രാജ്യദ്രോഹ നിയമമായ ഇന്ത്യന്‍ പീനല്‍ കോഡ്(ഐ പി സി) സെക്ഷന്‍ 124 എ അന്താരാഷ്ട്ര നിയമവുമായി പൊരുത്തപ്പെടുന്നില്ല എന്ന കാരണത്താല്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. പ്രസ്തുത നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചെങ്കിലും നിയമം പുനഃപരിശോധിക്കാനാണ് സര്‍ക്കാര്‍ തയാറായത്. പ്രസ്തുത സെക്ഷനില്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ കോടതിയിലുയര്‍ന്നു. രാജ്യദ്രോഹ നിയമപ്രകാരം ഇനി കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് വിധി പ്രസ്താവിച്ച് സുപ്രീം കോടതി ചോദ്യത്തിന് മറുപടി നല്‍കി.
ഐ പി സിയുടെ 124 എ ക്ക് വ്യാപകമായ പ്രയോഗമാണുള്ളത്. രാജ്യദ്രോഹപരമായ അഭിപ്രായം പ്രകടിപ്പിക്കുന്ന ആരെയും പിടികൂടാന്‍ അത് ഭരണകൂടത്തിന് അനുമതി നല്‍കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശിലെ രാം നന്ദന്റെ പേരിലായിരുന്നു(1958). അതിനു ശേഷം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യദ്രോഹ പ്രശ്‌നം 124 എ യില്‍ മാത്രമല്ല; ഐ പി സി സെക്ഷന്‍ 121 മുതല്‍ 124 എ വരെയുള്ള വകുപ്പുകളെല്ലാം “രാജ്യത്തിനെതിരെ യുദ്ധം’ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്. ഈ വകുപ്പുകള്‍ പ്രതിപാദിച്ചിരിക്കുന്നതുപോലെ ഒന്നിലധികം ആളുകള്‍ അടങ്ങിയ രാജ്യദ്രോഹ കുറ്റാരോപണങ്ങളും അസാധാരണമല്ല. ഒരു വ്യക്തിയെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അധികാരമുണ്ട്. 2010-2020 വരെയുള്ള ദേശീയ ക്രൈം റിസര്‍ച്ച് ബ്യൂറോയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ബിഹാറില്‍ മാത്രം 168 രാജ്യദ്രോഹ കേസുകള്‍ ചുമത്തിയിട്ടുണ്ട്.
രാജ്യദ്രോഹ പ്രവര്‍ത്തനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സുപ്രീം കോടതിയെടുത്ത നിലപാട് അഭിനന്ദനാര്‍ഹമാണ്. പുതിയ നിയമം പാസാക്കുന്നതിനു പകരം രാജ്യദ്രോഹ നിയമം പൂര്‍ണമായും ഇല്ലാതാക്കുകയാണ് വേണ്ടതെന്നാണ് കോടതി നിരീക്ഷിച്ചത്. രാജ്യദ്രോഹമെന്ന് എഫ് ഐ ആറില്‍ എഴുതിയ കേസുകള്‍ ഇനി കോടതി പരിഗണിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. ഏറെ ദുരുപയോഗം ചെയ്യപ്പെട്ട പ്രസ്തുത നിയമത്തിന് കടിഞ്ഞാണിടാന്‍ സുപ്രീംകോടതി മനസ്സു വെച്ചുവെന്നത് സ്വാഭാവിക അനുമാനമായിരിക്കാം. പക്ഷേ, 124 എക്കു പകരം 121-124 വരെയുള്ള വകുപ്പുകള്‍ അവലംബിക്കാന്‍ നിയമപാലകര്‍ക്കാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. നിലവില്‍ വിചാരണയില്ലാതെ കഴിയുന്ന രാജ്യദ്രോഹക്കാരില്‍ പലരും 121-124 വകുപ്പുകള്‍ കൂടി ആഡ് ഓണ്‍ ചെയ്യപ്പെട്ടവരാണ്. ഈ ഉത്തരവിലൂടെ ആ കേസുകള്‍ സ്വയമേ തടയപ്പെടുമോ? സാധ്യതയില്ല.
സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കൂടിയാലോചന പ്രക്രിയയില്‍ സുപ്രീം കോടതിയും ഒരു ഉപകരണമാകുന്നുണ്ടോ എന്നത് പരിഗണിക്കേണ്ട ചോദ്യം തന്നെയാണ്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച കാലതാമസ തന്ത്രങ്ങള്‍ സുപ്രീം കോടതി പൂര്‍ണമായി അംഗീകരിച്ചു. 2014-2019 കാലവയളവില്‍ രജിസ്റ്റര്‍ ചെയ്ത 324 രാജ്യദ്രോഹക്കേസുകള്‍ പരിഗണിച്ച് വിധി പ്രസ്താവിക്കാന്‍ സുപ്രീം കോടതിക്കായില്ല. കേസുകള്‍ വിചാരണക്കെടുക്കുകയാണെങ്കില്‍ 99.98 ശതമാനം പേരും കുറ്റവിമുക്തരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ഥിതി വിവരക്കണക്ക് പരിശോധിക്കുന്നുവെങ്കില്‍ എഫ് ഐ ആറിലെ 124 എയുടെ നിയന്ത്രണം ഒരുപക്ഷേ, 50 വ്യക്തികള്‍ക്ക് അനുകൂലമായി വന്നേക്കാം. പക്ഷേ, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അഞ്ഞൂറോളം പേര്‍ക്ക് അതൊരു ഇളവും സമാധാനവും നല്‍കുന്നില്ല. കാരണം അവര്‍ക്കെതിരെ ഫയല്‍ ചെയ്ത എഫ് ഐ ആറുകളില്‍ 124 എ അല്ലാത്ത വകുപ്പുകളും ഉണ്ട്.
നാളിതുവരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസുകളുടെ വിചാരണകൂടിയാണ് സുപ്രീം കോടതി വിധിയുടെ പ്രശ്‌നം. നിയമം അടിച്ചമര്‍ത്തിയതു കൊണ്ട് പഴയ തെറ്റ് ഇല്ലാതാവില്ല. നിയമനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്ന ഏതൊരു നിയമത്തിനും വ്യക്തമായ മുന്‍കരുതല്‍ ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ഊന്നിപ്പറയേണ്ടതാണ്. ഇവിടെ ഒരു വിരോധാഭാസമുണ്ട്. നിയമം അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്, കുറ്റം ഇല്ലാതായിട്ടില്ല. അതിനാല്‍ രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കുക എന്നതാണ് ഏക പരിഹാരം.
ഇക്കാര്യത്തില്‍ ഇന്ത്യക്ക് സ്വീകരിക്കാവുന്ന അന്താരാഷ്ട്ര മാതൃകകളുണ്ട്. 1966 ഡിസംബര്‍ 16-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, സിവില്‍, പൊളിറ്റിക്കല്‍ റൈറ്റ്‌സ് (ICCPR) സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി പാസാക്കി. പ്രസ്തുത പ്രമേയത്തിന്റെ ആര്‍ട്ടിക്കിള്‍ 19 ഇങ്ങനെ വായിക്കാം: “അതിര്‍ത്തികള്‍ പരിഗണിക്കാതെ, വാമൊഴിയായോ രേഖാമൂലമായോ അച്ചടിയായോ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉണ്ടായിരിക്കും. മറ്റുള്ളവരുടെ സല്‍പ്പേരിന്റെ ലംഘനം, പൊതു ധാര്‍മികത, ദേശീയ സുരക്ഷ, പൊതുക്രമം തുടങ്ങിയ കാരണങ്ങളാല്‍ അത്തരം അവകാശം ഒഴിവാക്കപ്പെടും. ബദല്‍ മാര്‍ഗങ്ങള്‍ ലഭ്യമാണെന്ന് സംശയാതീതമായി തെളിയിക്കാനുള്ള ബാധ്യത പ്രോസിക്യൂഷനാണ്'(Shchetko v Belarus, 2006).
ഒരു പ്രവര്‍ത്തനം മതേതരത്വത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കില്‍ പോലും ആ അഭിപ്രായ സ്വാതന്ത്ര്യത്തെ ഏകപക്ഷീയമായി തള്ളിക്കളയാനാവില്ലെന്നാണ് തുര്‍ക്കിയില്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി നിരീക്ഷിച്ചത്.
യഥാര്‍ത്ഥത്തില്‍ രാജ്യദ്രോഹ കുറ്റമാണ് ഒഴിവാക്കപ്പെടേണ്ടത്. അഭിപ്രായ സ്വതന്ത്ര്യം എല്ലാവര്‍ക്കും വകവെച്ചു കൊടുക്കുകയാണ് വേണ്ടത്. അത് പൗരന്മാരുടെ അവകാശമാണ്. കോടതിയുടെ നടപടി ഒരു ശുഭസൂചനയായിരിക്കാം.
ഇന്റര്‍നാഷണല്‍ ലോ പ്രൊഫസറാണ് ലേഖകന്‍
കടപ്പാട്: ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്
വിവ. എബി
You must be logged in to post a comment Login