എം ജി എസ് നാരായണന്റെ ഒരു സംഭാഷണം ഓര്‍ക്കുന്നു. സി പി എമ്മിനെക്കുറിച്ചാണ്. “”നമ്മള്‍ ഇപ്പോള്‍ മനസിലാക്കുന്ന ഒരു കാര്യം, അല്ലെങ്കില്‍ നമുക്ക് ഇപ്പോള്‍ ശരി എന്ന് തോന്നുന്ന ഒരു കാര്യം സി പി എമ്മിന് മനസിലാകണമെങ്കില്‍ മിനിമം 25 കൊല്ലമെങ്കിലും വേണം. പക്ഷേ, അവരത് മനസിലാക്കിക്കഴിഞ്ഞാല്‍ ഒറ്റ ദിവസം കൊണ്ട് അവര് 25 കൊല്ലം മറികടക്കും. എന്നുവെച്ചാല്‍ 25 കൊല്ലം മുന്‍പ് മനസിലാക്കിയ നമ്മളെ ഒറ്റദിവസം കൊണ്ട് മറികടക്കുമെന്ന്.”
സി പി എമ്മിനെക്കുറിച്ചുള്ള ഇപ്പോള്‍ ഓര്‍മയില്ലാത്ത ഒരു ചോദ്യത്തിന്റെ മറുപടിയായിരുന്നു ഇത്. പക്ഷേ, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പിളര്‍പ്പാനന്തരം ആ ചരിത്രത്തിന്റെ അവകാശികളായിത്തീര്‍ന്ന സി പി എമ്മിന്റെയും നൂറ്റാണ്ടോടടുക്കുന്ന ചരിത്രം ആ വാക്കുകളില്‍ ആറ്റിക്കുറുക്കി എം ജി എസ്. ഇപ്പോള്‍ ആ വാക്കുകള്‍ ഓര്‍ക്കാന്‍ കാരണം ഈയിടെ എറണാകുളത്ത് സമാപിച്ച സംസ്ഥാന സമ്മേളനമാണ്. ആ സമ്മേളനം അംഗീകരിച്ച തീരുമാനങ്ങളാണ്. മാറുന്ന കാലത്തെ മനസിലാക്കാന്‍ വൈകുന്നു എന്ന കാലങ്ങളായുള്ള വിമര്‍ശനത്തെ സി പി എം മറികടക്കുന്നു എന്ന സൂചനയുമായാണ് സമ്മേളനം സമാപിച്ചത്.
സംഘടനാപരമായും നയപരമായും അവര്‍ കുറേക്കൂടി വസ്തുനിഷ്ഠ സാഹചര്യങ്ങളെ മനസിലാക്കാനും പ്രതികരിക്കാനും തയാറാവുകയാണ്. അതൊരു വലിയ ദിശാമാറ്റമാണ്. പാഠങ്ങള്‍ ഉള്‍ക്കൊണ്ടും പഠിച്ചുമല്ലാതെ ഒരു രാഷ്ട്രീയ കക്ഷിക്കും നിലനില്‍ക്കാനാവില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മഹിത പാരമ്പര്യം സമ്പൂര്‍ണമായി ലഭിച്ച കോണ്‍ഗ്രസ് വെറും ആറ് പതിറ്റാണ്ടു കൊണ്ട് നാമാവശേഷമായതിന്റെ കാരണം ഓര്‍ക്കുക. ദീര്‍ഘകാലം ഭരിക്കുകയും അവരുടെ ദേശീയനേതാക്കളുടെ ഈറ്റില്ലമായി പരിണമിക്കുകയും ചെയ്ത ഉത്തര്‍ പ്രദേശില്‍ മുട്ടിലിഴയുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുക. കാലവും ലോകവും മാറുന്നത് കാണാതെ ചക്കളത്തിപ്പോരുകളിലും മാധ്യമ വാഴ്ത്തുകളിലും കുടുംബപുരാണങ്ങളിലും തളഞ്ഞതിന്റെ പരിണതിയാണത്.
കടുത്ത സി പി എം വിരുദ്ധര്‍ പോലും സ്വകാര്യമായി സമ്മതിക്കുന്ന ഒന്നാണ് അവരുടെ സംഘടനാ സംവിധാനത്തിന്റെ യന്ത്രസമാനമായ മികവ്. കൃത്യ ഇടവേളകളില്‍ അവര്‍ സമ്മേളിക്കും. മൂന്ന് വര്‍ഷം തികഞ്ഞാല്‍ അടിസ്ഥാന യൂണിറ്റായ ബ്രാഞ്ചില്‍ സമ്മേളനം തുടങ്ങും. സന്ദേശം മോഡല്‍ രാഷ്ട്രീയ സിനിമകളാല്‍ പരിഹസിക്കപ്പെട്ടിട്ടുള്ള കമ്യൂണിസ്റ്റ് ഗൗരവം ഒരിഞ്ച് ചോരാതെ നടക്കുന്ന സമ്മേളനമാണ്ബ്രാഞ്ച് തലത്തിലേത്. ഒരു പാര്‍ട്ടി കോണ്‍ഗ്രസ്. പരസ്പരം അറിയുന്ന, സുഹൃത്തുക്കളും ബന്ധുക്കള്‍ പോലുമോ ആയ 20ല്‍ താഴെ ആളുകളേ മിക്കവാറും ബ്രാഞ്ച് സമ്മേളനത്തില്‍ ഉണ്ടാവൂ. അതില്‍ ചിലപ്പോള്‍ ഒരു കുടുംബത്തിലെ മൂന്ന് നാല് അംഗങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ, സമ്മേളനം തുടങ്ങിയാല്‍ ബന്ധനില മാറും. ബ്രാഞ്ച് സെക്രട്ടറി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വായിക്കും. ആ റിപ്പോര്‍ട്ട് കേള്‍ക്കേണ്ടതാണ്. ആദ്യത്തെ ഭാഗം അന്താരാഷ്ട്രീയമാണ്. നോക്കണം ഒരു വാര്‍ഡിന്റെ ഒരു കുഞ്ഞുഭാഗത്ത് എന്നും കാണുന്നവരും ഒന്നിച്ച് പണിക്കു പോകുന്നവരും എല്ലാം ചേര്‍ന്ന് കൂടുന്ന സമ്മേളനത്തിന്റെ റിപ്പോര്‍ട്ടാണ്. പക്ഷേ, പറഞ്ഞല്ലോ യന്ത്രസമാനമായ മികവ്. അതിന്റെ പ്രകാശനമാണ് ആ റിപ്പോര്‍ട്ട്. സാര്‍വദേശീയ രംഗത്ത് ഇടതുപക്ഷത്തിന് ഉണ്ടായ കുതിപ്പുകള്‍, കിതപ്പുകള്‍ എല്ലാം പരാമര്‍ശിക്കപ്പെടും. രണ്ടാം ഘട്ടം ദേശീയ രാഷ്ട്രീയമാണ്. ഒരു പ്രാദേശിക മനുഷ്യന്റെ ദേശീയമായ മനസിലാക്കലുകള്‍ ആ ഭാഗത്ത് വരും. തൊണ്ണൂറുകളില്‍ ഹിന്ദുത്വ ശക്തിയാര്‍ജിക്കുകയാണെന്നും കോണ്‍ഗ്രസ് അതിന് ചുക്കാന്‍ പിടിക്കുകയാണെന്നും രേഖപ്പെടുത്തിയ ഒരു ബ്രാഞ്ച് റിപ്പോര്‍ട്ട് ഈ ലേഖകന്റെ ഓര്‍മയിലുണ്ട്. മൂന്നാം ഘട്ടത്തില്‍ സംസ്ഥാന രാഷ്ട്രീയമാണ് പരാമര്‍ശിക്കുക. നാലാമതായി പോയ മൂന്ന്‌വര്‍ഷം ഈ ബ്രാഞ്ച് എന്തെല്ലാം ചെയ്തു, എന്തെല്ലാം ചെയ്തില്ല, ഓരോ പ്രവര്‍ത്തകരും എങ്ങനെ പ്രവര്‍ത്തിച്ചു എന്നെല്ലാം വിശദമായി രേഖപ്പെടുത്തും. പിന്നെ ചര്‍ച്ചയാണ്. മിക്കവാറും എല്ലാവരും അതില്‍ പങ്കെടുക്കും. ചര്‍ച്ച ആ ബ്രാഞ്ചിന്റെ പരിസരത്തല്ല മുന്നേറുക. യുക്രൈന്‍ വിഷയത്തിലെ അഖിലേന്ത്യാ സെക്രട്ടറിയുടെ പരാമര്‍ശം തീരെ ശരിയായില്ല എന്ന് ആധികാരികമായി പറയുന്നത് ചിലപ്പോള്‍ സെക്യൂരിറ്റി പണി കഴിഞ്ഞ് അന്ന് രാവിലെ വീട്ടില്‍ വന്ന് കുളിച്ച് കുപ്പായം മാറ്റി സമ്മേളനത്തിന് വന്ന അഞ്ചാം ക്ലാസുകാരനായിരിക്കും. ഇപ്പറയുന്നതില്‍ തരിമ്പും അതിശയോക്തിയില്ല. മേഖലയിലെ സ്വാധീനമനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഇഴകീറിയ ചര്‍ച്ചകള്‍ പാതിരാവരെ നീളാം. പിന്നെയാണ് ലോക്കല്‍ സമ്മേളനത്തില്‍ ബ്രാഞ്ചില്‍ നിന്ന് പങ്കെടുക്കേണ്ട പ്രതിനിധികളെ തിരഞ്ഞെടുക്കല്‍. അന്നേരം മല്‍സരം പോലും സ്വാഭാവികമാണ്. തുടര്‍ന്ന് സെക്രട്ടറിയെ നിശ്ചയിക്കും.
ഇപ്പോള്‍ നമ്മള്‍ കണ്ട സംഗതികളുടെ കുറച്ചുകൂടി വിപുലീകരിച്ച കാര്യങ്ങളാണ് ലോക്കല്‍ സമ്മേളനത്തില്‍ ഉണ്ടാവുക. ചര്‍ച്ചകളും തര്‍ക്കങ്ങളും വോട്ടെടുപ്പും നടക്കും. തൊട്ടയലത്തെ വീട്ടുകാര്യങ്ങള്‍ പറയുന്ന അതേ വ്യക്തതയില്‍ അന്താരാഷ്ട്രീയ സംഭവഗതികളെ സംബന്ധിച്ച് തര്‍ക്കിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, ഒരു തര്‍ക്കവും സമ്മേളനത്തിന് പുറത്തേക്ക് നീളില്ല. കേന്ദ്രീകൃത ജനാധിപത്യത്തിന്റെ കളിയാണത്. ലെനിനിസ്റ്റ് സംഘാടനത്തിന്റെ സ്വാഭാവിക പ്രകൃതം. ഏരിയാ സമ്മേളന പ്രതിനിധികളെയും ലോക്കല്‍ കമ്മിറ്റിയെയും തിരഞ്ഞെടുക്കും. മിക്കവാറും ബ്രാഞ്ച് സെക്രട്ടറിമാര്‍ ലോക്കല്‍ കമ്മിറ്റിയില്‍ വരും. അല്ലാത്തവരും ഉണ്ടാവും. വലിയ പ്രകടനം, പൊതുസമ്മേളനം, ഉല്‍സവച്ഛായയിലുള്ള കലാസംഗമങ്ങള്‍ എല്ലാം മേഖലകളിലെ കരുത്ത് പോലെ നടക്കും. പിന്നെ ഏരിയാ സമ്മേളനമാണ്. അതും ഇതേ പാറ്റേണ്‍. ഒരു വലിയ പ്രദേശത്തിന്റെ അനൗദ്യോഗിക അധികാരിയാണ് ഏരിയാ സെക്രട്ടറി എന്നതിനാല്‍ അതിപ്രധാനമാണ് സമ്മേളനവും തിരഞ്ഞെടുപ്പും. ഒരു മാറ്റവുമില്ല ജില്ലാ സമ്മേളനത്തിലും. ചര്‍ച്ചകള്‍ കുറച്ചുകൂടി ദീര്‍ഘിക്കും എന്നു മാത്രം. പിന്നീട് സംസ്ഥാന സമ്മേളനമാണ്. അതും കഴിഞ്ഞാല്‍ ദേശീയ സമ്മേളനം അഥവാ പാര്‍ട്ടി കോണ്‍ഗ്രസ്. ഒരു വര്‍ഷം നീളുന്ന ഒന്നാണ് ഈ സമ്മേളനങ്ങള്‍. നോക്കൂ, രൂപീകൃതമായി ഇന്നോളം ഇപ്പറഞ്ഞ പ്രക്രിയക്ക് സി പി എമ്മില്‍ ഒരു മാറ്റവും വന്നിട്ടില്ല. നമ്മുടെ കാലത്ത് നമുക്കിടയിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന രീതിയാണിത്. അക്ഷരാര്‍ഥത്തില്‍ എണ്ണയിട്ട യന്ത്രം. ഈ സമ്മേളനങ്ങളും അവിടെ നടക്കുന്ന ചര്‍ച്ചകളും തീര്‍പ്പുകളുമാണ് എം ജി എസ് പറഞ്ഞ കാല്‍നൂറ്റാണ്ടിന്റെ പിന്നാക്കത്തിനും ഒറ്റദിവസം കൊണ്ടുള്ള കുതിപ്പിനും പിന്നിലെ ഊര്‍ജകേന്ദ്രം. ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ കക്ഷിക്കും ഇപ്പറഞ്ഞ സമ്മേളനസ്വഭാവം അവകാശപ്പെടാനാവില്ല. അവയെല്ലാം അപ്പോയിന്റ്‌മെന്റ് പൊളിറ്റിക്‌സ് എന്ന ജീര്‍ണതയിലാണ് സഞ്ചരിക്കുന്നത്.
പക്ഷേ, ഒരു ചോദ്യം ബാക്കിയുണ്ട്. ഇത്ര കടുത്ത സംഘടനാരീതികളും സമ്മേളനങ്ങളും നയങ്ങളും എല്ലാമുണ്ടായിട്ടും ബംഗാള്‍ പോലുള്ള ഒരു സംസ്ഥാനത്ത്, അതിന് തൊട്ടടുത്ത ത്രിപുരയില്‍ ആ പാര്‍ട്ടി തൂത്തെറിയപ്പെട്ടത്? അതിന്റെ ഉത്തരവും യന്ത്രസമാനമായ ഈ സംഘടനാരീതിയില്‍ മറഞ്ഞിരിക്കുന്നുണ്ട്. അതില്‍ പ്രധാനം പ്രാദേശിക അധികാരകേന്ദ്രങ്ങളുടെ ആവിര്‍ഭാവവും ആ അധികാരം ഉറപ്പിക്കാന്‍ ഇതേ യന്ത്രസംവിധാനത്തെ ഉപയോഗിക്കലുമാണ്. കേരളത്തില്‍ ഉള്‍പ്പടെ ഇക്കഴിഞ്ഞ കാലം വരെ നടന്നുപോന്ന ഒന്നായിരുന്നു അത്. ബംഗാളില്‍ ബാബുമാര്‍ രൂപപ്പെട്ടു. ഒരിക്കല്‍ ഇതേ സമ്മേളന പ്രക്രിയയിലൂടെ സെക്രട്ടറി പദവി ആര്‍ജിച്ച മനുഷ്യര്‍ അധികാരത്തിന്റെ ചോര മണത്തു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് എന്ന് ആണയിട്ട് അവര്‍ അവിടെ കടിച്ചുതൂങ്ങി. ബംഗാളില്‍ സില്‍ബന്ധി കമ്മിറ്റികള്‍ വ്യാപകമായി. ഒരു സെക്രട്ടറിയും അയാളുടെ സാമന്തന്‍മാരും ചേര്‍ന്ന് പ്രാദേശിക ഭരണകൂടങ്ങളെ സൃഷ്ടിച്ചു. ഇത്തരം സെക്രട്ടറിമാരുടെ ഒരു സമുച്ഛയമായി ബംഗാളിലെ പാര്‍ട്ടി മാറി. കാല്‍നൂറ്റാണ്ടിനിടെ അഞ്ചുശതമാനം പ്രാദേശിക കമ്മിറ്റികളില്‍ പോലും അടിസ്ഥാന ആള്‍മാറ്റം സംഭവിച്ചില്ല. പാര്‍ട്ടി പദവിക്ക് സംവരണമില്ല എന്ന തൊടുന്യായം പറഞ്ഞ് ഒരിക്കല്‍ സ്ഥാനത്ത് എത്തിയവര്‍ പുതിയവരെ അടുപ്പിക്കാതെ പദവികളില്‍ കടിച്ചുതൂങ്ങി. അതിസമ്പന്നമായിത്തീര്‍ന്ന ഒരു പാര്‍ട്ടിയുടെ നേതാവ് എന്ന ആഡംബരത്തില്‍ നിന്ന് അവര്‍ പുറത്തുപോയില്ല. മരിച്ചാല്‍ മാത്രം മാറ്റം വരുന്ന പദവി. അധികാരം മനുഷ്യരെ ദുഷിപ്പിക്കും; ദീര്‍ഘകാലത്തെ അധികാരം മനുഷ്യരെ വഷളാക്കുകയും ചെയ്യും. ബംഗാളില്‍ പ്രാദേശിക ഭരണകൂടങ്ങളായി മാറിയ സെക്രട്ടറിമാരും സില്‍ബന്ധികളും തഴച്ചുവളര്‍ന്നു. അക്കാലത്താണ് ഉദാരവത്കരണത്തോട് പുറം തിരിയേണ്ടതില്ല എന്ന നിലപാടിലേക്ക് സി പി എം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രായോഗികമായി എത്തിയത്. സ്വാഭാവികമായും പദ്ധതികളുടെ പ്രവാഹമുണ്ടായി. ബംഗാളില്‍ ജ്യോതിബസു അനന്തരം വന്ന ബുദ്ധദേവ് വമ്പന്‍ പദ്ധതികളുടെ അപ്പോസ്തലനായിരുന്നു. ഈ പദ്ധതികള്‍ സെക്രട്ടറി ബാബുമാരെ പ്രതാപികളാക്കി. പദ്ധതികളുടെ ഇടനിലക്കാരായി അവര്‍ വളര്‍ന്നു. അവര്‍ക്ക് സെക്രട്ടറി പദവി ഉറപ്പിക്കാനും എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുമുള്ള അരങ്ങായി സമ്മേളനങ്ങള്‍ മാറി. ലെനിനിസ്റ്റ് സംഘാടനത്തിന്റെ ഇരുമ്പുമറ വെട്ടിയൊതുക്കാനുള്ള കൊലനിലങ്ങളായി മാറി. ഫലം ആര്‍ജവമുള്ള മനുഷ്യര്‍ പാര്‍ട്ടിക്കു പുറത്തായി. ഇരുന്ന് തഴമ്പിച്ച മനുഷ്യര്‍ വഷളായി. കോണ്‍ഗ്രസിന്റെ ജീര്‍ണത എന്ന ഒറ്റക്കാര്യത്താല്‍ ബംഗാളി ജനത അപ്പോഴും തമ്മില്‍ ഭേദമെന്ന തൊടുന്യായത്തിന്റെ ചിറകില്‍ സി.പി.എമ്മിനെ തിരഞ്ഞെടുത്തു. പ്രാദേശിക ജന്മിമാരുടെ ശാരീരികമായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആ ജനതക്ക് സി പി എമ്മിന്റെ കൈക്കരുത്ത് വേണമായിരുന്നു. അവരുടെ സര്‍ക്കാര്‍ വ്യവഹാരങ്ങള്‍ക്ക് വേഗത കിട്ടാന്‍ സെക്രട്ടറി ബാബുമാരുടെ കത്തും കൈയൊപ്പും വേണമായിരുന്നു. അവര്‍ക്ക് അക്കാര്യങ്ങളില്‍ മറ്റൊരു ചോയിസ് ഉണ്ടായിരുന്നില്ല. ഇതിനൊന്നും പറ്റാത്ത വിധം മൃതമായിരുന്നല്ലോ കോണ്‍ഗ്രസ്. വെറും പത്താണ്ടത്തെ അധികാര നഷ്ടം ബംഗാള്‍ കോണ്‍ഗ്രസിനെ ഓട്ടക്കാലണയാക്കി മാറ്റിയിരുന്നു. കാലാന്തരത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായി.
അക്കാലത്താണ് മമത ബാനര്‍ജിയുടെ ഉദയം. ജനതക്ക് സ്വീകാര്യമായ കാര്യങ്ങള്‍ സ്വീകാര്യമായ ഭാഷയില്‍ അവര്‍ ഉറക്കെപ്പറഞ്ഞു. സി പി എമ്മിനെ ജനതക്ക് സ്വീകാര്യരാക്കിയ കൈക്കരുത്ത് അവര്‍ സി പി എമ്മിനെക്കാള്‍ പ്രകടിപ്പിച്ചു. സെമീന്ദാർമാരായി നാടുവാണിരുന്ന സി പി എം പ്രാദേശിക നേതാക്കളെ മമതയുടെ തൃണമൂലുകാര്‍ തല്ലാന്‍ തുടങ്ങി. അധികാരം അധികാരിയോട് വെറുപ്പ് ഉല്പാദിപ്പിക്കും. ഭയം കൊണ്ട് അധികാരത്തിന്റെ ഇരകള്‍ അത് മൂടിവെക്കും എന്നേ ഉള്ളൂ. അധികാരി ദുര്‍ബലനാകുന്ന ഒറ്റ നിമിഷത്തില്‍ അടക്കിവെച്ച വെറുപ്പുകളുടെ അണ പൊട്ടും. മമത സി പി എം അധികാരികളെ അടികൊടുത്ത് ദുര്‍ബലരാക്കി. ബംഗാള്‍ ജനതയുടെ വെറുപ്പിന്റെ അണകള്‍ പൊട്ടി. സി പി എം തൂത്തെറിയപ്പെട്ടു. മമത വന്നു.
നാം മനസിലാക്കിയ ഇക്കാര്യം കാല്‍നൂറ്റാണ്ട് കാലം സി പി എം മനസിലാക്കിയില്ല. സോവിയറ്റ് യൂണിയന്‍ തകരുന്നതിന്റെ തലേന്ന് വരെ മനുഷ്യര്‍ കുരങ്ങിലേക്ക് തിരിച്ചുപോകുമോ എന്ന മുടന്തന്‍ വാദമുയര്‍ത്തി അവര്‍ നിലനിന്നു. സോവിയറ്റ് അസ്തമിക്കുകയാണെന്നും ജനത സോവിയറ്റിനെ വെറുക്കുന്നു എന്നും അവിടെ പോയിവന്ന മനുഷ്യര്‍ പലവട്ടം ഇവിടെ പറഞ്ഞു. പറഞ്ഞവരെ പരിഹസിച്ച് സി പി എം കാലം കഴിച്ചു. പക്ഷേ, സോവിയറ്റ് ഇങ്ങിനി വരാത്തവണ്ണം പൊട്ടിത്തകര്‍ന്നു. സോവിയറ്റില്‍ സംഭവിച്ചതുതന്നെയാണ് ബംഗാളിലും സംഭവിച്ചത്. മഹാശ്വേത ദേവിയെപ്പോലെ നാടിനെ അറിയുന്ന മനുഷ്യര്‍ സി പി എമ്മിനോട് വാസ്തവങ്ങള്‍ പറഞ്ഞതാണ്. ഒരു ചര്‍ച്ചയ്ക്ക് പോലും തയാറായില്ല. ബംഗാളില്‍ എല്ലാം സുഭദ്രമെന്ന് സമ്മേളനങ്ങളില്‍ അവര്‍ പറഞ്ഞുറപ്പിച്ചു. ഒടുവില്‍ പാര്‍ട്ടി ഇല്ലാതായി.
പക്ഷേ, ചരിത്രമറിയുന്ന എം ജി എസ് പറഞ്ഞതുപോലെ കാല്‍നൂറ്റാണ്ടിനിപ്പുറം സി പി എം കാര്യങ്ങള്‍ മനസിലാക്കുന്നുണ്ട്. ഒറ്റക്കുതിപ്പിന് മനസിലാക്കാതെ മരവിച്ചിരുന്ന കാലത്തെ പിന്നിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഒന്നാംതരം സൂചനയാണ് എറണാകുളത്ത് സമാപിച്ച സംസ്ഥാന സമ്മേളനവും അതിന്റെ മുന്നോടിയായി നടന്ന ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ലാ സമ്മേളനങ്ങളും നല്‍കുന്നത്.
ഒന്നാമത്തെ മാറ്റം സംഘടനാപരമായതാണ്. അടിസ്ഥാന യൂണിറ്റായ ബ്രാഞ്ചുകളിലെ പതിവ് മുഖങ്ങള്‍ കൂട്ടത്തോടെ മാറി. ഇരുന്ന് തഴമ്പിച്ച മനുഷ്യരെ പ്രവര്‍ത്തനപരിചയം പറഞ്ഞ് വീണ്ടും കുടിയിരുത്തുന്ന പ്രവണത അവര്‍ അവസാനിപ്പിച്ചു. അഞ്ചുവര്‍ഷം മുന്‍പ് വരെ സങ്കല്പിക്കാനാവുന്ന ഒന്നായിരുന്നില്ല ഈ മാറ്റം. പാര്‍ട്ടി പദവിക്ക് സംവരണമില്ലല്ലോ എന്ന വാദത്തിന്റെ തിരയിളക്കമായിരുന്നു എങ്ങും. അത് ഇതാ മാറി. ബ്രാഞ്ചുകളില്‍ സെക്രട്ടറിമാരായി സ്ത്രീകള്‍, അതും മിക്കവാറും വിദ്യാസമ്പന്നരായ യുവതികള്‍ ധാരാളമായി വന്നു. മിക്കവരും സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍. ലോക്കല്‍ കമ്മിറ്റിയിലും നിരവധി പുതിയവര്‍. ഇരുപത്തിയഞ്ചും മുപ്പതും വര്‍ഷമൊക്കെ അനങ്ങാപ്പാറ കമ്മിറ്റികളായിരുന്നവയാണ് ഭൂരിപക്ഷം ലോക്കലുകളും എന്നോര്‍ക്കണം. അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ ഏരിയ കമ്മിറ്റിയില്‍ വന്നു. ഗ്രൂപ്പിസത്തിന്റെ അയ്യരുകളി ഉണ്ടായിരുന്നിടങ്ങളില്‍, വൈപ്പിനിലും മറ്റും ചെറുപ്പക്കാര്‍ ഏരിയ സെക്രട്ടറിമാരായി. ജില്ലാകമ്മിറ്റികള്‍ പുതുമുഖങ്ങള്‍ നിറഞ്ഞവയായി. ഏറ്റവുമൊടുവില്‍ എം സ്വരാജ്, പി കെ ബിജു, മുഹമ്മദ് റിയാസ് എന്നീ യുവാക്കളെ സീനിയോറിറ്റി തരിമ്പും പരിഗണിക്കാതെ ഉന്നതാധികാര സമിതിയായ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവരോധിക്കാനും അവര്‍ തയാറായി. തിരുവനന്തപുരം പോലെ അതിപ്രധാനമായ സിരാകേന്ദ്രത്തിലെ മേയറായി ഒരു ഇളമുറക്കാരിയെ ഇരുത്തിയ അതേ മട്ടില്‍. ഇക്കൂട്ടത്തില്‍ റിയാസിന്റെ വരവ് വലിയ സന്ദേശവുമാണ്. മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് ആ സ്ഥാനലബ്ധിക്ക് പഴയ സി പി എം ആണെങ്കില്‍ അയോഗ്യത പോലുമായേനെ. എന്നാല്‍ മലബാറില്‍ നിന്നുള്ള ഒരു യുവാവിനെ, അയാളുടെ സ്വന്തം ജില്ലയായ കോഴിക്കോടിനെ സംബന്ധിച്ച് താരതമ്യേന ഇളപ്പമായ ഒരു യുവാവിനെ, ഒരു മുസ്‌ലിം യുവാവിനെ ഉന്നതാധികാര സമിതിയിലേക്ക് നിയോഗിക്കുക എന്നത് ചരിത്രപരമായ തീരുമാനമാണ്. ഇത്തരം തീരുമാനങ്ങള്‍ എടുക്കാതിരുന്നതാണ് ആ പാര്‍ട്ടി നാളിതുവരെ ചെയ്ത മഹാ അബദ്ധം. ആ തെറ്റിന്റെ പല്‍ച്ചക്രങ്ങളില്‍ കുടുങ്ങി അരഞ്ഞുപോയ ആയിരക്കണക്കിന് ഉശിരന്‍മാരോടുള്ള പ്രായശ്ചിത്തമാണ് ഈ മൂന്ന് യുവനേതാക്കളുടെ തിരഞ്ഞെടുപ്പിലൂടെ സി പി എം നിര്‍വഹിച്ചത്. എം ജി എസ് പറഞ്ഞതുപോലെ കാലത്തെ പിന്നിലാക്കുന്ന തെറ്റുതിരുത്തല്‍. കേരളത്തിലെ സി പി എമ്മിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഇത്തരം തലമുറമാറ്റം സംഭവിച്ചിട്ടില്ല. ജാതിയെ, മതത്തെ, പിന്നാക്കാവസ്ഥകളെ സംബോധന ചെയ്യാതെ അടിത്തറ തകര്‍ന്നുപോയ ഭൂതകാലത്തെ തിരുത്തുകയാണ് സി പി എം.
മറ്റൊന്ന് നാളിതുവരെയുള്ള സമ്മേളനചരിത്രത്തില്‍ ഒരുതവണ മാത്രം സംഭവിച്ചിട്ടുള്ള ഭരണ നയരേഖയുടെ അവതരണമാണ്. തുടര്‍ഭരണം ഒരു വൈതരണിയാണ് എന്നത് സി പി എമ്മിനെ സംബന്ധിച്ച് നടുക്കുന്ന ബംഗാള്‍ ഓര്‍മയാണ്. 1956-ല്‍ തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഇതിനുമുന്‍പ് ഇത്തരം ഒരു നയരേഖ അവതരിപ്പിക്കുന്നത്. ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണം ഈ നയരേഖയുടെ ചുവടുപിടിച്ചായിരുന്നു. സമാനമാണ് ഇത്തവണത്തേതും. സ്വകാര്യ മൂലധനം, വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ പങ്കാളിത്തം തുടങ്ങി സി പി എം പലഘട്ടങ്ങളില്‍ ആശയക്കുഴപ്പത്തിലായ കാര്യങ്ങള്‍ക്ക് പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയില്‍ കൃത്യതയുണ്ട്.
സ്വാഗതാര്‍ഹമാണ് ഈ മാറ്റങ്ങള്‍. പാര്‍ട്ടികള്‍ ജീര്‍ണിച്ച് ജനാധിപത്യം അഴുകാന്‍ തുടങ്ങിയ ഇക്കാലത്ത് പ്രത്യേകിച്ചും. മതം, വിശ്വാസം, പുരോഗമന മുഖംമൂടിയിട്ട ക്യാപിറ്റലിസ്റ്റ് ലിബറലിസം തുടങ്ങി സി പി എം അണികള്‍ക്ക് വ്യക്തതക്കുറവുള്ള സംഗതികളില്‍ ജനാധിപത്യപരവും ഒട്ടൊക്കെ ജനകീയവുമായ ഒരു നിലപാട് ഇതേ വ്യക്തതയോടെ അവതരിപ്പിച്ച് ജലത്തില്‍ മല്‍സ്യമെന്ന പോലെ അനായാസം ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ അവര്‍ക്ക് കഴിയട്ടേ എന്ന് ആശംസിക്കാം.
കെ കെ ജോഷി
You must be logged in to post a comment Login