ഇസ്ലാം മതത്തിന്റെ ഒരു പ്രധാന ഭാഗമാണ് നിസ്കാരം. സർവശക്തനായ അല്ലാഹു കൽപ്പിക്കുന്ന നിസ്കാരം ഓരോ മുസ്ലിമിനും അനിവാര്യമാണ്. മുസ്ലിം അത് ദിവസത്തിൽ അഞ്ചു തവണ അർപ്പിക്കണം. നിസ്കാരത്തിലൂടെ നമുക്ക് അല്ലാഹുവുമായി ആശയവിനിമയം നടത്താം, അത് നമ്മുടെ സ്രഷ്ടാവിന്റെ സാമീപ്യം നേടുന്നതിനുള്ള ഏറ്റവും ഉയർന്ന അവസരമാണ്. മുസ്ലിംകളെ നിർബന്ധിത (ഫർള്) ആരാധനയ്ക്കായി ദിവസത്തിൽ അഞ്ച് പ്രാവശ്യം മസ്ജിദിൽ നിന്ന് മുഅദ്ദിൻ വിളിക്കുന്നു, അതാണ് വാങ്ക്. ഒരു മിനാരത്തിൽ നിന്ന് ആ ശബ്ദം പുറത്തുപോകുന്നു, അതുവഴി സാധ്യമായ ആളുകളുടെ ചെവിയിൽ അത് എത്തുന്നു.
അടുത്ത കാലത്തായി പലരും പറഞ്ഞുകേട്ട ഒരു കാര്യം ഉണ്ട്:
“ഞാൻ ഒരു മുസ്ലിം അല്ല, എന്തിനു രാവിലെ വാങ്ക് വിളിച്ച് എന്നെ ഉണർത്തണം.’ അഞ്ചു നിമിഷം മാത്രമാണെങ്കിലും സഹിക്കാൻ കഴിയുന്നില്ലെന്നും ചിലർ കൂട്ടിച്ചേർക്കാറുണ്ട്. ഇതരസംസ്ഥാനങ്ങളിൽ ചിലയിടത്ത് വാങ്ക് കൊടുക്കുന്നതു കേട്ടാൽ ഭയന്നോടും. അത്രയ്ക്ക് അരോചക ശബ്ദം. സ്വരമാധുരിയോടെ നിർവഹിക്കേണ്ടതാണ് വാങ്ക്. ഒരു മുസ്ലിംപള്ളി പരിസരത്തുണ്ടെങ്കിൽ വാങ്ക് കാരണം ചിലർ അവിടെ ഒരു വീട് എടുക്കാൻ മടിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്താണ് ഇതിന്റെ കാരണം…? ഞാൻ ആലോചിച്ചു. പിന്നെ എനിക്ക് ഒരു ഉത്തരം കിട്ടി. വാങ്കിനോടോ ഇസ്ലാം മതത്തിനോടോ ഉള്ള എതിർപ്പല്ല ഇത്. അവതരിപ്പിക്കുന്നതിലെ അരോചക രീതിയാണ് പ്രശ്നം. വാങ്ക് എങ്ങനെ അവതരിപ്പിക്കണം. അതിനൊരു ചരിത്രമുണ്ട്.
മുസ്ലിംകൾ മദീനയിൽ എത്തുകയും അവിടെ പള്ളി പണിയുകയും ചെയ്ത ശേഷമാണ് മുഹമ്മദ് നബി(സ്വ) വാങ്ക് ഏർപ്പെടുത്തിയത്. അഞ്ചു നേരത്തെ നിസ്കാരങ്ങൾക്ക് ആളുകളെ പള്ളിയിലേക്ക് വിളിക്കുന്ന രീതിയെക്കുറിച്ച്, റസൂൽ(സ്വ) സഹചരുമായി വിഷയം ചർച്ച ചെയ്തു. ആദ്യം, നിസ്കാരത്തിന് ഒരു സമയം നിശ്ചയിച്ചിരുന്നു, ഈ ക്രമീകരണം തൃപ്തികരമല്ലാത്തതിനാൽ ഒരു കൂടിയാലോചന നടത്തി. മണി മുഴക്കാനും കാഹളം കൊട്ടാനും തീ കൊളുത്താനും നിർദ്ദേശങ്ങളുണ്ടായി. പക്ഷേ, ദൈവികപ്രേരണയാൽ, റസൂൽ മനുഷ്യശബ്ദം തീരുമാനിക്കുകയും, അടിമയായിരുന്ന ബിലാലിനെ(റ) വിളിക്കാൻ നിയോഗിക്കുകയും ചെയ്തു. മനുഷ്യശബ്ദം, അത് ബിലാലിന്റെ(റ) ശബ്ദം ആണെങ്കിൽ പോലും, ഒരു മണിയുടെയോ ഹോണിന്റെയോ യാന്ത്രികമായി ഉൽപ്പാദിപ്പിക്കുന്ന ശബ്ദത്തിന്റെ അത്രയും ഉച്ചത്തിലുള്ളതായിരിക്കില്ല. ഉയർന്ന ഡെസിബലിലുള്ള മെക്കാനിക്കൽ ശബ്ദ സംവിധാനങ്ങൾ ഏർപ്പെടുത്താമായിരുന്നു റസൂലിന്. പക്ഷേ, അവിടുന്ന് അത് താഴ്ന്ന ഡെസിബലിലുള്ള മനുഷ്യശബ്ദമാണ് തിരഞ്ഞെടുത്തത്.
മസ്ജിദിലെ ലൗഡ്സ്പീക്കറുകളുടെ സർവവ്യാപിത്വം വളരെ അടുത്ത കാലത്തുണ്ടായതാണ്. 1970-കളിൽ ഇത് വ്യാപകമാകാൻ തുടങ്ങി. മതത്തിന്റെ കാലാതീതമായ ഇടത്തിൽ ആധുനികതയുടെ കടന്നുകയറ്റമായി ഉച്ചഭാഷിണിയുടെ വർധിതമാന ശബ്ദം മാറിക്കഴിഞ്ഞിട്ടുണ്ട്.
പൊതുഇടങ്ങളിൽ മുസ്ലിം സമുദായത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ഉച്ചഭാഷിണിയെ കാണരുത്. ഉച്ചഭാഷിണിയിൽതന്നെ മിതത്വമുള്ള ശബ്ദസംവിധാനമുണ്ട്. അത് തിരഞ്ഞെടുക്കാവുന്നതാണ്. ബഹുസ്വര സമൂഹത്തിൽ, ഒരാളുടെ ആചാരങ്ങൾ മറ്റൊരാളുടെ ചെവിയിൽ തള്ളാതിരിക്കാനുള്ള സംയമനം ഇസ്ലാമിക സമൂഹത്തിന് അലങ്കാരം തന്നെയാണ്.
നിസ്കാരത്തിന് ക്ഷണിക്കുമ്പോൾ ഏറ്റവും മനോഹരമായി ക്ഷണിക്കാൻ കഴിയണം. നവജാത ശിശുവിന്റെ ചെവിയിൽ ആദ്യം ചൊല്ലുന്നത് വാങ്ക് ആണ്. എത്ര മധുരമായും സ്വരം താഴ്ത്തിയുമാണത് ഉച്ചരിക്കുന്നത്. ആ ഒരു മിതത്വവും സംയമന ശീലവും പള്ളിയിൽ നിന്ന് വാങ്ക് വിളിക്കുമ്പോഴും ദീക്ഷിക്കണം. പരിശുദ്ധ മുഹമ്മദ്(സ്വ) ഈ വാക്കുകളിൽ ബാങ്കിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉത്തരം നൽകുന്നതിനെക്കുറിച്ചും പറഞ്ഞു: “നിങ്ങൾ വാങ്ക് കേൾക്കുമ്പോൾ, മുഅദ്ദിൻ പറയുന്നത് ആവർത്തിക്കുക. എന്നിട്ട് എന്റെ പദവി ഉയർത്താൻ അല്ലാഹുവിനോട് അപേക്ഷിക്കുക. അങ്ങനെ ചെയ്യുന്ന എല്ലാവർക്കും അല്ലാഹുവിൽ നിന്ന് പത്ത് പ്രതിഫലം ലഭിക്കും. അപ്പോൾ അല്ലാഹുവിന്റെ അടിമകളിൽ ഒരാൾക്ക് മാത്രം യോജിച്ച, ജന്നയിലെ ഉയർന്ന പദവി അൽ-വസീല എനിക്ക് നൽകണമെന്ന് അല്ലാഹുവിനോട് അപേക്ഷിക്കുക. ഞാൻ അതിന് അർഹനാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരെങ്കിലും എനിക്ക് വേണ്ടി വസീല ആവശ്യപ്പെടുകയാണെങ്കിൽ, അവനുവേണ്ടി ശുപാർശ ചെയ്യേണ്ടത് എന്റെ ബാധ്യതയാണ്(മുസ്ലിം).
ഇന്ന് വാങ്കിന്റെ ആകർഷകമായ സന്ദേശം അത് വിളിക്കുന്ന വ്യക്തിയുടെ അശ്രദ്ധയാൽ തീവ്രമാകുന്നു. വർധിച്ച ശബ്ദവും, വ്യക്തമല്ലാത്തതും മോശവുമായ സ്വരവും കാരണം വാങ്കിന്റെ മനോഹാരിത നശിക്കുന്നു. പള്ളികളിൽ വാങ്ക് കൊടുക്കുന്നതിന് ഭംഗിയിലും ഈണത്തിലും ഭംഗം വരാതെ അവതരിപ്പിക്കാൻ കഴിയുന്ന ആൾക്കാരെ ചുമതലപ്പെടുത്തണം. മക്കയിലെ വാങ്ക് കേൾക്കാൻ എന്തൊരു മധുരമാണ്! മക്കയിൽ മാത്രമല്ല എല്ലാ നാട്ടിലും നല്ല ശബ്ദമാധുരിയുള്ളവർ ഉണ്ടാകും. അവരെ നിയോഗിക്കാൻ മടിക്കുന്നതെന്തിന്? നിസ്കാരത്തിനുള്ള ആഹ്വാനം സർവശക്തനായ അല്ലാഹുവിന്റെ ഏകത്വത്തെ സാക്ഷ്യപ്പെടുത്തുന്നു, മുഹമ്മദ് നബിയുടെ (സ) പ്രവാചകത്വം സ്ഥിരീകരിക്കുന്നു, കൂടാതെ അഞ്ച് നേരത്തെ നിസ്കാരവും പ്രാധാന്യവും എടുത്തുകാണിക്കുന്നു. ജീവിതത്തിലെ പ്രധാന കാര്യങ്ങളുടെ ഓർമപ്പെടുത്തലാണത്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം, അല്ലാഹു ഏറെ പ്രധാനപ്പെട്ടവനും വലിയവനുമാണ്. വാങ്ക് കേൾക്കുമ്പോൾ, മുസ്ലിംകൾ ഏർപ്പെട്ടിരിക്കുന്ന ജോലികൾ മാറ്റിവെക്കുകയും സർവശക്തനായ അല്ലാഹുവിനുവേണ്ടിയുള്ള ആഹ്വാനത്തോട് പ്രതികരിക്കുകയും ചെയ്യുന്നു. വാങ്ക് എന്ന വിളികേട്ട് ഒത്തുകൂടുന്നത് ന്യായവിധി ദിനത്തിന് സമാനമാണ്. സർവശക്തനായ അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കാൻ ആളുകളെ വിളിക്കുകയും അവരെല്ലാം ഉത്തരം നൽകുകയും അവരുടെ ഖബ്റുകളിൽ നിന്ന് പുറത്തുവരുകയും ചെയ്യും. അതുപോലെ, മുസ്ലിംകൾ വലിയ കൂട്ടമായി നിസ്കാരത്തിന് ഒത്തുകൂടുമ്പോൾ, അവർ ന്യായവിധി ദിനത്തിലെ ഒത്തുചേരലിനെ ഓർക്കുന്നു. അല്ലാഹുവിന്റെ അനുവാദത്തോടെയല്ലാതെ ആർക്കും സംസാരിക്കാൻ സാധിക്കാത്ത ദിവസമാണ് ന്യായവിധിയുടെ നാൾ.
പള്ളിയിൽനിന്ന് വാങ്ക് കൊടുത്താലും വ്യക്തമായ കാരണം ഇല്ലാതെ നിസ്കാരത്തിന് പോകാൻ വൈകുന്നവർ അതിന്റെ മര്യാദകേട് ഗുരുതരമാണ് എന്ന് ഓർക്കണം. അല്ലാഹുവിന്റെ വിളിയോട് നന്നായി പ്രതികരിക്കുമ്പോൾ നേരായ പാത പിന്തുടരാനുള്ള ശക്തി നമുക്ക് വളരെ വേഗത്തിൽ കിട്ടുകയും ചെയ്യും.
ഡോ. ഫാദില
You must be logged in to post a comment Login