“നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വിചാരണ വേഗത്തിലാക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.’
“മുത്തച്ഛാ, നിങ്ങളിപ്പോഴും ഈ നുണകള്‍ വിശ്വസിക്കുകയാണോ?’
– നജീബ് മഹ്ഫൂസ്
(The Day the Leader was Killed)
രാജ്യദ്രോഹ നിയമത്തെ കുറിച്ചുള്ള സുപ്രീം കോടതി വിധിയോട് യുവാവും അനുഭവപരിചയവുമില്ലാത്ത കേന്ദ്ര നിയമമന്ത്രിയുടെ അശ്രദ്ധമായ പ്രതികരണം ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ പ്രതികരണം വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ എന്തെങ്കിലും സൂചനയാണെങ്കില്‍, ഓഗസ്റ്റില്‍ സ്ഥാനമൊഴിയും മുമ്പ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് ചെയ്തു തീര്‍ക്കേണ്ട വലിയ ചുമതലകളുണ്ട്.
ഭരണകൂടത്തിന് കീഴൊതുങ്ങാനുള്ള അനിവാര്യമായ ബാധ്യതയിലേക്ക് സുപ്രീം കോടതി എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍, വഴിപിഴച്ച ഭരണകൂടത്തില്‍ നിന്നുള്ള ധിക്കാരവും ആക്രമണവും ഒഴിവാക്കാന്‍ ജുഡീഷ്യറിക്ക് ആവശ്യമായ നേതൃത്വം ചീഫ് ജസ്റ്റിസ് നല്‍കേണ്ടതുണ്ട്. പല പിടിവാശികള്‍ക്കു മുന്നിലും സഹ ജഡ്ജിമാര്‍ക്ക് ഊര്‍ജം പകരേണ്ട വലിയ ദൗത്യമാണ് ചീഫ് ജസ്റ്റിസിന് നിര്‍വഹിക്കാനുള്ളത്.
കോടതിക്കു മുമ്പിലെത്തിയ ഹരജികളില്‍ സാങ്കേതികമായി ഇന്ത്യന്‍ പീനല്‍ കോഡിലെ ഒരു വകുപ്പിന്റെ സ്വീകാര്യതയില്ലായ്മ മാത്രമേ പരാമര്‍ശിച്ചിരുന്നുള്ളൂ. പ്രമുഖ അറ്റോര്‍ണി ജനറല്‍ മുതല്‍ തികച്ചും പക്ഷപാതപരമായി പെരുമാറുന്ന സോളിസിറ്റര്‍ ജനറല്‍, താഴെതട്ടിലുള്ള പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍ വരെ എല്ലാവര്‍ക്കും ഹരജികളില്‍ പരാമര്‍ശിക്കുന്ന കേസുകള്‍ രാജ്യദ്രോഹപരമല്ലെന്ന് അറിയാമായിരുന്നു. ഹരജിക്കാരിലാര്‍ക്കും രാജ്യസ്നേഹമില്ലെന്ന് സംശയിക്കാനോ “രാജ്യദ്രോഹം’ അല്ലെങ്കില്‍ ഏതെങ്കിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും എതിര്‍ക്കാനും ആഗ്രഹിക്കുന്നുവെന്ന് ആരോപിക്കാനോ കഴിയില്ല. ഭരിക്കുന്ന പാര്‍ട്ടിക്ക് ഏതെങ്കിലും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നിയമത്തിന്റെ ക്രൂരമായ വ്യവസ്ഥ ഉപയോഗിക്കാന്‍ അനുവദിക്കുന്നു എന്നതുമാത്രമാണ് ആ വകുപ്പിലുള്ളത്.
മാസങ്ങള്‍ക്കു മുമ്പ് ചീഫ് ജസ്റ്റിസ് രമണ ഒരു പൊതുവേദിയില്‍ “റൂള്‍ ഓഫ് ലോ’, “റൂള്‍ ബൈ ലോ’ എന്നിവയ്ക്കിടയിലുള്ള വ്യത്യാസത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം “ജനാധിപത്യം ഭരണാധികാരികളെയാണ് തിരഞ്ഞെടുക്കുന്നത്, സ്വേച്ഛാധിപതികളെയല്ലെ’ന്ന് ഓര്‍മിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ സംവിധാനങ്ങളുടെ സത്ത ഒന്നുകൂടി ഉറപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ചീഫ് ജസ്റ്റിസ് വ്യക്തമായ ഒരു ചിന്താഗതി ഇപ്പോള്‍ കൊണ്ടുവന്നിട്ടുണ്ട്. മൂന്നംഗ ബെഞ്ച് ഏകകണ്ഠമായി വിധി പുറപ്പെടുവിച്ചതില്‍ അദ്ദേഹത്തിന് തൃപ്തിയുണ്ടാകണം.
അടിവരയിടേണ്ട കാര്യം, ചീഫ് ജസ്റ്റിസ് എന്ന നിലയില്‍, രാഷ്ട്രീയക്കാരുടെ കലഹങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു പ്രതീതി ജസ്റ്റിസ് രമണ ഒരിക്കലും നല്‍കിയിട്ടില്ല എന്നതാണ്. ദേശീയ സുരക്ഷാ ആശങ്കകളെയോ അനിവാര്യതകളെയോ അദ്ദേഹം പരിഗണിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള പ്രക്ഷുബ്ധത സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സുപ്രീം കോടതി നിലപാട്. തന്റെ രണ്ടു മുന്‍ഗാമികള്‍ ഉണ്ടാക്കിയ നിയമശാസ്ത്ര സങ്കീര്‍ണതയില്‍ നിന്ന് സഹപ്രവര്‍ത്തകരെ മൃദുവായി പിന്തിരിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഭരണകൂടത്തെ പ്രീതിപ്പെടുത്തുന്നതോ അപ്രീതിപ്പെടുത്തുന്നതോ അല്ല സുപ്രീം കോടതിയുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം തന്റെ സഹ ജഡ്ജിമാരെ ഓര്‍മിപ്പിച്ചു. സുപ്രീം കോടതിക്ക് ഒരു ബാധ്യത മാത്രമേയുള്ളൂ: അധികാര സ്ഥാപനങ്ങള്‍ ഭരണഘടനയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് ഊന്നിപ്പറയുകയും അതുറപ്പാക്കുകയും ചെയ്യുക.
രാഷ്ട്രീയ സന്തുലിതാവസ്ഥ രാജ്യത്തിന്റെ അടിസ്ഥാന ആവശ്യമാണ്. രാജ്യദ്രോഹ വിധി ഇതിനെ പരോക്ഷമായി അംഗീകരിക്കുന്നുണ്ട്. കാരണം, ഭരണഘടനാ മൂല്യങ്ങളും സദ്ഗുണങ്ങളും പുനഃസ്ഥാപിക്കേണ്ടത് ഹൈകോടതികളും കീഴ്‌കോടതികളുമാണ്. ഭരണഘടനാപരമായ ക്രമീകരണങ്ങളുടെയും പ്രതിബദ്ധതകളുടെയും രൂപം നിര്‍ണയിക്കാനുള്ള അവകാശം ജനക്കൂട്ടത്തിന് വിട്ടുകൊടുക്കാനുള്ള വിസമ്മതം പോലെ തന്നെ, രാജ്യദ്രോഹ വിധി, അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന പലരുടെയും അനുമാനങ്ങളെയും നിലപാടുകളെയും നിരാകരിക്കുക കൂടി ചെയ്യുന്നുണ്ട്.
ഭരണരംഗത്ത് വലിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. പരിഷ്‌കൃത മാനദണ്ഡങ്ങളും ജനാധിപത്യ മൂല്യങ്ങളും അവഗണിച്ച് പൗരസ്വാതന്ത്ര്യത്തില്‍ കൈകടത്തിയിട്ടുണ്ട്. ഇന്ത്യാ രാജ്യത്തെ ഒരു വെര്‍ച്വല്‍ പൊലീസ് സ്റ്റേറ്റായും നിര്‍ബന്ധിത രാഷ്ട്രമായും മാറ്റാന്‍ പൗരനും പൗരസമൂഹത്തിനുമെതിരെ നിരവധി ഔദ്യേഗിക ഏജന്‍സികളെ അഴിച്ചുവിട്ടിട്ടുണ്ട്.
സമീപ വര്‍ഷങ്ങളില്‍ ഭരണഘടന-പൗര സംരക്ഷകരെന്ന നിലയില്‍ അതിന്റെ പങ്കു നിര്‍വഹിക്കുന്നതില്‍ കോടതി പരാജയമായിരുന്നു. തദ്ഫലമായി രാഷ്ട്രീയമായ പല പ്രശ്‌നങ്ങളും രാജ്യത്തുണ്ടായി. തെരുവുകള്‍ അക്രമികള്‍ സ്വന്തമാക്കി. പൊലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും അവരുടേതായ നീതിന്യായ വ്യവസ്ഥയുണ്ടായി. ഭരണരംഗങ്ങള്‍ ആര്‍ എസ് എസ് കൈയിലാക്കി. ബി ജെ പി ഇലക്ട്രല്‍ ബോണ്ടുകളുടെ വ്യാപാരികളായി. വിദ്വേഷപ്രചാരകരുടെ വലിയ തരംഗമുണ്ടായി. ബലാത്സംഗ മുതലാളിമാര്‍ നയരൂപീകരണ പ്രക്രിയയുടെ ഉടമസ്ഥരായി. രാജ്യത്തിന്റെ ആഖ്യാനങ്ങളെല്ലാം പ്രധാനമന്ത്രിയായി. മറുവശത്ത്, എതിര്‍ക്കുന്ന എല്ലാ ഇടങ്ങളും – പാര്‍ലമെന്റ്, വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍, സിവില്‍ സമൂഹം, ജുഡീഷറി എന്നിവയെല്ലാം – ഫലപ്രദമല്ലാതായി. രാജ്യം എഴുപതുകളിലും എണ്‍പതുകളിലും ലോകം അനുഭവിച്ച സ്വേച്ഛാധിപത്യത്തിലേക്കുള്ള പ്രയാണത്തിലായി.
നമ്മുടെ വിവേകത്തെയും സാമാന്യബുദ്ധിയെയും അവഗണിച്ച്, ആള്‍ക്കൂട്ടവും വര്‍ഗീയ തൃഷ്ണയുള്ളവരും കൃത്രിമത്വം അജണ്ടയാക്കിയവരും രാഷ്ട്രീയത്തെ ഒരു വൃത്തിക്കെട്ട ഇടങ്ങളിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്ന സമയത്താണ് രാജ്യദ്രോഹ വിധി വന്നിരിക്കുന്നത്. ന്യായത്തിനും നീതിക്കും വേണ്ടിയുള്ള അന്വേഷണമോ ജനാധിപത്യ ഇടത്തിന്റെ അനിവാര്യതയോ വിയോജിപ്പുകളോ പൊലീസുകാരന്‍ പരിഹരിക്കേണ്ട കുറ്റ കൃത്യങ്ങളല്ല. മറിച്ച് അടിസ്ഥാനപരമായി ഒരു ഇന്ത്യന്‍ പൗരന്റെ പദവിയാണെന്ന് വിധി സാരാംശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ജുഡീഷ്യറിയുടെ ധാര്‍മിക ഊര്‍ജം നിറച്ചുകൊണ്ട്, ആരോഗ്യകരമായ ജനാധിപത്യ ഭരണഘടനാ ക്രമീകരണത്തിലേക്ക് തിരിച്ചുവരാന്‍ രാജ്യത്തെ സഹായിക്കാന്‍ ചീഫ് ജസ്റ്റിസ് രമണയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ആവശ്യമാണ്.
ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകനാണ് ലേഖകന്‍.
കടപ്പാട്: ദ വയര്‍
വിവ. എബി
You must be logged in to post a comment Login