“നിങ്ങളാ ദൃശ്യങ്ങള്‍ കണ്ടോ? ഒരു സമരത്തില്‍ കുഴപ്പമുണ്ടാകുന്നതൊന്നും ആദ്യമായിട്ടല്ല. നമുക്ക് അനുഭവമുള്ളതാണ്. ഒന്നാംതരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോഴിക്കോട്ട് ആ നിര്‍മല്‍ സമരമൊക്കെ ഓര്‍മയില്ലേ? പൊലീസുകാരന്‍ റിവോള്‍വറെടുത്ത് കീച്ചുകയായിരുന്നു. അതൊന്നും പുതുമയല്ല. പൊലീസുമായൊക്കെ നല്ല അടി നടക്കാറുണ്ട്. പക്ഷേ, ഇത് എന്നെ വേറെ രീതിയിലാണ് ബാധിക്കുന്നത്. ഒന്നാമത് അത് രാഹുല്‍ ഗാന്ധിയുടെ ഓഫീസാണ്. എത്ര ദുര്‍ബലമാണെങ്കിലും അങ്ങേര് ദേശീയ നേതാവായ ഒരാളാണ്. അത്തരം ഒരാളുടെ ഓഫീസ് അയാള്‍ക്ക് കാര്യമായി ഒരുറോളുമില്ലാത്ത ഒരു സംഗതി പറഞ്ഞ് അക്രമിക്കുക. അതെന്ത് സമരമാണ്? അതല്ല പക്ഷേ, വേദനിപ്പിക്കുന്നത്. കാര്യമില്ലാത്ത കാര്യത്തിന് നമ്മള്‍ ഒരുപാട് സമരം ചെയ്തിട്ടുണ്ട്. ഇത് പക്ഷേ, അതല്ല. അവിടെ പൊലീസ് എതിര്‍ത്തിട്ടില്ല. സംഘര്‍ഷത്തിന്റെ ഒരന്തരീക്ഷവുമില്ല. ചുമ്മാ കയറിവന്ന് ഓഫീസ് തകര്‍ക്കുകയാണ്. ഏതെങ്കിലും ഒരു വൈകാരിക സംഗതിയോടുള്ള പ്രതികരണമായിരുന്നെങ്കില്‍ ഓക്കെ. ഇത് അതുമല്ല. ഇപ്പോള്‍ അങ്ങനെ എസ് എഫ് ഐക്ക് വൈകാരികമായി ഒരു സംഘര്‍ഷമുണ്ടാക്കേണ്ട ഒരു സാഹചര്യവും ഇന്നീ നാട്ടിലില്ല. എല്ലാം സ്മൂത്ത് ആണെന്നല്ല. എസ് എഫ് ഐ പ്രാഥമികമായി ഇടപെടേണ്ട കാരങ്ങളില്‍ ഒരു സമരത്തിനും സാധ്യതയില്ല. അതാണ് പ്രശ്‌നം. ആ പൊലീസുകാര്‍ മിക്കവരും ഇങ്ങനെ നോക്കി നില്‍ക്കുകയാണ്. ആ സമയത്തെ ഒരു രംഗം കണ്ടോ? അറസ്റ്റിലായ എസ് എഫ് ഐക്കാര്‍ പൊലീസ് വണ്ടിയുടെ ജനല്‍ വഴി കൂളായി ഇറങ്ങി വന്ന് പൊലീസിനെ വെല്ലുവിളിക്കുന്നു. ഏത് പൊലീസിനെ? അവര്‍ സിന്ദാബാദ് വിളിക്കുന്ന അവരുടെ നേതാവ് ഭരിക്കുന്ന പൊലീസിനെ. ഒരു രംഗം കണ്ടു, ഒരു പയ്യന്‍ ലിസ്റ്റ് തരാം എന്നൊക്കെ വിളിച്ചുകൂവുകയാണ്. അല്ല. ആ ശരീരഭാഷ വിദ്യാര്‍ഥികളുടേതല്ല. ആ സമരരീതി പഠിക്കുന്ന കുട്ടികളുടേതല്ല. എനിക്ക് കര്‍സേവകരെ ഒക്കെ ഓര്‍മ വന്നു. ഇവരെന്താണിങ്ങനെ?”
ഓര്‍മയില്‍ നിന്ന് എടുത്തെഴുതിയ ഒരു സംഭാഷണമാണിത്. വിദ്യാര്‍ഥിയായിരുന്ന കാലത്ത് സുഹൃത്തും സഖാവുമായിരുന്ന, ഇപ്പോഴും സജീവമായി സി പി എം രാഷ്ട്രീയത്തിലുള്ള അഭിഭാഷകനാണ് മറുതലയ്ക്കല്‍. ബഫര്‍സോണ്‍ വിഷയത്തില്‍ കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് എസ് എഫ് ഐ അടിച്ചുതകര്‍ത്ത ദിവസമായിരുന്നു ഈ വര്‍ത്തമാനം. മുന്‍ എസ് എഫ് ഐ എന്നത് അശ്ലീലമായ ഒരു അവകാശവാദമാണെന്ന സോഷ്യല്‍ മീഡിയ ഘ്വാഘ്വകള്‍ അന്തരീക്ഷത്തിലുണ്ട്. അതിനാല്‍ ഈ ലേഖകന്‍ അങ്ങനെ അവകാശപ്പെടുന്നില്ല. പക്ഷേ, നാല് പതിറ്റാണ്ടായി കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തെ അക്കാദമിക് താല്‍പര്യത്തോടെ പിന്തുടരുന്ന ഒരാളെന്ന നിലയിലായിരുന്നു സംഭാഷണം. അതേ നിലയിലാണ് ഈ കുറിപ്പ് എഴുതുന്നതും.
“നിങ്ങള്‍ക്ക് എന്താണിത്ര അത്ഭുതം?’
“ഒന്നുമില്ല, ഭയങ്കര വയലന്‍സ് തോന്നി.’
“എന്നാണ് എസ് എഫ് ഐ വയലന്‍സില്ലാതെ ഇരുന്നിട്ടുള്ളത്?’
“ഒരു സമരത്തിനിടയില്‍ ഉള്ളതുപോലെ അല്ലല്ലോ ഇത്? കൊള്ള സംഘത്തെപ്പോലെ, ഹൂളിഗന്‍സിനെപ്പോലെ അതിക്രമിച്ച് കയറുക. തല്ലിപ്പൊളിക്കുക. തങ്ങള്‍ എന്തിനാണ് സമരം ചെയ്യുന്നത് എന്ന് വിശദീകരിക്കാന്‍ കഴിയാതെ മാസ് വയലന്‍സിന്റെ ഭാഗമാവുക.’
“നേരത്തെ അങ്ങനെ ആയിരുന്നില്ലേ?’
“തോന്നുന്നില്ല.’
“അത് നിങ്ങള്‍ അങ്ങനെ ചിന്തിക്കാത്തതിനാല്‍ ആണ്. അവസരം കിട്ടിയാല്‍ ബൈ ഡിഫോള്‍ട്ട് അക്രമമാണ് എക്കാലത്തും നമ്മുടെ ഈ സംഘടനയുടെ ഭാഷ. അവസരം ഇല്ലാത്തപ്പോള്‍ അത് നടക്കുന്നില്ല. അത്രേയുള്ളൂ. ഏതായാലും പരമ വിഡ്ഢിത്തം ആണ് അവര്‍ കാട്ടിയത്. കഷ്ടം. പക്ഷേ, അവര്‍ക്ക് അതേ പറ്റൂ. സംഘടന പിടിച്ച് നില്‍ക്കണ്ടേ?’
പുതുമയൊന്നുമില്ലാത്ത ഒന്നായിരുന്ന ആ സംഭാഷണം അവസാനിച്ചു. അലസമായി എന്നവണ്ണം പറഞ്ഞ ഒരു വാക്കിന് പക്ഷേ, അമിത ഭാരമുണ്ടായിരുന്നു- “ബൈ ഡിഫോള്‍ട്ട് അക്രമമാണ് എക്കാലത്തും’ എന്ന വാചകം. ബൈ ഡിഫോള്‍ട്ട് എന്നത് നരവംശ വിജ്ഞാനീയവും ചരിത്രവും നാടകീയതകളും സമന്വയിപ്പിച്ച് എഴുതപ്പെടുന്ന ജനപ്രിയ മനുഷ്യ ചരിത്രത്തില്‍ പരിഗണിച്ചുപോരാറുള്ള ഒരുവാക്കാണ്. കമ്പ്യൂട്ടറുകള്‍ പ്രചാരത്തിലാവുന്ന കാലത്ത് ഒരു സ്ഥിതിയുടെ വാസ്തവ നില രേഖപ്പെടുത്താനാണ് ബൈ ഡിഫോള്‍ട്ട് എന്ന വാക്ക് ഉപയോഗിക്കുക. മറ്റൊരു കൂട്ടിച്ചേര്‍ക്കലുമില്ലാത്തപ്പോള്‍ ഒരു വസ്തുവിന്റെ അല്ലെങ്കില്‍ പ്രോഗ്രാമിന്റെ തനിനില. ഞാനുള്‍പ്പടെ ഒരിക്കല്‍ പങ്കാളിയായിരുന്ന ഒരു സംഘടനാസംവിധാനത്തിന്റെ തനിനില വയലന്‍സാണ് എന്ന വാചകത്തില്‍ കൊളുത്തിപ്പോകുമ്പോള്‍ ഉയര്‍ന്ന ആന്തലാണ് നിങ്ങള്‍ ഇനി വായിക്കുക.
ആമുഖമായി പറയട്ടെ ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തില്‍ എസ് എഫ് ഐ എന്ന സംഘടന സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങളെ റദ്ദാക്കുകയോ, കാമ്പസുകളില്‍ മരിച്ചുവീണ അവരുടെ അംഗങ്ങളുടെ ത്യാഗത്തെ അവഗണിക്കുകയോ ഈ ലേഖനത്തിന്റെ താല്‍പര്യമല്ല. മറിച്ച് ഒരു വിദ്യാര്‍ഥി പ്രസ്ഥാനം, അതും എസ് എഫ് ഐ പോലെ കരുത്തുറ്റ സംഘടനാസംവിധാനവും ഉറച്ച നേതൃത്വവുമുള്ള ഒരു സംഘടന എന്തിനാണ് അനവസരത്തില്‍, പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിടുന്നത് എന്ന ആലോചന മാത്രമാണ്. അക്രമം എന്ന പ്രയോഗത്തെ ഒരു സാമൂഹിക തലത്തില്‍ സമീപിക്കുകയാണ് തുടര്‍ന്ന് ചെയ്യുന്നത്.
ആ ദൃശ്യത്തിലേക്ക് മടങ്ങാം. വിദ്യാര്‍ഥികളാണല്ലോ ആ സംഘടനയുടെ പ്രവര്‍ത്തകര്‍. നേതൃനിരയിലുള്ള ഏതാനും പേര്‍ കലാലയകാലം കഴിഞ്ഞാലും മൂന്നു വര്‍ഷം വരെ നേതൃത്വത്തില്‍ തുടരും. നേതൃത്വത്തില്‍ തുടരാനായി പഠനവും തുടരാം. ഇങ്ങനെ നേതൃത്വത്തിലുള്ള ആളുകളും അവരുടെ ആഹ്വാനത്താല്‍ പ്രചോദിതരായും അല്ലെങ്കില്‍ അവരാല്‍ നയിക്കപ്പെട്ടും പ്രകടനമായി വന്ന വിദ്യാര്‍ഥികള്‍ എന്താണ് ചെയ്യേണ്ടിയിരുന്നത്. പരിഷ്‌കൃതസമൂഹത്തിന്റെ പ്രതിനിധികളാണല്ലോ അവര്‍. അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ ഭാവിയുടെ ധാര്‍മിക ജീവിതം കെട്ടിപ്പടുക്കേണ്ടതും അവരാണല്ലോ? അപ്പോള്‍ അവര്‍ എന്താണ് ചെയ്യേണ്ടിയിരുന്നത്?
സംശയമില്ല, അവര്‍ പ്രകടനമായി വരണം. കാരണം, ബഫര്‍സോണ്‍ എന്നത് വയനാട്ടുകാരെ സംബന്ധിച്ച് ജീവല്‍പ്രശ്‌നമാണ്. കാടുമായി ഇടകലര്‍ന്നുള്ള ജീവിതമാണ് ചരിത്രപരമായി അവരുടേത്. അപ്പോള്‍ പിന്നെ ഇപ്പോഴത്തെ കോടതിവിധി നടപ്പാക്കല്‍ വയനാട്ടില്‍ പ്രായോഗികമല്ല. കേരള സര്‍ക്കാരാണ് പരിധി ഇമ്മട്ടില്‍ നിശ്ചയിച്ചതെന്നും ഇനി പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടിലാണ് എന്നുമുള്ള വാദങ്ങള്‍ കക്ഷിരാഷ്ട്രീയക്കാരല്ലാത്തതിനാല്‍ എസ് എഫ് ഐ കേള്‍ക്കേണ്ടതുമില്ല. ശരി, ഒരു ജീവല്‍ പ്രശ്‌നത്തില്‍ എസ് എഫ് ഐ ഇടപെടുകയാണ്. ഏത് എസ് എഫ് ഐ ആണെന്നോര്‍ക്കണം. ഇന്ത്യയിലെ അത്യുന്നത അക്കാദമിക് സംസ്‌കാരമുള്ള സര്‍വകലാശാലകളില്‍ വരെ നേതൃപദവിയുള്ള എസ് എഫ് ഐ രാജ്യത്തെ ഒന്നാംതരം അക്കാദമിക്കുകള്‍ക്ക് അംഗത്വമുള്ള സംഘടന. അപ്പോള്‍ അവരെന്താണ് ചെയ്യേണ്ടത്? അവര്‍ സ്ഥലം എം പിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തണം. എം പി രാഹുല്‍ ഗാന്ധി എന്ന ദേശീയ നേതാവാണെന്നും അദ്ദേഹം മണ്ഡലത്തില്‍ ഇല്ല എന്നും അറിയാമല്ലോ? അപ്പോള്‍ എന്താവും പരിഷ്‌കൃതമായിരിക്കാന്‍ ബാധ്യതപ്പെട്ട ഒരു സംഘടന ചെയ്യുക?
ഞാന്‍ പ്രതീക്ഷിക്കുന്നത്:
“ഒരേ താളത്തില്‍ ഉറക്കെ മുദ്രാവാക്യങ്ങള്‍ മുഴക്കി അവര്‍ വരുന്നു. കവികള്‍ ധാരാളമുള്ള ഒരു സംഘടനയാണ്. ബഫര്‍സോണ്‍ പെട്ടെന്നുള്ള പ്രകോപനത്താല്‍ പ്രചോദിതമായ സമരമല്ല. നേരത്തേ തീരുമാനിച്ചുറപ്പിച്ച സമരമാണ്. അതിനാല്‍ നല്ല ഗരിമയുള്ള മുദ്രാവാക്യങ്ങള്‍ അവർ മുന്‍കൂട്ടി തയാറാക്കി കൊണ്ടുവരും. ലോകത്തെ വന്‍കിട സര്‍വകലാശാലകളില്‍ നടക്കുന്ന സമരങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? സമരമെന്തിന് എന്ന് പിന്നെ ഒരു പ്രസംഗം വേണ്ട. അങ്ങനെ അലയടിച്ചെന്നവണ്ണം വരുന്ന അവര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് മുന്നില്‍ എത്തുന്നു. എന്താണ് ബഫര്‍സോണ്‍, വയനാടിന്റെ നിത്യനിദാനത്തിന് അതെങ്ങനെ പ്രതിസന്ധിയാകും തുടങ്ങിയ കാതലായ കാര്യങ്ങള്‍ കേള്‍ക്കുന്നവരെ ബഹുമാനിച്ചെന്നവണ്ണം സംസാരിക്കുക. സംസാരിക്കല്‍ കലയാണ്. നേതാക്കള്‍ തന്നെ വേണമെന്നില്ല. എന്നിട്ടോ? രാഹുലിന് കത്തയക്കുക. അവിടെ ബാനര്‍ പതിക്കുക. മടങ്ങുക. പത്രമോഫീസില്‍ ചെന്ന് വാര്‍ത്ത കൊടുക്കുക. ചാനലുകള്‍ പരിപാടിക്ക് വന്നിട്ടില്ല എങ്കില്‍ പകര്‍ത്തിയ വീഡിയോ ഫൂട്ടേജ് കൈമാറുക. പ്രശ്‌നം പരിഹരിക്കാനാണല്ലോ സമരം. പ്രശ്‌നത്തില്‍ ഞങ്ങള്‍ ഇടപെട്ടു എന്ന് കാണിക്കാനുമാണല്ലോ സമരം. അത് രണ്ടും നടക്കും. തുടര്‍ന്ന് വിഷയത്തെ സജീവമാക്കി നിര്‍ത്തുക. നിവേദനങ്ങള്‍ തുടരുക.’
പകരം നടന്നത് (ദൃക്‌സാക്ഷിയുടെ മൊഴി): ഒരു പ്രകടനം വരുന്നു. ഘോര ഘോര മുദ്രാവാക്യം. ചിലത് 52 കൊല്ലം പഴക്കമുള്ളത്. മറ്റ് ചിലത് 30 കൊല്ലം. പ്രകടനം വരികയാണ്. രാഹുല്‍ഗാന്ധിയുടെ ഓഫീസിന് സമീപം വെച്ച് അതിന് വേഗം കൂടി. ആരും തടയുന്നില്ല. കുട്ടികള്‍ ഉന്മത്തരാണ്. പെട്ടെന്ന് സ്ഥിതി മാറി. ഗോള്‍പോസ്റ്റിലേക്ക് പന്തുമായി വരുന്ന എതിര്‍ടീമിന്റെ ഭാവം. ആളനക്കമില്ലാതെ കിടന്ന ഓഫീസിനെ ശത്രുസൈന്യമെന്ന് കണ്ട് അക്രമിക്കുന്നു. കാറ്റാടി മരത്തോട് ഡോണ്‍ ക്വിക്‌സോട്ട് എന്നപോലെ. പൊലീസ് തടയുന്നില്ല. എന്നിട്ടും ഒരു വലിയ പൊലീസ് നടപടിയുമായി മുഖാമുഖം എന്നതുപോലെ അവര്‍ ഇരമ്പുകയാണ്. അടിക്കെടാ, പൊളിക്കെടാ തുടങ്ങിയ അട്ടഹാസങ്ങള്‍. ഭരണകക്ഷിയുടെ വിദ്യാര്‍ഥി നേതാക്കളോടുള്ള അതിസ്വാഭാവിക കരുണയും കരുതലുമുണ്ട് പൊലീസിന്. എന്നിട്ടും അവരോട് കലിബാധിച്ച പോലെ ആക്രോശിക്കുന്നു. ഒരു തട്ടുപൊളിപ്പന്‍ സിനിമയുടെ ഷൂട്ടിംഗ് എന്നപോലെ നിര്‍വികാരതക്ക് മുകളില്‍ അതിവികാരത്തിന്റെ അഭിനയഘോഷം. ഈ കുട്ടികള്‍ക്ക് എന്തുപറ്റി?’
വീണ്ടും ഓര്‍മകള്‍ക്കുമേല്‍ ഭാരമേറിയ വാക്കുകള്‍. മുന്‍പും അവർ അങ്ങനെ ആയിരുന്നു. ഞാന്‍ ചില സമര സന്ദര്‍ഭങ്ങള്‍ ചികഞ്ഞെടുത്തു. അടിപൊട്ടുമെന്ന് മുന്നേ തീരുമാനിച്ച പുറപ്പെടലുകള്‍. പൊലീസ് പ്രതിരോധത്തിലാണെങ്കില്‍ അവരെ അറ്റാക്കിംഗിലേക്ക് മാറ്റാനുള്ള നിഗൂഢമായ പാസുകള്‍. ഞങ്ങള്‍ അക്കാലത്ത് ഫുട്‌ബോള്‍ കളിച്ചിരുന്നോ? ഒരേതരം ഫോട്ടോകള്‍ ഉള്ള ഓര്‍മകള്‍ എത്ര വിരസമാണ്? അയ്യോ ആ ഫോട്ടോകള്‍ എല്ലാം ഒരേതരമായിരുന്നു. അതില്‍ ഞങ്ങള്‍ക്കെല്ലാം ഒരേ ഭാവം. ഒരേ ദിശയില്‍ നിന്ന് അനാവശ്യമായി ഒഴുകിയ, ഒഴുക്കിയ ചോര. ദൈവമേ!
എന്തിനാണ് ഈ കുട്ടികള്‍ ഇത്ര വിനാശകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്? എനിക്കിപ്പോള്‍ അത് മനസ്സിലാവുന്നില്ല. മാത്രവുമല്ല അതിന്റെ അര്‍ഥങ്ങള്‍ ലജ്ജിപ്പിക്കുന്നു.
“”ഞങ്ങടെ ചെറ്റക്കുടിലുകളില്‍
അക്രമത്തിന് വന്നെന്നാല്‍
അവസാനത്തൊരു കളിയുണ്ടേ
അരിവാള്‍ കൊണ്ടൊരു കളിയുണ്ടേ..” അയ്യോ …
“ഉയരേ വെള്ള കൊടി പാറട്ടെ, ഉടലില്‍ ചോര തിളച്ചുയരട്ടെ, മണ്ണില്‍ ചോര ചാലൊഴുകട്ടെ, ചാലുകള്‍ ചേര്‍ന്നൊരു പുഴയാകട്ടെ, പുഴയോ വലിയൊരു കടലാകട്ടെ, ആര്‍ത്തിരമ്പും കടലിനെ നോക്കി, ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും ഇന്‍ക്വിലാബ് സിന്ദാബാദ്, എസ്എഫ്‌ഐ സിന്ദാബാദ്’ ചോരയെക്കുറിച്ചാണ് എല്ലാം. അക്രമിക്കുമെന്നാണ്. ആര്? ഏത് കാലത്ത്? ആരെ?
തെറ്റാണിത് സഖാക്കളെ. നിങ്ങളില്‍ നിന്ന് ധാര്‍മികതയുടെ, സമാധാനത്തിന്റെ, സഹവര്‍ത്തിത്വത്തിന്റെ സകല മൂല്യങ്ങളേയും ഇത്തരം ഭാഷണങ്ങള്‍ ചോര്‍ത്തിക്കളയും. താരാരാധനയാല്‍ മനം വിജൃംഭിക്കുന്ന കൗമാരത്തെ ഇത്തരം ക്രൂര പദാവലികളാല്‍ ആകര്‍ഷിക്കാന്‍ കഴിയും. പക്ഷേ, സമരമെന്നാല്‍ അക്രമം, സംഘടനയെന്നാല്‍ സമരം എന്ന ലളിത സമവാക്യത്തില്‍ ഒടുങ്ങിപ്പോകും സര്‍വതും സഖാക്കളെ.
അതിനാല്‍, കല്‍പ്പറ്റ തിരുത്താനുള്ള ഒന്നാംതരം അവസരമാണ്. ആ സമരം നിങ്ങള്‍ എത്തിപ്പെട്ട തെര്‍മോകോള്‍ അവസ്ഥയെ കാട്ടിത്തരുന്നു. ഈ ഭീഷണ പദാവലികള്‍ വളര്‍ത്തിയ നിങ്ങളുടെ തേറ്റകളെ കാട്ടിത്തരുന്നു. തേറ്റകള്‍ ഒളിപ്പിക്കാന്‍ പ്രയാസമാണ്. കവിളുകീറിയും അത് പുറത്തു ചാടും.
ബിനോജ് സുകുമാരന്‍
You must be logged in to post a comment Login