ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചുവരവാണ് ബി ജെ പി നടത്തിയത്. 41.3 ശതമാനം വോട്ടോടെ 255 സീറ്റില്‍ അവര്‍ വിജയിച്ചു. സഖ്യകക്ഷികളുടെ സീറ്റ് കൂടി ചേര്‍ത്താല്‍ സഭയില്‍ 274 സീറ്റാകും. മുഖ്യ എതിരാളിയായ സമാജ്വാദി പാര്‍ട്ടി 32.1 ശതമാനം വോട്ട് നേടി, 111 സീറ്റില്‍ വിജയിച്ചു. ആര് എല്‍ ഡി, എസ് ബി എസ് പി തുടങ്ങി ഏഴുപാര്‍ട്ടികളുടെ സഖ്യത്തിന് ആകെ നേടാനായത് 124 സീറ്റ് മാത്രം. അഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷം അധികാരത്തില്‍ തിരിച്ചെത്താനായത് ബി ജെ പിയെ സംബന്ധിച്ച് തിളക്കമുള്ള നേട്ടമാണെങ്കിലും 2017ല്‍ 326 സീറ്റ് എന്ന പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി സീറ്റെണ്ണം കുറവാണ്. ഭരണവിരുദ്ധ വികാരം ഉത്തര്‍പ്രദേശില്‍ ശക്തമായുണ്ടായിരുന്നുവെന്നതിന് തെളിവാണ് ഈ കുറവ്.
ഭരണവിരുദ്ധ വികാരമുണ്ടായിട്ടും ബി ജെ പിയെ പരാജയപ്പെടുത്താന്‍ സമാജ്വാദി പാര്‍ട്ടി നേതൃത്വം നല്കിയ സഖ്യത്തിന് സാധിക്കാതെ പോയത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. അതില്‍ ഏറ്റവുമാദ്യം പരിഗണിക്കേണ്ടത് വോട്ട് വിഹിതത്തിലെ വലിയ വ്യത്യാസമാണ്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 41.57 ശതമാനം വോട്ടാണ് ബി ജെ പി നേടിയത്. സമാജ്വാദി പാര്‍ട്ടിക്ക് കിട്ടിയത് 28.32 ശതമാനം വോട്ടും. 13 ശതമാനമാണ് വ്യത്യാസം. ഒരു തിരഞ്ഞെടുപ്പില്‍ ഇത്രയും വോട്ടുകള്‍ ചേരിമാറുക എന്നത് ഏറെക്കുറെ അസംഭവ്യമാണ്. അതുതന്നെയാണ് 2022ലെ തിരഞ്ഞെടുപ്പിലുണ്ടായതും. വോട്ടു ശതമാനത്തിലെ വ്യത്യാസത്തെക്കുറിച്ചുള്ള ബോധ്യം സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്വത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഭരണത്തിനെതിരായ വോട്ടുകളെ ഏകീകരിക്കാന്‍ വലിയ പ്രയത്നമാണ് അവര്‍ നടത്തിയത്. ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി അകന്ന നേതാക്കളെ എസ് പിയിലേക്ക് കൊണ്ടുവന്നു. ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി. പക്ഷേ, ഇതെല്ലാം ബി ജെ പി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കാന്‍ മാത്രമാണ് സഹായിച്ചത്. ബി ജെ പിയുടെ വോട്ട് ബാങ്കിലേക്ക് കടന്നുകയറാന്‍ വേണ്ടത്ര ശ്രമം എസ് പി നേതൃത്വം നടത്തിയില്ല.
യോഗി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന സ്വാമി പ്രസാദ് മൗര്യ, ദാര സിംഗ് ചൗഹാന്, ധരംസിംഗ് സൈനി എന്നീ പിന്നാക്ക വിഭാഗ നേതാക്കള്‍ രാജിവെച്ച് എസ് പിയില്‍ ചേര്‍ന്നത് മാത്രമാണ് ബി ജെ പിയുടെ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ ഇടയുണ്ടായിരുന്ന നീക്കം. എന്നാല്‍ ഈ നേതാക്കള്‍ ചേരിമാറിയത് കൊണ്ട് അവര്‍ പ്രതിനിധാനം ചെയ്ത സമുദായം എസ് പിയിലേക്ക് ആകര്ഷിക്കപ്പെട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം മാത്രമാണ് ഈ നേതാക്കള്‍ എസ് പിയിലേക്ക് കൂടുമാറുന്നത്. അതുകൊണ്ട് തന്നെ സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തി, എസ് പിയ്ക്കൊപ്പം അണിനിരത്താന്‍ ഇവര്‍ക്കായില്ല. 2021 ജൂണില്‍ ഈ ലേഖകന്‍ ലക്നോ സന്ദര്‍ശിക്കുമ്പോള്‍ തന്നെ, ഈ നേതാക്കള്‍ ചേരിമാറാന്‍ തയാറെടുക്കുകയാണെന്ന അഭ്യൂഹം ശക്തമായുണ്ടായിരുന്നു. പക്ഷേ, അവരുടെ വരവിന്റെ വേഗം കൂട്ടാന്‍ അഖിലേഷ് യാദവിനായില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം എസ് പിയിലേക്ക് വന്ന ഇവര്‍ക്ക് ആ പാര്‍ട്ടി നേതൃത്വം നല്കുന്ന മുന്നണിക്കായി വേണ്ടത്ര ഊര്‍ജിതമായി പ്രചാരണം നടത്താന്‍ സാധിച്ചില്ല.
രണ്ടാമത്തെ കാരണം എസ് പിയുടെ ദുര്‍ബലമായ സംഘടനാ സംവിധാനമാണ്. മുലായം സിംഗിന്റെ കാലത്തും പിന്നീട് അഖിലേഷ് നേതൃത്വമേറ്റെടുത്തതിന് ശേഷവും എസ് പി ഒരു കേഡര്‍ പാര്‍ട്ടിയല്ല. മുലായം സിംഗ് യാദവിന് വ്യക്തിബന്ധമുണ്ടായിരുന്ന പ്രാദേശിക നേതാക്കളിലൂടെയായിരുന്നു സംഘടനാ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്, ഉത്തര്‍ പ്രദേശിലാകെ. രക്ഷാധികാരിയായ നേതാവിനോട് സൗഹൃദം സൂക്ഷിക്കുന്ന നേതാക്കളുടെ നിര നയിക്കുന്ന പാര്‍ട്ടിയായിരുന്നു എസ് പി എന്നും. നേതൃത്വത്തിന്റെ പ്രതിനിധികള്‍ നിയന്ത്രിക്കുന്ന സംവിധാനമാണ് എസ് പി എന്ന് ഭാരവാഹികളിലൊരാള്‍ തന്നെ ചൂണ്ടിക്കാട്ടി. ഒരുകാലത്തും പ്രവര്‍ത്തകരുടെ പാര്‍ട്ടിയായിരുന്നില്ല. അഖിലേഷ് നേതൃത്വം ഏറ്റെടുത്തതിന് ശേഷവും ഈ രീതി തുടര്‍ന്നു. സംഘടനാ സംവിധാനമുണ്ടാക്കാന്‍ ഒരു ശ്രമവും അദ്ദേഹം നടത്തിയതുമില്ല. 2022 ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നത് നേരത്തെ തന്നെ അറിവുള്ളതാണ്. എന്നിട്ടും പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യുട്ടീവ് കൗണ്‍സിലിനെ പ്രഖ്യാപിക്കുന്നത് 2021 ഒക്ടോബര്‍ മധ്യത്തില്‍ മാത്രം. പുതിയ കൗണ്‍സിലിന് തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ലഭിച്ചത് രണ്ടോ മൂന്നോ മാസം മാത്രം. ബാബാ സാഹെബ് അംബ്ദേകറുടെ ജന്മശതാബ്ദി ദിനത്തിലാണ്, ദലിത് വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായി അംബേദ്കര്‍ വാഹിനി രൂപവത്കരിക്കുമെന്ന് അഖിലേഷ് പ്രഖ്യാപിച്ചത്. വാഹിനിക്കൊരു പ്രസിഡന്റുണ്ടായതും ഒക്ടോബര്‍ മധ്യത്തില്‍ മാത്രം. ദേശീയ സമിതിയോ സംസ്ഥാന സമിതിയോ രൂപവത്കരിക്കാനുള്ള സമയം അംബേദ്കര്‍ വാഹിനിയുടെ പ്രസിഡന്റിന് ലഭിച്ചില്ല.
ബി ജെ പിയുമായി താരതമ്യം ചെയ്യുമ്പോള്‍ സംഘടനാതലത്തില്‍ എത്രമാത്രം ദുര്‍ബലമാണ് എസ് പി എന്നതിന് ഇതൊക്കെ തെളിവുകളാണ്. ബി ജെ പിയാകട്ടെ എണ്ണയിട്ട യന്ത്രം പോലെയായിരുന്നു. തിരഞ്ഞെടുപ്പ് മാനേജ്മെന്റും പ്രചാരണവും നിയന്ത്രിക്കുന്നതില്‍ മികവ് കൈവരിക്കാന്‍ ഒരു വര്‍ഷം നീണ്ട പരിശീലനമാണ് സംഘടനാ നേതൃത്വത്തിലുള്ളവര്‍ക്കായി ബി ജെ പി സംഘടിപ്പിച്ചത്. ഇത് മാത്രം മതി, അവര്‍ തിരഞ്ഞെടുപ്പിനൊരുങ്ങിയ രീതി മനസിലാക്കാന്‍.
അഖിലേഷ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതും ഏറെ വൈകിയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള സമയത്ത് അദ്ദേഹം കൊവിഡ് ബാധിതനായി വീടിനുള്ളില്‍ അടച്ചിരിക്കുകയായിരുന്നു. രോഗമുക്തനാവുകയും ലോക്ഡൗണ്‍ പിന്‍വലിക്കപ്പെടുകയും ചെയ്തതിന് ശേഷം അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്ന പ്രധാന ദൗത്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കലും പ്രചാരണത്തിന് സ്വന്തം ടീമിനെ നിശ്ചയിക്കലുമായിരുന്നു. ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത് വരെയുള്ള ദിവസങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ അഖിലേഷിന് സാധിച്ചില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പ്രചാരണ രംഗത്ത് വേണ്ടത്ര വിന്യസിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചതുമില്ല. സ്വാമി പ്രസാദ് മൗര്യയെയും ഓം പ്രകാശ് രാജ്ഭറിനെയും പോലുള്ള നേതാക്കള്‍ ഹെലിക്കോപ്റ്ററില്‍ പറന്ന് പ്രചാരണം നടത്തുന്ന കാഴ്ച വോട്ടെടുപ്പിന് അവസാനത്തെ മൂന്ന് ഘട്ടങ്ങളില്‍ മാത്രമാണ് കണ്ടത്. മറ്റു മണ്ഡലങ്ങളില്‍ പ്രചാരണത്തിന് നിയോഗിച്ചാല്‍ ഇളക്കമുണ്ടാക്കാന്‍ കഴിവുള്ള നിരവധി നേതാക്കള്‍ എസ് പിയിലുണ്ടായിരുന്നു. പക്ഷേ, ഓരോരുത്തര്‍ക്കും സ്വാധീനമുള്ള മേഖലകള്‍ തിരിച്ചറിഞ്ഞ് അവിടേക്ക് നിയോഗിക്കുക എന്ന സാമര്‍ഥ്യമുള്ള തിരഞ്ഞെടുപ്പ് മാനേജ്മെന്റ് എസ് പി നേതൃത്വത്തില്‍ നിന്നുണ്ടായില്ല.
ജനങ്ങളോട് വ്യക്തമായി കാര്യങ്ങള്‍ പറയാന്‍ അഖിലേഷിന് സാധിക്കാതെ പോയതും ഭരണവിരുദ്ധ വികാരത്തെ പ്രയോജനപ്പെടുത്തുന്നതിന് തടസ്സമായി. തന്റെ നേതൃത്വത്തില്‍ എസ് പി അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നയങ്ങളും പദ്ധതികളും എന്താണെന്ന് ജനങ്ങളോട് വ്യക്തമായി പറയാനോ അത് അവരെ ബോധ്യപ്പെടുത്താനോ അഖിലേഷിന് സാധിച്ചിരുന്നില്ല. ആ നയങ്ങളും പദ്ധതികളും ജനങ്ങള്‍ക്ക് ഏതുവിധത്തിലാണ് ഉപകാരപ്രദമാകുക എന്ന് വിശദീകരിക്കാനും കഴിഞ്ഞില്ല.
അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കര്‍ഷകര്‍ക്കുണ്ടാക്കുന്ന വലിയ പ്രയാസം, പൊലീസ് അതിക്രമങ്ങളും ആ സംവിധാനത്തിലെ കൊടിയ അഴിമതിയും, ജനത്തെ ഉപദ്രവിക്കാന്‍ മടി കാണിക്കാതിരുന്ന വൈദ്യുതി വകുപ്പ് തുടങ്ങി വിവിധ വിഷയങ്ങള്‍ പ്രചാരണരംഗത്ത് സജീവമാക്കി നിര്‍ത്താനും അഖിലേഷിന് സാധിച്ചില്ല. അതിനു പകരം യോഗി ആദിത്യനാഥിന് നേര്‍ക്ക് വിരല്‍ ചൂണ്ടാനാണ് അഖിലേഷ് പ്രചാരണ യോഗങ്ങളില്‍ ശ്രമിച്ചത്. അതേസമയം, താന്‍ അധികാരത്തില്‍ വന്നാല്‍ എങ്ങനെയാണ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന് ഉറപ്പിച്ച് പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. 2012 മുതല്‍ 2017 വരെ അഖിലേഷ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉത്തര്‍ പ്രദേശിലെ ക്രമസമാധാനനില അത്രത്തോളം ഭദ്രമായിരുന്നില്ലെന്നത് വസ്തുതയാണ്. ചെറുതും വലുതുമായ വര്‍ഗീയ സംഘര്‍ഷങ്ങളും അക്കാലത്തുണ്ടായി. അക്കാലം ഓര്‍മിപ്പിച്ച് അഖിലേഷിനെ ആക്രമിക്കാന്‍ ബി ജെ പിയുടെയും ഇതര സംഘപരിവാര സംഘടനകളുടെയും നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ താന്‍ അധികാരത്തിലെത്തിയാല്‍ ഒരു സാഹചര്യത്തിലും ക്രമസമാധാനനില വഷളാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ അഖിലേഷ് തയാറായില്ല. മറിച്ച് ഇത്തരം വിമര്‍ശനങ്ങളെ ഒഴിഞ്ഞുമാറിപ്പോകാനാണ് ശ്രമിച്ചത്. ഇത് അദ്ദേഹത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടാന്‍ കാരണമായി.
ബി ജെ പിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലം. ഭരണവിരുദ്ധവികാരത്തെ മാത്രം ആശ്രയിച്ച് ബി ജെ പിയെ തോല്‍പ്പിക്കാനാകില്ല. അവരെ പരാജയപ്പെടുത്തണമെങ്കില്‍ സുശക്തമായ സംഘടനാ സംവിധാനം ഉണ്ടാക്കിയെടുക്കണം. പാര്‍ശ്വവത്കരിക്കപ്പെട്ട ജനത നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരം നിര്‍ദേശിക്കുകയും അത് ജനങ്ങളിലെത്തിക്കുകയും വേണം. അതൊന്നുമില്ലാതെ, ബി ജെ പിയുടെ സംഘടനാ സംവിധാനത്തെയും പ്രചാരണ കോലാഹലങ്ങളെയും മറികടക്കുക പ്രയാസമായിരിക്കും.
അരവിന്ദ് കുമാര്‍
(കടപ്പാട്: ദ പ്രിന്റ്)
You must be logged in to post a comment Login