“എന്റെ ക്ലാസിലെ ഏക മുസ്‌ലിം വിദ്യാര്‍ഥിയായിരുന്നു ഞാന്‍.’ ഈ വാചകം പലവിധത്തില്‍ ഇന്ത്യന്‍ മുസ്‌ലിം വിദ്യാര്‍ഥിയുടെ അനുഭവമായിരിക്കും. വിദ്യാര്‍ഥി തന്റെ വ്യക്തിത്വത്തെക്കുറിച്ച് പരുഷമായി ബോധവാന്മാരായിത്തീരുന്ന ഒരു സന്ദര്‍ഭമുണ്ട്. സ്വന്തം കുടുംബപ്പേരിലേക്ക് ചുരുങ്ങുകയും കൈവശം വെച്ചുപോരുന്ന ആശയങ്ങള്‍ കൈവെടിയുകയും ശത്രുത മാത്രം വര്‍ധിച്ചുവരുന്ന ഒരു ലോകത്ത് ഒറ്റപ്പെട്ടു പോവുകയും ചെയ്യും.
ആറാം ക്ലാസിലായിരിക്കുമ്പോഴാണ് എനിക്ക് ഇത്തരമൊരു സന്ദര്‍ഭത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. ചരിത്രക്ലാസില്‍ 1857 ലെ സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണകളെ കുറിച്ച് ടീച്ചര്‍ വിശദീകരിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ പുതിയ ബുള്ളറ്റുകളില്‍ പന്നിക്കൊഴുപ്പും പശുക്കൊഴുപ്പും ചേര്‍ത്തിട്ടുണ്ടെന്ന കിംവദന്തി പരന്നതിനെത്തുടര്‍ന്ന് അവര്‍ക്കെതിരെ ഹിന്ദു-മുസ്‌ലിം പട്ടാളക്കാര്‍ ഒറ്റക്കെട്ടായി സമരസജ്ജരായി.
പശുക്കള്‍ ഹിന്ദുക്കള്‍ക്ക് പവിത്രമാണ്. എന്നാല്‍ പന്നിയോ? വിദ്യാര്‍ഥികള്‍ക്കിടയിലെ പിറുപിറുക്കലുകള്‍ അവസാനിപ്പിക്കാന്‍ ടീച്ചര്‍ ആഗ്രഹിച്ചു കാണും. “അര്‍മനോട് ചോദിക്കൂ.’ – ടീച്ചര്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിങ്ങള്‍ ഒരു മുസ്‌ലിമിനെ എന്തു പേരുവിളിച്ചു അധിക്ഷേപിച്ചാലും അവനൊരു പ്രശ്‌നമുണ്ടാകില്ല. പക്ഷേ, അവനെ പന്നി എന്നു വിളിച്ചാല്‍ അതവന് സഹിക്കില്ല. സ്വീകരിക്കില്ല.’
പിന്നീടുള്ള രണ്ടാഴ്ചകള്‍ ഒരുപക്ഷേ എന്റെ കുട്ടിക്കാലത്തെ ഏറ്റവും മാരകമായ ആഘാതമേറ്റ നാളുകളായിരുന്നു. മിക്കവാറും സഹപാഠികളെല്ലാം എന്നെ പന്നി എന്നാണ് വിളിച്ചത്. ഇതെന്നെ വല്ലാതെ നോവിപ്പിച്ചു. സ്‌കൂളില്‍ പോകാനുള്ള ഉത്സാഹം കുറയുന്നതായി എനിക്കുതോന്നി. ഞാന്‍ ചരിത്രത്തെ വെറുക്കാന്‍ തുടങ്ങി. അതിന്റെ നിരുപദ്രവകരമായ പാഠങ്ങള്‍ എന്റെ സഹപാഠികളില്‍ വിദ്വേഷത്തിന്റെ പുതിയ വെടിയുണ്ടകള്‍ തീര്‍ക്കുമെന്ന് ഞാന്‍ ഭയന്നു.
ഇപ്പോള്‍ കര്‍ണാടകയിലെ കോളജുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികളോടും അധ്യാപകരോടും ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെടുന്ന വൈറല്‍ വീഡിയോകള്‍, നമ്മില്‍ പലര്‍ക്കും ജീവിതത്തിലുടനീളം വേട്ടയാടപ്പെടുന്ന ചില സംഭവങ്ങള്‍ മനസിലാക്കിത്തരും.
ഇസ്‌ലാമോഫോബിയയും, നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള അതിന്റെ വൃത്തികെട്ട ബന്ധവും എല്ലാ കാലത്തും കാണാറുണ്ട്. ടയര്‍ റ്റു(Tier 2) നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത് കൂടുതല്‍ പൈശാചികരൂപം സ്വീകരിക്കുന്നുണ്ട്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച് ആര്‍ ഡബ്യു) നടത്തിയ വിപുലമായ ഒരു പഠനത്തില്‍, ഈ പ്രദേശങ്ങളിലെ മുസ്‌ലിംകള്‍, ദളിത്-ഗോത്ര വര്‍ഗ വിദ്യാര്‍ഥികളെല്ലാം ഏറ്റവും ക്രൂരമായ വിവേചനത്തിന്റെ ഇരകളാണെന്ന് കണ്ടെത്തിയിരുന്നു. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ സ്‌കൂളുകളുടെ അഭാവം അവര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. “വൃത്തികെട്ടവര്‍’ എന്ന് വിളിക്കുകയും ടോയ്‌ലെറ്റ് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന പ്രവണതയുമുണ്ട്.
മുസ്‌ലിംകള്‍ എന്ന തലക്കെട്ടിലുള്ള പഠനത്തിന്റെ ഉപസെഷനില്‍ ഡല്‍ഹിയിലെ ഗോയ്‌ല ഡയറി ചേരിയില്‍ നിന്നുള്ള സാഹിറിന്റെ വിവരങ്ങള്‍ പറയുന്നുണ്ട്. ക്ലാസില്‍ നിരന്തരം മര്‍ദിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതിനെ കുറിച്ച് അവന്‍ സംസാരിക്കുന്നു. ഹിന്ദു വിദ്യാര്‍ഥികള്‍ അവനെ നോക്കി പരിഹസിക്കുന്നു. അതേ സ്‌കൂളില്‍ നിന്നുള്ള ജാവേദ്, ടീച്ചര്‍മാര്‍ തനിക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചതും ദേഷ്യം വരുമ്പോള്‍ തന്നെ മുല്ല എന്നു വിളിക്കുന്നതും ഹൃദയഭേദകമായി അവതരിപ്പിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ വര്‍ഷം, തെലങ്കാന സംസ്ഥാനത്തെ എട്ടാം ക്ലാസിലെ ആധുനിക ചരിത്ര പാഠപുസ്തകത്തില്‍ ഒരു കൈയില്‍ തോക്കും മറു കൈയില്‍ ഖുര്‍ആനും പിടിച്ചിരിക്കുന്ന ഒരു “ഭീകരന്റെ’ ചിത്രമുണ്ടായിരുന്നു. 2020-ല്‍, ലോകം കൊവിഡ്-19 എന്ന രോഗവുമായി പൊരുതുമ്പോള്‍, 47 മുസ്‌ലിം പെണ്‍കുട്ടികളെ ക്ലാസ് റൂമിന് പുറത്ത് പരീക്ഷയ്ക്കിരുത്തിയ റിപ്പോര്‍ട്ടുണ്ട്. അകത്ത് മതിയായ ഇടമില്ലെന്നായിരുന്നു കാരണം പറഞ്ഞത്. എന്നാല്‍ അതായിരുന്നില്ല യാഥാര്‍ത്ഥ്യം. ലോകോത്തര മെട്രോപോളിസ് കോളജുകളിലെ വിശാലമായ ക്ലാസ് മുറികളായിരുന്നു അവിടെ.
മുംബൈയില്‍ താമസിക്കുന്ന അലി ഇരുപത്തഞ്ചുകാരനായ അഭിഭാഷകനാണ്. ചെറുപ്പക്കാരായ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള നിയമ പ്രൊഫസര്‍മാര്‍ പോലും ഒടുവില്‍ അവരുടെ ഇസ്‌ലാമോഫോബിക് കൊമ്പുകള്‍ വെളിപ്പെടുത്തുന്നത് എങ്ങനെയെന്ന് അലി പറയുന്നുണ്ട്: “കുടുംബനിയമത്തെക്കുറിച്ചുള്ള പ്രഭാഷണത്തിനിടെ, ഇസ്‌ലാമിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍, മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങളെല്ലാം കാമത്തിലേക്കുള്ളത് മാത്രമാണെന്ന് പ്രൊഫസര്‍ ക്ലാസിനോട് വ്യക്തമായി പറഞ്ഞിരുന്നു.’
മദറിംഗ് എ മുസ്‌ലിം എന്ന പുസ്തകത്തില്‍ നാസിയ ഇറം അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുണ്ട്. ഏഴോ, എട്ടോ വയസുള്ള കുട്ടികള്‍ക്ക് എങ്ങനെയാണ് വെറുപ്പ് പഠിക്കാനാകുന്നത് എന്ന വിഷമകരമായ ചോദ്യത്തിന് ഉത്തരം നല്‍കാനായി മുസ്‌ലിം വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവത്രെ. വെറുപ്പ് കലര്‍ന്ന ചോദ്യങ്ങള്‍ ഉദ്ധരിച്ച് അവരെക്കൊണ്ട് മറുപടി പറയിക്കുന്ന രംഗങ്ങള്‍ നാസിയ ഉദ്ധരിക്കുന്നുണ്ട്.
Born a Muslim: Some Truths about Islam in India എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഗസല വഹാബ് പറയുന്നതനുസരിച്ച്, ഇസ്‌ലാമോഫോബിയ എന്ന ബഹുമുഖ ഭൂതത്തിന്റെ ഉറവിടം നമ്മുടെ ക്ലാസ് മുറികളിലെ അജ്ഞതയില്‍ നിന്നാണ്. ആ അജ്ഞത ഇസ്‌ലാമിക വഴിയെക്കുറിച്ചുള്ള അറിവില്ലായ്മയാകാം, അല്ലെങ്കില്‍ മുസ്‌ലിം സംസ്‌കാരത്തിന്റെ സൂക്ഷ്മത മനസിലാക്കുന്നതില്‍ അമുസ്‌ലിംകളുടെ പരാജയമാവാം.
“നമ്മുടെ സ്‌കൂളുകളിലെ മുസ്‌ലിംകളുടെയും ഇസ്‌ലാമിക അടയാളങ്ങളുടെയും പ്രാതിനിധ്യത്തിന്റെ അഭാവത്തിന് ഒരു പരിധിവരെ മുസ്‌ലിംകള്‍ തന്നെയാണ് ഉത്തരവാദികള്‍. നൂറ്റാണ്ടുകളായി ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന സ്‌കൂളുകള്‍ ഇവിടെയുണ്ട്. രാവിലെ കര്‍ത്താവിന്റെ പ്രാര്‍ഥന ചൊല്ലുന്നത്, അത് വ്യക്തമായി മതപരമാണെങ്കിലും, ഒരു സാധാരണ പ്രവര്‍ത്തനം പോലെയായിരിക്കുന്നു. എത്രയെത്ര ഹൈന്ദവ ആചാരങ്ങള്‍ ക്രമേണ ജൈവികമായി നോര്‍മലൈസ് ചെയ്യപ്പെട്ടു. ഓരോ പ്രോഗ്രാമുകള്‍ തുടങ്ങുമ്പോഴും വിളക്ക് കൊളുത്തുകയോ ഗായത്രി മന്ത്രം ചൊല്ലുകയോ ചെയ്യുന്നു.’ ഗസല വഹാബ് പറയുന്നു.
അങ്ങനെ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ നാം ശ്രദ്ധകൊടുക്കേണ്ടിയിരുന്നു. എങ്കില്‍ മുസ്‌ലിംകളുടെ ആചാരാനുഷ്ടാനങ്ങള്‍ക്ക് ഒരു പൊതുമാനം കൈവരുകയും പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍വഹിക്കുന്നതോ ഒരു വലിയ തെറ്റായി ഗണിക്കപ്പെടാതിരിക്കുകയും ചെയ്‌തേനെ.
ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി, ഉത്തര്‍പ്രദേശിലെ അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി തുടങ്ങിയ അപൂര്‍വം ചില സ്ഥാപനങ്ങള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. അവിടെ ഉറുദു ഭാഷയും ഇഖ്ബാലിന്റെ കവിതകളുടെ പാരായണവും വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്നു. മുസ്‌ലിം ഐഡന്റിറ്റി അത്രമേല്‍ പ്രശ്‌നമായിരുന്നില്ല.
എന്നാല്‍ ഈ ഇടങ്ങള്‍ പോലും ഇന്ന് സുരക്ഷിതമല്ല. ക്യുഎസ് റാങ്കിംഗില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തുള്ള ജാമിഅ മില്ലിയ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, 2019-ല്‍ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്ന് നേരിടേണ്ടി വന്നു. ഡല്‍ഹി പൊലീസ് കാമ്പസില്‍ പ്രവേശിച്ച് ലൈബ്രറിയിലേക്ക് ബലമായി അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെ കൂട്ടത്തോടെ അക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ദേശവിരുദ്ധരെന്ന് മുദ്രകുത്തിയായിരുന്നു ആ ആക്രമണം.
ഫിസ ഒരു പത്രപ്രവര്‍ത്തകയാണ്. 2015 മുതല്‍ സര്‍വകലാശാലയുടെ ഭാഗമായിരുന്നു. ജാമിഅയിലെ പ്രസ്തുത സംഭവം നടക്കുമ്പോള്‍ അവളും ലൈബ്രറിയിലുണ്ടായിരുന്നു. ആ ആക്രമണത്തോടെ ഇന്ത്യയുടെ തലസ്ഥാനത്ത് സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കകളുയര്‍ന്നു.
“ഞങ്ങള്‍ക്ക് ചുറ്റും കണ്ണീര്‍ വാതക ഷെല്ലുകള്‍ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ,’ അവള്‍ സംഭവം വിവരിക്കുന്നു. “രാഷ്ട്രീയമായി നിര്‍ജീവാവസ്ഥയിലായ ഒരു കോളജ്കാമ്പസ് കൂട്ടത്തോടെ പ്രതിഷേധിക്കാന്‍ ഇറങ്ങുന്നത് ഒരു രാഷ്ട്രത്തെ സംബന്ധിച്ച് എത്ര അപഹാസ്യമാണ്.’
അന്നു രാത്രി, ഫിസയുടെ മാതാപിതാക്കള്‍, അവള്‍ ലൈബ്രറിയില്‍ ഉണ്ടെന്ന് അറിയുകയും വിദ്യാര്‍ഥികളെ കൈകള്‍ ഉയര്‍ത്തി കാമ്പസില്‍ നിന്ന് വണ്ടിയിറക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണുകയും ചെയ്തതോടെ ഭയന്നുപോയി. ഫിസ പറയുന്നു: “അവിടെ എനിക്ക് മോശമായ ഒന്നും സംഭവിക്കില്ലെന്ന് അവര്‍ അപ്പോഴും വിശ്വസിച്ചിരുന്നു.’
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേണന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഗസാല ജമീല്‍ പറയുന്നു: “വിവേചനം പല രൂപത്തിലാണ്. ഭൂമിശാസ്ത്രപരമായും നമ്മുടെ നഗരങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന രീതിയിലും വിവേചനങ്ങള്‍ നാം മനസിലാക്കണം. വര്‍ഗ, ജാതി, മത അടിസ്ഥാനത്തിലാണ് പലപ്പോഴും പാര്‍പ്പിടങ്ങള്‍ ക്രമീകരിക്കുന്നത്. മുസ്‌ലിംകളെ പ്രത്യേകം വേര്‍തിരിക്കുകയും മറ്റുള്ളവരുമായി മിശ്രണം ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ചെറുപ്പത്തിലേ കുട്ടികളോട് ആരുമായി ചങ്ങാത്തം കൂടണമെന്നും ആരുമായി അകന്നു നില്‍ക്കണമെന്നും നിര്‍ദേശിക്കപ്പെടുന്നു.’
ഉന്നത വിദ്യാഭ്യാസത്തില്‍, പ്രത്യേകിച്ച് പിഎച്ച്ഡി കോഴ്സുകളില്‍, ഒരു മുസ്‌ലിം വിദ്യാര്‍ഥിയുടെ വഴി പലപ്പോഴും ഏകാന്തമാണെന്നാണ് ജമീലിന്റെ അഭിപ്രായം. ദളിത് വിദ്യാര്‍ഥികളും അധ്യാപകരും കാമ്പസില്‍ ഒത്തുചേരാനുള്ള ഒരു വഴി കണ്ടെത്തുന്നു. അതിനാല്‍ അവര്‍ വിവേചനത്തിന് ഇരയായാലും അവര്‍ക്കിടയില്‍ ഒരു സമൂഹബോധം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അങ്ങനെയല്ല. പലര്‍ക്കും പഠനപരമോ മറ്റോ ഏതെങ്കിലും മാര്‍ഗനിര്‍ദേശം ലഭിക്കുന്നതുപോലും ബുദ്ധിമുട്ടാണ്.
Accumulation by Segregation: Muslim Localities in Delhi എന്ന പുസ്തകത്തില്‍ ജമീല്‍ വേര്‍തിരിവിന്റെ രാഷ്ട്രീയം അന്വേഷിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്ക് “എലൈറ്റ് സ്‌കൂളുകള്‍ ഭൂമിശാസ്ത്രപരമായി പ്രാപ്യമാണെങ്കിലും’, വലിയ മുസ്‌ലിം ജനക്കൂട്ടത്തെ ഫില്‍ട്ടര്‍ ചെയ്യാനുള്ള ഗേറ്റ്കീപ്പിംഗ് സംവിധാനം നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പുസ്തകത്തിന്റെ കാതല്‍ വ്യക്തമാക്കുന്നത്.
“ഇന്ത്യയിലുടനീളം, സ്വകാര്യ സ്‌കൂള്‍ പ്രവേശനങ്ങള്‍ ഒന്നുകില്‍ ചുരുങ്ങിയ നിയന്ത്രണമുള്ളതോ അല്ലെങ്കില്‍ തീരെ നിയന്ത്രിക്കപ്പെടാത്തതോ ആണ്. അതിനാല്‍, ഡല്‍ഹിയില്‍ എന്‍ട്രി ലെവല്‍ നഴ്സറി/കെജി പ്രവേശനങ്ങള്‍ക്കു മാത്രമേ നിയന്ത്രണമുള്ളൂ. സ്വകാര്യ സ്‌കൂളുകള്‍ അവര്‍ക്കാവശ്യമുള്ള രീതിയില്‍ സ്വയം ഭരണാധികാരമുള്ള രാജ്യങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഗേറ്റ് കീപ്പിംഗിന്റെ ഏറ്റവും അപരിഷ്‌കൃത രൂപം കലാപാനന്തര സാഹചര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പോലും പ്രകടമാണ്.’
മുംബൈ ചലച്ചിത്ര നിര്‍മാതാവ് ഫറാസ് ആരിഫ് അന്‍സാരി സമീപകാലത്ത് പുറത്തിറക്കിയ ഷീര്‍ ഖോര്‍മ എന്ന കൃതിയില്‍ മുസ്‌ലിം ചുറ്റുപാടുകള്‍ക്കുള്ളിലെ വിചിത്രതയുടെ സെന്‍സിറ്റീവായ ചിത്രീകരണത്തിന് പരക്കെ പ്രശംസിക്കപ്പെട്ടു. അതില്‍ 1993-ന് ശേഷമുള്ള ബോംബെ കലാപത്തിന്റെ വ്യക്തമായ ഓര്‍മകളുണ്ട്.
“കലാപാനന്തരം സ്‌കൂള്‍ വീണ്ടും തുറന്നപ്പോള്‍, എന്റെ തൊട്ടടുത്തിരുന്ന ബെഞ്ച് മേറ്റ് എന്റെ അടുത്തിരിക്കാന്‍ വിസമ്മതിച്ചു. പിന്നീട്, വിശ്രമവേളയില്‍, എന്തുകൊണ്ടാണ് എന്റെ അടുത്തിരിക്കാതിരുന്നതെന്ന് അവനോട് ചോദിച്ചു. അവന്റെ മറുപടി ഇങ്ങനെയായിരുന്നു: “മുസ്‌ലിംകളുമായി ചങ്ങാത്തം കൂടരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.’ വിശദീകരിക്കാന്‍ പ്രത്യേക കാരണങ്ങളൊന്നുമില്ല. ആദ്യമായിട്ടാണ് ഇങ്ങനെയൊരു കാര്യം കേള്‍ക്കുന്നത്. അതിപ്പോഴും എന്റെ മനസില്‍ തങ്ങി നില്‍ക്കുന്നു.’
ആഗോളതലത്തിലും വിവേചനത്തിന്റെ നീണ്ട നിഴലുകള്‍ മുസ്‌ലിം വിദ്യാര്‍ഥികളെ സ്വാഭാവികമായി പിന്തുടരുന്നുണ്ട്. 2015 ല്‍ മതത്തിന്റെ പേരില്‍ ഔദ്യാഗികമായി തൊഴില്‍ നിഷേധിക്കപ്പെട്ട ഇരുപത്തിരണ്ടുകാരനായ സീഷാന്‍ ഖാന്റെ ദുരവസ്ഥ വൈറലായിരുന്നു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസുമായി (TISS) സഹകരിച്ച് ഫെമിനിസ്റ്റ് കൂട്ടായ്മയായ പര്‍ച്ചം ഒരു പഠനം നടത്തിയിരുന്നു. ജോലിസ്ഥലത്ത് മുസ്‌ലിമായിരിക്കുക എന്നത് എത്രമാത്രം അപകടകരമാണെന്ന് ആ പഠനം അടിവരയിടുന്നു. മുസ്‌ലിം ജീവനക്കാരന് വിവേചനം നേരിടേണ്ടി വരുന്നുവെന്നും, ജോലിക്ക് റിക്രൂട്ട് ചെയ്യുന്നവര്‍ ഹിജാബ് ധരിച്ച സ്ത്രീകളെ മനഃപൂര്‍വം നിയമിക്കാതിരിക്കുന്നുവെന്നും പഠനം കണ്ടെത്തിയിരുന്നു. 27 മുതല്‍ 40 വയസ്സ് പ്രായമുള്ള നഗരവാസികളായ സ്ത്രീകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.
കര്‍ണാടക വിവാദം ഇസ്‌ലാമോഫോബിയ ഒരു ബഹുമുഖ ഉല്പന്നമായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന വസ്തുതയെ ശക്തിപ്പെടുത്തുകയാണ്. ദീര്‍ഘകാലം ഇസ്‌ലാമോഫോബിയ ബാധിച്ചതിന്റെ പരിണിത ഫലമായി മുസ്‌ലിംകളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
കടപ്പാട് : TheSwaddle
വിവ. എബി
You must be logged in to post a comment Login