“എന്താടീ നിനക്കിവിടെ കാര്യം?” പിറകില്‍ നിന്ന് ബാപ്പയുടെ ഗര്‍ജ്ജനം. “ശൃംഗരിച്ചു സുഖിക്കാനാണോ നിന്നെ ഞാന്‍ പണം എണ്ണിക്കൊടുത്തു വാങ്ങിയത്?” ചാട്ടവാര്‍ ശീല്‍ക്കാല ശബ്ദത്തോടെ അബ്ദുല്ലയെ പൊള്ളിച്ചു. ശരീരം പൊട്ടി ചോര തെറിച്ചു. “ഇനി ഒരിക്കല്‍ കൂടി ഞാനിതു കണ്ടാലുണ്ടല്ലോ.” അയാള്‍ ക്രോധത്തോടെ തിരിഞ്ഞു നടന്നു. അടിമ! സ്വാതന്ത്യ്രമില്ലാത്ത ഇരുകാലി മൃഗങ്ങളാണവര്‍. അല്ല, മൃഗങ്ങള്‍ക്കു കിട്ടുന്ന പരിഗണന പോലും അവര്‍ക്ക് കിട്ടാറില്ല. അടിമയായാലും ബുദ്ധിയുണ്ടാവുമല്ലോ. ബുദ്ധിയെയാണ് യജമാനന് പേടിക്കുന്നത്. ബുദ്ധിയെ തല്ലിക്കെടുത്തുകയാണ് യജമാന•ാര്‍. സാഹചര്യം ഒക്കുമ്പോഴൊക്കെ ആമിന അബ്ദുല്ലയെ കാണാന്‍ വരും. ഇളയ രണ്ടു സഹോദരിമാരുടെ കണ്ണുകള്‍ വെട്ടിച്ചു വേണം അവള്‍ക്കു വരാന്‍. അവള്‍ക്ക് അയാളുടെ അടുത്തു ചെന്ന് വര്‍ത്തമാനം പറയണം. അടിമയുടെ ആരോഗ്യവും തേജസ്സും നേരില്‍ കാണണം.
യൌവ്വനത്തിന്റെ ഊഷ്മള വികാരങ്ങള്‍ തിളച്ചു പൊന്തുകയാണിപ്പോള്. അനുരാഗത്തിന്റെ ആഴമറിഞ്ഞു കൂടാത്ത കയങ്ങളില്‍ മുങ്ങിത്താഴുകയാണാമിന. ആമിനയ്ക്കു തന്റെ ഉള്ളിലുള്ളതു തുറന്നു പറയാന്‍ ധൃതിയായി. പക്ഷേ, എങ്ങനെ തുടങ്ങും? എന്തു പറയും? അബ്ദുല്ലയാണെങ്കില് ഒരു കഥയില്ലാത്ത പുരുഷനെപ്പോലെയാണെപ്പോഴും. തന്റെ ഭാവങ്ങളൊന്നും കണ്ടിട്ട് അവനൊരു ചാഞ്ചാട്ടവുമില്ല. പക്ഷേ, എന്തോ ഒഴിയാന്‍ തോന്നുന്നില്ല. എന്തായാലും ഒരിക്കല്‍ അവള് ചോദിച്ചു: “ഈ പ്രേമമെന്നാലെന്താ?” അബ്ദുല്ലക്കുണ്ടോ കുലുക്കം? അവന് നിവര്‍ന്നൊന്ന് അവളെ നോക്കുകപോലും ചെയ്യാതെ പറഞ്ഞു: “അടിമ യജമാനനോടു കാട്ടേണ്ട അടങ്ങാത്ത സ്നേഹം.” അവള്‍ക്ക് ആ തണുത്ത ഉത്തരം ഇഷ്ടമായില്ല. ഒന്നിനുമാത്രം പോന്ന ഒരു പെണ്കൊച്ചിനോട് ഇങ്ങനെയാണോ ആണായ ഒരുത്തന് സംസാരിക്കേണ്ടത്? അതേ, അവന് പെണ്ണിനോട് പ്രേമമില്ല. എന്തായാലും വേണ്ടില്ല. തനിക്കവനോടിഷ്ടാ. ആമിനയ്ക്ക് ഇനി പിന്നോട്ടു പോകാനാവില്ല. “അടിമയ്ക്ക് യജമാനനോടു മാത്രമേ ഇഷ്ടം തോന്നൂ?” “അങ്ങനെയേ പറ്റൂ.” “യജമാനന്റെ മകള്‍ക്ക് അടിമയോട് ഇഷ്ടം തോന്നിയാലോ?” പെട്ടെന്ന് അബ്ദുല്ല തലയുയര്‍ത്തി ആമിനയെ നോക്കി. എന്നിട്ടു ചോദിച്ചു: “എന്തിഷ്ടം?” “സ്നേഹം.” ഉടനെ അബ്ദുല്ല ചോദിച്ചു: “എന്തു സ്നേഹം?” ആമിന ഉരുകിപ്പോയി. എന്തുത്തരം പറയും? നാണം കൊണ്ട് നാവിറങ്ങിപ്പോയ അവള് വേഗം തിരിഞ്ഞു നടന്നു.
തളര്‍ച്ചയോടെ തിരിഞ്ഞു നടക്കുന്ന മകളെ യജമാനന് കണ്ടു. അടിമ ശൃംഗരിച്ചിട്ടുണ്ടാവും. അതിഷ്ടപ്പെടാതെ മടങ്ങുകയാണ്. അന്നും അബ്ദുല്ലക്ക് ഒരുപാട് തല്ലുകിട്ടി. ഓരോ തല്ലുകിട്ടുമ്പോഴും അബ്ദുല്ല അല്ലാഹുവിനെ സ്തുതിച്ചു. ഇത് എന്തുതരം ജീവിയാണെന്ന് ഓര്‍ത്തു പോയിട്ടുണ്ട് യജമാനന്. ഒരു ദിവസം ഏല്പിച്ച പണിയൊക്കെ ചെയ്തു തീര്‍ത്ത് അബ്ദുല്ല മാളത്തിലേക്കു മടങ്ങി. കീറച്ചാക്കു വിരിച്ച് ഒന്നു നിവര്‍ന്നു കിടന്നു. യജമാനനെ യജമാനനാക്കുന്നത് ചാട്ടവാറാണ്. അടിമയ്ക്ക് വിശ്രമമോ? അയാള്‍ ചാട്ടവാറെടുത്ത് മാളത്തിലേക്ക് ചെന്നു. “എടാ അബ്ദുല്ലാ.” അലര്‍ച്ചകേട്ട് ആമിനയും എത്തിനോക്കി. അവള്‍ക്ക് സംഗതിയുടെ ഗൌരവം മനസ്സിലായി. അവള് വേഗം പിതാവിന്റെ അടുത്തു വന്നു ചോദിച്ചു: “എന്തോ?” അബ്ദുല്ല പിടഞ്ഞെഴുന്നേറ്റു പുറത്തു വന്നു. തലയും താഴ്ത്തി നിന്നു. “നീ അടിമയോ യജമാനനോ?” “അടിമ” “നീണ്ടു നിവര്‍ന്നു കിടക്കാന്‍ നിന്റെ തറവാടാണോ ഇത്?” “അല്ല.” “നിഷേധി! ഇരുട്ടുവീഴുവോളം പണിയെടുക്കണമെന്ന് അറിയില്ലേടാ നിനക്ക്?” “ഏല്പിച്ച പണിയൊക്കെ തീര്‍ന്നു.” “എന്നാല്‍ പിന്നെയങ്ങു സുഖിച്ചേക്കാമെന്നു കരുതി അല്ലേ?” ചാട്ടവാര്‍ പിന്നെയും ആഞ്ഞു വീശി. അല്ലാഹുവിനെ സ്തുതിച്ച് അബ്ദുല്ല നിന്നു കൊടുത്തു. “എന്താണുപ്പാ ഇത്? അടിമയാണെങ്കിലും അബ്ദുല്ല മനുഷ്യനല്ലേ?” ആമിനയുടെ രോഷം. “ഉവ്വെടീ. മനുഷ്യന് തന്നെ. എന്താടീ നിനക്കിത്ര സങ്കടം?” “ഏല്പിച്ച ജോലിയൊക്കെ ചെയ്തിട്ടല്ലേ അവന് കിടന്നത്?” “നിന്റെ ആരാടീ ഇവന്.” അയാള്‍ക്കു ദേഷ്യം വന്നു. അവള്‍ക്കും കൊടുത്തു ഒന്ന്. “അല്ലാഹ്!” അവള് പുളഞ്ഞു പോയി. അപ്പോള്‍ എന്തുമാത്രം വേദനയുണ്ടാവും അബ്ദുല്ലയ്ക്ക്. കഷ്ടം തന്നെ. അവള്‍ക്കു സഹിക്കാനായില്ല. “എന്നെ തല്ലിക്കോ, തല്ലിക്കൊന്നോ. എന്നാലും മഹാപാപം ചെയ്യരുത്.” അവള് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. ദേഷ്യം തോന്നിയെങ്കിലും വീണ്ടും തല്ലാന്‍ അയാള്‍ക്കായില്ല. മകളല്ലേ. മകള്‍ വേദനിക്കുന്നതു കണ്ടു നില്ക്കുന്നതെങ്ങനെ? അടിമകള്‍ക്കു വേദനിച്ചാല്‍ ആര്‍ക്കാണു ചേതം! വിലകൊടുത്തു വാങ്ങിയ ഉരു. യജമാനന് തിരിച്ചു പോയി.
അബ്ദുല്ല തന്റെ നേരെ അല്ലാഹു നടത്തുന്ന പരീക്ഷണങ്ങളില്‍ വ്യാകുലനാകാതെ അല്ലാഹുവിനെ സ്മരിച്ച് അങ്ങനെ തന്നെ നിന്നുപോയി; ആ നില്‍പ്പ് നീണ്ടു പോയതറിയാതെ. വീട്ടിനകത്ത് ഇരുന്ന് യജമാനന് അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തിനോ പുറത്തിറങ്ങിയ ആമിനയും അതു കണ്ടു. അവള് വേഗം അബ്ദുല്ലയുടെ അടുത്തു ചെന്നു. അതും അബ്ദുല്ല അറിഞ്ഞില്ല. “അബ്ദുല്ലാ-?” അബ്ദുല്ല കണ്‍തുറന്നു നോക്കി. “നന്നായി വേദനിച്ചുവല്ലേ?” “യജമാനന് അടിമയെ ശിക്ഷിക്കാന്‍ അധികാരമുണ്ട്.” “ക്ഷമിക്ക് അബ്ദുല്ല. ഉപ്പ ഇങ്ങനെ ആയിപ്പോയി.” “ഞാന്‍ ക്ഷമകേട് കാട്ടിയില്ലല്ലോ.” “പോയി കിടന്നോളൂ. ഇങ്ങനെ നിന്നാല്‍ തളര്‍ന്നു പോവില്ലേ?” “അടിമയ്ക്ക് അനുവാദമില്ലാതെ കിടന്നു കൂടാ.” “എന്താ അബ്ദുല്ല ഇങ്ങനെ! നിനക്കൊട്ടും സ്നേഹമില്ലേ എന്നോട്.” “എനിക്കെല്ലാരോടും സ്നേഹമാ.” “എല്ലാം ഒളിഞ്ഞു നിന്നു കേള്‍ക്കുന്നുണ്ടായിരുന്നു പിതാവ്. അയാള്‍ ദേഷ്യം കൊണ്ട് വിറച്ചു. “വൈകിയില്ല, ചാട്ടവാര്‍ അവളുടെ മേനിയില്‍ ആഞ്ഞു പതിച്ചു. “അല്ലാഹ്!” അവള് ഞെട്ടിപ്പിടഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍ ബാപ്പ! “എന്റെ പൊന്നുപ്പാ. എന്നെ കൊല്ലല്ലേ.” “നിനക്ക് ഏതു തരം സ്നേഹമാടീ വേണ്ടത്? ഇവനെ കെട്ടി പൊറുക്കണോടീ നിനക്ക്?” “എനിക്കോ, എനിക്കെന്തിനാ ഈ അടിമയെ?” അവള് പൊട്ടിക്കരഞ്ഞു. പിന്നെന്തു സ്നേഹത്തെക്കുറിച്ചാടീ ഇവനോട് പറഞ്ഞത്. “പോടാ കേറി.” ഒരാട്ടാട്ടിയിട്ട് അയാള്‍ മടങ്ങിപ്പോയി. വിറ്റ് കൈയ്യൊഴിഞ്ഞാലോ ഇവനെ. പക്ഷേ, വില്ക്കാന് തോന്നുന്നില്ല. തല്ലിയാലും തൊഴിച്ചാലും ക്ഷമയോടെ സഹിച്ചുകൊള്ളും. പറയുന്ന പണികള്‍ വൃത്തിയായി ചെയ്യും. തളര്‍ച്ചയും അലസതയുമില്ലാത്തവന്. തിന്നാനൊരു റൊട്ടിയോ അല്‍പ്പം കാരയ്ക്കയോ മതി. തിന്നു മുടിക്കുന്ന സ്വഭാവക്കാരനല്ല. വിറ്റാലിതു പോലൊന്നിനെ കിട്ടാതെ വന്നാലോ- വില്പന വേണ്ടെന്നു തന്നെ വച്ചു. (തുടരും)
ithinte thudarcha evdeyaanu kittuka…
we request u to post the next part of “pranayathinte pollicha”