ഇരുപത്തിമൂന്നു ദിവസത്തെ ജയില്‍വാസത്തിലെ “ഏറ്റവും ഭീകരമായ’ ഭാഗം, ഡല്‍ഹി പൊലീസിന്റെ ഇടുങ്ങിയ ബസില്‍ ഉത്തര്‍പ്രദേശിലേക്കുള്ള പത്തു മണിക്കൂര്‍ യാത്രകളായിരുന്നുവെന്നാണ് മുഹമ്മദ് സുബൈര്‍ പറയുന്നത്. എന്നിട്ടും, ക്ലേശകരമായ ആ യാത്രകളില്‍ തന്നോടൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായുള്ള സംഭാഷണങ്ങളില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നാണ് ആള്‍ട്ട് ന്യൂസ് ഫാക്ട് ചെക്കിങ് സൈറ്റിന്റെ സഹസ്ഥാപകൻ പറയുന്നത്.
“തനിക്കൊപ്പം യാത്രയില്‍ ഇരുപതിലധികം പൊലീസുകാരും ഹെഡ് കോണ്‍സ്റ്റബിള്‍മാരും കോണ്‍സ്റ്റബിള്‍മാരുമുണ്ടായിരുന്നു. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ബോധ്യമുള്ള ആളുകള്‍ ഉണ്ടെന്ന് അവരോട് സംസാരിച്ചപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു. ഒരുപക്ഷേ, അത് അവരുടെ വോട്ടിംഗില്‍ പ്രതിഫലിക്കുന്നുണ്ടായിരിക്കില്ല, പക്ഷേ, അവര്‍ക്ക് കാര്യങ്ങളെല്ലാം അറിയാം.’
ആ സംഭാഷണങ്ങളില്‍ സുബൈര്‍ ആശ്വാസം കണ്ടെത്തുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. അവര്‍ക്കത്ര താലപര്യമില്ലാത്ത ടെലിവിഷന്‍ വാര്‍ത്താ അവതാരകനെയും ചാനലിനെയും താന്‍ വെല്ലുവിളിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ട്വീറ്റിന്റെ ഫലമാണല്ലോ ഈ പൊലീസ് നടപടി.
മെയ് 27ന്, ട്വിറ്ററില്‍ ഏകദേശം 600,000 ഫോളോവേഴ്സുള്ള സുബൈര്‍, അന്നത്തെ ഭാരതീയ ജനതാപാര്‍ട്ടിയുടെ വക്താവായിരുന്ന നുപൂര്‍ ശര്‍മയുടെ ഒരു ക്ലിപ്പ് ട്വീറ്റ് ചെയ്തു. ടൈംസ് നൗ എന്ന വാര്‍ത്താ ചാനലിലെ ഒരു ഷോയില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലായിരുന്നു ആ ക്ലിപ്പ്.
“ഇന്ത്യയിലെ പ്രൈം ടൈം ചര്‍ച്ചകള്‍ മറ്റു മതങ്ങളെക്കുറിച്ച് മോശമായി സംസാരിക്കാന്‍ വിദ്വേഷപ്രചാരകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദിയായി മാറിയിരിക്കുന്നു,’ ഷോ മോഡറേറ്റ് ചെയ്യുന്ന അവതാരകയായ നവിക ശര്‍മയെയും ചാനലിന്റെ മാതൃകമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ വിനീത് ജെയിനെയും ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
ട്വീറ്റ് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഇത് വലിയ നയതന്ത്ര തര്‍ക്കത്തിലേക്ക് നയിച്ചു. മിഡില്‍ ഈസ്റ്റിലെ -എണ്ണ സമ്പന്ന രാജ്യങ്ങള്‍ ഉള്‍പ്പെടെ- ഏഴു രാജ്യങ്ങള്‍ ശര്‍മയുടെ അഭിപ്രായങ്ങളോട് എതിര്‍പ്പുമായി ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി. അവളെ സസ്പെന്‍ഡ് ചെയ്യാന്‍ ബി ജെ പി നിര്‍ബന്ധിതരായി. എന്നാല്‍ സുബൈറിനെതിരെ പ്രതികാരനടപടി ആവശ്യപ്പെട്ട പാര്‍ട്ടിയുടെ അനുയായികള്‍ക്ക് സസ്പെന്‍ഷന്‍ അത്ര ഇഷ്ടപ്പെട്ടില്ല.
കൃത്യം ഒരു മാസത്തിനു ശേഷം ഡല്‍ഹി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ചാര്‍ജ്ജ്: 1983-ലെ ഒരു ബോളിവുഡ് സിനിമയില്‍ നിന്നുള്ള ഒരു രംഗം സുബൈര്‍ 2018-ല്‍ ട്വീറ്റ് ചെയ്തിരുന്നു. അതിനാല്‍ തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്ന് ഒരു അജ്ഞാത ട്വിറ്റര്‍ ഉപയോക്താവിന്റെതായിരുന്നു പരാതി. തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശ് പൊലീസ് രംഗത്തിറങ്ങിയത്. ആദ്യം അറസ്റ്റു ചെയ്ത കേസില്‍ കോടതി അദ്ദേഹത്തിന് ഇളവ് അനുവദിച്ചപ്പോള്‍, പഴയ നിരവധി കേസുകള്‍ മാന്തിപ്പുറത്തെടുത്തു. അവയില്‍ മിക്കതും സുബൈറിന്റെ വസ്തുതാ പരിശോധനയും വിദ്വേഷ പ്രസംഗങ്ങള്‍ രേഖപ്പെടുത്തുന്ന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി സുബൈറിനെതിരെ ചുമത്തിയ ആറു കേസുകള്‍ അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
ജൂലൈ 20ന്, സുപ്രീം കോടതി എല്ലാ കേസുകളിലും അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും അതേ നടപടിയുടെ പേരില്‍ അദ്ദേഹത്തിനെതിരെ ചുമത്തിയ മറ്റെല്ലാ കേസുകളിലെയും അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസ് എസ് ഐ ടിയെ പിരിച്ചുവിടുകയും സുബൈറിന്റെ വായ മൂടിക്കെട്ടണമെന്ന സംസ്ഥാന അഭിഭാഷകന്റെ ഹര്‍ജി തള്ളുകയും ചെയ്തു.
നാലു ദിവസത്തിനു ശേഷം, ഞായറാഴ്ച അദ്ദേഹം ബംഗളുരുവില്‍ തിരിച്ചെത്തി, മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖങ്ങള്‍ നല്‍കി. എന്നിട്ടും, അദ്ദേഹം ഒരു നിമിഷം പോലും, അക്ഷമനായിരുന്നില്ല. തന്നെ കാണാന്‍ കാത്തിരിക്കേണ്ടിവന്നതിന് ക്ഷമാപണം പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംഭാഷണം ആരംഭിച്ചത്. ഈ പെരുമാറ്റം മതിയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം മനസ്സിലാക്കാന്‍. അതിനാല്‍ത്തന്നെ, താന്‍ തടവിലായിരുന്ന തിഹാര്‍ ജയിൽ വാര്‍ഡിലെ “ഏതാണ്ട് 80′ തടവുകാരുമായും താന്‍ സൗഹൃദം സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് അതിശയമായില്ല.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളായ നിരവധി “ഉന്നതരായ’ ആളുകളെ പാര്‍പ്പിച്ച വാര്‍ഡിലാണ് സുബൈറിനെ തടവിലാക്കിയത്. റാന്‍ബാക്‌സി ലബോറട്ടറീസിന്റെ മുന്‍ ചെയര്‍മാനായിരുന്ന മല്‍വിന്ദര്‍ മോഹന്‍ സിംഗ് അദ്ദേഹത്തിന്റെ അടുത്ത സെല്ലിലുണ്ടായിരുന്നവരില്‍ ഉള്‍പ്പെടുന്നു. “അവിടെയുള്ളവരെല്ലാം കോടിക്കണക്കിന് രൂപയുടെ കുംഭകോണം നടത്തിയിട്ടുണ്ട് – ഒരു ട്വീറ്റിന്റെ പേരില്‍ ഞാനും അവര്‍ക്കൊപ്പം കഴിഞ്ഞു’ അദ്ദേഹം പറഞ്ഞു.
ഹിന്ദു വലതുപക്ഷ പാര്‍ട്ടിയായ ശിവസേനയുടെ ഉറച്ച അനുയായിയായ ഒരു ബിസിനസുകാരനായിരുന്നു സുബൈറിന്റെ സെല്ലില്‍ കൂടെയുണ്ടായിരുന്നത്. ഹിന്ദു ദേവതകളെ കളിയാക്കിയത് താന്‍ വാര്‍ത്തയില്‍ കണ്ടതായി അവനെന്നോട് പറഞ്ഞു. എന്നാല്‍ സുബൈറിന് ജാമ്യം ലഭിച്ച ദിവസം, അവര്‍ കെട്ടിപ്പിടിച്ച് കരഞ്ഞു: “സുബൈര്‍ ഭായ്, ആപ്കി ബെയില്‍ ലാഗ് ഗയി! – നിങ്ങള്‍ക്ക് ജാമ്യം ലഭിച്ചു.’ ഇരുവരും തമ്മിലുള്ള സൗഹൃദം അതിവേഗം പൂവണിഞ്ഞു. തികച്ചും വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ടായിരുന്നിട്ടും, 10-15 ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ പരസ്പരം വളരെ അടുപ്പത്തിലായി, സുബൈര്‍ പറയുന്നു: “ഒരുപക്ഷേ അത് ഞങ്ങളുടെ ഇടപെടല്‍ കൊണ്ടായിരിക്കാം. നമ്മള്‍ വേണ്ടവിധത്തില്‍ ഇടപഴകിയാല്‍ ആളുകളെ മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷ ഇത് എന്നിലുണ്ടാക്കി.’
സുബൈര്‍ നുപൂര്‍ ശര്‍മയുടെ കാര്യത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ വിമുഖത കാണിച്ചു. കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും, ശര്‍മയുടെ അഭിപ്രായങ്ങള്‍ ദൈവനിന്ദയാണെന്ന് താന്‍ വിശ്വസിക്കുന്നതു കൊണ്ടാണ് ശര്‍മയുടെ ക്ലിപ്പ് ട്വീറ്റ് ചെയ്യാത്തതെന്ന് അദ്ദേഹം അടിവരയിട്ടു.
“വാര്‍ത്താ ചാനലിനെ ബോധ്യപ്പെടുത്തുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. ഒഴുക്കില്‍ അവള്‍ പാടില്ലാത്ത എന്തെങ്കിലും പറഞ്ഞിരിക്കാം. പക്ഷേ, ആങ്കര്‍ അത് നിര്‍ത്താന്‍ പോലും മെനക്കെടാത്തതെന്തുകൊണ്ടാണ്. അതിരു ലംഘിക്കുന്ന ആരെയും തടയുക എന്നത് ആങ്കറുടെ ജോലിയാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: “വിദ്വേഷ പ്രസംഗം നടത്തുന്ന വാര്‍ത്താ ചാനലുകളെ വിളിച്ച് അവതാരകനെയും ഉടമയെയും വാര്‍ത്താ ചാനലിനെയും വിളിച്ചറിയിക്കാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്.’ സുബൈര്‍ പറയുന്നു.
ഓള്‍ ഇന്ത്യ മജ്്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പാര്‍ലമെന്റേറിയന്‍ ഇംതിയാസ് ജലീലിന്റെ ഒരു പ്രസംഗം വിദ്വേഷം വളര്‍ത്തുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി വീഡിയോ പുറത്തുകൊണ്ടുവന്നത് ഞാനാണെന്ന് സുബൈര്‍ അവകാശപ്പെട്ടു.
ശര്‍മയ്ക്കെതിരായ പൊലീസ് നടപടിയെ സുബൈര്‍ പിന്തുണച്ചില്ല. അറസ്റ്റ്ു ചെയ്യരുതെന്നായിരുന്നു സുബൈറിന്റെ നിലപാട്. പക്ഷേ, അത് കൂടുതല്‍ വഷളായി. ആളുകള്‍ താരതമ്യം ചെയ്യാന്‍ തുടങ്ങി – ഒരു രാഷ്ട്രീയക്കാരനെ വിമര്‍ശിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന് അറസ്റ്റ് ചെയ്യാം, പക്ഷേ അവളെ അറസ്റ്റ് ചെയ്തതുമില്ല. ഒരുപക്ഷേ സര്‍ക്കാര്‍ അതാഗ്രഹിച്ചിരിക്കാം. അറസ്റ്റിന് ആഹ്വാനം ചെയ്യുന്ന, നിര്‍ഭാഗ്യവശാല്‍ അക്രമാസക്തമായിമാറിയ റാലികള്‍ ആളുകളെ കൂടുതല്‍ പ്രകോപിപ്പിക്കുകയായിരുന്നു.
സുബൈറിന്റെ വീട്ടില്‍ അഭ്യുദയകാംക്ഷികളുടെയും പത്രപ്രവര്‍ത്തകരുടെയും ഒരു പ്രവാഹം തന്നെയാണ്. സ്വന്തമായി ഒരു ഫോണ്‍ അദ്ദേഹത്തിന്റെ കയ്യിലിപ്പോഴില്ല എന്നത് ഇതുവരെ ജോലി ആരംഭിച്ചിട്ടില്ലെന്നാണ് അര്‍ഥമാക്കുന്നത്. സമയം വൈകിയിട്ടില്ല. തിങ്കളാഴ്ചയോടെ പൊലീസ് പിടിച്ചെടുത്ത ഫോണ്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയും ആ ജോലി തുടരാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.
അരുണാബ് സൈക്യ
കടപ്പാട്: സ് ക്രോൾ.ഇൻ
You must be logged in to post a comment Login