സഹിഷ്ണുതയുടെ ചരിത്രം ഇനിയും എഴുതപ്പെടണം

സഹിഷ്ണുതയുടെ ചരിത്രം ഇനിയും എഴുതപ്പെടണം

മതസ്വത്വങ്ങളെ സംബന്ധിച്ച് ഗഹനമായ പഠനം നടത്തിയിട്ടുള്ള വ്യക്തിയാണ് താങ്കൾ. മതം എന്ന സംജ്ഞയെ പലപ്പോഴും പൊതുവ്യവഹാരങ്ങളിൽ മനസിലാക്കപ്പെടുന്നത് ആധുനികതയുടെയും രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും നേർവിപരീതമായിട്ടുള്ള ഒന്നായിട്ടാണ് എന്ന് തോന്നുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ സമൂഹത്തിൽ മതത്തിന്റെ സാധ്യതയെന്താണ്?

മതം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിശ്വാസവും നിരീശ്വരവാദവും അടക്കമുള്ള സർവവിധ സാമൂഹിക പശ്ചാത്തലത്തിൽനിന്നു വരുന്നവരെയും ഒരാൾ ബഹുമാനിക്കുകയും ഒരുപോലെ പരിഗണിക്കുകയും വേണം. എന്നാൽതന്നെയും സാമൂഹിക സഹിഷ്ണുത പ്രോത്സാഹിപ്പിക്കാൻ മതത്തെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്ന കാര്യം ഞാൻ മനസിലാക്കുന്നുണ്ട്, കുറേ പേർ അക്കാര്യം വിശ്വസിക്കുന്നുമുണ്ട് .
വിശ്വാസിയെയും നിരീശ്വരവാദിയെയും ഞാൻ ഒരു പോലെ ബഹുമാനിക്കുമ്പോൾ തന്നെ മതം ജനങ്ങളെ മാനവികതയുടെ തലങ്ങൾ പഠിപ്പിക്കുന്ന സന്ദർഭങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്. മതത്തെ നന്നായി /ആഴത്തിൽ മനസിലാക്കിയവർ അത് പറയുകയും ചെയ്യാറുണ്ട്.

പുതിയ ഇന്ത്യയിൽ മതം വർഗീയത,വിഭാഗീയത, പ്രശ്നങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കപ്പെടരുത്. പകരം സൗഹാർദ്ദ രൂപീകരണത്തിനാണ് ഉപയോഗപ്പെടുത്തേണ്ടത്. നമ്മുടെ ഏറ്റവും വലിയ ദൗത്യം കഴിഞ്ഞ കുറേ വർഷമായി നിലനിൽക്കുന്ന രാജ്യത്തെ ബഹുമത – സംസ്കാരപരിസരത്തെ തിരിച്ചു കൊണ്ടുവരലാണ്.

സാമൂഹികപരിവർത്തനത്തിൽ, വിശേഷിച്ചും രാഷ്ട്രീയ വ്യവഹാരങ്ങളിൽ മതത്തിനു ക്രിയാത്മകമായ ഒരു ഇടമുണ്ടോ? മതത്തിന്റെ പൊതു ആവിഷ്കാരത്തെയും മതപശ്ചാത്തലമുള്ള രാഷ്ട്രീയ പാർട്ടികളെയും എങ്ങനെയാണ് നോക്കിക്കാണുന്നത് ?
മതത്തെ രാഷ്ട്രീയവത്കരിക്കുന്നത് അപകടകരമായൊരു കാര്യമായാണ് ഞാൻ വിലയിരുത്തുന്നത്. അപ്പോഴും മതത്തിന് ജനങ്ങളുടെ സാമൂഹികനിർമാണത്തിലും വ്യക്തികളുടെ മാനവികവത്കരണത്തിലും കൂടുതൽ ഫലപ്രദമായി ഇടപെടാനാവും. അങ്ങനെ രൂപപ്പെടുന്ന വ്യക്തികൾ ഒരിക്കലും അസമത്വത്തെ പിന്തുണക്കില്ല. അവർ അവസരങ്ങളിലും പദവികളിലുമുള്ള സമത്വത്തെ പിന്തുണക്കും.

ഗാന്ധി മതകാര്യത്തിൽ കണിശത പുലർത്തിയിരുന്ന വിശ്വാസിയായിരുന്നു. അതേസമയം അദ്ദേഹം ഇതര മതപരിസരങ്ങളെ കുറിച്ച് മനസിലാക്കുകയും അവയെക്കുറിച്ച് സ്വതന്ത്രമായി ആലോചനയിലേർപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് വലിയൊരു വിഭാഗം സ്വന്തം മതം അനുഷ്ഠിക്കുന്നുണ്ടെങ്കിലും മറ്റു മതങ്ങളെ കുറിച്ച് അറിവില്ലാത്തവരാണ്, പ്രത്യേകിച്ച് മധ്യവിഭാഗക്കാർക്കിടയിൽ ഇതൊരു പ്രശ്നമാണ്.

ഗാന്ധി തന്റേതായ സമീപനത്തിലൂടെ ഹിന്ദുയിസത്തെ മനസിലാക്കിയ വ്യക്തിയായിരുന്നു. വ്യത്യസ്ത മതസമൂഹങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തം മതത്തിൽ അടിയുറച്ച് നിൽക്കുന്നതിനെയും മതഭ്രാന്തിനെയും ഗാന്ധിജി വേർതിരിച്ചു തന്നെ മനസിലാക്കിയിരുന്നു. വിഭാഗീയതയുടെ ഉറവിടം(denominationalism), ധാർമിക സ്രോതസ്സ് എന്നിവയ്ക്കിടയിലും അദ്ദേഹം മതത്തെ വേർതിരിച്ചിരുന്നു.
നൈതികതയുടെ ഉറവിടം എന്ന നിലയിൽ ഒരു സമൂഹത്തിൽ മതം വലിയ പങ്കുവഹിക്കേണ്ടതുണ്ട്. വ്യക്തികളെ മാനവീകരിക്കുക എന്ന നിലയിൽ രാഷ്ട്രീയത്തിലും മതം ഇടപെടണം.

സമത്വം എന്ന ആശയം തന്നെ നോക്കുകയാണെങ്കിൽ, അത് ഉരുത്തിരിഞ്ഞത് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് മാത്രമല്ല എന്നാണ് എന്റെ അഭിപ്രായം. ഞാൻ മനസിലാക്കുന്നതനുസരിച്ചുള്ള സമത്വം പ്രധാനമാകുന്നത് ഇസ്‌ലാമിൽ നിന്നും സിഖ് മതത്തിൽ നിന്നുമുള്ള ആശയങ്ങൾ ചേരുമ്പോഴാണ്. ഈ അർഥത്തിൽ മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് കൊള്ളാം.

വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവരെ സംഘടിപ്പിച്ച് മതം രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ വ്യത്യസ്തരാഷ്ട്രീയങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിഭിന്ന മതവിശ്വാസികൾ പരസ്പരം മനസിലാക്കുകയും ഭൂരിപക്ഷ മതവിശ്വാസികൾ ന്യൂനപക്ഷങ്ങളോട് നന്നായി സഹവർത്തിക്കണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്താൽ എനിക്ക് എതിർവാദങ്ങളില്ല. മറിച്ച്, മതത്തെ രാഷ്ട്രീയവത്കരിക്കുകയും അത് സംഘർഷങ്ങൾക്ക് കാരണമാവുകയും ചെയ്യുമ്പോഴാണ് പ്രശ്നവത്കരിക്കേണ്ടി വരുന്നത്.

മതത്തിന്റെ പൊതുആവിഷ്കരണത്തിലും ഇത്തരം പ്രശ്നങ്ങൾ വരാം. ചിലപ്പോൾ അത് പ്രദർശനപരതയ്ക്കുവേണ്ടി വേണ്ടി മാത്രമായി പോകുന്നുണ്ട്. മറ്റുചിലപ്പോൾ തീവ്രവും അക്രമപരവും ആയിത്തീരും. വേറെചില സന്ദർഭങ്ങളിൽ അത് സമ്പന്നതയുടെ മ്ലേച്ഛമായ ദൃശ്യവത്കരണമായും കാണപ്പെടാറുണ്ട്.

താങ്കളുടെ ഡോക്ടറൽ പഠനം പഞ്ചാബിലെ സിഖ്- മുസ്‌ലിം സാമുദായിക സ്വത്വങ്ങളിൽ വന്ന മാറ്റങ്ങളെ അധികരിച്ചാണല്ലോ. കേരളത്തിലേക്ക് / ദക്ഷിണേന്ത്യയിലേക്ക് വരുമ്പോൾ ഇത്തരം മത-സാമുദായിക സ്വത്വങ്ങളുടെ പരിണാമത്തിലും ചലനാത്മകതയിലും (Mobility) ഉത്തരേന്ത്യൻ മുസ്‌ലിം അനുഭവത്തിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ തോന്നിയിട്ടുണ്ടോ ?

എന്റെ വീക്ഷണത്തിൽ, ദക്ഷിണേന്ത്യയിലെ മുസ്‌ലിംകൾ സാമൂഹികനിലയിലും പദവിയിലും കൂടുതൽ ആത്മവിശ്വാസമുള്ളവരാണ്. അവർ തങ്ങളുടെ പ്രദേശങ്ങളോട് ആത്മബന്ധം അനുഭപ്പെടുന്നവരാണ്. ഉദാഹരണത്തിന് മറ്റു മതസമുദായങ്ങളുമായി വല്ലാതെ ഇഴുകി ജീവിക്കുന്നവരാണ് മലബാറിലെ മാപ്പിളമാർ, അതിനുമപ്പുറം കേരളത്തിലെ മുസ്‌ലിംകൾക്ക് ഒരിക്കലും അപരവത്കരണം അനുഭവിക്കേണ്ടി വരുന്നില്ല. ഞാൻ മനസിലാക്കുന്നതനുസരിച്ച്, പ്രത്യേകിച്ച് 2014 ന് ശേഷം, ഉത്തരേന്ത്യയിലെ മുസ്‌ലിം സമൂഹങ്ങൾ വലിയൊരളവിൽ അപരവത്കരണം അനുഭവിക്കുകയാണ്. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം എന്ന തോന്നലിലാണ് അവർ ജീവിക്കുന്നത്. അതിനുമപ്പുറം പലയിടങ്ങളിലും സാഹചര്യങ്ങളിലും ആ തരത്തിൽ ചിന്തിക്കാൻ അവർ നിർബന്ധിക്കപ്പെടുന്നു എന്നു പറയണം. ഉദാഹരണത്തിന്, ഡൽഹി പോലൊരു നഗരത്തിൽ ഒരു മുസ്‌ലിമിന് മുസ്‌ലിംകൾ കുറഞ്ഞ മേഖലയിൽ ഒരു ഫ്ലാറ്റ് വാടകക്ക് കിട്ടുക പ്രയാസകരമാണ്. സ്വാഭാവികമായും അവർ മുസ്‌ലിംകൾ മാത്രം താമസിക്കുന്നതോ ഭൂരിപക്ഷമുള്ളതോ ആയ പ്രദേശങ്ങളിലേക്ക് പോവേണ്ടി വരുന്നു. ഡൽഹിയിൽ അവർ ഒരു തലത്തിലുള്ള ചേരിവത്കരണത്തിലേക്ക് (ghettoization) നിർബന്ധിക്കപ്പെടുകയാണ്. ഈ സാഹചര്യങ്ങളിൽനിന്ന് വിഭിന്നമായി വിവിധ സമുദായങ്ങൾ സ്വതന്ത്രമായി പരസ്പരം വ്യവഹരിക്കുന്ന കാഴ്ചയാണ് ദക്ഷിണേന്ത്യയിൽ കാണാൻ സാധിക്കുക. ഉത്തരേന്ത്യയിൽ പൂർണമായി മേൽപറഞ്ഞ അവസ്ഥ നിലനിൽക്കുന്നു എന്ന് എനിക്ക് അഭിപ്രായമില്ല. വാണിജ്യരംഗത്തും പ്രൊഫഷണൽ രംഗത്തും വിവിധ സമുദായങ്ങൾ തമ്മിലുള്ള ഇടപാടുകൾ ഇപ്പോഴും തുടരുന്നുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകളും ഹിന്ദുമതവിശ്വാസികളും ഒന്നിച്ച് വേറിട്ടു ജീവിക്കുന്നു (Living together separately) എന്ന് ചരിത്രകാരനായ മുഷീറുൽ ഹഖ് പറയുന്നതായി കാണാം. ഒരുമിച്ച് ജീവിക്കുമ്പോഴും വ്യക്തിപരമായി മുസ്‌ലിംസമുദായം അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോ അവർ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ചോ ഭൂരിപക്ഷസമുദായം ബോധവാന്മാരല്ല. അതേസമയം, മലബാറിലെ മാപ്പിളമാർക്ക് സാമ്പത്തികഭദ്രതയില്ലാത്ത കാലമുണ്ടായിരുന്നു. ജന്മിസമ്പ്രദായത്തിൽ അവർ അടിച്ചമർത്തപ്പെട്ടിരുന്നു. ഇന്ന് ആ സാഹചര്യം മാറിയിട്ടുണ്ട്. ഇന്ന് മലബാർ മുസ്‌ലിംകൾ അരികുവത്കരണത്തിനോ അടിച്ചമർത്തലിനോ വിധേയരല്ല.

ഈയൊരു വിഭാഗീയത/ വ്യത്യാസം മുഖ്യമായും സ്ഥാപനവത്കൃതമായിട്ടുള്ള (institutional) ബാഹ്യ ഇടപെടലുകളുടെ ഫലമായിട്ടാണ് താങ്കൾ കാണുന്നത്?
തീർച്ചയായും, അത് ഭരണകൂടത്തിന്റെ സ്വാധീനം കൂടിയാണ്. അധികാരത്തെ ഉപയോഗപ്പെടുത്തിയുള്ള തികച്ചും അന്ധമായ വർഗീയ – വിഭാഗീയ നയങ്ങളിലൂടെയാണ് ഇത്തരം വേർതിരിവുകൾ നടപ്പാക്കുന്നത്. ഉയർന്ന പദവികളെ പോലും മുസ്‌ലിംകളെ അടിച്ചമർത്താനായി ചിലപ്പോൾ ഉപയോഗിക്കുന്നുണ്ട്.

വർഗീയമായിട്ടുള്ള സ്വത്വങ്ങൾ രൂപപ്പെടുന്നതിൽ സമൂഹത്തിൽ വ്യാപിക്കുന്ന ആശയസംബന്ധിയായ(ideational) ഘടകങ്ങൾക്കും പങ്കില്ലേ?
ആശയപരമായ (ideational) പ്രശ്നങ്ങൾ തീർച്ചയായും പ്രധാനപ്പെട്ടത് തന്നെയാണ്. സാമുദായിക സ്വത്വത്തിന്റെ സ്ഥാപനവത്കരണം അപകടകരമായ ചിന്തകൾ, സ്റ്റീരിയോടൈപ്പുകൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്.
അത് യഥാർത്ഥത്തിൽ ഉപയോഗപ്പെടുത്തുന്നത് സമൂഹമധ്യേ പ്രചാരത്തിലുള്ള ചില ആശയങ്ങളെയാണ്. ഉത്തരേന്ത്യയിലെ വിവിധപ്രദേശങ്ങളിൽ ഹിന്ദുവിശ്വാസികൾ മുസ്‌ലിംകളെ വൃത്തിഹീനരായി നോക്കിക്കാണുന്നതും പശുവിറച്ചി തിന്നുന്നവരായി കരുതുന്നതും അതിനെ നിരോധിക്കുന്നതും ഉദാഹരണം.
വർഗീയസംഘട്ടനങ്ങൾ സൃഷ്ടിക്കുന്നതിനായി മുസ്‌ലിംകൾക്കിടയിലും ചിലർ ഇത്തരം ആശയങ്ങൾ ഉപയോഗിക്കാറുണ്ടെങ്കിലും അവർക്ക് അധികാരമില്ലാത്തതിനാലും ന്യൂനപക്ഷമായതിനായും അത് ഫലം കാണാറില്ല. എന്നാൽ അധികാരം കൈവശമുള്ളതിനാൽ ഭൂരിപക്ഷസമുദായത്തിൽ നിന്നുള്ള സാംസ്കാരിക- മതകീയ സ്റ്റീരിയോടൈപ്പുകൾ എളുപ്പത്തിൽ വർഗീയസംഘർഷങ്ങൾ സൃഷ്ടിക്കാൻ നിമിത്തമാണ്.

ഉത്തരേന്ത്യയിലെ മിക്ക ഭാഗങ്ങളിലും മുസ്‌ലിം രാജവാഴ്ച ഉണ്ടായതുകൊണ്ടു തന്നെ സാമ്രാജ്യത്വ ഇസ്‌ലാമിനെ കണ്ടുകൊണ്ടാണ് മുസ്‌ലിമിനെക്കുറിച്ചുള്ള പൊതുബോധം നിർമിക്കപ്പെട്ടത്. എന്നാൽ മലബാർ, കൊങ്കൺ പോലോത്ത പ്രദേശങ്ങളിൽ അങ്ങനെയല്ലാതെയും ഉണ്ട്. ഇക്കാലത്ത് മൽഫൂസാത് സാഹിത്യം പോലെ സാധാരണക്കാരനായ മുസ്‌ലിമിനെയും ആത്മീയജീവിതത്തെയും തൊട്ടുകൊണ്ടുള്ള ചരിത്രപഠനത്തിന്റെ സാധ്യതയെന്തായിരിക്കും?

തീർച്ചയായും അത്തരം സമീപനങ്ങൾ മാറ്റം വരുത്താൻ കെല്പുളളവയാണ്. മുസ്‌ലിം സൂഫികൾ ജനങ്ങളുമായി ഇഴുകി ജീവിച്ചവരായതിനാൽ ഇത്തരം രീതികൾക്ക് പ്രാധാന്യം കൈവരുന്നുണ്ട്. റിച്ചാർഡ് ഈറ്റണിന്റെ (Richard M. Eaton) പഠനങ്ങൾ ഈ മേഖലയിൽ സഹായമായേക്കാം.

അതിനുമപ്പുറം, ഹിന്ദുയിസത്തിനും ഇസ്‌ലാമിനുമിടയിൽ പങ്കുവെക്കപ്പെട്ട സംസ്കാരങ്ങളും മറ്റും പുതിയ കോണുകളിലൂടെ വായിക്കപ്പെടണം. ഈ മേഖല അക്കാദമിക് രചനകളിൽ വലിയ അനുരണനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അത്തരം പഠനങ്ങൾ പിറകോട്ടുപോയിട്ടുണ്ട്. മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കും സിഖ് വിശ്വാസികൾക്കുമിടയിൽ നൂറ്റാണ്ടുകളായി അവശേഷിക്കുന്ന സഹിഷ്ണുതയെക്കുറിച്ചുള്ള ചരിത്രരചനകൾ ഇനിയും വരേണ്ടതുമുണ്ട്.
അതേസമയം ബ്രിട്ടീഷ് പൂർവഘട്ടത്തിലെ മതത്തിനുള്ളിലെയും മതങ്ങൾ തമ്മിലെയും സംഘർഷങ്ങളെ സംബന്ധിച്ചും നമ്മൾ പഠിക്കുകയും അതിന്റെ വസ്തുതകൾ കണ്ടെത്തുകയും വേണം. ആ സംഭവങ്ങൾ ആധുനികലോകത്തെ വർഗീയത എന്ന സംജ്ഞയിൽ നിന്ന് വ്യത്യസ്തമാണ്. അതിനാൽ ഇന്നത്തെ മത സംഘർഷങ്ങളുടെ അളവുകോലിൽ അത് മനസിലാക്കാനാവില്ല.
അതോടൊപ്പം തന്നെ മതേതരവും മതകീയവുമായ മണ്ഡലങ്ങളിൽ വ്യത്യസ്ത സമൂഹങ്ങൾക്കിടയിൽ കൊടുക്കൽവാങ്ങലുകളുണ്ടായിട്ടുണ്ട്. പ്രയാസങ്ങൾ വരുമ്പോൾ മുസ്‌ലിം സൂഫികളെ സന്ദർശിക്കുന്ന ഹിന്ദുവിശ്വാസികളെ അവിടെ നമുക്ക് കാണാനാവും. മുസ്‌ലിംകളുടെ സഹായസഹകരണങ്ങളോടെ രൂപപ്പെട്ട ബനാറസ് എന്ന നഗരത്തെ നമുക്ക് തിരിച്ചറിയാനാവും. വ്യത്യസ്തവിശ്വാസികൾ പരസ്പരമുള്ള ആദാനപ്രദാനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ ഒരു നഗരവും സൃഷ്ടിക്കപ്പെടില്ലായിരുന്നു. മുസ്‌ലിംകൾ ഒരു ന്യൂനപക്ഷമാണെങ്കിൽ കൂടി അവർ പതിനാല്/ പതിനഞ്ച് ശതമാനം വരുന്ന ഗണ്യമായൊരു വിഭാഗമാണ്.

സംഘട്ടനങ്ങളെയും സംഘർഷങ്ങളെയും ചർച്ച ചെയ്യുന്നതിൽ നിന്നും മാറിനിൽക്കരുത് എന്നാണ് താങ്കൾ ഓർമിപ്പിച്ചത്. ഈയൊരർഥത്തിൽ 1921 ലെ മലബാർ സമരത്തെ കേരളത്തിലെ മുസ്‌ലിം സ്വത്വരൂപീകരണത്തിൽ എവിടെയാണ് പ്രതിഷ്ഠിക്കാൻ കഴിയുക?

മലബാർ സമരത്തെ ഒരു കർഷകവിപ്ലവമായാണ് കാണേണ്ടത് എന്നാണ് എന്റെ വീക്ഷണം. നായർ, നമ്പൂതിരി വിഭാഗങ്ങളിൽ നിന്നുള്ള ഭൂപ്രഭുക്കന്മാരുടെ കീഴിൽ മാപ്പിളമാർക്കുണ്ടായ സാമ്പത്തികമായ ദുരവസ്ഥ മൂലമാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. അതാണ് അതിന്റെ അടിസ്ഥാനകാരണവും.

എന്നാൽ എല്ലായിടത്തും ഇതുപോലെ ദുരവസ്ഥകൾ സമരമായി രൂപാന്തരപ്പെടുകയില്ല. പള്ളികൾ പോലുള്ള സ്ഥലങ്ങളാലും മതാചാരങ്ങളാലും രൂപപ്പെട്ട “മൊബിലൈസേഷൻ’ ആയിരുന്നു മലബാർ മാപ്പിളമാരിലെ ക്ലേശാവസ്ഥയെ സമരമാക്കിത്തീർത്തത്. ഇസ്‌ലാമികസന്ദേശങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വിശ്വാസികളും ക്ലേശമനുഭവിക്കുന്നവരുമായ ജനങ്ങൾ നടത്തിയ വിപ്ലവമാണ് അടിസ്ഥാനപരമായി മലബാർ സമരം. ആ സന്ദേശം ഒരിക്കലും വിദ്വേഷത്തിന്റേതായിരുന്നില്ല, മറിച്ച് അടിസ്ഥാന സാമൂഹികസമത്വത്തിന്റേതായിരുന്നു.

സമരത്തിന് പിന്നിലെ മതകീയ ഘടകങ്ങളെ പ്രശ്നവത്കരിച്ച് ചരിത്ര ഗവേഷണ കൗൺസിൽ മാപ്പിള രക്തസാക്ഷികളെ സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്നും നീക്കം ചെയ്തതിനെ എങ്ങനെ കാണുന്നു?

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ഐ സി എച്ച് ആർ ഹിന്ദുത്വ തീവ്ര വലതുപക്ഷം അധീനപ്പെടുത്തിയതായി നിങ്ങൾക്ക് അറിയാമല്ലോ. അതുകൊണ്ട് തന്നെ അവരുടെ പ്രവർത്തനങ്ങൾ മിക്കതും സമകാലികരാഷ്ട്രീയ അജണ്ടകൾക്കനുസരിച്ചാണ്. അല്ലാതെ, യഥാർത്ഥ ചരിത്രം അന്വേഷിക്കുന്നതിലല്ല. ചരിത്രത്തെ അവർ ഇന്നത്തെ ആവശ്യങ്ങൾക്കുള്ള ഉറവിടമായാണ് കാണുന്നത്. അതിലൂടെ ഹിന്ദുത്വ ആവശ്യപ്പെടുന്ന മതാടിസ്ഥാനത്തിലുള്ള സംഘർഷങ്ങളും അസഹിഷ്ണുതയും പരസ്പരവിരോധവും അവർ സൃഷ്ടിക്കുകയാണ്.

ഡോ. അനിൽ സേത്തി/
എം. അബ്ദുൾഫത്താഹ്, മുഹമ്മദ് സിറാജ്റഹ്മാൻ

(തുടരും)

You must be logged in to post a comment Login