നിരാശ പടരുന്ന ഒരു സായാഹ്നത്തിലാണ് ഈ കുറിപ്പ് എഴുതാന്‍ തുടങ്ങുന്നത്. അപ്രതീക്ഷിതമല്ലെങ്കിലും അസാധാരണമായ ഒരു കോടതിവിധി അന്തരീക്ഷത്തിലുണ്ട്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം സാംസ്‌കാരികതയുടെ ശിരസടയാളങ്ങളില്‍ ഒന്നായ ഹിജാബ് നിരോധിച്ച നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചിരിക്കുന്നു. ശിരോവസ്ത്രം മുസ്‌ലിം മതാനുഷ്ഠാനത്തിന്റെ അനിവാര്യതയല്ല എന്നു കണ്ടെത്തൽ നടത്തിയിരിക്കുന്നു. ആ വിധി സംഘ്പരിവാറിനും ലിബറലുകള്‍ക്കുമിടയില്‍ ആഹ്ലാദം പടര്‍ത്തിയിരിക്കുന്നു. വിദ്യാലയങ്ങളില്‍ മതചിഹ്നം എന്തിന് എന്ന “നിഷ്‌കളങ്ക’ ചോദ്യങ്ങള്‍ ചുറ്റും നിറയുന്നു. ഒരു ജനതയ്ക്കുമേല്‍, പ്രബലമായ ഒരു വിശ്വാസി ജീവിതത്തിനുമേല്‍ ഭരണകൂടം നടത്തിയ നിര്‍ദയവും ആസൂത്രിതവുമായ വസ്ത്രാക്ഷേപമായിരുന്നു ഹിജാബ് വിലക്ക്. പതിറ്റാണ്ടുകളായി തുടരുന്ന ഒരു വസ്ത്രശീലത്തിനു മേല്‍ നിങ്ങള്‍ കൈവെക്കുന്നത് എന്തിന് എന്ന ഏറ്റവും വിനയാന്വിതമായ ഒരു ചോദ്യം മാത്രമാണ് ഹിജാബിനുവേണ്ടി ജുഡീഷ്യറിക്ക് മുന്‍പാകെ ഉയര്‍ന്നത്? എന്തിനുവേണ്ടി എന്ന ഒറ്റ ചോദ്യത്തില്‍ ഉത്തരം മുട്ടിപ്പോകേണ്ട ഒന്നായിരുന്നല്ലോ ഹിജാബ് വിലക്ക്. അത് ഞങ്ങളുടെ മതത്തിന്റെ അനിവാര്യതയാണ് എന്നൊന്നുമല്ല വാദമുയര്‍ത്തിയത്. നിങ്ങളെന്തിന് ഞങ്ങളുടെ തട്ടമഴിക്കണം എന്ന ഒറ്റ ചോദ്യമായിരുന്നു അത്. വസ്ത്രം എന്ന സാംസ്‌കാരിക ദേശീയതയിലെ സുപ്രധാനമായ ഒരു ചിഹ്നത്തെ നിയമത്താല്‍ വിലക്കുക എന്നാല്‍, ആ സാംസ്‌കാരിക ദേശീയതയിലെ സ്വതന്ത്രജീവിതത്തിനുമേല്‍ വിലങ്ങിടുക എന്നാണര്‍ഥം. ആ വസ്ത്രത്തെ സ്വന്തം സാംസ്‌കാരികതയുടെ അടയാളമായി സ്വയം വരിച്ച സ്ത്രീകളെ നിത്യമായി തടവിലാക്കുക എന്നാണ് അര്‍ഥം. അത്തരത്തില്‍ ഒന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്. ഒറ്റ വാചകത്താല്‍ സ്ത്രീകളെ വിവസ്ത്രരാക്കുകയാണ് ജുഡീഷ്യറി. പുരനായകര്‍ സാക്ഷി നില്‍ക്കേ, വസ്ത്രമഴിച്ച് അപമാനിതയായ ഒരു സ്ത്രീയുടെ വിലാപത്തിന്റെയും ചെറുത്തു നില്പിന്റെയും കഥ ഇന്ത്യയുടെ ഇതിഹാസ സാഹിത്യങ്ങളില്‍ ഒന്നാണ്. മഹാഭാരതമെന്നാണ് പേര്. ഒരു കുലത്തെ മുച്ചൂടും മുടിച്ചു അവളുടെ, പാഞ്ചാലിയുടെ കണ്ണുനീര്‍ എന്ന് കഥ.
ഈ കയ്യേറ്റം അപ്രതീക്ഷിതമല്ല എന്നുപറഞ്ഞല്ലോ? ഭരണകൂടത്തിന്റെ മനോനില ഒരുതരം ഹെജിമണിയെ ഉത്പാദിപ്പിക്കും. ഭരണകൂടം ആനന്ദത്തിലാണ്. ഒരു ചെറുത്തുനില്പ് പോലുമില്ലാതെ ഇന്ത്യന്‍ ജനാധിപത്യം ഇന്ത്യന്‍ ഫാഷിസത്തെ തിരഞ്ഞെടുപ്പിലൂടെ വരിക്കാന്‍ ഒരുങ്ങുന്നു എന്നതിന്റെ സൂചനകള്‍ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ വിജയം ഭരണകൂടത്തിന് സമ്മാനിച്ചിട്ടുണ്ട്. പാര്‍ലമെന്ററി ഭൂരിപക്ഷത്തെ കൊടുവാളാക്കി ഭരണഘടനയെ അരിഞ്ഞുതള്ളി, ജനാധിപത്യാവകാശങ്ങളെ നിഷേധിച്ച്, മൗലികാവകാശങ്ങളെ കാറ്റില്‍ പറത്തി ഒരു ഹിന്ദുരാഷ്ട്ര നിര്‍മിതി തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഭരണകൂടത്തിന്റെ കാര്യസ്ഥന്മാര്‍ പറയാതെ പറയുന്നുണ്ട്. മറിച്ച് ഭരണകൂടത്തിന്റെ പണിശാലകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹെജിമണികള്‍, അധീശബോധങ്ങള്‍ ഈ രാജ്യത്ത് ഒരുമനോനിലയായി മാറാന്‍ അധികകാലം വേണ്ട എന്ന് അവര്‍ക്കറിയാം. അതിനാല്‍ തിരഞ്ഞെടുപ്പുകളെയാണ് അവര്‍ ആശ്രയിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അവര്‍ തിരഞ്ഞെടുക്കപ്പെടുകയാണ്. ഇന്നാട്ടിലെ ന്യൂനപക്ഷവും ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്ന ഒന്നും തിരഞ്ഞെടുപ്പുകളില്‍ സംഭവിക്കുന്നില്ല. ചെറുത്തുനില്ക്കുമെന്നും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിച്ച് അവര്‍ പിന്തുണച്ച പ്രസ്ഥാനങ്ങള്‍ സ്വന്തം ശിരസ്സറുത്ത് താലത്തില്‍വെച്ച് ഫാഷിസ്റ്റുകള്‍ക്ക് സമ്മാനിക്കുകയാണ്. കോണ്‍ഗ്രസ് യു പിയില്‍ ചെയ്തതുപോലെ. ഉവൈസിയെപ്പോലെ മറ്റു ചിലര്‍ ഇതാ ഞാനുണ്ട് എന്ന് ന്യൂനപക്ഷങ്ങളെ ധരിപ്പിച്ച് പൈഡ്പൈപ്പര്‍ എലികളെ എന്ന പോലെ ന്യൂനപക്ഷങ്ങളെ സംഘപരിവാരത്തിന്റെ കോണ്‍സന്‍ട്രേഷന്‍ കയങ്ങളിലേക്ക് വലിച്ചെറിയുകയാണ്. നേരിട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ ജയിക്കില്ല എന്ന് നല്ല ഉറപ്പുണ്ട് പലയിടത്തും സംഘപരിവാറിന്. പതിറ്റാണ്ടുകള്‍ പയറ്റിത്തെളിഞ്ഞതാണ് അവരുടെ ഇലക്ഷന്‍ സ്ട്രാറ്റജി. വോട്ടെണ്ണമോ കിട്ടിയ വോട്ടുകളുടെ ശരാശരിയോ ഒന്നും അവര്‍ക്ക് കാര്യമല്ല. ഓരോ മണ്ഡലവും അവര്‍ക്ക് ഒരോ യൂണിറ്റാണ്. രാജ്യം തിരഞ്ഞെടുപ്പുവേളയില്‍ അവര്‍ക്ക് സ്വതന്ത്ര യൂണിറ്റുകളാണ്. ഓരോ മണ്ഡലത്തിനും ഓരോ തന്ത്രം. നേരിട്ടു മുട്ടിയാല്‍ തോല്‍ക്കും എന്ന് അവര്‍ക്ക് ഉറപ്പുള്ള മണ്ഡലങ്ങളില്‍ ഉവൈസി വരും. ഉവൈസി വോട്ടു പിടിക്കും. എതിര്‍പക്ഷത്തെ വോട്ടുകള്‍ ചിതറും. 500നും ആയിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടി സംഘപരിവാര്‍ ജയിക്കും. ഇത്തരം ജയങ്ങളാലാണ് ഭരണകൂടം സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യന്‍ ഫാഷിസം അതിന്റെ എതിരാളികള്‍ കരുതുന്നതിനേക്കാള്‍ അതിപ്രബലമാണെന്ന് പറയാന്‍ കാരണവുമതാണ്.
തിരഞ്ഞെടുപ്പും ഹിജാബും തമ്മിലെന്ത് എന്നാണോ? ഭരണകൂടത്തിന്റെ മനോനില ജുഡീഷ്യറിയുള്‍പ്പടെയുള്ള എസ്റ്റേറ്റുകളില്‍ സൃഷ്ടിക്കുന്ന മനോഭാവം എഴുപതുകള്‍ മുതല്‍ ദൃശ്യമാണ്. ചില്ലറ അപവാദങ്ങളെ മുന്‍നിര്‍ത്തിയാണ് അങ്ങനെ അല്ല എന്ന വാദങ്ങള്‍ ഉയരാറ്. ഒരു കേസ് അല്ല ഒരു കോടതിയും ഒരു ദിവസം വിധിക്കുക. യു പി തിരഞ്ഞെടുപ്പിലെ ബി ജെ പി വിജയവും പഞ്ചാബില്‍ കോണ്‍ഗ്രസ് നിലം പറ്റിയതും ഈ രാജ്യത്തെ നാനാതരം സംവിധാനങ്ങളില്‍ സൃഷ്ടിച്ച മനോനില മാറ്റങ്ങള്‍ പലരൂപങ്ങളില്‍ പുറത്തുവരുന്നത് സൂക്ഷിച്ചുനോക്കിയാല്‍ കാണാം. അതിനാലാണ് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് എന്ത് എന്ന് നാമിപ്പോള്‍ മറ്റൊരു രീതിയില്‍ അന്വേഷിക്കുന്നത്.
ട്രോയിക (troika) ഒരു പ്രയോഗമാണ്. മൂന്ന് കുതിരകളെ ഒരേ നുകത്തില്‍ കെട്ടിയ വണ്ടി എന്ന് സാമാന്യാര്‍ഥം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പതനവും തുടര്‍ന്നുള്ള പ്രവര്‍ത്തക സമിതി തീരുമാനവും വിലയിരുത്തി ദ ഹിന്ദു എഴുതിയ മൂര്‍ച്ച കൂടിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട് പരാജയപ്പെട്ട മൂവര്‍ എന്നാണ്. മൂവരെ നമുക്കറിയാം. അത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയുമാണ്. അവര്‍ മൂവരുമാണ് തിരഞ്ഞെടുപ്പ് പതനാനന്തരവും കോണ്‍ഗ്രസിനെ നയിക്കുക. രാജസ്ഥാനും ഛത്തീസ്ഗഡും മാത്രംകയ്യിലുള്ള അമ്പേ ദുര്‍ബലമായ ഒരു സംഘടനാസംവിധാനം തുടര്‍ന്നും ചലിപ്പിക്കുക അവരായിരിക്കുമെന്ന് അര്‍ഥം. അത് നിശ്ചയമായും ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. പക്ഷേ, രാജ്യത്തെ സംബന്ധിച്ച് അത് ഒരു വീട്ടുപ്രശ്നമല്ല. അതിലേക്കു വരാം.
എല്ലാ അര്‍ഥത്തിലും നിര്‍ണായകമായിരുന്നു അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍. 2024-ല്‍ നടക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പിന്റെ തുടക്കം. അത്ര എളുപ്പമായിരുന്നില്ല ഭരണകൂടത്തെ നയിക്കുന്ന സംഘ്പരിവാറിന് കാര്യങ്ങള്‍. കര്‍ഷകര്‍ക്ക് മുന്നിലെ തോല്‍വി അത്ര നിസ്സാരമായിരുന്നില്ല. ഗ്രാമങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ തലസ്ഥാനത്തേക്ക് വന്നത്. ഗ്രാമങ്ങളില്‍ നിന്ന് അവര്‍ വെറുതേ വരികയായിരുന്നില്ല. ഗ്രാമങ്ങള്‍ സമ്പൂര്‍ണമായി സമരത്തിലായിരുന്നു. ആ സമരത്തില്‍ നിന്നാണ് അവര്‍ തങ്ങളുടെ പ്രതിനിധികളെ ഊഴമിട്ട് തലസ്ഥാനത്തേക്കു വിട്ടത്. പഞ്ചാബില്‍ നിന്നും യു പിയില്‍ നിന്നും ഹരിയാനയില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും അവര്‍ കൂട്ടമായെത്തി. അന്നാടുകളെല്ലാം ഭരണകൂടത്തിനെതിരെ സമരത്തിലായിരുന്നു. യു പി പതിവില്ലാത്ത വിധം സംഘര്‍ഷഭരിതമായിരുന്നു. വ്യക്തിഗത ആനുകൂല്യങ്ങള്‍ നിര്‍ലോഭം നല്‍കിയിട്ടും യു പി ജനത ഭരണത്തില്‍ സംതൃപ്തരായിരുന്നില്ല. ആദിത്യനാഥിനെതിരെ ശക്തമായ വിരുദ്ധ വികാരം നിലനിന്നിരുന്നു. പ്രീ പോള്‍ സര്‍വേകള്‍ അവ്യക്തമാകാന്‍ കാരണം അതായിരുന്നു. ജാതി പലകൈവഴികളായി പതഞ്ഞൊഴുകുന്ന ഒരിടമാണല്ലോ യുപി. ജാതിരാഷ്ട്രീയത്തെ ഹിന്ദുത്വയ്ക്ക് എതിരില്‍ നിര്‍ത്താന്‍ അഖിലേഷ് കിണഞ്ഞുശ്രമിക്കുകയുമായിരുന്നു.
പക്ഷേ, കോണ്‍ഗ്രസ് എന്താണ് ചെയ്തത്?
യു പിയില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു ശക്തിയേ അല്ല. അങ്ങനെ ആയി മാറിയതാണ്. അതിന് കാരണം സോണിയ ഗാന്ധിയും മക്കളും മാത്രമല്ല. യു പി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പിന്നാക്ക ജാതി രാഷ്ട്രീയം അധികാരം കൈയാളുന്ന ഇടമാണ്. പിന്നാക്ക ജാതി രാഷ്ട്രീയം സ്വാഭാവികമായും ഹിന്ദുത്വയ്ക്ക് എതിരാണ്. പക്ഷേ, ജഗജീവൻ റാം ഉണ്ടായിരുന്ന കോണ്‍ഗ്രസിന് പിന്നാക്ക ജാതിരാഷ്ട്രീയത്തിലെ സംഘപരിവാര്‍ വിരുദ്ധത മനസിലാകാതെ പോകരുതായിരുന്നു. ജാതിരാഷ്ട്രീയത്തെപ്പോലെ യു പിയിലെ പ്രബല വിഭാഗമായ മുസ്‌ലിം സമൂഹവും ആത്യന്തികമായി സംഘപരിവാറിനും അവര്‍ മുന്നോട്ടു വെക്കുന്ന ഹിന്ദുത്വയ്ക്കും എതിരാണ്. മൗലാന അബുല്‍കലാം ആസാദ് അധ്യക്ഷനായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസിനും അതും മനസിലാവേണ്ടതാണ്. അഖിലേഷിനെയും മുസ്‌ലിം ജനസാമാന്യത്തെയും മനസിലാക്കണമായിരുന്നു. രാഹുല്‍ ഗാന്ധിപോലും തോറ്റ് തുന്നം പാടിയ യു പിയില്‍ തങ്ങള്‍ ഒരു ശക്തി അല്ലെന്നും എന്നാല്‍ യു പി ജനതയുടെ ഓര്‍മകളില്‍ തങ്ങള്‍ ഉണ്ടെന്നും ആ ഓര്‍മകളെ ജ്വലിപ്പിച്ചുനിര്‍ത്തുക മാത്രമാണ് ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് മറന്നുപോയി. എന്നിട്ടോ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സോണിയയുടെ മക്കള്‍ ഇടയ്ക്കിടെ ആടുന്ന പൊറാട്ടിന്റെ അയ്യരുകളി ഇറക്കി കോണ്‍ഗ്രസ് യു പിയില്‍. ഒരു ഗൃഹപാഠവും ഇല്ലാതെ, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ, മുന്നണി സംവിധാനത്തിന്റെ, ജാതി സമവാക്യങ്ങളുടെ, മണ്ഡലങ്ങളെ ഒറ്റയായിക്കണ്ട് തന്ത്രം മെനയുന്ന ബി ജെ പിയുടെ ചാണക്യബുദ്ധിയുടെ അക്ഷരമാല അറിയാത്ത പ്രിയങ്ക വാദ്ര ഗാന്ധിയെ യു പിയിലേക്ക് പറഞ്ഞയച്ചു കോണ്‍ഗ്രസ്. യു പി തിരഞ്ഞെടുപ്പിനു മുമ്പ് ഉന്നതാധികാര സമിതി ചേര്‍ന്ന് തന്ത്രങ്ങള്‍ മെനഞ്ഞില്ല കോണ്‍ഗ്രസ്. ജയിക്കുക പോയിട്ട് 100 വോട്ട് തികച്ചില്ലാത്ത മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി കോണ്‍ഗ്രസ്. ആകെ മത്സരിച്ചത് 401 സീറ്റില്‍. ഉത്തരവാദിത്വമുണ്ടെന്ന് പേര്‍ത്തും പേര്‍ത്തും പറയുന്ന ഒരു ദേശീയ പാര്‍ട്ടി ഒരുകാലത്ത് അവരുടെ തട്ടകവും സാമ്രാജ്യവുമായിരുന്ന സ്ഥലത്ത് ചെയ്ത പണിയാണ്. എന്നിട്ടോ 160 സ്ത്രീകള്‍ എന്ന ഒടിവിദ്യയും. മാധ്യമങ്ങളുടെ പരിലാളന ആവോളമുള്ള പ്രിയങ്ക പ്രചാരണം പൊടിപാറിച്ചു. ഫലം തിരഞ്ഞെടുപ്പിലെ ബി ജെ പി വിരുദ്ധ വോട്ടുകളെ 399 മണ്ഡലങ്ങളില്‍ പിളര്‍ത്തി. ബി ജെ പിയുടെ തുടര്‍ഭരണത്തിന് അത് വഴി പ്രിയങ്കയും കോണ്‍ഗ്രസും അടിവളമിട്ടു. നൂറ് മണ്ഡലങ്ങളില്‍ മുസ്‌ലിം ധ്രുവീകരണത്തിന് തീ കൊളുത്തി അഖിലേഷിനെ കുത്തി വീഴ്ത്തിയ ഉവൈസിയോ എന്നു ചോദിക്കാം. അയാള്‍ സംഘപരിവാറിന്റെ ബി ടീം ആണെന്നും ഇന്ത്യന്‍ മുസ്‌ലിമിനെ സംബന്ധിച്ച് ഒറ്റുകാരനാണെന്നും ഇനിയും തെളിവ് വേണോ? അയാള്‍ക്ക് ഈ രാജ്യത്തോടോ ഇവിടത്തെ ജനാധിപത്യത്തോടോ ഇന്ത്യന്‍ മുസല്‍മാനോടോ എന്ത് ഉത്തരവാദിത്വമാണുള്ളത്? ഒന്നുമില്ല. അത്തരം ട്രോജന്‍ കുതിരകള്‍ പലരൂപത്തില്‍ ഇനിയും വരും. കോണ്‍ഗ്രസിന് പക്ഷേ, ഉത്തരവാദിത്വത്തിന്റെ ചരിത്രപരമായ ബാധ്യതയുണ്ട്. ഭരണകൂടം ഉത്പാദിപ്പിക്കുന്ന മനോനിലയാല്‍ പ്രചോദിതരായി ഇന്ത്യന്‍ മുസ്‌ലിം സ്ത്രീയുടെ തട്ടമഴിക്കാന്‍ ഉയരുന്ന ജുഡീഷ്യല്‍ കൈകള്‍ക്ക് തടയിടാന്‍ ബാധ്യതയുണ്ട്. കാരണം ഹിന്ദുവും മുസ്‌ലിമും നാനാതരം മനുഷ്യരും ഉള്‍പ്പെട്ട വലിയ സമരത്തിന്റെ, സ്വാതന്ത്ര്യസമരത്തിന്റെ പലിശകൊണ്ട് മാത്രം നിലനില്‍ക്കുകയും തിമിര്‍ക്കുകയും ചെയ്ത കൂട്ടരാണവര്‍. അവരുടെ ബാധ്യത ജനതയോടുള്ള കടമാണ്. അത് വീട്ടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. പ്രിയങ്ക ആ പരാജയത്തെ നയിച്ചു. ജനതയോടുള്ള വഞ്ചന.
പഞ്ചാബിലും സംഭവിച്ചത് അതാണ്. പഞ്ചാബ് സിഖ് ഭൂരിപക്ഷ പ്രദേശമാണ്. ഹിന്ദുത്വക്ക് അടിവേരില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍വപ്രതാപത്തിലേക്കും ഇന്ത്യ മതേതര ബഹുസ്വരതയിലേക്കും മടങ്ങി വരും എന്ന പ്രതീക്ഷയുടെ നന്നേ ചില മുനമ്പുകളില്‍ ഒന്നായിരുന്നു പഞ്ചാബ്. അവിടം സുന്ദര സുരഭിലം എന്നല്ല. പക്ഷേ, പ്രതീക്ഷ ആയിരുന്നു. അവിടെ നിന്ന് രാജ്യത്തോളം വളര്‍ന്നിരുന്നു അമരീന്ദര്‍ സിംഗ്. ഒരൂഴം കൂടി ഉറപ്പായും കോണ്‍ഗ്രസിന് നേടിക്കൊടുക്കാന്‍ കരുത്തുണ്ടായിരുന്ന നേതാവ്. ഒരിട എ ഐ സി സി അധ്യക്ഷപദവിയിലേക്ക് വരെ പറഞ്ഞുകേട്ട പേര്. സ്വീകാര്യന്‍. എന്തിനാണ് അമരീന്ദറിനെ നഷ്ടപ്പെടുത്തിയത്? വ്യവസ്ഥയില്ലാത്ത സിദ്ദു എന്ന പ്രകോപിതനായ പൂച്ചയെ, ചുമ്മാ ഒരാളെ തലക്കടിച്ചുകൊന്ന പൂര്‍വകാലമുള്ള ഒരാളെ, ബി ജെ പിയില്‍ അഭയം തേടിയിരുന്ന ഒരുത്തനെ അമരീന്ദറിന് മേല്‍ കെട്ടിയിറക്കിയത് സോണിയയുടെ മക്കളാണ്. അവര്‍ക്ക് രണ്ടാള്‍ക്കും മാത്രമാണ് ഉത്തരവാദിത്വം. എന്തായിരുന്നു നവ്ജ്യോത് സിംഗ് സിദ്ദുവും സോണിയയുടെ മക്കളും തമ്മിലെ ആ കച്ചവടം? സിദ്ദുവിനെ പിണക്കി ചന്നിയെ മുഖ്യമന്ത്രിയാക്കിയ വിവരക്കേടിന് രാജ്യത്തിനും രാജ്യത്തിന്റെ ബഹുസ്വരതക്കും മതേതരത്വത്തിനും കോണ്‍ഗ്രസിനും കിട്ടിയ കൊടുംശിക്ഷയാണ് പഞ്ചാബിലെ തോല്‍വി. പകരം വന്നത് ആം ആദ്മി അല്ലേ എന്നു ചോദിക്കാം. ആ വരവ് ജനാധിപത്യത്തെ സംബന്ധിച്ച് ഒരു പ്രതീക്ഷയല്ല. മതേതരത്വത്തിനും ബഹുസ്വരതക്കും ഭൂഷണമല്ല. ബി ജെ പിയിലേക്കുള്ള ഒരു വാതില്‍ മാത്രമാണവര്‍. അണ്ണാ ഹസാരെയെമറക്കരുത്.
നിരാശയോടെയാണ് എഴുതി നിര്‍ത്തുന്നത്. പ്രതീക്ഷകള്‍ക്കുമേല്‍ പിടിപ്പുകേടുകള്‍ പിടിമുറുക്കുകയാണ്. സോണിയ കുടുംബം ഒഴിഞ്ഞാല്‍ തീരുന്ന ഗതികേടല്ല കോണ്‍ഗ്രസിന്റേത്. ഗതികേട് എന്താണെന്ന് തിരിച്ചറിയാത്തതിന്റെ ഗതികേടാണ്. ഇതര വിശ്വാസങ്ങളുടെ തോലും തുണിയുമുരിയുന്നത് നിസ്സംഗമായി കണ്ടു നില്‍ക്കേണ്ടി വരുന്ന ഈ ജനത കുറച്ചുകൂടി നല്ല രാഷ്ട്രീയത്തെ ആഗ്രഹിക്കുന്നുണ്ട്.
കെ കെ ജോഷി
You must be logged in to post a comment Login