എൻ സി ഇ ആർ ടിയിൽ ചരിത്രവിഭാഗം പ്രൊഫസറായിരിക്കുമ്പോൾ പാഠപുസ്തക നിർമാണത്തിൽ താങ്കൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഐ സി എച് ആറിൽ നടന്നതുപോലെ ചരിത്രത്തെ രാഷ്ട്രീയമായി വക്രീകരിക്കുന്ന കാലത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുള്ളതും സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുമായ ചരിത്രത്തിലെ വൈകാരിക സന്ദർഭങ്ങളെ എങ്ങനെ സമീപിക്കണമെന്നാണ് താങ്കൾ കരുതുന്നത്?
ഈയൊരു ചോദ്യത്തിന് ആദ്യമേ നന്ദി പറയട്ടെ. കാരണം എൻ സി ഇ ആർ ടിയിലുള്ള എന്റെ ഇടപെടലുകളിൽ മുഖ്യമായ ഒന്നിനെക്കുറിച്ചാണ് ചോദ്യം. 2005 മുതൽ 2012 വരെയാണ് ഞാൻ അവിടെ ഉണ്ടായിരുന്നത്. അതിൽ 2005 – 2008 വരെയുള്ള കാലയളവിൽ പാഠപുസ്തകങ്ങൾ ഞങ്ങൾ തയാറാക്കിയിരുന്നു. അന്ന് ഭരണത്തിൽ ബി ജെ പിയുടെ ആധിപത്യം ഉണ്ടായിരുന്നില്ല. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണമായിരുന്നു അന്ന്. കഴിവു തെളിയിച്ച വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന പ്രൊഫ. കൃഷ്ണകുമാർ ആയിരുന്നു എൻ. സി ഇ ആർ ടി ഡയറക്ടർ. പാഠപുസ്തകങ്ങൾ തയാറാക്കുന്നതിനായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ അക്കാദമിക് വിദഗ്ധരെയും പ്രൊഫസർമാരെയും ഒരുമിച്ചുകൂട്ടാൻ സമർഥനായിരുന്നു.
എൻ സി ഇ ആർ ടി യിൽ ചരിത്ര വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന കാലയളവിൽ പാഠപുസ്തകങ്ങൾ തയാറാക്കുമ്പോൾ അന്നത്തെ ഭരണകൂടതാത്പര്യങ്ങൾ ഇടപെട്ടിരുന്നില്ല. പതിനഞ്ചു മുതൽ ഇരുപതു വരെ അംഗങ്ങളുള്ള പാഠപുസ്തക വികസന കമ്മിറ്റികളായിരുന്നു അന്ന് പാഠപുസ്തകങ്ങൾ തയാറാക്കിയത്, മറിച്ച് ഏതെങ്കിലും ഒരു വ്യക്തിയായിരുന്നില്ല. ഇസ്‌ലാമിലെ പ്രവാചകനെ പ്രവാചകൻ മുഹമ്മദ് എന്നും ഗുരുനാനാക്കിനെ ബാബാ ഗുരുനാനാക്ക് എന്നും ഗാന്ധിയെ മഹാത്മാഗാന്ധിയെന്നും അഭിസംബോധന ചെയ്യാൻ അന്നത്തെ സർക്കാർ അഭ്യർഥിച്ചിരുന്നു. ഈ മൂന്ന് കാര്യങ്ങൾ മാത്രമേ ഞങ്ങളോട് ഭരണകൂടം ആവശ്യപ്പെട്ടിട്ടുള്ളൂ.
ഞങ്ങളുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ രണ്ടു കാര്യങ്ങളായിരുന്നു ഞങ്ങൾക്ക് ശ്രദ്ധിക്കേണ്ടിയിരുന്നത്. ഏറ്റവും പുതിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഞങ്ങൾക്ക് പാഠപുസ്തകങ്ങൾ തയാറാക്കേണ്ടിയിരുന്നത് എന്നതാണ് ഒന്നാമത്തേത്. 1960 കളുടെ അവസാനവർഷങ്ങളിൽ പ്രസിദ്ധീകരിച്ച റൊമിലാ ഥാപ്പറിന്റെയും മറ്റും പിന്നീട് അപ്രധാനമായിത്തീർന്ന പുസ്തകങ്ങളായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലെ ബി ജെ പി ഭരണം വരെ അവലംബിച്ചിരുന്നത്. ബി ജെ പി അധികാരത്തിലെത്തിയ സമയത്ത് ഭരണകൂടം അവരുടെ ആശയങ്ങൾക്ക് മറപിടിക്കുന്ന പുസ്തകങ്ങൾ ഉപയോഗിച്ചു. എന്നാൽ രാജ്യത്തുടനീളം ഏറെ വിമർശനങ്ങൾക്ക് വിധേയമായ ആ പാഠപുസ്തകങ്ങൾ തുടരാൻ പ്രൊഫ. കൃഷ്ണകുമാർ താത്പര്യപ്പെട്ടില്ല. പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങൾക്കപ്പുറം വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് അവയിൽ ഉണ്ടായിരുന്നത്. അതിനാലാണ് രാജ്യത്തെ എണ്ണമറ്റ അക്കാദമിക് വിദഗ്ധർ ആ പാഠപുസ്തകങ്ങളെ നിരാകരിച്ചത്. പുതിയ പാഠപുസ്തകങ്ങൾ തയാറാക്കുന്നത് വരെ നാഷണലിസ്റ്റ് മാർകിസ്റ്റ് എന്ന് ഞാൻ വിളിക്കുന്ന റൊമിലാ ഥാപ്പറടക്കമുള്ളവരെ അവലംബിച്ച പാഠപുസ്തകങ്ങൾ കുറഞ്ഞ കാലത്തേക്ക് ഉപയോഗിച്ചിരുന്നു.
സമയമെടുത്ത് ഗവേഷണങ്ങൾക്ക് ശേഷം മാത്രമാണ് ഞങ്ങൾ പാഠപുസ്തകങ്ങൾ തയാറാക്കിയത്. ഏറ്റവും പുതിയ ഗവേഷണങ്ങളുടെ നിഗമനങ്ങളെ അവലംബിച്ചു. റൊമില ഥാപ്പറെ പോലെയുള്ളവർ അവലംബിച്ച സ്രോതസ്സുകൾ ഏറെ മുമ്പുള്ളതാണ്. എന്നാൽ, ഒരു വിജ്ഞാനശാഖ (decipline) എന്ന നിലയിൽ ചരിത്രം ഏറെ മാറ്റങ്ങൾക്ക് വിധേയമായ ഘട്ടമായിരുന്നു അത്. ഉദാഹരണത്തിന് 1970 കളിൽ ചരിത്രരചനയിൽ വാമൊഴി ചരിത്രത്തിന് (Oral history) പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യാ വിഭജനത്തിന്റെ ഭാഗം ഗണ്യമായ വാമൊഴി ചരിത്രത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഞങ്ങൾ തയാറാക്കിയത്.
മാത്രമല്ല, പുതിയ തരത്തിലുള്ള ചരിത്രങ്ങളും സാങ്കേതികതകളും രീതിശാസ്ത്രങ്ങളും ഇന്ന് ചരിത്രപഠനത്തിൽ അവലംബിക്കുന്നുണ്ട്. ഭൗതിക വസ്തുക്കളുടെ ചരിത്രം(history of things), ജനങ്ങളുടെ ചരിത്രം(history of people), രാഷ്ട്രീയത്തിന്റെ ചരിത്രം (history of politics), സമ്പദ് വ്യവസ്ഥയുടെ ചരിത്രം(history of economy), സാങ്കേതികവിദ്യയുടെ ചരിത്രം(history of technology) തുടങ്ങിയ ചരിത്രങ്ങൾ ഇക്കാലങ്ങളിൽ പരിചിതമായിരുന്നു. അപ്പോഴും വസ്ത്രങ്ങളുടെ ചരിത്രം (history of clothes), നോവൽ പോലെ പുസ്തകങ്ങളുടെ ചരിത്രം(history of books), ക്രിക്കറ്റ് പോലെ കായികവിനോദങ്ങളുടെ ചരിത്രം(history of sports) തുടങ്ങിയവ സജീവമായിരുന്നില്ല. ചരിത്രകാരന്മാർ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർ ഇത്തരം വിഷയങ്ങളെ ഗൗരവതരമായി സമീപിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. നമ്മൾ പാഠപുസ്തകങ്ങൾ രൂപം കൊടുക്കുന്ന സമയത്തു ഇവയൊക്കെ ചരിത്രശാഖയുടെ പ്രധാന മേഖലകളായിട്ടുണ്ട്. വാമൊഴി ചരിത്രം, വനങ്ങളുടെ ചരിത്രം(history of forests), ആദിവാസികളുടെ ചരിത്രം(history of tribal groups), നായാട്ടു ചരിത്രം(history of hunting) തുടങ്ങിയവ മാതൃകയായി സ്വീകരിക്കാം. ഇത്തരം വിജ്ഞാനശാഖകളിലെ പുതിയ തരംഗങ്ങൾക്കനുസൃതമായി സ്കൂൾ വിദ്യാഭ്യാസത്തെ നവീകരിക്കുക എന്നതായിരുന്നു ഒരു ദൗത്യം.
ഞങ്ങൾക്ക് മുമ്പിലുണ്ടായിരുന്ന മറ്റൊരു പശ്ചാത്തലം വലിയ മാറ്റങ്ങൾക്ക് വിധേയമായ വിദ്യാഭ്യാസസമ്പ്രദായമായിരുന്നു. പുതിയ അധ്യാപനരീതികൾ ഉടലെടുത്തിട്ടുണ്ടായിരുന്നു. പുതിയ ഗവേഷണങ്ങളുടെയും മറ്റും അടിസ്ഥാനത്തിലുള്ള അറിവിനെ എങ്ങനെയാണ് വിദ്യാർഥികളിൽ രൂപപ്പെടുത്തുക, എങ്ങനെയാണ് നമ്മുടെ പാഠപുസ്തകങ്ങൾക്ക് ഏറ്റവും നവീനമായ അധ്യാപനരീതികൾ (Pedagogy) പ്രതിഫലിപ്പിക്കാനാവുക എന്നിത്യാദി ചോദ്യങ്ങൾ ഞങ്ങളുടെ മുമ്പിലുണ്ടായിരുന്നു.
എല്ലാ പാർട്ടികളുടെയും സാമൂഹികവിഭാഗങ്ങളുടെയും ഉയർന്നു വരാൻ സാധ്യതയുള്ള എതിർപ്പുകളെ പരമാവധി മുൻകൂട്ടി മനസിലാക്കിയും അതിനുള്ള സാധ്യതകൾ പരമാവധി കുറച്ചുമാണ് ഞങ്ങൾ പാഠപുസ്തകങ്ങൾ തയാറാക്കിയത്. എല്ലാവരുടെയും വീക്ഷണങ്ങളെ അവരുടെ വിശ്വാസങ്ങൾക്കനുസൃതമായി കൃത്യമായി അവതരിപ്പിച്ചിരുന്നു. അപ്പോഴും ആശയപരമായ ഞങ്ങളുടെ നിലപാടിനെ ഞങ്ങൾ നിലനിർത്തിയിരുന്നു. ഞാനൊരു ഉദാഹരണം പറയാം. ആർ എസ് എസ് 1930 കളുടെ അവസാനത്തിലും 1940 കളുടെ തുടക്കത്തിലുമായാണ് വിപുലീകൃതമായത് എന്ന് നമുക്കറിയാം. ഇന്ത്യാവിഭജനത്തിന്റെ പാഠഭാഗത്തിൽ ഗോൾവാൾക്കറുടെ നേതൃത്വത്തിൽ ആർ എസ് എസ് ഇക്കാലയളവിൽ അതിവേഗത്തിൽ വ്യാപിച്ച വസ്തുത പറയുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അഭിമാനകരമായൊരു വസ്തുതയാണ് ഇത്. അക്കാലയളവിലാണ് അവരുടെ പ്രവർത്തനമേഖലകൾ വിശാലമാവുകയും അംഗത്വം വർധിക്കുകയും ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണ് എന്ന ആശയത്തിന് പ്രചാരം ലഭിക്കുകയും ചെയ്തത്. ഇതൊരു ആർ എസ് എസുകാരനും എതിർക്കില്ല. എന്നാൽ പാഠഭാഗം മുഴുവനായി വായിച്ചുനോക്കുമ്പോൾ ഞങ്ങളുടെ ആശയപരമായ നിലപാട് ആണ് ശരിയെന്ന് വ്യക്തമായി മനസിലാവും. ഞാൻ അടിസ്ഥാനപരമായി എല്ലാ വിധത്തിലുള്ള വർഗീയതക്കും മതസ്പർധക്കും വിഘടനവാദങ്ങൾക്കും എതിരാണ്. പാഠപുസ്തകങ്ങൾ തയാറാക്കുന്ന സമയത്ത് ഭിന്നവീക്ഷണങ്ങളെ അഭിമുഖീകരിക്കാൻ എങ്ങനെയാണ് സാധിച്ചത് എന്നതു കൂടിയാണ് നിങ്ങളുടെ ചോദ്യമെന്ന് ഞാൻ മനസിലാക്കുന്നു. അതിന് ഞങ്ങൾ സ്വീകരിച്ച പ്രായോഗിക മാർഗമായിരുന്നു മേൽ പറഞ്ഞത്.
2014 ന് ശേഷമുള്ള എൻ സി ഇ ആർ ടി യുടെ മാറ്റങ്ങളും പ്രവർത്തനങ്ങളും താങ്കൾ എങ്ങനെ വിലയിരുത്തുന്നു? അരികുവത്കൃത സമൂഹങ്ങളെ കൂടി ഉൾക്കൊള്ളുന്ന തരത്തിൽ എന്തൊക്കെ പുതിയ നടപടികൾ വേണമെന്നാണ് താങ്കൾ നിർദേശിക്കുന്നത് ?
2014 ന് ശേഷം അധികാരം കൈവശമുള്ളതിനാൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം അതിന്റെ ആധിപത്യം നന്നായി സ്ഥാപിച്ചിരിക്കുകയാണ്. എന്നാൽ, ഈ പാഠപുസ്തകങ്ങൾ തിരുത്തുക എന്നതാണ് അവർക്കിതുവരെ സാധ്യമാവാത്ത ലക്ഷ്യങ്ങളിലൊന്ന് . ചില കുറഞ്ഞ തിരുത്തുകൾ മാത്രമാണ് അവർ ഇതുവരെ കൊണ്ടുവന്നത്.
ഉദാഹരണത്തിന് വിഭജനത്തിന്റെ പാഠഭാഗം നിങ്ങൾ പരിശോധിച്ചാൽ വിഭജനം സാധാരണ ജനങ്ങളിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെ അടയാളപ്പെടുത്താൻ മൂന്ന് വാമൊഴി സാക്ഷ്യങ്ങൾ നൽകിയിട്ടുള്ളതായി കാണാനാവും. അത് മൂന്ന് പാക്കിസ്ഥാനി പൗരന്മാരുടേതാണ്. മൂന്നു പാക്കിസ്ഥാൻ പൗരന്മാരുടെ സംസാരത്തിലാണ് ഇന്ത്യയുടെ നികുതിപ്പണം ഉപയോഗിച്ച് അച്ചടിച്ച ഒരു പുസ്തകത്തിന്റെ ഒരു അധ്യായം തുടങ്ങുന്നത് . ഒരു ഹിന്ദു ജനക്കൂട്ടം എങ്ങനെയാണ് ജമ്മുവിലെ ഒരു ഗ്രാമത്തിൽ ഏതാണ്ടെല്ലാ മുസ്‌ലിംകളെയും കൊലപ്പെടുത്തിയത് എന്നാണ് അതിൽ ആദ്യത്തെ വ്യക്തി പറയുന്നത്. അദ്ദേഹത്തിന്റെ പിതാവ് മാത്രമാണ് ആ സംഭവത്തിൽ നിന്ന് രക്ഷപ്പെട്ടത്. സ്വന്തം ജീവൻ രക്ഷിക്കാനായി അദ്ദേഹം മൃതദേഹങ്ങളൊടൊപ്പം മരിച്ചത് പോലെ കിടക്കുകയാണ് ചെയ്തത്.
ഇങ്ങനെയൊരു അവതരണത്തിലൂടെ എല്ലാ മതസമുദായങ്ങളും ദുരിതങ്ങൾ അനുഭവിച്ചിരുന്നു എന്നതിനും ഹിന്ദുക്കളും മുസ്‌ലിംകളും സിക്കുകാരും അതിന് ഇരകളായിരുന്നു എന്നതിനുമപ്പുറം വിഭജനത്തിന്റെ ശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്നു എന്ന ആശയത്തെ പറയാനാണ് ഞങ്ങൾ ശ്രമിച്ചത്. ജനങ്ങൾ ഇപ്പോഴും വിഭജനത്തിന്റെ അനുഭവങ്ങൾ പേറിയാണ് ജീവിക്കുന്നത് എന്ന വസ്തുത ഓർമിപ്പിക്കാനാണ് ഞങ്ങൾ ഉദ്ദേശിച്ചത്.
ഈ പാഠഭാഗം മുന്നോട്ടുവെക്കുന്ന ചിന്താഗതി 2014 ൽ അധികാരത്തിലേറിയ ബി ജെ പി സർക്കാരിന്റെ ആശയധാരക്ക് വിരുദ്ധമായതാണ്. അവർ ഇതുവരെ ആ പുസ്തകം തിരുത്തിയിട്ടില്ല. എന്റെ അഭിപ്രായത്തിൽ അവർക്ക് അത് തിരുത്താൻ സാധിക്കുകയുമില്ല. കാരണം അത് പ്രതിരോധിക്കപ്പെടും. ഇന്നും അക്കാദമിക് പണ്ഡിതർക്കിടയിലെ ബുദ്ധിജീവികൾ ബി ജെ പിയെ പിന്തുണക്കുന്നില്ല. ചരിത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, സാഹിത്യം പോലുളള സ്വതന്ത്രമായ വിജ്ഞാനശാഖകളിലെ ശരിയായ പ്രൊഫഷണലിസം വർഗീയതയോട് രാജിയാവില്ല. അതേസമയം ബി ജെ പിയെ പിന്തുണക്കുന്ന അക്കാദമിക് വിദഗ്ധർക്ക് എങ്ങനെയാണ് ഈ പാഠപുസ്തങ്ങൾ തിരുത്തിയെഴുതി ബദൽ പുസ്തകങ്ങൾക്ക് രൂപം നൽകുക എന്നത് അറിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. അവർക്ക് അത് സാധ്യമാവുകയുമില്ല.
ഒരു പാർട്ടി അധികാരത്തിലേക്ക് വന്നാൽ പെട്ടെന്ന് തന്നെ പരിഗണിക്കാൻ സാധിക്കുന്ന വിഷയമല്ല പാഠപുസ്തക മാറ്റം. കാരണം അവർക്ക് മറ്റു പലതും പരിഗണനയിലുണ്ടാകും. അപ്പോഴും ഈ പാർട്ടി ഭരണത്തിലെത്തി ഏഴു വർഷം കഴിഞ്ഞിട്ടുണ്ട്. അവർക്ക് അതിന് സാധ്യമാകാത്തത് തന്നെയാണ് കാരണം എന്നാണ് എന്റെ അഭിപ്രായം.
പ്രൊഫഷൻ പ്രകാരം താങ്കളൊരു ചരിത്രകാരനാണ്. നിലവിൽ ഒരു വിദ്യാഭ്യാസപ്രവർത്തകനായി മാറിയിരിക്കുന്നു. ഈയൊരു മാറ്റം എങ്ങനെയാണ് സംഭവിച്ചത്?
അതിന് പിറകിൽ ഒരു പശ്ചാത്തലമുണ്ട്. 2005 വരെ ഞാൻ ഡൽഹി സർവകലാശാലയിൽ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായും പിന്നീട് ജപ്പാനിൽ അസോസിയേറ്റ് പ്രഫസറായും പ്രവർത്തിച്ചിരുന്നു. അവിടെ നിന്ന് തിരിച്ചു വന്നപ്പോളായിരുന്നു എൻ സി ഇ ആർ ടി യുടെ പ്രൊഫസർഷിപ്പ് പരസ്യം കാണുന്നത്. ആ സമയത്ത് ആ സ്ഥാനത്തിനാണ് ഞാൻ മുൻഗണന നൽകിയത്. ഡോ. കൃഷ്ണകുമാർ ആണ് ഡയറക്ടർ എന്നതുകൊണ്ടും പുതിയ പാഠപുസ്തകങ്ങൾ തയാറാക്കുന്നു എന്നതുകൊണ്ടും അതിനെ ഞാൻ കണ്ടത് ചെറുതല്ലാത്ത സംഭാവനകൾ നൽകാവുന്ന സുവർണാവസരമായാണ് . പ്രൊഫ. കൃഷ്ണകുമാറിന്റെ വ്യക്തിത്വത്തിന് കീഴിൽ അത് സാധ്യവുമായിരുന്നു. 2012 വരെ ഞാൻ അവിടെ തുടർന്നു.
അവിടെയുള്ള അനുഭവങ്ങൾ പാഠപുസ്തകങ്ങൾ തയാറാക്കൽ, അധ്യാപകർക്ക് പരിശീലനം നൽകൽ, കരിക്കുലം തയാറാക്കൽ തുടങ്ങിയ ദൗത്യങ്ങൾ വിദ്യാഭ്യാസസംവിധാനങ്ങളിലെ ചരിത്രാധ്യാപനമേഖലയെ മനസിലാക്കാൻ എന്നെ സഹായിച്ചു.
2012 ൽ ഞാൻ ബാംഗ്ലൂരിലെ അസിം പ്രേംജി സർവകലാശാലയിൽ നിയമിതനായി. അവിടെ ചരിത്രവിഭാഗം ഉണ്ടായിരുന്നില്ല. സ്കൂൾ ഓഫ് ഡെവലപ്മെന്റൽ സ്റ്റഡീസ്, സ്കൂൾ ഓഫ് എജുക്കേഷൻ എന്നിങ്ങനെ രണ്ടു മേഖലയായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എന്റെ എൻ സി ഇ ആർ ടിയിലെ സേവനം കണക്കിലെടുത്ത് എജുക്കേഷൻ വിഭാഗത്തിൽ ഒരു ചരിത്രകാരനായാണ് ഞാൻ അധ്യാപനം നടത്തിയത്. എന്താണ് ചരിത്രം, എങ്ങനെയാണ് ചരിത്രം പഠിക്കുക, എങ്ങനെയാണ് അതിന്റെ കരിക്കുലം തയാറാക്കുക തുടങ്ങിയവ പഠിപ്പിക്കുകയായിരുന്നു എന്റെ പ്രാഥമികദൗത്യം. ചരിത്രത്തെയും സാമൂഹികശാസ്ത്രത്തെയും എജുക്കേഷൻ സ്റ്റഡീസുമായി ബന്ധപ്പെടുത്തുക എന്നതായിരുന്നു എന്റെ കർത്തവ്യം. അത് എജുക്കേഷൻ മേഖലയിലെ എന്റെ അനുഭവസമ്പത്തിനെ ശക്തിപ്പെടുത്തി.
അതേസമയം ഡൽഹിയിൽ ബിരുദാനന്തര പഠനത്തിൽ എന്റെ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് ഒരു ഫൗണ്ടേഷൻ ആരംഭിച്ചിരുന്നു. അവർ പിന്നീട് പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്നായിരുന്നു പി എച്ച് ഡി പൂർത്തിയാക്കിയത്. അവർ എന്നെ ആ ഫൗണ്ടേഷനിലേക്ക് ക്ഷണിച്ചു. ആ അവസരത്തിൽ ഫൗണ്ടേഷനുമായി സഹകരിക്കാൻ അസിം പ്രേംജി സർവകലാശാലയിൽ നിന്ന് വിരമിക്കുന്നത് വരെ കാത്തുനിന്നാൽ വളരെ വൈകുമെന്ന് ഞാൻ ചിന്തിച്ചു. കാരണം വിദ്യാഭ്യാസപ്രവർത്തനങ്ങൾ പ്രായോഗികമായി ചെയ്യേണ്ടതും നേരിട്ടുള്ള ഇടപെടലുകൾ ആവശ്യമായതുമായ കാര്യമാണ്. ഇന്ന് ഡൽഹിയിലും ബീഹാറിലെ ഗ്രാമങ്ങളിലും ഹൈദരാബാദിലുമായാണ് ഞാൻ ഒരു മാസം ചെലവഴിക്കുന്നത്. എന്റെ പ്രായം കൂടിവരികയാണ്. ഇപ്പോൾ ഈ ഫൗണ്ടേഷനുമായി ഞാൻ സഹകരിച്ചില്ലെങ്കിൽ പിന്നീട് അത് എനിക്ക് സാധിക്കണമെന്നില്ല. ഇതാണ് ചുരുക്കത്തിൽ എന്റെ പ്രവർത്തനമേഖലയുടെ കാലഗണന.
നിരവധി തവണ കേരളത്തിൽ വന്ന വ്യക്തിയാണ് താങ്കൾ. കേരളത്തിലെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങൾ താങ്കൾ സന്ദർശിച്ചിട്ടുമുണ്ട്. കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങൾ ആപേക്ഷികമായി വ്യത്യസ്തമാണ് എന്ന് തോന്നിയിട്ടുണ്ടോ? നിലവിലുള്ള സംവിധാനത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം എന്നാണ് കരുതുന്നത് ?
കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ, പ്രത്യേകിച്ചും ജാമിഅ മർകസിന്റെ കീഴിലുള്ളവയുടെ പ്രധാനവ്യത്യാസം മതവിദ്യാഭ്യാസത്തോടൊപ്പം ബിരുദപഠനത്തിനും ബിരുദാനന്തരപഠനത്തിനും അവസരം നൽകുന്നു എന്നതാണ്. എന്നാൽ ഇതിനായി വിദൂരവിദ്യാഭ്യാസ സംവിധാനമാണ് നിലവിൽ അവലംബിക്കുന്നത്. മതപഠനത്തോടൊപ്പം ഫേസ് ടു ഫേസ് രീതി അവലംബിക്കുന്ന റെഗുലർ വിദ്യാഭ്യാസം നൽകുന്നത് കൂടുതൽ ഫലപ്രദമാവും. പുറം സംസ്ഥാനങ്ങളിൽ മർകസ് പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുമ്പോൾ നിലവിൽ സ്വീകരിച്ചു പോരുന്ന ഈ സമ്പ്രദായത്തിന് മാറ്റം വരണം. അവിടങ്ങളിൽ സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്സ് പോലെ ലിബറൽ ആർട്സ് വിഷയങ്ങൾ മതപഠനത്തോടാപ്പം റെഗുലറായി നൽകാനാവണം. ഈ അഭിപ്രായം ഞാൻ ജാമിഅ മർകസ് സാരഥികളുമായി പങ്കുവെച്ചിരുന്നു.
ഇവിടെയുള്ള മുസ്‌ലിം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഒരു പ്രധാന സവിശേഷത രണ്ടു വിദ്യാഭ്യാസങ്ങളെയും സംയോജിപ്പിക്കുന്നു എന്നതാണ്. ഇവിടെയുള്ള മതപഠനത്തിലും അതിനിടയിലെ വിദൂരവിദ്യാഭ്യാസസമ്പ്രദായം മുഖേനയുള്ള ഭൗതിക ബിരുദപഠനത്തിലും ശേഷം വിദ്യാർഥികളെ വിവിധ സർവകലാശാലകളിലായി റെഗുലർ പഠനത്തിന് അയക്കുന്നതിലും ശൈഖ് സാഹിബ് (കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ) ഉത്സാഹം പ്രകടിപ്പിക്കുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്.
വിദ്യാഭ്യാസത്തെ കുറിച്ച് സമഗ്രമായൊരു വീക്ഷണം പുലർത്തുന്നവരാണ് കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസസ്ഥാപനങ്ങൾ. ഉത്തരേന്ത്യൻ ഭാഗങ്ങളിൽ എനിക്ക് കാണാൻ സാധിച്ചിട്ടില്ലാത്ത തരത്തിലുള്ള ഗഹനമായൊരു പഠനപദ്ധതി അവർക്കുണ്ട്.
ഈ വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെട്ടതിൽ എന്തെങ്കിലും ചരിത്രപശ്ചാത്തലമുണ്ടോ? ഇത് സമൂഹത്തിൽ എങ്ങനെയാണ് സ്വാധീനം ചെലുത്തിയത്?
കേരളത്തിന്റെ ചരിത്ര സവിശേഷതകളെ കുറിച്ച് ഞാൻ ആഴത്തിൽ പഠനവിധേയമാക്കിയിട്ടില്ല. പക്ഷേ, ശൈഖ് സാഹിബിന്റെ ജീവചരിത്രവും മർകസിന്റെ ചരിത്രവും നിർബന്ധമായും എഴുതപ്പെടണം എന്നാണ് എന്റെ അഭിപ്രായം.
എന്റെ വീക്ഷണത്തിൽ ഇവിടെയുള്ള നേതൃത്വം വളരെ സൂക്ഷ്മബുദ്ധിയുള്ളവരാണ്. മർകസ് പോലെയുള്ള മുസ്‌ലിം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഗുണഭോക്താക്കൾ കാലാനുസൃതമായ മാറ്റങ്ങൾക്ക് സന്നദ്ധരാവുകയും പുതിയതടക്കമുള്ള എല്ലാ വിധ പ്രൊഫഷണലുകളിലും എത്തിച്ചേരുന്നുമുണ്ട്. അപ്പോൾ തന്നെ പുതിയ പ്രൊഫഷണലുകളിലേക്കുള്ള ഈ ഒഴുക്ക് ടെക്നോളജിയിലും എഞ്ചിനിയറിംഗിലും മാത്രമായി ഒതുങ്ങരുത് എന്ന നിർബന്ധം അവർക്കുണ്ട്. അത് ലിബറൽ ആർട്സ് വിഷയങ്ങൾ പഠിച്ചവരുടെ സാധ്യതകളിലേക്ക് കൂടി വ്യാപിക്കണം. അതുകൊണ്ട് തന്നെ ഏത് വിദ്യാഭ്യാസം ഏത് തൊഴിൽമേഖലയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന സങ്കീർണമായ വിഷയത്തിൽ വീക്ഷണപ്രാപ്തിയും വ്യക്തമായ ബോധതലവും അവർക്കുണ്ട് . കാരണം ഇവിടെ ഈയൊരു ബന്ധം പഠനവും എൻജിനിയറിങ്ങും മെഡിസിനും തമ്മിൽ ഒതുങ്ങി നിൽക്കുന്നില്ല. വിശേഷിച്ചും ദക്ഷിണേന്ത്യയിൽ ഇവ രണ്ടുമല്ലാതെ മറ്റൊന്നും പഠനത്തിന് തിരഞ്ഞെടുക്കാത്ത സ്ഥിതിവിശേഷമുണ്ട്. കേരളത്തിലെ സാഹചര്യം അതിൽ നിന്ന് വ്യത്യസ്തമാണ്.
ഇത് ആഴത്തിലുള്ള പാരമ്പര്യ പഠനത്തിന്റെ, ഇസ്‌ലാമിക ജ്ഞാനത്തിന്റെ ഫലമാണ് എന്നാണ് എനിക്ക് തോന്നുന്നത്. പാരമ്പര്യ പഠനത്തിൽ പ്രത്യേകിച്ചും എല്ലാ തരത്തിലുള്ള അറിവുരീതികളും അതിന്റെ പ്രതിഫലനങ്ങളും അധ്യാപനം ചെയ്യപ്പെടും.
ഭാഗികമായി ഈ വികാസം കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ മാപ്പിളസമൂഹം മറികടന്ന പ്രയാസങ്ങളുടെ ഫലമായും വിലയിരുത്താം. മാപ്പിള സമൂഹത്തിന് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ അവരെ ദാരിദ്ര്യത്തോടും അടിച്ചമർത്തലിനോടും പോരാടാൻ സന്നദ്ധമാക്കാനും ലോകത്ത് അവരുടെ ഇടം നിർണയിക്കാനും ശൈഖ് സാഹിബിനെ പോലുള്ളവർ വളരെ ഉത്സുകരാണ്. മൊത്തത്തിൽ ഈ മൂന്നു കാര്യങ്ങൾ- പ്രതികൂലമായ ഭൗതികസാഹചര്യത്തിലുള്ള അനുഭവങ്ങൾ, ധൈഷണികമായും മാനസികമായും ശാരീരികശേഷിയാലും ഇടപെടേണ്ട എല്ലാ തരത്തിലുള്ള അറിവുകൾക്കും പ്രചോദനം നൽകുന്ന നേതാക്കൾ, പ്രത്യേകിച്ചും അതിനു കാരണമായ അവരുടെ ഗഹനമായ പാരമ്പര്യ വിദ്യാഭ്യാസവും ഭക്തിയും എടുത്തുപറയേണ്ടതാണ്.
ഇത്തരമൊരു വിദ്യാഭ്യാസസമ്പ്രദായത്തെ ഉത്തരേന്ത്യയിൽ വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച് എന്തു പറയുന്നു? അതിന്റെ സാധ്യതകൾ എന്തെല്ലാമാണ്?
പഞ്ചാബിലേക്കും ബീഹാറിലേക്കും ബംഗാളിലേക്കും മറ്റിതര പ്രദേശങ്ങളിലേക്കും മർകസ് അതിന്റെ പ്രവർത്തനങ്ങൾ എന്തായാലും വ്യാപിപ്പിക്കേണ്ടതാണ്. സമൂഹത്തിൽ ആരെങ്കിലും ഉന്നമനപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അവർക്ക് ഭരണകൂടം പിന്തുണ നൽകണം എന്നാണ് എന്റെ വീക്ഷണം. ഭരണകൂടം മർകസിനെ നേരിട്ട് സഹായിക്കണം എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. കുറഞ്ഞ പക്ഷം മർകസിന്റെയും മികച്ച എൻ ജി ഒകളുടെയും പ്രവർത്തനങ്ങളെ ഇന്ത്യൻ സർക്കാർ മനസിലാക്കുകയെങ്കിലും വേണം. സർക്കാർ സൗകര്യം ചെയ്തുകൊടുക്കുന്ന ഏജൻസി (facilitator) ആവുകയാണ് വേണ്ടത്. മർകസ് കേരളത്തിന് പുറത്ത് പ്രവർത്തിക്കുമ്പോൾ ഇത് അനിവാര്യമാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ മർകസിന് ഇത്തരത്തിലുളള പിന്തുണ ലഭിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ബംഗാളിൽ മർകസിന്റെ പരിശ്രമങ്ങളെ സർക്കാർ പിന്തുണക്കുന്നതായി അറിയാൻ സാധിച്ചു. ഈ സാമൂഹികപ്രവർത്തനങ്ങൾ മർകസിന്റെ മാത്രം ദൗത്യമായിട്ടല്ല ഞാൻ കാണുന്നത്. മർകസിനെ പ്രവർത്തിക്കാൻ അനുവദിക്കുക എന്നത് ഇന്ത്യൻ സ്റ്റേറ്റിന്റെ കൂടി ഉത്തരവാദിത്വമാണ്. എന്നാൽ ഒരു പൊതു- സ്വകാര്യ സഹകരണമാതൃകയുമല്ല ഞാൻ ഉദ്ദേശിച്ചത്. മലബാറിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ഒരു സംഘം / സാമൂഹിക സംഘടന / എൻ ജി ഒ ഇവിടെയുണ്ടെന്നും അവർക്ക് നമ്മുടെ നാട്ടിൽ മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെക്കാനാവുമെന്നും ഭരണകൂടം പ്രായോഗികമായി മനസിലാക്കണം. എഫ് സി ആർ എ പോലെ സ്റ്റേറ്റ് ഉപകരണങ്ങൾ മുൻവിധികളോട് കൂടി ദുരുപയോഗപ്പെടുത്തുന്ന കാലത്ത് കുറഞ്ഞ പക്ഷം അതെങ്കിലും ആവശ്യമാണ്.
ഡോ. അനിൽ സേത്തി/
എം അബ്ദുൾഫത്താഹ്, മുഹമ്മദ് സിറാജ്റഹ്മാൻ
You must be logged in to post a comment Login