അപകടകരമായ പ്രസ്താവനകള്‍

അപകടകരമായ  പ്രസ്താവനകള്‍

1949ല്‍ പതിനഞ്ചു വയസ്സ് തികഞ്ഞ ഞങ്ങളില്‍ പലരും ഡെറാഡൂണിലെ ആംഡ് ഫോഴ്‌സ് അക്കാദമിയുടെ ഇന്റര്‍ സര്‍വീസ് വിംഗില്‍ ചേര്‍ന്ന ആ ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ യുവാക്കള്‍ക്ക് പുതുതായി സായുധസേനയില്‍ ചേരാനും രാജ്യത്തെ സേവിക്കാനും അന്ന് അവസരം ലഭിച്ചു. പുതിയൊരു കാല്‍വെപ്പിന്റെ സമയമായിരുന്നുവത്. ആ വര്‍ഷം നവംബര്‍ 26 ന് ഭരണഘടന അംഗീകരിക്കപ്പെടുകയും അടുത്തവര്‍ഷം ജനുവരി 26 ന് പ്രാബല്യത്തില്‍ വരികയും ചെയ്തു. പുതിയ രാജ്യത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷയും ആവേശത്തിന്റെ അഗ്നിയും ഞങ്ങളിലുണ്ടായിരുന്നു. കൂടെ, ജനങ്ങളെയും രാജ്യത്തെയും സേവിക്കാനും സംരക്ഷിക്കാനുമുള്ള ദൃഢനിശ്ചയവും രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവ ഉറപ്പാക്കണമെന്ന ബോധവുമുണ്ടായിരുന്നു.

നാല്‍പത്തിനാല് വര്‍ഷം യൂണിഫോം ധരിച്ച് രാജ്യസേവനമനുഷ്ഠിച്ച ശേഷം 1993 സെപ്തംബറിലാണ് ഞാന്‍ ഇന്ത്യന്‍ നേവിയുടെ തലവനായി വിരമിക്കുന്നത്. അതിനുശേഷം, കൊങ്കണ്‍ മേഖലയിലെ ഒരു ഗ്രാമത്തില്‍ കുറച്ച് കൃഷി ചെയ്തും പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും കഴിയുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, സായുധസേനയുടെ രാഷ്ട്രീയവത്കരണം, വര്‍ധിച്ചുവരുന്ന അസഹിഷ്ണുത, വര്‍ഗീയത, ന്യൂനപക്ഷ/ മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങള്‍, പൗരസ്വാതന്ത്ര്യം ഹനിക്കല്‍, ക്രൂരമായ നിയമങ്ങള്‍ അടിച്ചേല്‍പിക്കല്‍ തുടങ്ങി ജനാധിപത്യ രാജ്യത്ത് നടക്കുന്ന പലവിധ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമെതിരെ ഇക്കാലത്തിനിടക്ക് സമരങ്ങളിലും പ്രതിഷേധങ്ങളിലും മുന്നില്‍ നിന്നു. ഭരണഘടനയുടെ ആത്മാവിനെ തകര്‍ക്കുന്ന വിധം പ്രശ്‌നങ്ങളാണ് സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ ജനാധിപത്യത്തെ ഊര്‍ജസ്വലവും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നതിനും ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ സമൂഹത്തോട് വിളിച്ചുപറയുന്നതിനുമുള്ള ഒരു പ്രധാന ഘടകമെന്ന നിലയില്‍ മേല്‍പ്പറഞ്ഞ പല ആശങ്കകളിലും സജീവമായിരിക്കുക എന്നതാണ് പൗരന്മാര്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വം. രാജ്യസേവനത്തില്‍ ഏർപ്പെടുന്നവർ ഇത്തരം കാര്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധകൊടുക്കേണ്ടതുണ്ട്. കാരണം, ദേശീയ സുരക്ഷാ ആശങ്കകള്‍ നിറഞ്ഞ ചുറ്റുപാടിലാണ് നമ്മുടെ ജീവിതം. ദേശീയ സുരക്ഷയെക്കാള്‍ പ്രധാനം മനുഷ്യസുരക്ഷയാണ്. ഭരണഘടന അനുസരിക്കുമെന്ന് പ്രതിജ്ഞയെടുക്കുമ്പോള്‍ തന്നെ ഓരോ പൗരന്റെയും അവകാശങ്ങളും ക്ഷേമവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. നമ്മുടെ ഭരണഘടനയുടെ ആമുഖം “നാം ജനങ്ങള്‍’ എന്ന വാക്കുകളില്‍ തുടങ്ങുന്നതും “ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’ എന്ന് വ്യക്തമായി ആവര്‍ത്തിക്കുന്ന ആര്‍ട്ടിക്കിള്‍ 1 ഭരണഘടനക്കൊപ്പം ചേര്‍ത്തതും യാദൃഛികമല്ല.

സമീപകാലത്തെ ചില സംഭവങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട്. പാവനമായ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമായി, മൂന്ന് പ്രമുഖ വ്യക്തികള്‍ അടുത്തിടെ നടത്തിയ ചില പ്രസ്താവനകളുണ്ട്.
1 – 2021 നവംബര്‍ 11ന് ഹൈദരാബാദിലെ പൊലീസ് ട്രെയിനിംഗ് അക്കാദമിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അഭിസംബോധന ചെയ്യുന്നു.

2 – 2021 നവംബര്‍ 10, 11 തീയതികളില്‍ ടൈംസ് നൗ ഗ്രൂപ്പ് സംഘടിപ്പിച്ച വിപുലമായ ഒരു പരിപാടിയില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് അഭിപ്രായം രേഖപ്പെടുത്തുന്നു.

3 – 2021 നവംബര്‍ 9 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ അസം റൈഫിള്‍സ് സംഘടിപ്പിച്ച വാര്‍ഷികസംവാദത്തില്‍ എന്‍എച്ച്ആര്‍സി ചെയര്‍മാന്‍ അരുണ്‍ മിശ്ര സംസാരിക്കുന്നു.

ഈ മൂന്ന് പരിപാടികളിലും മനസിനെ ആഴത്തില്‍ മുറിവേല്‍പിക്കുന്ന ചില സന്ദേശങ്ങള്‍ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുകയും മുഖ്യധാരാ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അടുത്തടുത്ത ദിവസങ്ങളില്‍ തന്നെ മൂന്ന് സംഭവങ്ങളും നടന്നത് കേവലം യാദൃഛികമാകാനിടയില്ല. ഒരു ബോധമുള്ള പൗരന്‍ എന്ന നിലയില്‍, ഇപ്പോള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തിനേല്ക്കുന്ന പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യുകയും തകര്‍ക്കാനുള്ള ശ്രമങ്ങളെ മനസിലാക്കി പ്രതിരോധിക്കുകയും വേണം. എതിരെയുള്ള ഗൂഢാലോചനകളെ കൃത്യമായി തിരിച്ചറിയുകയും അവയ്ക്കിടയിലെ അന്തര്‍ധാരകള്‍ പുറത്തുകൊണ്ടുവരികയും ചെയ്യണം.

നവംബര്‍ 11 ന് ഹൈദരാബാദിലെ പൊലീസ് അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ ഐപിഎസ് പ്രൊബേഷണര്‍മാരെ അഭിസംബോധന ചെയ്ത് അജിത് ഡോവല്‍ പറഞ്ഞതിന്റെ ആശയമിതാണ്: “യുദ്ധത്തിന്റെ പുതിയ അതിര്‍ത്തി സിവില്‍സമൂഹമാണ്. പൗരസമൂഹത്തെ കീഴ്‌പ്പെടുത്തുകയും നിയമങ്ങളില്‍ കൃത്രിമം കാണിക്കുകയും അവകാശങ്ങള്‍ അട്ടിമറിക്കുകയും അവരെ വര്‍ഗ-വര്‍ണ-ജാതി തലത്തില്‍ വിഭജിക്കുകയും ചെയ്യുന്നതിലൂടെ രാഷ്ട്രതാല്‍പര്യങ്ങളെ വ്രണപ്പെടുത്തിയും നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും.’
ജനങ്ങളെ കൈകാര്യം ചെയ്യേണ്ടത് അവരുടെ കടമയാണെന്ന് പുതുതായി തയാറാക്കിയ യുവ പൊലീസ് ബിരുദധാരികളോട് തുറന്നുപറയുകയാണ് ഡോവല്‍. തിരഞ്ഞെടുപ്പ് പ്രക്രിയ തീര്‍ത്തും അപ്രധാനമാണെന്നും പൊലീസ് നിഷ്‌കരുണം നടപ്പിലാക്കേണ്ടത് നിയമനിര്‍മാതാക്കള്‍ നിര്‍മിച്ച നിയമങ്ങളാണെന്നും ഡോവല്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇവിടെ ജനങ്ങളെ ഭരണകൂടത്തിന്റെ ശത്രുവായി കണക്കാക്കാന്‍ NSA പൊലീസിനെ പ്രോത്സാഹിപ്പിക്കുകയാണോ? ഇന്ത്യന്‍ ഭരണഘടന പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമല്ലേ ഇത്?

ഏതാണ്ട് അതേ സമയത്താണ് “സെലിബ്രേറ്റിംഗ് ഇന്ത്യ@75, ഷേപ്പിംഗ് ഇന്ത്യ@100′ എന്ന തലക്കെട്ടില്‍ സമ്മിറ്റുകള്‍ നടക്കുന്നത്. സമ്മിറ്റില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നല്ല കാര്യമാണെന്ന് പ്രേക്ഷകരോട് പറയുന്ന റിപ്പോര്‍ട്ടുകള്‍ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുത്തതിന് ജമ്മുകശ്മീരിലെ പൊതുജനങ്ങളെ ഡോവല്‍ അഭിനന്ദിച്ചു. ഇരകളാക്കപ്പെടുന്നവരെല്ലാം ഭീകരവാദികളും തീവ്രവാദികളുമായി മാറുന്നത് അത്ര ശുഭകരമല്ല. ഇത് രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കാവുന്നതാണ്.

യൂണിഫോം ധരിക്കുന്ന ആര്‍മി, നേവി, എയര്‍ഫോഴ്‌സ് അംഗങ്ങള്‍ നിയമങ്ങളെ അനുസരിക്കേണ്ടവരും നിയന്ത്രിക്കപ്പെടുന്നവരുമാണ്. എങ്കില്‍ മുതിര്‍ന്ന സൈനിക നേതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ കുറ്റക്കാരാകുമോ എന്ന ചോദ്യം പ്രസക്തമാണ്. രാജ്യത്തുടനീളം മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനുമുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. അതവരെ ബോധ്യപ്പെടുത്തുക തന്നെ വേണം. 1948 ഡിസംബര്‍ 10 ന് പാരീസില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി പ്രഖ്യാപിച്ച സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ (UDHR) ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ.

മുകളില്‍ സൂചിപ്പിച്ച പ്രസ്താവനകളെ ചില മുതിര്‍ന്ന സൈനികഉദ്യോഗസ്ഥരും മുന്‍ സിവില്‍ സര്‍വീസുകാരും പ്രതിപാദിച്ചിട്ടുണ്ട്. വര്‍ഗീയമായി ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന ഈ പ്രസ്താവനകളും നിലപാടുകളും പ്രശ്‌നമാക്കി, ഏതെങ്കിലും ഒരു പരാമര്‍ശത്തെ മാത്രം ഉദ്ധരിച്ച് സംസാരിക്കുകയാണ് ചെയ്തത്. മൂന്ന് നിലപാടുകളും ഒന്നിച്ച് പരിശോധിക്കുകയും അവക്കിടയിലുള്ള അന്തര്‍ധാര പുറത്തുകൊണ്ടുവരികയും ചെയ്തത് ചുരുക്കം ചിലര്‍ മാത്രമാണ്.

എന്റെ വീക്ഷണത്തില്‍, ഈ മൂന്ന് പ്രസ്താവനകള്‍ മാത്രമല്ല, രാജ്യത്തെ ഉന്നതരുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രവര്‍ത്തനങ്ങൾ സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രത്യക്ഷത്തില്‍ ചിതറിക്കിടക്കുന്നതും വിച്ഛേദിക്കപ്പെട്ടതുമായി തോന്നാമെങ്കിലും ഇവ പരസ്പര ധാരണയോടെ പുറപ്പെടുവിക്കുന്ന പ്രസ്താവനകളാണെന്നു വേണം അനുമാനിക്കാന്‍. അവ പരസ്പരം ബന്ധിപ്പിക്കുന്നത് നമ്മുടെ ജനാധിപത്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും ഇന്നത്തെ അവസ്ഥയുടെ അവ്യക്തമായ ചിത്രം നല്‍കുന്നു.

പരക്കേ പ്രചരിച്ച സൈനികേതര സംഭവങ്ങളില്‍ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ ദൃശ്യമാകുന്ന പ്രവണത ആവര്‍ത്തിക്കുന്നത് ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അടുത്തിടെ ഉത്തര്‍പ്രദേശില്‍ ഒരു എക്‌സ്പ്രസ് വേയുടെയും മറ്റു ചടങ്ങുകളുടെയും ഉദ്ഘാടന വേളയില്‍ സംഭവിച്ചത് ഓര്‍ത്തുനോക്കുക. സേവനം എന്ന മനോഭാവം അറിയാതെ അവസാനിക്കുകയും രാഷ്ടീയപാര്‍ട്ടികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സേവിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവണതയിലേക്ക് സേനകള്‍ മാറിയിരിക്കുന്നു.

സായുധ സേനയെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് ഞങ്ങളില്‍ പലരും 2019 ല്‍ ഒരു തുറന്ന കത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനോട് (സിഇസി) അഭ്യര്‍ഥിച്ചിരുന്നു. ഈ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ഈ പ്രവണത ഇപ്പോള്‍ കൂടുതല്‍ പ്രകടമായിരിക്കുന്നു.

സമീപകാല ട്രെന്‍ഡുകള്‍ സംഗ്രഹിച്ചാല്‍, പ്രതിഷേധിക്കുന്ന കര്‍ഷകരെ “ആന്ദോളന്‍ ജീവികള്‍’, “പര്‍ജീവികള്‍’ എന്ന് വിളിക്കുന്നത് മുതല്‍ തീവ്രവാദി, മാവോയിസ്റ്റ്, ഖാലിസ്ഥാനി വിഘടനവാദികള്‍ എന്നു പരസ്യമായി വിളിക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തിയിരിക്കുന്നു. കശ്മീര്‍ മുതല്‍ വടക്കുകിഴക്ക് വരെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു. മാധ്യമപ്രവര്‍ത്തകരെയും എല്ലാ വിയോജിപ്പുള്ള ശബ്ദങ്ങളെയും വ്യാപകമായി അടിച്ചമര്‍ത്തുന്നു. രാജ്യത്തുടനീളം അധികാരത്തിലുള്ള പാര്‍ട്ടിയുടെ വിവിധ സ്രോതസ്സുകളില്‍ നിന്ന് വിവിധ സമയങ്ങളില്‍ ഇവ ഉയര്‍ന്നുവരുന്നു.
ഈ പ്രവണതകള്‍ നിരീക്ഷിച്ചാല്‍, സായുധസേനയിലെ പരമോന്നത പദവികള്‍ വഹിച്ചിട്ടുള്ള ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഗൗരവമായ ആശങ്കയാണ്. ജനാധിപത്യത്തിനോ, ക്രമസമാധാനത്തിനോ നമ്മുടെ വൈവിധ്യവും ബഹുസ്വരവുമായ സമൂഹത്തില്‍ സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനോ ഇവ നല്ലതല്ല. കൂടാതെ, ഭരണഘടനാപരമായ വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഈ രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ – പ്രത്യേകിച്ച് ഏറ്റവും ദുര്‍ബലരായവര്‍ക്കിടയില്‍ – വര്‍ധിച്ചുവരുന്നതും വ്യാപകവുമായ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ബോധം വര്‍ധിപ്പിക്കുകയേയുള്ളൂ.
ഉത്തരവാദപ്പെട്ട നേതാക്കളുടെ ഇത്തരം പ്രസ്താവനകള്‍, നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയുണ്ടെന്ന വ്യാപകമായ ധാരണ സൃഷ്ടിക്കാന്‍ കാരണമാകുന്നു. കൂടാതെ, ജനാധിപത്യത്തിന്റെ പുതിയ രീതി വിയോജിപ്പുകളോ, അഭിപ്രായവ്യത്യാസങ്ങളോ ഉള്‍കൊള്ളുന്നില്ല.
രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ), ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ), പൊതുസുരക്ഷാ നിയമം (പിഎസ്എ), സിഎഎ, എന്‍ആര്‍സി തുടങ്ങിയ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നിരവധി നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ പരമോന്നത കോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ അടിയന്തിരമായി അവലോകനം ചെയ്യണം. രാജ്യത്തെ ഒരു ഏജന്‍സിയും ദുരുപയോഗം ചെയ്യപ്പെടരുത്. തിരുത്തലുകള്‍ ആവശ്യമുള്ളിടത്ത് തിരുത്തുക തന്നെ വേണം.

സര്‍ക്കാരിന്റെയും ജുഡീഷ്യറിയുടെയും സ്ഥാപനങ്ങള്‍ മനുഷ്യാവകാശ കേന്ദ്രങ്ങളാവണം. എപ്പോഴും മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പല അവസരങ്ങളിലും ഊന്നിപ്പറഞ്ഞിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ രാജ്യവ്യാപകമായി ബോധവത്കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

യഥാര്‍ത്ഥ ഭീഷണി സിവില്‍ സമൂഹമാണെന്നും അവരെ നിര്‍ദയം കൈകാര്യം ചെയ്യണമെന്നും പൊലീസ് ട്രെയ്നികളോട് നിര്‍ദേശിക്കുന്നത് അസ്വസ്ഥജനകമാണ്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുകള്‍ പൊലീസിനോട് “സമരം ചെയ്യുന്ന കര്‍ഷകരുടെ ശിരസ്സ് തകര്‍ക്കാന്‍’ പറയുന്നത് നമ്മള്‍ ഇതിനകം കണ്ടു. പീഡനങ്ങള്‍ക്കെതിരെയുള്ള ദേശീയ കാമ്പയിനിന്റെ സമീപകാലത്തെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ പീഡനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു യൂണിറ്റ് തന്നെ പൊലീസിന്റെ അറിവോടെ പ്രവര്‍ത്തിക്കുന്നെണ്ടെന്നാണ്. വിവരങ്ങളും കുറ്റസമ്മതങ്ങളും പൊലീസിന്റെ കൈകളില്‍ ഭദ്രമായിരിക്കും. അതിനാലാണ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ എപ്പോഴും പ്രതികളാക്കപ്പെടുന്നത്.

ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന സര്‍വീസ് വെറ്ററന്മാരില്‍ ഒരാളെന്ന നിലയില്‍, ഈ സമീപകാല പ്രസ്താവനകളുടെ ലക്ഷ്യമെന്തെന്ന് ചോദിക്കേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതു വ്യക്തമാക്കേണ്ട ബാധ്യത NSA, CDS, NHRC ചെയര്‍മാന്മാര്‍ക്കുമുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ മാനിക്കപ്പെടുമെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാനുള്ള അവകാശം പൊലീസിനോ പട്ടാളത്തിനോ മറ്റാർക്കെങ്കിലുമോ ഇല്ലെന്ന് ഉറപ്പുനല്‍കാനും ഞാന്‍ അവരോട് ആവശ്യപ്പെടുകയാണ്. ഏതു സാഹചര്യത്തിലും, കസ്റ്റഡിയിലിരിക്കുന്നവര്‍ക്കു പോലും, നിയമപരമായ മുഴുവന്‍ സ്വാതന്ത്ര്യങ്ങളും വകവെച്ചു തരുമെന്നും ആരെയെങ്കിലും അടിച്ചുകൊല്ലാനോ പീഡിപ്പിക്കാനോ ഉള്ള അധികാരം ആര്‍ക്കുമില്ലെന്നും അവര്‍ ഉറപ്പുനല്‍കേണ്ടതുണ്ട്.
ഈ ഭൂമിയുടെയും അതിന്റെ വിഭവങ്ങളുടെയും ഉപയോക്താക്കളാവാനും നമുക്കെല്ലാവര്‍ക്കും ഉറപ്പുനല്‍കിയിട്ടുള്ള അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തുല്യവും നീതിയുക്തവുമായ അളവില്‍ ആസ്വദിക്കാനുമാണ് ജനങ്ങള്‍ ഉദ്ദേശിക്കുന്നത്. സത്യസന്ധരും ഉത്തരവാദിത്വമുള്ളവരുമായ പൗരന്മാര്‍ എന്ന നിലയില്‍ നമ്മുടെ ജോലി, എഴുന്നേറ്റു നില്‍ക്കുകയും എണ്ണപ്പെടുകയും ചെയ്യുക എന്നതാണ്. ക്രമസമാധാന സേനകള്‍ നഗ്നമായ അവകാശ ലംഘനങ്ങളെ ചെറുക്കാന്‍ ധൈര്യമുള്ളവരായിരിക്കണം. ഒരു സുപ്രധാന സഖ്യകക്ഷിയെന്ന നിലയില്‍ ശക്തവും സ്വതന്ത്രവുമായ ജുഡീഷ്യറിയാണ് ജനങ്ങള്‍ക്കു വേണ്ടത്. മുന്‍ സുപ്രീം കോടതി ജസ്റ്റിസിനെ ഉദ്ധരിക്കട്ടെ, “നമുക്ക് നില്‍ക്കുകയും സംസാരിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യുന്ന ഒരു ജുഡീഷ്യറിയില്ലെങ്കില്‍, നവംബര്‍ 26 ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് തുടരുന്ന മറ്റൊരു രേഖയായി നമ്മുടെ ഭരണഘടന മാറും.’

(ഇന്ത്യന്‍ നാവിക സേനയുടെ
മുന്‍മേധാവിയാണ് ലേഖകന്‍)
കടപ്പാട്: ദി വയർ
വിവർത്തനം: എബി

You must be logged in to post a comment Login