വഖ്ഫ് ബോര്‍ഡിനെ സംബന്ധിച്ച് എക്കാലവും വലിയ ആരോപണങ്ങളാണ് ഉയരുന്നത്. എന്താണ് ഈ ആരോപണങ്ങളുടെ അടിസ്ഥാനം? റിട്ട. ജഡ്ജ് എം എ നിസാറിനെ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ച് പഠനം നടത്തിയിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെ പ്രധാന ശുപാർശകളൊന്നും നടപ്പാക്കിയിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. എന്താണ് വസ്തുത?
അടിസ്ഥാന രഹിതമാണ് ഈ ആരോപണങ്ങള്‍. ഒന്നും വസ്തുതയുടെ അടിസ്ഥാനത്തിലല്ല ഉന്നയിക്കുന്നത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതികള്‍ ഹൈക്കോടതിയുള്‍പ്പെടെ തള്ളിക്കളഞ്ഞതാണ്. സര്‍വീസ് കാലയളവ് സംബന്ധിച്ചും വിവാദങ്ങളുണ്ടാക്കിയിരുന്നു. കോടതികളൊന്നും ഈ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. വ്യക്തി താല്പര്യങ്ങള്‍ക്കു വേണ്ടിയാണ് പലപ്പോഴും സി ഇ ഒക്കെതിരെ ചിലര്‍ ആരോപണങ്ങളുന്നയിക്കുന്നത്.
ഇത്തരത്തിലുളള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എം എ നിസാറിനെ കമ്മീഷനായി നിയമിച്ച് പഠനം നടത്തിയത്. നിസാര്‍ കമ്മീഷന്‍ 24 റിപ്പോര്‍ട്ടുകള്‍ നല്‍കി. കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജ് എം എ നിസാറും മെമ്പര്‍ സെക്രട്ടറിയായി ഉദ്യോഗസ്ഥനായ അബൂബക്കറുമാണുണ്ടായിരുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രഥമമായി പരാമര്‍ശിക്കുന്നത് ഫാറൂഖ് കോളജിന്റെ 406 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടത് സംബന്ധിച്ച് കമ്മീഷന് വിവരം കൈമാറിയത് വഖ്ഫ് ബോര്‍ഡ് സി ഇ ഒ ആണ് എന്നാണ്. റിപ്പോര്‍ട്ടിന്റെ മറ്റു ചില ഇടങ്ങളിലും ഇത്തരം പരാമര്‍ശങ്ങളുണ്ടായിരുന്നു. നേരിട്ട് സി ഇ ഒയുടെ വിശദീകരണം കേള്‍ക്കാതെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉള്‍പെടുത്തിയത്. ഇത് ഹൈക്കോടതി 2013 ലെ വിധിന്യായത്തിലൂടെ റദ്ദാക്കി. കമ്മീഷന്‍ നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ വഖ്ഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ബോര്‍ഡ് കൃത്യമായ വിശദീകരണം നല്‍കി. കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ആക്ഷന്‍ ടെയ്ക്കണ്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ അത് മനസിലാകും.
വഖ്ഫ് സ്വത്ത് കണ്ടെത്തുന്നതിനുള്ള സര്‍വേ നടക്കുകയാണല്ലോ, സര്‍വേ കമ്മീഷന്‍ പ്രവര്‍ത്തനം എങ്ങനെ വിലയിരുത്തുന്നു?
1954 ലെ വഖ്ഫ് നിയമത്തില്‍ വഖ്ഫ് സ്വത്ത് സംബന്ധിച്ച് സര്‍വേ നടത്താന്‍ വ്യവസ്ഥയുണ്ട്. സര്‍വേ നടത്തുന്ന ചെലവ് വഖ്ഫുകള്‍ വഹിച്ച് 1960നു മുമ്പ് വഖ്ഫ് ഭൂമി സംബന്ധിച്ച് സര്‍വേ നടന്നു. ആ സര്‍വേ പ്രകാരം 4000 ത്തിലധികം വഖ്ഫുകളുണ്ടെന്നായിരുന്നു കണക്ക്. ഒരു പരിധി വരെ ആ സര്‍വേ ഗുണകരമായിരുന്നു. പിന്നീട് നടത്തിയ സര്‍വേകള്‍ അപര്യാപ്തമായിരുന്നു. അഡീഷണല്‍ ചാര്‍ജുള്ള സര്‍വേ കമ്മീഷണര്‍മാരെ നിയമിച്ചാല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. 1995 ലെ നിയമപ്രകാരം സര്‍വേ നടത്തിയപ്പോള്‍ 1960ല്‍ കണ്ടെത്തിയ സ്വത്തിനേക്കാള്‍ കുറവായാണ് കണ്ടത്. പിന്നീട് ബോര്‍ഡ് തന്നെ ഈ സര്‍വേ മടക്കി. 1996 ല്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തന്നെ അംഗീകരിച്ചില്ല. 2013 ലെ ഭേദഗതി നിലവില്‍ വന്നതോടെ കൃത്യമായ സര്‍വേ സര്‍ക്കാര്‍ ചിലവില്‍ നടത്തണമെന്ന കര്‍ശന വ്യവസ്ഥ വന്നു. ഇതോടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷമായി സര്‍വേ നടക്കുന്നുണ്ട്. വഖ്ഫ് ബോര്‍ഡ് 74 സര്‍വേ നമ്പറുകള്‍ റവന്യൂ വകുപ്പിന് നല്‍കി. എന്നാല്‍ റവന്യൂ വകുപ്പ് സര്‍വേ നടത്തിയപ്പോള്‍ അതില്‍ 62 എണ്ണവും റവന്യൂ ഭൂമി തന്നെയാണെന്നാണ് കണ്ടെത്തിയത്. അതുകൊണ്ട് രണ്ടു വര്‍ഷമായിട്ടും സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഹനീഷിനെ സര്‍വേ കമ്മീഷനായി നിയമിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്. എന്നാല്‍ വഖ്ഫ് സ്വത്ത് മുഴുവന്‍ കണ്ടെത്താന്‍ ഈ സര്‍വേ ഉപകരിക്കുമെന്ന് അഭിപ്രായമില്ല. കര്‍ണാടകയില്‍ ഓരോ ജില്ലയിലും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചാണ് സര്‍വേ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ഏതൊക്കെ വഖ്ഫ് സ്വത്ത് അന്യാധീനപ്പെട്ടുവെന്ന് കൃത്യമായി മനസിലാക്കും. അനധികൃതമായി കൈയേറിയതും കൈമാറ്റം ചെയ്തതും കണ്ടെത്തും. ജില്ലാ തലത്തില്‍ ഓഫീസ് സംവിധാനത്തോടെ സര്‍വേ കമ്മീഷന്‍ പ്രവര്‍ത്തിച്ച് സര്‍വേ നടത്തിയാല്‍ മാത്രമേ ഇതുകൊണ്ട് പ്രതീക്ഷിക്കുന്ന ഗുണം കിട്ടൂ.
വ്യാപകമായി വഖ്ഫ് സ്വത്തുകള്‍ കൈയേറുകയും അന്യാധീനപ്പെടുകയും ചെയ്തതായി പരാതികളുണ്ട്. വഖ്ഫ് ബോര്‍ഡ് കൃത്യമായി നടപടി സ്വീകരിച്ചാല്‍ വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടുപോകാതിരിക്കില്ലേ? എന്താണ് ബോര്‍ഡിനു മുന്നിലുളള വെല്ലുവിളി?
വഖ്ഫ് വസ്തു തിരിച്ചുപിടിക്കുക എന്നതു തന്നെയാണ് ബോര്‍ഡിന്റെ അന്തിമമായ ലക്ഷ്യം. പക്ഷേ, സ്വത്തുകള്‍ കണ്ടെത്തുന്നതിലും അത് തിരിച്ചുപിടിക്കുന്നതിലും വഖ്ഫ് ബോര്‍ഡിന് മുന്നില്‍ വലിയ പരിമിതികളുണ്ട്. 2013 ലെ ഭേദഗതിക്കു മുമ്പ് ബോര്‍ഡിന്റെ അനുമതിയില്ലാതെ കൈമാറ്റം ചെയ്ത സ്വത്തുകള്‍ സംബന്ധിച്ച് പരാതി ലഭിക്കുകയോ ശ്രദ്ധയില്‍ പെടുകയോ ചെയ്താല്‍ സി ഇ ഒ അന്വേഷണം നടത്തും. അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ അത് തിരിച്ചുപിടിക്കാം. അതിനായി ജില്ലാ കലക്ടറാണ് പിന്നീട് നടപടി സ്വീകരിക്കേണ്ടത്. ഇത്തരത്തില്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ വഖ്ഫ് ട്രിബ്യൂണലുകളോ ഹൈക്കോടതിയോ സ്റ്റേ നല്‍കിയാല്‍ ഇത് അനന്തമായി നീളും. വഖ്ഫ് നിയമത്തിലെ വകുപ്പ് 54 പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനുള്ള അധികാരവും വഖ്ഫ് ബോര്‍ഡിനുണ്ട്. അങ്ങനെ ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടുമുണ്ട്. ആദ്യമായി ഇങ്ങനെ സ്വീകരിച്ച നടപടി, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവായ ടി നസ്റുദ്ദീന്റെ കൈവശമുണ്ടായിരുന്ന കോഴിക്കോട് മിഠായി തെരുവിലെ കെട്ടിടമായിരുന്നു. ഭാര്യ ജുവൈരിയയുടെ പേരിലായിരുന്നു ഈ കരാര്‍. പിന്നീട് ലേലത്തില്‍ കൂടുതല്‍ തുകയ്ക്ക് ഒരു വര്‍ഷത്തേക്ക് ഇവര്‍ക്ക് തന്നെ ബോര്‍ഡ് ഈ കെട്ടിടം നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെയായിരുന്നു മാതൃഭൂമി മാനേജ്മെന്റിന്റെ കൈവശമുണ്ടായിരുന്ന വഖ്ഫ് സ്വത്ത്. അതിലും നടപടി സ്വീകരിച്ചിട്ടുണ്ട്.
കൈയേറ്റമാണെന്നു കണ്ടാല്‍ ഒഴിപ്പിക്കാന്‍ സി ഇ ഒക്ക് അധികാരമുണ്ട്. ഇങ്ങനെ വഖ്ഫ് ബോര്‍ഡില്‍ നിന്ന് നടപടിയുണ്ടായാലും ട്രിബ്യൂണല്‍ അതാത് കക്ഷികള്‍ക്ക് നോട്ടീസ് നല്‍കും. അവരുടെ ഭാഗം കേട്ടതിന് ശേഷമായിരിക്കും നടപടിയുണ്ടാകുക. ട്രിബ്യൂണലും ഇത് അനുവദിച്ചാല്‍ പിന്നെ സാധാരണ നിലയില്‍ കക്ഷികള്‍ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിക്കും. ഇങ്ങനെ നിയമപരമായ കുറേയേറെ കാലതാമസം ഇതിലുണ്ടാകുന്നുണ്ട്.
സര്‍ക്കാരിന്റെ കൈവശമുള്ളതടക്കമുള്ള ചില വഖ്ഫ് സ്വത്തുകള്‍ തിരിച്ചുപിടിക്കാന്‍ ബോര്‍ഡിന് സാധിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ആനവലങ്ങാട് സ്‌കൂള്‍ ഒരു രൂപക്കാണ് സര്‍ക്കാര്‍ അധീനതയിലാക്കിയത്. അതുപോലെ ചങ്ങനാശേരി പുത്തൂര്‍ പള്ളി വക സ്വത്ത് സര്‍ക്കാരിന്റേതായി. അതൊക്കെ വഖ്ഫിലേക്കാക്കാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും വഖ്ഫ് സ്വത്ത് പൂര്‍ണമായും കണ്ടെത്തുക പ്രായോഗികമല്ലെന്നത് വാസ്തവമാണ്.
എന്താണ് വഖ്ഫ് ബോര്‍ഡിന്് ഇക്കാര്യത്തിലുള്ള പ്രധാന പരിമിതി?
വഖ്ഫ് സ്വത്തുകള്‍ കണ്ടെത്തല്‍ എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. അതിനുള്ള മെഷിനറി ബോര്‍ഡിന്റെ പക്കലില്ല. തമിഴ്നാട്ടില്‍ ഫീല്‍ഡീല്‍ ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരുണ്ട്. അത്തരം സംവിധാനം കേരളത്തിലും ഉണ്ടായാലേ അന്യാധീനപ്പെട്ട സ്വത്ത് തിരിച്ചു പിടിക്കൽ എളുപ്പമാകൂ. 15 ദിവസത്തിലൊരിക്കലെങ്കിലും ഈ ഉദ്യോഗസ്ഥന്‍ ഫീല്‍ഡില്‍ പോകണം. ഡിവിഷണല്‍ ഓഫീസ് ഇപ്പോള്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെയും ആവശ്യമായ സ്റ്റാഫില്ല.
വഖ്ഫ് സ്വത്ത് ഏത്, അല്ലാത്തതേത് എന്നു കണ്ടെത്തല്‍ അത്ര എളുപ്പമുള്ള പണിയല്ല. 20 വര്‍ഷമായി എനിക്ക് കേരളത്തിലെ വഖ്ഫ് സ്വത്ത് മുഴുവന്‍ നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു മുമ്പ് സി ഇ ഒമാരായിരുന്നവര്‍ക്കും കഴിഞ്ഞിട്ടില്ല. ബോര്‍ഡ് രൂപീകരിച്ച് 43 വര്‍ഷം കഴിഞ്ഞിട്ടാണ് സര്‍ക്കാര്‍ ഗ്രാന്റ് തന്നെ നല്‍കാന്‍ തയാറായത്. വലിയ സാമ്പത്തിക ബാധ്യത ആ ഘട്ടത്തില്‍ ബോര്‍ഡിനുണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങളെ പറ്റിയൊന്നും പറയാതെ പ്രായോഗികമല്ലാത്ത കാര്യങ്ങളെ പറ്റിയാണ് ചിലര്‍ വിമര്‍ശിക്കുന്നത്. സര്‍ക്കാര്‍ വഖ്ഫ് ബോര്‍ഡിന് കൃത്യമായ സംവിധാനം ഒരുക്കി നല്‍കണം. പ്രത്യേകിച്ചും താലൂക്ക് തല ഓഫീസര്‍മാരെ ഇതിനായി പ്രത്യേകം ചുമതലെടുത്തിയാല്‍ മാത്രമേ വഖ്ഫ് സ്വത്ത് സംബന്ധിച്ച് കൃത്യമായൊരു കണക്കെടുപ്പും നടപടികളും സാധ്യമാകൂ.
നിലവില്‍ നടക്കുന്ന പി എസ് സി വിവാദവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം?
തന്റെ കാലയളവില്‍ ബോര്‍ഡില്‍ നടത്തിയ എല്ലാ നിയമനങ്ങളും സുതാര്യമായിട്ടാണ് നടന്നിട്ടുള്ളത്. പുറത്തുള്ള ഏജന്‍സിയെ കൊണ്ട് പരീക്ഷ നടത്തി ബോര്‍ഡ് ചെയര്‍മാനും സി ഇ ഒയും രണ്ട് അംഗങ്ങളും ചേര്‍ന്ന സബ് കമ്മറ്റിയാണ് നിയമനം നടത്തിയിട്ടുള്ളത്. നിയമനം പി എസ് സി നടത്തിയാലും ബോര്‍ഡ് നടത്തിയാലും കഴിവുള്ളവര്‍ ബോര്‍ഡിലെത്തണമെന്നതാണ് തന്റെ അഭിപ്രായം. തന്റെ കാലയളവായ 20 വര്‍ഷത്തിനിടെ ക്ലര്‍ക്കുമാര്‍ ഉള്‍പ്പെടെ 5 പേരെയും രണ്ട് ലീഗല്‍ അസിസ്റ്റന്റുമാരെയുമാണ് നിയമിച്ചിട്ടുള്ളത്. 9 പേരുടെ പട്ടികയില്‍ നിന്നാണ് അഞ്ചു പേരുടെ നിയമനം നടത്തിയത്. റിക്രൂട്ട്മെന്റ് സുതാര്യമായിട്ടാണ് നടത്തുന്നത്. നിലവില്‍ 112ആണ് വഖ്ഫ് ബോര്‍ഡിലെ സ്റ്റാഫുകളുടെ എണ്ണം. ഇതില്‍ തന്നെ വഖ്ഫ് ഇൻസ്ട്രക്ടര്‍, ക്ലര്‍ക്ക്, സ്റ്റെനോ, ടൈപിസ്റ്റ്, പ്ല്യൂണ്‍ ഇവരെയാണ് നേരിട്ട് റിക്രൂട്ട് ചെയ്യുന്നത്. ഇത് ഏകദേശം 45 പേരേ വരൂ. ബാക്കിയുള്ളവര്‍ പ്രമോഷനിലൂടെ ബോര്‍ഡിലെത്തുന്നതാണ്. നേരിട്ട് റിക്രൂട്ട് ചെയ്യുന്നവരില്‍ ആരെങ്കിലും വിരമിക്കുകയോ മറ്റോ ചെയ്താല്‍ മാത്രമാണ് ഒഴിവുകള്‍ ഉണ്ടാകുന്നത്. അതും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒന്നോ രേണ്ടാ മാത്രം. ഏതു രീതിയിലായാലും ബോര്‍ഡില്‍ കഴിവുള്ള ഉദ്യോഗസ്ഥരെത്തണം എന്നതാണ് തന്റെ നിലപാട്.
ബി എം ജമാല്‍/ ഫിദ ഫാത്വിമ
You must be logged in to post a comment Login