അബോര്ഷന് ജ്ഞാനശാസ്ത്ര ബന്ധിതമായി സംവദിക്കേണ്ടുന്ന ഒരു പ്രശ്നം കൂടിയാണ്. നിലവില്‍ രാഷ്ട്രീയ, സാമൂഹിക ബന്ധിതമായാണ് അത് ഉയര്‍ന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ആഴ്ചയാണല്ലോ അമേരിക്കയിലെ സുപ്രീം കോടതിവിധിയെ ചൊല്ലി യു എസ് തെരുവുകള്‍ പ്രക്ഷുബ്ധമായത്. അബോര്‍ഷനുമായി ബന്ധപ്പെട്ട അമ്പതു വര്‍ഷം പഴക്കമുള്ള നിയമം തിരുത്തപ്പെടുന്നു. പുതിയ നിയമം നിലവില്‍വരുന്നതോടെ ഗര്‍ഭഛിദ്രം കുറ്റകരമായി മാറും. ഇതിനെതിരെ ശബ്ദമുയര്‍ത്തിയാണ് അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധക്കാര്‍ വന്നു നിറയുന്നത്. സ്ത്രീകളുമായി കൂടുതല്‍ റിലേറ്റ് ചെയ്യപ്പെടുന്നത് കൊണ്ട് സമരത്തിലെ സ്ത്രീസാന്നിധ്യം ശ്രദ്ധേയമാണ്. രണ്ടു കാരണങ്ങളാല്‍ ഈ ഇഷ്യു നമ്മള്‍ പ്രശ്‌നവത്കരിക്കണമെന്ന് വിചാരിക്കുന്നു. ഒന്ന്, ജ്ഞാനശാസ്ത്രപരമായ കാരണം തന്നെ. മറ്റൊന്ന് സ്ത്രീ ജനങ്ങളുമായി ഇത് കൂടുതല്‍ ബന്ധപ്പെടുന്നു എന്നത് കൊണ്ടും.
ആധുനികാനന്തര ജീവിത സാഹചര്യങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ അതിജീവന പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. കൂടുതല്‍ സ്വതന്ത്രമാണെന്ന് കരുതപ്പെടുന്ന ഇടങ്ങളിലൊക്കെയും സ്വത്വപ്രതിസന്ധി അനുഭവിക്കേണ്ടിവരുന്നുവെന്ന് സ്ത്രീഅനുഭവസ്ഥര്‍ നിരന്തരം വിളിച്ചുപറയുന്നുണ്ട്. അത് എന്തുകൊണ്ടായിരിക്കും?
മൈ ബോഡി മൈ ചോയ്‌സ് ടാഗുകളാണല്ലോ ആധുനികതയുടെ മുഖക്കുറികള്‍. സ്വതന്ത്രവാദ പ്രസ്ഥാനങ്ങളുടെയും വ്യക്തിവാദ മൂവ്‌മെന്റുകളുടെയും ഭാഗമായി രൂപപ്പെട്ട ഇത്തരം ടാഗ് ലൈനുകളോട് ചേര്‍ത്തിപ്പറയാവുന്ന കുറേ ഇഷ്യുകള്‍ ഇക്കാലയളവില്‍ കടുന്നുവരികയോ നിലനില്‍ക്കുകയോ ചെയ്തിട്ടുണ്ട്. LGBTQIA+, മീടു, കണ്‍സെന്റ് തുടങ്ങിയ കുറേയധികം താക്കോല്‍ വാക്കുകളിലൂടെ അവ അടയാളപ്പെടുകയും ചെയ്തിട്ടുണ്ട്. നമ്മുടെ തന്നെ ബൗദ്ധിക വ്യവഹാരത്തെ അവ നിര്‍ണയിക്കുന്നോ എന്നും സംശയിക്കപ്പെടുന്നു. ഫെമിനിസത്തിന്റെയും വുമണിസത്തിന്റെയും വെയ്‌വുകള്‍ മാറുന്നതിനനുസൃതമായി ലിംഗ, ലൈംഗിക ആഖ്യാനങ്ങളുടെ പലവിധ ആവിഷ്‌കാരങ്ങളോട് ചേര്‍ത്താണ് നിലവിലെ അബോര്‍ഷന്‍ ഇഷ്യുവിനെയും കാണാന്‍ കഴിയുക.
മനുഷ്യശരീരത്തിന്റെ അധികാരം ആര്‍ക്കാണ് എന്ന അടിസ്ഥാന ആലോചനയില്‍ നിന്നു വേണം ഇത്തരം മുഴുവന്‍ ഇഷ്യുകളെയും സൂക്ഷ്മമായി വിശകലനം നടത്താന്‍. ഇത് ജ്ഞാനശാസ്ത്ര ബന്ധിതം എന്നു പറഞ്ഞതിന്റെ താത്പര്യമിതാണ്.
അമേരിക്കയില്‍ മാത്രമല്ല, ലോകത്തിന്റെ മിക്കയിടങ്ങളിലും അബോര്‍ഷനുമായി ബന്ധപ്പെട്ടും കുടുംബാസൂത്രണവുമായി ചേര്‍ത്തിയും ധാരാളം പ്രശ്‌നങ്ങള്‍ കോടതി വ്യവഹാരങ്ങളായും അല്ലാതെയും ഉണ്ടായിട്ടുണ്ട്. ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്റ്റ് പ്രകാരം മാരിറ്റല്‍ സ്റ്റാറ്റസ് പരിഗണിച്ചു മാത്രമേ അബോര്‍ഷന് അനുമതിയുണ്ടായിരുന്നുള്ളൂ. പിന്നീട് ഇതില്‍ ഭേദഗതി വരുത്തി. 2021 മാര്‍ച്ച് 25ലെ ഭേദഗതി പ്രകാരം മാരിറ്റല്‍ പദവി അപ്രസക്തമായി. ആര്‍ക്കും എപ്പോഴും ആശുപത്രികള്‍ അബോര്‍ട്ട് അവസരം നല്‍കണമെന്നു വന്നു. രക്ഷിതാക്കളുടെ സാന്നിധ്യം പ്രശ്‌നമല്ലാതായി. ഭ്രൂണഹത്യ നിസാരമായി മാറി. അബോര്‍ട്ടിന് വിധേയരാകുന്നവരുടെ ഡാറ്റകള്‍ ആശുപത്രികള്‍ മറച്ചുവെക്കണമെന്ന് നിയമം വന്നു. മാരിറ്റല്‍ പദവിയോ രക്ഷിതാക്കളുടെ അസാന്നിധ്യമോ പരിഗണിച്ച് അബോര്‍ഷന്‍ നിഷേധിച്ച ആശുപത്രികളും ഡോക്ടേര്‍സും പൊതുബോധത്തിന് അപരാധികളും അപരിഷ്‌കൃതരുമായിത്തീര്‍ന്നു.
കഴിഞ്ഞദിവസം ഒരു പരിചയക്കാരന്‍ അയച്ചുതന്ന പ്രൊപോസലിലുള്ളത്, നോണ്‍ പാട്രിയാര്‍ക്കല്‍ വേ ഓഫ് ലൈഫ് താതപര്യപ്പെടുന്നുവെന്നാണ്. ഇസ്‌ലാമിക ജീവിത വ്യവഹാരങ്ങളെ പാട്രിയാര്‍ക്കല്‍ – മാട്രിയാര്‍ക്കല്‍ ദ്വന്ദ്വങ്ങളാക്കി വകതിരിച്ച് വിശകലനപ്പെടുന്നതുന്നതിനെ അക്കാദമിക് മെറിറ്റിനു പുറമേ നിന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പുതുകാലത്ത് ഇത്തരം കുറേ വായനകളും ഫ്രെയിമുകളും വ്യാപകമായി രൂപപ്പെട്ടുവരുന്നുണ്ട്. ഇസ്‌ലാമിക് ഫെമിനിസത്തിന്റെ ഗൗരവമായ ആലോചന തന്നെ “പുരുഷകേന്ദ്രിതമല്ലാത്ത’ ബദല്‍ മതമൂല്യങ്ങളെയും ചരിത്രങ്ങളും സ്ഥാപിക്കുക എന്നതാണല്ലോ.
ആദില – നൂറ ലെസ്ബിയന്‍ പങ്കാളിത്ത ചര്‍ച്ചകളുടെ സമയത്ത്, അമേരിക്കന്‍ മുസ്‌ലിം സ്‌കോളറുടെ ഒരെഴുത്ത് കൗതുകത്തോടെയാണ് കണ്ടത്. ഗേ, ലെസ്ബിയന്‍, ട്രാന്‍സ് വിഭാഗങ്ങളെ ഇന്‍ബോണ്‍, ബിഹേവിയറല്‍ എന്നിങ്ങനെ തരംതിരിക്കുകയും ഇന്‍ബോണ്‍ (ജന്മനായുള്ളത്) പ്രകൃതമുള്ളവരെ മതത്തില്‍ നിയമവിധേയമാക്കുകയും ചെയ്യുന്നതായിരുന്നു പ്രസ്തുത എഴുത്ത്.
വിശ്വാസികളുടെ പ്രതിസന്ധികളെ പരിഹരിക്കാന്‍ മാത്രമുള്ള ഫ്രെയിമുകള്‍ മോഡേണിറ്റിക്ക് സ്വന്തമായില്ലാത്തപ്പോള്‍, ഇസ്‌ലാമിക മൂല്യ ഭാവനകളെ മോഡേണ്‍ ഫ്രെയിമുകളിലൂടെ സ്വരൂപിക്കുന്ന ഇത്തരം മൂവ്‌മെന്റുകളെ ചെറുതായി കാണാന്‍ കഴിയില്ല.
ഗര്‍ഭഛിദ്രം നിരോധിക്കപ്പെടുന്നു എന്നതിലെ അവകാശ നിഷേധത്തെ പ്രശ്‌നവത്കരിച്ച് അമേരിക്കന്‍ തെരുവിലിറങ്ങിയതിനെ പ്രതികൂലിച്ചും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. ഭ്രൂണത്തിന്റെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നു എന്നായിരുന്നു സ്വാഭാവികമായും പ്രതിഷേധക്കാരുടെ വാദം. ആരുടേതാണ് ശരിയായ അവകാശം എന്ന സംവാദം കൂടി ഇവിടെ പ്രസക്തമാണല്ലോ?
വിശ്വാസിയെ സംബന്ധിച്ച് പ്രസക്തമായ ആലോചനയാണിത്. ഉടലിന്റെ അവകാശത്തെ ചൊല്ലി വിശ്വാസിക്ക് കൂടുതല്‍ ആശയക്കുഴപ്പങ്ങളില്ല. എന്റെ ഉടലില്‍ എന്റെ കണ്‍സെന്റിനേക്കാള്‍ പ്രധാനം ഉടലിന്റെ ഉടമസ്ഥനായ അല്ലാഹുവിന്റെ കണ്‍സെന്റാണ്. ആത്മഹത്യ ഇസ്‌ലാം നിഷിദ്ധമാക്കിയതിന്റെ മാനദണ്ഡം മനുഷ്യന് സ്വന്തം ഉടലില്‍ പരമാധികാരമില്ലാത്തതു കൊണ്ടുകൂടിയാണ്. ഇസ്‌ലാമിക് തിയോളജിയില്‍ പരമമായതൊന്നും മനുഷ്യനോടല്ല, അല്ലാഹുവിനോടാണ് ബന്ധപ്പെടുന്നത്. അനിവാര്യതയില്ലെങ്കില്‍ സ്വശരീരത്തെ വേദനിപ്പിക്കരുതെന്നാണ് ദൈവേഛ. ചെരിപ്പില്ലാതെ നടക്കുന്നതിന് വരെ വിലക്കുണ്ട്. ശരീരത്തെ മറച്ചും പൊതിഞ്ഞും വിശ്വാസികള്‍ കൊണ്ടുനടക്കുന്നത് ശരീരത്തിന്റെ പരമാധികാരിയുടെ തീര്‍പ്പുകളുള്ളതു കൊണ്ടാണ്. ഈ തീര്‍പ്പിനു പുറത്ത് സ്വന്തം കാലുകള്‍ മറച്ചുപിടിച്ചു കഴിയുന്നവരോട് “വി ഹാവ് ലെഗ്സ്’ എന്ന് കാമ്പയിന്‍ നടത്തുന്നത് തികഞ്ഞ ഉപഹാസം മാത്രം. എന്റെ ശരീരം, എന്റെ തിരഞ്ഞെടുപ്പ്, എന്റെ ലിംഗം ഞാന്‍ നിര്‍ണയിക്കുന്നത്, എന്റെ ഭ്രൂണം, എന്റെ ബോധ്യം എന്നിത്യാദിയുള്ള വിശ്വാസിയുടെ അവകാശ ബോധങ്ങള്‍ തികഞ്ഞ പരിധികളും പരിമിതികളും നിറഞ്ഞതാണ്. പക്ഷേ, പരമാനന്ദങ്ങള്‍ നിറഞ്ഞ പരിമിതികളായാണ് വിശ്വാസികള്‍ ഇതിനെ അനുസരിക്കുന്നതും അനുഭവിക്കുന്നതും.
മാതാവിന്റെ കാല്‍കീഴിലാണ് സ്വര്‍ഗം. അഥവാ സ്വര്‍ഗത്തിനു മുകളില്‍ നടക്കുന്നവളാണ് മാതാവ്. ദൈവാജ്ഞകള്‍ അനുഷ്ഠിക്കുന്ന മാതാവിന് ലഭിക്കുന്ന വലിയ അംഗീകാരപത്രമാണിത്. മാതാവിന്റെ ഔന്നത്യം ഉയര്‍ത്തിക്കാണിക്കുന്ന അനേകം വചനങ്ങളും അനുഭവങ്ങളും തിരുനബി ദര്‍ശനങ്ങളിലുണ്ട്. കൂടുതല്‍ കടപ്പാട് ആരോടാണെന്ന ചോദ്യത്തിന് മൂന്നു തവണയും ആവര്‍ത്തിച്ചു പറയുന്നത് മാതാവ് എന്നു തന്നെയാണല്ലോ. നാലാമത് മാത്രം പിതാവ്.
ഖുര്‍ആനിക വചനങ്ങളിലും മാതാപിതാക്കളോട് അനുവര്‍ത്തിക്കേണ്ട ചര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന് പങ്കുകാരെ ചേര്‍ക്കരുതെന്ന് പറഞ്ഞതിനോട് ചേര്‍ത്തുപറയുന്നത്, മാതാപിതാക്കളോട് “ഇഹ്‌സാന്‍’ ചെയ്യണമെന്നാണ്. ഇഹ്‌സാന്‍ എന്താണ്? ജിബ്‌രീല്‍ തിരുനബിയോട് ചോദിച്ചത് നമുക്കോര്‍മയുണ്ട്. അല്ലാഹുവിനെ കാണുന്ന മുറക്ക് അവന് ആരാധനകളര്‍പ്പിക്കുക എന്നാണ് റസൂല്‍ പറഞ്ഞത്. മാതാപിതാക്കളോട് ഇടപെടുന്നതിലെ പരിശുദ്ധിയും നിഷ്‌കളങ്കരായും ഉറപ്പിക്കാനായിരിക്കണം ഇഹ്സാന്‍ എന്നവിടെ പ്രയോഗിച്ചിട്ടുണ്ടാവുക.
അണ്ഡദാതാവ് മാത്രമല്ല മാതാവ്. അമ്മിഞ്ഞപ്പാലിന്റെ അമൃതകുംഭമോ അടിവയറ്റിലൂറുന്ന മനുഷ്യക്കുഞ്ഞിന്റെ ബാധ്യതക്കാരിയോ പൊക്കിള്‍ മുദ്രയിലൂടെ പ്രവഹിക്കുന്ന സ്മാരകമോ മാത്രമല്ല. ആഖ്യാനിച്ചു തീരാത്തത്ര അധികം അനുഭവങ്ങളിലൂടെയും ഭാവനാമൂല്യങ്ങളിലൂടെയും കടന്നുപോകുന്ന അതീന്ദ്രിയമായ സ്വത്വമാണ്.
മാതാവിനെ വേദനിപ്പിക്കുന്നത് നിഷിദ്ധമെന്ന് ഖുര്‍ആന്‍ പറയുന്നു. “ഉഫ്ഫിന്‍’ എന്നു പോലും മാതാപിതാക്കളോട് മുഖത്തു നോക്കി അരിശത്തോടെ പ്രയോഗിച്ചുപോകരുതെന്ന് അല്ലാഹു പറയുന്നു. പരോക്ഷമല്ല, പ്രത്യക്ഷത്തില്‍. “ഉഫ്ഫിന്‍’ വെറുപ്പിന്റെ ശബ്ദമാണ്. ഛെ! എന്ന് മലയാളീകരിച്ചാല്‍ എളുപ്പത്തില്‍ തിരിയുന്ന ശബ്ദം. വെറുപ്പിന്റെ ഒരക്ഷരം പോലും അര്‍ഹിക്കുന്നില്ല ഒരു ഉമ്മയും. എന്നല്ല, മാതാവിന്റെ മുഖത്ത് നോക്കിയിരിക്കുന്നത് പുണ്യമത്രെ. ഐഛികാരാധനയുടെ പ്രതിഫലമുണ്ടതിന്. വെറുതെ നോക്കിയിരുന്നാല്‍ പ്രതിഫലം ലഭിക്കുന്ന മറ്റുള്ളവ ഏതെന്നോ? ഖുര്‍ആന്‍, കഅ്ബ… എത്ര മഹോന്നതങ്ങളോടാണ് ഉമ്മയുടെ മുഖത്തെ ചേര്‍ത്തിപ്പറയുന്നത്! ഈ മാതൃത്വത്തിലേക്കാണ് ഇസ്‌ലാം നമ്മെ അണച്ചുകൂട്ടുന്നത്. മാതൃത്വം ഒരു നേരംപോക്കെന്നോ തമാശയെന്നോ വിചാരിക്കുമ്പോള്‍ മാതൃത്വത്തിന്റെ ഈ മനോഹാരിതയെല്ലാം അണഞ്ഞുപോകുന്നു. ടെസ്റ്റ് ട്യൂബ് ശിശുവിന് ഉമ്മയുണ്ടോ? വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞിന്റെ മാതാവ് ആരാണ്? കൗതുകത്തിന് ആലോചിച്ചിരുന്ന കാര്യമാണിത്. സാങ്കേതികമായി മാതാവെന്നും പിതാവെന്നും പരിചയപ്പെടുത്താവുന്ന രണ്ടുപേരെ തരപ്പെടുത്തിയേക്കാം. പക്ഷേ, നൊന്തുനൊന്ത് പെറ്റുപോറ്റിയ ഉമ്മയുടെ നനുത്ത സ്പര്‍ശങ്ങളേല്‍ക്കുമ്പോള്‍ മക്കളുടെ ഉള്ളില്‍ തളിര്‍ക്കുന്ന ആനന്ദാതിരേകം വേറെത്തന്നെയാണല്ലോ.
വിശുദ്ധ പോരാട്ടത്തിന് അനുവാദം തേടി അടുത്തെത്തിയ പോരാളിയോടുള്ള തിരുറസൂലിന്റെ വാക്ക്, ജീവിച്ചിരിക്കുന്ന മാതാപിതാക്കളോട് ബാധ്യത തീര്‍ത്തിട്ടുമതി പോരാട്ടമെന്നാണ്. ഇസ്‌ലാം വേരിട്ടതിലും തളിര്‍ത്തതിലും ചെറുതല്ലാത്ത സാന്നിധ്യമുണ്ട് പോരാട്ടങ്ങള്‍ക്ക്. പക്ഷേ, ഉമ്മയുടെ പിറകെ നില്‍ക്കാനേ അതിനാകൂ. തിരുറസൂലിന്റെ മുന്നില്‍ ആശങ്കകളും ചോദ്യാവലികളും നിരന്തരം വന്നിരുന്നല്ലോ. അറിയാത്തതെല്ലാം അനുചരര്‍ ചോദിച്ചറിഞ്ഞു. ഈ ചോദ്യക്കൂട്ടങ്ങളില്‍ ഉമ്മയെ സംബന്ധിക്കുന്ന കുറേയധികം ചോദ്യങ്ങളുണ്ടായിരുന്നു. അതിലൊന്നിതാണ്, അമുസ്‌ലിമായ എന്റെ ഉമ്മയോട് എനിക്ക് ബാധ്യതയുണ്ടോ റസൂലേ എന്ന് ആശങ്കപ്പെട്ട അസ്മക്ക്(റ) റസൂലിന്റെ മറുപടി, തീര്‍ച്ചയായും ഉണ്ടെന്ന് തന്നെയാണ്. അത്ര പൊടുന്നനെ മുറിച്ചിടാവുന്നതല്ല ഉമ്മയില്‍ ബന്ധിച്ച ആ സ്‌നേഹച്ചരട്.
“നോണ്‍ പാര്‍ട്രിയാര്‍ക്കല്‍ വേ ഓഫ് ലൈഫ്’ എന്ന നിബന്ധനയുടെയും “അത്യന്തം ഒരു ഉമ്മ’ എന്ന കണ്‍സേണിന്റെയും ഇടയില്‍ തൂങ്ങി നില്‍ക്കുന്നവര്‍ക്ക് കിട്ടാതെപോകുന്ന ആനന്ദത്തെയാണ് ഓരോ ഉമ്മയും അനുഭവിക്കുന്നത്. ഓരോ മാതാവിന്റെയും വ്രതം തങ്ങളുടെ മക്കളും ഉപജീവനം തേടുന്ന അവരുടെ ജീവിത പങ്കാളിയുമാണ്. “പതിവ്രത’ എന്ന പ്രയോഗത്തിന്റെ സാരാംശമിതാണ്. തന്റെ ഇണയും മക്കളുമാണ് പിതാവിന്റെ/ആണ്‍ പങ്കാളിയുടെ എല്ലാ അതിജീവന ശ്രമങ്ങളുടെയും ഹേതു. ഈ പ്രായോഗിക, ജൈവിക, ബോധത്തെ ഊരിക്കളയുന്ന ടൂളായി മോഡേണിറ്റി നമ്മളില്‍ പ്രവര്‍ത്തിക്കരുത്.
യൂറോ കേന്ദ്രിതമായ കുറേ ആശയസ്വരൂപങ്ങള്‍ നമ്മളും കടംകൊണ്ടിരുന്നു. നല്ലതും അല്ലാത്തതും അതിലുണ്ട്. ലൈംഗിക ഉദാരസമീപനം തുറന്നുവിടുന്നതിന്റെ മറവില്‍ അതാത് രാഷ്ട്രങ്ങള്‍ക്ക് ചില താത്പര്യങ്ങള്‍ കൂടിയുണ്ടായിരുന്നു. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളിലും സ്വാതന്ത്ര്യക്കമ്മിയിലും അസ്വസ്ഥരായ പൗരസമൂഹത്തെ തണുപ്പിക്കാനുള്ള വഴിയായി, പരിധികളില്ലാത്ത ലൈംഗിക സ്വാതന്ത്ര്യം വിനിയോഗിക്കുക എന്ന താത്പര്യമുണ്ടായിരുന്നു. അതിന്റെ അനന്തരഫലം അതാത് രാഷ്ട്രങ്ങള്‍ തന്നെ അനുഭവിക്കുകയാണിപ്പോള്‍. തികഞ്ഞ സാമൂഹിക അരക്ഷിതാവസ്ഥയും കുടുംബ ശിഥിലീകരണവും അവിടെ വലിയ ബാധ്യതയായി മാറി. ഈ തിക്താനുഭവത്തെ മനഃപൂര്‍വമോ അല്ലാതെയോ തിരസ്‌കരിച്ചാണ് അറബ് ദേശങ്ങളിലടക്കം സെക്ഷ്വല്‍ ലിബറല്‍ സ്‌പെയ്‌സുകളോട് അഡ്ജസ്റ്റ് ചെയ്യുന്ന സമീപനങ്ങളുണ്ടാകുന്നത്. മതകീയ മാനങ്ങളും മറകളും അസ്വാതന്ത്ര്യമായും അപകര്‍ഷയായും അവതരിപ്പിക്കപ്പെടുന്നത്. ഇസ്‌ലാമികമായി നിയമവിധേയമാകുന്ന രീതിയില്‍ സദുദ്ദേശ്യത്തോടെയും(നിയ്യത്) മനഃപ്പൊരുത്തത്തോടെയും രണ്ടു ശരീരങ്ങള്‍ തമ്മില്‍ നടക്കുന്ന ലൈംഗിക വേഴ്ചയിലാണ് കുടുംബത്തിന്റെ വിത്തിടുന്നത്. ഉമ്മയും ഉപ്പയും രൂപപ്പെടുന്നത്.
ഓരോ ഉമ്മയുടെയും വികാര സ്‌നേഹവായ്പുകള്‍ വ്യത്യസ്തമാണ്. മദറിംഗും വ്യത്യസ്ത തരത്തിലാണ്. പക്ഷേ, പരിധികളില്ലാത്ത സ്‌നേഹമാണ് മക്കളോടവര്‍ക്ക്. മക്കളുടെ പ്രായം അതിനു വിലങ്ങാകുന്നില്ല.
ഗര്‍ഭകാലത്ത് തന്നെ ഉമ്മക്ക് സന്താനങ്ങളോടുള്ള വാത്സല്യം പെരുക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന് ഹാനികരമാകുമെന്ന് കരുതി ഇരുത്തവും കിടത്തവും യാത്രയും അന്നേഅവര്‍ നിയന്ത്രിക്കുന്നു. എത്ര വികാരവായ്പോടെയാണ് പിറന്നുവീഴുന്ന കുഞ്ഞിനെ മാതാവ് മാറോടണക്കുന്നത്! പിന്നീടുള്ള ഓരോ ഘട്ടത്തിലും പരിപാലിക്കുന്നത് എത്ര ശ്രദ്ധയോടെയാണ്.
ജീവിതത്തിന്റെ അടിത്തറയാണ് മാതാവ്. സന്താനങ്ങളിലേക്കും തലമുറകളിലേക്ക് പ്രവഹിക്കുന്ന അനുശീലങ്ങളുടെയും ഉറവിടം ഉമ്മയാണ്. ഉമ്മയില്ലെങ്കില്‍ ഒരു ജീവിതവും പൂക്കുന്നില്ലെന്ന് പറയാറുണ്ട്. ഇസ്‌ലാമിക ചരിത്രങ്ങളില്‍ എഴുന്നുനില്‍ക്കുന്ന മഹാജ്ഞാനികളുടെ ജീവിതങ്ങളിലൊക്കെയും നിസ്വാര്‍ഥരായ മാതാക്കളുടെ സാന്നിധ്യവും സ്വാധീനവും കാണാനാകും.
ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന അപൂര്‍വം പ്രാര്‍ഥനകളിലൊന്ന് മാതാപിതാക്കള്‍ക്കു വേണ്ടിയാണ്. ആ പ്രാര്‍ഥനയുടെ വാചകം തന്നെ എത്ര കൗതുകം! എത്ര അര്‍ഥപൂര്‍ണം. “കുഞ്ഞായിരിക്കുമ്പോള്‍ എന്നെ പരിപാലിച്ച പോലെ എന്റെ മാതാപിതാക്കള്‍ക്ക് നീ അനുഗ്രഹം ചൊരിയണേ.’ നിഷേധിക്കാന്‍ പഴുതില്ലാത്തൊരു ഉപാധിയാണത്. പടച്ചോന്‍ കഴിച്ചാല്‍ ഉമ്മയോളം യാഥാര്‍ത്ഥ്യമായ മറ്റൊന്നില്ലെന്ന് പറയാറുണ്ട്. അതുപോലെ സത്യസന്ധമാണ് ഉമ്മയുടെ വാത്സല്യപൂര്‍ണമായ പരിപാലനവും.
മലകയറ്റത്തിനിടെ കാലിടറിയ മൂസയോട്(അ) അല്ലാഹു പറയുന്നത്, പ്രാര്‍ഥിക്കാന്‍ ഇപ്പോള്‍ ഉമ്മയില്ല, ശ്രദ്ധിക്കുക എന്നാണ്. മക്കള്‍ക്ക് വേണ്ടി മാതാക്കള്‍ അല്ലാഹുവിലേക്ക് കരമുയര്‍ത്തുമ്പോള്‍, ഗര്‍ഭപാത്രത്തിലെന്ന പോലെ രക്ഷാകവചങ്ങള്‍ മക്കളെ വന്നുപൊതിയുന്നു. സൂറത് അല്‍ബഖറയില്‍ പശുവിന്റെ കഥയില്‍ ലാഭം കൊയ്ത അനാഥനായ ഒരു മകന്റെ പിറകില്‍ ഒരു ഉമ്മയുടെ കഥ കൂടിയുണ്ട്. ഐച്ഛിക നിസ്‌കാരങ്ങളില്‍ ഉമ്മക്ക് ഉത്തരം നല്‍കാന്‍ പ്രാര്‍ഥന മുറിക്കാതെ തുടര്‍ന്നതിനാല്‍ പരീക്ഷിക്കപ്പെട്ട ഒരു സാത്വികന്റെ കഥ രിയാളുസ്വാലിഹീന്‍ എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി പറഞ്ഞുപോകുന്നുണ്ട്. തന്റെ ഉമ്മയുടെ ചുവടെ മാത്രമെ ഏതു സാത്വികനും ഇരിപ്പിടമുള്ളൂ. ഉമ്മയെ ചുമന്ന് കഅ്ബ പ്രദക്ഷിണം ചെയ്ത മകനോട് പറയുന്നത്; ഉമ്മയുടെ ഒരു നെടുവീര്‍പ്പിനോളം മാത്രമേ ഇത് വരൂ എന്നാണ്. എത്ര ആഴങ്ങളില്‍ തുഴഞ്ഞാലാണ് മാതൃ അനുഭവങ്ങളുടെ ഏഴയലത്തെങ്കിലും ചെല്ലാനാവുക? എത്രയാവൃത്തി ആര്‍ത്തു കരഞ്ഞാലാണ് ഉമ്മയുടെ ഒരു തുള്ളി കണ്ണീരിനു സമാനമാവുക?
മാതൃ അനുഭവങ്ങള്‍ അത്ര ആനന്ദമല്ല, മതയാഥാസ്ഥിതിക ബോധത്തിന്റെ ഇരകളാണ് പെണ്ണുങ്ങള്‍; അതിനാല്‍ നിങ്ങള്‍ ഫ്യൂച്ചറിലേക്ക് ടിക്കറ്റെടുക്കൂ എന്ന പരിഹാസം തുലോം നിസാരമാണ്. കാരണം വിശ്വാസികളെ സംബന്ധിച്ച് കൂടുതല്‍ പ്രതിസന്ധി നിറഞ്ഞതാണ് ഫ്യൂച്ചര്‍. നൂറ്റാണ്ടുകള്‍ മുമ്പ് സ്വരൂപിച്ചുവെച്ച തിരുദര്‍ശനങ്ങളിലാണ് അവരുടെ അഭയം.
ആ ദര്‍ശനങ്ങളില്‍ കടിച്ചുനില്‍ക്കുന്നവര്‍ക്ക് നൂറ് രക്തസാക്ഷികളുടെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടത് അതുകൊണ്ടുകൂടിയാണല്ലോ. മാതാവിനെക്കുറിച്ചുള്ള ഏറ്റവും നല്ല നരേറ്റീവുകള്‍ ഉള്ളതും അതേ ദര്‍ശനങ്ങളിലാണ് എന്ന് പറയാനുള്ള ശ്രമമായിരുന്നു ഇത്രയും.
എൻ ബി സിദ്ദീഖ് ബുഖാരി
You must be logged in to post a comment Login