പ്രഭാതം ശാന്തവും ഊഷ്മളവുമായിരുന്നു. നഗരം ഉണരാന്‍ തുടങ്ങുന്നേയുള്ളൂ. പക്ഷേ, ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുസ്തകമേളകളിലൊന്നിന്റെ ഇടമായ അല്‍-മുതനബ്ബി സ്ട്രീറ്റ് തിരക്കിലായിരുന്നു. വരാനിരിക്കുന്ന ഒരു ദുരന്തം മുന്‍കൂട്ടി കാണാന്‍ അവിടെ കൂടിയവര്‍ക്കാര്‍ക്കുമായില്ല.
ചിന്തകളുടെ ഉദ്യാനം, ആശയങ്ങളുടെയും
ബഗ്ദാദിലെ ഒരു ചരിത്ര പുസ്തക വില്പനകേന്ദ്രമാണ് അല്‍മുതനബ്ബി സ്ട്രീറ്റ്. പത്താം നൂറ്റാണ്ടിലെ ക്ലാസിക്കല്‍ ഇറാഖി കവിയാണ് അബൂ അല്‍ ത്വയ്യിബ് അഹ്മദ് ഇബ്‌നു ഹുസൈന്‍ അല്‍ മുതനബ്ബി. മുന്നൂറിലധികം കവിതകളെഴുതിയ അദ്ദേഹത്തിന്റെ കവിതകള്‍ ഇരുപതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം എഴുതിയ വിപ്ലവകവിതകള്‍ സിറിയന്‍ കലാപകാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നു. മുതനബ്ബിയുടെ പേരാണ് ഈ സ്ട്രീറ്റിന് നൽകുന്നത്. ബഗ്ദാദിന്റെ സാക്ഷരലോകത്തെ ഹൃദയവും ആത്മാവുമാണ് അല്‍ മുതനബ്ബി സ്ട്രീറ്റ്. ഒരു കപ്പ് ചായയോടൊപ്പം ഇറാഖീ ബുദ്ധിജീവികള്‍ കാഴ്ചപ്പാടുകളും ആശയങ്ങളും കൈമാറുന്ന ഇടമായാണ് ഈ സ്ട്രീറ്റ് നൂറ്റാണ്ടുകളായി അറിയപ്പെടുന്നത്. ഉപരിപ്ലവമായി നോക്കുമ്പോള്‍ തെരുവിലൂടെ നീണ്ടുകിടക്കുന്ന വര്‍ണാഭമായ ഇടം. അങ്ങനെ വിശേഷിപ്പിക്കാനേ അല്‍ മുതനബ്ബി സ്ട്രീറ്റ് കാണുന്നവര്‍ക്ക് സാധ്യമാകൂ. രാഷ്ട്രീയം, മതം, ഹാസ്യം തുടങ്ങിയ വിവിധ സാഹിത്യ വിഭാഗങ്ങളും വിഷയങ്ങളും ഉള്‍കൊള്ളുന്ന പുസ്തകങ്ങള്‍ ഇറാഖീ സമൂഹത്തിന്റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു.
സ്‌ഫോടനം
പതിവുപോലെ 2007 മാര്‍ച്ച് 5 നും നേരം പുലര്‍ന്നു. പുസ്തക സൂക്ഷിപ്പുകാര്‍ അവരുടെ ശേഖരങ്ങള്‍ നിരത്തിവെച്ചു. സന്ദര്‍ശകരുമായി സംഭാഷണങ്ങളില്‍ മുഴുകി. അവരുടെ കണ്ടെത്തലുകളെ കുറിച്ചുള്ള പുതിയ നിരീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്തു. സമീപകാല പ്രസിദ്ധീകരണങ്ങളും മൂല്യമുള്ള പുസ്തകങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയില്‍ പ്രാദേശിക എഴുത്തുകാരും ബുദ്ധിജീവികളും വിനോദ സഞ്ചാരികളും ഒത്തുകൂടി. പെട്ടെന്ന്, ഉച്ചയോടടുത്ത് 11:40 ന് ഒരു കാര്‍ബോംബ് പൊട്ടിത്തെറിച്ചു.
വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് 30 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം നടപ്പാത രക്തപങ്കിലമായി. ചിതറിക്കിടക്കുന്ന പുസ്തകത്താളുകള്‍ മുകളില്‍ പൊങ്ങിക്കിടന്നു. പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും പതിയെ ഭൂമിയിലേക്ക് നിലംപതിക്കുന്നു. പൂര്‍ണമായ നിശബ്ദത തളംകെട്ടിനിന്നു. നഗരത്തിന്റെ സാംസ്‌കാരിക ഹൃദയം നിശ്ചലമായി. സ്‌ഫോടനത്തിനു ശേഷം നഗരം ആകെ മാറി. മുമ്പില്ലാത്തവിധം ഒറ്റപ്പെട്ടു. ചപ്പുചവറുകള്‍ മൂടി. സുരക്ഷിതമല്ലാത്തതിനാല്‍ പരിസരത്തൊന്നും സന്ദര്‍ശകരെത്തിയില്ല. ബഗ്ദാദ് നിവാസികള്‍ക്ക് പ്രിയപ്പെട്ടവരെയും പരിസരവാസികളെയും നഷ്ടപ്പെട്ട് ഒറ്റപ്പെടുന്ന, സാംസ്‌കാരിക പൈതൃക നഷ്ടം സഹിക്കാനാവാത്തതായിരുന്നു.
സ്ട്രീറ്റ് പുനര്‍ജനിക്കന്നു
അല്‍ മുതനബ്ബി സ്ട്രീറ്റില്‍ എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും ഒത്തുകൂടാന്‍ സാധ്യമാകാത്തതിനാല്‍ അവര്‍ ആവിഷ്‌കാരത്തിന്റെ പുതിയ രൂപം കണ്ടെത്തി. കുവൈത്തില്‍ ജനിച്ച കവയിത്രിയും എഴുത്തുകാരിയുമായ ദീമ ഷെഹാബിയും, സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള പുസ്തക വില്‍പ്പനക്കാരനായ ബ്യൂ ബ്യൂസോലെയിലും ബോംബാക്രമണത്തെക്കുറിച്ചുള്ള അവരുടെ പ്രതികരണങ്ങള്‍ പങ്കിടാന്‍ സഹഎഴുത്തുകാരോട് ആഹ്വാനം ചെയ്തു. അവരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. പല മാധ്യമങ്ങളില്‍ വിവിധ രൂപങ്ങളിലായി 130-ലധികം പ്രതികരണങ്ങള്‍ അവര്‍ക്ക് ലഭിച്ചു. ഇങ്ങനെ പ്രതികരിച്ച കലാകാരന്മാരുടെ കൂട്ടായ്മയെ അല്‍മുതനബ്ബി സ്ട്രീറ്റ് സ്റ്റാർട്സ് ഹിയര്‍ കോയലിഷന്‍ (അല്‍ മുതനബ്ബി സ്ട്രീറ്റ് ഇവിടെ തുടങ്ങുന്നു) എന്ന് അവര്‍ വിളിക്കുകയും ചെയ്തു. അമേരിക്കന്‍- ലെബനീസ് എഴുത്തുകാരന്‍ യാസിന്‍ അല്‍സല്‍മാന്‍, പുലിറ്റ്സര്‍ പുരസ്‌കാരം നേടിയ പത്രപ്രവര്‍ത്തകനും ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകനുമായ ആന്റണി ഷാദിദ് എന്നിവരുള്‍പ്പെടെ നൂറിലധികം പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. അവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് അല്‍ മുതനബ്ബി സ്ട്രീറ്റ് സ്റ്റാര്‍ട്ട് ഹിയറിന്റെ സംഘാടനത്തിന് കാരണമായത്.
എഴുത്തുകാരുടെ സൃഷ്ടികള്‍ മറ്റുള്ളവരെ പ്രചോദിപ്പിച്ചു. അവ ഭൂമിശാസ്ത്ര- സാംസ്‌കാരിക അതിരുകള്‍ ഭേദിക്കുകയും ഒരു ഇന്റര്‍ നാഷണല്‍ ആര്‍ട്ട് പ്രൊജക്ടായി മാറുകയും ചെയ്തു. 2013-ല്‍, ന്യൂയോര്‍ക്ക് സിറ്റിയിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ അല്‍മുതനബ്ബി സ്ട്രീറ്റ് സ്റ്റാര്‍ട്ട്‌സ് ഹിയര്‍ എന്ന ഒരു പ്രദര്‍ശനം നടന്നു. 26 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ സൃഷ്ടിച്ച പുസ്തക കലകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.
അതിദാരുണമായ ബോംബ് സ്‌ഫോടനത്തോടുള്ള പ്രതികരണങ്ങള്‍ പിന്നീടുമുണ്ടായി. 2016-ല്‍, വാഷിംഗ്ടണ്‍ ഡി സിയിലെ ദി സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ സ്വന്തമായി അല്‍മുതനബ്ബി സ്ട്രീറ്റ് സ്റ്റാര്‍ട്ട്‌സ് ഹിയര്‍ പ്രൊജക്റ്റ് ആരംഭിച്ചു. 2007-ലെ ബോംബാക്രമണത്തെ അനുസ്മരിച്ചുകൊണ്ട്, ഇറാഖി സാംസ്‌കാരിക പൈതൃകം ആഘോഷിക്കുക, ബൗദ്ധിക ശക്തി, കല, സംസ്‌കാരം എന്നിവയുടെ മൂല്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുസ്തക-കലാ-സാംസ്‌കാരിക ഉത്സവം സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി സ്മിത് സോണിയന്‍ അമേരിക്കന്‍ ആര്‍ട്ട് മ്യൂസിയവും നാഷണല്‍ പോര്‍ട്രെയിറ്റ് ഗാലറിയും 250 പുസ്തകങ്ങളും 190 പ്രിന്റുകളും 60 ബ്രോഡ്സൈഡ് പ്രിന്റുകളും അവതരിപ്പിച്ചു.
കൂടാതെ, വാഷിംഗ്ടണിലെ മണ്‍റോ സ്ട്രീറ്റില്‍ കവിതാ വായന, പുസ്തക കൈമാറ്റം, പേപ്പര്‍ നിര്‍മാണം, കാലിഗ്രഫി, ബുക് ബൈന്‍ഡിംഗ്, പ്രിന്റ് മേക്കിംഗ് തുടങ്ങിയ പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ പ്രാദേശിക കമ്മ്യൂണിറ്റികളെ ക്ഷണിച്ചുകൊണ്ട് പ്രസിദ്ധമായ ഇറാഖീ അല്‍മുതനബ്ബി സ്ട്രീറ്റ് പുനഃസൃഷ്ടിക്കുകയും ചെയ്തു.
2020ല്‍, കൊളംബിയ യൂണിവേഴ്സിറ്റി ലൈബ്രറികളുടെ ഫാക്കല്‍റ്റി ഹൗസില്‍ അല്‍മുതനബ്ബി സ്ട്രീറ്റ് സ്റ്റാർട്സ് ഹിയര്‍ എന്ന പുതിയ എക്സിബിഷന്‍ പ്രദര്‍ശിപ്പിച്ചു. പുതുതായി പല കലാകാരന്മാരുടെ സൃഷ്ടികളുടെ ശേഖരങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു. ഇറാഖീ പഠനങ്ങളെക്കുറിച്ചുള്ള ദ്വിദിന സമ്മേളനത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം നടന്നത്.
2007-ല്‍ അല്‍ മുതനബ്ബി സ്ട്രീറ്റിലെ ബോംബ് സ്ഫോടനം ഡസന്‍ കണക്കിന് ആളുകളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത ഭീകര പ്രവര്‍ത്തനമായിരുന്നു. ഈ സംഭവം ലോകത്തിലെ ഏറ്റവും പ്രശസ്തമായ പുസ്തകമേളകളിലൊന്നിന്റെ പര്യവസാനമാകേണ്ടതായിരുന്നു. പക്ഷേ, കലാകാരന്മാരുടെ അവസരോചിത ഇടപെടല്‍ അതിന് അവസരം നല്‍കിയില്ല. ഇറാഖീ സംസ്‌കാരത്തിന്റെ ഊര്‍ജസ്വലമായ കേന്ദ്രമെന്ന നിലയില്‍ അതിന്റെ സ്ഥാനം ലോകത്തിന്റെ പലയിടങ്ങളിലേക്ക് പന്തലിക്കുകയായിരുന്നു. 2008 അവസാനത്തോടെ അല്‍മുതനബ്ബി സ്ട്രീറ്റ് വീണ്ടും തുറന്നു. അപ്പോഴേക്കും അല്‍മുതനബ്ബി സ്ട്രീറ്റ് സ്റ്റാര്‍ട്ട്‌സ് ഹിയര്‍ സംരംഭം രാഷ്ട്രാതിരുകള്‍ ഭേദിച്ച് വളരുകയും അന്താരാഷ്ട്ര അംഗീകാരവും നേടിയിരുന്നു.
(മുസ്‌ലിം വേൾഡ് ലീഗ് ജേണൽ(ലക്കം 11, വാള്യം 50) അടിസ്ഥാനമാക്കി തയാറാക്കിയത്)
അൻവർ ബുഖാരി കാരേപറമ്പ്
You must be logged in to post a comment Login