ഏഴു ജില്ലകളില്‍ അന്യാധീനപ്പെട്ട വഖ്ഫുകളെക്കുറിച്ചുള്ള സര്‍വേ പൂര്‍ത്തിയായിട്ടുണ്ടല്ലോ. അതിന്റെ തുടര്‍ നടപടികള്‍ എന്തൊക്കെയായിരിക്കും?
നിലവില്‍ ഇപ്പോള്‍ സര്‍വേ നടന്നെങ്കില്‍ കൂടി ആ സര്‍വേ നമുക്ക് വേണ്ടത്ര വ്യക്തമല്ല. പഴയ ഭരണസമിതി ചൂണ്ടിക്കാണിച്ചപോലെ നടത്തിയ സര്‍വേ ആണത്. അതില്‍ കുറച്ച് വൈരുധ്യങ്ങള്‍ കണ്ടിട്ടുണ്ട്. അതിനാൽ യഥാര്‍ത്ഥ വ്യവസ്ഥകള്‍ വെച്ച് വീണ്ടും സര്‍വേ ചെയ്യേണ്ടതുണ്ട്. ആ സര്‍വേ ഒറ്റയടിക്ക് അംഗീകരിക്കാന്‍ സർക്കാരിന് പ്രയാസമുണ്ട്. ചൂണ്ടിക്കാണിക്കപ്പെട്ടപ്രകാരം നടന്ന ഈയൊരു സർവേയിൽ നമ്മള്‍ നിലപാട് എടുത്താല്‍ അത് രേഖയാകും. ഇതുമായി ബന്ധപ്പെട്ട് പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കണം. നോട്ടിഫിക്കേഷന്‍ ഇറങ്ങിക്കഴിഞ്ഞാല്‍, ഗവണ്‍മെന്റ് ഓര്‍ഡര്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ അത് റെഗുലേറ്റ് ചെയ്തുപോകും. അതായിരുന്നു മുമ്പത്തെ ബോര്‍ഡ് ആലോചിച്ചത്. ഓരോ മഹല്ലിലും ഏതെങ്കിലും തരത്തിലുള്ള വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടതായി സംശയിക്കുന്നുണ്ടെങ്കില്‍, അതല്ലെങ്കില്‍ നിങ്ങളുടെ അറിവിലുണ്ടെങ്കില്‍, ഏതെങ്കിലും കുടുംബങ്ങള്‍ ഇന്ന സ്വത്ത് വഖ്ഫ് ചെയ്തിട്ടുണ്ട്, അത് കൈമാറ്റം ചെയ്തിട്ടുണ്ട് എന്ന രീതിയില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഒരു അറിവ് കിട്ടിയാല്‍ അത് ഓഫീസില്‍ അറിയിക്കണം എന്നുള്ള രീതിയില്‍ വഖ്ഫ് ബോര്‍ഡ് മാധ്യമങ്ങളിൽ പരസ്യം കൊടുക്കണം. ജനാഭിപ്രായം സ്വരൂപിക്കണം. റവന്യൂവുമായി ബന്ധപ്പെട്ട് ടാഗിംഗ് സംവിധാനം കൊണ്ടുവരണമെങ്കില്‍ ആദ്യം ഇതറിയണം. അതിനുവേണ്ടിയിട്ടുള്ള ഒരു സ്‌കീം ഇപ്പോള്‍ നമ്മള്‍ തയാറാക്കി വരികയാണ്.
വലിയൊരു കാലതാമസം ഇതിന് വരില്ലേ?
റവന്യൂ കേസ് വലിയ കാലതാമസം വരും. അത് പരിഹരിക്കാന്‍ വേണ്ടിയിട്ടാണ് അടിയന്തിര ടാഗിംഗ് ഉദ്ദേശിക്കുന്നത്. അപ്പോൾ ഇത് വേഗത്തിലാക്കാൻ പറ്റും.
പോരായ്മകളുണ്ട് എന്നതുകൊണ്ടാണോ റീസര്‍വേ നടത്തുന്നത്?
പോരായ്മകളുണ്ട്, ഉദാ. കുറ്റിക്കാട്ടൂര്‍ കേസ്. അത് ഈ സര്‍വേയിൽ വന്നിട്ടില്ല, വഖ്ഫിന്റേതാണെന്ന് പറഞ്ഞിട്ടും ഇല്ല. വഖ്ഫ് ബോര്‍ഡിലുള്ള ആളുകള്‍ തന്നെ തോന്നുന്നപോലെ ചെയ്യുകയാണ്. അവരുടെ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കുമൊക്കെ ഗുണമുണ്ടാക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എം സി മായിൻ ഹാജിയുടെ പെങ്ങളുടെ ഭര്‍ത്താവിന്, അദ്ദേഹം ട്രസ്റ്റ് സെക്രട്ടറിയോ മറ്റോ ആയിരിക്കുന്ന ഒരു കമ്മിറ്റിക്ക്, കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅതിന്റെ സ്വത്ത് കൈമാറ്റം ചെയ്യാനുള്ള ശ്രമം. അത് ഹൈക്കോടതി തടഞ്ഞതാണ്. ആ കോടതി വിധി വന്നപ്പോള്‍ അവിടെ ഇരിക്കുന്ന ഭൂരിപക്ഷവും ഇവരായിരുന്നു. ഇയാള്‍ സ്വാധീനമുപയോഗിച്ചിട്ട് അത് നടപ്പിലാക്കിയില്ല. അവിടെ സർക്കാർ ശക്തമായി ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് പറയുന്നു. അങ്ങനെ ഹൈക്കോടതി വിധി പിന്നീട് ഇംപ്ലിമെന്റ് ചെയ്തതുകൊണ്ടാണ് ആ സ്വത്ത് കുറ്റിക്കാട്ടൂര്‍ ജമാഅത്തിന് തിരിച്ചുകിട്ടിയത്. അതാണ് ഇതിലുള്ള ഒരു അവസ്ഥ. ഇതേപോലെ വഖ്ഫ് ബോര്‍ഡിന്റെ നിരവധി കേസുകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.
ആ കേസുകളില്‍ പെട്ടെന്ന് നടപടികള്‍ ഉണ്ടാകുമോ?
അതിന് പുതിയ സംവിധാനം ആലോചിക്കുകയാണ്. വേണ്ടിവന്നാല്‍ വഖ്ഫ് ബോര്‍ഡ് ട്രിബ്യൂണല്‍ പോലെ ഒരു സംവിധാനം കേരളത്തിലെ രണ്ട് സ്ഥലങ്ങളിലായിട്ട് സ്ഥാപിച്ചാല്‍ ഒന്നുകൂടി വേഗത്തിലാക്കാന്‍ പറ്റും. കേസുകള്‍ കൂടുതല്‍ ഉള്ളതുകൊണ്ടാണല്ലോ ഇപ്പോള്‍ ഇങ്ങനെയൊക്കെ വരുന്നത്. അതു മാത്രമല്ല, ഇവിടെ നിരവധി ടൈപ്പിലുള്ള കേസുകള്‍ നിലവിലുണ്ട്. ഹരജികള്‍ കൊടുത്തത്. പല കമ്മിറ്റികളും കണക്കുകള്‍ കൃത്യമാക്കാത്ത കേസുകള്‍. ബാക്കിയുള്ളവരെ തഴഞ്ഞിട്ട് ഭരണസമിതിയില്‍ നിലനില്‍ക്കുന്ന കാലാവധികഴിഞ്ഞ ഭരണസമിതികൾ. തോന്നുന്നപോലെ ബൈലോ ഉണ്ടാക്കുക. ഇതൊക്കെ സംഭവിക്കുന്നുണ്ട്. അപ്പോള്‍ ഇത് ഡയറക്ട് ചെയ്തിട്ടുണ്ടാവുക ചിലപ്പോള്‍ വഖ്ഫ് ബോര്‍ഡ് തന്നെ ആയിരിക്കും. ഇതില്‍ തന്നെ ഇലക്ഷന്‍ നടത്തി കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്നുണ്ട്. പല സ്ഥലങ്ങളിലും കൃത്യമായ ഓഡിറ്റിംഗ് ഇല്ലാത്തതുകൊണ്ട് കോടിക്കണക്കിന് രൂപ തിരിമറി നടന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും അതുമായി ബന്ധപ്പെട്ട് ഹരജികളുണ്ട്. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ വെളുത്തമാന്‍ മുസ്‌ലിം ജമാഅത് എന്നൊരു കമ്മിറ്റിയുണ്ട്. അവിടെ ജമാഅതിന്റെ എതിര്‍കക്ഷി ഭരണസമിതിക്ക് എതിരായിട്ട് 2018ല്‍ ഒരു കേസ് കൊടുത്തിട്ടുണ്ട്. അതാണ് ഏറ്റവും കുറഞ്ഞ കാലാവധിയില്‍ ഇപ്പോള്‍ നടക്കുന്ന ഒരു കേസ്. അപ്പോള്‍ ഇതിന്റെ പഴയത് ആയിരക്കണക്കിനുണ്ട്. ഇതിലൊക്കെ മാറ്റം വരണം.
ഇപ്പോള്‍ നടന്ന സര്‍വേയിലെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ എന്തൊക്കെയാണ്?
ആ സര്‍വേ ചെയ്തത് കൃത്യമായിട്ടല്ല. രേഖകളിലുള്ള ഭൂമി കാണാനില്ല; സര്‍വേ ചെയ്യുമ്പോള്‍. ആരേലും ചൂണ്ടിക്കാണിക്കുന്ന ഭൂമി വഖ്ഫാണെന്ന് പറഞ്ഞ് അതില്‍ കൂട്ടുകയാണ്. വലിയതോതില്‍ അതാത് കാലങ്ങളില്‍ ഉണ്ടായിരുന്ന പ്രത്യേകിച്ച് മുസ്‌ലിം ലീഗിന്റെ കാലത്തുണ്ടായിരുന്ന ഭരണസമിതിയുടെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ തിരിമറികള്‍ നടന്നിട്ടുള്ളതെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. പക്ഷേ, പിന്നെ വന്ന ബോര്‍ഡുകള്‍ ശക്തമായി നടപടിയെടുത്ത് മുമ്പോട്ടുപോയിട്ടുമില്ല. ആ രീതിയിലേക്ക് കാര്യങ്ങള്‍ മാറിവന്ന്, വഖ്ഫ് എന്ന പേരില്‍ നിർണിത ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തില്‍ മതവിശ്വാസി നല്‍കുന്ന ആ സ്വത്തുകളെ അതിനുവേണ്ടിത്തന്നെ ഉപയോഗിക്കപ്പെടുന്ന സ്ഥിതിയുണ്ടാകണം. ഭൂമികള്‍ തട്ടിയെടുക്കുന്നതിനുള്ള വലിയ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
തളിപ്പറമ്പില്‍ ഉള്ള വലിയൊരു സ്വത്ത് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. മറ്റൊന്ന് മുന്‍ എം എല്‍ എ ആയിരുന്ന മുസ്‌ലിം ലീഗ് നേതാവ് ഉണ്ടല്ലോ; ഖമറുദ്ദീന്‍. അദ്ദേഹം സ്വന്തമായി ഒരു ട്രസ്റ്റ് രൂപീകരിക്കുകയും വഖ്ഫില്‍ പെട്ട കുറേ സ്ഥലം അതിന്റെ പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. രജിസ്‌ട്രേഷന്‍ ഒക്കെ കഴിഞ്ഞ് കള്ളത്തരം പിടിക്കും എന്ന് കണ്ടപ്പോള്‍ തിരിച്ച് ഇങ്ങോട്ടുതന്നെ രജിസ്റ്റര്‍ ചെയ്തു. ഇനിയും അവിടെ കോടിക്കണക്കിന് രൂപയുടെ വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ട് കിടക്കുകയാണ്. അങ്ങനെ പല സ്ഥലങ്ങളുമുണ്ട്.
ഫാറൂഖ് കോളജിന്റെ വഖ്ഫില്‍ പെട്ട ഒരു പ്രോപ്പര്‍ട്ടി എറണാകുളത്ത് ഇരുപത്തിമൂന്നോളം ഏക്കര്‍ കിടക്കുന്നുണ്ട്. അത് പല കൈകളിലാണ്. ഇതുമായി ചേര്‍ന്നു തന്നെ നാനൂറിലേറെ ഏക്കര്‍ ഉണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഫറൂഖ് കോളജിന്റെ ഭാഗത്തു തന്നെ.
വാഴക്കാട് ദാറുൽഉലൂമിന്റെ വലിയ സ്വത്താണ് കൈമാറ്റം ചെയ്യപ്പെട്ടത്. അതു മാത്രമല്ല, മുസ്‌ലിം ലീഗിന്റെ അറിവോടുകൂടി പല സ്ഥലങ്ങളിലും സുന്നി വഖ്ഫുകള്‍ മറ്റു പല മുസ്‌ലിം സംഘടനകളുടെ പേരിലും മാറ്റിയെടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. വഖ്ഫിന്റെ ഒരു ഉദ്ദേശ്യമുണ്ടല്ലോ. അതുപ്രകാരം പല സ്ഥലങ്ങളിലും കാര്യങ്ങള്‍ നടന്നിട്ടില്ല. അത് നോക്കാനാണല്ലോ ഇവരെ വഖ്ഫ് ബോര്‍ഡില്‍ വച്ചിട്ടുള്ളത്. അത് കൈമാറിപ്പോകാന്‍ പാടില്ലല്ലോ.
ഇപ്പോള്‍ താങ്കൾ പറഞ്ഞതനുസരിച്ച് മുസ്‌ലിംലീഗിന്റെ ഭരണകാലത്താണ് വഖ്ഫ് ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ കെടുകാര്യസ്ഥത നടന്നത്. പക്ഷേ, ഇടതുപക്ഷം പിന്നീട് ഭരണത്തില്‍ വരുന്നുണ്ട്. അപ്പോള്‍ ആ സമയത്ത് അത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടന്നുവോ?
കെ ടി ജലീല്‍ വന്ന സമയത്താണ് ഇത്തരംകാര്യങ്ങൾ കണ്ടെത്തുന്നതും സര്‍വേ നടത്തി തിരിച്ചുപിടിക്കാമെന്ന് തീരുമാനിക്കുന്നതും. ഇവിടെ ജീവനക്കാരുടെ എഫിഷ്യന്‍സി ആണ് പ്രശ്‌നം. ജീവനക്കാര്‍ പലരും പല ഭരണകക്ഷികളുടെയും സ്വാധീനത്തില്‍ വന്നവരാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വന്നവരുമുണ്ട്. പലരും അതാത് സമയത്തെ രാഷ്ട്രീയ സ്വാധീനത്തിനനുസൃതമായി അങ്ങോട്ടും ഇങ്ങോട്ടും മാറുന്ന നില ഉണ്ടായിരുന്നു. വഖ്ഫിന്റെ കാര്യത്തില്‍ നിഷ്പക്ഷമായി നിലപാടെടുക്കേണ്ട വലിയൊരു സംവിധാനമാണ് വേണ്ടത്. അത് ഉണ്ടായിട്ടില്ല.
തിരുവനന്തപുരം മുതല്‍ കാസറഗോട് വരെയുള്ള നിരവധി പള്ളികളില്‍ ഭരണസമിതികള്‍ മുസ്‌ലിംലീഗിന്റെ കീഴിലാണ്. അവര്‍ ബോര്‍ഡുകളില്‍ നടത്തിയിട്ടുള്ള കണക്കുകളിലെ കൃത്രിമം തന്നെ എത്രയോ എണ്ണം പെന്‍ഡിംഗ് ആണ്. സമയാസമയങ്ങളില്‍ ഇതൊന്നും തീര്‍ക്കാനോ വഖ്ഫിനോ മുസ്‌ലിം സമുദായത്തിനോ ഗുണകരമാകുന്ന വിധത്തില്‍ ഇത് കൈകാര്യം ചെയ്യാനോ ഇവര്‍ക്ക് സാധിച്ചിട്ടില്ല. അത് വലിയൊരു തെറ്റാണ്. ഏറ്റവും കൂടുതല്‍ വഖ്ഫ് സ്വത്തുകള്‍ ഉണ്ടായിട്ടുള്ളത് സുന്നി വിഭാഗത്തിലാണ്. അതിന്റെ പേരിലാണ് ഇപ്പോൾ ജമാഅതെ ഇസ്‌ലാമി, മുജാഹിദ് പോലുള്ള കക്ഷികള്‍ അവകാശവാദവുമായിട്ട് വരുന്നത്. വഖ്ഫ് ബോർഡിലെ പി എസ് സി നിയമനത്തെ എതിര്‍ക്കാന്‍ മുസ്‌ലിംലീഗിന്റെ കൂടെ വരുന്നത് ജമാഅതെ ഇസ്‌ലാമി, മുജാഹിദ് പോലുള്ള കക്ഷികളാണ്. അതിന്റെ താല്പര്യം ഇതിനെ കൈക്കലാക്കുക എന്നതാണ്. അല്ലാതെ നന്നാക്കണം എന്നല്ല. നന്നായിപ്പോയാല്‍ ചിലപ്പോള്‍ ഇവരൊക്കെ പുറത്താകും. മുസ്‌ലിംലീഗിനെ സംബന്ധിച്ച് ഓരോ മഹല്ലുകളിലും അവര്‍ അനര്‍ഹമായിട്ട് കേറിയിരിക്കുന്ന കസേരകളുണ്ട്. അവിടെ മാറ്റം വരും എന്നുള്ള ഭയമാണ് ഇതിനെ വലിയ രീതിയില്‍ എതിര്‍ക്കാൻ അവരെ നിർബന്ധിതരാക്കുന്നത്. വേറൊന്നുമല്ല. അത് ബന്ധപ്പെട്ട ആളുകള്‍ മനസിലാക്കണം.
ജമാഅതെ ഇസ്‌ലാമി, മുജാഹിദ് ഒക്കെ സുന്നി വഖ്ഫുകൾ തട്ടിയെടുത്തു എന്ന് പറഞ്ഞു. അത് വീണ്ടെടുക്കാനുള്ള നടപടികള്‍ കൂടി ഇതിന്റെ ഭാഗമായി ഉണ്ടാകുമോ?
തീര്‍ച്ചയായിട്ടും. അതാണല്ലോ ഇപ്പോള്‍ നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് ജമാഅത്തെ ഇസ്‌ലാമിയാകട്ടെ, മുജാഹിദാകട്ടെ. ആര് എന്നല്ല, നാം വീണ്ടെടുത്തിരിക്കും. അതേപോലെ സ്വകാര്യ വ്യക്തികളുണ്ട്. ഇതൊക്കെ കണ്ടെത്തുക എന്നുള്ളത് ശ്രമകരമായിട്ടുള്ള ഒരു ജോലിയാണ്. അത് ഏറ്റെടുക്കുകയാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. അതിന് പൂര്‍ണമായ പിന്തുണ ബോർഡിന് ഗവണ്‍മെന്റ് കൊടുക്കുകയാണ്.
സുന്നികളുടേതാണ് എന്ന് വ്യക്തതയുള്ള വഖ്ഫുകൾ ഇന്ന വിഭാഗം തട്ടിയെടുത്തു എന്ന് ഉറപ്പുള്ള അനേകം പ്രോപ്പര്‍ട്ടി ഉണ്ട്. അവ വീണ്ടെടുക്കാൻ വേഗത്തില്‍ നടപടിയാകാമല്ലോ?
അതിന് നടപടിയാകണമെങ്കില്‍ ഇനി ആ രീതിയിലേക്ക് വഖ്ഫ് ബോര്‍ഡ് തീരുമാനമെടുത്ത് വരണം. ബോര്‍ഡ് ആണ് ഇതൊക്കെ തീരുമാനിക്കേണ്ടത്. ഇതിന് പിന്തുണ നല്‍കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹായം ചെയ്യുകയുമാണ് സര്‍ക്കാർ ചെയ്യുന്നത്.
വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടതാണല്ലോ വലിയ വിവാദമായത്. അത് സര്‍ക്കാരിന്റെ പ്രത്യേക താല്പര്യമല്ല, വഖ്ഫ് ബോര്‍ഡിന്റെ നിര്‍ദേശം അംഗീകരിച്ചുള്ള തീരുമാനമാണ് എന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. അങ്ങനെയൊരു വിശദീകരണത്തിന്റെ പശ്ചാതലത്തിൽ സർക്കാര്‍ ആ തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങുകയാണ് എന്ന് മനസിലാക്കേണ്ടിവരുമോ?
അങ്ങനെ ഒരു സംശയവും വേണ്ട. വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കണമെങ്കില്‍ വഖ്ഫ് ബോര്‍ഡില്‍ നിന്നുള്ള ഒരു ശിപാര്‍ശ ഗവണ്‍മെന്റിന് വരണമല്ലോ. അങ്ങനെയൊരു ശിപാര്‍ശ വന്നതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണല്ലോ പി എസ് സിക്ക് വിടാന്‍ തീരുമാനിച്ചത്. അതില്‍ പലരും രാഷ്ട്രീയം പറയുന്നുണ്ടാകും. അതവിടെ പറയുക എന്നല്ലാതെ അവര്‍ക്ക് മറുപടി കൊടുക്കാന്‍ കഴിയില്ല. മുസ്‌ലിം ലീഗിന്റെ തന്നെകാര്യം പറയാം; ഇതുമായി ബന്ധപ്പെട്ട് ബില്ല് നിയമസഭയില്‍ പൈലറ്റ് ചെയ്യപ്പെട്ടപ്പോള്‍ അവരാരും അതിനെ എതിർത്തില്ല. അവരുടെ എം എല്‍ എ ആയ എം ഉമ്മര്‍ ഇടയ്ക്കിടെ ഇത് ചോദിക്കാറുമുണ്ട്; എന്തിനാണ് ഇത് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത്, ഇത് വേഗം നടപ്പിലാക്കണം എന്നൊക്കെ. ഇത്തവണ ബില്ല് പൈലറ്റ് ചെയ്യുമ്പോള്‍ മുസ്‌ലിം ലീഗിന്റെ എം എല്‍ എമാര്‍ ആവശ്യപ്പെട്ടതെന്താ; നിലവിലുള്ളവരുടെ കാലാവധി കഴിഞ്ഞതിനു ശേഷം പുതിയ നിയമനങ്ങൾ പി എസ് സിക്ക് വിട്ടാൽ മതി എന്നതാണ്. പി എസ് സിക്ക് വിടുന്നത് അവർ അന്ന് എതിര്‍ക്കുകയല്ല ചെയ്തത്. ഇപ്പോൾ അവർ പൂർണമായി എതിർക്കുകയാണ്. അതാണ് മുസ്‌ലിം ലീഗിന്റെ ഇരട്ടത്താപ്പ്. അപ്പോള്‍ ഇതില്‍ പൂര്‍ണമായിട്ടും അവരുടെ രാഷ്ട്രീയമുതലെടുപ്പാണുള്ളത്.
മുസ്‌ലിം ലീഗ് വഖ്ഫ് പ്രക്ഷോഭം തുടരും എന്നാണ് പറയുന്നത്.
മുസ്‌ലിം ലീഗിന്റെ വഖ്ഫ് സമരം ഒരു സമുദായ ആവശ്യമായി കാണുന്നില്ല. സർക്കാർ ഈ സമരത്തെ കണക്കിലെടുക്കുന്നുമില്ല.
കേരളത്തിലെ വഖ്ഫ് ബോര്‍ഡ് കുറ്റമറ്റതാണെന്നാണ് ലീഗും അനുകൂലിക്കുന്ന സംഘടനകളുമൊക്കെ പറയുന്നത്. വഖ്ഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി എസ് സിക്ക് വിട്ട നടപടി രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും അവര്‍ പറയുന്നുണ്ട്?
ഇവിടെ വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളില്‍ കുറ്റമറ്റതായിരുന്നെങ്കില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകുമായിരുന്നില്ലല്ലോ.
നിരവധി അഴിമതികളും കൊള്ളയും ഭൂമാഫിയയുടെ ഇടപെടലും നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞു; കേരളത്തിലെ പൊതു സമൂഹത്തിനും അത് ബോധ്യമുണ്ട്. നിയമസഭയിലാണല്ലോ ഇതുമായി ബന്ധപ്പെട്ട ബില്ല് വന്നത്. ആ ബില്ല് നിയമസഭയില്‍ പൈലറ്റ് ചെയ്യുന്ന സമയത്ത് പറയാത്ത വിഷയങ്ങളാണല്ലോ ഇപ്പോള്‍ ഒരു സമരരീതിയിലേക്ക് മാറ്റിയെടുക്കുന്നത്. അത് തന്നെ രാഷ്ട്രീയമല്ലേ.
നിയമനിര്‍മാണ സഭയില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാതെ മൗനം പാലിക്കുകയും ബില്ല് കൈയടിച്ച് പാസാക്കിയതിനു ശേഷം പുറത്തു വന്നിട്ട് ബില്ലിനെ എതിര്‍ക്കുകയും ചെയ്യുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. വഖ്ഫുമായി ബന്ധപ്പെട്ടുള്ള തിരിമറികളില്‍ തൊണ്ണൂറ്റിയെട്ട് ശതമാനവും കുറ്റാരോപിതർ മുസ്‌ലിം ലീഗിന്റെ പ്രാദേശിക നേതാക്കളാണ്. അതുകൊണ്ടുതന്നെ അവരുടെ നേര്‍ക്ക് അന്വേഷണം നീളും. അവര്‍ വഖ്ഫുകളിൽ കൃത്രിമം കാട്ടി എന്ന് വെളിപ്പെടും. ലീഗിന്റെ സ്ഥാനം സീറോയിലേക്ക് കൂപ്പുകുത്തും. ഇതാണ് ഭയപ്പാട്. വഖ്ഫ് കൊണ്ട് ജീവിച്ചിരുന്ന വലിയൊരു വിഭാഗമാണ് സത്യത്തില്‍ മുസ്‌ലിം ലീഗിലുണ്ടായിരുന്നത്. പള്ളിയുമായി ബന്ധപ്പെട്ട് അഴിമതികളുടെ കണക്ക് എടുക്കാതിരിക്കുകയാണ് നല്ലത്. പുതിയ പള്ളികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. വര്‍ഷങ്ങളായി അതിനെ തടസ്സപ്പെടുത്തിയതാണ്. നമ്മള്‍ അദാലത്ത് നടത്തിയാണ് കൂടുതല്‍ രജിസ്‌ട്രേഷന്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. ഇത് ഇവര്‍ തടസ്സപ്പെടുത്തുന്നതിന്റെ കാര്യമെന്താണെന്നറിയുമോ? പുതിയ രജിസ്‌ട്രേഷന്‍ വരുമ്പോള്‍ അവര്‍ വഖ്ഫിന് ഒരു ലക്ഷം രൂപ കൊടുക്കും. അവര്‍ക്കൊരു വോട്ടവകാശമുണ്ട് വഖ്ഫ് ബോര്‍ഡില്‍. അത്തരത്തിലുള്ള വോട്ടവകാശം ലഭ്യമാകുമ്പോള്‍ മുസ്‌ലിം ലീഗിന് എതിരായിട്ട് ആ വോട്ട് വീഴും. എം സി മായിൻഹാജിയെപ്പോലെ വര്‍ഷങ്ങളായി ബോര്‍ഡിലിരിക്കുന്ന ആളുകള്‍ക്ക് സ്ഥാനചലനമുണ്ടാവും. എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള ആളുകള്‍ വളരെ നല്ല ഒരു കാര്യമായിട്ടാണ് ഇതിനെ കാണുന്നതും ആ നിലക്കാണ് പിന്തുണച്ചിട്ടുള്ളതും. തീര്‍ച്ചയായും വളരെ മാതൃകാപരമായിട്ടാണ് അവരൊക്കെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞത്. ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത് ആശങ്കകൾ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ്. അതാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.
നേരത്തെ പറഞ്ഞുവല്ലോ. രേഖകളിലുള്ള സ്വത്തുകള്‍ അവിടെ ചെന്നുനോക്കുമ്പോള്‍ കാണുന്നില്ല എന്ന്. അതൊരു വലിയ അട്ടിമറിയാണല്ലോ?
അതേ, അതല്ലേ പറഞ്ഞത്. തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി നമ്മള്‍ മുന്നോട്ടുപോവുകയാണ്.
ഈ ഒരു ഭരണകാലത്തുതന്നെ ഈ വിഷയത്തില്‍ വലിയൊരു മുന്നേറ്റം ഉണ്ടാവുമെന്ന് തന്നെ നമുക്ക് ഉറപ്പിക്കാം?
ആ രീതിയില്‍ തന്നെയാണ് സർക്കാർ മുന്നോട്ടുപോകാനാഗ്രഹിക്കുന്നത്. ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന സമസ്ത ഇപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ നല്ലനിലപാടാണ് എടുക്കുന്നത്. അവര്‍ കാര്യങ്ങള്‍ മനസിലാക്കുന്നുണ്ട്. അങ്ങനെയൊരു നിലപാടെടുത്താല്‍ മുസ്‌ലിം സമുദായങ്ങള്‍ക്ക് പ്രത്യേകിച്ച് സുന്നി വിഭാഗങ്ങള്‍ക്ക് ഇത് ഗുണമാണ്. പാരമ്പര്യ വിശ്വാസികളാണ് സുന്നികള്‍. അവരെ സംബന്ധിച്ചിടത്തോളം അവരുടെ പൂര്‍വികരായിട്ട് വഖ്ഫ് ചെയ്ത സ്വത്തുക്കളാണിതെല്ലാം.
അപ്പോഴല്ലേ വിശ്വാസത്തിന് ഭംഗംവരാതിരിക്കുകയൂള്ളൂ. ഇത്രയും കളവ് കേസും അഴിമതിയും തട്ടിപ്പും നിറഞ്ഞൊരു രീതിയാണ് പള്ളികളില്‍ നടക്കുന്നത് എന്ന് പൊതുസമൂഹം അറിയുമ്പോള്‍ വലിയ ഒരു ഒറ്റപ്പെടലല്ലേ മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളമുള്ളത്? അത് തിരുത്തപ്പെടണം. അതിനാണല്ലോ വഖ്ഫ് ബോര്‍ഡ് എന്ന സംവിധാനം കൊണ്ടുവന്നിട്ടുള്ളത്.
മന്ത്രി വി അബ്ദുറഹ്മാൻ/കെ ബി ബഷീർ
You must be logged in to post a comment Login