ഹിജാബ് ഇസ്‌ലാമിലെ നിര്‍ബന്ധിത അനുഷ്ഠാനങ്ങളുടെ ഭാഗമല്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധി പുറത്തുവന്നിരിക്കുന്നു. വിധിപ്രസ്താവത്തോടനുബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കോടതി വിധി അംഗീകരിക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് ഇന്ത്യയുടെ ഭൂരിപക്ഷ രാഷ്ട്രീയ വിപുലീകരണത്തിന്റെ മറ്റൊരു തന്ത്രമാണ്. ഹിന്ദു ജീവിതരീതിയാണ് ശ്രേഷ്ടമെന്നവകാശപ്പെടുകയും അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതിനുള്ള തന്ത്രം. മതപരമായ ബഹുസ്വരതകളെ ഏകീകരിച്ച് ബഹുസ്വരത ഇല്ലാതാക്കുക എന്നത് ഹിന്ദുത്വ പദ്ധതിയുടെ അനിവാര്യ ഘടകമാണ്.
വര്‍ഗം, ജാതി, വംശം തുടങ്ങിയ വൈവിധ്യങ്ങളെ തമസ്‌കരിക്കുക എന്നതാണ് വിദ്യാലയങ്ങളിലെ യൂണിഫോമും യൂണിഫോമിറ്റിയും യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. കായിക വിനോദങ്ങള്‍ക്കുള്ള ടീമുകളെയും സേനാ യൂണിറ്റുകളെയും കണക്കിലെടുത്താല്‍ ഏകസ്വഭാവവും ഐക്യവും ഊട്ടിയുറപ്പിക്കാനാണ് യൂണിഫോമെന്ന് പറയാം. പക്ഷേ, പൊതുസമൂഹത്തെ സംബന്ധിച്ച് മത ചിഹ്നങ്ങളും അതിന്റെ ഭാഗമായുള്ള വേഷവിധാനങ്ങളും വ്യക്തികളുടെ സ്വകാര്യതയുടെ കൂടി ഭാഗമാണ്. വസ്ത്രം, ഭക്ഷണം തുടങ്ങിയവയിലൊക്കെ ഭരണകൂടം ഇടപെടുന്നത് അനാവശ്യമായ കടന്നുകയറ്റമാണെന്ന് നിസ്സംശയം പറയാനാവും.
നിങ്ങള്‍ ഈ വസ്ത്രം ധരിക്കണമെന്നോ, ഈ വസ്ത്രം ധരിക്കരുതെന്നോ ഒരു വ്യക്തിയോട് ഭരണകൂടം നിഷ്‌കര്‍ഷിക്കുന്നത് നിയമവിരുദ്ധവും അനുചിതവുമാണ്. നിയമസംവിധാനം ആധുനിക സമൂഹത്തിലെ എല്ലാവര്‍ക്കും ബാധകമാണ്. അതേസമയം അനുചിതമാവുക എന്നത് സംസ്‌കാരവും സാഹചര്യവുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. ജീന്‍സ് ധരിച്ചെത്തുന്ന പാതിരിയോ ബികിനി ധരിച്ചെത്തുന്ന ഗസല്‍ ഗായകനോ സാമൂഹികമായി ബഹിഷ്‌കൃതരാവുന്നില്ല. പക്ഷേ, അവരുടെ വേഷം സാഹചര്യത്തിന് യോജിക്കുന്നതോ സാമൂഹികമായി അംഗീകരിക്കപ്പെടുന്നതോ അല്ലെന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ടാകും.
ധരിക്കേണ്ട വസ്ത്രമേത് എന്നത് വ്യക്തിപരമായ ഇഷ്ടവും തിരഞ്ഞെടുപ്പുമാണ്. എങ്കിലും ആ തിരഞ്ഞെടുപ്പിനെ നിര്‍ണയിക്കുന്നതില്‍ സമൂഹത്തിന്റെ അംഗീകാരം വലിയൊരു പങ്കുവഹിക്കുന്നു എന്നത് അനിഷേധ്യമാണ്. തന്റെ ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളാണ് പുറത്തു കാണിക്കേണ്ടതെന്നത് വ്യക്തിയുടെ തീരുമാനമാണ്. എന്നാല്‍ ആ ബോധ്യം പലപ്പോഴും സാംസ്‌കാരികമായ ചിന്തകളുടെ അടിസ്ഥാനത്തിലായിരിക്കും. ഏതു സംസ്‌കാരമെടുത്താലും ജാതി, വര്‍ഗം, അധികാരം, പ്രദേശം, സാമൂഹിക ഘടന തുടങ്ങിയവയുടെ ഒക്കെ സ്വാധീനം വസ്ത്രധാരണത്തില്‍ കാണാനാവും.
വസ്ത്രധാരണ രീതിയും അതുപയോഗിച്ച് ശരീരം മറയ്ക്കുന്ന ശീലവും സമൂഹവുമായി ഏറെ ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. അത് സാമൂഹികമായ വിചാരണയ്ക്കും സ്വീകാര്യതക്കും വിധേയമാണ്. സമൂഹം സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നുവെന്നതും നമ്മുടെ വസ്ത്രധാരണ രീതിയെ സ്വാധീനിക്കും. അതുകൊണ്ടാണ് വസ്ത്രധാരണച്ചട്ടങ്ങള്‍ പൊതുബോധത്തിന് നിരക്കാത്തതാകുമ്പോള്‍ വ്യക്തിയോ സമുദായം തന്നെയോ അപലപിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്നത്.
ഒരു വ്യക്തി അവന്റെ/അവളുടെ സ്വകാര്യതയില്‍ എന്തു ധരിക്കണമെന്നതിനെക്കുറിച്ച് സമൂഹമോ ഭരണകൂടമോ വേവലാതിപ്പെടേണ്ടതില്ല. അതവരുടെ പൂര്‍ണമായ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുക്കാം. സമൂഹമധ്യത്തിലിറങ്ങുമ്പോള്‍ ധരിക്കേണ്ട വസ്ത്രത്തിന്റെ കാര്യത്തില്‍ സമൂഹവും ഭരണകൂടവും ഏതളവിലാണ് ഇടപെടുക? ആ ഇടപെടലുകളെ വ്യക്തികള്‍ എത്രത്തോളം സഹിക്കേണ്ടതുണ്ട്? മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിനെ നിരസിക്കാനുള്ള അവകാശം ജനാധിപത്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് എത്രമാത്രം പ്രധാനമാണ്?
ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം സമൂഹത്തിന്റെ സഹിഷ്ണുതയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. സമൂഹത്തിലെ ദുര്‍ബല/താഴ്ന്ന വിഭാഗങ്ങളാണ് വസ്ത്രം സംബന്ധിച്ച ചട്ടങ്ങള്‍ക്കും മറ്റിതര നിബന്ധനകള്‍ക്കും വിധേയരാകുന്നത് എന്നതാണ് വസ്തുത. പ്രബല വിഭാഗങ്ങള്‍/സവര്‍ണര്‍ പലപ്പോഴും അവരുടെ ഇംഗിതത്തിനനുസരിച്ച് പെരുമാറാനുള്ള/ഇഷ്ടവസ്ത്രം ധരിക്കാനുള്ള അധികാരവും അവകാശവും ഉണ്ടെന്നാണ് നാട്ടുനടപ്പ്. ന്യൂനപക്ഷങ്ങളും പാര്‍ശ്വവത്കൃതരുമാണ് ഈ ചട്ടങ്ങളുടെ തടവറയില്‍ അടയ്ക്കപ്പെടുക. അച്ചടക്കത്തിന്റെ മൂര്‍ച്ചയേറിയ വാളുകള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി സംവരണം ചെയ്യപ്പെട്ടതുമാണ്. തികഞ്ഞ പക്ഷപാതമുള്ള ഈ ചട്ടങ്ങള്‍, സാമൂഹികവും ധാര്‍മികവുമായ ഉപരോധം ഏര്‍പ്പെടുത്താനുള്ള അധികാരം പലര്‍ക്കും നല്‍കുന്നുണ്ട്. അമിതാധികാരമുള്ള ഭരണകൂടം, ഉയര്‍ന്ന ജാതിക്കാര്‍, മേല്‍ക്കോയ്മയുള്ള വര്‍ഗം, വെളുത്തവര്‍ അങ്ങനെ വിവിധ വിഭാഗങ്ങള്‍ ഇത്തരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ മുന്‍പന്തിയിലുണ്ടാകും.
ഇവരാണ് മറ്റുള്ളവരുടെ ഇഷ്ടങ്ങളില്‍, സ്വാതന്ത്ര്യങ്ങളില്‍ കൈകടത്തുന്നവര്‍. ഏതു വസ്ത്രം ധരിച്ചാലാണ് പുരോഗമനമുണ്ടാവുക, എത്ര അളവില്‍ ശരീരം പ്രദര്‍ശിപ്പിക്കണം, ഏതൊക്കെയാണ് മറക്കേണ്ടത്, നീളം, കനം, ഹിജാബ്, തൊപ്പി തുടങ്ങിയവയെല്ലാം തീരുമാനിക്കുന്നത് ഈ വിഭാഗമാണ്. ഭരിക്കാനുള്ള അധികാരം, ആജ്ഞാപിക്കാനുള്ള ആഗ്രഹം, അധികാരം സ്ഥാപിക്കാനും പ്രയോഗിക്കാനുമുള്ള ഉദ്ദേശ്യം, വ്യതിചലിക്കുന്നവരെ ശിക്ഷിക്കാനുള്ള കഴിവ് എന്നിങ്ങനെയെല്ലാം അവരുടെ അധികാര പരിധിയായി കണക്കാക്കുന്നു. ഇപ്പോഴത്തെ ഭരണകൂടത്തിന്റെ തണലില്‍ ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു വരികയാണ്. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവരോടുള്ള അസഹിഷ്ണുത വളര്‍ത്തിയും അവരെ ആക്രമിച്ചും വെറുപ്പ് പടര്‍ത്തിയും ഭിന്നതയ്ക്ക് ആഴം കൂട്ടിയും ഹിന്ദുക്കളെയും ഇതര മതവിഭാഗങ്ങളെയും അകറ്റുകയാണ് ഇവരെല്ലാം ചെയ്യുന്നത്. ഇതര സമുദായാംഗങ്ങളോടുള്ള വിദ്വേഷം വമിപ്പിച്ച് ഹിന്ദുത്വയില്‍ അന്ധമായ വിശ്വാസമുണ്ടാക്കുക എന്നതാണ് ഈ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ സുപ്രധാന ലക്ഷ്യം. കുറ്റവാളികളെന്ന് നിരന്തരം പ്രചരിപ്പിച്ചും തന്ത്രപരമായി അകറ്റിനിര്‍ത്തിയും ന്യൂനപക്ഷങ്ങളാണ് യഥാര്‍ത്ഥ ശത്രുക്കളെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു.
ശ്രീദീപ്
കടപ്പാട്: scroll.in
You must be logged in to post a comment Login