നാഥുറാം ഗോഡ്‌സേ, എന്റെ നായകന്‍ അഥവാ മാരോ ആദര്‍ശ് നാഥുറാം ഗോഡ്‌സേ. ഈ വാക്കുകള്‍ അല്ലെങ്കില്‍ മുദ്രാവാക്യം ഓര്‍മിച്ചുവെക്കണം. അധികം വൈകാതെ നാമിത് ധാരാളമായി കേള്‍ക്കാന്‍ തുടങ്ങും. ഇപ്പോള്‍ ഈ വാചകം ഔദ്യോഗികമായിവന്നത് ഗുജറാത്തില്‍ നിന്നാണ്.
ഗുജറാത്തിലെ വല്‍സദ് എന്ന ചെറുപട്ടണത്തിലെ കുസും വിദ്യാലയ പേര് കേട്ട സ്‌കൂളാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് അവിടെ ഒരു ടാലന്റ് ഹണ്ട് നടക്കുന്നു. എട്ടിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളില്‍ നിന്ന് മിടുമിടുക്കരെ കണ്ടെത്താനുള്ള ചില മല്‍സരങ്ങള്‍. ഒരു ജില്ലാതല മല്‍സരമാണ്. സ്വകാര്യ പരിപാടിയല്ല. ജില്ലാ യുവ വികാസ ഓഫീസിന്റെ നേതൃത്വത്തിലാണ്. പതിമൂന്ന് മല്‍സരങ്ങളില്‍ ഒന്ന് പ്രസംഗമായിരുന്നു. 24 മണിക്കൂര്‍ മുന്നേ വിഷയം നല്‍കി, പഠിക്കാന്‍ സമയം കൊടുത്തുള്ള മല്‍സര രീതി. മൂന്ന് വിഷയങ്ങള്‍ നല്‍കും. അതിലൊന്ന് മല്‍സരാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാം. ഭാവിയില്‍ ഞാനൊരു ശാസ്ത്രജ്ഞനാകും; പക്ഷേ അമേരിക്കക്ക് പോകില്ല, ഒരു പക്ഷിയായിരുന്നെങ്കില്‍ ഞാന്‍ പറന്നേനെ എന്നിങ്ങനെ വിഷയങ്ങള്‍ക്കൊപ്പം മൂന്നാമതായി നല്‍കിയതാണ് നിങ്ങള്‍ തുടക്കത്തില്‍ വായിച്ച മുദ്രാവാക്യം; മാരോ ആദര്‍ശ് നാഥുറാം ഗോഡ്‌സേ. ആ വിഷയത്തില്‍ പഠിച്ച് പ്രസംഗിച്ച വിദ്യാര്‍ഥി സമ്മാനിതനുമായി.
ഗാന്ധിയുടെ നാട്ടില്‍ ഗാന്ധി ഘാതകനെ പ്രകീര്‍ത്തിച്ച് നടന്ന ഔദ്യോഗിക പരിപാടി സ്വാഭാവികമായും വിവാദമായി. “in new India, murderers are heroes’ എന്ന് ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അവിടെയുമിവിടെയും ചില്ലറ പ്രതിഷേധങ്ങള്‍. തീരെ ബലം കുറഞ്ഞ പ്രതികരണങ്ങള്‍. മേല്‍ത്തട്ട് ഉദ്യോഗസ്ഥരും ഭരണകൂടവും ഒഴുക്കന്‍ മട്ടില്‍ കൈയൊഴിഞ്ഞു. താഴെത്തട്ടില്‍ ചില നടപടികള്‍ ഉണ്ടായി. അത് കഴിഞ്ഞു.ഗുജറാത്തിലെ കൗമാരം തൊടാന്‍ വെമ്പുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മുന്നിലേക്ക് ഗോഡ്‌സേ സ്തുതി വിഷയമായി നല്‍കിയ ശക്തികളെ സംബന്ധിച്ച് അത്തരമൊരു വിഷയം കൊടുക്കുക എന്ന ഒറ്റ ദൗത്യമേ ഉണ്ടായിരുന്നുള്ളൂ. ചെറിയ ചെറിയ നീക്കങ്ങളാല്‍ വലിയ കളി ജയിക്കാന്‍ പദ്ധതിയിട്ട ആളുകളാണ്. അത്തരം കളികളില്‍ ചെറിയ നീക്കങ്ങള്‍ പ്രധാനമാണ്. ഓ, വലിയ കാര്യമില്ല എന്ന് നാം കരുതുമ്പോഴേക്കും അത്തരം ചെറുനീക്കങ്ങള്‍ വലിയ പടയണിയായി കളംപിടിക്കും. ഇത് നന്നായറിയാം, ഇന്ത്യന്‍ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്ന ഒരാളെ സ്തുതിക്കാനും സ്തുതിവാക്യങ്ങള്‍ പഠിക്കാനും ആവശ്യപ്പെട്ട ശക്തികള്‍ക്ക്. അവര്‍ക്ക് ആ ഒരു നീക്കം ധാരാളമാണ്. അവരതില്‍ വിജയിച്ചു. പ്രതിഷേധം വന്നപ്പോള്‍ ചെറുക്കാന്‍ നില്‍ക്കാതെ കൈയൊഴിഞ്ഞു. അത് ഇത്തരം കളികളുടെ ഒരു ശൈലിയാണ്.
ഗാന്ധിയെ മായ്ച്ചുകളയാനും ഗാന്ധി ഘാതകനായ ഗോഡ്‌സെയെ രാജ്യനായകനായി അവതരിപ്പിക്കാനും ഗാന്ധിക്ക് ബദലായി ഗാന്ധി വധത്തില്‍ പ്രതിചേര്‍ക്കപ്പെട്ട, ഗോഡ്‌സേയുടെ ഗുരുവും തേരാളിയുമെന്ന് ചരിത്രം കാട്ടിത്തന്ന സവര്‍ക്കറെ രാഷ്ട്രപിതാവായി അവരോധിക്കാനുമുള്ള സംഘപരിവാര്‍ പദ്ധതി നാം ഇന്ന് കരുതുന്നതുപോലെ അത്ര ലളിതമായ ഒന്നല്ല. ഒരു ഭരണകൂട തീരുമാനത്തിലൂടെ അത് സംഘപരിവാര്‍ നടപ്പാക്കില്ല. വിശദീകരിക്കാം.
ഗുജറാത്ത് മഹാത്മ ഗാന്ധിയുടെ ജന്മനാടാണ്. ഗുജറാത്ത് നരേന്ദ്ര മോഡിയുടെയും ജന്മനാടാണ്. ഗുജറാത്ത് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വംശഹത്യയുടെ പരീക്ഷണശാല കൂടിയാണ്. ഗുജറാത്ത് വംശഹത്യ എന്നത് ഇന്ത്യന്‍ ഹിന്ദുത്വയുടെ രാജസൂയമായിരുന്നു. രാജസൂയമെന്നാല്‍ ഇന്ത്യന്‍ പുരാണമനുസരിച്ച് രാജാധികാരം സ്വന്തമാക്കുന്നതിന് മുന്നേ നടത്തേണ്ട ഒരു കൃത്യമാണ്. രാജസൂയമെന്നാല്‍ സൈന്യങ്ങളെ കെട്ടഴിച്ചുവിട്ട് നേടുന്ന യുദ്ധജയമാണ്. എന്നുവെച്ചാല്‍ അടിച്ചമര്‍ത്തല്‍. ഇങ്ങനെ അടിച്ചമര്‍ത്തപ്പെട്ട, കൊല്ലപ്പെട്ട മനുഷ്യര്‍ക്ക് മേലാണ് മഹാരാജാധികാരം അരിയിട്ട് വാഴുന്നത്. രാജസൂയം സമ്പൂര്‍ണാധികാര ആരോഹണത്തിന് മുന്‍പുള്ള അന്തിമഹത്യയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ മതനവീകരണ-ആത്മീയ പ്രസ്ഥാനങ്ങളിലൂടെയാണ് ഹിന്ദുത്വ ഒരു ആശയമായി ചുവടുറപ്പിക്കുന്നത്. ബംഗാളും മഹാരാഷ്ട്രയുമെല്ലാം അതിന്റെ അരങ്ങുകള്‍ ആയിരുന്നു. അത്തരം നവീകരണ പ്രസ്ഥാനങ്ങളുടെ ഒരു ഫലം നാനാതരം സംസ്‌കാരങ്ങളും ആചാരങ്ങളും ശീലിച്ചുപോന്ന, ചരിത്രപരമായ കാരണങ്ങളാല്‍ തികച്ചും വ്യത്യസ്തരായ ഒരു ജനത മതാത്മകമായി പുനഃസംഘടിപ്പിക്കപ്പെട്ടു എന്നതാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ ജാതി വ്യവസ്ഥക്കുള്ളില്‍ മുന്നോക്കമായി കരുതപ്പെട്ട ബ്രാഹ്‌മണര്‍. ഓരോ പ്രദേശത്തും ബ്രാഹ്‌മണര്‍ ഓരോ തരം ജനതയാണ്. ബംഗാളിലെ ബ്രാഹ്‌മണരുടെ വിശിഷ്ട ഭോജ്യങ്ങളില്‍ ഒന്ന് രോഹു മല്‍സ്യത്തിന്റെ തലയാണ്. ഇങ്ങനെ പലതരം അടിസ്ഥാന വ്യത്യാസങ്ങള്‍ ഉണ്ടായിരുന്ന ആയിരത്തിലേറെ ഗോത്രങ്ങളാണ് ഇന്ത്യയില്‍ സെമിറ്റിക് മതങ്ങള്‍ക്ക് പുറത്ത് ജീവിച്ചിരുന്നത്. തൊഴില്‍, സാമ്പത്തികനില, സ്ഥലപരം തുടങ്ങിയ ഭൗതിക കാരണങ്ങള്‍ ആണ് ജാതി വ്യവസ്ഥയെ സൃഷ്ടിച്ചതും പോഷിപ്പിച്ചതും. രാജാറാം മോഹന്‍ റോയിയുടെയും ദയാനന്ദ സരസ്വതിയുടെയും ഉള്‍പ്പടെയുള്ള പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ അനാചാരങ്ങളെ റദ്ദാക്കിയതിനൊപ്പം അതുവരെ ഇല്ലാതിരുന്ന ഒരു മതബോധത്തെ സൃഷ്ടിക്കുകയാണ് ഉണ്ടായത്. ഹിന്ദുമതം എന്ന് അത് മനസിലാക്കപ്പെട്ടു. അനാചാരങ്ങളെ ഇല്ലാതാക്കാനുള്ള സത്യസന്ധമായ ആ ശ്രമങ്ങളാണ് അക്കാലം വരെ പലതരം ഗ്രൂപ്പുകളില്‍ പലതാല്‍പര്യങ്ങളുടെ ചിറകില്‍ സഞ്ചരിച്ചിരുന്ന ഭഗവദ് ഗീത, രാമായണം, മഹാഭാരതം, വേദങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങിയ ബൃഹദ് രചനകളെ മതാത്മകമായി സംഘടിപ്പിച്ചത്. ഇത്തരം ഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങള്‍ പെരുകി. അതുവരെ തികച്ചും വ്യക്തിപരമായ ഒരു ജീവിതശീലമോ ചെറുസംഘ പദ്ധതിയോ ആയിരുന്ന സന്യാസം സംഘടിതമായ ഒന്നായി മാറി. സ്വാമി വിവേകാനന്ദന്‍ എല്ലാം സംഭവിക്കുന്ന വഴി അതാണ്. സന്യാസം സാമൂഹിക സ്വഭാവമുള്ള ഒന്നായി, രാഷ്ട്രീയത്തോട് നൂലിഴ മാത്രം അകന്നുനില്‍ക്കുന്ന ഒന്നായി മാറി. ഒരു ഹിന്ദുപുരുഷന്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നായി മാറി. ഹിന്ദു എന്ന മതബോധം പ്രബലമായി.
ഇങ്ങനെ രൂപപ്പെട്ട ഒരന്തരീക്ഷമാണ് യഥാർത്ഥത്തില്‍ 1925-ലെ ആര്‍.എസ്എസിന്റെ രൂപീകരണത്തിലേക്ക് നയിച്ച ഒരു കൈവഴി. ഹിന്ദുത്വ എന്നത് അധികാരാര്‍ജനത്തിനുള്ള വഴിയായി തിരിച്ചറിഞ്ഞ ജാതി ഹിന്ദുക്കളുടെ അഥവാ സവര്‍ണ ഹിന്ദുക്കളുടെ രാഷ്ട്രീയ തീരുമാനമായിരുന്നു അത്. അതിനാകട്ടെ അക്കാലത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വന്‍തോതിലുള്ള പിന്തുണ ഉണ്ടായിരുന്നു താനും. ബഹുസ്വര പ്രസ്ഥാനമായി മാറിത്തുടങ്ങുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ അകമേ പിളര്‍ത്താനുള്ള ഒരു പദ്ധതി ആയിരുന്നു ആ പിന്തുണ. മാപ്പെഴുതിയില്ലെങ്കിലും സവര്‍ക്കര്‍ മോചിതനാകുമായിരുന്നു എന്ന് പറയുന്നതിന്റെ കാരണമതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വേണ്ടി ഊര്‍ജം പാഴാക്കണ്ട എന്ന സര്‍സംഘ്ചാലക വചനത്തിന്റെ പിന്നാമ്പുറവും മറ്റൊന്നല്ല. കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ബഹുസ്വരത തങ്ങള്‍ ആഗ്രഹിക്കുന്ന വരേണ്യ-ജാതി ഹിന്ദു ഭരണത്തിന് തടസ്സമാകുമെന്ന് അന്നത്തെ ഹിന്ദുത്വയുടെ വക്താക്കള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ അവരുടെ നിര്‍ലോഭവും നിരുപാധികവുമായ പിന്തുണ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനായിരുന്നു.
സവര്‍ക്കറെ ഓര്‍ക്കാം. വിനായക് ദാമോദര്‍ സവര്‍ക്കര്‍. മറാത്തിയാണ്. നിരീശ്വരവാദി. ഹിന്ദു എന്നും ചിത്പവന്‍ ബ്രാഹ്‌മണന്‍ എന്നും അഭിമാനിച്ചിരുന്നയാള്‍. ഹിന്ദു രാഷ്ട്ര എന്ന് വാദിച്ചയാള്‍. സവര്‍ക്കറാണ് 1920 -മുതല്‍ ഹിന്ദുത്വയുടെ ഇന്ത്യന്‍ മുഖം. അക്രാമക ഹിന്ദുത്വയുടെ വക്താവ്. നേരത്തെ പറഞ്ഞ ജാതി ഹിന്ദുവിന്റെ അധികാരാരോഹണം നടപ്പാക്കാനൊരുങ്ങിയ വ്യക്തി. ഗാന്ധിക്ക് ബദലായി ബ്രിട്ടൻ വളര്‍ത്തിയതാണ് സവര്‍ക്കറെ എന്നും വാദമുണ്ട്; സാഹചര്യത്തെളിവുകള്‍ ധാരാളമുണ്ട്. സവര്‍ക്കര്‍ നടത്തിയ പത്രത്തില്‍ പണിക്കാരനായിരുന്നു ഗോഡ്സെ. അക്കാലത്തെ കൊള്ളാവുന്ന ഒരു തുക ഗോഡ്‌സെക്ക് കൃത്യമായി നല്‍കുകയും ചെയ്തിരുന്നു. ഇതെല്ലാം ചരിത്രത്തിലുണ്ട്.
പക്ഷേ, സവര്‍ക്കര്‍ പരാജയപ്പെട്ടു. ഹിന്ദു മതബോധം ജ്വലിപ്പിച്ച് ബ്രിട്ടനുമായി സന്ധിചെയ്ത് ബ്രിട്ടനില്‍ നിന്ന് ഹിന്ദു നേതാക്കളിലേക്കുള്ള അധികാര കൈമാറ്റത്തെയാണ് സവര്‍ക്കര്‍ സ്വാതന്ത്ര്യം എന്ന് മനസിലാക്കിയിരുന്നത്. അപ്രകാരം ഒരു ഹിന്ദുരാഷ്ട്രം ഇന്ത്യയില്‍ സ്ഥാപിക്കണം എന്നും ആ സംസ്ഥാപനത്തിന് നേതൃപരമായ പങ്ക് വഹിക്കണമെന്നും സവര്‍ക്കര്‍ ആഗ്രഹിച്ചിരുന്നു. ഹിന്ദുമഹാസഭ അതിനായി കിണഞ്ഞ് പരിശ്രമിച്ചിരുന്നു. അതിന് ഗതിവേഗം കൂട്ടുകയായിരുന്നു 1925-ലെ ആര്‍ എസ്എസ് രൂപീകരണത്തിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് നേതാക്കളെയും ഹിന്ദുമഹാസഭാ നേതാക്കളെയും തമ്മില്‍ മാറിപ്പോകുന്ന കാലമായിരുന്നു അത്. പരസ്പരം സഹകരിച്ചിരുന്നു. ഹിന്ദുമഹാസഭയും സമാനമായ ഹിന്ദു മതപ്രസ്ഥാനങ്ങളും സന്യാസി മഠങ്ങളും എല്ലാം ചേര്‍ന്ന അതിവിശാലവും അതിശക്തവുമായ ഹിന്ദു ധാരയോട് ഇടയേണ്ട ആവശ്യം കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. ബാല ഗംഗാധര തിലകനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദു മഹാസഭക്ക് അസ്പൃശ്യരായിരുന്നുമില്ല. സ്വാഭാവികമായും കോണ്‍ഗ്രസും ഹിന്ദുധാരയും ഒക്കെ ചേര്‍ന്ന നീക്കത്താല്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും സ്വയം ഭരണവും ഒരു ഹിന്ദു രാഷ്ട്രത്തിന്റെ, മനുസ്മൃതിയില്‍ അധിഷ്ഠിതമായ, ജാത്യാചരങ്ങളാല്‍ സമ്പന്നമായ ഒരു രാഷ്ട്രത്തിന്റെ പിറവിക്ക് നിദാനമാകും എന്ന് ഹിന്ദുധാരക്കാര്‍ കരുതി. സംഭവിക്കാന്‍ സാധ്യത ഉണ്ടായിരുന്നു.
ഹിന്ദു ധാരയുടെ, സവര്‍ക്കറിസത്തിന്റെ ആ ഹിമാലയന്‍ മോഹം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ മെലിഞ്ഞ ഒരു മനുഷ്യനാല്‍ പക്ഷേ, ഭസ്മീകരിക്കപ്പെട്ടു- ഗാന്ധിയാല്‍.
എങ്ങനെയാണ് ഗാന്ധി അത് സാധിച്ചത്? സവര്‍ക്കറാദികളുടെ ഹിന്ദുധാരയെ ഗാന്ധി എങ്ങനെ തകര്‍ത്തു? ലളിതമാണ് ഉത്തരം. ഒരു മികച്ച ഹിന്ദുവായി, ഉദാരനും ബഹുസ്വരനും മതേതര പ്രതിബദ്ധനും പരമ കാരുണികതയില്‍ വിശ്വാസമുള്ളവനുമായ ഒരു ഹിന്ദുവായി സ്വയം മാറിക്കൊണ്ട്. ഗാന്ധി സ്വയം ഹിന്ദുവായി ആവിഷ്‌കരിച്ചതോടെ ഗാന്ധിയെപ്പോലുള്ള ഒരു ഹിന്ദു കൂടുതല്‍ സ്വീകാര്യനായി. ഫലം സവര്‍ക്കറെപ്പാലുള്ള ഹിന്ദുക്കളെ വേണ്ട എന്നായി. സവര്‍ക്കറാദികളെക്കാള്‍ മനോഹരമായും സ്‌നേഹാര്‍ദ്രമായും ഗാന്ധി ഭഗവദ് ഗീത വായിച്ചു. ഹിന്ദുധാര അവരുടെ ആയുധമായി കരുതിവെച്ചിരുന്ന ഭഗവദ് ഗീതയെ ഗാന്ധി എടുത്തു. ഗീത പിന്നെ ഗാന്ധിയന്‍ ഗീതയായി. ഇങ്ങനെയാണ് സവർക്കറാദികളെ ഗാന്ധി തോല്‍പിച്ചതും ഇന്ത്യ മതേതര ജനാധിപത്യ രാജ്യമായതും. അതാണ് ആ ഹിന്ദുധാര ഗാന്ധിയോട് കൊടും പകയുള്ളവരായി മാറിയത്. ഇന്ത്യ പിടിക്കാനുള്ള ഹിന്ദുത്വയുടെ പരിശ്രമങ്ങളെ മുച്ചൂടും തകര്‍ത്ത ഗാന്ധിയോട് അവര്‍ ക്ഷമിച്ചില്ല, ക്ഷമിച്ചിട്ടില്ല. ഇപ്പോഴുമെന്താ ഇന്ത്യ ഒരു സമ്പൂര്‍ണ ഹിന്ദുരാഷ്ട്രമായി പരിവര്‍ത്തിക്കാത്തത് എന്ന ചോദ്യത്തിന്റെ ഉത്തരവും ഇപ്പോഴും വേരോടിപ്പടര്‍ന്ന് നില്‍ക്കുന്ന ഗാന്ധി എന്നതാണ്. ഈ രാജ്യത്തെ മതേതരവും ബഹുസ്വരവുമായി നിലനിര്‍ത്താന്‍ ബാധ്യതയുള്ള കോണ്‍ഗ്രസോ മറ്റാരുമോ അത് മനസിലാക്കുന്നില്ലെങ്കിലും. ക്ഷമിക്കുമോ അവര്‍?
ഹിന്ദുത്വയെ സംബന്ധിച്ച് അവര്‍ വന്‍ ഭൂരിപക്ഷത്തില്‍ ഭരണം കൈയാളുന്ന ഒരു രാജ്യത്ത് അവരുടെ നിതാന്ത ശത്രുവായ ഗാന്ധി ആദരിക്കപ്പെടുന്നതും രാഷ്ട്ര കേന്ദ്രമായി വാഴ്ത്തപ്പെടുന്നതും അസഹ്യമാണ്. ആ അസഹ്യത സ്വാഭാവികവുമാണ്. അവരുടെ ഭരണാനന്ദം എന്ന അനുഭൂതിക്ക് നിത്യ വിഘാതമാണ് ഗാന്ധി. ഗാന്ധിയും ഹിന്ദുത്വയും തമ്മിലെ ശത്രുത ചരിത്രപരമായ ഒന്നാണ്. ആ ശത്രുതയുടെ ആഴത്തില്‍ നിന്നാണ് ആ വൃദ്ധവും ദുര്‍ബലവുമായ നെഞ്ച് തകര്‍ത്ത് നാഥുറാം വിനായക് ഗോഡ്‌സേ വെടിയുണ്ട പായിച്ചത്.
ഗാന്ധിയന്‍ ഓര്‍മകളെ വോട്ടാക്കി മാറ്റി ദീര്‍ഘനാള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇന്ദിരാ യുഗത്തോടെ മഹാത്മാ ഗാന്ധിയെ സമ്പൂര്‍ണമായി കൈയാഴിഞ്ഞതാണ്. പിന്നീട് ഗാന്ധിയെന്ന ഇന്ത്യയെ ത്രസിപ്പിക്കാന്‍ പാങ്ങുള്ള ആ വലിയ പേര് ഫിറോസ് ഗാണ്ഡിയ എന്ന പാഴ്‌സി യുവാവില്‍ നിന്ന് പുരുഷധനമായി വാങ്ങിയ ഇന്ദിര അതിസമര്‍ഥമായി അതിനെ ഗാന്ധിയെന്ന് വിക്ഷേപിച്ചതും നാം കണ്ടതാണ്. പിന്നീട് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഗാന്ധിയെന്നാല്‍ ഇന്ദിരയുടെ പിന്‍തുടര്‍ച്ചക്കാരും ഗാന്ധി കുടുംബമെന്നാല്‍ ഇന്ദിരാ കുടുംബവുമായി. ഒരിക്കല്‍ പോലും ഗാന്ധിയെ തങ്ങളുടെ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുമില്ല. അതിനാല്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സംബന്ധിച്ച് ഗാന്ധി ഇപ്പോള്‍; ഇപ്പോള്‍ എന്നല്ല, സംഘ് യുഗത്തിന് എത്രയോ മുന്‍പേ തന്നെ അപ്രസക്തമായ ഒരു ബിംബമാണ്.
എന്നിട്ടും സംഘപരിവാര്‍, ആര്‍.എസ്.എസ് എന്തിനാണ് വളരെ നിശബ്ദമായി, ബലം പ്രയോഗിക്കാതെ എന്നാല്‍ ആഴത്തില്‍ ഗാന്ധി വേട്ട നടത്തുന്നത് എന്ന ചോദ്യത്തിന്റെ കൂടി ഉത്തരമാണ് നാം ഇതു വരെ സംസാരിച്ചത്.
കെ കെ ജോഷി
You must be logged in to post a comment Login