ഇസ്ലാമിന്‍റെ സാംസ്കാരിക ജീവിതം


ആഹാര ലഭ്യതയെയും പ്രഥമികാവശ്യങ്ങളുടെ നിര്‍വ്വഹണത്തെയും ചൊല്ലി ആശങ്കകൊണ്ട ഒരു രാവറുതി, പടച്ചതമ്പുരാന്റെ അനന്യമായ ഖുദ്റത്തിന്റെ പ്രകാശനമായവതരിച്ച ആ പ്രഭാതത്തില്‍, ഇറങ്ങാനിരിക്കെ എന്റെ സുഹൃത്ത് പറഞ്ഞു: നമുക്ക് പ്രാര്‍ത്ഥിച്ച് ഇറങ്ങാം. വിശുദ്ധ ഖുര്‍ആന്‍ ഓതി, സുഹൃത്ത് അതീവ ഹൃദ്യമായി പ്രാര്‍ത്ഥിച്ചു.
അബ്ദുല്ല മണിമ

    വളരെ അരക്ഷിതമായ ഒരു യാത്രയായിരുന്നു അത്; ആശങ്കാകുലവും. മകന് ഒരു പരീക്ഷയെഴുതണം. ചെറിയ സമയത്തിനുള്ളിലായതു കൊണ്ട് ട്രെയിന്‍ റിസര്‍വേഷന്‍ തരമായില്ല. ബസ്സാണ് പിന്നെ ശരണം. മുഴുവന്‍ പ്രയാസങ്ങളോടെ തന്നെ അത് നിയ്യത്ത് ചെയ്യുകയേ വഴിയുണ്ടായിരുന്നുള്ളൂ. കാലത്ത് സ്ഥലത്തെത്തും. രണ്ടു മണിക്കൂര്‍ നേരമുണ്ട്. കുട്ടിക്ക് അത്യാവശ്യം ഒരുങ്ങിപ്പോകാന്‍ നഗരത്തിലെ മുസാഫര്‍ഖാനയാണ് മനസ്സില്‍ കണ്ടുവച്ചത്. വെടിപ്പും വൃത്തിയും ഏട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് അതത്ര പ്രധാനമല്ലാത്തതു കൊണ്ട് ഇന്നും കണ്ണുകളെക്കാള്‍ മൂക്കുപയോഗിച്ചാണ് പല പള്ളികളും മുസ്ലിംകളുടെ പൊതു സ്ഥലങ്ങളും കണ്ടുപിടിക്കാന്‍ എളുപ്പം. അതുകൊണ്ടു തന്നെ അതില്‍ ധാരാളം ആശങ്കകളുണ്ടായിരുന്നു താനും.

     യാത്രയും വാഹനവും ഒരുക്കിത്തന്ന സുഹൃത്ത് തന്നെയാണ് അതും പരിഹരിച്ചത്. നഗരത്തിലെ മികച്ച സ്ഥാപനത്തില്‍ പഠിതാവായ മറ്റൊരു സുഹൃത്തിനെ വിളിച്ച് കാലത്ത് ഒരുങ്ങിപ്പോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുതന്നു. രാത്രി തന്നെ 2-3 തവണ സുഹൃത്തും ആതിഥേയനും കാര്യങ്ങള്‍ കൂട്ടിയുറപ്പിക്കാന്‍ വിളിച്ചു കൊണ്ടിരുന്നു. ചാര്‍ജുകുറവായ ഫോണ്‍ രാത്രിയില്‍ ഓഫാക്കിയിട്ടത് ഓണ്‍ ചെയ്തപ്പോള്‍ മുതല്‍ രണ്ടറ്റത്തു നിന്നും രണ്ടു പേരും വിളിച്ചുകൊണ്ടിരുന്നു. ഇറങ്ങാനുദ്ദേശിച്ച സ്ഥലത്ത് ആതിഥേയനും മറ്റുരണ്ടതിഥികളും കൂടി. സുഖമായി പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിച്ചു. വിഭവസമൃദ്ധമായ ആഹാരം കഴിച്ചു. പ്രഭാതത്തില്‍ ദിക്കേതെന്ന് നിശ്ചയമില്ലാതെ പറന്നുയരുന്ന പക്ഷിയെ വയറ് നിറച്ചൂട്ടി വിടുന്ന റബ്ബില്‍ ഇന്നും നാവുകൊണ്ടല്ലാതെ ഹൃദയം കൊണ്ട് വിശ്വസിച്ചിട്ടില്ലാത്ത ചഞ്ചല മനസ്സിന്റെ കാപട്യത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഒരവസരമായിരുന്നു അത്. എങ്കിലും പുറത്ത് ഇസ്ലാമിന്റെ സാംസ്കാരിക ജീവിതം ഇന്നും അതിജീവിച്ചുകൊണ്ടിരിക്കുന്നത് ഉറങ്ങാന്‍ മടിക്കുന്ന മനസ്സ് കണ്ടു. സംസാരത്തിനിടയില്‍ സുഹൃത്ത് സൂചിപ്പിച്ചതു പോലെ പള്ളികള്‍ക്ക് പോലും ഇസ്ലാമിന്റെ സാംസ്കാരിക ജീവിതം അന്യമായിക്കൊണ്ടിരിക്കുന്ന കാലമാണ്. കട്ടുകൊണ്ടു പോകാന്‍ ഒരു ക്ളോക്കും ഒരു മൈക്കുസെറ്റുമല്ലാതെ തിരുവാഭരണങ്ങളോ പൊന്‍കുരിശുകളോ സ്വര്‍ണ്ണ വിഗ്രഹങ്ങളോ ഇല്ലാത്ത സര്‍വ്വാധിനാഥന്റെ ഭവനങ്ങളിലും ഇപ്പോള്‍ നടയടപ്പും നടതുറപ്പും നടപ്പായിത്തുടങ്ങിയിരിക്കുന്നു. പള്ളികളെ ഇസ്ലാമിന്റെ സാംസ്കാരിക കേന്ദ്രങ്ങളായി പരിചയപ്പെടുത്തുന്നതിന്റെ ക്രെഡിറ്റവകാശപ്പെടുന്ന ഉല്‍പതിഷ്ണുക്കള്‍ക്കു പോലും ളുഹ്റ് ബാങ്കുമുതല്‍ ഇശാ ജമാഅത്ത് കഴിയും വരെയും സുബ്ഹ് ബാങ്കു മുതല്‍ സുബ്ഹ് ജമാഅത്ത് കഴിയുംവരെയുമാണ് ‘പള്ളിപ്രവേശന സമയം.’ ഒരിക്കല്‍ പ്രാര്‍ത്ഥനാ സ്ഥലവും കോടതിയും അഭയവീടും ഊട്ടുപുരയും പാഠശാലയുമായിരുന്ന പള്ളികളുടെ അവസ്ഥയാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പ് സുനാമിയില്‍ കടലെടുത്ത ബന്ദാആഛെയിലെ ശേഷിക്കുന്ന പള്ളികള്‍ സന്ദര്‍ശിച്ച കാര്യം ഓര്‍ത്തുപോയി. ചുവരുകളില്ലാത്ത മതില്‍ക്കെട്ടുകളില്ലാത്ത, ദൈവമന്ദിരങ്ങള്‍. കന്നുകാലികള്‍ കടന്നുവരുന്നത് തടയാന്‍ അരച്ചുമരും വെയിലും മഴയും അടിക്കാതിരിക്കാന്‍ മേല്‍ക്കൂരയും മാത്രമായി 24 മണിക്കൂറും സജീവം; സര്‍വ്വാധിനാഥന്റെ സകല സാക്ഷികളുടെയും അവകാശമായി ആ പള്ളികള്‍. തീവ്രവാദ പ്രവര്‍ത്തം എന്ന സ്വയം ജാമ്യത്തിലാണ് പള്ളികളോട് നാമീ അതിക്രമം പ്രവര്‍ത്തിച്ചു പോരുന്നത്. മതില്‍കെട്ടും ചുവരുകളുമില്ലാത്ത ദൈവിക മന്ദിരങ്ങള്‍ പൊതുസ്വത്തുക്കളാണ്. അവക്കു മേല്‍ ആര്‍ക്കാണ് തീവ്രതയും ഭീകരതയും ആരോപിക്കാന്‍ കഴിയുക? അത് സമുദായത്തിന്റെ സാംസ്കാരിക സഹജീവനത്തിന്റെ ആലയമാണ്. ആര്‍ക്കാണതിനെ വിലക്കാന്‍ കഴിയുക? സര്‍വ്വരും- ജനങ്ങളും അധികാരികളും തന്നെയാണതിന്റെ കാവല്‍ക്കാര്‍. അത്തരമൊരിടമെങ്ങനെയാണ് അത്യാചാരങ്ങളുടെ കേന്ദ്രമാവുക?

     ആ പള്ളികളില്‍ നിന്ന് ശേഖരിച്ച ഊര്‍ജ്ജത്തില്‍ നിന്നാണ് കൊണ്ടോട്ടി മേലങ്ങാടിയിലും തിരൂരങ്ങാടിയിലും മലപ്പുറം വലിയങ്ങാടിയിലും ആമ്പൂരിലും വെല്ലൂരിലും വാണിയമ്പാടിയിലും ഇടച്ചുമരുകള്‍ പങ്കുവെക്കുന്ന മുസ്ലിം വീടുകളുണ്ടായത്. പാതിരാവിലും നട്ടുച്ചക്കെന്ന പോലെ സുരക്ഷിതമായ സഹജീവന സങ്കേതങ്ങളായിരുന്നു അവ. മൂന്നു സെന്റുകളെ മതിലുകെട്ടിവേര്‍തിരിച്ച് അതിഥിയും അഗതിയും നാഥനും അസ്വീകാര്യമായ സ്വകാര്യതകള്‍ നാം പടുത്തുയര്‍ത്തുന്നതിനു മുമ്പായിരുന്നു അത്. അത്തരം ഭവനങ്ങളിലൊന്നിലാണ് വീട്ടുകാര്‍ക്ക് തികയാത്ത ഭക്ഷണം കുട്ടികളെ കൂട്ടിയുറക്കി, വിളമ്പിയ ഭക്ഷണത്തിന് മുന്നിലെ വിളക്കൂതി, വന്നു കയറിയ അതിഥിയെ ആവോളമൂട്ടിയത്. കാരണം പ്രവാചകരുടെ പള്ളിയിലോ ഭവനത്തിലോ ഒരുത്തനും അഭയം നിഷേധിക്കപ്പെട്ടിട്ടില്ല. ഒരാളും വെറും കയ്യോടെ മടങ്ങിയിട്ടില്ല. ഒരാളെയും പട്ടിണി കിടത്തിയിട്ടില്ല. രാത്രി നിസ്കാരം കഴിഞ്ഞ്, മദീനയിലെത്തിയ ഏറ്റവും അവസാനത്തെ മനുഷ്യനും അത്താഴം ഉറപ്പുവരുത്തിയേ അവിടുന്ന് വീടണഞ്ഞിരുന്നുള്ളൂ. അവിടുത്തെ അഭാവത്തില്‍ അനുചര•ാര്‍ അത് പാലിച്ചു പോരുന്നതില്‍ ദത്തശ്രദ്ധരായിരുന്നു. അതിഥിയുടെ അവകാശങ്ങളെയും ആതിഥേയന്റെ പരിമിതികളെയും കുറിച്ചറിഞ്ഞിരിക്കേണ്ടതിന്റെ ബാധ്യതയും അവിടുന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.

    ‘അതിഥിയുടെ അവകാശം മൂന്നു ദിവസമാണ്. അതിനപ്പുറം അതിഥേയന്റെ ഔദാര്യമാണ്.’
‘ആതിഥേയന്റെ മടിശ്ശീലയുടെ അടികാണുവോളം നിങ്ങള്‍പറ്റിക്കൂടരുത്.’
‘വിരുന്നു പോയാല്‍ ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ അതിദീര്‍ഘമായി നിങ്ങള്‍ അവിടെ തങ്ങരുത്.’ ക്ഷണിക്കപ്പെടാത്ത ഒരതിഥി വിരുന്നു പോകാന്‍ കൂട്ടത്തില്‍ ചേര്‍ന്നപ്പോള്‍ അവിടുന്ന് പറഞ്ഞു : ‘ആതിഥേയന്‍ സമ്മതിച്ചാല്‍ താങ്കള്‍ക്കും പ്രവേശിക്കാം.’
പങ്കുവെയ്പിന്റെ മഹിത്വത്തെക്കുറിച്ചവിടുന്ന് പറഞ്ഞു: ‘ഒരു പാത്രത്തില്‍ കൂടിയിരുന്ന് കഴിക്കുക. ബറക്കത്തുണ്ടാകും’ (സകലര്‍ക്കും മതിയാകും)
‘രണ്ടാളുടെ ഭക്ഷണം മൂന്നാളും മൂന്നാളുടേത് നാലാളും പങ്കിട്ടെടുക്കുക. അവര്‍ക്കത് ധാരാളമായിരിക്കും.’

    ആധുനിക ജീവിതം അതിഥികളും വിരുന്നും നമുക്ക് ഭാരമാക്കിക്കഴിഞ്ഞിരിക്കുന്നു. സമ്പാദിക്കുന്ന കുടുംബിനികള്‍ കൂടി വന്നതോടെ അടുക്കളകള്‍ അതിഥികള്‍ക്ക് വിലക്കപ്പെട്ടു പോയി; പ്രത്യേകിച്ചു വാരാന്ത്യങ്ങള്‍. വാരാന്ത്യങ്ങള്‍ അതിഥികളെ സ്വീകരിക്കുന്നതിനെക്കാള്‍ ‘ഔട്ട്ഡോര്‍ ഈറ്റിംഗിനാണ്’ നാം പരിഗണന നല്‍കുന്നത്. മദീനയിലെ പ്രവാചക ഭവന പരിസരത്തു നിന്നു പ്രസരിക്കുന്ന സാംസ്കാരിക ഊര്‍ജ്ജത്തില്‍ നിന്നല്ല പടിഞ്ഞാറിന്റെ സാംസ്കാരിക കുശിനികളില്‍ ഒരുങ്ങുന്ന റെസിപ്പുകളിലാണ് (പാചകക്കുറികളിലാണ്) നമ്മുടെ നിത്യജീവിതം തിളച്ചുകൊണ്ടിരിക്കുന്നത്.

  ആഹാരത്തിനും പ്രഥമികാവശ്യങ്ങളുടെ നിര്‍വ്വഹണത്തിനും ആശങ്കകൊണ്ട ഒരു രാവറുതി, പടച്ചതമ്പുരാന്റെ അനന്യമായ ഖുദ്റത്തിന്റെ പ്രകാശനമായവതരിച്ച ആ പ്രഭാതത്തില്‍ ഇറങ്ങാനിരിക്കെ എന്റെ സുഹൃത്ത് പറഞ്ഞു: നമുക്ക് പ്രാര്‍ത്ഥിച്ച് ഇറങ്ങാം. വിശുദ്ധ ഖുര്‍ആന്‍ ഓതി, സുഹൃത്ത് അതീവ ഹൃദ്യമായി പ്രാര്‍ത്ഥിച്ചു. സ•ാര്‍ഗ്ഗവും ആരോഗ്യവും ആഹാരവും യാത്രാ സൌകര്യവുമൊരുക്കിത്തന്ന റബ്ബിന് നന്ദിപറഞ്ഞു. ആ കൊച്ചുവെളുപ്പാന്‍ കാലത്ത് സമൃദ്ധമായി ആഹാരമൊരുക്കി സല്‍ക്കരിച്ച വീട്ടുകാരിക്കും വീട്ടുകാരനും വയറുപോലെ തന്നെ നിറഞ്ഞ മനസ്സോടെ ദൈവാനുഗ്രഹം ചോദിച്ചു. തങ്ങളുടെ തന്നെ അവിവേകങ്ങളില്‍ ഖേദിച്ചു. അനുഗ്രഹങ്ങളില്‍ പങ്കുചോദിച്ചു. ആത്മാവും ശരീരവും നിറഞ്ഞ ആ പ്രഭാതത്തില്‍ ഞാനോര്‍ത്തു: വര്‍ഷങ്ങളോളം സഹവസിച്ച ക്രിസ്തീയ സ്ഥാപനത്തില്‍ ആഹാരത്തിന്റെ മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിച്ച് കണ്ണീരൊലിപ്പിച്ച ക്രിസ്തു വിശ്വാസികളുടെ ന•പോലും പുതിയ കാലത്തിന്റെ തിരുവെഴുത്തുകള്‍ വായിക്കാനുള്ള ഉല്‍കണ്ഠയില്‍ ഞാന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞല്ലോ. കൂടെയുണ്ടായിരുന്ന മോനോടും ഞാനോര്‍മിപ്പിച്ചു:
‘ഇസ്ലാമിന്റെ സാംസ്കാരിക ജീവിതത്തിന് ഇങ്ങനെയുമൊരു മുഖമുണ്ട് കുട്ടാ.’

You must be logged in to post a comment Login