നിസ്‌കാരത്തില്‍ നിന്നു വിരമിക്കാം

നിസ്‌കാരത്തില്‍ നിന്നു  വിരമിക്കാം

നിസ്‌കാരത്തിന്റെ വിരാമം കുറിക്കുന്ന അനിവാര്യ ഘടകമാണ് സലാം. ഭൗതികമായ ബന്ധങ്ങള്‍ അറുത്തുമാറ്റിയാണ് നിസ്‌കാരത്തില്‍ പ്രവേശിക്കുന്നത്. നിസ്‌കരിക്കുന്നവന് അല്ലാഹുമായി മാത്രമാണ് ബന്ധമുള്ളത്.
അല്ലാഹുമായുളള ഗാഢ ബന്ധമാണ് നിസ്‌കാരത്തിന്റെ ആത്മാവ്. അഥവാ അല്ലാഹുവില്‍ ധ്യാനനിരതനായി നിര്‍വഹിക്കേണ്ട കര്‍മമാണ് നിസ്‌കാരം. നിസ്‌കാരത്തില്‍ ജനങ്ങളുമായോ ഭൗതിക ലോകവുമായോ യാതൊരു ബന്ധവും പാടില്ല. ജനങ്ങളെ സംബോധന ചെയ്യുകയോ അവരുമായി സംസാരിക്കുകയോ ചെയ്താല്‍ നിസ്‌കാരം നിഷ്ഫലമാകുന്നതാണ്. സലാം പറയുന്നത് വരെയാണ് ഈ വിലക്കുള്ളത്. സലാം പറയുന്നതോടെ ജനസമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിനുള്ള വിലക്ക് നീങ്ങുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു വരുന്നവനെപ്പോലെയാണ് നിസ്‌കാരത്തില്‍ നിന്ന് വിരമിക്കുന്നവന്റെ അവസ്ഥ. പ്രവാസി നാട്ടിലെത്തി ബന്ധങ്ങള്‍ പുതുക്കുന്നതു പോലെ സാധകന്‍ നിസ്‌കാരം അവസാനിക്കുന്നതോടെ സലാം പറഞ്ഞ് ജനങ്ങളുമായുള്ള സൗഹൃദബന്ധം പുതുക്കുന്നു. സലാം പറഞ്ഞ് നിസ്‌കാരം അവസാനിപ്പിക്കുന്നതിന് പിന്നിലെ പൊരുളിതാണെന്ന് ഇമാം ഖഫ്ഫാലിനെ(റ) പോലുള്ള ജ്ഞാനികള്‍ വിവരിച്ചിട്ടുണ്ട്.

രണ്ടു തവണയാണ് സലാം പറയേണ്ടത്. ആദ്യത്തേത് അനിവാര്യവും രണ്ടാമത്തേത് ഐഛികവുമാണെന്നാണ് ഇമാം ശാഫിഈയുടെ(റ) വീക്ഷണം. സ്വഹാബികള്‍, താബിഉകള്‍, പില്‍കാല പണ്ഡിതന്മാര്‍ എന്നിവരില്‍ ഭൂരിപക്ഷവും ഈ വീക്ഷണമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. സലാം നിസ്‌കാരത്തിന്റെ ഭാഗമോ, നിര്‍ബന്ധ ഘടകമോ അല്ല എന്നാണ് ഇമാം അബൂഹനീഫയുടെ(റ) വീക്ഷണം. രണ്ടു സലാമും നിര്‍ബന്ധമാണ് എന്ന വീക്ഷണമാണ് ഇമാം അഹ്മദിനുള്ളത്(റ). ഇമാം മാലികില്‍ നിന്നും ഈ വീക്ഷണം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ആദ്യ സലാം നിര്‍ബന്ധവും രണ്ടാമത്തേത് ഐ ഛികവുമാണെന്ന വീക്ഷണവും ഇമാം മാലികിനുണ്ട്(റ).

“അസ്സലാമു അലൈകും’ എന്നതാണ് സലാമിന്റെ ഏറ്റവും പരിമിതമായ വാക്യം. “അസ്സലാമു’ എന്ന വാചകം പിന്തിച്ചു കൊണ്ട് “അലൈകുമുസ്സലാം’ എന്നു പറഞ്ഞാല്‍ നിസ്‌കാരം സാധുവാകുമെങ്കിലും അങ്ങനെ പറയരുത്. ക്ലിപ്ത നാമമാണെന്നതിനെ കുറിക്കുന്ന “അലിഫ് ലാം’ സംബോധനാവ്യയമായ “കാഫ്’ ബഹു വചനത്തെക്കുറിക്കുന്ന മീം എന്നിവ ചേര്‍ത്ത് “അസ്സലാമു അലൈകും’ എന്നാണ് പറയേണ്ടത്. “അലിഫ് ലാം’ ഉപേക്ഷിച്ചു കൊണ്ട് ‘സലാമുന്‍ അലൈകും’, സലാമീ അലൈകും, സലാമുല്ലാഹി അലൈകും’ എന്നിങ്ങനെ പറയുന്നതും ബഹുവചനത്തെക്കുറിക്കുന്ന “മീം’ ഉപക്ഷിച്ച് ‘അസ്സലാമു അലൈക’ എന്നു പറയുന്നതും സാധുവല്ല. നിയമവിരുദ്ധമാണെന്നറിഞ്ഞു കൊണ്ട് മനഃപൂര്‍വം അങ്ങനെ പറഞ്ഞാല്‍ നിസ്‌കാരം നിഷ്ഫലമാകുന്നതുമാണ്. സംബോധനാ സംജ്ഞ ഉപേക്ഷിച്ച് അസാന്നിധ്യത്തെക്കുറിക്കുന്ന അവ്യയം ചേര്‍ത്ത് “അസ്സലാമു അലൈഹി, അലൈഹിമാ, അലൈഹിം, അലൈഹിന്ന’ എന്നിവ പറയുന്നതും പര്യാപ്തമല്ല. “അസ്സലാമു’, “അലൈകും’ എന്നീ പദങ്ങള്‍ കൂട്ടിചേര്‍ത്തും തുടരെയായും പറയല്‍ അനിവാര്യമാണ്. രണ്ടു പദങ്ങള്‍ക്കുമിടയില്‍ “ഹസന്‍, താമ്മ്’ പോലുള്ളതല്ലാത്ത സംസാരം കൊണ്ട് വേര്‍പിരിച്ചു പറയുന്നതും ഒരു പദം പറഞ്ഞ് ദീര്‍ഘമായ ഇടവേളക്കു ശേഷം അടുത്ത പദം പറയുന്നതും സ്വീകാര്യമല്ല.

നെഞ്ചുകൊണ്ട് ഖിബ്‌ലക്കു നേരെ തിരിഞ്ഞു കൊണ്ടാണ് സലാം പറയേണ്ടത്. സലാം പറയുന്ന സമയം നെഞ്ച് ഖിബ്‌ലയുടെ ദിശയില്‍ നിന്ന് തെറ്റുന്നത് നിസ്‌കാരത്തെ സാരമായി ബാധിക്കുന്നതാണ്. നെഞ്ച് ഖിബ്ലക്ക് നേരെയാക്കി മുഖം തിരിക്കുന്നതിന് വിരോധമില്ല.

ആദ്യ സലാമില്‍ വലത്തോട്ടും രണ്ടാം സലാമില്‍ ഇടത്തോട്ടും മുഖം തിരിക്കണം. ഖിബ്‌ലക്ക് അഭിമുഖമായാണ് ഓരോ സലാമും ആരംഭിക്കേണ്ടത്. മുഖം തിരിക്കുന്നത് അവസാനിക്കുന്നതോടെ സലാമും അവസാനിപ്പിക്കുകയുമാണു വേണ്ടത്. തന്റെ കപോലം ഇരുഭാഗങ്ങളിലുമുള്ളവര്‍ കാണും വിധമാണ് മുഖം തിരിക്കേണ്ടത്. അഥവാ വലതു ഭാഗത്തുള്ളവര്‍ വലതുകവിളും ഇടതു ഭാഗത്തുള്ളവര്‍ ഇടതു കവിളും കാണും വിധമാവണം മുഖം തിരിക്കുന്നത്.

നിസ്‌കാരത്തില്‍ നിന്ന് വിരമിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കണം സലാം പറയുന്നത്. നിരുപാധികം സലാം പറയുന്നതിനും ആഖ്യാതത്തോടൊപ്പം നിസ്‌കാരത്തില്‍ നിന്ന് വിരമിക്കുന്നതിനെ കൂടി കരുതുന്നുവെന്നു വിരോധമില്ല. കേവലമൊരു ആഖ്യാതത്തില്‍(ഖബര്‍) ഒതുക്കി സലാം പറഞ്ഞാല്‍ സാധുവാകുകയില്ല. ഇരുന്നു കൊണ്ടാണ് സലാം പറയേണ്ടത്. സ്വയം കേള്‍ക്കും വിധം പറയുക. അര്‍ഥവ്യത്യാസം വരുത്തും വിധം അക്ഷരങ്ങള്‍/ പദങ്ങള്‍ വര്‍ധിപ്പിക്കുകയോ ചുരുക്കുകയോ ചെയ്യാതിരിക്കുക, അറബി ഭാഷയിലായിരിക്കുക എന്നിവയും സലാം സാധുവാകുന്നതിനുള്ള ഉപാധികളാണ്.

രണ്ടു തവണയാണ് സലാം പറയേണ്ടത്. ഇമാം രണ്ടാം സലാം ഉപേക്ഷിച്ചാല്‍ പോലും മഅ്മൂമിന് രണ്ടാം സലാം സുന്നതാണ്.

ആദ്യ സലാമിനു ശേഷം അംഗശുദ്ധി നഷ്ടമാവുക, ജുമുഅ നിസ്‌കരിക്കുന്നവന്‍ ജുമുഅയുടെ സമയം തീര്‍ന്നതായി അറിയുക പോലുള്ള നിസ്‌കാരത്തിന്റെ സാധുതയെ സാരമായി ബാധിക്കുന്ന കാര്യങ്ങള്‍ ഉണ്ടായാല്‍ രണ്ടാം സലാം നിഷിദ്ധമാണ്. ഒന്നാം സലാം കൊണ്ട് നിസ്‌കാരത്തില്‍ നിന്ന് വിരമിച്ചിട്ടുള്ളതിനാല്‍ അത്തരം ആളുകള്‍ രണ്ടാം സലാം പറഞ്ഞാല്‍ നിസ്‌കാരം അസാധുവാകുകയില്ല.
“അസ്സലാമു അലൈകും വറഹ്മതുല്ലാഹ്’ എന്നതാണ് സലാമിന്റെ പൂര്‍ണരൂപം. രണ്ടു സലാമിലും സലാമിന്റെ അടിസ്ഥാന വാക്യത്തോടൊപ്പം വറഹ്മതുല്ലാഹ് എന്ന് ചേര്‍ത്തു പറയല്‍ സുന്നതാണ്.

കൂടെയുള്ള മലക്കുകള്‍, ജിന്നുകള്‍, മനുഷ്യര്‍ എന്നിവരെയെല്ലാം കരുതിയാണ് സലാം പറയേണ്ടത്. “മലക്കുകള്‍, നബിമാര്‍, അവരെ പിന്തുടരുന്ന സത്യവിശ്വാസികള്‍ എന്നിവര്‍ക്കായിരുന്നു റസൂല്‍(സ) നിസ്‌കാരശേഷം സലാം പറഞ്ഞിരുന്നതെന്ന് അലി(റ) നിവേദനം ചെയ്ത ഹദീസില്‍ വിവരിച്ചിട്ടുണ്ട് (അഹ്മദ്, തിര്‍മിദി). നിസ്‌കാരത്തില്‍ ഇമാമുകള്‍ക്ക് സലാം പറയാനും പരസ്പരം സലാം പറയാനും റസൂല്‍(സ) നിര്‍ദേശിച്ചിരുന്നു (ഇബ്ന്‍ മാജ, ബൈഹഖി).

ഒന്നാം സലാം വലതു വശത്തുള്ള മലക്കുകള്‍, മുസ്‌ലിമായ ജിന്നുകള്‍, മനുഷ്യര്‍ എന്നിവര്‍ക്ക് കരുതലും രണ്ടാം സലാം അപ്രകാരം ഇടതു വശത്തുള്ളവര്‍ക്ക് കരുതലും സുന്നതാണ്. പിറകിലുള്ളവരെയും മുന്നിലുള്ളവരെയും ഇരുസലാം കൊണ്ടും കരുതാവുന്നതാണ്. ആദ്യ സലാം കൊണ്ട് ഇരുവരെയും കരുതലാണ് ഉത്തമം. ഇമാം, മഅ്മൂം എന്നിവരുടെ സലാമിന് പ്രത്യഭിവാദ്യം ചെയ്യുന്നു എന്നു കരുതലും സുന്നത്തുണ്ട്. ഇമാമിന്റെ പിറകിലാണെങ്കില്‍ മഅ്മൂമി ന് തന്റെ ഏതു സലാം കൊണ്ടും ഇമാമിന് പ്രത്യഭിവാദ്യം ചെയ്യാവുന്നതാണ്. ഇമാമിന്റെ വലതു വശത്താണെങ്കില്‍ രണ്ടാം സലാം കൊണ്ടും ഇടതു വശത്താണെങ്കില്‍ ആദ്യ സലാം കൊണ്ടുമാണ് പ്രത്യഭിവാദ്യം നല്‍കേണ്ടത്. മഅ്മൂമുകള്‍ പരസ്പരം സലാം മടക്കുമ്പോള്‍ ഇടതു വശത്തുള്ളവരുടെ സലാം ആദ്യ സലാം കൊണ്ടും വലതു വശത്തുള്ളവരുടേത് രണ്ടാം സലാം കൊണ്ടുമാണ് മടക്കേണ്ടത്. പിറകു വശത്തും മുന്‍വശത്തുമുള്ളവരുടെ സലാം ആദ്യത്തെയോ രണ്ടാമത്തെയോ സലാം കൊണ്ട് മടക്കാവുന്നതാണ്. ആദ്യ സലാം കൊണ്ട് മടക്കലാണ് ഉത്തമം.

മഅ്മൂം സലാം പറയുന്നത് ഇമാമിന്റെ രണ്ടു സലാമിനും ശേഷമായിരിക്കണം. ഇമാമിന്റെ കൂടെ സലാം പറയല്‍ ശരിയല്ല, കറാഹതാണ്. മുമ്പ് സലാം പറഞ്ഞാല്‍ നിസ്‌കാരം നിഷ്ഫലമാകുന്നതുമാണ്. ദീര്‍ഘം(മദ്ദ്) നല്‍കാതെയും വേഗത്തിലുമാണ് സലാമിന്റെ വാചകങ്ങള്‍ പറയേണ്ടത്.

ഇസ്ഹാഖ് അഹ്സനി

You must be logged in to post a comment Login