മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബിനെതിരായ ചര്‍ച്ചകളും സംവാദങ്ങളും തര്‍ക്കങ്ങളും മുസ്‌ലിം സ്ത്രീകള്‍ക്ക് ചില കനത്ത ബാധ്യതകള്‍ നല്‍കുന്നുണ്ട്. മതത്തെ പൂര്‍ണമായും സംശയത്തോടെ മാത്രം വീക്ഷിക്കുന്ന ഒരു സമൂഹത്തിനു മുന്നില്‍ ഈ സ്ത്രീകള്‍ അവരുടെ മതഭക്തിയെ കുറിച്ച് വിശദീകരിക്കണം. അതോടൊപ്പം സെക്കുലറാണെന്ന് തെളിയിക്കുകയും വേണം.
മതേതരത്വത്തിന്റെ മേല്‍വസ്ത്രം ധരിച്ചു നില്‍ക്കുന്നവരില്‍ ഭൂരിഭാഗവും ലിബറലിസത്തിന്റെ വക്താക്കളാണ്. സ്വതന്ത്ര ഇച്ഛപ്രകാരം ആര്‍ക്കും ഏതു വസ്ത്രവും ധരിക്കാമെന്നാണ് അവരുടെ നിലപാട്. എന്നാല്‍ അവര്‍ നമ്മെ അതിശയിപ്പിക്കുന്നു. എന്തുകൊണ്ടാണവര്‍ മുസ്‌ലിം സ്ത്രീ ഹിജാബ് ധരിക്കുമ്പോള്‍ മാത്രം അതിനെ അടിച്ചമര്‍ത്തലിന്റെ കള്ളിയില്‍ ചേര്‍ക്കുന്നത്? മുസ്‌ലിം സ്ത്രീ ധരിക്കുമ്പോള്‍ അത് അസ്വാതന്ത്ര്യം. അല്ലാത്തവര്‍ ധരിക്കുമ്പോള്‍ വസ്ത്ര തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യവും. ഇതെങ്ങനെ ശരിയാവും?
മതേതര ഇന്ത്യയില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് തങ്ങളുടെ മതപരമായ വിഷയങ്ങളായി വിശദീകരിക്കണമെന്നാണ് പരോക്ഷമായ അഭ്യര്‍ഥന. എന്നാല്‍ പരിശോധിക്കേണ്ട മറ്റൊന്നുണ്ട്, ഇന്ത്യ പൂര്‍ണമായും മതേതരമായിരുന്നോ? അതോ ഹിന്ദുമതത്തിന്റെ ആചാരങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരം എന്ന പേരില്‍ മതേതരവല്കരിക്കപ്പെടുകയായിരുന്നോ?
രാജ്യം മത-സംസ്‌കാരമാണ്
സ്‌കൂളിലെ മിക്ക സാംസ്‌കാരിക പരിപാടികളും വിളക്കു കൊളുത്തിയാണ് ആരംഭിക്കുന്നത്. അജ്ഞതയുടെ അന്ധകാരത്തെ അകറ്റാനും ജ്ഞാനത്തിന്റെ ദേവിയായ രാജേശ്വരി ദേവിയെ പ്രീതിപ്പെടുത്താനുമാണ് ഈ വിളക്കു കൊളുത്തല്‍. സമാധാനത്തിനും ഐക്യത്തിനും വേണ്ടി വേദ ദേവതയായ സാവിത്രി ദേവിക്ക് സമര്‍പിച്ച ഋഗ്വേദത്തിലെ ഗായത്രി മന്ത്രവും ചൊല്ലുന്നു. ദുര്‍ഗ, ലക്ഷ്മി, സരസ്വതി ദേവിമാരുടെ ശക്തി പ്രസരിപ്പിക്കുന്ന ഒരു മാതൃരാജ്യമായി ഇന്ത്യയെ ആഘോഷിക്കുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരം (അമ്മയ്ക്ക് വന്ദനം) സ്‌കൂള്‍ ചടങ്ങുകളിലെ ജനപ്രിയ ദേശീയ ഗീതമാണ്. ഇതേ സ്‌കൂള്‍ സമ്പ്രദായത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാന്‍ കഴിയില്ലത്രെ; കാരണം, സ്‌കൂള്‍ മതത്തിന്റെ ഇടമല്ല.
ഒരു മതത്തെ അവഗണിച്ച് മറ്റൊന്നിന് വിശേഷ അധികാരം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പച്ചയായ കാപട്യം ഉയര്‍ത്തിക്കാട്ടുകയല്ല കാര്യം. സവര്‍ണ ഹിന്ദുത്വത്തെ നിരാകരിക്കുകയും അതിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇന്ത്യന്‍ സംസ്‌കാരം എന്ന പേരില്‍ സ്വീകരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനെയാണ് നാം ചര്‍ച്ചക്കെടുക്കുന്നത്. ഇന്ത്യന്‍ മതേതര വ്യവഹാരത്തില്‍ മതമില്ല, സംസ്‌കാരമേ ഉള്ളൂ. ആരെയും മതത്തിന്റെ പേരില്‍ അഭിമുഖീകരിക്കാനോ അവകാശ ധ്വംസനങ്ങള്‍ക്കോ പഴുതില്ല. ഒരാളുടെ മതത്തിന്റെ ഐഡന്റിറ്റിയെ ചോദ്യം ചെയ്യാനും ആര്‍ക്കും അവകാശമില്ല.
തിലകം, കുങ്കുമം, ബിന്ദി, സിന്ദൂരം എന്നിവ ധരിച്ച ഹിന്ദു വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നല്‍കുകയും ഇവ ഹിന്ദുക്കളുടെ സാംസ്‌കാരിക ഐഡന്റിറ്റി ആകുന്നതെങ്ങനെ എന്നു വിശദീകരിക്കുകയും ചെയ്തത് ഗൗരവമായിക്കാണണം. ഇത് മതചിഹ്നങ്ങള്‍ ആണ്, അതുകൊണ്ട് അവ അനുവദിക്കപ്പെടണമെന്നല്ല അദ്ദേഹത്തിന്റെ വാദം, ഇത് സാംസ്‌കാരിക ചിഹ്നങ്ങളാണ് എന്നാണ് അദ്ദേഹം പറയുന്നത്.
ദുര്‍ഗാ പൂജ ഒരു വലിയ സാംസ്‌കാരിക ഉത്സവം ആയി ആഘോഷിക്കുന്ന, മതേതര ലിബറല്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വലിയൊരു വിഭാഗം ബുദ്ധിജീവികളുണ്ടിവിടെ. അവരുടെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ സംസാരത്തില്‍ ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇന്ത്യന്‍ എന്ന് സ്ഥിരമായി വിശേഷിപ്പിക്കുന്നു. മറ്റു മതങ്ങളിലെ അനുഷ്ഠാനങ്ങളെ മതാചാരങ്ങള്‍ എന്നും വിശേഷിപ്പിക്കുന്നു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ആളുകളുടെ മതകാര്യങ്ങള്‍ ദേശീയം എന്ന് വ്യാഖ്യാനിക്കപ്പെട്ടതിനാല്‍ മത ന്യൂനപക്ഷങ്ങളെയാണ് “മതം’ എന്ന വാക്കുകൊണ്ട് ഐഡന്റിഫൈ ചെയ്യുന്നത്.
നിലവിലെ ഭരണകൂടത്തിന്റെ രാഷ്ട്രീയവും അരാഷ്ട്രീയവുമായ അക്രമങ്ങള്‍ ധാരാളമാണ്. അതിനു പുറമെ, ആള്‍ക്കൂട്ടക്കൊല, വംശഹത്യ, തടങ്കൽ, പൊലീസ് ക്രൂരതകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ഓണ്‍ലൈന്‍ ലേലം തുടങ്ങിയ നിന്ദ്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍, അതിന്റെ പ്രതീകാത്മക ഉദ്ഭവം മതേതരത്വത്തിന്റെ രൂപീകരണത്തിലാണ്. ഒരു മതമായി തുടരുക എന്നാല്‍ ഒരു സാംസ്‌കാരിക സ്വത്വമായി ഉയര്‍ന്നുവന്ന് ഒരു ദേശീയ സ്വത്വത്തിനു വേണ്ടി നിലകൊള്ളലാണ്. ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്ന പോലെ മുസ്‌ലിംകള്‍ ഒരു മതസമൂഹമെന്ന നിലയില്‍ ദേശീയ സാങ്കല്‍പികതയുടെ ഭാഗമാകുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്.
അവര്‍ കീഴാളരാണ്
ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ എപ്പോഴും കീഴാളരായാണ് തുടരുന്നത്. അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ സെക്കുലറായി വിശദീകരിക്കേണ്ടി വരുന്നു. ചര്‍ച്ചകളിലും സംവാദങ്ങളിലും അവരുടെ വേഷത്തെ കുറിച്ച് സംസാരിക്കേണ്ടി വരുന്നു. ലിബറലിസ്റ്റുകള്‍ പോലും മുസ്‌ലിം സ്ത്രീകളുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ പൂര്‍ണമായി പ്രശ്നവത്കരിക്കുന്നു.
ഇന്ത്യന്‍ ഫെമിനിസ്റ്റ് വ്യവഹാരം മതേതര ആശയങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുകയും മതത്തെ പുരുഷാധിപത്യവുമായി കൂട്ടിക്കുഴയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം, മതം വിദ്യാഭ്യാസത്തിനെതിരാണ് എന്ന് സ്ഥാപിച്ചെടുത്ത് മുസ്‌ലിം സ്ത്രീകളെ രക്ഷിച്ചെടുക്കുകയാണ് ദൗത്യം എന്ന് വിശദീകരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. ഹിജാബ് ഒരു അടിച്ചമര്‍ത്തലായി നേരത്തെ മുദ്രകുത്തപ്പെട്ടതിനാല്‍ അത് സ്വീകരിക്കുന്നത് ഒരു തിരഞ്ഞെടുപ്പായി പോലും അംഗീകരിക്കാന്‍ ഫെമിനിസ്റ്റ് വ്യവഹാരത്തിനാവില്ല.
മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതിന്റെ അര്‍ഥമെന്താണെന്ന് ചോദിക്കുമ്പോള്‍ മതത്തെ സംശയിക്കുന്ന മതേതര പ്രേക്ഷകന്‍, സ്ത്രീയുടെ വിശ്വാസം അവള്‍ വിശദീകരിക്കണം എന്ന് ശാഠ്യം പിടിക്കുകയാണ്. മുസ്‌ലിം സ്ത്രീകള്‍ അവളുടെ വിശ്വാസം എപ്പോഴും വിശദീകരിക്കണമെന്നര്‍ഥം.
മതേതരത്വ വ്യവഹാരത്തില്‍ ആഴത്തിലുള്ള മറ്റൊരു വിരോധാഭാസമുണ്ട്. അത് എല്ലായ്പോഴും ഒരു മതവിഷയമായി സ്വയം അംഗീകരിച്ചിരുന്ന ഗാന്ധിയില്‍ അതിന്റെ ആദര്‍ശം കണ്ടെത്തുന്നു എന്നതാണ്. ഗാന്ധിയുടെ മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ ഗാന്ധിയുടെ “ഹേ റാം’ അനശ്വരമാകുന്നു. എന്നാല്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥി “ജയ് ശ്രീ റാം’ എന്നു വിളിക്കുന്ന ഒരു ജനക്കൂട്ടം പിന്തുടരുമ്പോള്‍ “അല്ലാഹു അക്ബര്‍’ എന്നു വിളിക്കരുത്, ജയ് ഹിന്ദ് എന്ന് വിളിക്കണമെന്ന് ഉപദേശിക്കപ്പെടുന്നു. കാരണം, മുസ്‌ലിംകള്‍ കുറഞ്ഞതോതില്‍ മതവിശ്വാസികളും കൂടിയതോതില്‍ ദേശീയ മതനിരപേക്ഷരും ആയിരിക്കണമെന്നാണ് പൊതുബോധം. എന്നാല്‍ ഗാന്ധി വെടിയേറ്റ് മരിക്കുമ്പോള്‍ “ജയ് ഹിന്ദ്’ ഒരു ജീവനുള്ള സ്പന്ദനമായിരുന്നില്ലേ? എന്നിട്ടും ഗാന്ധിയുടെ “ഹേ റാം’ ആരും എതിര്‍ക്കുന്നില്ല.
ആത്യന്തികമായി, മതേതരത്വത്തിന് മതത്തെ ഉള്‍കൊള്ളാന്‍ കഴിയുമോ എന്നല്ല, മറിച്ച് ആരുടെ മതമാണ് “മതം’ എന്ന് വിവക്ഷിക്കാനറിയുമോ എന്നാണ് നോക്കേണ്ടത്. മുസ്‌ലിം സ്ത്രീ ഹിജാബ് ധരിച്ചതിന്റെ പേരിലുള്ള പീഡനം നമ്മോട് പറയുന്നത്, ഗാന്ധിയുടെ മതവിശ്വാസം മതേതര രാഷ്ട്രത്തില്‍ പൊറുക്കപ്പെടുമ്പോള്‍, മുസ്‌ലിം സ്ത്രീയുടെ ഹിജാബ് അതേ മതേതര രാഷ്ട്രത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ്.
(സൈക്കോ അനലിസ്റ്റ് തെറാപിസ്റ്റും കൊളംബിയ സര്‍വകലാശാലയിലെ മതവിഭാഗത്തിലെ ഡോക്ടറല്‍ കാന്റിഡേറ്റുമാണ് ലേഖിക.)
സെഹ്റ മഹ്ദി
കടപ്പാട് : ദ വയര്‍
വിവർത്തനം: എബി
You must be logged in to post a comment Login