വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് ശക്തമായ പ്രതിഷേധത്തിലേക്ക് കടന്നപ്പോഴാണ് എന്താണ് വഖ്ഫില്‍ നടക്കുന്നതെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതിനെ എതിര്‍ക്കുന്നവരുമായി സംസാരിച്ചു. ദേവസ്വം ബോര്‍ഡുള്‍പ്പെടെ മറ്റു സംവിധാനങ്ങള്‍ ഒന്നും പി എസ് സിക്ക് വിടാതെ എന്തിന് വഖ്ഫ് ബോര്‍ഡ് മാത്രം, പി എസ് സിക്ക് വിടുന്നു, അത് പി എസ് സിക്ക് വിട്ടാല്‍ മുസ്‌ലിം പേരുള്ള നിരീശ്വരവാദികള്‍ കയറിക്കൂടും, ആരെങ്കിലും കോടതിയില്‍ പോയാല്‍ മുസ്‌ലിംകൾക്കുമാത്രം എന്ന നിയമത്തിലെ വകുപ്പ് ചോദ്യം ചെയ്യപ്പെടും, അമുസ്‌ലിംകള്‍ക്കും ബോര്‍ഡില്‍ നിയമനം ലഭിക്കും തുടങ്ങിയ കാരണങ്ങളാണ് അവര്‍ ഉന്നയിച്ചത്. കഴിഞ്ഞ പതിനാലു വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന അനുഭവം വെച്ച് ഈ വിശദീകരണമൊന്നും അത്ര വിശ്വാസ്യമല്ലെന്ന് തോന്നിയപ്പോഴാണ് വഖ്ഫ് ബോര്‍ഡില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്.
പതിനായിരം ഏക്കറുകൾ
വഖ്ഫ് സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ചിലരുമായി ബന്ധപ്പെട്ടപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഏകദേശം പതിനായിരത്തോളം ഏക്കര്‍ വഖ്ഫ് ഭൂമി കേരളത്തില്‍ നഷ്ടപ്പെട്ട് പോയിരിക്കുന്നു. 1960ല്‍ കേരളത്തില്‍ വഖ്ഫ് ബോര്‍ഡ് സ്ഥാപിതമായതുമുതല്‍ അന്യാധീനപ്പെട്ട ഏതെങ്കിലുമൊരു സ്വത്ത് തിരിച്ചുപിടിക്കാനായിട്ടില്ല. ആയിരത്തോളം പരാതികള്‍ ബോര്‍ഡിനു മുന്നില്‍ തീര്‍പ്പാകാതെ കിടക്കുന്നു. അന്യാധീനപ്പെട്ട കോടികളുടെ വഖ്ഫ് സ്വത്തുകള്‍ തിരിച്ചുപിടിക്കാന്‍ പ്രഖ്യാപിത മുസ്‌ലിം രാഷ്ട്രീയ സംഘടനകളോ സാമുദായിക സംഘടനകളോ ഒന്നും കാര്യമായ ഇടപെടലുകള്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടില്ലെന്നും അദ്യഘട്ടത്തില്‍ തന്നെ മനസിലായി.
പൂർവികര്‍ വഖ്ഫ് ചെയ്ത സ്വത്തുകള്‍ കണ്‍മുന്നില്‍ കൈയേറ്റം ചെയ്യപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയാത്ത പിന്‍മുറക്കാരോ നാട്ടില്‍ സത്യവും നീതിയും പുലര്‍ന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന നിഷ്കളങ്ക വിശ്വാസികളോ ആണ് വഖ്ഫ്സ്വത്ത് തിരിച്ചുപിടിക്കാനായി കഴിഞ്ഞ അരനൂറ്റാണ്ടായി പോരാട്ട രംഗത്തുള്ളത്. വഖ്ഫ് ബോര്‍ഡ് ഓഫീസുകളിലും കോടതികളും കയറിയിറങ്ങി ഒരു പുരുഷായുസ്സ് മുഴുവന്‍ സമര്‍പ്പിച്ചവരാണ് പലരും. അവരില്‍ ചിലരുമായി സംസാരിച്ചു. രാഷ്ട്രീയമോ സംഘടനാതാല്പര്യങ്ങളോ ഇല്ലാത്തവര്‍, ചിലര്‍ മുസ്‌ലിംലീഗ് രാഷ്ട്രീയവുമായി ചേര്‍ന്നുനില്‍ക്കുന്നവര്‍. പക്ഷേ, വഖ്ഫ് സ്വത്തുകള്‍ തിരിച്ചുപിടിച്ച് സമുദായത്തിന്റെ ഗുണത്തിനായി ഉപയോഗിക്കണമെന്ന ലക്ഷ്യത്തില്‍ അവര്‍ കക്ഷി രാഷ്ട്രീയ, സംഘടനാ താല്പര്യങ്ങള്‍ക്ക് അതീതരായി സംസാരിച്ചു.
വഖ്ഫ് സ്വത്തുകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കണമെന്ന് തന്നെ തീരുമാനിച്ചു. കോഴിക്കോട്ടെ രണ്ടു കേസുകള്‍ ആദ്യം പഠിച്ചു.
താത്തൂർ
കോഴിക്കോട് മാവൂരിനടുത്ത താത്തൂര്‍ മഖാമുമായി ബന്ധപ്പെട്ട കേസാണ് ആദ്യം പരിശോധിച്ചത്. താത്തൂര്‍ മഖാം സ്ഥിതി ചെയ്യുന്ന പള്ളിയുടെ കൈവശം 76 ഏക്കര്‍ ഭൂമിയുണ്ടായിരുന്നുവെന്നും ഇപ്പോഴത് 21 ഏക്കര്‍ മാത്രമേയുള്ളൂവെന്നും രേഖകള്‍ നോക്കിയപ്പോള്‍ മനസിലായി. ഭൂമി കൈയേറിയിട്ടുണ്ടെന്നും തിരിച്ചുപിടിക്കണമെന്നും വില്ലേജ് ഓഫീസര്‍ മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ളവരുടെ റിപ്പോര്‍ട്ടുകളുമുണ്ട്. പക്ഷേ, നടപ്പായിട്ടില്ല. സ്വകാര്യവ്യക്തികള്‍ ഭൂമി കയ്യേറി വില്ലേജ് ഓഫീസില്‍ നിന്നും രേഖകള്‍ കൈവശപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്ഭുതം തോന്നിയ കാര്യം, ചിലപ്പോഴെങ്കിലും വില്ലേജ് ഓഫീസില്‍ നിന്ന് വഖ്ഫ് ബോര്‍ഡിലേക്ക് കത്ത് പോയതായി കണ്ടു. ഭൂമിയില്‍ അവകാശവാദവുമായി സ്വകാര്യവ്യക്തി എത്തിയിട്ടുണ്ടെന്നും അത് വഖ്ഫ് ഭൂമിയാണോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഈ കത്ത്. വഖ്ഫ് സ്വത്തുകള്‍ സംരക്ഷിക്കാന്‍ അധികാരപ്പെട്ട വഖ്ഫ് ബോര്‍ഡ് ഈ കത്തുകള്‍ക്കൊന്നും മറുപടി നല്‍കിയില്ല.
2016ല്‍ പൊലീസ് സഹായത്തോടെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ വഖ്ഫ് ബോര്‍ഡിന് കത്ത് നല്‍കിയെങ്കിലും ഒന്നും നടന്നില്ല. അങ്ങനെയാണ് പല ഭൂമിയും സ്വകാര്യവ്യക്തികളുടെ കൈവശത്തിലേക്ക് പോയതെന്നും മനസിലായി. ഇതിനിടെ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ റഷീദലി തങ്ങളും അംഗങ്ങളായ എം സി മായിന്‍ ഹാജി, സൈനുദ്ദീന്‍ എന്നിവരും കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തി. വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ ഒരു സ്വത്തും നഷ്ടപ്പെട്ടിട്ടില്ലെന്നും ഏതെങ്കിലുമൊന്ന് പറയൂവെന്നുമായിരുന്നു മറുപടി. താത്തൂരിലെ കാര്യം പറഞ്ഞപ്പോള്‍ അതില്‍ വഖ്ഫ് ബോര്‍ഡ് ഇടപെട്ടിട്ടുണ്ടെന്നായി പ്രതികരണം (പരാതിക്കാര്‍ നിരന്തരം ശല്യപ്പെടുത്തിയപ്പോള്‍ താത്തൂര്‍ കേസില്‍ ഒരു ഉത്തരവിട്ടിരുന്നു. പക്ഷേ, ആ ഉത്തരവില്‍ ഭൂമികൈയേറ്റം മരം മുറി കേസായാണ് അവതരിപ്പിക്കുന്നത്. അതുതന്നെ ഉത്തരവിട്ടതല്ലാതെ തുടര്‍നടപടികളുണ്ടായില്ല). ജില്ലാ കലക്ടറുടെ കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊരു കത്തില്ലെന്നായിരുന്നു മായിന്‍ ഹാജിയുടെ മറുപടി. എന്റെ കൈവശം കത്തുണ്ടെന്ന് പറഞ്ഞ് ഞാന്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ മായിന്‍ ഹാജി രോഷത്തോടെ ശബ്ദമയുര്‍ത്തി. അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് തീരെ പന്തിയല്ലെന്ന് ബോധ്യമായത്.
കുറ്റിക്കാട്ടൂർ
ഇതിനിടെയാണ് 2016ലെ ഒരു വഖ്ഫ് ട്രിബ്യൂണല്‍ വിധി ശ്രദ്ധയില്‍പ്പെട്ടത്. കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യതീംഖാന 5000 രൂപ തുക കാണിച്ച് വില്പന നടത്തിയത് റദ്ദാക്കിയെന്നായിരുന്നു ആ വിധി. പരിശോധിച്ചപ്പോഴാണ് ബോര്‍ഡ് അംഗമായ പ്രമുഖ മുസ്‌ലിം ലീഗ് നേതാവിന്റെ അടുത്ത ബന്ധുവിനാണ് സ്വത്ത് വിറ്റതെന്ന് തിരിച്ചറിഞ്ഞത്. കുറ്റിക്കാട്ടൂര്‍, കണിയാത് മഹല്ലുകള്‍ സംയുക്തമായി ജമാഅത് കമ്മിറ്റി രൂപീകരിച്ച് തുടങ്ങിയ യതീംഖാന പിന്നീട് ചിലര്‍ സ്വന്തക്കാരെ മാത്രം ഉള്‍പ്പെടുത്തി തട്ടിക്കൂട്ട് കമ്മിറ്റിയുണ്ടാക്കി ജമാഅത്ത് കമ്മിറ്റിയിലെ ചില വ്യക്തികളെ സ്വാധീനിച്ച് കൈവശപ്പെടുത്തുകയായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ പല കാരണങ്ങള്‍ കൊണ്ടും നിയമവിരുദ്ധമാണെന്ന് വ്യക്തമായ സംഭവത്തില്‍ വാര്‍ത്ത ഞങ്ങള്‍ നന്നായി കൊടുത്തു. ചര്‍ച്ചയാക്കി. ഇതോടെ ചിത്രം മാറി. മുസ്‌ലിംലീഗ് നേതാക്കളുടെ ഭാഗത്തുനിന്നും യതീംഖാന കമ്മിറ്റിയുടെ ആളുകളെന്നും പറഞ്ഞ് നിരന്തരം ഫോണ്‍ കോളുകള്‍. ചില ഭീഷണിപ്പെടുത്തലുകളുമുണ്ടായി. പിറ്റേദിവസം എനിക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന അറിയിപ്പും വന്നു. പക്ഷേ, സത്യം അതിന്റെ വഴിക്കുതന്നെ മുന്നോട്ടുപോയി. മേല്‍പ്പറഞ്ഞ വഖ്ഫ് ബോര്‍ഡ് അംഗം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച് കുറ്റിക്കാട്ടൂര്‍ യതീംഖാനയുടെ വില്പന റദ്ദാക്കി ഉത്തരവുണ്ടായി. സ്ഥാപനവും സ്വത്തും പഴയ ജമാഅത് കമ്മിറ്റിക്ക് തന്നെ നല്‍കാനും തീരുമാനമായി. ചില വ്യക്തികളുടെ മാത്രം കൈവശമുണ്ടായിരുന്ന സ്ഥാപനം അതോടെ നാടിന്റെ പൊതുസ്വത്താകാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്.
കോഴിക്കോട്ടെ തർബിയത്
പിന്നാലെയാണ് കോഴിക്കോട്ടെ പ്രമുഖ മതപഠന കേന്ദ്രമായ തര്‍ബിയതുല്‍ ഇസ്‌ലാം സഭ മാനേജര്‍ കോയട്ടി എന്നയാളുമായി സംസാരിച്ചത്. കമ്മിറ്റി അംഗവും ഇപ്പോള്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനുമായ കോയട്ടിയും മറ്റുപലരെയും പോലെ നഷ്ടപ്പെട്ടുപോയ കോടികളുടെ സ്വത്തുകള്‍ തിരിച്ചുപിടിക്കാനായി വഖ്ഫ് ബോര്‍ഡ് ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അന്വേഷിച്ചപ്പോള്‍ സ്ഥാപനത്തിന്റെ പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ്. മാനേജര്‍ കോയട്ടി മുസ്‌ലിംലീഗ് പ്രവര്‍ത്തകനുമാണ്. പക്ഷേ, അദ്ദേഹം ഒരു കാര്യം വ്യക്തമായി പറഞ്ഞു. വഖ്ഫ് ബോര്‍ഡിന് വഖ്ഫ് സ്വത്തുകള്‍ സംരക്ഷിക്കാന്‍ താല്‍പര്യമില്ല. കോടതികളില്‍ കേസുകള്‍ ശരിയായി നടത്തുന്നില്ല. വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ബോര്‍ഡ് ഒന്നും ചെയ്യാതെ നില്‍ക്കുന്നു. കൈയേറിയവരില്‍ പലരും ഉന്നത സ്വാധീനമുള്ളവരും രാഷ്ട്രീയ ബന്ധമുള്ളവരുമാണ്. വഖ്ഫ് സംരക്ഷണത്തിനുവേണ്ടി പോരാടുന്നവര്‍ പലപ്പോഴും ദുര്‍ബലരായ വ്യക്തികള്‍ മാത്രം. ഉന്നതരോട് നിയമപോരാട്ടം നടത്താനാവാതെ അവര്‍ പാതിവഴിയില്‍ തളര്‍ന്നുവീഴുന്നു.
1500ന് പാട്ടം വാടക മുപ്പതിനായിരം
മറ്റൊരു കാര്യമായി ബോധ്യപ്പെട്ടത് വഖ്ഫ് സ്വത്തുകള്‍ പരിപാലിക്കുന്ന കമ്മിറ്റി അംഗങ്ങള്‍ തന്നെ സ്വത്ത് പാട്ടത്തിന് ഉപയോഗിക്കുന്നുവെന്നതാണ്. വഖ്ഫ് നിയമത്തിന് വിരുദ്ധമാണത്. അന്‍പത് വര്‍ഷത്തോളമായി ഇങ്ങനെ വഖ്ഫ് സ്വത്ത് അനുഭവിക്കുന്ന കമ്മിറ്റി അംഗങ്ങളുണ്ട്. കമ്മിറ്റിയിലെ സ്വാധീനം ഉപയോഗിച്ച് തുച്ഛമായ വിലക്കാണ് ഇവര്‍ സ്വത്ത് പാട്ടത്തിന് എടുക്കുന്നത്. നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലെ പല കടമുറികളും ഇങ്ങനെ കമ്മിറ്റി ഭാരവാഹികള്‍ തന്നെ പാട്ടത്തിന് എടുത്തിരിക്കുകയാണ്. മാസത്തില്‍ 1500, 2000 രൂപ കമ്മിറ്റിക്ക് നല്‍കുകയും അവര്‍ പുറത്ത് ഇതേ കടമുറികൾ മുപ്പതിനായിരം, നാല്‍പ്പതിനായിരം രൂപക്ക് വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്ന സംഭവം കോഴിക്കോട് നഗരത്തിലുണ്ട്. സംസ്ഥാനത്തുടനീളം നിരവധി സംഭവങ്ങള്‍ അങ്ങനെയുണ്ടെന്ന് ബോധ്യമായി. ഈ കരാര്‍ റദ്ദാക്കി സ്വത്ത് വഖ്ഫ് ചെയ്യപ്പെട്ട കമ്മിറ്റിക്ക് ലഭിക്കുകയാണെങ്കില്‍ അവര്‍ക്ക് സ്വന്തം നിലയില്‍ വാടകയ്ക്ക് നല്‍കി വലിയ വരുമാനമുണ്ടാക്കാന്‍ കഴിയും. നിത്യചെലവിന് ബുദ്ധിമുട്ടുന്ന പല സ്ഥാപനങ്ങളുടെയും ഇത്തരം സ്വത്തുകള്‍ സ്വന്തം കമ്മിറ്റിയിലെ തന്നെ ഭാരവാഹികളോ അവരുടെ ഇഷ്ടക്കാരോ കൊള്ളയടിക്കുന്നുണ്ടെന്ന് മനസിലായി. വഖ്ഫ് ബോര്‍ഡിന് ഇത്തരം പകല്‍കൊള്ളകള്‍ തടയാന്‍ കഴിയും. കമ്മിറ്റി ഭാരവാഹികള്‍ തന്നെ വഖ്ഫ് സ്വത്ത് വാടകക്ക് എടുക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇതിലൊന്നും ബോര്‍ഡ് ചെറുവിരലനക്കുന്നില്ല!
നഷ്ടം സുന്നി വഖ്ഫുകൾക്ക്
ഇത്രയും പരിശോധിച്ചതില്‍ നിന്ന് എനിക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെട്ടു. വഖ്ഫ് സ്വത്തുകള്‍ കൈയേറിയിരിക്കുന്നത് സമൂഹത്തില്‍ വലിയ സ്വാധീനമുള്ളവരാണ്. രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങളുള്ളവരാണ് ഭൂരിപക്ഷവും. ചില കേസുകളില്‍ ഇവ രണ്ടിനുമിടയില്‍ പാലമായി പ്രവര്‍ത്തിക്കുന്ന മതനേതാക്കളുമുണ്ട്. മറ്റൊന്ന്, കൈയേറ്റം ചെയ്യപ്പെട്ടവയെല്ലാം സുന്നിവഖ്ഫുകളാണ്. കൈയേറിയതോ അന്യായമായി കൈവശപ്പെടുത്തുകയോ ചെയ്തവര്‍ പലരും സുന്നിവിരുദ്ധ വിശ്വാസധാരയിലുള്ളവരുമാണ്.
വലിയ മഞ്ഞുമലയുടെ ചെറിയൊരു അഗ്രം മാത്രമാണ് എനിക്ക് പരിശോധിക്കാന്‍ കഴിഞ്ഞത്. മുന്നില്‍ രേഖകളുണ്ടായിരുന്നുവെങ്കിലും ദൃശ്യമാധ്യമത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥലത്തെത്തി ദൃശ്യങ്ങളെടുക്കേണ്ടിയിരുന്നു. ഇതിനിടെയാണ് വഖ്ഫ് നിയമനം പി എസ് സിക്ക് വിട്ടതിനെതിരെ മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ കോഡിനേഷന്‍ കമ്മിറ്റി യോഗം വിളിച്ച് പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനം പി എം എ സലാം പ്രഖ്യാപിച്ചത്. കോഴിക്കോട് എം എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന ആ വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനം പിന്നീട് ഉയര്‍ത്തിവിട്ടേക്കാവുന്ന രാഷ്ട്രീയ കൊടുങ്കാറ്റുകളെക്കുറിച്ച് വാര്‍ത്താസമ്മേളന വേദിയില്‍ ഓര്‍ത്തു. അതേക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും ഇഷ്ടപ്പെടാതെ കൃത്യമായ മറുപടി പറയാതെ വഖ്ഫ് വിഷയത്തില്‍ സമുദായ സംഘടനകളുടെ പിന്തുണയോടെ കേരളത്തില്‍ നടക്കാന്‍ പോകുന്ന വലിയ പ്രക്ഷോഭം വഴിയുണ്ടാവാന്‍ പോകുന്ന മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തില്‍ പി എം എ സലാം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചിറങ്ങിയപ്പോള്‍ പാതി വഴിയിലായത് ഞാന്‍ തുടങ്ങിവെച്ച വഖ്ഫ് കൈയേറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണമായിരുന്നു. പിന്നീട് നടന്നതിനെല്ലാം കേരളം സാക്ഷിയാണ്.
ഒരു കാര്യം വ്യക്തമാണ്. വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതിനെ എതിര്‍ക്കാന്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ ഊർജത്തിന്റെ പത്തിലൊന്ന് മാത്രം മതിയായിരുന്നു അന്യാധീനപ്പെട്ട ശതകോടികളുടെ വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാൻ.
മുഹമ്മദ് ഷഹീദ്
(ന്യൂസ് 18 മലയാളം കോഴിക്കോട് ബ്യൂറോ ചീഫാണ് ലേഖകൻ)
You must be logged in to post a comment Login