പടിഞ്ഞാറൻ ചക്രവാളത്തിൽ ഒരു പുതുനക്ഷത്രം ഉദിക്കുന്നു. അതിന്റെ പ്രഭ പരന്നുകൊണ്ടേയിരിക്കുന്നു. ചന്ദ്രപ്രഭയെ നിഷ്പ്രഭമാക്കുന്ന പ്രകാശം പൊഴിക്കുന്നു ആ നക്ഷത്രം. പരിഭ്രാന്തനായ ചക്രവർത്തി സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നു. വെപ്രാളത്തോടെ ജോത്സ്യന്മാരെ വരുത്തിച്ചു. ആരാധ്യ ചക്രവർത്തിയെ എതിർക്കാൻ വരുന്ന ഒരു യുഗപുരുഷന്റെ പിറവിയാണ് സ്വപ്നത്തിന്റെ പൊരുൾ എന്നവർ ചക്രവർത്തിയെ അറിയിച്ചു. ആഗോള ചക്രവർത്തികൾ നാലു പേരാണ്. അവരിൽ രണ്ടു പേർ സത്യവിശ്വാസികളും രണ്ടു പേർ സത്യനിഷേധികളുമാണ്. സുലൈമാൻ നബിയും ദുൽഖർനൈനിയും വിശ്വാസികളും ബുഖ്തുനസറും നംറൂദും ആവിശ്വാസികളുമായിരുന്നു. ബുഖ്തുനസറിനു പകരം ശദ്ദാദിനെ എണ്ണിയ ചരിത്ര പണ്ഡിതരുമുണ്ട്. ആധുനിക ഇറാഖിലെ കൂഫ സ്ഥിതി ചെയ്യുന്നിടത്ത് പ്രാചീന കാലത്തുണ്ടായിരുന്ന ബാബിലോണിയയെ കേന്ദ്രമാക്കി ഭരിച്ചിരുന്ന ചക്രവർത്തി നംറൂദ് ആണ് ഈ ദുഃസ്വപ്നം കണ്ടത്. സ്വപ്നം നംറൂദിനെ ഉലച്ചു. തന്റെ ആഗോള സാമ്രാജ്യത്തിന്റെയും (രാജവാഴ്ച, കൊട്ടാരം, ആരാധനാലയങ്ങൾ, സൈനിക ശക്തി) ആശയാദർശങ്ങളുടെയും (വിഗ്രഹാരാധന, നക്ഷത്രപൂജ, സ്വദൈവവാദം) തകർച്ച നംറൂദിന്റെ വിദൂര വിചാരങ്ങളിൽ ഉണ്ടായിരുന്നില്ല. തുർക്കിസ്ഥാൻ (കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാൻ, തുർക്മെനിസ്ഥാൻ, ചൈന, ഉസ്ബെക്കിസ്ഥാൻ ഉൾപ്പെടുന്ന നിലവിലെ പ്രധാന മധ്യേഷ്യൻ രാഷ്ട്രങ്ങൾ) ഇന്ത്യ, റോം ഉൾപ്പെടെയുള്ള ഭരണകൂടങ്ങൾ കപ്പം നൽകിയിരുന്നതിനാൽ സാമ്പത്തികമായും അത്യുന്നതിയിൽ ആയിരുന്നു നംറൂദ്. അതിനാൽ ഏതു നിലയ്ക്കും ആ താരോദയത്തെ തടുക്കാൻ സാമ്രാജ്യം തീരുമാനിച്ചു. ബാബിലോണിയൻ നിവാസികൾ ഇണ ചേരുന്നത് നിരോധിച്ചുള്ള രാജശാസന വിളംബരം ചെയ്തു. രാജശാസന ലംഘിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുവാൻ രഹസ്യ പൊലീസിനെയും നിയമിച്ചു.
മധ്യപൂർവേഷ്യയിലെ യൂഫ്രട്ടീസ്, ടൈഗ്രിസ് നദികൾക്കിടയിൽ സ്ഥിതി ചെയ്തിരുന്ന ‘സംസ്കാരത്തിന്റെ കളിത്തൊട്ടിൽ’ എന്ന പേരിൽ സുപ്രസിദ്ധമായ പ്രദേശമാണ് മെസപ്പൊട്ടേമിയ. ആധുനിക ഭൂമിശാസ്ത്ര പ്രകാരം ഇറാഖ്, സിറിയ, തുർക്കി, ഇറാൻ എന്നീ പ്രദേശങ്ങൾ ഉൾകൊള്ളുന്നതാണ് പ്രാചീന കാല മെസപ്പൊട്ടേമിയ. സുമേറിയർ, ബാബിലോണിയർ, അസീറിയർ തുടങ്ങിയ സാമ്രാജ്യങ്ങൾ ഈ നദീതട സംസ്കാരത്തെ ചുറ്റിപ്പറ്റിയായിരുന്നു ജീവിച്ചിരുന്നത്. പ്രാചീന സപ്താത്ഭുതങ്ങളിൽ ഒന്നായിരുന്ന ‘തൂങ്ങുന്ന പൂന്തോട്ടം’ (Hanging Gardens of Babylon) ബാബിലോണിയൻ സംസ്കാരത്തിന്റെ ബാക്കിപത്രമായിരുന്നു. ദക്ഷിണ ബാബിലോണിയയിലെ ഫുറാത്ത് നദീ തീരത്ത് സ്ഥിതി ചെയ്യുന്ന “ഊർ’ പട്ടണത്തിൽ ഒരു മഹതി നംറൂദിന്റെ രാജശാസന ലംഘിച്ച് ഗർഭിണിയായി. വിവരം രഹസ്യമായി തുടർന്നു. സൂര്യ-ചന്ദ്ര നക്ഷത്രങ്ങൾ ഉൾപ്പെടെ എണ്ണമറ്റ ബിംബങ്ങളെ നിർമിച്ച് ആരാധിച്ചിരുന്നവർക്ക് വിശുദ്ധ മതത്തിന്റെ പ്രഭ പകരുവാൻ സ്രഷ്ടാവ് തിരഞ്ഞെടുത്ത നക്ഷത്രത്തിനു മഹതി ജന്മം നൽകി. ‘ഖലീലുല്ലാഹി’ എന്ന വിളിപ്പേരിൽ സുപ്രസിദ്ധനായ ‘ഉലുൽ അസ്മിൽ’ പ്രമുഖനായ പ്രവാചകൻ ഇബ്റാഹീം നബിയായിരുന്നു ആ നക്ഷത്രം. 1922 നും 1931 നും മധ്യേ ഇരുപതാം നൂറ്റാണ്ടിലെ ചരിത്ര ഗവേഷകർക്ക് ഊർ പ്രദേശത്ത് നിന്ന് ഇബ്റാഹീം നബിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ശേഷിപ്പുകൾ ലഭിച്ചിട്ടുണ്ടത്രേ.
സ്രഷ്ടാവിന്റെ തീരുമാനങ്ങൾക്ക് തടയിടുവാൻ സൃഷ്ടികൾക്ക് സാധ്യമല്ല. ആദം സന്തതികളെ വഴിതെറ്റിക്കുന്നവരെ നന്മകൊണ്ട് തിരുത്തുവാനും എതിർക്കുവാനും കൃത്യമായ ഇടവേളകളിൽ ദൂതന്മാരെ സ്രഷ്ടാവ് നിയോഗിക്കുന്നു. അവരുടെ കഴിവുകൾ കൃത്യമായി മനസ്സിലാക്കി തന്ത്രപൂർവമുള്ള ഇടപെടലിനു വേണ്ടിയാവണം സ്രഷ്ടാവ് ദൂതന്മാരുടെ പ്രവാചകത്വത്തിനു മുൻപുള്ള ജീവിതം അവരുമായി വളരെ അടുത്ത ചുറ്റുപാടിലാക്കുന്നത്. നംറൂദ് ചക്രവർത്തിയുടെ കൊട്ടാര പൂജാരിയും പ്രമുഖ വിഗ്രഹ നിർമാതാവും ആയിരുന്ന ആസറിന്റെ സഹോദരപുത്രനായാണ് സ്രഷ്ടാവ് ഇബ്റാഹീം നബിയെ(അ) അയച്ചത്. ഇബ്റാഹീം നബി(അ) ആദ്യമായി എതിർപ്പ് നേരിട്ടതും ആസറിൽ നിന്നു തന്നെയാണ്. താൻ നിർമിക്കുന്ന വിഗ്രഹങ്ങളെ ചന്തയിൽ വിൽപ്പന നടത്തുവാൻ കുട്ടിയായ ഇബ്റാഹീമിനെ(അ) ആസർ ഏൽപ്പിക്കുമായിരുന്നു. ബാലനായിരിക്കെ തന്നെ വിഗ്രഹങ്ങളോട് വെറുപ്പുള്ള ഇബ്റാഹീം വിഗ്രഹങ്ങളുടെ കഴുത്തിൽ കയർ കുരുക്കി വഴിയിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയിരുന്നത്. വിഗ്രഹങ്ങൾക്ക് പോറലേൽക്കുന്നതിനാൽ ആസറിന്റെ വിഗ്രഹങ്ങളുടെ മതിപ്പ് ഇടിഞ്ഞു. സമൂഹമധ്യേ തന്റെ പദവിയും ഇബ്റാഹിമിന്റെ(അ) പ്രവൃത്തി മൂലം ഇടിയും എന്നു ഭയന്ന ആസർ ഇബ്റാഹീമിനെ(അ) ജോലിയിൽ നിന്ന് ഒഴിവാക്കുകയും നിന്റെ പ്രവൃത്തി ദൈവനിന്ദയാണെന്ന് ശാസിക്കുകയും ചെയ്തു. അതിനു ബാലനായ ഇബ്റാഹീമിന്റെ(അ) മറുപടി ഖുർആൻ രേഖപ്പെടുത്തുന്നുണ്ട്: “ഇബ്റാഹീം നബി തന്റെ പിതൃവ്യനായ ആസറിനോട് ചോദിച്ച സന്ദർഭം ഓർക്കുക: നിങ്ങൾ ബിംബങ്ങളെ ആരാധ്യന്മാരാക്കുകയാണോ? നിങ്ങളെയും നിങ്ങളുടെ സമൂഹത്തെയും വ്യക്തമായ വഴിതെറ്റിയ നിലയിലാണ് ഞാൻ കാണുന്നത്’ (അൽ അൻആം: 74).
പ്രായം വർധിക്കുന്നതിനനുസരിച്ച് സാമൂഹ്യ ദുരാചാരങ്ങൾക്ക് എതിരെയുള്ള ഇബ്റാഹീം നബിയുടെ വിമർശനങ്ങളും കൂടിക്കൊണ്ടിരുന്നു. പക്വതയും പ്രവാചകത്വവും ലഭിച്ചതോടെ ബാബിലോണിയൻ ജനതയുടെ പരമ്പരാഗത വിശ്വാസാചാരങ്ങളുടെ ബദ്ധവൈരിയായി തീർന്നിരുന്നു ഇബ്റാഹീം(അ). സ്വാഭാവികമായി പിതൃസഹോദരന്റെയും സഹോദരപുത്രന്റെയും ഇടയിലുള്ള ആശയ-ആദർശ ഭിന്നതകൾ മൂർച്ഛിച്ചു. ‘ഗുണദോഷങ്ങൾക്ക് പ്രാപ്തിയില്ലാത്ത കാഴ്ച, കേൾവി, സംസാരം ഇല്ലാത്ത വസ്തുക്കളെ ആരാധിക്കുന്ന നിങ്ങൾ വഴിതെറ്റിയിരിക്കുന്നു. എനിക്ക് ദിവ്യബോധനം ലഭിച്ചിട്ടുണ്ട്. എന്നെ പിന്തുടർന്നാൽ മാർഗദർശനം ലഭിക്കും. സൃഷ്ടി, സ്ഥിതി, സംഹാര കർത്താവായ ഏകനായ അല്ലാഹുവിന്റെ ശത്രുവായ പിശാചിൽ നിന്ന് മുക്തിയും ലഭിക്കും’ എന്ന് ആസറിനെ ഇബ്റാഹീം നബി ഉപദേശിച്ചു. നിരന്തര തർക്ക വിതർക്കങ്ങൾക്കിടയിൽ സഹോദര പുത്രന്റെ ഈ ഉപദേശം ആസറിനെ രോഷാകുലനാക്കി. ആസർ ഇബ്റാഹീം നബിയെ(അ) ബഹിഷ്കരിച്ചു. “ഇബ്റാഹീം, എന്റെ ദൈവങ്ങളെ അവഗണിക്കുകയാണോ? ഈ നിലപാട് തിരുത്താത്ത പക്ഷം നിന്നെ ഞാൻ എറിഞ്ഞു കൊല്ലും. നീ ദീർഘകാലത്തേക്ക് എന്നെ വിട്ടു പോകുക” എന്നാണ് ആസറിന്റെ താക്കീത് (മർയം: 46).
ബഹിഷ്കരണം ഇബ്റാഹീം നബിയെ നിയുക്ത ലക്ഷ്യത്തിൽ നിന്ന് തെല്ലും പിൻവലിച്ചില്ല. വിവേകശാലിയായ പ്രവാചകന്റെ പ്രബോധനം യുക്തിഭദ്രവും തന്മയത്വത്തോടെയുമായിരുന്നു. സൂര്യ-ചന്ദ്ര നക്ഷത്രങ്ങളെ ദൈവങ്ങളായി ഗണിച്ചിരുന്ന തന്റെ സമുദായത്തെ യുക്തിപൂർവം സത്യം ബോധ്യപ്പെടുത്താൻ പ്രവാചകൻ തീരുമാനിച്ചു. ഇരുൾ മുറ്റിയ രാത്രി നക്ഷത്രങ്ങൾ ഉദിച്ചുനിൽക്കവെ അവയെ ചൂണ്ടി ഇബ്റാഹീം നബി പറഞ്ഞു: ‘ ഇതാണെന്റെ നാഥൻ’. സ്വല്പം കഴിഞ്ഞപ്പോൾ നക്ഷത്രങ്ങൾ കെട്ടുപോയി. അപ്പോൾ പ്രവാചകൻ: ‘നക്ഷത്രങ്ങൾ കെട്ടുപോയിരിക്കുന്നു. കെട്ടുപോകുന്നവരെ സ്രഷ്ടാവാക്കുവാൻ എനിക്ക് താല്പര്യമില്ല.’ സൂര്യ-ചന്ദ്ര ഉദയാസ്തമയങ്ങളിലും ഇബ്റാഹീം നബി ഇപ്രകാരം ആവർത്തിച്ചു. സമൂഹത്തെ ചിന്തിപ്പിക്കുകയായിരുന്നു പ്രവാചകൻ. യുക്തിപൂർവമുള്ള സമർഥനത്തിനു ശേഷം ഇബ്റാഹീം നബി(അ) ആദർശം പ്രഖ്യാപിച്ചു: “സഹോദരങ്ങളേ, അല്ലാഹുവിനോട് നിങ്ങൾ പങ്കു ചേർത്തുപറയുന്നവയിൽ നിന്നൊക്കെയും ഞാൻ ഒഴിവാണ്. മാത്രമല്ല ആകാശ ഭൂമികളെ സൃഷ്ടിച്ച ഏക രക്ഷിതാവിലേക്ക് ഋജു മാനസനായി ഞാൻ മുഖം തിരിക്കുകയും ചെയ്യുന്നു. ഞാൻ സ്രഷ്ടാവിനോട് മറ്റൊരു ശക്തിയെയും ചേർത്തുപറയില്ല. സൃഷ്ടികളെ ആരാധിച്ചവർക്കെതിരിലുള്ള ഇബ്റാഹീം നബിയുടെ(അ) ഈ പ്രബോധന രീതി സൂറതുൽ അൻആമിലെ എഴുപത്തിയഞ്ച് മുതൽ എഴുപത്തിയൊമ്പത് വരെയുള്ള വചനങ്ങളിലൂടെ ഖുർആനിൽ കാണാം.
വികൃത മാനസരായ ജനതയെ സുകൃതരാക്കുന്നതിന് യുക്തിഭദ്രമായ വിഷയാവതരണങ്ങൾക്കു ശേഷം പ്രായോഗിക ഇടപെടലിലൂടെ സമൂഹത്തിന്റെ ധിഷണയെ ഉദ്ദീപിപ്പിക്കുവാനും ഇബ്റാഹീം നബി(അ) ശ്രമിച്ചു. ബാബിലോണിയൻ ജനതയുടെ ആഘോഷ രാവിൽ അതിൽനിന്നൊക്കെ അകലം പാലിച്ച പ്രവാചകൻ വിജനമായ അവരുടെ ആരാധനാ കേന്ദ്രത്തിലെത്തി. വ്യത്യസ്ത രൂപത്തിലും നിറത്തിലും വലിപ്പത്തിലുമുള്ള വിഗ്രഹങ്ങളുണ്ടായിരുന്നു അവിടെ. തന്റെ കൈവശമുണ്ടായിരുന്ന മഴു ഉപയോഗിച്ച് അദ്ദേഹം വലിയ വിഗ്രഹം ഒഴികെ സർവതിനേയും ഉടച്ചു. മഴു വലിയ വിഗ്രഹത്തിന്റെ കഴുത്തിൽ തൂക്കി. ആഘോഷം കഴിഞ്ഞെത്തിയ ജനങ്ങൾ ഈ രംഗം കണ്ടു ആ മഴു കഴുത്തിൽ തൂക്കിനിൽക്കുന്ന വലിയവനായിരിക്കാം എന്ന് ഇബ്റാഹീം പറഞ്ഞപ്പോൾ അവരൊന്നാഴത്തിൽ ചിന്തിച്ചു: വൈകാതെ സത്യം അവരുടെ നാക്കുകൾ പറഞ്ഞു: അവയ്ക്ക് സംസാരിക്കാനാകില്ല. അവസരം മുതലെടുത്ത ഇബ്റാഹീം നബി പറഞ്ഞു: ‘യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാത്ത വസ്തുക്കളെയാണോ അല്ലാഹുവിനെ മാറ്റിനിർത്തി നിങ്ങൾ ആരാധിക്കുന്നത്?’. ഇബ്റാഹീം നബിയുടെ ചോദ്യം കുറിക്കു കൊണ്ടു. സ്വയം സംരക്ഷിക്കാൻ കഴിയാത്ത നിർജീവ വസ്തുക്കളെയാണല്ലോ ആരാധിക്കുന്നതെന്നോർത്ത് അവർക്കു ജാള്യത അനുഭവപ്പെട്ടു. എന്നാൽ പ്രപിതാക്കളിൽ നിന്നും ലഭിച്ച ആദർശത്തെ അനുകരിക്കൽ മതാടിസ്ഥാനമാക്കിയ ബാബിലോണിയൻ നിവാസികൾ ജാള്യത മറയ്ക്കുവാൻ കണ്ടെത്തിയ മാർഗം ഇബ്റാഹീം നബിയെ ചാരമാക്കലായിരുന്നു. അതിനായി അവർ മെസപ്പൊട്ടേമിയൻ ചക്രവർത്തി നംറൂദിന്റെ നേതൃത്വത്തിൽ പ്രവിശാലമായൊരു അഗ്നികുണ്ഡം സജ്ജീകരിച്ചു.
ഒരു മാസം എടുത്താണ് അവർ അറുപതു ഗജം ആഴവും അതിനൊത്ത വിസ്താരവുമുള്ള ജനവാസമില്ലാത്ത പർവത പ്രാന്തത്തിൽ സജ്ജീകരിച്ച ഭീമൻ അഗ്നികുണ്ഡം വിറകു കൊണ്ടു നിറച്ചത്. വിഗ്രഹ പ്രീതിയിലൂടെ രോഗശമനം പ്രതീക്ഷിച്ചു രോഗികൾ അതിലേക്ക് വിറകുകളും നെയ്യും എണ്ണയും നേർച്ചയാക്കി. ഏഴു ദിനങ്ങൾ കൊണ്ട് തീജ്വാല ഉയർന്നുപൊങ്ങി. മുകളിലൂടെ പറന്ന പറവകൾ പോലും ഭസ്മമായി. ഈ അഗ്നികുണ്ഡത്തിൽ എങ്ങനെ ഇബ്റാഹീം നബിയെ നിക്ഷേപിക്കുമെന്ന ചർച്ച തെറ്റുവില്ലിൽ എത്തിക്കാം എന്ന തീരുമാനത്തിലെത്തി. ഹൈസൻ നിർമിച്ച ഭീമൻ തെറ്റുവില്ലിൽ ഇബ്റാഹീം നബിയെ അവർ അഗ്നിയിലേക്ക് തൊടുത്തുവിട്ടു. സ്രഷ്ടാവിലുള്ള കറകളഞ്ഞ വിശ്വാസവും സംശയത്തിന് ഇടമില്ലാത്ത ഭരമേൽപ്പിക്കലും (തവക്കുൽ ) മന്ത്രമായി (ദിക്ർ ) പ്രവാചകന്റെ അധരങ്ങളിലൂടെ പുറത്തുവന്നു, “ഹസ്ബിയല്ലാഹു വ നിഅ്മൽ വകീൽ” (എനിക്ക് അല്ലാഹു മതി. അവനത്രെ ഭരമേൽപ്പിക്കുവാൻ ഏറെ യോഗ്യൻ). ഭൗതിക സുഖങ്ങളെ തൃണവൽഗണിച്ചു മുന്നേറിയ ഇബ്റാഹീം നബിയുടെ തവക്കുലിനെ മാറ്റിനിർത്താൻ ജിബ്രീലിന്റെ(അ) സഹായ വാഗ്ദത്തത്തിനു പോലും സാധിച്ചില്ല. സ്രഷ്ടാവ് അഗ്നിയോട് ഇബ്റാഹീം നബിക്ക് അനുയോജ്യമായ അന്തരീക്ഷം സജ്ജീകരിക്കാൻ അഗ്നിയോട് ആവശ്യപ്പെട്ടത് സൂറതുൽ അമ്പിയാഇലെ അറുപത്തിയൊമ്പതാം വചനത്തിലുണ്ട്. സ്രഷ്ടാവ് നൽകിയ സവിശേഷതയെ സ്രഷ്ടാവിന്റെ കല്പന ലംഘിച്ചു സ്വമേധയാ പ്രയോഗിക്കാൻ ഏതു സൃഷ്ടിക്കാണ് കഴിയുക? ഇബ്റാഹീം നബിയെ ബന്ധിച്ചിരുന്ന ചങ്ങലയെ അഗ്നി ഭസ്മമാക്കിയതിനാൽ സ്വതന്ത്രനായി പുഞ്ചിരി പൊഴിച്ചു അഗ്നികുണ്ഡത്തിൽ നിന്നും പ്രവാചകൻ ഇറങ്ങിവന്നു. ആ മുഖത്ത് തന്റെ പ്രായോഗിക പ്രബോധന രീതി ലക്ഷ്യം കണ്ടതിന്റെ സംതൃപ്തി തെളിഞ്ഞു നിന്നു. ഒരുപറ്റം അവിശ്വാസികൾ ഈ രംഗത്തോടെ വിശ്വാസികളായി മാറി.
ബാബിലോണിയൻ ജനത സൂര്യ-ചന്ദ്ര നക്ഷത്രങ്ങൾക്കും വിഗ്രഹങ്ങൾക്കും പുറമേ മെസപ്പൊട്ടേമിയൻ ചക്രവർത്തി നംറൂദിനും ദൈവികത കൽപ്പിച്ചിരുന്നു. നംറൂദ് വെറുമൊരു സൃഷ്ടി മാത്രമാണെന്ന് ഭക്തരെ ബോധ്യപ്പെടുത്തുവാൻ ഇബ്റാഹീം നബി(അ) തീരുമാനിച്ചു. നംറൂദിന്റെ കൊട്ടാരത്തിലേക്ക് ഇബ്റാഹീം നബി പുറപ്പെട്ടു. ഇബ്റാഹീം നബിയുടെ ആഗമനോദ്ദേശ്യം മനസ്സിലായ നംറൂദ് സ്രഷ്ടാവിനെ കുറിച്ച് ആരാഞ്ഞു. സൃഷ്ടി, സ്ഥിതി, സംഹാര കർത്താവും ഏകനും ആയ അല്ലാഹുവിനെ കുറിച്ച് പ്രവാചകൻ രാജസദസ്സിൽ സംവദിച്ചു. തന്റെ കപട ദൈവികതയ്ക്ക് കോട്ടം തട്ടാതിരിക്കാൻ നംറൂദ് അടവുകൾ പുറത്തെടുത്തു. ജീവിപ്പിക്കുവാനും സംഹരിക്കുവാനും തനിക്കും കഴിയുമെന്നായി നംറൂദ്. രണ്ടു പേരെ വിളിച്ചുവരുത്തി ഒരാളെ അകാരണമായി വധിക്കുകയും മറ്റവനെ വിടുകയും ചെയ്തു. ആയുസ്സ് അവസാനിച്ചവനെ വധിക്കുകയും അവസാനിക്കാത്തവനെ വെറുതെ വിടുകയുമാണ് നീ ചെയ്തതെന്നും ജീവൻ നൽകുവാൻ കഴിഞ്ഞിട്ടില്ലെന്നും പ്രവാചകൻ വ്യക്തമാക്കി. തുടർന്ന് പടിഞ്ഞാറു നിന്നും സൂര്യനുദിപ്പിക്കുവാൻ വെല്ലുവിളിച്ചു. വെല്ലുവിളി കുറിയ്ക്ക് കൊണ്ട നംറൂദ് മറുപടിയില്ലാതെ രാജസദസ്സിൽ ഇളിഭ്യനായി നിന്നു. സൂറതുൽ ബഖറയിലെ ഇരുന്നൂറ്റി അൻപത്തെട്ടാം വചനത്തിലൂടെ ഖുർആൻ ഈ സംഭവം വിവരിക്കുന്നുണ്ട്.
രാപ്പകലുകൾ മാറി വരുന്നതിനനുസരിച്ച് മെസപ്പൊട്ടേമിയൻ ചക്രവർത്തിയുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോയിക്കൊണ്ടിരുന്നു. തന്നെ പിൻപറ്റിയിരുന്നവരിൽ വലിയൊരു വിഭാഗം ഇന്ന് ഇബ്റാഹീമിന്റെ(അ) അനുയായികളാണെന്ന് മനസ്സിലാക്കിയ നംറൂദ് മർദന പരമ്പരകൾ കെട്ടഴിച്ചു വിട്ടു. വിശ്വാസികളെ കൊണ്ട് ജയിലറകൾ നിറഞ്ഞു. ഇബ്റാഹീം നബി പകർന്നു നൽകിയ ഇലാഹീ സ്മരണ സമ്മാനിച്ച മനക്കരുത്തിൽ വിശ്വാസികൾ അക്രമങ്ങളെ അഭിമുഖീകരിച്ചു. ആയിരക്കണക്കിനു വിശ്വാസികൾ നംറൂദ് നിയമിച്ച സൈന്യത്തിന്റെ ഖഡ്ഗങ്ങൾക്കിരയായി. തൊണ്ണൂറായിരം ചതുരശ്ര കാതം വിസ്തീർണം ഉണ്ടായിരുന്നത്രേ നംറൂദിന്റെ സൈനിക വിസ്തൃതി. സായുധ സൈന്യം നൽകിയ ആത്മവിശ്വാസത്തിൽ നംറൂദ് സ്രഷ്ടാവിനെ വെല്ലുവിളിച്ചു. സ്രഷ്ടാവിനോട് യുദ്ധം പ്രഖ്യാപിച്ച കപട ദൈവം വിശ്വാസികളെ നിഷ്കരുണം കൊന്നു. നിമിഷങ്ങൾക്കകം വാനിൽ മേഘം പോലൊന്ന് പ്രത്യക്ഷമായി. അത് താഴ്ന്നു വരുന്നതിന്റെ ആരവം കനത്തതായിരുന്നു. നംറൂദും സൈന്യവും എന്തും നേരിടാൻ സജ്ജരായി നിന്നു. കൊതുകു പോലുള്ള ഒരുതരം ജീവികളുടെ കൂട്ടമായിരുന്നു അത്. അവകൾ സൈന്യത്തിന്റെ ചെവിയിലൂടെ തലക്കുള്ളിൽ കയറി. സൈന്യം ചത്തൊടുങ്ങി. നംറൂദ് അത്രവേഗം മരിച്ചില്ല. അനുഭവിക്കാനായിരുന്നു യോഗം. ശിരസ്സിനുള്ളിൽ കയറിക്കൂടിയ ക്ഷുദ്ര ജീവികളുടെ ആക്രമണം മൂലം ശിരസ്സിൽ അസഹ്യമായ വേദനയും ചൊറിച്ചിലും തുടങ്ങി. മരണം മുന്നിൽ കണ്ട ദിനരാത്രങ്ങളിലും സത്യനിഷേധത്തിൽ നിന്ന് പിന്തിരിയാൻ അഹങ്കാരം അനുവദിച്ചില്ല. തലച്ചോറ് ക്ഷുദ്രജീവികൾ തിന്നു കൊണ്ടിരുന്നു. വൈദ്യ-മന്ത്ര നിപുണരെല്ലാം കിണഞ്ഞു പരിശ്രമിച്ചിട്ടും പരാജയമായിരുന്നു ഫലം. ചൊറിച്ചിൽ അസഹനീയം ആകുമ്പോൾ ഇരുമ്പു തകിട് ചൂടാക്കി ശിരസ്സിൽ വെക്കുമായിരുന്നത്രേ. ഒരുനാൾ ഇരുമ്പു തകിട് പ്രയോഗിച്ചിട്ടും ശമനം ലഭിച്ചില്ല. തെല്ല് ആശ്വാസം കിട്ടാൻ ഭൃത്യരിൽ ഒരുവനോട് മുട്ടിയെടുത്ത് തന്റെ തലയ്ക്ക് അടിയ്ക്കാൻ കൽപ്പിച്ചു. അയാൾ മെല്ലെ പ്രഹരിച്ചു. ഫലം ഇല്ലെന്നു കണ്ട നംറൂദ് ശക്തിയായി പ്രഹരിക്കാൻ ആവശ്യപ്പെട്ടു. ഭൃത്യന് പ്രഹരശക്തി കൂട്ടി. തലയോട്ടി തകർന്ന് നംറൂദ് അന്ത്യശ്വാസം വലിച്ചു.
ഫള് ലുറഹ്മാൻ നൂറാനി തൊടുപുഴ
You must be logged in to post a comment Login