പ്രതിരോധം സങ്കീര്‍ണമായ ഒരു അധികാരഹിംസയാണ് വ്യവസ്ഥാപിത ഫാഷിസം. വ്യവസ്ഥാപിത ഫാഷിസത്തെക്കുറിച്ച് നാം ഇതേ താളുകളില്‍ സംസാരിച്ചിട്ടുണ്ട്. ആവര്‍ത്തിക്കാം. വ്യവസ്ഥാപിത ഫാഷിസം എന്നത് ഫാഷിസ്റ്റ് ഭരണക്രമത്തിന്റെ അഥവാ ഫാഷിസ്റ്റ് വാഴ്ചയുടെ ഏറ്റവും ആധുനികമായ പ്രയോഗമാണ്. അതിന്റെ വേരുകള്‍ വെള്ളംകുടിക്കുന്നത് ഇറ്റാലിയന്‍ ഫാഷിസത്തില്‍ നിന്നും ജര്‍മന്‍ നാസിസത്തില്‍ നിന്നുമാണ്. ലോകചരിത്രത്തിലെ ഏറ്റവും നൃശംസമായ ആ രണ്ട് അധികാര ഘടനകളെയും വ്യവസ്ഥാപിത ഫാഷിസം ഒരേപോലെ സ്വീകരിക്കും. ഘടനാപരമായി വലിയ വ്യത്യാസങ്ങളുള്ള രണ്ട് സംവിധാനങ്ങളായിരുന്നു ഇറ്റലിയുടേതും ജര്‍മനിയുടേതും. ജര്‍മനി വെറുപ്പിന്റെ പര്‍വതാകാരത്തെ കൂടു തുറന്നുവിട്ടു. കൂട്ടക്കൊലകളില്‍ അഭിരമിച്ചു. ചിതറിത്തെറിച്ച ജീവിതങ്ങള്‍ അക്കാല ജര്‍മനിയുടെ ആകാശത്ത് മരണമേഘങ്ങളായി ഇരുണ്ടു ചീര്‍ത്തു നിന്നു. അത് പടര്‍ത്തിയ ഭയം മനുഷ്യരെ നിശബ്ദമാക്കി. അവരില്‍ ബഹുഭൂരിപക്ഷത്തെ നാസിസത്തിന്റെ വാഴ്ത്തുകാരാക്കി. പക്ഷേ, കൊടിയ ഭയത്തിലും തങ്ങളുടെ രാഷ്ട്രം അനീതി ചെയ്യുകയാണ്, തങ്ങളുടെ രാഷ്ട്രത്തെ മരണം മണക്കുന്നു, തങ്ങളുടെ രാഷ്ട്രം കുഞ്ഞുങ്ങളുടെ നിലവിളികളാല്‍ ഇതാ മുഖരിതമായിരിക്കുന്നു എന്ന് ആ ജനത തിരിച്ചറിഞ്ഞിരുന്നു. പ്രത്യക്ഷ അനീതിയും മനുഷ്യാവകാശങ്ങളുടെ പ്രത്യക്ഷ ലംഘനവും പ്രത്യക്ഷ ബലപ്രയോഗവുമാണ് ജര്‍മന്‍ നാസിസത്തെ അക്കാലത്ത് അല്പകാലത്തേക്ക് നിലനിര്‍ത്തിയത്.
മറ്റൊരു ധ്രുവമായിരുന്നു ഇറ്റാലിയന്‍ ഫാഷിസത്തിന്റേത്. പ്രത്യക്ഷ ബലപ്രയോഗത്താലല്ല അത് ജനതയെ ഭയത്തിന്റെ കരിമ്പടമണിയിച്ചത്. ഇറ്റാലിയന്‍ ഫാഷിസം സ്‌റ്റേറ്റ് എന്ന ഭൗതികബലമുള്ള ആശയത്തെ പെരുപ്പിച്ചു. ദേശീയത എന്ന തികച്ചും സാങ്കേതികമായ ഒരവസ്ഥയെ ജനതയുടെ സ്വത്വമാക്കി അവതരിപ്പിച്ചു. അയല്‍രാജ്യങ്ങള്‍ക്കുമേല്‍ അധിനിവേശം നടത്താന്‍ ജനതയെ പ്രേരിപ്പിച്ചു. അത്തരം അധിനിവേശങ്ങള്‍ തങ്ങളുടെ അവകാശമാണെന്ന മിഥ്യാബോധത്തിലേക്ക് ജനതയെ എത്തിച്ചു. അക്കാലത്ത് ഇറ്റലി അക്ഷരാര്‍ഥത്തില്‍ വാണിരുന്ന കോര്‍പറേറ്റുകളുടെ ബിസിനസ് താല്പര്യങ്ങളുടെ രാഷ്ട്രീയ രൂപമായിരുന്നു ഇറ്റാലിയന്‍ ഫാഷിസം. നാസിസവും ഫാഷിസവും അധികാരിയുടെ അധികാരത്തിന്റെയും സൈനിക ശക്തിയുടെയും കോര്‍പറേറ്റ് പണത്തിന്റെയും ഹുങ്കില്‍ മാത്രം തഴച്ച അധികാരരൂപങ്ങളായിരുന്നു.
വ്യവസ്ഥാപിത ഫാഷിസം പ്രയോഗത്തില്‍ പക്ഷേ, ഇത് രണ്ടുമല്ല. ആശയതലത്തില്‍ രണ്ടിന്റെയും യുക്തികളെ പിന്‍പറ്റുന്നു എന്ന് മാത്രം. അതുകൊണ്ടാണ് വേരുകള്‍ വെള്ളം കുടിക്കുന്ന ഉപമ തുടക്കത്തില്‍ പറഞ്ഞത്. ദേശീയത ഈ മൂന്ന് ഫാഷിസ്റ്റ് രൂപങ്ങളുടെയും ആയുധമാണ്. അപരനെ സൃഷ്ടിച്ച് ശത്രുവാക്കി നിഗ്രഹിക്കുക എന്ന ജര്‍മന്‍ ഫാഷിസത്തിന്റെ പ്രയോഗം നേര്‍മയില്‍ വ്യവസ്ഥാപിത ഫാഷിസവും സ്വീകരിക്കുന്നുണ്ട്. അപകടകരമായ വസ്തുത വ്യവസ്ഥാപിത ഫാഷിസത്തിന്റെ ഇലകളും ശാഖകളും തായ്ത്തടി തന്നെയും ജനാധിപത്യത്തിലാണ് പന്തലിച്ച് നില്‍ക്കുന്നത് എന്നതാണ്. ജനാധിപത്യത്തില്‍ ഉറച്ചു നിന്ന്, ജനാധിപത്യത്തിന്റെ വ്യവസ്ഥാപിത രീതികളെ തന്ത്രപരമായി ഉപയോഗിച്ചാണ് വ്യവസ്ഥാപിത ഫാഷിസം പടരുക. സ്വാഭാവികമായും അതിനെതിരായി ഉയരാവുന്ന ജനകീയ പ്രതിഷേധങ്ങളേയും പ്രതിരോധങ്ങളേയും ജനാധിപത്യത്തിനെതിരായ, ജനാധിപത്യത്തിന്റെ അടിത്തറയായ സംവിധാനങ്ങള്‍ക്കെതിരായ പ്രതിഷേധമാക്കി വ്യാഖ്യനിക്കാന്‍ കഴിയുമെന്നതാണ്. മറ്റൊരപകടം ജനാധിപത്യത്തിന്റെ അടിത്തറകളില്‍ വളരെ സ്വാഭാവികമായുള്ള വിള്ളലുകളിലേക്ക് സൂക്ഷ്മവും സംഘടിതവുമായ ശ്രമങ്ങളിലൂടെ കടന്നുകയറിയാണ് വ്യവസ്ഥാപിത ഫാഷിസം പ്രവര്‍ത്തിക്കുക എന്നതാണ്. അതിലും പ്രതിരോധം പ്രയാസമാണ്. വ്യവസ്ഥാപിത ഫാഷിസത്തിനെക്കാള്‍ ശക്തമായ സംവിധാനം വേണം ഈ വിള്ളലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍.
നിര്‍ഭാഗ്യവശാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനമായ നമ്മുടെ ഇന്ത്യ ഇപ്പോള്‍ സഞ്ചരിക്കുന്നത് വ്യവസ്ഥാപിത ഫാഷിസത്തിന്റെ നാളുകളിലൂടെയാണ്. വ്യവസ്ഥാപിത ഫാഷിസമെന്നാല്‍ നിയമം വഴി സ്ഥാപിതമായ ഫാഷിസം എന്ന് ലളിതമായി വിശദീകരിക്കാം. ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ എന്ന് നാം കരുതിപ്പോരുന്ന ഭരണഘടന, കോടതികള്‍, മാധ്യമങ്ങള്‍, നിയമനിര്‍മാണ സഭകള്‍ തുടങ്ങിയ വ്യവസ്ഥകളില്‍, ആ വ്യവസ്ഥകളുടെ സാധ്യതകള്‍ നിയമപരമായി ഉപയോഗിച്ച് നടപ്പാക്കുന്ന ഫാഷിസം. പ്രതിരോധം പ്രയാസമാണ്.
അത്തരത്തില്‍ സമ്പൂര്‍ണ സജ്ജമായ ഇന്ത്യന്‍ വ്യവസ്ഥാപിത ഫാഷിസം അതിന്റെ വിനാശകരമായ കരുത്തിനെ പ്രദര്‍ശിപ്പിച്ച സന്ദര്‍ഭമാണ് ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കൊപ്പം നിലയുറപ്പിച്ച രണ്ട് മനുഷ്യരെ, ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടി. തികച്ചും വ്യവസ്ഥാപരം. നിയമത്താല്‍ നിശ്ചയിക്കപ്പെട്ടത്. നമ്മള്‍ എങ്ങനെ പ്രതിരോധിക്കും? എങ്ങനെ പ്രതിഷേധിക്കും? 452 പുറങ്ങളില്‍ നിലനില്‍ക്കുന്ന നിയമത്തെ വ്യാഖ്യാനിച്ചും നിയമം നിശബ്ദമായിടത്ത് അതേ നിയമം ഒരു ന്യായാധിപന് അനുവദിക്കുന്ന വ്യാഖ്യാന സ്വാതന്ത്ര്യത്തെ ഉപയോഗിച്ച് പുറപ്പെടുവിച്ച വിധിന്യായം അമ്പേ തെറ്റാണെന്ന് പറഞ്ഞുകൊണ്ടോ? അപ്പോള്‍ നിങ്ങളെ നിശബ്ദമാക്കാന്‍ ഇതേ നിയമ വ്യവസ്ഥയില്‍ കോടതിയലക്ഷ്യം എന്ന വകുപ്പുണ്ടായിരിക്കേ അതെങ്ങനെ സാധ്യമാകും? അതാണ് പ്രതിരോധം സങ്കീര്‍ണമായ ഒരു അധികാരഹിംസയാണ് വ്യവസ്ഥാപിത ഫാഷിസമെന്ന് ആദ്യവരിയില്‍ പറഞ്ഞത്. ഇനി രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ആ ബഞ്ച് കേന്ദ്രം വാഴുന്ന മോഡി-ഷാ കൂട്ടുകെട്ടിന്റെ പാവകളായി മാറിയെന്നും അവരുടെ ഇംഗിതം നടപ്പാക്കി എന്നും പറയുമോ? അത് നിയമവ്യവസ്ഥയെ അസ്ഥിരപ്പെടുത്തി കലാപമുണ്ടാക്കാനുള്ള ശ്രമമായി ചാര്‍ജ് ചെയ്യപ്പെടാം. മാത്രവുമല്ല, കപില്‍ സിബലിനെപ്പോലെ പരമപ്രവീണനായ ഒരു അഭിഭാഷകനെ നോക്കുകുത്തിയാക്കി 452 പേജില്‍ മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്ന് മനോധര്‍മമാടി എന്ന് പറയുമോ? സാധ്യമല്ല. നിയമം പ്രവര്‍ത്തിക്കുന്ന, കോടതികള്‍ സഞ്ചരിക്കുന്ന വഴികള്‍ അറിയുന്നവര്‍ അത് വിശ്വസിക്കില്ല. അപ്പോള്‍ ഈ അനീതി എങ്ങനെ പരമോന്നത വിധിന്യായമായി മാറി? ഉത്തരം നമ്മള്‍ പറഞ്ഞതാണ്.നമ്മുടെ വ്യവസ്ഥയെ കൂടുതല്‍ മാനുഷികമാക്കാന്‍ ലക്ഷ്യമിട്ട് തീര്‍ത്ത വിള്ളലുകളെ വ്യവസ്ഥാപിത ഫാഷിസം സമര്‍ഥമായി ഉപയോഗിച്ചു. അതിനായി അവര്‍ പതിറ്റാണ്ടുകള്‍ പണിയെടുത്തു. അതാ അവര്‍ അത് ചെയ്യുകയാണെന്ന് കാണാനോ തടയാനോ നമുക്ക് കഴിഞ്ഞില്ല. ആര്‍ ബി ശ്രീകുമാര്‍ ഗുജറാത്ത് ബിഹൈന്‍ഡ് ദ കര്‍ട്ടന്‍ എന്ന അനുഭവ കഥനത്തില്‍ രേഖപ്പെടുത്തിയതുപോലെ ഗുജറാത്ത് വംശഹത്യാനന്തരം രണ്ടു ടേമില്‍, അതായത് പത്ത് വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഹിന്ദുവോട്ടുകള്‍ക്ക് മുന്നില്‍ നിധികാക്കും ഭൂതമായി ചമഞ്ഞ അവര്‍ നിഷ്‌ക്രിയരായി. അന്നത്തെ പ്രതിരോധ മന്ത്രി ഏ കെ ആന്റണി ഉള്‍പ്പടെ നിശബ്ദതയുടെ ആമത്തോടില്‍ തലപൂഴ്ത്തി എന്ന് ശ്രീകുമാര്‍ പറയുന്നു.
നോക്കൂ, ഇപ്പോള്‍ ടീസ്റ്റ ഇരുട്ടറയിലായ, ആര്‍ ബി ശ്രീകുമാര്‍ എന്ന വൃദ്ധന്‍ അറസ്റ്റിലായ ഈ കോടതി നടപടി വരുന്നത് ഗുല്‍ബര്‍ഗ സൊസൈറ്റി കേസിലാണ്. 69 മുസ്‌ലിംകളെ ചുട്ടുകൊന്ന കേസാണ്. പിന്നീട് സൈപ്രസ് ഗവര്‍ണറായിപ്പോയ രാഘവന്‍ എന്ന മുന്‍ സി ബി ഐ ഓഫീസറുടെ നേതൃത്വത്തിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഈ കേസില്‍ സര്‍ക്കാരിന് വിശുദ്ധിപത്രം ചാര്‍ത്തി. അതിനെതിരെ ഗുല്‍ബര്‍ഗയില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വംശഹത്യക്കിരയായ മുഴുവന്‍ മുസ്‌ലിംകള്‍ക്കുമൊപ്പം വീറോടെ നിന്ന ടീസ്റ്റ കേസിലും കൂട്ടുചേര്‍ന്നു. പക്ഷേ, ടീസ്റ്റ എന്ന ഒരു വ്യക്തിക്ക് പരിമിതികളുണ്ട്. ഏറ്റുമുട്ടുന്നത് സകലസംവിധാനങ്ങളും കൈയിലുള്ളവരോടാണ്. പഴുതുകളില്‍ അവര്‍ വാദങ്ങള്‍ നിറച്ചു. സാക്കിയ തോറ്റു. ടീസ്റ്റയും.
ആരാണ് സാക്കിയ? ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ. ആരാണ് ഇഹ്‌സാന്‍ ജാഫ്രി. മുൻ കോണ്‍ഗ്രസ് എം പി. ഒരു എം പിയല്ലേ, കൊല്ലാന്‍ വരുന്നവര്‍ ഒന്നറയ്ക്കില്ലേ എന്നോര്‍ത്ത് ജാഫ്രിയുടെ വീട്ടിലേക്ക് കാല് വെന്ത് ഓടിയെത്തിയ പരിഭ്രാന്തരായ മനുഷ്യരെ പക്ഷേ കൊന്നുകളഞ്ഞു. തടയാന്‍ ശ്രമിച്ച ജാഫ്രിയെയും. സ്വന്തം നേതാവ് കൊല്ലപ്പെട്ട കേസില്‍ പത്തുകൊല്ലം നാടുവാണ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനായില്ലെങ്കില്‍ അവിടെ ആരാണ് ജയിക്കുക?
നിശ്ചയമായും അസാധാരണമാണ് കോടതി വിധിയിലെ ചില പരാമര്‍ശങ്ങള്‍. Breakdown of law- and- order situation if for short duration, cannot partake the colour of breakdown of rule of law or constitutional crisis. To put it differently, misgovernance or failure to maintain law-and-order during a brief period may not be a case of failure of constitutional machinery in the context of tenets embodied in Article 356 of the Constitution എന്നത് ഉദാഹരണം. അല്പനേരത്തെ സംഘര്‍ഷം ക്രമസമാധാനത്തകര്‍ച്ചയോ എന്ന്. ഏത്? 2000ത്തിലേറെ മനുഷ്യരെ ആസൂത്രിതമായി കൊന്ന വംശഹത്യ. 69 പേരെ ഒന്നിച്ച് ചുട്ടുകൊന്ന വംശഹത്യ. പക്ഷേ, ആ പരാമര്‍ശത്തിലേക്ക് ആ കോടതി പോകുന്നതിനിടയില്‍ ഇന്ത്യയിലെ ജനാധിപത്യ പ്രവര്‍ത്തകരുടെ നിസ്സംഗമായ നില്‍പുണ്ട് എന്നതും കാണാതിരിക്കരുത്. 2014-ല്‍, ബെസ്റ്റ് ബേക്കറി കേസില്‍ ഇതേ കോടതിയില്‍ ജസ്റ്റിസുമാരായ ദൊരൈസ്വാമി രാജുവും അരിജിത് പസായതും നടത്തിയ പരാമര്‍ശം ഓര്‍ക്കണം: “നിസ്സഹായരായ സ്ത്രീകളും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും ചുട്ടെരിക്കപ്പെടുമ്പോള്‍ ആധുനിക കാല നീറോകള്‍ വേറെവിടെയോ നോക്കിയിരിക്കുകയും ഒരുപക്ഷേ എങ്ങനെയാണ് ഈ കുറ്റകൃത്യത്തിന്റെ നടത്തിപ്പുകാരെ രക്ഷപ്പെടുത്തേണ്ടത്
എന്നാലോചിക്കുകയുമായിരുന്നു. വേലിതന്നെ വിളവ് തിന്നുമ്പോള്‍ നീതിയും നിയമവും നിലനില്‍ക്കാനുള്ള ചെറിയ സാധ്യത പോലും ഇല്ലാതായി’ എന്നായിരുന്നു അത്. എട്ട് വര്‍ഷം മുന്‍പാണ് ഈ പരാമര്‍ശം. വേണമെങ്കില്‍ ചെറുക്കൂ. കൂടുതല്‍ അന്വേഷിച്ച് വസ്തുതകളുമായി വരൂ എന്ന് നമ്മള്‍ ജനാധിപത്യ പ്രവര്‍ത്തകരോടുള്ള ഉന്നത നീതിപീഠത്തിന്റെ ആഹ്വാനമായിരുന്നു അത്. നാമത് കേട്ടില്ല. ഒറ്റയ്ക്ക് പൊരുതിയ രണ്ടുപേര്‍ അറസ്റ്റിലുമായി. പൗരരോട് പ്രതികാരം ചെയ്യാന്‍ മാത്രം ഇടുങ്ങിയ മനസ്സുണ്ട് ഫാഷിസത്തിന്. നേര്‍ക്കുനേര്‍ ഫാഷിസം അതിന് തോക്കിന്റെ വഴിതേടും. വ്യവസ്ഥാപിത ഫാഷിസം നിയമത്തിന്റെ വഴിയും തേടും.
അല്ലെങ്കില്‍ നോക്കൂ, കേന്ദ്രഭരണകൂടം ആഗോളസമൂഹത്തില്‍ പ്രതിരോധത്തിലായ പ്രവാചക നിന്ദ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന്. നൂപുര്‍ശര്‍മയെ തുറന്നുകാട്ടിയ ആള്‍ട്ട് ന്യൂസിന്റെ സഹ ഉടമ അറസ്റ്റിലായി. ഏത് കേസില്‍? നാല് വര്‍ഷം മുന്‍പ് പങ്കുവെച്ച ഒരു ട്രോളിന്റെ പേരില്‍. ഒരുബോളിവുഡ് സിനിമയിലെ ഹാസ്യരംഗം, ഹനുമാന്റെ പേര് പരാമര്‍ശിക്കുന്ന ഒന്ന് കാര്‍ട്ടൂണ്‍ രൂപത്തില്‍ പങ്കുവെച്ചതിന്. മനസ്സിലാവുന്നുണ്ടല്ലോ അല്ലേ? ആള്‍ട്ട് ന്യൂസിന്റെ മറ്റൊരു ഉടമ ഉടന്‍ ലിസ്റ്റില്‍ വരും- പാര്‍ഥിക് സിന്‍ഹ. മുകുള്‍ സിന്‍ഹയുടെയും നിർത്സരി സിന്‍ഹയുടെയും മകനാണ്. ഗുജറാത്ത് വംശഹത്യക്കിരയായ മനുഷ്യരുടെ നീതിക്കായി സ്വയം സമര്‍പ്പിച്ച രണ്ടുപേരാണ് മുകുളും നിർത്സരിയും. നിയമത്തിന്റെ നൂലിഴകീറി ഈ മനുഷ്യര്‍ നടത്തിയ പോരാട്ടങ്ങള്‍ ഗുജറാത്തില്‍ മോഡിക്കും അമിത് ഷായ്ക്കും വരുത്തിയ ഹാനി ചില്ലറയല്ല. ഫോണ്‍കോള്‍ റെക്കോഡുകള്‍ നിരത്തി മുകുള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ നിര്‍ണായകമായിരുന്നു. 2014-ല്‍ അദ്ദേഹം മരിച്ചു. മോഡി-ഷാ ദ്വയത്തിന്റെ ഒന്നാം നമ്പര്‍ ശത്രുപട്ടികയിലാണ് മുകുളും നിർത്സരിയും. അപ്പോള്‍ മുഹമ്മദ് സുബൈര്‍ അല്ല ലക്ഷ്യമെന്ന് ഊഹിക്കാം. നിലവില്‍ കസ്റ്റഡിയിലെടുക്കാന്‍ നിയമപരമായ “യോഗ്യത’ഉള്ളത് സുബൈറിനായി എന്നുമാത്രം. ആള്‍ട്ടിനോടുള്ള ഒടുങ്ങാത്ത പകയ്ക്ക് അതുമാത്രമല്ല കാരണം. സമൂഹ-മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കല്ലുവെച്ച നുണകളെ കൈയോടെ പൊക്കുന്ന പണിയാണ് ആള്‍ട്ട് ന്യൂസിന്റേത്. എല്ലാവരുടെ നുണകളും പിടിക്കും. കൂടുതല്‍ നുണകള്‍ എയ്തുവിടുകയും നുണകളെ ഒരു രാഷ്ട്രീയ പദ്ധതിയാക്കി മാറ്റുകയും ചെയ്യുന്നവരെ സംബന്ധിച്ച് വലിയ എതിരാളികളാണ് ആള്‍ട്ട് ന്യൂസ്. ആരാണ് അവരെന്ന് പറയേണ്ടതില്ലല്ലോ.
അതിനാല്‍ ഗുജറാത്തില്‍ വംശഹത്യക്കിരയായ ആയിരങ്ങള്‍ വിധികളാല്‍ ഇനിയും അപമാനിക്കപ്പെടും. ജാഗ്രത കൈമോശം വന്ന ജനതയ്ക്ക് ജനാധിപത്യത്തിന് അര്‍ഹതയില്ല. “As a matter of fact, all those involved in such abuse of process, need to be in the dock and proceeded with in accordance with law’ എന്ന നിയമാനുസൃതമായ ആ മനോധര്‍മം ഓര്‍ത്തുവെച്ചേക്കുക. ഇരകള്‍ക്കൊപ്പം ചേര്‍ന്ന് നിങ്ങള്‍ നടത്തിയേക്കാവുന്ന മുഴുവന്‍ നിയമ-പൊതു പ്രതിരോധങ്ങള്‍ക്കും മീതെ പരമോന്നത കോടതി തൂക്കിയിട്ട ഒരു വാളാണത്. അത് തൂക്കാനുള്ള കൊളുത്തുണ്ടാക്കിയ ആ വ്യവസ്ഥയുടെ പേരാണ് നാമാദ്യം പറഞ്ഞ വ്യവസ്ഥാപിത ഫാഷിസം. കാത്തിരിക്കാം.
കെ കെ ജോഷി
You must be logged in to post a comment Login