സൂക്തം 25: “നിന്റെ നേരെ ഈന്തപ്പനത്തടി പിടിച്ചുകുലുക്കുക, അത് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരും.’
ഖുര്‍ആനില്‍ ഈന്തപ്പനത്തടി എന്നാണ് പ്രയോഗിച്ചത്. വെറും ഈന്തപ്പന എന്നല്ല. വേര് മുതല്‍ മട്ടല് വരെയുള്ള ഭാഗത്തിനാണ് തടി എന്ന് പറയുക. ഈ ഈന്തപ്പന ഉണങ്ങിയ കേവലം തടി മാത്രമായിരുന്നെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളും വിശദീകരിക്കുന്നു.
തലയില്ലാത്ത ഉണങ്ങിയ മരത്തടിയില്‍ നിന്ന് പഴുത്ത് പാകമായ പഴങ്ങള്‍ വീഴുമ്പോള്‍ മർയമിന്റെ പതിവ്രതത്വം വ്യക്തമാകുകയാണ്.
അതെ, അല്ലാഹുവാണെല്ലാം. അവന് ഉണങ്ങിയ മരത്തില്‍ നിന്ന് പഴുത്ത പഴം നല്കുന്നു. ആരും കൊണ്ടുവരാതെ തന്നെ അത്യപൂര്‍വ പഴങ്ങള്‍ ആരാധന മുറിയില്‍ എത്തിക്കുന്നു. വൃദ്ധ-വന്ധ്യ ദമ്പതികള്‍ക്ക് കുഞ്ഞിനെ നല്കുന്നു. കന്യകയെ പ്രസവിപ്പിക്കുന്നു!
ഗര്‍ഭിണിയായ/ പ്രസവിച്ച ഒരു സ്ത്രീയോട് ഈന്തപ്പന പിടിച്ചുകുലുക്കാന്‍ ദൈവം പറയുന്നതെന്തിനാണ്? അത് അവര്‍ക്ക് പ്രയാസമല്ലേ? മേല്‍ പറഞ്ഞ അത്ഭുതങ്ങളൊക്കെ ചെയ്ത് ഉപകാരം ചെയ്തവന് മരം കുലുക്കാതെത്തന്നെ പഴം കൊടുത്തുകൂടെ?
കൊടുക്കാം. പക്ഷേ, അങ്ങനെ അവന് ഉദ്ദേശിച്ചില്ല. ഇങ്ങനെയാണവന്‍ ഉദ്ദേശിച്ചത്. അവന് പരമാധികാരിയാണ്. അവനോട് ചോദ്യമില്ല!
അതിനര്‍ഥം വെറുതെയുള്ള കല്പനയാണത് എന്നല്ല. ഇതുവരെ അങ്ങനെയാണവന് ഭക്ഷിപ്പിച്ചത്; ഒരു കാരണവുമില്ലാതെ! ശൈത്യകാലത്ത് ഉഷ്ണകാലത്തെ പഴങ്ങള്‍. ഉഷ്ണകാലത്ത് ശൈത്യകാലത്തേതും! അന്ന് കുഞ്ഞില്ലായിരുന്നു. ഹൃദയം അല്ലാഹുവില്‍ മാത്രം ലയിച്ചതായിരുന്നു. ഇപ്പോള്‍ ഹൃദയത്തിന് കുഞ്ഞിനോടും ബന്ധമുണ്ട്. അപ്പോള്‍ ഭക്ഷണം കിട്ടാന്‍ ഒരു കാരണത്തെ നിശ്ചയിച്ചു എന്നു മാത്രം.
ഗര്‍ഭിണികള്‍ക്ക്/പ്രസവിച്ചവര്‍ക്ക് ഈന്തപ്പഴം നല്ലതാണെന്നും അവര്‍ക്ക് വ്യായാമം ചെയ്യല്‍ ഉത്തമമാണെന്നും ഈ സൂക്തം സൂചിപ്പിക്കുന്നുണ്ടെന്ന് വിശദീകരിച്ചവരുണ്ട്. ഈന്തപ്പഴത്തിന് ധാരാളം മഹത്വങ്ങളുണ്ട്.
ഒരു ഹദീസില്‍ കാണാം: നിങ്ങളുടെ അമ്മായിയെ നിങ്ങള്‍ ആദരിക്കുവിന്‍.
ആദമിനെ(അ) സൃഷ്ടിച്ച മണ്ണിന്റെ ബാക്കി കൊണ്ടാണത്രെ ഈന്തപ്പഴം സൃഷ്ടിച്ചത്. ഉപ്പയുടെ സഹോദരി അമ്മായി! അതാണ് ഹദീസിലെ വിവക്ഷയെന്ന് ഹദീസ് പണ്ഡിതര്‍ വിവരിക്കുന്നുണ്ട്.
റത്വ്ബ് എന്നാല്‍ തന്നെ പഴുത്തത് എന്നാണല്ലോ, പിന്നെ ജനിയ്യന് (പാകമായത്) എന്നുകൂടി ആയതില്‍ പറഞ്ഞതിന്റെ പ്രസക്തി എന്താണ്? പഴുത്ത പഴങ്ങളെല്ലാം പാകമായതാകണമെന്നില്ല! മരുന്ന് വെച്ച് പഴുപ്പിക്കുന്ന കാലമാണിത്. ചിലത് വാടിപ്പഴുക്കും. പക്ഷേ, ഈ ഈന്തപ്പഴങ്ങള്‍ അത്തരത്തിലള്ളവയല്ല. പഴുത്ത് പാകമായി ഗുണമേന്മയില് മുന്തി നില്ക്കുന്ന പഴങ്ങളാണ്.
സൂക്തം 26: “നീ തിന്നുകയും കുടിക്കുകയും കണ്കുളിര്ന്നിരിക്കുകയും ചെയ്യുക. മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇങ്ങനെ പറയുക: പരമകാരുണികനു വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഇന്ന് ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല.’
വെള്ളവും ഭക്ഷണവും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പാലിച്ച ക്രമമല്ല ഭക്ഷണം കഴിക്കാനും കുടിക്കാനും പറഞ്ഞപ്പോള്‍ സ്വീകരിച്ചത്. ഖുര്‍ആന്റെ പദങ്ങളും പ്രയോഗങ്ങളും മാത്രമല്ല ക്രമം പോലും വിസ്മയകരമാണ്. മനുഷ്യജീവിതത്തില്‍ ഭക്ഷണത്തെക്കാള്‍ പ്രാധാന്യം വെള്ളത്തിനാണ്. ഭക്ഷണമില്ലാതെ കുറച്ചു ദിവസങ്ങള്‍ പിടിച്ചു നില്ക്കാന് നമുക്കാവും. അത്രതന്നെ വെള്ളമില്ലാതെ നില്ക്കാന് നമുക്കാവില്ല. മുഹമ്മദ് അസദിന്റെയും ആടുജീവിതത്തിലെ ഹമീദിന്റെയും കഥകള്‍ ഓര്‍ത്തുനോക്കൂ! വെള്ളം തന്നെയാണ് പ്രധാനം. അതുകൊണ്ട് ഭക്ഷണവും വെള്ളവും പറഞ്ഞപ്പോള്‍ (ഈത്തപ്പഴവും അരുവിയും) വെള്ളത്തിന്റെ കാര്യം ആദ്യവും ഈത്തപ്പഴത്തിന്റെ കാര്യം രണ്ടാമതും പറഞ്ഞു. എന്നാല്‍ തിന്നാനും കുടിക്കാനും പറഞ്ഞപ്പോള്‍ ആദ്യം തീറ്റയും പിന്നെ കുടിയുമാണ് പറഞ്ഞത്. കാരണം, ആഹാരം കഴിക്കുമ്പോള്‍ ഭക്ഷണം കഴിച്ചിട്ടേ വെള്ളം കുടിക്കാവൂ.
“വ്രതം നേര്‍ന്നിട്ടുണ്ട് അതിനാല്‍ ഞാന്‍ സംസാരിക്കില്ല.’ ഇതിന്റെ സാംഗത്യമെന്താണ്? വ്രതവും സംസാരവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് മറുപടി. വ്രതം അനുഷ്ഠിച്ചവന് ഏഷണി, പരദൂഷണം പോലോത്ത നല്ലതല്ലാത്ത കാര്യങ്ങള്‍ സംസാരിക്കാന്‍ പാടില്ല. ഹലാലായ സംസാരം പോലും ഉചിതമല്ല. കാരണം, അത് നിഷിദ്ധമായ സംസാരത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് മുത്തുനബി ഇങ്ങനെ പറഞ്ഞത്: “മോശമായ സംസാരവും പ്രവര്‍ത്തനവും ഒഴിവാക്കാന്‍ തയാറല്ലാത്തവന്റെ നോമ്പ് അല്ലാഹുവിനാശ്യമില്ല.’
അപ്പോള്‍ വ്രതവും സംസാരവും തമ്മില്‍ ബന്ധമുണ്ട്. പണ്ട് നിലവിലുണ്ടായിരുന്ന മൗനവ്രതമാണ് ഉദ്ദേശ്യം എന്നും വ്യാഖ്യാനിച്ചവരുണ്ട്, ഇവിടെ കൂടുതല്‍ കരണീയം അതാണ്. മൗനവ്രതമാണെങ്കില് സംസാരിക്കാന്‍ പാടില്ലല്ലോ. പിന്നെ എങ്ങനെ “ഞാന്‍ നോമ്പുകാരിയാണ്’ എന്നു പറഞ്ഞു?
നോമ്പു തുടങ്ങുന്നതിന്റെ മുമ്പ് പറഞ്ഞതാണത്. വ്രതാനുഷ്ഠാനത്തെ കുറിച്ചുള്ള ഒരു അറിയിപ്പാണത്. “ആംഗ്യം കാണിച്ചു’ എന്ന അര്‍ഥത്തിനും ഈ വാചകം ഉപയോഗിക്കാറുണ്ട്. അങ്ങനെയാണെങ്കില്‍ സംശയത്തിനിടയുമില്ല.
സൂക്തം 28: “”ഹാറൂന്റെ സഹോദരീ നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് വൃത്തികെട്ടവളുമായിരുന്നില്ല”
ഖുര്‍ആനില്‍ അബദ്ധം കണ്ടെത്താന്‍ അഹോരാത്രം പരിശ്രമിക്കുന്നവര്‍ ഈ സൂക്തം ഉദ്ധരിക്കാറുണ്ട്.
ഹാറൂന്‍ മൂസാ നബിയുടെ സഹോദരനാണെന്നും മറിയം ബീവിയുടെ സഹോദരനാണ് എന്ന് പറഞ്ഞത് ഖുര്‍ആനിലെ ചരിത്രാബദ്ധണെന്നും അവര്‍ വാദിക്കുന്നു.
ഇത് തിരുനബിയുടെ കാലത്തുള്ള വിമര്‍ശകര്‍ തന്നെ ഉന്നയിച്ച ചോദ്യമാണ്. അതിന് അവിടുന്ന് തന്നെ മറുപടി പറഞ്ഞിട്ടുമുണ്ട്. പഴയ വീഞ്ഞ് തന്നെയാണ് പുതിയ കുപ്പിയില്‍ വന്നിരിക്കുന്നത്.
നജ്റാനിലെ ക്രിസ്ത്യാനികള്‍ ചോദിച്ച ഈ സംശയം ഉദ്ധരിച്ച മുഗീറതുബ്നു ശുഅ്ബയോട് തിരുനബി പറഞ്ഞു: “മുമ്പ് കഴിഞ്ഞ് പോയ അമ്പിയാക്കളുടെയും മഹാന്മാരുടെയും പേരുകള്‍ അവര്‍ സ്വീകരിക്കാറുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?’ എന്നായിരുന്നു.
(തുടരും)
ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി
You must be logged in to post a comment Login