ദേശസ്‌നേഹികളായ എല്ലാ ഇന്ത്യക്കാര്‍ക്കും ഏറ്റവും മോശമായ സമയമാണിത്. വിഡ്ഢിത്തത്തിന്റെ കാലഘട്ടം, അവിശ്വസനീയതയുടെ യുഗം, ഇരുണ്ടകാലം, നിരാശയുടെ ശീതകാലം. ചാള്‍സ് ഡിക്കന്‍സ് തന്റെ The Tale of Two cities എന്ന നോവലില്‍ ഫ്രഞ്ചു വിപ്ലവത്തിന്റെ വിപ്ലവകരമായ ചലനങ്ങളെ കുറിച്ച് വിവരിച്ചതു പോലെ ഒരു സ്തുത്യര്‍ഹമായ വിവരണം നമുക്ക് മുമ്പിലില്ല. നിലവില്‍ ഇന്ത്യയുടെ അവസ്ഥ വിപ്ലവ വേലിയേറ്റത്തെ കുറിച്ചല്ല, പ്രതിവിപ്ലവത്തെ കുറിച്ചാണ്.
ഹിന്ദുത്വയും സഖ്യകക്ഷികളും അധികാരം നേടി ഇന്ത്യന്‍ ഭരണഘടന അട്ടിമറിക്കാനുള്ള തീവ്രമായ പ്രയത്‌നത്തിലാണ്. മതേതരത്വത്തെ തുരങ്കം വെക്കാനാണ് അവരുടെ പ്രധാന നീക്കം. അതിനായി അവര്‍ ഇന്ത്യന്‍ മുസ്‌ലിംകളെ പൈശാചികവത്കരിക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ ഈ ലേഖനം വായിക്കുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിമിന്റെ അന്തര്‍ലീനമായ ദേശവിരുദ്ധതയെ കുറിച്ച് വാട്‌സാപ്പുകളില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വര്‍ഗീയമായി സംസാരിക്കുന്നുണ്ട്. പക്ഷേ, ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്നും കൊളോണിയല്‍ വിരുദ്ധ ദേശീയ സമരത്തില്‍ അനേകം ജീവനുകള്‍ വെടിഞ്ഞുവെന്നും കാണാനാവും.
ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും തുരത്താന്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ഷാ സഫറിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ചേര്‍ന്നു നടത്തിയ ഏറ്റവും ശക്തമായ സമരമായിരുന്നു 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം. സഫറിനെ സമരത്തിന്റെ നേതാവായി തിരഞ്ഞെടുത്തതില്‍ പ്രധാനികള്‍ ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിലെ ഹിന്ദുശിപായികളാണ്. നിരവധി കാരണങ്ങളാല്‍ സമരം പരാജയപ്പെട്ടെങ്കിലും ഗൂഢാലോചനക്കാരായി ബ്രിട്ടീഷുകാര്‍ അറസ്റ്റു ചെയ്തത് മുസ്‌ലിംകളെയായിരുന്നു. സമരത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ഡല്‍ഹിയില്‍ താമസക്കാരായ മുസ്‌ലിംകള്‍ക്കേറ്റ ദുരന്തം അത്യന്തം ഭയാനകമായിരുന്നു. ഏതാനും സമ്പന്ന കുടുംബങ്ങളൊഴിച്ച് ബാക്കിയുള്ളവരെല്ലാം നഗരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. 1859 നവംബര്‍ വരെ നഗരത്തിലേക്ക് മടങ്ങിവരാന്‍ അനുവദിച്ചില്ല. മുസ്‌ലിം ആരാധനാലയങ്ങളെ നിന്ദ്യമായി അവഹേളിച്ചു. ജുമാ മസ്ജിദ് പൊളിക്കാനും അക്ബറാബാദി മസ്ജിദ് തകര്‍ക്കാനും ഫത്തേപൂര്‍ മസ്ജിദ് ബ്രിട്ടീഷ് അനുകൂലിയായ ലാല ചുന്ന മാലിന് വില്‍ക്കാനും സീനത് മസ്ജിദ് ബേക്കറിയാക്കാനും ആലോചനകള്‍ നടന്നു.
സമരത്തിന്റെ തീക്കനല്‍ അടങ്ങിയപ്പോള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഹിന്ദു-മുസ്‌ലിം ഐക്യവും ബ്രിട്ടീഷ് വിരുദ്ധകലാപ സാധ്യതകളും ബ്രിട്ടീഷുകാര്‍ മനസ്സിലാക്കി. തല്‍ഫലമായി ബ്രിട്ടീഷ് സൈന്യത്തിലെ മിക്‌സഡ് റെജിമെന്റുകളുടെ സംവിധാനം പിരിച്ചുവിടുകയും പകരം വംശീയ വിഭാഗങ്ങളുടെ ക്ലാസ് സംവിധാനം സ്ഥാപിക്കുകയും ചെയ്തു.
ബ്രിട്ടീഷ് ഭരണത്തിന്റെ അടുത്തഘട്ടത്തില്‍, സമ്പന്നരും വിദ്യസമ്പന്നരുമായ കുറച്ച് ഇന്ത്യക്കാര്‍ക്ക് നിയമനിര്‍മാണ കൗണ്‍സിലുകളില്‍ അംഗത്വം നല്‍കി. നിയമനിര്‍മാണം നടത്താമെങ്കിലും പ്രാക്ടിക്കലി അശക്തമായ സ്ഥാനങ്ങളായിരുന്നു അവ. 1862 ല്‍ നിലവില്‍ വന്ന ബംഗാള്‍ ലെജിസേ്‌ലറ്റീവ് കൗണ്‍സിലില്‍ നാല് അംഗങ്ങളുണ്ടായിരുന്നു. ബര്‍ദ്വാനിലെ രാജാ പര്‍താഭ് ചന്ദ്, രാംമോഹന്‍ റോയിയുടെ മകന്‍ രാമപ്രസാദ് റോയ്, ദ്വാരകനാഥ ടാഗോറിന്റെ ബന്ധുവായ പ്രസന്നകുമാര്‍ ടാഗോര്‍, ഏക മുസ്‌ലിം അംഗം മൗലവി അബ്ദുല്‍ ലത്തീഫ്. തുടക്കം മുതലേ കൗണ്‍സില്‍ ബൂര്‍ഷ്വാസി-ഭൂപ്രഭുക്കളുടെ താല്പര്യങ്ങള്‍ക്ക് ഇരയായി.
1859 ലെ ബംഗാള്‍ കുടിയാന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ പത്ത് ഭേദഗതി ചെയ്യുന്ന ഒരു ബില്‍ കൊണ്ടുവരിക എന്നതാണ് കൗണ്‍സില്‍ സ്വയം നിശ്ചയിച്ച ആദ്യ ദൗത്യങ്ങളിലൊന്ന്. ഇതുപ്രകാരം ഭൂവുടമകളില്‍ നിന്ന് ദരിദ്രരായ കുടിയാന്മാര്‍ക്ക് ചില സഹായങ്ങള്‍ ലഭിക്കും. അതുമായി പ്രശ്‌നങ്ങളില്ലാതെ ജീവിക്കാം. നാല് കൗണ്‍സില്‍ അംഗങ്ങളില്‍ മൗലാന അബ്ദുല്‍ ലത്തീഫ് മാത്രമാണ് ഈ നിന്ദ്യമായ ബില്ലിനെതിരെ വോട്ട് ചെയ്തത്. ബാക്കിയുള്ളവരെല്ലാം ബ്രിട്ടീഷ് അനുകൂലികളായി.
1885 ല്‍, ഇന്ത്യന്‍ നാഷണള്‍ കോണ്‍ഗ്രസ് സ്ഥാപിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍, ബോംബെയിലെ ബദറുദ്ദീന്‍ ത്വയബ്ജി അതിന്റെ പ്രസിഡണ്ടായി. അദ്ദേഹവും സഹോദരന്‍ ഖമറുദ്ദീന്‍ ത്വയബ്ജിയും കോണ്‍ഗ്രസ് സ്ഥാപിക്കുന്നതില്‍ ആഴത്തില്‍ പങ്കാളികളായവരായിരുന്നു. 1885 ലെ ആദ്യ കോണ്‍ഗ്രസ് യോഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് മുസ്‌ലിം പ്രതിനിധികളില്‍ ഒരാളായിരുന്നു ബദറുദ്ദീന്‍. അന്നത്തെ പ്രമേയം പാസാക്കുന്നതില്‍ ബദറുദ്ദീന്റെ പങ്ക് വലുതായിരുന്നു. ഹിന്ദു-മുസ്‌ലിം പ്രതിനിധികളുടെ ഏകാഭിപ്രായമില്ലാതെ ഒരു വിഷയവും ചര്‍ച്ച ചെയ്യാന്‍ ഐഎന്‍സി അംഗീകരിച്ചിരുന്നില്ല.
മുസ്‌ലിം സ്വദേശി നേതാക്കള്‍ തികഞ്ഞ ദേശസ്‌നേഹികളായിരുന്നു. ധാക്കയിലെ നവാബ് സലീമുള്ളയെ പോലുള്ള പ്രമുഖ ഭൂവുടമകളുടെ സംശയാസ്പദമായ പങ്ക് മാറ്റി നിര്‍ത്തിയാല്‍, സാധാരണക്കാരായ മുസ്‌ലിംകള്‍ തീര്‍ത്തും ദേശീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 1905 ജൂലൈയില്‍ ഒരു റാലിയില്‍ പബ്‌നയിലെയും ഖുല്‍നയിലെയും മുസ്‌ലിം കര്‍ഷകര്‍ സാഹോദര്യത്തിന്റെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതേ വര്‍ഷം സെപ്റ്റംബര്‍ 23 ന് കല്‍ക്കട്ടയിലെ ഹിന്ദു- മുസ്‌ലിം വിദ്യാര്‍ഥികള്‍ ഐക്യത്തോടെ മാര്‍ച്ച് ചെയ്യുകയും പതിനായിരത്തോളം വരുന്ന മുസ്‌ലിംകള്‍ അണിനിരക്കുകയും ചെയ്തിരുന്നു.
ഇവിടെയുള്ള ഹിന്ദുക്കളും മുഹമ്മദീയരും ഒരേ രാജ്യക്കാരാണെന്ന് സ്വദേശിയായ അബ്ദുറസൂല്‍ പ്രഖ്യാപിക്കുകയുണ്ടായി. ഹൂഗ്ലിയില്‍ വന്ദേമാതരത്തിന്റെയും അല്ലാഹു അക്ബറിന്റെയും ധ്വനികള്‍ ഉയര്‍ന്നുപൊങ്ങിക്കൊണ്ടിരുന്നു. ഗസ്‌നവിയുടെ യുണൈറ്റഡ് ബംഗാള്‍ കമ്പനി, ബംഗാള്‍ ഹോസിയറി, ബംഗാള്‍ സ്റ്റീം നാവിഗേഷന്‍ കമ്പനി തുടങ്ങിയ മുസ്‌ലിം സ്വദേശി സംരംഭങ്ങള്‍ ഈ പ്രസ്ഥാനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 1906 ലെ ഈസ്റ്റ് ഇന്ത്യ റെയില്‍വേക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ അബുല്‍ ഹുസൈനും ലിയാക്കത്തലിയുമായിരുന്നു പ്രധാനികള്‍. 1907 ലെ പണിമുടക്കിലും മുസ്‌ലിം സാന്നിധ്യം ശ്രദ്ധയാകര്‍ശിച്ചിരുന്നു. റെയില്‍വേ ജീവനക്കാരുടെ പണിമുടക്ക് ഫെബ്രുവരി പകുതി വരെ നീണ്ടു. ഒടുവില്‍ സൈന്യത്തില്‍ നിന്നും യൂറോപ്യന്മാരെ വായ്പയായി എടുത്താണ് പ്രശ്‌നം പരിഹരിച്ചത്.
ഒന്നാം ലോകമഹായുദ്ധാനന്തരം ഇന്ത്യയില്‍ ബഹുജന രാഷ്ട്രീയത്തിന്റെ യുഗം ആരംഭിച്ചു. അപ്പോഴും മുസ്‌ലിംകളുടെ പങ്കാളിത്തത്തിന് ഒരു കുറവുമുണ്ടായില്ല. 1921 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഹമ്മദാബാദ് സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കുമാരനന്ദയ്‌ക്കൊപ്പം മൗലാന ഹസ്‌റത് മോഹാനിയാണ് സമ്പൂര്‍ണ സ്വാതന്ത്ര്യത്തിനുള്ള പ്രമേയം (പൂര്‍ണസ്വരാജ്) ആദ്യമായി അവതരിപ്പിച്ചത്. ആ പ്രമേയത്തെ എതിര്‍ത്തവരില്‍ പ്രധാനി ഗാന്ധിയായിരുന്നുവെന്ന് സോഷ്യല്‍ സയന്റിസ്റ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം എന്ന ലേഖനത്തില്‍ ബി ടി രണ്‍ദിവെ രേഖപ്പെടുത്തുന്നു. 1922 ല്‍ ജൂണില്‍ ലഖ്‌നോവില്‍ നടന്ന ഖിലാഫത് കമ്മിറ്റിയുടെയും ജംഇയ്യതുല്‍ ഉലമയുടെയും സംയുക്ത സമ്മേളനം ഒരു പ്രമേയം പാസാക്കി. ഇന്ത്യയുടെയും മുസ്‌ലിംകളുടെയും താല്പര്യത്തിൽ കോണ്‍ഗ്രസ് സ്വരാജ് ഏറ്റെടുക്കണമെന്നായിരുന്നുവത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ സ്വാതന്ത്ര്യ പ്രമേയം അംഗീകരിച്ചത് 1929 ഡിസംബറിലാണ് എന്നോര്‍ക്കണം.
1920 ല്‍ താഷ്‌കന്റില്‍ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ന്യൂക്ലിയസ് പ്രധാനമായും മുസ്‌ലിംകളായിരുന്നു. അവര്‍ ഉസ്മാനിയ ഖിലാഫത് സ്ഥാപിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് മാറി ഇന്ത്യന്‍ ജനതയുടെ സാമൂഹിക-സാമ്പത്തിക വിമോചനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു. അതിനാല്‍, ആദ്യകാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് പലപ്പോഴും ദീര്‍ഘവീക്ഷണമുള്ള, പ്രതികരിക്കാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. അക്കാലത്തെ ഏറ്റവും അര്‍പ്പണബോധമുള്ള വ്യക്തിയായിരുന്നു കാക്കബാബു എന്നു വിളിക്കുന്ന മുസഫര്‍ അഹ്മദ്. ഹിന്ദു-മുസ്‌ലിം ഐക്യം എന്ന പേരില്‍ വര്‍ഗീയത സൃഷ്ടിക്കുന്ന ആശയത്തെ അദ്ദേഹം ചോദ്യം ചെയ്തു. സാമുദായിക ഐക്യം ആഹ്വാനം ചെയ്യുകയും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്ന തരത്തില്‍ സാമുദായിക വേര്‍തിരിവിന്റെ മാനസികാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന നേതാക്കളെ അദ്ദേഹം പ്രതിക്കൂട്ടിലാക്കി. രാഷ്ട്രീയ വര്‍ഗീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ് സിസ്റ്റത്തെ കുറിച്ച് കാക്കബാബു ബോധവാനായിരുന്നു. മുകളില്‍ നിന്നുള്ള വര്‍ഗീയ രാഷ്ട്രീയത്തോട് പ്രതികരിക്കുന്നവരുടെ ശക്തി ക്ഷയിപ്പിക്കുകയും സവര്‍ണ വിഭാഗങ്ങളുടെ ശക്തി ഇരട്ടിപ്പിക്കുകയും ചെയ്യുന്നത് ഭരിക്കുന്നവരുടെ ഇരട്ട തന്ത്രമാണെന്ന് അദ്ദേഹം വാദിച്ചു. ഈ അവസാനത്തെ പോയന്റ് വര്‍ത്തമാന ഇന്ത്യയില്‍ വളരെ പ്രസക്തമാണെന്ന് കരുതുന്നു.
കോണ്‍ഗ്രസില്‍ നേതാക്കള്‍ക്ക് ക്ഷാമമുണ്ടായിരുന്നില്ല. ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാനെ പോലോത്ത തലയെടുപ്പുള്ള മുസ്‌ലിം നേതാക്കളുമുണ്ടായിരുന്നു. 1926 സെപ്തംബറില്‍ ഖാന്‍, ഖുദായി ഖിദ്മത്ഗര്‍ എന്നൊരു മുസ്‌ലിം സംഘം സ്ഥാപിച്ചു. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും അതില്‍ അംഗത്വം അനുവദിച്ചിരുന്നു. അംഗങ്ങളെ റെഡ്ഷര്‍ട്ടുകള്‍ എന്നും വിളിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ ആര്‍ എസ് എസിനെ പോലെ ഫാഷിസ്റ്റ് സംഘമായിരുന്നില്ല അവര്‍. അവര്‍ ആയുധം എടുത്തില്ല. ലാത്തി പോലുമില്ല. സമാധാനത്തിന്റെയും ഐക്യത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാനാണ് അവര്‍ കഠിനാധ്വാനം ചെയ്തത്.
ദണ്ഡിയാത്രയിലാണ് ഖാന്‍ ഏറ്റവും സജീവമായത്. അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റില്‍ ഇരുന്നൂറുമുതല്‍ മുന്നൂറുവരെ ഖുദായി ഖിദ്മത്ഗര്‍മാരെ കൊല്ലുന്നതിലേക്ക് നയിച്ചു. അതദ്ദേഹത്തെ വല്ലാതെ ദുഃഖിപ്പിച്ചു. തുടര്‍ന്ന് അഹിംസ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഗാന്ധിയുടെ പ്രേരണ നിമിത്തം അദ്ദേഹം ബര്‍ദോളിയിലെത്തി. അവിടെ വെച്ച് അഹിംസയെ ഇസ്‌ലാമുമായി ബന്ധിപ്പിച്ച് സംസാരിച്ചു. മൗലാന അബുല്‍ കലാം ആസാദ് കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കൊളോണിയല്‍ വിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാന മുസ്‌ലിം നേതാക്കളായി തുടര്‍ന്നു. 1923 ല്‍ 35-ാം വയസ്സില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി. അതോടൊപ്പം പലപ്പോഴായി കൊളോണിയലിസത്തിന്റെ തടവറകളില്‍ കഴിയേണ്ടി വന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രൂപീകരിച്ച ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ (എച്ച ആര്‍ എ) അംഗമായിരിക്കെയാണ് ശഹീദ് അശ്ഫഖുല്ല രക്തസാക്ഷിയാകുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത അനുയായിയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ(ഐ എന്‍ എ) ഉദ്യോഗസ്ഥനുമായിരുന്ന സൈനുല്‍ ആബിദീനലിയാസ് ആബിദ് ഹസനാണ് ജയ് ഹിന്ദ് എന്ന ദേശഭക്തി തുളുമ്പുന്ന മുദ്രാവാക്യം പ്രചരിപ്പിച്ചത്.
ഉപസംഹരിക്കട്ടെ, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ തെരുവില്‍ പോരാടിയ ആയിരക്കണക്കിന് ഇന്ത്യന്‍ മുസ്‌ലിംകളുടെ പേരുകള്‍ വിവരിക്കുക അസാധ്യമാണ്. അവർ തങ്ങളുടെ ഏക ഭവനമായി കരുതുന്ന ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചുവെന്നത് ഈ അവകാശ വാദത്തെ സാധൂകരിക്കും. ഹിന്ദുത്വ ശക്തികള്‍ എത്ര തിരുത്തിയെഴുതാന്‍ ശ്രമിച്ചാലും ഇന്ത്യ മുസ്‌ലിംകളുടെ വീട് തന്നെയായിരിക്കും. അങ്ങനെത്തനെ അത് നിലനില്‍ക്കുകയും ചെയ്യും.
ശുഭം ശർമ
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ വേൾഡ് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍.
കടപ്പാട്: ന്യൂസ് ക്ലിക്ക്
വിവ. എബി
You must be logged in to post a comment Login