് കിട്ടാതിരിക്കുകയും ചെയ്താല്‍? മലപ്പുറത്തോ കോഴിക്കോടോ കണ്ണൂരിലോ വയനാട്ടിലോ കാസര്‍കോട്ടോ പഠിച്ചു എന്നത് അവസരനിഷേധത്തിനും തിരുവനന്തപുരത്തോ എറണാകുളത്തോ പഠിച്ചു എന്നത് അവസരലഭ്യതക്കും കാരണമായാല്‍? അതല്ലാതെ മറ്റെന്താണ് കുഞ്ഞുങ്ങളോടുള്ള അനീതി? അതും വാസസ്ഥലം എന്നത്, പഠിച്ച സ്കൂള്‍ എന്നത്, ആ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ജില്ല എന്നത് ഒന്നും തരിമ്പും ആ കുട്ടിയുടെ തിരഞ്ഞെടുപ്പല്ലാത്ത സാഹചര്യത്തില്‍? അങ്ങനെ സംഭവിക്കാമോ? പാടില്ല എന്നല്ലേ ജനാധിപത്യം നല്കുന്ന ഉത്തരം? എങ്കില്‍ പാടില്ലാത്തതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ എന്നത് മുതിര്‍ന്നവരുടെ ഇടപാടാണല്ലോ? അതിന്റെ ന്യായങ്ങള്‍, അതിന്റെ സാമ്പത്തികവശങ്ങള്‍ എല്ലാം മുതിര്‍ന്നവരുടെ ആലോചനകളും ആകാംക്ഷകളും ആണല്ലോ? കുട്ടികള്‍ പഠിക്കുക മാത്രം ചെയ്തവരാണ്. നിങ്ങള്‍ മുതിര്‍ന്നവര്‍ പഠിക്കണമെന്ന് അവരോട് രേഖാമൂലം നിര്‍ദേശിച്ചതൊക്കെയും കണ്ണുചിമ്മാതെ പഠിച്ചവരാണ്. നിങ്ങള്‍ പറഞ്ഞ തീയതിയില്‍ പരീക്ഷ എഴുതിയവരാണ്. നിങ്ങള്‍ പരീക്ഷകള്‍ നിങ്ങളുടെ സൗകര്യത്തിന് മാറ്റിയും മറിച്ചും നടത്തിയപ്പോള്‍ നിസ്സഹായമായ നിശബ്ദതയോടെ നിങ്ങള്‍ പറഞ്ഞത് അനുസരിച്ചവരാണ്. അവരെന്തു പഠിച്ചില്ല എന്ന മട്ടിലുള്ള നിങ്ങളുടെ പരീക്ഷകളെ സുഗമമായി, മൗനമായി തരണം ചെയ്തവരാണ്. നിങ്ങള്‍ ആണ് അവരുടെ പഠനമികവിനെ അളന്നത്. അവരല്ല. നിങ്ങളാണ് അവര്‍ക്ക് ഇത്ര യോഗ്യതയുണ്ടെന്ന് അക്കങ്ങളായും ആല്ഫബെറ്റുകളായും വിശദീകരിച്ചുകൊടുത്തത്, അച്ചടിച്ചുകൊടുത്തത്. എല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ ആ കുട്ടികളോട് ഇങ്ങനെ ചെയ്യാമോ? ഒരേതരത്തില്‍ മികവ് തെളിയിച്ചവരില്‍ ചിലര്‍ക്ക് അവസരവും ചിലര്‍ക്ക് അവസരനിഷേധവും നടത്തുന്ന ഈ പ്രവൃത്തി ഏതെങ്കിലും അംശത്തില്‍ ജനാധിപത്യമാണോ? അല്ല. തിരുവനന്തപുരത്തെയും കൊല്ലത്തെയും സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച കുട്ടികള്‍ക്ക് സൗജന്യമായി സര്‍ക്കാര്‍തലത്തില്‍ തുടര്‍പഠനം ലഭിക്കുമ്പോള്‍ അതേ നിലയില്‍ യോഗ്യത നേടിയ മലബാറിലെ കുട്ടികളോട് നിങ്ങള്‍ അണ് എയിഡഡില്‍ പണം കൊടുത്ത് പഠിക്കൂ എന്നു പറയാമോ? അത് വിവേചനമല്ലേ? കുട്ടികളോട് ചെയ്യാന്‍ പാടില്ലാത്തതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അവര്‍ അനീതിക്കും വിവേചനത്തിനും ജനാധിപത്യാവകാശ ലംഘനത്തിനും ഇരകളാക്കപ്പെടുന്നു. അവരെ അപമാനിക്കുന്നു.
ഈ കാലവും ഓര്‍ക്കണം. കൊവിഡാണ്. കൊവിഡ് മാനസികമായി തളര്‍ത്തിയത് കുട്ടികളെയാണ്. അവര്‍ക്കുണ്ടായത് തിരിച്ചുകിട്ടാത്ത കൊടുംനഷ്ടങ്ങളാണ്. അവര്‍ക്ക് സ്കൂളുകള്‍ നഷ്ടമായി. ചങ്ങാത്തങ്ങള്‍ നഷ്ടമായി. ഏതു പ്രായത്തിലാണ് ഈ നഷ്ടം എന്നോര്‍ക്കണം. അങ്ങനെ നഷ്ടങ്ങളില്‍ തലതല്ലി വീണ കുഞ്ഞുങ്ങളാണ് നിങ്ങള്‍ പഠിപ്പിച്ചപോലെ പഠിച്ച്, നിങ്ങള്‍ പറഞ്ഞതുപോലെ പരീക്ഷ എഴുതിയത്. കൊവിഡാണ്, ഞങ്ങളെ ജയിപ്പിക്കൂ എന്ന് അവരാരും നിങ്ങളോട് യാചിച്ചിട്ടില്ല. എന്നിട്ടും നിങ്ങള്‍ നിങ്ങളുടെ സൗകര്യത്തിന്, അതിനുവേണ്ടി മാത്രം മൂല്യനിര്‍ണയം ഉദാരമാക്കി. അത് നിങ്ങളുടെ ആലസ്യത്തിന്റെ ഭാഗമെന്നേ കരുതേണ്ടൂ. അതിന് കുട്ടികള്‍ എന്തുപിഴച്ചു. ജയിച്ചുവന്ന ചില മേഖലകളിലെ മാത്രം കുഞ്ഞുങ്ങളോട് ഇനി പഠിക്കാന്‍ ഇടമില്ലെന്നല്ലേ പറയുന്നത്. അതും കൊവിഡ്കാലത്ത്?
ഇത്രയുമാണ് സംഭവിക്കുന്നത്. ഏകജാലക സംവിധാനമാണ് ഏതാനും വര്‍ഷങ്ങളായി പ്ലസ്്വണ്ണിലേത്. സൂക്ഷിച്ചും കണ്ടും അപേക്ഷിക്കണം. നല്ലതോതില്‍ മാനസിക സമ്മര്‍ദം സൃഷ്ടിക്കുന്ന ഒന്നാണ് ഈ അപേക്ഷിക്കല്‍. കുട്ടികള്‍ അപേക്ഷിച്ചു. അപേക്ഷയല്ല വാസ്തവത്തില്‍ അത്. അവകാശം ചോദിക്കലാണ്. ഇത്തവണ അവകാശം ചോദിച്ചത് 465219 കുട്ടികളാണ്. ആദ്യ അലോട്ട്മെന്റാണ് ഇപ്പോള്‍ കഴിഞ്ഞത്. 246801 കുട്ടികള്‍ക്ക് പ്രവേശനം കിട്ടിയില്ല. ഈ കുറിപ്പ് എഴുതുമ്പോള്‍ ഔദ്യോഗികകണക്ക് പ്രകാരം സര്‍ക്കാര്‍ സംവിധാനത്തില്‍ ഇനി ബാക്കിയുള്ളത് 52718 സീറ്റുകളാണ്. എയിഡഡില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ അറുപതിനായിരത്തോളം സീറ്റുകളുണ്ട്. പണം കൊടുത്ത് പഠിക്കേണ്ട അണ് എയിഡഡില്‍ അമ്പത്തിയഞ്ചായിരം സീറ്റുകളും. പിന്നെയുമുണ്ട് ഉപരിപഠനത്തിന് യോഗ്യത നേടിയ, പ്ലസ്വണ്-പ്ലസ്ടു സമ്പ്രദായത്തില്‍ പഠിക്കാന്‍ അവകാശം ചോദിച്ച എഴുപത്തി എട്ടായിരത്തോളം (78668) കുട്ടികള്‍. അവര്‍ക്ക് പഠിക്കാന്‍ അവസരമില്ല. അവകാശലംഘനം ഇതല്ലേ?
കാര്യമിതാണ്. ഇത്രയും കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള പാങ്ങ് നിലവിലില്ല. അതുണ്ടാവണമെങ്കില്‍ കൂടുതല്‍ പ്ലസ്്വണ്‍ ബാച്ചുകള്‍ ഇക്കൊല്ലം അനുവദിക്കേണ്ടി വരും. സര്‍ക്കാര്‍സംവിധാനത്തില്‍ ഇതിപ്പോള്‍ നടക്കില്ല എന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. അതിന്റെ കാരണം സാമ്പത്തികമാണ്. അപ്രകാരത്തില്‍ ബാച്ചുകള്‍ തുടങ്ങാന്‍ അടിസ്ഥാനസൗകര്യങ്ങളും അധ്യാപകരും വേണം. അധ്യാപകര്‍ എന്നത് ഭാവിയിലേക്ക് നീളുന്ന വന്സാമ്പത്തികഭാരമാണ്. ഇപ്പോള്‍ തന്നെ ഒരു ലക്ഷത്തിനുമേലെ ആണ് ശമ്പളഇനത്തില്‍ മാത്രം ഒരു അധ്യാപകന് വേണ്ടത്. അതിപ്പോള്‍ സര്‍ക്കാരിന് താങ്ങാനാവില്ല. ഇപ്പോള്‍ അല്ലല്ലോ അത് ചിന്തിക്കേണ്ടത് എന്ന ചോദ്യം കുട്ടികള്‍ ചോദിച്ചേക്കാം. കാരണം ന്യായമുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ കെല്പുള്ളവര് കുട്ടികളാണല്ലോ? ഒരു ജില്ലയില്‍ എത്രകുട്ടികള്‍ എട്ടാം ക്ലാസില്‍ പഠിക്കാന്‍ ചേര്‍ന്നു എന്നതിന്റെ കണക്ക് അണുവിട തെറ്റാതെ വിദ്യാഭ്യാസവകുപ്പിന്റെ കയ്യില്‍ ഉണ്ടല്ലോ? ആ കുട്ടികള്‍ എല്ലാവരും തന്നെ വളരെ സ്വാഭാവികമായും പത്താം ക്ലാസില്‍ എത്തും. അവർ പരീക്ഷയെഴുതും. വിജയശതമാനം നാള്‍ക്കുനാള്‍ കൂടുകയാണ്. അവരെയെല്ലാം പ്ലസ് വണ്ണിന് ചേര്‍ക്കാന്‍ ബാച്ച് വേണമെന്ന് അവർ എട്ടില്‍ ചേരുമ്പോള്‍ തന്നെ സര്‍ക്കാര്‍ ചിന്തിക്കേണ്ടേ? എല്ലാവരും എന്തിനാ പ്ലസ്്വണ്ണിന് വരുന്നത്. വേറെ എത്രയോ തിരഞ്ഞെടുപ്പുകള്‍ ഉണ്ട് എന്നാണോ? ഞങ്ങള്‍ക്ക് സൗകര്യമല്ലെങ്കിലോ എന്നാണ് കുട്ടികളുടെ മറുചോദ്യം.
സര്‍ക്കാര്‍ മറ്റൊന്നുകൂടി പറയുന്നുണ്ട്. ഇപ്പോള്‍ ബാച്ച് തുടങ്ങിയിട്ടും കാര്യമില്ല. ഓരോ വര്‍ഷവും പത്താം ക്ലാസില്‍ എത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയാണ്. ജനസംഖ്യയിലെ കുറവാണ് കാരണം. അതിനാല്‍ ഇപ്പോള്‍ തുടങ്ങുന്ന ബാച്ചുകള്‍ ഒരു നാലഞ്ച് വര്‍ഷം കഴിയുമ്പോള്‍ ആളില്ലാ കെട്ടിടങ്ങള്‍ ആകും. നിലവിലുള്ള ബാച്ചുകള്‍ പോലും ഒഴിവാക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ അധ്യാപകര്‍ ഭാരമാകും. അതിനു ഞങ്ങള്‍ എന്തു ചെയ്യണമെന്ന് കുട്ടികള്‍ ചോദിക്കുന്നത് കേള്‍ക്കുന്നില്ലേ?
മറ്റൊരു സംഗതിയും പ്രബലമായി വാദിക്കപ്പെടുന്നുണ്ട്. ഈ ബാച്ചില്ല സീറ്റില്ല ബഹളങ്ങള്‍ എയിഡഡ് ലോബിയുടെ കളിയാണ് എന്നതാണത്. സർക്കാര്‍ സ്കൂളുകളില്‍ ബാച്ച് അനുവദിക്കാന്‍ ധനവകുപ്പ് സമ്മതിക്കില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ ഉള്ള പണം ഇപ്പോള്‍ കണ്ടെത്തുക പ്രയാസമാണ്. പിന്നെ അതുണ്ടാക്കാന്‍ കഴിയുക എയിഡഡ് സ്കൂളുകള്‍ക്കാണ്. മാനേജ്മെന്റുകളാണല്ലോ അത് നടത്തുന്നത്. അവരുണ്ടാക്കിക്കോളൂം. അവർ അധ്യാപകരെയും നിയമിക്കും. എയിഡഡിലെ അധ്യാപകനിയമനം ഭൂരിപക്ഷവും പണം വാങ്ങിയാണ്. കോടിയില്‍ ചെന്ന് മുട്ടുന്ന ലക്ഷങ്ങളാണ് റേറ്റ്. ഈ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കേണ്ടത് സര്‍ക്കാരാണല്ലോ? പിന്നീട് ബാച്ചുകള്‍ പൂട്ടിപ്പോയാലും അവര്‍ പ്രൊട്ടക്ട്ടഡ് ആണ്. ശമ്പളം സര്‍ക്കാര്‍ കൊടുക്കണം. അതിദീര്ഘകാലത്തേക്ക് നീളുന്ന ബാധ്യത. അതും സര്‍ക്കാരിന് ഇപ്പോള്‍ സാധ്യമല്ല. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് തുടര്‍പഠനാവകാശം ചോദിച്ച് ഞങ്ങളിങ്ങനെ മഴയത്തും വെയിലത്തും നില്‍ക്കുമ്പോഴാണോ ഞങ്ങള്‍ക്ക് ഒരു പങ്കുമില്ലാത്ത കാര്യങ്ങള്‍ പറയുന്നതെന്ന് കുട്ടികള്‍ ചോദിക്കുന്നുണ്ട്.
സര്‍ക്കാര്‍ പറയുന്ന, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞ ഒരു കാര്യമുണ്ട്. സര്‍ക്കാരിന് ഒരു ബാധ്യതയുമില്ലാത്ത അണ്‍എയിഡഡ് സ്ഥാപനങ്ങളില്‍ ബാച്ച് അനുവദിക്കാന്‍ വിരോധമില്ലെന്ന്. അണ്‍എയിഡഡ് എന്ന് മേനിക്ക് പറയുന്നതാണ്. സംഭവം ഒന്നാംതരം സ്വകാര്യമാണ്. കനത്ത ഫീസാണ്. ആരുകൊടുക്കും ഫീസ്? മാത്രവുമല്ല പൊതുവിദ്യാഭ്യാസ സംരക്ഷണം മുദ്രാവാക്യമായ ഒരു സര്‍ക്കാര്‍ എന്താണ് ഈ പറയുന്നത്?
നയരൂപീകരണത്തിലും നടപ്പാക്കലിലും വന്നുചേരുന്ന പ്രാദേശിക അസന്തുലിതാവസ്ഥ ഒരു പുതിയ കാര്യമല്ല. പക്ഷേ, വിദ്യാഭ്യാസരംഗത്തെ അസന്തുലനം അവസരനഷ്ടമെന്ന കൊടിയ അവകാശലംഘനത്തെയാണ് സൃഷ്ടിക്കുക. കുട്ടികളുടെ അവകാശം ലംഘിക്കല്‍ ഒരു തലമുറയെ ഇരുട്ടിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്.
മറ്റൊന്നുകൂടി സര്‍ക്കാര്‍വൃത്തങ്ങളില്‍ നിന്ന് പുകഞ്ഞുവരുന്നുണ്ട്. കൊവിഡ് കാലം പരിഗണിച്ച് മൂല്യനിര്‍ണയം അത്യുദാരമാക്കിയതാണത്രേ ഇത്തവണ എ പ്ലസുകളുടെ കുതിച്ചുകയറ്റത്തിന് കാരണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് വര്‍ധന. അതിനാല്‍ എ പ്ലസ് കിട്ടിയവരെല്ലാം തങ്ങള്‍ എ പ്ലസ് കാരാണെന്നും ആഗ്രഹിച്ച വിഷയങ്ങള്‍ തന്നെ കിട്ടണമെന്നു വാശി പിടിക്കരുത് പോലും. ഓപ്പണ്‍ സ്കൂള്‍ ഉള്‍പ്പടെയുള്ള ബദല്സംവിധാനങ്ങള് സ്വീകരിക്കണം പോലും. എന്തൊരു അപമാനകരമായ മനോനിലയാണിത്? കുട്ടികള്‍ നിങ്ങളോട് പറഞ്ഞോ ഉദാരമാക്കാന്‍. വീട്ടിലിരുന്ന് സ്വതന്ത്രമായി പഠിച്ച കുട്ടികള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയെങ്കിൽ നിങ്ങളുടെ സ്ഥാപനപരമായ പഠിപ്പിക്കല്‍ സമ്പ്രദായത്തിന് പാളിച്ച ഉണ്ടെന്ന നിഗമനം എന്താ പറ്റില്ലേ? മലബാറിലാണല്ലോ കുട്ടികള്‍ കൂടുതലായി പുറത്തു നില്‍ക്കുന്നത്? അപ്പോള്‍ മലബാറിലെ ആ കുഞ്ഞുങ്ങള്‍ നിങ്ങളുടെ ക്രൂരമായ ഔദാര്യത്തിന്റെ ഇരകള്‍ മാത്രമാണെന്നോ? അതേ മാര്‍ക്കുള്ള തിരുവനന്തപുരത്തെ കുട്ടിക്ക് അവസരം ഉണ്ടല്ലോ? നിങ്ങള്‍ എന്തൊക്കെയാണ് ഈ പറയുന്നത്?
പരിഹാരം ലളിതമാണ്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പണത്തിന്റെ കണക്ക് പറയാതിരിക്കുക. അധ്യാപകരുടെ സംഘടിതമായ അവകാശബോധത്തെ പോലും പരിഗണിക്കാതിരിക്കുക. ഒറ്റലക്ഷ്യമേ പാടുള്ളൂ. കുട്ടികള്‍ പുറത്താവരുത്. അത്തരം ധീരമായ നിലപാട് മാത്രമാണ് കാലത്തോടുള്ള നീതി. ബാച്ചുകള്‍ ഇല്ല എങ്കില്‍ എന്തു ത്യാഗം സഹിച്ചും അത് സൃഷ്ടിക്കുക. ഭാവിബാധ്യതകള്‍ നേരിടാന്‍ വകുപ്പനന്തര പുനര്‍വിന്യാസങ്ങള്‍ ആലോചിക്കുക. നഷ്ടങ്ങള്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടി അവഗണിക്കുക. കുഞ്ഞുങ്ങളെ കരയിപ്പിച്ച് പുറത്തുനിര്‍ത്തുന്നത് മഹാസങ്കടമാണ്. അവരെന്തറിഞ്ഞു മുതിര്‍ന്നവരുടെ യുക്തികള്‍?
നമ്മുടെ ചില സമ്പ്രദായങ്ങള്‍ മാറേണ്ടതുണ്ട് എന്നതിന്റെ ചൂണ്ടുപലക കൂടിയാണ് ഈ പ്രതിസന്ധി. പന്ത്രണ്ടാം ക്ലാസിനെ പ്ലസ് ടു എന്ന് വിളിക്കുന്നതില്‍ തുടങ്ങുന്നു അബദ്ധം. നൂറ് ശതമാനവും സ്കൂളിംഗിന്റെ ഭാഗമാണ് ഹയര്‍ സെക്കണ്ടറി. ഒരു തുടര്‍ച്ച. പ്രീഡിഗ്രി അടര്‍ത്തിമാറ്റിയതിന്റെ യുക്തിയും അതുതന്നെയാണ്. പുതിയ കാലത്തെ കുട്ടികളുടെ വളര്‍ച്ചയുടെ സ്വഭാവം മനസിലാക്കിയുള്ള ഒന്ന്. പത്ത് കഴിഞ്ഞാല്‍ പതിനൊന്ന് എന്നത് അതിസ്വാഭാവികമാകേണ്ട ഒന്നാണ്. മുന്‍പ് മനോഘടനയെ നിര്‍ണയിക്കുന്ന സാമൂഹികസാഹചര്യവും കുടുംബനിലയും എല്ലാം പതിനഞ്ചുകാരനെ മുതിർത്തിയിരുന്നു. ഇന്ന് അണുകുടുംബങ്ങളും അടഞ്ഞ സാമുഹികതയും മേല്‍ക്കൈ നേടിയ സമൂഹമാണ്. പതിനേഴാണ് മുതിര്‍ച്ചയുടെ തുടക്കം. 4-3-3 പ്ലസ് 2 എന്ന സ്കൂള്വിഭജനത്തില് വലിയ യുക്തിയില്ല. മറിച്ച് 5-3-4 എന്ന ഘടനയിലേക്ക് മാറേണ്ടതുണ്ട്. ഒന്നു മുതല്‍ അഞ്ച് വരെ ലോവര്‍ പ്രൈമറി. ആറു മുതല്‍ എട്ടു വരെ അപ്പര്‍ പ്രൈമറി. എട്ടു മുതല്‍ പന്ത്രണ്ടു വരെ സെക്കന്ററി. വളരെ സ്വാഭാവികമായി തന്റെ സ്കൂളില്‍ ചങ്ങാതിമാര്‍ക്കൊപ്പം അവര്‍ കൗമാരത്തിലേക്ക് വളരട്ടെ. എല്ലാ ഉപരിപഠനത്തിന്റെയും അടിസ്ഥാനം പന്ത്രണ്ടാക്കുക. രാജ്യമാകെ അങ്ങനെ ആയിത്തുടങ്ങുകയാണ്. പത്താം ക്ലാസ് പൊതുപരീക്ഷയെന്ന അനാവശ്യ ആചാരവെടി ഒഴിവാക്കുക. പത്താം ക്ലാസ് അധ്യാപകനെയും പ്ലസ് ടു അധ്യാപകനെയും രണ്ടു സാമ്പത്തികവര്ഗമാക്കുന്ന അശാസ്ത്രീയത കാലോചിതമായി പരിഷ്കരിക്കുക. സിബിഎസ്ഇ ഉള്‍പ്പടെയുള്ള ഇതര സിലബസുകാര്‍ക്കും ഇത് മാനദണ്ഡമാക്കുക. പതിനൊന്നില്‍ സംസ്ഥാന സിലബസിലേക്ക് നടത്തുന്ന കുടിയേറ്റം തത്വത്തില്‍ നിരുത്സാഹപ്പെടുത്തുക. സിലബസ് ഏകീകരണം പോലും ആലോചിക്കാവുന്നതാണ്. അഥവാ വരുന്നവരെ ഉള്‍ക്കൊള്ളാന്‍ അല്പം സീറ്റുകള്‍ വര്‍ധിപ്പിക്കുക. ജോലിഭാരം എന്ന അധ്യാപക മുറവിളികള്‍ക്ക് യുക്തിസഹമായി മറുപടി നല്‍കുക.
ഇതൊക്കെ ആലോചിക്കാവുന്നതാണ്. പക്ഷേ, അത്തരം ആലോചനകള്‍ക്ക് ഇപ്പോള്‍ സമയമില്ല. കുഞ്ഞുങ്ങള്‍ അവരുടെ ക്ലാസ്മുറിക്ക് പുറത്തുനില്‍ക്കുകയാണ്. അകത്തിരുന്ന് പഠിക്കാന്‍ അവസരം കിട്ടിയവരെ നോക്കുകയാണ്. പുറത്തുനില്‍ക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്ക് നോക്കൂ. കുഞ്ഞുങ്ങളുടെ നിറഞ്ഞ കണ്ണുകള്‍ ചരിത്രത്തില്‍ ഇടപെടാറുണ്ട്.
കെ കെ ജോഷി
You must be logged in to post a comment Login