വഹാബിവഞ്ചനയുടെ പുരാവൃത്തങ്ങൾ

വഹാബിവഞ്ചനയുടെ  പുരാവൃത്തങ്ങൾ

“അള്ളാന്റെയും നെബിയിന്റെയും ഒതക്കത്തോടു കൂടി ഏറനാട് താലൂക്ക് മപ്രം അംശം വാഴക്കാട് ദേശത്ത് കൊയ്പത്തൊടിയിൽ മമ്മത് കുട്ടിയായ ഞാൻ എനിക്കും എന്റെ കുടുംബങ്ങൾക്കും ഗുണങ്ങൾക്കായി എന്നെന്നും ഉപജീവന ധർമവും ഒപാനൊത്തുകളും താഴെ വിവരിക്കും പ്രകാരമുള്ള ചിലവുകളിന്മേൽ നടത്താനായി എനിക്കുള്ള വസ്തുവഹകളിൽ ജന്മമായിട്ടുള്ളത്‍ തിരിച്ച് വെച്ച് താഴെ പട്ടികയിൽ പറയുന്ന 40 നമ്പർ വഹകളുടെ അനുഭവം കൊണ്ട് നടത്താനായി …. എടവം …ന് എഴുതിയ ഒക്കപ പത്രം’.

കൊയപ്പത്തൊടി മുഹമ്മദ് കുട്ടി സാഹിബ് എന്ന മമ്മത് കുട്ടി 1871-ൽ 1331 ാം നമ്പറായി എഴുതിയ വഖ്ഫാധാരത്തിന്റെ ആമുഖവചനമാണ് മുകളിൽ ചേർത്തത്. വാഴക്കാട്ടെ ആദ്യത്തെ വഖ്ഫ് ആധാരമായി കണക്കാക്കപ്പെടുന്നത് ഇതാണ്. പിന്നീട് അദ്ദേഹത്തിന്റെ മകൻ മൊയ്‌തീൻ കുട്ടി, ഭാര്യ ആമിന, മകൻ മുഹമ്മദ് കുട്ടി എന്നിങ്ങനെ പലരുടെയും വഖ്ഫാധാരങ്ങൾ ഈ താവഴിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആധാരങ്ങളിൽ പറയുന്നതുപ്രകാരം:

1. ദിവസവും ദരിദ്രരായ ആളുകൾക്ക് വാഴക്കാട് വെച്ച് ഭക്ഷണം കൊടുക്കണം.
2. നൂറു വിദ്യാർഥികൾക്ക് ഉന്നത നിലവാരത്തിലുള്ള മതപഠനം നടത്താൻ 4 മുദരിസുമാരെ നിശ്ചയിക്കുകയും അവർക്കു വേണ്ട ഭക്ഷണവും താമസ സൗകര്യവും മുദരിസുമാർക്കു വേണ്ട ശമ്പളവും മറ്റും നൽകുകയും വേണം.
3. ഉയർന്ന നിലവാരമുള്ള മതപണ്ഡിതന്മാരെ പരിശീലിപ്പിക്കുവാനും പഠിപ്പിക്കുവാനുമുള്ള ഒരു കേന്ദ്രം നടത്തണം.
4. വഖ്ഫ് ചെയ്തവരുടെ മുൻഗാമികളുടെ ഖബറിന് സമീപം “ഖിയാമം നാള്’ വരെയും ഖുർആനോത്ത് നടക്കണം.

വാഴക്കാട് പ്രസിദ്ധമാകുന്നത് ദാറുൽ ഉലൂം എന്ന മതവിദ്യാഭ്യാസ കേന്ദ്രത്തിലൂടെയാണ്. 1871 ഒക്‌ടോബര്‍ 3 ന് ഒരു മദ്റസയായിട്ടായിരുന്നു അതിന്റെ തുടക്കം. 1910-ൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാലത്താണ് ദാറുൽ ഉലൂം എന്ന് പുനർനാമകരണം ചെയ്യുന്നത്. അതിനു മുമ്പ് തൻമിയതുൽഉലൂം എന്നായിരുന്നു പേര്. 1911 ൽ ദാറുൽ ഉലൂമിന് സ്വന്തമായി കെട്ടിടവും ഹോസ്റ്റലും ഓഫീസുമുണ്ടായി. കൊയപ്പത്തൊടി മമ്മത് കുട്ടി അധികാരി നൽകിയ വഖ്ഫ് സ്വത്തുകൾ ഉപയോഗപ്പെടുത്തിയാണ് ഈ വിപുലീകരണം നടന്നത്. മഹാപണ്ഡിതനായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. ആധ്യാത്മിക, കർമശാസ്ത്ര, വിശ്വാസ, മതവിഷയങ്ങള്‍ക്ക് പുറമേ ഗണിത ശാസ്ത്രം, തത്വശാസ്ത്രം, ജീവശാസ്ത്രം, തര്‍ക്കശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയവ ഉൾകൊള്ളുന്നതായിരുന്നു ദാറുൽ ഉലൂമിലെ പാഠ്യപദ്ധതി. മുസ്‌ലിം ലോകത്ത് വിരചിതമായ ഗ്രന്ഥങ്ങളാണ് ഇതിനുവേണ്ടി അദ്ദേഹം അവലംബിച്ചത്. മുസ്‌ലിം പാരമ്പര്യധാരയിൽ നിന്ന് മാറിനടന്നയാളാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് വരുത്തിത്തീർക്കാൻ ചിലർ ഈ പാഠ്യപദ്ധതി ഉയർത്തിക്കാണിക്കാറുണ്ട്. അതു ശരിയല്ല. മുസ്‌ലിം പണ്ഡിതന്മാർ വിവിധ കാലങ്ങളിൽ ചർച്ച ചെയ്‌തും ഗവേഷണം ചെയ്‌തും കണ്ടെത്തിയ കാര്യങ്ങൾ തന്നെയാണ് വാഴക്കാട് ദാറുൽ ഉലൂമിന്റെ പാഠ്യപദ്ധതിയിൽ അദ്ദേഹം ഉൾപ്പെടുത്തിയത്.

വാഴക്കാട്ടെ വഖ്ഫാധാരങ്ങൾ പരിശോധിച്ചാൽ ആർക്കും മനസിലാകുന്ന വസ്തുത അവ സുന്നി വഖ്ഫുകളാണ് എന്നതാണ്. വഖ്ഫ് കൈകാര്യം ചെയ്തിരുന്ന കുടുംബാവകാശികളിൽ ചിലർ പിൽക്കാലം വഹാബിസത്തിലേക്ക് മാർഗം കൂടിയതോടെ വാഖിഫിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ നിന്ന് അവ വഴിമാറിപ്പോകുന്നതാണ് കാണുന്നത്. ഭക്ഷണ വിതരണം നിലച്ചു, ഖബ്റിങ്ങലെ ഖുർആനോത്ത് നിന്നു, ദർസ് മാഞ്ഞുപോയി. വഖ്ഫ് ഭൂമിയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉൾപ്പടെ സ്ഥാപനങ്ങൾ ഉണ്ട്. അവയുടെ വരുമാനം വാഖിഫിന്റെ ലക്ഷ്യത്തിനു അനുസൃതമായി ഉപയോഗപ്പെടുത്തുന്നില്ല. പള്ളിയിൽ കാലങ്ങളായി നടന്നുവരാറുള്ള ദിക്ർ ഹൽഖ മുജാഹിദുകൾ കൈയടക്കിയ ശേഷവും കുറച്ചുകാലം നടന്നിരുന്നു. വഹാബി മൗലവിമാർ അതിൽ പങ്കെടുക്കുമായിരുന്നു. നാട്ടുകാരുടെ രോഷത്തിൽ നിന്ന് രക്ഷപ്പെടാനാകണം ഈ പങ്കാളിത്തം! ദിക്ർ ഹൽഖകൾ മുടക്കിയതല്ലാതെ, സംഘടിപ്പിച്ച ചരിത്രം കേരള വഹാബിസത്തിന്റെ ചരിത്രത്തിൽ മറ്റെവിടെയും കാണില്ല.

സുന്നി വഖ്ഫായ ദാറുൽ ഉലൂമിനെ വഹാബിസം വളർത്താൻ വേണ്ടി മുജാഹിദുകൾ എങ്ങനെ ഉപയോഗപ്പെടുത്തി എന്നതിനെ കുറിച്ച് ജമാഅത്തെ ഇസ്‌ലാമി നേതാവായ ടി കെ അബ്ദുല്ല മൗലവി ജീവചരിത്രത്തിൽ പറയുന്നുണ്ട്. അദ്ദേഹവും ജ്യേഷ്ഠസഹോദരനും ദാറുൽ ഉലൂമിൽ പഠിതാക്കളായിരുന്നു. ടി കെ മൗലവിയുടെ വാക്കുകൾ: “60/ 65 വര്‍ഷങ്ങള്‍ക്ക് മുമ്പ്, വാഴക്കാട് ദാറുല്‍ ഉലൂം മഹോന്നതമായൊരു ഇസ്‌ലാമിക കലാലയമായിരുന്നു. അതിനു ശേഷം കേരളത്തിലങ്ങോളമിങ്ങോളം ഉയര്‍ന്നു വന്നിട്ടുള്ള ദീനീ സ്ഥാപനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം പഴയ ദാറുല്‍ ഉലൂം എന്റെ ഓര്‍മയില്‍ തെളിഞ്ഞുവരും. വിദ്യാര്‍ഥികളുടെ അംഗസംഖ്യയല്ല, ദീര്‍ഘകാലമായി ദാറുല്‍ ഉലൂമിനെക്കുറിച്ച് മനസ്സില്‍ സൂക്ഷിക്കുന്ന മതിപ്പിന് കാരണം. സ്ഥാപനത്തിന്റെ വിദ്യാഭ്യാസപരമായ നിലവാരവും പ്രൗഢിയുമാണ്. അന്നത്തെ മുജാഹിദ് പ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന എല്ലാ പണ്ഡിത നേതാക്കളും ദാറുല്‍ ഉലൂമില്‍ താവളമടിച്ചുകൊണ്ടാണ് കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചിരുന്നത്. അവരെല്ലാം ദാറുല്‍ ഉലൂമിലെ ഭാരവാഹികളോ അധ്യാപകരോ ആയിരുന്നു. കെ.എം മൗലവി അവിടെ വന്നുപോയിരുന്നു.

ദാറുല്‍ ഉലൂമിന്റെ ഭരണച്ചുമതല എം സി സി സഹോദരങ്ങള്‍ എന്നറിയപ്പെടുന്ന എം സി സി അഹ്മദ് മൗലവി, എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവി, എം സി സി ഹസന്‍ മൗലവി എന്നിവര്‍ക്കായിരുന്നു. ഇതില്‍ നേതൃപരമായ സാമര്‍ഥ്യവും ഭരണശേഷിയും അബ്ദുര്‍റഹ്മാന്‍ മൗലവിക്കുതന്നെ. അദ്ദേഹം തന്നെ പ്രിന്‍സിപ്പല്‍. മറ്റു രണ്ടുപേരും പ്രാപ്തരായ അധ്യാപകരായിരുന്നു. ശൈഖ് മുഹമ്മദ് മൗലവി, എം ടി അബ്ദുര്‍റഹ്മാന്‍ മൗലവി, കെ സി അബ്ദുല്ല മൗലവി തുടങ്ങിയ അന്നത്തെ മുജാഹിദ് നേതാക്കളെല്ലാം അവിടെ അധ്യാപകരാണ്.” സ്ഥാപനത്തിന്റെ വിദ്യാഭ്യാസപരമായ നിലവാരവും പ്രൗഢിയും തനിയെ ഉണ്ടായി വന്നതല്ല. അതിനു പിറകിൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന സുന്നി പണ്ഡിതന്റെ ബൗദ്ധികമായ മികവും പരിശ്രമവുമാണ്. പ്രൗഢമായ ആ ചരിത്രത്തെ ചവിട്ടി മെതിച്ചുകൊണ്ടാണ് വഹാബിസം വാഴക്കാട്ടെ വഖ്ഫ് സ്വത്തുക്കൾ കൈയേറുന്നതും തോന്നുംപടി കൈകാര്യം ചെയ്യുന്നതും. പിൽക്കാലം മോയിൻ ബാപ്പു നടത്തിയ നിയമപോരാട്ടം ഭാഗികമായി വിജയംകണ്ടു. അതുപ്രകാരം ഇപ്പോൾ രാവിലെ ആറു മുതൽ പത്തുവരെ ഖബ്‌റിനു സമീപം ഖുർആനോത്ത് നടന്നുകൊണ്ടിരിക്കുന്നു.

മുഹ്‌യിദ്ധീൻ പള്ളി
ടി പി കുട്ട്യാമു സാഹിബ് എന്ന പേര് ഓർത്തുവെക്കുക. കണ്ണൂരിലാണ് ജനനം.പിതാവ് ബ്രിട്ടീഷ് സർക്കാരിന്റെ ശമ്പളക്കാരനായിരുന്നു, കോഴിക്കോട്ടെ ഡെപ്യൂട്ടി കലക്ടർ ഖാൻ ബഹദൂർ അയമു സാഹിബ്. ടി പി കുട്ട്യാമു സാഹിബും സർക്കാർ ജീവനക്കാരനായിരുന്നു; കേരളത്തിന്റെ ചീഫ് എഞ്ചിനീയർ. രാഷ്ട്രീയം കൊണ്ട് മുസ്‌ലിം ലീഗുകാരൻ. അദ്ദേഹത്തിന്റെ എഞ്ചിനീയറിംഗ് മിടുക്ക് കൂടുതൽ പ്രകടമായത് വഹാബിസത്തെ കേരളത്തിൽ സ്ഥാപിച്ചെടുക്കുന്നതിലായിരുന്നു. “”കേരള സംസ്ഥാനത്തിന്റെ വികസനത്തിനും മുസ്‌ലിം നവോത്ഥാനത്തിനും ഉജ്വലമായ സംഭാവനകള്‍ നല്‍കിയ ധിഷണാശാലിയായിരുന്നു ടി പി കുട്ടിയമ്മു. വ്യാപരിച്ച സര്‍വ രംഗങ്ങളിലും സത്യസന്ധതയും പ്രതിബദ്ധതയും കഠിനാധ്വാനവും കൃത്യനിഷ്ഠയും കാഴ്ചവെച്ച മഹാനുഭാവന്‍!” യുവ മുജാഹിദ് മുഖപത്രം ശബാബ് വാരികയാണ് സാഹിബിനെ ഇമ്മട്ടിൽ പ്രശംസിക്കുന്നത്. കേരളത്തിലെ വഹാബി പ്രസ്ഥാനത്തിന് അദ്ദേഹം അത്രമേൽ പ്രിയപ്പെട്ട ആളായിരുന്നു.

കോഴിക്കോട്ടെ പഴക്കം ചെന്ന സുന്നി വഖ്ഫുകളിലൊന്ന് പാളയത്തെ മുഹ്‌യിദ്ദീൻ പള്ളിയാണ്. ആ പള്ളി വഹാബികളുടെ കൈയിലേല്പിച്ചുകൊടുത്തതിൽ മുഖ്യപങ്കുവഹിച്ചവരിലൊരാൾ ടി പി കുട്ട്യാമുവായിരുന്നു. മറ്റൊരാൾ ഉണ്ടക്കാക്ക എന്നറിയപ്പെട്ട ഉണ്ട മൊയ്തീൻകോയ ഹാജി. അദ്ദേഹം കോഴിക്കോട്ടെ കോൺഗ്രസ് നേതാവായിരുന്നു; വ്യാപാര പ്രമുഖനും. കുട്ട്യാമു സാഹിബിനായിരുന്നു പാളയം പള്ളിയുടെ പുനർനിർമാണ ചുമതല. പള്ളി നിർമിക്കുന്നതിനൊപ്പം അതിന്റെ കൈകാര്യകർതൃത്വത്തിലും അദ്ദേഹം ഇടപെട്ടു. സുന്നികളുടെ കൂടി സാമ്പത്തിക സഹായത്തിലാണ് പള്ളിയുടെ പുനർനിർമാണം നടന്നത്. മുസ്‌ലിം ലീഗ് നേതാവും സുന്നിയുമായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളടക്കം കൈയയച്ചു സഹായിച്ചിട്ടുണ്ട്. പക്ഷേ, ഉദ്‌ഘാടനദിവസമായപ്പോൾ (1965 ജനുവരി 8) സുന്നികൾ കളരിക്ക് പുറത്തായി. സുന്നി ആചാരങ്ങളും അനുഷ്ഠാനങ്ങളും പുറന്തള്ളപ്പെട്ടു. ഉദ്‌ഘാടന ദിവസം മുജാഹിദ് മൗലവി മലയാളത്തിൽ ഖുതുബ ഓതാനാരംഭിച്ചതിനെത്തുടർന്നുണ്ടായ ബഹളത്തിൽ അന്ന് ജുമുഅ മുടങ്ങിയെന്നാണ് പറയപ്പെടുന്നത്. എന്തുകൊണ്ട് അന്ന് പള്ളിയിൽ ബഹളമുണ്ടായി? അന്നോളം ആ പള്ളിക്കും പ്രദേശത്തുകാർക്കും പരിചയമില്ലാത്ത ഖുതുബയാണ് മിമ്പറിൽ നിന്ന് കേട്ടത് എന്നതുതന്നെ ഉത്തരം. ചാവക്കാട്ടുകാരനായ സി പി അബൂബക്കർ മൗലവി ആയിരുന്നു മുജാഹിദുകൾ കൈയേറിയ സുന്നിപള്ളിയിലെ ആദ്യ ഖത്തീബ്.
കെ ഉമർ മൗലവി പാളയംപള്ളി കൈയേറ്റത്തെ കുറിച്ച് പറയുന്നതിങ്ങനെ: “”പള്ളിയുടെ തെക്ക് ഭാഗത്ത് ഇന്ന് മസ്ജിദ് ബസാർ സ്ഥിതി ചെയ്യുന്നിടത്തായിരുന്നു റാതീബ് ഖാന ഉണ്ടായിരുന്നത്. അനുഗൃഹീതനായ ഉണ്ട ഹാജിയുടെ സമർഥവും നിശ്ശബ്ദവുമായ പ്രവർത്തനത്തിലൂടെ പള്ളിക്കമ്മിറ്റിയിലെ ബഹുഭൂരിഭാഗവും സലഫി ആദർശത്തിലേക്ക് വന്നു. ….. പള്ളി പൊളിച്ച് ഇന്നത്തെ പ്രൗഢഗംഭീരമായ നിലയിൽ പുനർനിർമാണം ചെയ്യാൻ കമ്മിറ്റി തീരുമാനിച്ചു. അതിനു മുമ്പുതന്നെ കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനപ്രകാരം നിയമപരമായി തന്നെ ശിർക്ക്പരമായ എല്ലാ അനാചാര കർമങ്ങളും ഒഴിവാക്കി. സലഫി ആദർശപ്രകാരം കർമങ്ങൾ നടപ്പിലാക്കുകയും ചെയ്തു. അറുപതുകളുടെ ആരംഭത്തിലാണ് ഈ കാര്യങ്ങൾ നടന്നത്”(ഓർമകളുടെ തീരത്ത്).

മൗലവി തുടരുന്നു: “”മുഹ്‌യിദ്ധീൻ പള്ളിയുടെ കാര്യത്തിൽ സുന്നികൾ വളരെ അസംതൃപ്തരായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. കോഴിക്കോടിന്റെ ഹൃദയഭാഗത്ത് പ്രവർത്തിച്ചിരുന്ന റാത്തീബ് ഖാന എന്ന ശിർക്കിന്റെ കൊത്തളം നശിച്ചുപോയതാണ് അവരുടെ ഏറ്റവും വലിയ ദുഃഖം. പള്ളിയേക്കാൾ അവർ സ്നേഹിക്കുന്നത് ജാറങ്ങളേയും അവയെ പരിപോഷിപ്പിക്കുന്ന ദിക്ർ-റാത്തീബ് ഹൽഖകളേയും മൗലിദ് പുരകളേയുമാണ്.”

മൗലിദ്, ദിക്ർ, റാതീബ്, പുണ്യാത്മാക്കളുടെ ജാറങ്ങൾ സന്ദർശിക്കൽ- ഇതെല്ലാം ഇസ്‌ലാമികമാണ്. അതിനുള്ള അവസരം നഷ്ടമാകുന്നതിൽ സുന്നികൾക്ക് അതൃപ്തി ഉണ്ടാകും. അതിൽ അതിശയിക്കാൻ ഒന്നുമില്ലല്ലോ. റാതീബ് ഖാന നടത്തുന്നതിനെക്കാൾ നല്ലത് ആ സ്ഥലം കണ്മഷിയും കളിപ്പാട്ടങ്ങളും വിൽക്കാൻ വേണ്ടി വിട്ടുനൽകലാണ് എന്ന മനസ്ഥിതിയോട് സുന്നികൾക്ക് അന്നുമിന്നും വിയോജിപ്പുണ്ട്. അത് അക്കാലത്ത് തന്നെ കോഴിക്കോട്ടെ സുന്നികൾ പരസ്യമായി പ്രകടിപ്പിച്ചതാണ്. അങ്ങനെയാണ് പാളയം മുഹ്‌യിദ്ധീൻ പള്ളിയുടെ ഒരു ഭാഗത്ത് മുജാഹിദുകൾ ജമാഅത് നിസ്കാരം നടത്തുന്ന സമയത്തുതന്നെ പള്ളിയുടെ മറ്റൊരു ഭാഗത്ത് സുന്നികൾ ജമാഅത് നടത്താൻ മുന്നോട്ടുവന്നത്. അന്ന് സുന്നി ജമാഅത്തിൽ പങ്കെടുത്തവരിലൊരാൾ പട്ടുതെരുവിലെ മസ്ജിദുസ്സഹാബയുടെ പ്രസിഡണ്ട് ബാവക്കയാണ്. അദ്ദേഹം പറഞ്ഞുതരും ആ കൊടുംചതിയുടെ അറിയാക്കഥകൾ. രണ്ടു ജമാഅതൊന്നും ഏറെക്കാലം നീണ്ടുപോയില്ല. കള്ളരേഖകളും രാഷ്ട്രീയ സ്വാധീനവുമുപയോഗിച്ച് എല്ലാം അനുകൂലമാക്കിയെടുത്തിരുന്നു വഹാബികൾ. ഉണ്ട മൊയ്‌തീൻകോയ ഹാജിക്കും കുട്ട്യാമു സാഹിബിനും അധികാരകേന്ദ്രങ്ങളിലുണ്ടായിരുന്ന പിടി വഹാബികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി.
വ്യാജ രജിസ്ട്രേഷൻ നടത്തിയും കമ്മിറ്റി ഭരണഘടന ഭേദഗതി ചെയ്തുമാണ് സുന്നി പള്ളിയും അതോടു ചേർന്നുള്ള ഭൂമിയും വഹാബികൾ സ്വന്തമാക്കിയത്. മാല-മൗലിദ് പാരായണം, റാതീബ്, ദിക്റ് ഹൽഖ, സ്വലാത് മജ്‌ലിസ് തുടങ്ങിയ സുന്നി ആചാരങ്ങളെല്ലാം നടന്നുവന്ന പള്ളിയാണത്. ആ ആചാരങ്ങളെയാണ് ശിർക്ക് പരമായ അനാചാരങ്ങൾ എന്ന് ഉമർ മൗലവി വിശേഷിപ്പിക്കുന്നത്. നിന്ദ്യമായ വഞ്ചനയിലൂടെ സുന്നികളിൽ നിന്ന് തട്ടിയെടുത്ത ആ പള്ളിയിലാണ് ഒരു മാസം മുമ്പ് മുജാഹിദ് നേതാവ് ഹുസൈൻ മടവൂർ വഖ്ഫ് സംരക്ഷണ പ്രസംഗം നിർവഹിച്ചത്! പള്ളികൾ കൈയേറുക, വിശ്വാസികളെ അടിച്ചോടിക്കുക, ചെറുത്തുനിൽക്കുന്നവരെ കൊലപ്പെടുത്തുക, ജാറങ്ങൾ തച്ചുതകർക്കുക, പള്ളി മുതലുകൾ കൊള്ള ചെയ്യുക എന്നിവയൊന്നും വഹാബി ചരിത്രത്തിൽ പുതുമയുള്ള വൃത്താന്തമല്ല. എത്രയോ അനുഭവങ്ങൾ രേഖപ്പെട്ടു കിടപ്പുണ്ട് വിവിധ ഭാഷകളിൽ. അക്കൂട്ടത്തിൽ ചേർത്തുവെക്കേണ്ട വഹാബി അധിനിവേശമാണ് കോഴിക്കോട്ട് നടന്നത്.

പട്ടാളപ്പള്ളി
കോഴിക്കോട് നഗരത്തിലെ മറ്റൊരു പ്രധാന പള്ളി മാനാഞ്ചിറയുടെ അടുത്ത് സ്ഥിതിചെയ്യുന്ന പട്ടാളപ്പള്ളിയാണ്. 1847-ൽ ബ്രിട്ടീഷ് പട്ടാളത്തിലെ മുസ്‌ലിംകൾക്ക് നിസ്കരിക്കാൻ വേണ്ടി നിർമിച്ചതാണ് ഈ പളളിയെന്നാണ് പറയപ്പെടുന്നത്. പള്ളി പണിയാൻ ബ്രിട്ടീഷുകാർ സ്ഥലം നൽകുകയും ഹനഫി മുസ്‌ലിംകൾ പള്ളി നിർമിക്കുകയും ചെയ്തു എന്നാണ് ചരിത്രം. അതിനുമുമ്പ് തന്നെ അവിടെ ഒരു പള്ളി ഉണ്ടായിരുന്നുവെന്നും അത് ടിപ്പു സുൽത്താൻ നിർമിച്ചതാണ് എന്നുമുള്ള ഒരഭിപ്രായവും പ്രചാരത്തിലുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണെന്ന വാദമാണ് കൂടുതൽ പ്രബലമെന്നു തോന്നുന്നു. കാരണം ബ്രിട്ടീഷ് പട്ടാളത്തിലെ മുസ്‌ലിംകൾ ഹനഫി മദ്ഹബുകാരായിരുന്നു. ഹനഫി സരണി അനുസരിച്ചാണ് അവിടെ ആരാധനകൾ, കർമങ്ങൾ നടന്നിരുന്നത്. പിൽക്കാലം അതിന്റെ നടത്തിപ്പുകാരും ഹനഫി സുന്നി കുടുംബമായിരുന്നു. മുജാഹിദ് നേതാവായ കെ ഉമർ മൗലവി അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
1940 കളിലാണ് ഈ പള്ളി മുജാഹിദുകൾ കൈയടക്കുന്നത്. പട്ടാളപള്ളിയിലെ മുതവല്ലിമാരെല്ലാം സുന്നികളായിരുന്നു എന്നതിൽനിന്നു തന്നെ വ്യക്തമാണ് കാര്യങ്ങൾ. പട്ടാണി കുടുംബത്തിൽ നിന്നുള്ളവരായിരുന്നു മുതവല്ലിമാർ. അവരിൽ അവസാനത്തെയാൾ മൊയ്‌തീൻ മുസ്‌ലിയാർ. അദ്ദേഹം സദുദ്ദേശ്യപരമായി ചെയ്ത ഒരു കാര്യം മുജാഹിദുകൾ ശരിക്കും മുതലെടുത്തു. തനിക്ക് പാരമ്പര്യമായി കിട്ടിയ മുതവല്ലി സ്ഥാനം വേണ്ടെന്നുവെച്ച് പള്ളിയുടെ അധികാരാവകാശങ്ങൾ ഒരു കമ്മിറ്റിക്ക് കൈമാറി. മൊയ്‌തീൻ മുസ്‌ലിയാർ തന്നെയായിരുന്നു പട്ടാള പള്ളിയിലെ ഖതീബും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആ കൈമാറ്റം വളരെ എളുപ്പമായിരുന്നു. അങ്ങനെ വെള്ളയിൽ പി എസ് മമ്മു സാഹിബ് സെക്രട്ടറിയായി പ്രഥമ കമ്മിറ്റി വന്നു. അദ്ദേഹം ചുമതലയിലിരിക്കുന്ന കാലത്ത് അവിടെ കാര്യമായ മാറ്റങ്ങളൊന്നും ആചാരനുഷ്ഠാനങ്ങളിൽ ഉണ്ടായില്ല. പിന്നീട് കൂടക്കാരൻ ബാവ ഹാജി സെക്രട്ടറി ആയി എത്തുന്നതോടെയാണ് പള്ളി വഹാബിവത്കരിക്കുന്നതിനു തുടക്കം കുറിക്കുന്നത്. വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയുടെ ഭാഷ മാറ്റിക്കൊണ്ടാണ് ഇത് തുടങ്ങിവെച്ചത്. മൊയ്‌തീൻ മുസ്‌ലിയാരെ അതിനായി സമ്മർദപ്പെടുത്തി. അദ്ദേഹം അതിനു വിസമ്മതിച്ചു. മുതവല്ലി പദവി ഉപേക്ഷിച്ച അദ്ദേഹത്തിനുമുമ്പിൽ കമ്മിറ്റിയിലെ വഹാബീ സമ്മർദത്തിനു വഴങ്ങുകയല്ലാതെ നിർവാഹമുണ്ടായിരുന്നില്ല. ഞാൻ മാറിനിൽക്കാം, നിങ്ങൾ ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ എന്ന മറുപടിയിൽ അദ്ദേഹം പ്രതിഷേധമൊതുക്കി. അപ്പോൾ പിന്നെയാര് എന്ന അന്വേഷണത്തിലായി കമ്മിറ്റിക്കാർ. ആ അന്വേഷണം ചെന്നെത്തിയത് മുജാഹിദ് നേതാവായ കെ ഉമർ മൗലവിയിലാണ്. “എന്റെ ആദർശവീഥിയിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണിത്’ എന്നാണ് അതേക്കുറിച്ച് ഉമർ മൗലവി ഓർമക്കുറിപ്പുകളിൽ പറയുന്നത്.

ഖലീഫ പള്ളി
കോഴിക്കോട് വലിയങ്ങാടി റോഡിലെ ഖലീഫ പള്ളിയാണ് സുന്നികളിൽ നിന്ന് വഹാബികൾ കുതന്ത്രത്തിലൂടെ തട്ടിയെടുത്ത മറ്റൊരു പള്ളി. കോഴിക്കോട്ടെ ഏറ്റവും പഴക്കമുള്ള സുന്നി മസ്ജിദുകളിലൊന്ന്. സുന്നി മുതവല്ലിമാർ കൊണ്ടുനടന്നിരുന്ന പള്ളിയിലെ മൊല്ലാക്കയെ പറഞ്ഞുവിട്ട് രായ്ക്കുരാമാനം തിരൂരങ്ങാടി നിന്ന് മുജാഹിദ്‌മൗലവിയെ കൊണ്ടുവന്നാണ് പള്ളി വഹാബിവത്കരിച്ചത്. മുസ്‌ലിം ലീഗ് നേതാവും സലഫിയുമായിരുന്ന ഇട്ടോളി അഹ്‌മദ്‌ ഹാജിയാണ് ഇതിനു മുന്നിൽനിന്നത്. അദ്ദേഹം വലിയങ്ങാടിയിലെ ഇരുമ്പ് വ്യാപാരിയായിരുന്നു. മുതവല്ലിയുടെ സ്ഥാനം പണം കൊടുത്തു വിലയ്ക്ക് വാങ്ങി എന്നാണ് മുജാഹിദ് നേതാക്കൾ പ്രചരിപ്പിച്ചത്. പള്ളിയിലെ ചുമതലക്കാരനായിരുന്ന മൊല്ലാക്കയെ പറഞ്ഞുവിട്ട് പള്ളിയുടെ താക്കോൽ കൈവശപ്പെടുത്തിയാണ് വഹാബികൾ അവിടെ അധികാരം സ്ഥാപിച്ചത് എന്നാണ് മസ്ജിദുസ്സ്വഹാബ പ്രസിഡണ്ട് ബാവക്ക പറയുന്നത്.
ഇതേത്തുടർന്ന് സുന്നികൾ ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ട് പള്ളി വീണ്ടെടുക്കാൻ ശ്രമിച്ചിരുന്നു. ബാവക്ക ആയിരുന്നു കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി. പ്രതിഷേധസമ്മേളനം സംഘടിപ്പിച്ചുകൊണ്ട് കമ്മിറ്റി പ്രവർത്തനം ഊർജിതപ്പെടുത്തിയപ്പോൾ വഹാബികൾക്ക് വെകിളി പിടിച്ചു. അന്ന് സമ്മേളനത്തിൽ പ്രസംഗിക്കാൻ വന്നത് മഹാനായ പതി അബ്ദുൽ ഖാദർ മുസ്‌ലിയാരാണ്. എവിടെ വഹാബി തല പൊക്കുന്നുവോ അവിടെ പതി ഉസ്താദ് മറുപടി പറയാനെത്തും. അതായിരുന്നു അക്കാലം. അതുകൊണ്ടുതന്നെ വഹാബികൾ അദ്ദേഹത്തെ വല്ലാതെ ഭയപ്പെട്ടിരുന്നു. സമ്മേളനത്തിലുണ്ടായ ജനപങ്കാളിത്തം വഹാബികളുടെ സ്വൈര്യം കെടുത്താൻ പോന്നതായിരുന്നു. അതേത്തുടർന്ന് വഹാബികൾ പൊലീസിനെ സമീപിച്ച് കമ്മിറ്റി ഭാരവാഹികൾക്കെതിരെ പ്രതികാരനടപടികളിലേക്ക് പ്രവേശിച്ചു. ഇട്ടോളി ഹാജിയുടെ സാമ്പത്തിക-രാഷ്ട്രീയ പിൻബലം വഹാബികൾക്ക് വലിയ കരുത്തായി. പൊലീസ് സുന്നി കമ്മിറ്റിയിലെ ഭാരവാഹികളെ ഓരോരുത്തരെയായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഉപദേശിച്ചും ഗുണദോഷിച്ചും പ്രതിഷേധത്തിൽ നിന്ന് പിൻവലിപ്പിച്ചു. ഖലീഫ പള്ളി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ അങ്ങനെ പാതിവഴിയിൽ നിലച്ചുപോയി. കൂടുതൽ എതിർപ്പുകൾ ഇല്ലാതെതന്നെ പള്ളി വഹാബികളുടേതായി. “”പരമ്പരാഗത മുതവല്ലി ഭരണത്തിലായിരുന്നു ഖലീഫ പള്ളി. ഇട്ടോളി അഹ്‌മദ്‌ ഹാജിയുടെ ബുദ്ധിപരവും സമർഥവുമായ നീക്കത്തിലൂടെയാണ് പള്ളി സലഫീ മാർഗത്തിലായത്’’(മുജാഹിദ് എട്ടാം സംസ്ഥാനസമ്മേളന സോവനീർ). കൊടിയ വഞ്ചനയെ ബുദ്ധിപരം, സമർഥം എന്നീ വാക്കുകൾ കൊണ്ട് ആദർശവത്കരിക്കാൻ വഹാബികൾ ശ്രമിക്കുകയാണ്. ഏതു വാക്കെടുത്ത് “മറ’ കെട്ടിയാലും പള്ളിക്കൊള്ള വിശുദ്ധമായ ഏർപ്പാടാകില്ല തന്നെ!

വട്ടോളി പള്ളി
“”വട്ടോളിയിൽ മുസ്‌ലിംകൾക്ക് നിസ്കരിക്കാൻ ഒരു “സ്രാമ്പ്യ’ പണിയുന്നത് ഏതാണ്ട് നൂറുവർഷം മുമ്പാണ്. ചെറിയ കിഴക്കയിൽ മൊയ്‌തു എന്ന സമുദായ സ്‌നേഹി വാക്കാൽ നൽകിയ സ്ഥലത്തായിരുന്നു സ്രാമ്പ്യയും കുളവും നിർമിച്ചിരുന്നത്. ഭംഗിയുള്ള കരിങ്കൽതൂണുകളിൽ ആറടി ഉയരത്തിൽ നല്ല മരം കൊണ്ട് നിർമിച്ച് ഓടുമേഞ്ഞ മനോഹരമായ ഒരു കെട്ടിടം. നൂറിൽ താഴെ ആളുകൾക്ക് നിസ്കരിക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ നിറയെ ആളുകൾ കൂടുന്നത് മൗലിദ്, റാതീബ്, ആണ്ടുനേർച്ചകൾ, മതപ്രസംഗം (വഅ്ള്) എന്നിവ ഉള്ളപ്പോൾ മാത്രമായിരുന്നു. മന്ത്രവാദം, ചരടുകെട്ടൽ, ചികിത്സയും പിഞ്ഞാണമെഴുത്തും എന്നിവ അറിയാവുന്ന മുസ്‌ലിയാക്കന്മാരും മൊല്ലാക്കമാരും ഇവിടെ വന്ന് കേമ്പ് ചെയ്യാറുണ്ടായിരുന്നു. അവരിൽ ചിലർ ഖുർആൻ പഠിപ്പിക്കുകയും ചെയ്തിരുന്നു.”

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത് വട്ടോളി ബസാറിലെ ഒരു സുന്നി പള്ളിയെ കുറിച്ചുള്ള വിവരണമാണ് നിങ്ങളിപ്പോൾ വായിച്ചത്. അവിടത്തെ പള്ളി മുജാഹിദ് മടവൂർ വിഭാഗം പുതുക്കിപ്പണിതതിനോടനുബന്ധിച്ച് 2010-ൽ പുറത്തിറക്കിയ സ്മരണികയിൽ നിന്നുള്ളതാണ് മേൽവരികൾ. നൂറുവർഷം മുമ്പുള്ള സ്രാമ്പ്യ ഇതിനു മുമ്പൊരിക്കൽ(1961) പുതുക്കിപ്പണിതിരുന്നു. അന്ന് പള്ളി പുനർനിർമാണത്തിലേക്ക് പണം സ്വരൂപിക്കാൻ പ്രമുഖ സുന്നിപണ്ഡിതൻ പൂനൂർ കുഞ്ഞിബ്രാഹീം മുസ്‌ലിയാർ ദിവസങ്ങളോളം വഅ്ള് പറഞ്ഞിട്ടുണ്ട്. മുജാഹിദുകൾ ബാലുശ്ശേരിയിൽ വരവറിയിച്ച കാലമാണ്. പക്ഷേ, അവർക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നില്ല. ആ പ്രദേശത്തെ മിക്ക പള്ളികളുടെയും ഖാളി കുഞ്ഞിബ്രാഹീം മുസ്‌ലിയാരായിരുന്നു. മിക്ക പള്ളികളിലും ഖതീബുമാർ അദ്ദേഹത്തിന്റെ ശിഷ്യന്മാരുമായിരുന്നു. അവിടെ ഏതു പ്രദേശത്തും വഅ്ള് വേദികളിൽ അദ്ദേഹം സ്ഥിരസാന്നിധ്യമായിരുന്നു. വട്ടോളി ബസാർ അദ്ദേഹത്തിന്റെ നാടിനോടടുത്ത പ്രദേശമാണ്. അവിടെ നല്ലൊരു പള്ളി എന്നത് അദ്ദേഹവും ആഗ്രഹിച്ചിരിക്കണം. പക്ഷേ, പള്ളിപ്പണി പൂർത്തിയായപ്പോൾ ഉദ്‌ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചില്ല. ഒരു വെള്ളിയാഴ്‌ച ആയിരുന്നു ഉദ്‌ഘാടനം; 1962 ജനുവരി 12ന്. അന്ന് അയൽനാട്ടുകാരനായ ഒരു ജമാഅത് നേതാവിനെ കൊണ്ടുവന്ന് മലയാളത്തിൽ ഖുതുബ വായിപ്പിച്ചു. മുജാഹിദും ജമാഅതെ ഇസ്‌ലാമിയും ഭായ്- ഭായ് ആയിരിക്കുന്ന കാലമാണത്. പ്രതിഷേധിക്കാൻ സാധ്യതയുള്ള സുന്നികളുടെ ഇരുവശങ്ങളിലും തണ്ടും തടിയുമുള്ള ആളുകളെ ഇരുത്തിയാണ് അന്ന് അലോസരങ്ങളില്ലാതെ ഖുതുബ നടത്തിയത് എന്ന് പിന്നീടൊരിക്കൽ ജമാഅതെ ഇസ്‌ലാമിയുടെ പ്രദേശത്തെ നേതാവുമായി സംസാരിച്ചപ്പോൾ പറഞ്ഞതോർക്കുന്നു(2010ലെ സ്മരണികയിലും അതുണ്ട്). എന്നിട്ടും ചില ഒറ്റപ്പെട്ട ഒച്ചകൾ ഉണ്ടായി. ഫലമുണ്ടായി. അവരെ മുജാഹിദുകൾ “അടിച്ചിരുത്തി.’ വളരെ ആസൂത്രിതമായാണ് വട്ടോളിയിൽ മുജാഹിദുകൾ കരുക്കൾ നീക്കിയത്. സുന്നികളുടെ പണവും അധ്വാനവും, സുന്നി പണ്ഡിതരുടെ പ്രസംഗവും പിരിവും… എല്ലാം കഴിയുമ്പോൾ സുന്നികൾ പുറത്താകുന്നു.
സുന്നികളുടെ നിഷ്കളങ്കതയും അധികാര കേന്ദ്രങ്ങളിലെ സ്വാധീനമില്ലായ്മയും ചൂഷണം ചെയ്ത് തടിച്ചുകൊഴുത്ത ഉരുവാണ് കേരളത്തിലെ വഹാബിസം. സുന്നികളുടെ ആദർശപ്രചാരണത്തിൽ കൈകാലുകൾ തളർന്ന് വീണുപോയതാണ് അതിന്റെ പിൽക്കാല അനുഭവം.

ശാദുലി പള്ളി
“”മതപ്രചാരണത്തിനായി മലബാറിലെത്തിയ ശാദുലി എന്ന സൂഫിവര്യൻ ഹിജ്റ 1140 (എ ഡി 1727-28) ൽ നിർമിച്ചതാണ് പരപ്പിൽ ശാദുലി പള്ളി. പള്ളിക്കു മുമ്പിലുള്ള മഖാമിൽ ആ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു. 1910-ൽ കാമാക്കാന്റകത്ത് കുഞ്ഞഹമ്മദ്‌കോയ ഹാജി രണ്ടാം തവണ പുതുക്കിപ്പണിതു. 1976 സപ്തംബർ 27 ാം തീയതി മൂന്നാം തവണ പുതുക്കിപ്പണിയുന്നതിന്റെ തുടക്കം കുറിച്ചത് പുതിയ പന്തക്കലകത്ത് മാമുക്കോയ ഹാജിയാണ്. 1979 ജനുവരി 23 ാം തിയ്യതി ഇന്ന് കാണുന്ന രൂപത്തിൽ പണി തീർത്ത പള്ളി സൂപ്രണ്ടിങ്ങ് എഞ്ചിനീയർ കോയസ്സൻകോയ വീട്ടിൽ അഹമ്മദ്‌കോയ ഹാജി തുറന്നുകൊടുത്തു.”

“കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്ര’ത്തിൽ ശാദുലി പള്ളിയെ കുറിച്ചുള്ള ഭാഗമാണ് മുകളിൽ ചേർത്തത്. ആ പള്ളിയിപ്പോൾ സുന്നികളുടെ കൈവശമില്ല. 1727-28 ൽ പള്ളി നിർമിക്കുമ്പോഴോ 1910 ൽ പുതുക്കിപ്പണിയുമ്പോഴോ കേരളത്തിൽ മുജാഹിദുകൾ തലപൊക്കിയിട്ടില്ല എന്നോർക്കണം. പിന്നെങ്ങനെയാണ് പള്ളി സുന്നികൾക്ക് നഷ്ടമായത്?

കോഴിക്കോട്ടെ മുസ്‌ലിം സാമൂഹികതയിൽ സലഫിസം ഒളിച്ചുപാർത്ത ഒരു കാലമുണ്ടായിരുന്നു. മനസ് കൊണ്ട് വഹാബിസത്തെ ആശ്ലേഷിക്കുകയും പുറത്ത് സുന്നികളോട് ഒട്ടിനിൽക്കാൻ ശ്രമിക്കുകയും ചെയ്തകാലം. സുന്നിപള്ളിയിൽ അവർ നിസ്കാരത്തിനുണ്ടാകും. ചടങ്ങുകളിലൊക്കെ പങ്കെടുക്കും. ഒരു ചങ്ങലയിലെ കണ്ണികളെന്നപോലെ ബന്ധിക്കപ്പെട്ടിരുന്നു കോഴിക്കോട്ടെ, വിശിഷ്യാ ഇടിയങ്ങരയിലെയും കുറ്റിച്ചിറയിലെയുമൊക്കെ മുസ്‌ലിംകൾ. ഏതെങ്കിലും നിലയ്ക്ക് ബന്ധുത്വമുള്ളവരായിരുന്നു അവർ. അവരിൽ 95 ശതമാനത്തിലധികം സുന്നികളായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ ഈ ഒളിച്ചുപാർക്കൽ വഹാബികളെ സംബന്ധിച്ച് അനിവാര്യവുമായിരുന്നു. പക്ഷേ, പ്രമാണിത്തത്തിന്റെയും തറവാടിത്തത്തിന്റെയും പിൻബലം ഉണ്ടായിരുന്നതുകൊണ്ട് വഹാബിസം ഉള്ളിലടക്കി നടന്നിരുന്ന പലർക്കും സുന്നി പള്ളിയുടെ കമ്മിറ്റിയിലേക്ക് വാതിൽ തുറന്നുകിട്ടി. ആദ്യം ഒന്നോ രണ്ടോ പേർ, പിന്നെ എണ്ണം പെരുകി, കമ്മിറ്റിയിൽ ഭൂരിപക്ഷം അവരായി മാറി. ആരോരുമറിയാതെ രജിസ്ട്രേഷൻ സലഫിസത്തിലേക്ക് മാറ്റുകയാണ് അടുത്ത പടി. ശാദുലി പള്ളി മുജാഹിദുകൾ കൊണ്ടുപോയത് ഈ ചതിയുപായത്തിലൂടെ ആണ്. ഇനിയുമേറെയുണ്ട് ഇങ്ങനെ “കള്ളത്താക്കോലിട്ട്’ മുജാഹിദുകൾ തുറന്നുകൊണ്ടുപോയ സുന്നി പള്ളികൾ.

കുറ്റിക്കാട്ടൂർ യതീംഖാന
കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത് കമ്മിറ്റി 16 വർഷം നീണ്ട നിയമപോരാട്ടത്തിലൂടെ പ്രദേശത്ത് പ്രവർത്തിക്കുന്ന യതീംഖാനയും അനുബന്ധ സ്വത്തുകളും തിരിച്ചുപിടിച്ചതാണ് ഈയിടെ പുറത്തുവന്ന മറ്റൊരു വഖ്ഫ് വാർത്ത. 1987ല്‍ കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത് കമ്മിറ്റി ആരംഭിച്ചതാണ് യതീംഖാന. അത് 1999-ൽ എ ടി ബഷീർ പ്രസിഡണ്ടായ കമ്മിറ്റിക്ക്, മഹല്ല് കമ്മിറ്റിയിലെ പ്രസിഡണ്ട് ഉൾപ്പടെ മുസ്‌ലിം ലീഗുകാരായ ചിലർ മഹല്ല് കമ്മിറ്റിയെ അറിയിക്കാതെ പുതുതായി രജിസ്റ്റർ ചെയ്ത കമ്മിറ്റിക്ക് കൈമാറി. രണ്ടേക്കർ പത്ത് സെന്റ് ഭൂമി ഉൾപ്പടെ കോടികൾ വിലമതിക്കുന്ന സ്വത്ത് ആണ് പുതിയ കമ്മിറ്റി ഒരധ്വാനവുമില്ലാതെ ചുളുവിലക്ക് കൈക്കലാക്കിയത്. പിന്നീട് നടന്ന മഹല്ല് ജനറൽ ബോഡിയിലാണ് ഈ കൊടും ചതി വെളിപ്പെട്ടത്. അന്ന് ആരംഭിച്ച നിയമപോരാട്ടമാണ് ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്. വില്പന റദ്ദാക്കിക്കൊണ്ട് നേരത്തെതന്നെ വഖ്ഫ് ട്രിബ്യൂണൽ ഉത്തരവ് ഉണ്ടായെങ്കിലും ഹൈക്കോടതിയെ സമീപിച്ച് വിധിയെ മറികടക്കാൻ ആണ് യതീംഖാന കമ്മിറ്റി ശ്രമിച്ചത്. ഇപ്പോൾ യതീംഖാന ഉൾപ്പടെ സ്വത്തുകളുടെ ഉടസ്ഥാവകാശം കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത് കമ്മിറ്റിക്ക് തിരിച്ചേല്പിച്ചുകൊണ്ട് വഖ്ഫ് ബോർഡ് തീരുമാനം എടുത്തിരിക്കുന്നു.
ഈ കൈമാറ്റത്തെ സാധൂകരിച്ചുകൊണ്ട് 2015 ൽ വഖ്ഫ് ബോർഡ് തീരുമാനം കൈക്കൊണ്ടിരുന്നു. അന്ന് പാണക്കാട് റശീദലി തങ്ങളായിരുന്നു ബോർഡ് ചെയർമാൻ. ലീഗ് പ്രതിനിധികളായ എം സി മായിൻ ഹാജി, അഡ്വ പി വി സൈനുദ്ധീൻ, മുജാഹിദ് നേതാവ് അബ്ദുല്ലക്കോയ മദനി, അഡ്വ. ഫാത്തിമ റോസ്‌ന, അഡ്വ. ഷറഫുദ്ധീൻ എം എന്നിവരുൾപ്പെട്ട മീറ്റിങ്ങിലാണ് തീരുമാനം കൈക്കൊണ്ടത്. ആ തീരുമാനമാണ് ഏതാനും ദിവസങ്ങൾക്കുമുമ്പ് വഖ്ഫ് ബോർഡ് റദ്ദാക്കിയത്. മീറ്റിംഗിൽ “നിങ്ങൾ എന്ത് തീരുമാനിച്ചാലും കുഴപ്പമില്ല’ എന്ന നിലപടെടുത്തു എം സി മായിൻ ഹാജി. അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിൽ നേരത്തെ തന്നെ തീർക്കാമായിരുന്ന പ്രശ്നമാണിത്. പ്രഥമ യതീംഖാന കമ്മിറ്റി പ്രസിഡന്റ് എ ടി ബഷീർ, മായിൻ ഹാജിയുടെ ഭാര്യാസഹോദരൻ ആകയാലാണ് 2015 ൽ മഹല്ല് കമ്മിറ്റിയുടെ ആവശ്യം വഖ്ഫ് ബോർഡ് തള്ളിയത് എന്ന ആക്ഷേപമുയർന്നിരുന്നു. അതിൽ കഴമ്പുണ്ടോ എന്നതല്ല, ആ ആക്ഷേപത്തിന് ഇടംകൊടുക്കാതെ ഈ കേസ് ഒത്തുതീർപ്പാക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. കാരണം, അദ്ദേഹം ഒരേ സമയം മുസ്‌ലിം ലീഗിന്റെയും ഇ കെ വിഭാഗം സുന്നികളുടെയും പ്രാതിനിധ്യം അവകാശപ്പെടാൻ കഴിയുന്നയാളാണ്. കുറ്റിക്കാട്ടൂരിലെ “കക്ഷികൾ’ ഈ വിഭാഗങ്ങളാണ്. മുസ്‌ലിംലീഗ് ഒരിടത്തും വഖ്ഫ് സ്വത്തുകൾ കയ്യേറിയിട്ടില്ല എന്ന് വാദിക്കുമ്പോൾ തന്നെയാണ് കുറ്റിക്കാട്ടൂരിലെ യതീംഖാന കേസ് മുസ്‌ലിം ലീഗിനെ തിരിഞ്ഞുകുത്തിയത്.

എന്തുകൊണ്ട് മുസ്‌ലിംലീഗ് ?
അന്യാധീനപ്പെട്ട വഖ്ഫുകളെ കുറിച്ചുള്ള അന്വേഷണത്തിൽ ചിലപ്പോൾ ഉച്ചത്തിലും മറ്റു ചിലപ്പോൾ മൃദുവായും ഉയർന്നുകേട്ട പേര് മുസ്‌ലിം ലീഗിന്റേതാണ്. കേരളത്തിലെ മറ്റൊരു പാർട്ടിയും വലിച്ചിഴക്കപ്പെടാതിരിക്കുമ്പോഴും വഖ്ഫിൽ മുസ്‌ലിം ലീഗ് എന്തുകൊണ്ട് ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്നു? എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു? വളരെ ലളിതമായി പറയാവുന്ന രണ്ട് ഉത്തരങ്ങളുണ്ട്. ഒന്ന്, മുസ്‌ലിംലീഗിന് ഒരു കാലത്തും കൃത്യമായ വഖ്ഫ് നയം ഉണ്ടായിരുന്നില്ല. രണ്ട്, വഖ്ഫ് ബോർഡിനെ ഒരു രാഷ്ട്രീയ സ്ഥാപനമായാണ് മുസ്‌ലിം ലീഗ് കണ്ടത്. ഇതുരണ്ടും ചേർന്നപ്പോൾ നഷ്ടം സംഭവിച്ചതാകട്ടെ സുന്നികൾക്കും. ആ നഷ്ടം ചെറുതായിരുന്നില്ല എന്നാണ് കണക്കുകൾ പറയുന്ന കാര്യം.

ഏതാണ്ടെല്ലാ ജില്ലകളിലും വഖ്ഫ് സ്വത്തുകൾ നഷ്ടപ്പെടുകയോ അന്യാധീനപ്പെടുകയോ ചെയ്തിട്ടുണ്ട്. സർക്കാർ കൃത്യമായ കണക്കുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഏഴു ജില്ലകളിൽ സർവേ പൂർത്തിയായി എന്നാണറിയുന്നത്. ഈ വഖ്ഫുകൾ കൈയേറിയതും സ്വന്തമാക്കിയതും മുസ്‌ലിമേതര സമൂഹങ്ങളിൽ പെട്ടവരല്ല. അവർക്ക് അതിനു ധൈര്യമുണ്ടാകില്ല. പലയിടങ്ങളിലും കൈയേറ്റക്കാരായും കൈയേറ്റക്കാരുടെ സംരക്ഷകരായും മുസ്‌ലിം ലീഗ് ഉണ്ട് എന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. വഖ്ഫ് ബോർഡിനെ പാർട്ടി സ്ഥാപനമായി കൈകാര്യം ചെയ്തതിന്റെ കൂടി ദുരന്തഫലമാണിത്. വഖ്ഫ് ബോർഡിലെ നിയമനങ്ങൾ പി എസ് സിക്ക് വിടുമ്പോൾ മാത്രം വഖ്ഫ് ഒരു സാമുദായിക വിഷയമാകുന്നു. അല്ലാത്തപ്പോഴെല്ലാം അതൊരു രാഷ്ട്രീയ പ്രശ്നമായി കാണുന്നു. ഒട്ടും നീതിപൂർവമല്ലാതെ വഖ്ഫ് വിഷയം കൈകാര്യം ചെയ്ത എത്രയോ അനുഭവങ്ങളുണ്ട്; മുസ്‌ലിം ലീഗ് വഖ്ഫ് ബോർഡ് കൈകാര്യം ചെയ്ത കാലങ്ങളിൽ. സുന്നികളിലെ ഇരുവിഭാഗങ്ങൾക്കിടയിൽ വഖ്ഫ് സ്വത്തിൽ തർക്കമുണ്ടാകുമ്പോൾ ലീഗ് ഇ കെ വിഭാഗത്തിനൊപ്പം നിൽക്കും. തർക്കം സുന്നികളും മുജാഹിദുകളും തമ്മിലാകുമ്പോൾ പരമാവധി മുജാഹിദുകളെ പിന്തുണക്കും. ഇതാണനുഭവം. മുസ്‌ലിംലീഗിന് ഒരു വഖ്ഫ് നയമില്ലെന്നു പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. കേരളത്തിലെ വഖ്ഫുകളിൽ മഹാപക്ഷം സുന്നികളുടേതാണ്. അതിൽ പള്ളികൾ മാത്രമല്ല ജാറങ്ങളും ഉൾപ്പെടുന്നുണ്ട്. അവിടെ നിന്നുള്ള വരുമാനമാണ് വഖ്ഫ് ബോർഡിനെ താങ്ങിനിറുത്തുന്ന പ്രധാന സാമ്പത്തിക ഘടകം. എന്നിട്ടും സുന്നികൾക്ക് നഷ്ടങ്ങൾ മാത്രമാണ് മിച്ചം വെയ്ക്കാനുള്ളത്! നീതിക്കൊപ്പം നിൽക്കുക എന്ന മിനിമം സുജനമര്യാദ പാലിക്കാൻപോലും പലപ്പോഴും മുസ്‌ലിംലീഗിന് സാധിച്ചില്ല എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വഖ്ഫ് സംരക്ഷണത്തിൽ സത്യസന്ധമായ ഒരാത്മവിചാരണക്ക് മുസ്‌ലിംലീഗ് സന്നദ്ധമാകുമെങ്കിൽ ഈ വിവാദത്തിന്റെ ഏറ്റവും ശുഭപര്യവസാനം അതുതന്നെയാകുമെന്നാണ് ഞാൻ കരുതുന്നത്. തെറ്റ് തിരുത്തുക എന്നത് മോശം പ്രവണതയല്ല; മതപരമായും രാഷ്ട്രീയമായും.

മുഹമ്മദലി കിനാലൂർ

You must be logged in to post a comment Login