ജിഹാദ് ഇന്ത്യാ രാജ്യത്ത് എന്തു കൊണ്ട് നടക്കുന്നില്ല എന്ന ചോദ്യം പലരുടെയും മനസിൽ ഉയർന്നു വരുന്നുണ്ട്. അതിന്റെ ഉത്തരം കണ്ടെത്തുക എന്നതാണ് ഈ സംസാരം കൊണ്ട് ലക്ഷ്യമാക്കുന്നത്. ജിഹാദിന്റെ ആദ്യകാല വിധി ഇബ്നു ഹജർ (റ) തുഹ്ഫ ഒൻപതാം വാള്യത്തിൽ പുറം 212ൽ വ്യക്തമാക്കുന്നുണ്ട്.
ഇസ്‌ലാമിന്റെ ആദ്യകാലത്ത്, ഹിജ്റയുടെ മുമ്പ്, പാടില്ലാത്ത ഒരു സംഗതിയായിരുന്നു ജിഹാദ്. നുബുവ്വതിനു ശേഷം 14 കൊല്ലക്കാലം അതായത് മക്കയിലെ 13 വർഷവും മദീനയിലെ ഒരു വർഷവും 70 ൽ പരം ഖുർആൻ സൂക്തങ്ങളിലൂടെ ജിഹാദ് വിലക്കിയ ശേഷം ആദ്യഘട്ടം എന്നോണം ശത്രുക്കൾ തുടക്കം കുറിച്ചാൽ മാത്രം ജിഹാദിന് അനുമതി നൽകി.
അൽബഖറ 190 കാണുക. “നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് യുദ്ധം ചെയ്യാനാണ് ആഹ്വാനം.’ നിങ്ങളോട് യുദ്ധം ചെയ്യുന്നവരെ മാത്രമാണ് ഉദ്ദേശിച്ചത് എന്ന് വളരെ വ്യക്തമായി കാണാനാവും.
രണ്ടാമത്തെ ഘട്ടത്തിൽ യുദ്ധം നിരോധിച്ച മാസങ്ങളല്ലാത്ത സമയത്ത് ജിഹാദ് അനുവദിച്ചു. അതും മുസ്‌ലിംകളെ നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തിൽ യുദ്ധോത്സുകരായ നിഷേധികളോട് മാത്രം.
മക്കാ വിജയം കഴിഞ്ഞ് ഹിജ്‌റ എട്ടാം വർഷത്തിനു ശേഷം നേരത്തെ പറഞ്ഞ ശത്രുക്കളോട് ഏതു നിലയിലുമുള്ള ജിഹാദിന്, അതായത് യുദ്ധം നിരോധിച്ച കാലത്തായാലും അല്ലെങ്കിലും ഈ അനുമതി നൽകി. തൗബ അധ്യായത്തിലെ 41ാം വചനം കൊണ്ടാണ് ജിഹാദിന് അനുമതി നൽകിയത്. അല്ലാഹുവിന്റെ റസൂൽ(സ്വ) ജീവിച്ചിരുന്ന കാലത്ത് ജിഹാദിന്റെ വിധി മൂന്നു ഘട്ടങ്ങളിലായി ഉണ്ടായിരുന്നു എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
റസൂലിന്റെ(സ്വ) കാലം കഴിഞ്ഞാൽ “നിങ്ങളോട് യുദ്ധം ചെയ്യുന്നവർ’ എന്ന് ഖുർആൻ പ്രയോഗിച്ച യുദ്ധസന്നദ്ധരായ നിഷേധികളെ തന്നെ രണ്ടു രീതിയിൽ കാണണം. മുസ്‌ലിംകളും അമുസ്‌ലിംകളും രണ്ടു രാജ്യങ്ങളിലായി താമസിക്കുകയും അവർ അവരുടെ രാജ്യത്തു തന്നെ നിലകൊള്ളുകയും ചെയ്യുന്ന അവസരത്തിൽ ഒരു രീതി. അവരോടുള്ള ജിഹാദിന്റെ വിധി ഫർള് കിഫായയാണ്. രണ്ടാമത്തെ രീതി മുസ്ലിംകൾക്കെതിരെ യുദ്ധസന്നദ്ധരായ(ഹറാബത് ഉള്ളവർ) ആളുകൾ നമ്മുടെ സ്വന്തം രാജ്യത്തേക്ക് കടന്നു കയറുകയും ആക്രമിക്കുകയും ചെയ്‌താൽ അവർക്കെതിരെ ജിഹാദ് ചെയ്യേണ്ടത് നമ്മുടെ രാജ്യത്തുള്ള സ്ത്രീകളും വൃദ്ധരും രോഗികളും തുടങ്ങി ഓരോ മനുഷ്യനും വൈയക്തികമായി തന്നെ നിർബന്ധമാണ്. അടിയറവ് പറയാൻ പാടില്ല.
അൻഫാൽ അധ്യായത്തിലൂടെയും തൗബ അധ്യായത്തിലൂടെയും പാരായണം എന്ന ലക്ഷ്യം വെച്ച് നമുക്കു സഞ്ചരിക്കാം. നമുക്ക് കഴിവില്ലാത്തത് കൊണ്ട് തന്നെ ജിഹാദിന്റെ നിയമങ്ങൾ തൗബയിൽ നിന്നോ അൻഫാലിൽ നിന്നോ കണ്ടെത്താൻ ശ്രമിക്കരുത്. ജിഹാദിന്റെ നിയമങ്ങൾ നിർദ്ധാരണം ചെയ്യാൻ കഴിവുള്ള മുൻകാല പണ്ഡിതർ തൗബ അധ്യായവും അൻഫാൽ അധ്യായവും അതു പോലെയുള്ള വചനങ്ങളും അടിമുടി പരിശോധിച്ച് അതിൽ നിന്ന് നിർദ്ധാരണം ചെയ്ത വിധികളാണ് നാം പിന്തുടരേണ്ടത്. അത് മാത്രമേ പിന്തുടരാൻ പറ്റുകയുള്ളൂ. നിസ്കാരത്തിന്റെയോ നോമ്പിന്റെയോ കാര്യങ്ങളിൽ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ട് വിധി പറയാൻ നമുക്ക് അധികാരം ഇല്ലാത്തതു പോലെ ജിഹാദിന്റെ കാര്യത്തിലും അധികാരം ഇല്ല.
അല്ലാഹു മനുഷ്യരെ രണ്ട് തട്ടുകളിലാക്കിയിട്ടുണ്ട്. വിധികൾ നിർദ്ധാരണം ചെയ്യാൻ കഴിവുള്ളവരും ഇല്ലാത്തവരും. വിധികൾ നിർദ്ധാരണം ചെയ്യാൻ കഴിവുള്ള പണ്ഡിതന്മാരിൽ കൃത്യമായി ക്രോഡീകരണം നടത്തിയവർ അബൂഹനീഫ ഇമാം, ശാഫിഈ ഇമാം, ഹമ്പലി ഇമാം, മാലികി ഇമാം എന്നിവരാണ്. ഇവരല്ലാത്ത, വിധികൾ നിർദ്ധാരണം ചെയ്യാൻ കഴിവുള്ള പണ്ഡിതന്മാർ ഉണ്ടെങ്കിലും ക്രോഡീകരിക്കപ്പെടാത്തതിനാൽ അവരെ പിന്തുടരാൻ നമുക്ക് അധികാരമില്ല. നിർദ്ധാരണം ചെയ്തു ക്രോഡീകരിച്ച പണ്ഡിതന്മാർ എങ്ങനെയാണോ അൻഫാൽ അധ്യായവും തൗബ അധ്യായവും നോക്കിക്കണ്ടത് അതാണ് നമ്മൾ പിന്തുടരേണ്ടത്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ ജിഹാദിനെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?
നാം തുഹ്ഫയിലേക്കാണ് പോകുന്നത്. തൗബയും അൻഫാലും അരച്ചു കലക്കി കുടിച്ച ഇമാമുകൾ പകർന്നു വെച്ച അടിസ്ഥാന സ്രോതസ്സിലേക്ക്.
റസൂലിന്റെ(സ്വ) കാലഘട്ടത്തിനു ശേഷം മുസ്‌ലിംകളും അവരോട് യുദ്ധസന്നദ്ധരായി നിൽക്കുന്ന കാഫിറും രണ്ടു രാജ്യങ്ങളിലായാണ് വസിക്കുന്നതെങ്കിൽ മുസ്‌ലിംകൾക്ക് ജിഹാദ് ഫർള് കിഫായ ആണെന്ന് നമ്മൾ മുമ്പ് പറഞ്ഞുവെച്ചു. വർഷത്തിൽ ഒരു തവണയാണോ നിർബന്ധമുള്ളത് ഒന്നിലധികം തവണയാണോ നിർബന്ധം ഉള്ളത് എന്നതിൽ അഭിപ്രായവ്യത്യാസം ഉണ്ട്. ഒന്നായാലും ഒന്നിലധികമായാലും ജിഹാദ് നിർബന്ധമാകാനുള്ള നിബന്ധന നമുക്ക് കഴിവ് ഉണ്ടാവുക എന്നതാണ്. വുളൂഅ് ഇല്ലാതെ നിസ്കാരം സ്വീകര്യമാവാത്തത് പോലെ ബലഹീനരാണെങ്കിൽ ജിഹാദ് നിർബന്ധമാകുന്നില്ല .
ഒരു മുസ്‌ലിമിന് രണ്ടിനു മുകളിൽ നിഷേധി എന്ന നിലയിൽ നിഷേധികളുടെ എണ്ണം പെരുകാതിരിക്കുക എന്നതാണ് കഴിവ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് മുസ്‌ലിം പക്ഷത്ത് 10 പേർ ഉണ്ടാവുമ്പോൾ മറുപക്ഷത്ത് 21 പേർ ഉണ്ടാവുക. അങ്ങനെ വന്നാൽ എണ്ണം കൊണ്ടുള്ള ബലഹീനത ഉണ്ട് എന്ന് കണക്കാക്കും. അതിനാൽ ജിഹാദ് നിർബന്ധമാകില്ല. ഇതെല്ലാം നിർദ്ധാരണം ചെയ്യുന്നത് സനദുകൾ അടിസ്ഥാനമാക്കിയാണ്. വിധികൾ പിന്തുടരുന്നവർ അതിന്റെ സനദുകൾ അന്വേഷിക്കേണ്ടതില്ല; അത് നമുക്ക് അനിവാര്യമല്ല.
മറ്റൊരു നിബന്ധന അവർ ഇസ്‌ലാമിലേക്ക് കടന്നു വരുമെന്ന് പ്രതീക്ഷ ഇല്ലാതിരിക്കലാണ്. പ്രതീക്ഷ ഉണ്ടെങ്കിൽ ജിഹാദ് നിർബന്ധമാവില്ല.
ഈ രണ്ട് നിബന്ധനകളും ഒത്തുവന്നില്ലെങ്കിൽ നിബന്ധനകൾ പൂർത്തിയാവുന്നത് വരെ ജിഹാദ് നീട്ടിവെക്കൽ നിർബന്ധമാണ്.
അൻഫാൽ അധ്യായവും തൗബ അധ്യായവും ഇത്രയേറെ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമ്പോഴും എന്തിനാണ് മുസ്ലിംകൾ കാത്തു നിൽക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ലേ? ഇപ്പറഞ്ഞതൊന്നും ഇന്ത്യൻ സാഹചര്യത്തിലല്ല എന്നോർക്കുക. അക്കാര്യം നാം പിന്നീട് പറയുന്നുണ്ട്.
നിങ്ങളുമായി യുദ്ധം നടത്തുന്നവരോടോ ആ മനഃസ്ഥിതി ഉള്ളവരോടോ മാത്രമാണ് ജിഹാദ് ചെയ്യാൻ കല്പന. അപ്പോൾ ദിമ്മിയ്യായ കാഫിർ(മുസ്‌ലിംകളോട് സൗഹൃദത്തിൽ നിൽക്കുന്ന നിഷേധികൾ) ഇതിൽ പെടില്ല. “മുസ്തഅ്മിൻ’ എന്നറിയപ്പെടുന്ന ഒരു മുസ്‌ലിമോ രാഷ്ട്രമോ അഭയം നൽകിയ യുദ്ധോത്സുകനായ നിഷേധിക്ക്, നൽകുന്ന അഭയത്തിന്റെ കാലാവധി കഴിയും വരെ ജിഹാദ് ചെയ്യാൻ പറ്റില്ല. അപ്പോൾ അവരും ഈ വിധിയിൽ പെടില്ല. “മുആഹിദ്’ എന്നറിയപ്പെടുന്ന യുദ്ധമില്ലാ സന്ധിയിൽ ഏർപ്പെട്ട രാഷ്ട്രത്തിലെ പൗരനും ഇതിൽ പെടില്ല. സന്ധിയിലേർപ്പെട്ടു കഴിഞ്ഞാൽ രാഷ്ട്രത്തിലെ മുഴുവൻ മനുഷ്യർക്കും പരസ്പരം ആ സന്ധി പാലിക്കൽ നിർബന്ധമാണ്. മുസ്തഅ്മിനും മുആഹിദും തമ്മിലുള്ള വ്യത്യാസം മുസ്തഅ്മിനിന് അഭയം നൽകാൻ മുസ്‌ലിം രാജ്യത്തെ കേവലം ഒരു പൗരനു പോലും കഴിയും എന്നതാണ്.
റസൂലിന്റെ(സ്വ) മകൾ സൈനബ് (റ) മുസ്‌ലിം ആയതിനു ശേഷവും ബീവിയുടെ ഭർത്താവ് മുസ്‌ലിംകളോടുള്ള ശത്രുതയിൽ തുടർന്നു. ഹിജ്‌റ ആറാം വർഷം ഒരു ആവശ്യത്തിനു വേണ്ടി അദ്ദേഹം മദീനയിലെത്തി. ആ സമയം സൈനബ് ബീവി ഞാൻ അഭയം നൽകിയെന്ന് പ്രഖ്യാപിച്ചു. മുസ്‌ലിം രാജ്യത്ത് പൗരത്വമുള്ള ഒരു സ്ത്രീ ആണ് ഇത് പ്രഖ്യാപിച്ചത്. ഇതറിഞ്ഞ നിമിഷം അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: നമ്മുടെ രാജ്യത്തെ ഒരാൾ, അത് ആണാവട്ടെ പെണ്ണാവട്ടെ അഭയം നൽകിയാൽ അത് പാലിക്കൽ മുഴുവൻ പേർക്കും ബാധ്യതയാണ്. എന്നാൽ സന്ധി(അഹ്ദ്) ഒരു രാഷ്ട്രത്തലവന് മാത്രമേ നടത്താൻ പറ്റുകയുള്ളൂ. മുശ്്രിക്കുകളിൽനിന്നും ഉടമ്പടിയിൽ ഏർപ്പെട്ടവരിൽ നിന്നും വിടുതൽ എന്ന പ്രഖ്യാപനം വരുന്നതിന് മുമ്പ് നബി (സ്വ) മുശ്്രിക്കുകളുമായി സന്ധിയിലേർപ്പെട്ടിരുന്നു. ആ സമയം മുസ്‌ലിംകൾ മക്കയിലും മുശ്്രിക്കുകൾ മദീനയിലും ഭയലേശമന്യേ സഞ്ചരിക്കാറുമുണ്ടായിരുന്നു. ബഹുദൈവ വിശ്വാസികളോട് മുഴുവൻ(കാഫ്ഫ) യുദ്ധം ചെയ്യുക എന്ന പ്രയോഗത്തിൽ “നിങ്ങളോട് യുദ്ധോത്സുകരായ നിഷേധികൾ’ മാത്രമേ ഉൾപ്പെടൂ എന്ന് ഇതിൽനിന്ന് ഖുർആൻ ഉദ്ദേശിച്ചത് വ്യക്തമായി.
നമ്മൾ ഒന്നാലോചിക്കുക, ജിഹാദ് എന്നത് നിസ്കാരം പോലെയോ നോമ്പു പോലെയോ മനുഷ്യർക്ക് സ്വയം നിർവഹിക്കാൻ പറ്റിയ ഒന്നല്ല. അത് വളരെ സൂക്ഷിച്ചു നിബന്ധനകൾ നോക്കി ചെയ്യേണ്ടതാണ്. നാം നമ്മുടെ രാജ്യത്തും ബഹുദൈവ വിശ്വാസി അവരുടെ രാജ്യത്തും നിൽക്കുന്നതോടൊപ്പം നാം അവരോട് സന്ധിയിൽ ഏർപ്പെടാതിരിക്കുകയും “നിങ്ങളോട് യുദ്ധോത്സുകരായ നിഷേധികളുടെ’ പരിധിയിൽ വരുകയും നമ്മുടെ അംഗസംഖ്യ അവരുടെ അംഗസംഖ്യയുടെ നേർപകുതി എത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് ഫർള് കിഫായ വരുന്നത്.
ഇന്ത്യൻ സാഹചര്യം
ഇന്ത്യൻ സാഹചര്യത്തിലേക്ക് നോക്കിയാൽ മുസ്‌ലിംകളും അമുസ്‌ലിംകളും രണ്ടു രാഷ്ട്രമായി നിൽക്കുന്ന ഇടമല്ല. 1947 ൽ അവിഭക്ത ഭാരതത്തെ മൗണ്ട് ബാറ്റൺ പാകിസ്ഥാൻ, ഇന്ത്യൻ യൂണിയൻ എന്നീ രണ്ട് രാജ്യങ്ങളാക്കി മാറ്റി. ഒരുപാട് വർഗീയ കലാപങ്ങൾ നടന്ന കാരണത്താൽ ഇന്ത്യയെ രണ്ടായി മാറ്റുന്നുവെന്നും ഇഷ്ടപ്പെട്ടവർക്ക് ഇഷ്ടപ്പെട്ട സ്ഥലം തിരഞ്ഞെടുക്കാം എന്നുമാണ് മൗണ്ട് ബാറ്റൺ പ്രഖ്യാപിച്ചത്.
പാകിസ്ഥാനിലുള്ള മുസ്‌ലിംകൾ ഏകദേശം നൂറു ശതമാനവും പാകിസ്ഥാനിൽ തന്നെ നിന്നു. അതേ സമയം ഇന്ത്യയിലുള്ള മുസ്‌ലിംകൾ രണ്ടു വിഭാഗമായി തിരിയുകയും ഒരു കൂട്ടർ കറാച്ചിയിലേക്ക് തിരിക്കുകയും മറുഭാഗം ഇന്ത്യയിൽ തുടരുകയും ചെയ്തു. അന്ന് മുസ്‌ലിം വിഭാഗത്തിൽപ്പെട്ട അബുൽ കലാം ആസാദ്, ഫഖ്റുദ്ദീൻ അലി അഹ്മദ്, മുഹമ്മദ് ഇസ്മാഈൽ സാഹിബ്, അൻസാരി തുടങ്ങിയ നായകർ മുസ്‌ലിം ജനങ്ങളുടെ പ്രതിനിധിയായി നെഹ്‌റുവിനെ കാണുകയും ഇവിടെ തന്നെ നിൽക്കാമെന്നും ഭരണകൂടത്തെ പൂർണാർഥത്തിൽ അംഗീകരിക്കുമെന്നും ഉറപ്പു നൽകി. ആ സമയം നെഹ്റു മറുപടിയായി പറഞ്ഞത് “നാം ഈ രാജ്യത്തെ കൊണ്ടു പോവാൻ ഉദ്ദേശിക്കുന്നത് സോഷ്യലിസ്റ്റ് രീതിയിലാണ്. ഇവിടെ ആർക്കും മതത്തിന്റെ പേരിൽ മുൻഗണന ലഭിക്കില്ല. ഇവിടെ ആരും നിയമം കൈയിലെടുക്കരുത്. എല്ലാവരും ഇവിടുത്തെ നിയമങ്ങൾ പാലിക്കണം. ഇതെല്ലാം അനുസരിക്കാമെന്ന് മുസ്‌ലിം നായകർ ഉറപ്പ് നൽകി. അത് “കുറുപ്പിന്റെ ഉറപ്പ്’ ആവാതിരിക്കാൻ ഉടൻ അംബേദ്കറിനെ ഉപയോഗപ്പെടുത്തി മുസ്‌ലിം നായകർ അംഗീകരിച്ച മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തി ഭരണഘടന ഉണ്ടാക്കുകയും അതിനെ പിന്തുണക്കുന്നവർ വോട്ട് ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
ആദ്യ ലോക്്സഭ തിരഞ്ഞെടുപ്പ് അംബേദ്കറിന്റെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയെ പിന്തുണക്കുന്നവരും പിന്തുണക്കാത്തവരും തമ്മിലായിരുന്നു. പിന്തുണക്കുന്നവരെ നിയോഗിച്ചത് നെഹ്റുവും പിന്തുണക്കാത്തവരെ നിയോഗിച്ചത് അന്നത്തെ ഹിന്ദു മഹാസഭയുമായിരുന്നു. 1951 ലെ ആദ്യ തിരഞ്ഞെടുപ്പിൽ നമ്മുടെ പിതാമഹന്മാരായ മുസ്‌ലിംകൾ മുഴുവൻ നെഹ്റു നിർത്തിയ സ്ഥാനാർഥികൾക്ക് വോട്ടു നൽകി. ആ വോട്ടിനർഥം ആ സ്ഥാനാർഥിയെ സപ്പോർട്ട് ചെയ്തു എന്നല്ല, ഭരണഘടനക്ക് എന്റെ പിന്തുണ എന്നാണ്. ഈ രാജ്യത്തിന്റെ നിയമങ്ങളെ അനുസരിച്ചു ഭരണഘടനയെ പിന്തുണച്ചു കഴിയാം എന്നാണ്. അന്ന് നടത്തിയ പൗരാവലിയുടെ ഉടമ്പടിയെ ഓരോ അഞ്ചു വർഷം കഴിയുമ്പോഴും പുതുക്കുന്നതാണ് ലോക്്സഭ തിരഞ്ഞെടുപ്പുകൾ. അത് ബാഹ്യദൃഷ്ടിയിൽ സ്ഥാനാർഥിക്കുള്ള വോട്ട് ആണെങ്കിലും യഥാർത്ഥത്തിൽ ഭരണഘടനയെ പിന്തുണക്കുന്നതാണ്.
രണ്ട് രാഷ്ട്രത്തലവന്മാർ ഉടമ്പടി വെക്കുന്നതിന് തുല്യമാണ് ഒരു രാജ്യത്തെ രാഷ്ട്രത്തലവനോട് ആ രാജ്യത്തെ മറ്റൊരു കമ്മ്യൂണിറ്റി ഉടമ്പടിയിലേർപ്പെടുന്നതും. നമ്മുടെ പൂർവികരായ ആളുകൾ അന്ന് ഉടമ്പടിയിലേർപ്പെടുകയും ഇന്നും ഓരോ അഞ്ചു വർഷം കഴിയുമ്പോഴും നമ്മൾ പുതുക്കുകയും ചെയ്യുന്നതു കൊണ്ട് തന്നെ നമ്മുടെ ബാധ്യത ഈ രാജ്യത്തെ മറ്റു ജനങ്ങളെല്ലാം പുറത്താണെന്നോ അവർ മാത്രമാണ് അകത്തെന്നോ കാണാതെ രണ്ട് പേർക്കും തുല്യ അവകാശം ഉള്ളത് പോലെ ജീവിക്കണമെന്നാണ്. അല്ലാഹുവിന്റെ റസൂൽ(സ്വ) മദീനയിലെത്തി ആദ്യ ആറു വർഷം ജൂതന്മാരുമായി അങ്ങനെയായിരുന്നു ജീവിച്ചത്. മുസ്‌ലിംകളുടെയും ജൂതന്മാരുടെയും കൂടിയായിരുന്നു അന്നു മദീന. അഹ്‌സാബ് യുദ്ധത്തിനു ശേഷം ജൂതന്മാർ രാജ്യദ്രോഹ പ്രവർത്തനം നടത്തി ആ ഉടമ്പടിയിൽ നിന്ന് ഒഴിഞ്ഞിട്ടുണ്ട്.
നമ്മുടെ ഇപ്പോഴത്തെ ഉത്തരവാദിത്വം വ്യക്തിപരമായും സാമൂഹ്യപരമായും രാഷ്ട്രാന്തരീയവുമായുള്ള ഉടമ്പടികൾ പാലിക്കലാണ്. അതുകൊണ്ട് നമ്മുടെ ഉത്തരവാദിത്വം നമ്മുടെ പൂർവികർ അന്ന് നെഹ്റുവിന് നൽകിയ ഭരണഘടനയെ അംഗീകരിക്കുമെന്നും അക്രമികൾ നിയമം കൈയിലെടുത്താലും ഞങ്ങൾ നിയമം കൈയിലെടുക്കില്ലെന്നുമുള്ള ഉടമ്പടി പാലിക്കലാണ്. ഖുർആനിൽ ഒരുപാട് സ്ഥലത്ത് നിങ്ങൾ ഉടമ്പടി പാലിക്കണം എന്ന് കല്പിച്ച സ്ഥിതിക്ക് പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
നമുക്ക് നിർബന്ധമായ ജിഹാദാണ് മുടങ്ങുന്നതെങ്കിൽ സമസ്തയുടെ ഏതെങ്കിലും ഒരു മീറ്റിംഗിൽ ഒരു സാമൂഹ്യ ബാധ്യത മുടങ്ങിക്കിടക്കുന്നു എന്ന ചോദ്യം ഉയരേണ്ടതല്ലായിരുന്നോ?
നിസ്കാരത്തിന്റെ കൈകെട്ട് രീതി മാറുമ്പോഴേക്ക് അക്കാര്യത്തിൽ നിലപാട് പറയുന്ന സമസ്ത ഒരു നിർബന്ധ ബാധ്യത മുടങ്ങിക്കിടന്നിട്ടും മിണ്ടാതിരിക്കില്ലല്ലോ? അവർ അതെല്ലാം പഠിച്ചവരാണ്. അതുകൊണ്ടാണ് അവർ അതിന് കൽപ്പിക്കാത്തത്.
ഇതിനെല്ലാം എതിരായിട്ട് ജമാഅതെ ഇസ്‌ലാമിയോ അവരുടെ ആവേശമായിരുന്ന ബ്രദർഹുഡോ അല്ലെങ്കിൽ ഇവരുടെ അതേ പാതയിൽ സഞ്ചരിക്കുന്നവരോ എന്തുകൊണ്ട് പ്രവർത്തിക്കുന്നു എന്നു ചോദിച്ചാൽ അതിനുത്തരമിതാണ്: നിസ്കാരത്തിന്റെ ഫർളും ശർതും കണ്ടുപിടിക്കാൻ ഞങ്ങൾക്ക് ഫിഖ്ഹിന്റെ ആവശ്യമില്ല. ഖുർആനും സുന്നതും മാത്രം മതി എന്ന് അവർ തീരുമാനിച്ചത് പോലെ ജിഹാദിന്റെ വിധി പറയാനും അവർക്ക് ഫിഖ്ഹ് വേണ്ട. തൗബ അധ്യായത്തിന്റെയും അൻഫാൽ അധ്യായത്തിന്റെയും പരിഭാഷ മതി എന്നു വിശ്വസിച്ചു പോയ ഒരു തെറ്റാണ് അവർക്ക് പിണഞ്ഞത്. നമുക്ക് അത് അംഗീകരിക്കാൻ കഴിയില്ല.
ഖുർആനും സുന്നതും നോക്കി നിർദ്ധാരണം നടത്തി അതിന്റെ റിസൾട്ടുകളുമായി മുന്നിൽവന്ന നിർദ്ധാരണത്തിന് കഴിവുള്ള ഇമാമുകളെ മാത്രമേ നമുക്ക് പിന്തുടരാവൂ. സമസ്ത സ്വീകരിച്ചിട്ടുള്ള സമാധാനപരമായ പാത മാത്രമേ നമ്മൾ സ്വീകരിക്കാൻ പാടുള്ളൂ. അല്ലാതെ പുതിയ പാർട്ടികൾ ഉണ്ടാക്കി രാത്രി നേരങ്ങളിൽ രഹസ്യയോഗം കൂടി തോക്കെടുക്കുന്നവരുടെ കൂട്ടത്തിൽ ഒരാളും പെട്ട് പോകരുത്.
ബഷീർ ഫൈസി വെണ്ണക്കോ
You must be logged in to post a comment Login