ഈ ജീവിതത്തിന്റെ ആകർഷണീയതകളിൽ വീഴാതിരിക്കുക. ഭാവിയിലെ യഥാർത്ഥമായ നേരുകളിൽ നിന്ന് അവ നമ്മുടെ ശ്രദ്ധമാറ്റും. നമുക്ക് നമ്മുടെ സദ്കർമങ്ങളുടെ മാത്രം പിന്തുണയാൽ ജീവിക്കേണ്ടിവരുന്ന ആ നാളുകളിലേക്ക് മനസുകൊണ്ട് ഇപ്പോഴേ സഞ്ചരിക്കുക.
ആർക്കാണ് നമ്മുടെ ഭാവിയുടെ ഉത്തരവാദിത്വം?
ജീവിതത്തില്‍ നമ്മുടെ അസ്തിത്വം നാം ജനിച്ച നാള്‍ മുതല്‍ നമ്മെ ചുറ്റിയിരിക്കുന്ന ചില ആവശ്യങ്ങളാല്‍ ബന്ധിതമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ ഈ ആവശ്യങ്ങളില്‍ ചിലത് അടിസ്ഥാനപരമാണ്. ജീവിത വ്യവസ്ഥയുടെ സംരക്ഷണം അവയെ ആശ്രയിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ സ്വാഭാവികമാണ്. മറ്റു തരത്തിലുള്ള ആവശ്യങ്ങള്‍ അനിവാര്യമല്ലാത്തതും നിരന്തരം മാറിക്കൊണ്ടിരിക്കുന്നവയാണ്. ഒരിക്കലും പൂര്‍ണമായി നിറവേറ്റാന്‍ കഴിയില്ല.
നൈസര്‍ഗികമായ ഉദ്ദേശ്യങ്ങളും ആവശ്യ ബോധവും അനുസരിച്ച് മനുഷ്യന്‍ പണത്തിനായി ശ്രമിക്കുന്നു. എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ തന്റെ സർവശക്തിയുമുപയോഗിച്ച് പോരാടുന്നു. അത് മിക്ക ആളുകള്‍ക്കും കൂടുതല്‍ പണം സമ്പാദിക്കാന്‍ പ്രേരണ ഉണ്ടാക്കുന്നു. സമ്പത്താണ് ജീവിതത്തിന്റെ സൗന്ദര്യം എന്ന് വിശ്വസിച്ച് പ്രേരിപ്പിക്കുകയും ചെയ്യുന്നു.
അത്യാഗ്രഹം മൂലം, നമുക്ക് കുറവാണെന്ന് തോന്നുന്നത് നേടാനുള്ള തിരക്കിലാണ്. ആദമിന്റെ മക്കൾക്ക് സ്വർണത്തിന്റെ ഒരു താഴ്്വരയുണ്ടെങ്കില്‍, അത്യാഗ്രഹം മൂലം രണ്ട് സ്വർണത്താഴ്്വരകള്‍ ലഭിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നുവെന്ന് റസൂൽ(സ) നിരീക്ഷിച്ചു. മരിക്കുന്നതുവരെയും, വായിലും വയറിലും കുഴിമാടത്തിലെ അഴുക്കു നിറയും വരെ ലൗകിക സമ്പത്തിനുവേണ്ടി മനുഷ്യർ വല്ലാതെ അത്യാഗ്രഹിയായി തുടരും.
ദാരിദ്ര്യത്താലും ബലഹീനതയാലും ചുറ്റപ്പെട്ടിരിക്കുന്നവർ അതിനെ ചുറ്റിപ്പറ്റിയുള്ള ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യാന്‍ സാധ്യമായ വിധത്തിൽ ത്യാഗമനുഷ്ഠിക്കുന്നു. സമ്പത്ത് സമ്പാദിച്ചവർ, സമ്പത്തും സ്വഭാവങ്ങളും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെന്ന മട്ടില്‍ അഹങ്കാരവും എടുത്തണിയുന്നു. സമ്പത്തും സുരക്ഷിതത്വവും നേടിയാല്‍, അവന്‍ അഹങ്കാരത്തിന്റെയും അവിഹിത സമ്പാദ്യങ്ങളുടെ ലഹരിയിലാകുന്നു, ദുഷ്‌പ്രേരണകള്‍ മനുഷ്യന്റെ മനസിനോട് അനന്തമായി പോരാടുന്നു.
അനിയന്ത്രിതമായ അത്യാഗ്രഹത്തില്‍ നിന്നാണ് ഇഹലോകത്തോടുള്ള ആർത്തി ഉണ്ടാകുന്നത്. ഇഹലോകസൗകര്യങ്ങളും അത് സൃഷ്ടിക്കുന്ന സാങ്കല്‍പ്പിക സന്തോഷമാണതിന് കാരണം. എന്നാലത് പലവിധത്തിൽ മനുഷ്യരുടെ ജീവിതത്തിലേക്ക് ദുരിതം കൊണ്ടുവരുന്ന ഒരു ഘടകമാണെന്ന് പലരും തിരിച്ചറിയുന്നില്ല. ആർത്തിയുടെ ഫലമായി മനുഷ്യന്‍ എല്ലാറ്റിനെയും അവഗണിക്കുകയും സമ്പത്ത് ശേഖരിക്കാനുള്ള അന്വേഷണത്തില്‍ എല്ലാ ധാർമിക മൂല്യങ്ങളും ത്യജിക്കുകയും ചെയ്യുന്നു. ഒടുവില്‍ അത്യാഗ്രഹത്തിന്റെ കളകൾ മനുഷ്യന്റെ ആത്മാവില്‍ ആഴത്തില്‍ വേരൂന്നുന്നതാണ്.
അവകാശികളുടെ വിഹിതം നൽകാതെ ഒരു മുസ്‌ലിമിന് വലിയ തുകകള്‍ സ്വരൂപിക്കുകയും ശേഖരിക്കുകയും പറ്റില്ല. അത് വിതരണം ചെയ്യാതെ ഉപജീവനം നടത്താൻ ഇസ്‌ലാം അനുവദിക്കില്ല.
സംതൃപ്തി, പരോപകാരം, ഔദാര്യം എന്നിവ അത്യാഗ്രഹത്തിന്റെ വിപരീതമാണ്. നമ്മുടെ പക്കലുള്ളതിന് അല്ലാഹുവിനോട് നന്ദി പറയാനും അത് മറ്റുള്ളവരുമായി സ്വതന്ത്രമായി പങ്കിടാനും ശീലിക്കുമ്പോള്‍, നമ്മുടെ ഹൃദയത്തിലെ ശൂന്യതയിൽ ഭൗതിക വസ്തുക്കൾ വന്നു നിറയില്ല. അവിടം കടപ്പാടും നന്ദിബോധവും കൊണ്ട് തളിർക്കുന്നു.
ദാനം ചെയ്തിട്ട് ആരും ദരിദ്രരായിട്ടില്ലെന്ന് ഓര്‍ക്കുക. നമ്മുടെ വിശപ്പിന്റെ വേവലാതികൾ ഒരല്പം മാറ്റിവെക്കുക. അതിലൂടെ അല്ലാഹുവിന്റെ മറ്റു സൃഷ്ടികളെ സംരക്ഷിക്കാന്‍ നമുക്ക് കഴിയും.
അതിനാല്‍ മുന്നോട്ട് പോകുക, വിചാരങ്ങൾ പുതുക്കുക, അത്യാഗ്രഹത്തിലൂടെ ശേഖരിച്ചവയേക്കാള്‍ പ്രതിഫലദായകമായ നേട്ടങ്ങള്‍ കൊയ്തെടുക്കുക. അവസാനം നമുക്ക് വേണ്ടത് ആറടി ഭൂമിയാണ്.
ഇങ്ങനെയൊക്കെ ജീവിക്കുമ്പോഴും ഒരിക്കലെങ്കിലും നമ്മുടെ മരണത്തെയും അതിനു ശേഷമുള്ള ജീവിതത്തെയും കുറിച്ച് ചിന്തിക്കുക. അതേക്കുറിച്ച് ആത്മാർഥമായി ധ്യാനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നമ്മുടെ ജീവിതത്തെ കുറെകൂടി വിശുദ്ധീകരിക്കാന്‍ നമുക്ക് കഴിയുമായിരുന്നു.
ജീവിതത്തിലെ എല്ലാ കാത്തിരിപ്പുകളുടെയും അന്ത്യമാണ് മരണം. യഥാര്‍ത്ഥത്തില്‍ മരണം എന്താണ്? എങ്ങനെയാണ് നാം മരണത്തെ കാണേണ്ടത്? മരണത്തിനു ശേഷം നാം എന്തായി തീരുന്നു? ഒരായിരം ചോദ്യങ്ങള്‍ തരുന്ന മരണത്തെ ശങ്കകൂടാതെ അവസരമാക്കിമാറ്റാന്‍ ജീവിതത്തെ നാം എങ്ങനെയാണ് നയിക്കേണ്ടത്?
ഞാന്‍ കണ്ട സ്വപ്നം
ഞാന്‍ മരണക്കിടക്കയിലാണ്. എന്റെ കുടുംബം, സഹോദരങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍, എല്ലാവരും ദുഃഖഭാവത്തോടെ എനിക്ക് ചുറ്റുമുണ്ട്. അവരെന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി നില്കുന്നു. എന്റെ നില വഷളാകുന്നു. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട ചിലര്‍ യാസീന്‍ സൂറത് ഓതാന്‍ തുടങ്ങി. ശ്വാസം എടുക്കാന്‍ കുറച്ച് ആയാസം തോന്നി. ഞാന്‍ കണ്ണുകള്‍ തുറന്നു. എന്തോ ഒന്ന് എന്റെ കണ്ണില്‍ കാണുന്ന പോലെ. അതാ മലകുൽമൗത്ത് എത്തിക്കഴിഞ്ഞു. ഞാന്‍ ഭയപ്പെടാന്‍ തുടങ്ങി. ആരോ എന്റെ വായില്‍ വെള്ളം തുള്ളിയായി ഒഴിച്ചുതന്നു. അത് സംസം വെള്ളം ആയിരിക്കും. മരണസമയത്ത് എന്റെ വായില്‍ ഒഴിക്കാനായി ഞാന്‍ അത് സൂക്ഷിച്ചിരുന്നു. എല്ലാരും ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുല്ലാഹ് എന്ന് ചൊല്ലിക്കൊണ്ടിരുന്നു.
എന്റെ കണ്ണുകളില്‍ എല്ലാം മാഞ്ഞുതുടങ്ങി. എന്റെ നാഡിഞരമ്പുകള്‍ തളര്‍ന്നു. ശരീരം മരവിക്കുന്നു. പക്ഷേ, ഒന്നുമാത്രം ഞാന്‍ കേള്‍ക്കുന്നു; ലാഇലാഹ ഇല്ലല്ലാഹ് എന്നവര്‍ ചൊല്ലുന്ന ശബ്ദം മാത്രം.
എന്റെ റബ്ബേ ഞാന്‍ ഇനിയും മരിച്ചില്ലേ. പക്ഷേ, ഉയിര്‍പോയ ജഡം ആയിക്കഴിഞ്ഞു. എനിക്കുള്ള നേരമായി.ഒരു നിമിഷം പോലും വൈകിയില്ല. മലകുല്‍മൗത് കടമകള്‍ ചെയ്യാന്‍ തുടങ്ങി. എന്റെ ജീവന്‍ പറിച്ചെടുത്തു. ശരീരം ഒന്ന് പിടഞ്ഞു. എന്റെ എല്ലാ കളികളും റബ്ബ് അവസാനിപ്പിച്ചു. ഞാന്‍ ഈ ലോകത്തോട് വിടപറയുന്നു. എന്നെ യാത്ര അയക്കാനുള്ള ഏര്‍പ്പാട് ആരംഭിച്ചു. ഞാന്‍ നേടിയ സ്വത്തുക്കള്‍, വാങ്ങികൂട്ടിയ സാധനങ്ങള്‍, ജീവിച്ചിരുന്ന നാളുകളിൽ ഞാന്‍ ആഗ്രഹിച്ചു നേടിയതൊന്നും ഇന്നെന്റെ കൂടെയില്ല.
ഇനി എന്റെ അടയാളം എന്റെ ഖബര്‍ മാത്രം. ഞാന്‍ ജീവിച്ചിരുന്നനാളുകളിൽ എന്റെ മാതാപിതാക്കള്‍ എന്നെ വിളിച്ച പേര് പോലും ഇന്ന് എനിക്കില്ല . ഇപ്പൊ എന്റെ പേര് ജനാസ. മൃതദേഹം. പ്രിയപ്പെട്ടവര്‍ ഖബറിലേക്ക് എടുക്കാന്‍ തിടുക്കം കൂട്ടി. ജനാസ അധികനേരം വീടിനുള്ളില്‍ വെക്കാന്‍ പാടില്ലത്രെ. മരിച്ചാൽ കൂടുതല്‍ സമയം കിടക്കാന്‍ അനുവാദമില്ലാത്ത ഈ വീടാണോ ഞാന്‍ സ്വന്തമാക്കാന്‍ ഇത്രയും നാള്‍ ഓടിനടന്നത്. എത്രയോ നാളത്തെ ആലോചനകള്‍ക്കും സ്വപ്നങ്ങള്‍ക്കും ശേഷം ഞാന്‍ സ്വന്തമാക്കിയ വീട് ഇന്നെന്റെയല്ല. എന്നെ കുളിപ്പിക്കാന്‍ ഏര്‍പ്പാട് ചെയ്തു. കുളിപ്പിക്കാന്‍ പുറത്തേക്കെടുത്തു. ഞാന്‍ ആഗ്രഹിച്ച് ഉണ്ടാക്കിയ വീട്ടിലെ കുളിമുറിയില്‍ കുളിക്കാന്‍ എനിക്ക് അവകാശമില്ല. ഇനി ഒന്നും എനിക്ക് സ്വന്തമല്ല. ഈ നിലയില്‍ എനിക്ക് ഉപകരിക്കാത്തത് സ്വന്തമാക്കാനായി ഞാനെന്തിന് ഇത്രയുംകാലം ഓടിനടന്നു. കുളിപ്പിച്ച് എന്നെ വെള്ളത്തുണിയില്‍ പൊതിഞ്ഞു. വിലകൂടിയ വസ്ത്രങ്ങളെല്ലാം മാറ്റിവെച്ചു. എന്നെ മയ്യിത്ത് കട്ടിലില്‍ കിടത്തി. ഇപ്പോള്‍ എനിക്ക് സ്വന്തം ഇതുമാത്രം. ഇതിനാണോ ഇത്രയും നാള്‍ കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയത്. ഇപ്പോള്‍ എനിക്ക് ഉപകരിക്കാത്ത പണം സ്വന്തമാക്കാനാണോ ഞാന്‍ എത്രയോ കള്ളങ്ങള്‍ പറഞ്ഞത്. എല്ലാം നശിച്ചു. ഞാന്‍ എന്റെ ജീവിതം തുലച്ചു കളഞ്ഞു. പരലോകം മറന്നു ഈ ലോകത്തെ സുഖങ്ങള്‍ ആഗ്രഹിച്ചു. എനിക്ക് റബ്ബ് തന്ന നന്മകള്‍ എല്ലാം ഞാന്‍ പലപ്പോഴും മറന്നു ജീവിച്ചു.
ഇതെനിക്ക്, നിങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകുന്ന അനുഭവമാണ്. ഒരുദിവസം ആ അനുഭവം നിങ്ങളെ പുണരും. നമുക്കെല്ലാം ഒരു നാള്‍ ജീവിതം വെറും സ്വപ്നം മാത്രമാകും. നമ്മുടെ ജീവനും ഒരുനാള്‍ പറിച്ചെടുക്കപ്പെടും. തയാറായിരിക്കൂ. നന്മകള്‍ മാത്രം നമ്മോട് ചേര്‍ത്തുവയ്ക്കുക. അതു മാത്രമേ അവസാനം ഉതകുകയുള്ളൂ. ആ നന്മകള്‍ ജീവിതത്തെ ഇമ്പമുള്ളതാക്കും. മരണശേഷമുള്ള ജീവിതത്തിനു നിങ്ങള്‍ സ്വരുക്കൂട്ടി വയ്‌ക്കേണ്ടത് നന്മകള്‍ മാത്രമാണ്. ആഗ്രഹം ആര്‍ത്തിയായി നമ്മെ വിഴുങ്ങുമ്പോള്‍ മരണത്തെ ഒരു നിമിഷം ഓര്‍ക്കുക. എപ്പോള്‍ വേണമെങ്കിലും നിലച്ചുപോകുന്ന ഈ ജീവിതത്തിന് വേണ്ടി സ്വന്തം ബോധത്തെ നശിപ്പിക്കാതിരിക്കുക.
ഡോ. ഫാദില
You must be logged in to post a comment Login