“ഗവണ്‍മെന്റിന് ചില നിഷേധാത്മക ധാരണകള്‍ എന്നെ കുറിച്ചുണ്ടായിരുന്നു. രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണം പ്രധാന ചുമതലയായ ഭരണഘടനാ കോടതിയിലെ ന്യായാധിപന്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തിന്റെ സാക്ഷ്യപത്രമായാണ് ഞാന്‍ അതിനെ കാണുന്നത്.”
രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്നുള്ള വികാര നിര്‍ഭരമായ വിടവാങ്ങല്‍ ചടങ്ങില്‍ ജസ്റ്റിസ് അഖീല്‍ ഖുറേശി പറഞ്ഞ വാക്കുകളാണിത്. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ Justice for the Judge എന്ന ആത്മകഥയിലെ ചില പരാമർശങ്ങൾ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഖുറേശി ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്. കേവലം ഒരു ന്യായാധിപന്റെ വിരാമം എന്നതിലുപരി ഭരണകൂടത്തിന്റെ നിരന്തരമായ എതിര്‍പ്പുകളോട് പൊരുതി നിന്ന് പൗരാവകാശ സംരക്ഷണത്തിന് ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിച്ച നിയമജ്ഞന്‍ എന്ന നിലയില്‍ അടയാളപ്പെടുത്തേണ്ടതാണ് അഖീല്‍ ഖുറേശിയുടെ ന്യായാധിപ ജീവിതം. 1960ല്‍ ഗുജറാത്തിലാണ് അഖീല്‍ അബ്ദുല്‍ ഹമീദ് ഖുറേശി ജനിക്കുന്നത്. നിയമപഠനത്തിനു ശേഷം 1983 മുതല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിയമ സേവന രംഗത്ത് അദ്ദേഹം സജീവമാണ്. 2018 നവംബര്‍ രണ്ടിനാണ് ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്. പ്രസ്തുത നിയമനം തടയാനുള്ള ശ്രമങ്ങള്‍ അന്നുണ്ടായിരുന്നു. ഗുജറാത്തിലെ അഭിഭാഷക സമൂഹത്തില്‍ നിന്നുയര്‍ന്നുവന്ന ശക്തമായ പ്രതിഷേധം അദ്ദേഹത്തിനു തുണയായെങ്കിലും അതേ മാസം തന്നെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് വിജ്ഞാപനമിറങ്ങി. 2019ല്‍ അഖീല്‍ ഖുറേശിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി കൊളീജിയം ശിപാര്‍ശ ചെയ്‌തെങ്കിലും കേന്ദ്ര ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ നിയമനം മാത്രം പിടിച്ചുവെക്കുകയായിരുന്നു. പിന്നീട് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി 2019 നവംബറില്‍ നിയമിക്കപ്പെട്ടു. മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജുമാരുടെ അംഗബലം അമ്പത്തിമൂന്നും ത്രിപുരയിലേത് വെറും നാലുമായിരുന്നു.
രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രണ്ട് ജസ്റ്റിസുമാരെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്യണമെന്ന നിലപാടുള്ള ന്യായാധിപനായിരുന്നു ജസ്റ്റിസ് റോഹിന്റൺ ഫാലി നരിമാന്‍. അദ്ദേഹം 2019 മാര്‍ച്ച് മുതല്‍ കൊളീജിയം അംഗമായിരുന്നു. ആ കാലയളവിൽ സീനിയോരിറ്റിയിൽ മുന്നിട്ട് നില്‍ക്കുന്നവരായിരുന്നു കര്‍ണാടക ചീഫ് ജസ്റ്റിസ് അഭയ് ഓഖയും ജസ്റ്റിസ് അഖീല്‍ ഖുറേശിയും. ഇക്കാരണത്താല്‍ തന്നെ നരിമാന്‍ വിരമിക്കുന്നത് വരെ പുതിയ നിയമനങ്ങളൊന്നും തന്നെ സുപ്രീം കോടതിയിലേക്ക് നടന്നിരുന്നില്ല. സുപ്രീം കോടതിയിലേക്കുള്ള അവസാന നിയമനത്തില്‍ ഒൻപത് ജഡ്ജുമാരെ തിരഞ്ഞെടുത്തപ്പോള്‍ കൊളീജിയം പരിഗണിച്ചത് സീനിയോറിറ്റിക്ക് പകരം വൈവിധ്യത്തെയാണ് എന്നാണ് മനസിലാകുന്നത്. അങ്ങനെ വന്നാലും മെറിറ്റിൽ മുന്നിട്ട് നില്‍ക്കുന്ന ഖുറേഷിയെ മാറ്റിനിര്‍ത്തിയതിനു കാരണങ്ങള്‍ കാണുന്നില്ല. ഒൻപത് ജഡ്ജുമാരെ തിരഞ്ഞെടുത്തിട്ടും ഒരു സീറ്റ് ബാക്കിയായിരുന്നു എന്നുകൂടി ഓര്‍ക്കണം.
എന്തുകൊണ്ടായിരിക്കും അർഹിക്കുന്ന പരിഗണനകൾ പോലും അഖീൽ ഖുറേശിക്ക് നിഷേധിക്കപ്പെട്ടത്? നിയമ ജീവിതത്തിൽ അഖീൽ ഖുറേശിയെന്ന ധീരനായ നിയമജ്ഞൻ പുലർത്തിയ സത്യസന്ധതയും നിർഭയത്വവും നമുക്കതിന്റെ ഉത്തരം കാണിച്ചുതരുന്നുണ്ട്. അദ്ദേഹം പുറപ്പെടുവിച്ച വിധികള്‍ പലതും ഭരണ വിഭാഗത്തിന് വലിയ തലവേദനയുണ്ടാക്കിയിരുന്നു. അതുകൊണ്ടുതന്നെ അധികാരികൾക്ക് ഖുറേശി അപ്രിയനായിരുന്നു (persona non grata). ഗുജറാത്ത് ഹൈക്കോടതിയിലെ സേവന കാലത്ത് നടത്തിയ രണ്ട് വിധികളാണ് അദ്ദേഹം ഇത്രമേൽ അവഗണനകൾ നേരിടാൻ കാരണമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 2010 ലെ സുഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ ഖുറേശിയുടെ വിധിയായിരുന്നു ഒന്നാമത്തേത്. ഈ വിധിയിൽ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി ആയിരുന്ന അമിത്ഷായെ വിചാരണ കോടതിയുടെ വിധിയെ മറികടന്നുകൊണ്ട് സി ബി ഐക്ക് കസ്റ്റഡിയിൽ വെക്കാൻ ഖുറേശി അനുമതി നൽകിയിരുന്നു. മറ്റൊന്ന് 2011 ൽ മുൻ ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന ആർ എ മെഹ്തക്ക് സംസ്ഥാന ലോകായുക്തയുടെ ചുമതല നൽകിയുള്ള ഗവർണറുടെ തീരുമാനത്തെ ശരിവെച്ചതായിരുന്നു. അന്നത്തെ ഗുജറാത്ത് സർക്കാർ താല്പര്യത്തിനെതിരായിരുന്നു ആ തീരുമാനം. ഇത്ര കാലത്തെ നിയമ ജീവിതത്തിൽ സ്വയം സ്വീകരിച്ച നിലപാട് തന്നെയാണ് യുവ നിയമജ്ഞർക്കുള്ള നിർദേശമായി ഖുറേശി മുന്നോട്ടുവെച്ചതും. “”നിങ്ങളുടെ നിലപാടുമായി മുന്നോട്ട് പോവുക. നേർവഴിയിലൂടെ ലക്ഷ്യത്തിലെത്തുമ്പോൾ ലഭിക്കുന്ന വിജയം മധുരിതമാണ്. നിലപാടിലൂടെ മുന്നോട്ട് പോകുമ്പോൾ നേരിടേണ്ടി വരുന്ന പരാജയം തെറ്റായ ഒത്തുതീർപ്പുകളിലൂടെ ലഭിക്കുന്ന വിജയത്തേക്കാൾ ഉത്തമമാണ്”- ഖുറേഷി ഓർമിപ്പിച്ചു.
നമ്മുടെ രാജ്യത്ത് ഇതുവരെ നാൽപത്തിയെട്ട് ചീഫ് ജസ്റ്റിസുമാരുണ്ടായെങ്കിലും പൗരാവകാശങ്ങളെ സ്ഥിരപ്പെടുത്താൻ കാണിച്ച ധീരതയെയും ത്യാഗത്തെയും കുറിച്ചു സംസാരിക്കുമ്പോൾ ചീഫ് ജസ്റ്റിസാകാൻ നിയോഗമില്ലാതിരുന്ന ഹൻസ് രാജ് ഖന്നയെ നാം തീർച്ചയായും ഓർക്കുന്നുവെന്ന് ഖുറേഷി തന്റെ പ്രസംഗത്തിൽ പറയുന്നുണ്ട്. പ്രമാദമായ എ ഡി എം ജബൽപൂർ കേസിൽ ഖന്ന സ്വീകരിച്ച മുഴക്കമുള്ള വിയോജിപ്പായിരുന്നു അദ്ദേഹത്തെ അർഹിച്ച പദവികളിൽ നിന്ന് പോലും വിദൂരത്താക്കിയത്. എ ഡി എം ജബല്‍പൂര്‍/ ശിവകാന്ത് ശുക്ല കേസ് അടിയന്തരാവസ്ഥ കാലത്ത് രാജ്യം ഒരുപാട് ചര്‍ച്ച ചെയ്തതാണ്. നിയമവിധേയമല്ലാതെ തടങ്കലില്‍ വെക്കാതിരിക്കാനുള്ള ഒരാളുടെ അവകാശത്തെ താത്കാലികമായി എടുത്തുകളയാമെന്നായിരുന്നു പി എന്‍ ഭഗവതിയെ പോലുള്ള ന്യായാധിപര്‍ അന്ന് വിധിച്ചത്. പ്രസ്തുത വിധിക്കെതിരെ വ്യാപകമായ വിമര്‍ശങ്ങള്‍ അന്നുതന്നെ ഉയര്‍ന്നു വന്നിരുന്നു. അഞ്ചംഗ ബെഞ്ചിലെ എല്ലാവരും രാജീവ് ഗാന്ധി ഗവൺമെന്റിന്റെ താല്പര്യത്തിനൊപ്പം നിന്നപ്പോൾ വിയോജിപ്പ് രേഖപ്പെടുത്തിയ ഏക ന്യായാധിപനായിരുന്നു ഹന്‍സ് രാജ് ഖന്ന. പി എന്‍ ഭഗവതി പിന്നീട് ഈ വിധിയില്‍ സ്വീകരിച്ച നിലപാടിൽ ഖേദം രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇതിനോടുള്ള പ്രതികരണമെന്നോണം ചീഫ് ജസ്റ്റിസ് നിയമന വേളയില്‍ ഖന്ന അവഗണന നേരിടേണ്ടി വന്നിരുന്നു എന്നത് പ്രത്യേകം ഓർമിക്കേണ്ടതാണ്.
സ്റ്റേറ്റ് സംവിധാനങ്ങളോ അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരോ കക്ഷിയാകുന്ന കേസുകളില്‍ ഭരണഘടനാ ധര്‍മം നിര്‍ഭയമായി നിര്‍വഹിക്കുന്നത് മാറ്റിനിര്‍ത്തപ്പെടാന്‍ കാരണമാകുമെന്ന സന്ദേശം നിയമ സമൂഹത്തില്‍ പ്രചരിക്കുന്നത് അഭിലഷണീയമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ സംവിധാനം. രാഷ്ട്രീയപരവും അല്ലാത്തതുമായ ബാഹ്യ പ്രേരണകള്‍ക്ക് ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ കീഴ്‌പെടേണ്ടി വരുന്നത് സ്വസ്ഥമായ പൗരജീവിതം ദുഷ്‌കരമാക്കും. 1982 ല്‍ എസ് പി ഗുപ്ത/ യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ ന്യായാധിപര്‍ നിര്‍ഭയമായും നിയമവാഴ്ചാ സങ്കല്‍പത്തെ മുന്‍നിര്‍ത്തിയും പ്രവര്‍ത്തിക്കണമെന്ന് ഉണര്‍ത്തുന്നുണ്ട്. ഭരണഘടനാ നിര്‍മാതാക്കള്‍ നിയമ നിര്‍മാണ സഭയെയും കാര്യനിര്‍വഹണ വിഭാഗത്തെയും നീതിന്യായ സംവിധാനത്തെയും വേറിട്ട സ്ഥാപനങ്ങളാക്കിയത് ഓരോന്നിനകത്തും സ്വതന്ത്രമായ ദൗത്യനിര്‍വഹണവും ഒന്ന് മറ്റൊന്നിന്റെ അതിര്‍വരമ്പ് ഭേദിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തെ കൂടി മുന്‍നിര്‍ത്തിയായിരുന്നു.
കൊളീജിയം സംവിധാനം ജുഡീഷ്യറിയുടെ അസ്തിത്വം സുരക്ഷിതമായി നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ എക്‌സിക്യുട്ടീവിന്റെ താൽപര്യത്തിനൊത്ത് താളം പിടിക്കുകയാണെങ്കില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് അതേൽപിക്കുന്ന പ്രഹരം വലുതായിരിക്കും. കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നതില്‍ എക്‌സിക്യുട്ടീവ് കൈകടത്തുന്നത് ഇല്ലാതിരിക്കാനുള്ള ജാഗ്രതയാണ് കൊളീജിയം സംവിധാനം. കൊളീജിയം വഴിയുള്ള ജുഡീഷ്യല്‍ നിയമനം 1993 ലാണ് സുപ്രീം കോടതി പരിചയപ്പെടുത്തുന്നത്. സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലേക്കുള്ള നിയമനം, മറ്റു ഹൈക്കോടതികളിലേക്കുള്ള സ്ഥലംമാറ്റം തുടങ്ങിയവ പരമോന്നത കോടതിയിലെ ചീഫ് ജസ്റ്റിസും ഏറ്റവും മുതിര്‍ന്ന നാല് ജസ്റ്റിസുമാരും അടങ്ങുന്ന ഫോറം ശിപാര്‍ശ ചെയ്യുന്ന രീതിയാണ് കൊളീജിയം സ്വീകരിക്കുന്നത്. പക്ഷേ കൊളീജിയം പലപ്പോഴും എക്‌സിക്യുട്ടീവ് അതോറിറ്റിയുടെ കളിപ്പാവയായി മാറുകയാണ് ചെയ്യുന്നത്. എക്‌സിക്യുട്ടീവ് അതോറിറ്റിയുടെ പിടിവാശിക്കുമുമ്പില്‍ ജസ്റ്റിസുമാരെ സംരക്ഷിക്കുന്നതില്‍ കൊളീജിയം നിസ്സഹായമാകുന്നത് ആദ്യമല്ല. ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജസ്റ്റിസ് ജയന്ത് പട്ടേലും സമാനമായ അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം പിന്നീട് രാജിവെക്കുകയാണുണ്ടായത്.
എക്‌സിക്യുട്ടീവ് വിഭാഗം ജഡ്ജിമാരുടെ നിയമനത്തില്‍ ഇടപെടുന്നതിനേക്കാള്‍ അത്ഭുതപ്പെടുത്തുന്നത് കൊളീജിയം സ്വമേധയാ ഭരണ വിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുന്നതാണെന്ന് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് നിരീക്ഷിക്കുന്നുണ്ട്. കാരണം ജസ്റ്റിസ് ആർ എഫ് നരിമാന്‍ വിരമിച്ച ശേഷവും ബാക്കിയുള്ള കൊളീജിയം അംഗങ്ങള്‍ ജസ്റ്റിസ് അഖീല്‍ ഖുറേശിയെ സുപ്രീംകോടതിയിലേക്ക് ശുപാര്‍ശ ചെയ്തിരുന്നില്ല.
ശേഷം 2014 ല്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ വഴി ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള ശ്രമം തൊണ്ണൂറ്റി ഒൻപതാം ഭരണഘടനാ ഭേദഗതിയിലൂടെ ഗവണ്‍മെന്റ് നടത്തിയിരുന്നു. ആകെ ആറ് അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രസ്തുത കമ്മീഷന്‍. രാജ്യത്തെ ചീഫ് ജസ്റ്റിസ് ചെയര്‍മാനും സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ട് ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി എന്നിവരും മറ്റു രണ്ട് അംഗങ്ങള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാന മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ കമ്മിറ്റി നിർദേശിക്കുന്നവരുമായിരിക്കും. പക്ഷേ സുപ്രീം കോടതി പ്രസ്തുത കമ്മിഷനെ നിയോഗിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയും കൊളീജിയത്തെ നിലനിർത്തുകയും ചെയ്തു.
ഖന്നയും ഖുറേശിയുമെല്ലാം വരാനിരിക്കുന്ന നിയമ സമൂഹത്തിന് മികച്ച പാഠങ്ങളാണ് പ്രദാനം ചെയ്യുന്നതെങ്കിലും അവരനുഭവിക്കേണ്ടി വന്ന അവഗണനയുടെ അന്തരീക്ഷം മാറേണ്ടതുണ്ട്. അല്ലെങ്കിൽ ന്യായാധിപ നിയമനത്തിലെയും നീതിന്യായ വ്യവഹാരങ്ങളിലെയും ബാഹ്യ സ്വാധീനങ്ങളെ അകറ്റാൻ സ്ഥാപിതമായ സംവിധാനങ്ങൾ നിരർഥകമാകും. കവിയും മുംബൈയിലെ മികച്ച അഭിഭാഷകനുമായ രാജു മൊറായുടെ “NOT THEIR TYPE OF JUDGE’ എന്ന കവിതയിലെ ശകലമിങ്ങനെ.
“The problem starts if you go by the book
Antagonises them all:smallest to big crook
Hurdles at every step,denial of what’s due
Most meekly acquiesce, protestors are few
Being principled in life can be hard and messy
What better example than Justice Akil Kureshi?’
ശമീൽ പൈലിപ്പുറം
You must be logged in to post a comment Login