“നീണ്ട വര്‍ഷങ്ങള്‍ക്കു മുമ്പ്, നമ്മള്‍ വിധിക്ക് സമാഗമ സങ്കേതമൊരുക്കി. ഇപ്പോഴിതാ പൂര്‍ണമായും പൂര്‍ണതോതിലുമല്ലെങ്കിലും ഗണ്യമായിത്തന്നെ നമ്മള്‍ നമ്മുടെ പ്രതിജ്ഞ നിറവേറ്റുകയാണ്. അര്‍ധരാത്രി ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയായി. നാം പഴമയില്‍ നിന്ന് പുതുമയിലേക്ക് ചുവടു വെക്കുമ്പോള്‍ ഒരു യുഗം അവസാനിക്കുകയും നീണ്ടകാലം അടിച്ചമര്‍ത്തപ്പെട്ട രാജ്യത്തിന്റെ ആത്മാവ് ശബ്ദം കണ്ടെത്തുകയും ചെയ്യുന്ന, ചരിത്രത്തില്‍ വിരളമായി മാത്രം വരുന്ന ആ നിമിഷം വരവായി. ഈ ഉദാത്ത നിമിഷത്തിന് യോജ്യമായ വിധത്തില്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സേവനത്തിനും മാനവരാശിയുടെ വിശാല താത്പര്യത്തിനുമായി അര്‍പ്പണബോധത്തോടെ സേവനം ചെയ്യുമെന്ന് നാം പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.’
ഈ പ്രസംഗം ആരുടേതെന്ന് നമ്മളോർക്കുന്നുണ്ട്. ആ ശബ്ദം മുഴങ്ങിയതെവിടെ എന്നതും നമ്മൾ മറന്നിട്ടില്ല. ഇന്ത്യയെന്ന ആശയത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ജവഹർലാൽ നെഹ്‌റുവിന്റെ ശബ്ദത്തിലാണ് നമ്മളിത് കേൾക്കുന്നത്. ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭയിൽ നടത്തിയ വിഖ്യാതമായ ആ പ്രസംഗത്തിന്റെ ആമുഖമാണിത്. 1947 ആഗസ്ത് 14 ന് അർധരാത്രിയിലാണ് നാം പഴമയിൽ നിന്ന് പുതുമയിലേക്ക് ചുവടുവെക്കുന്നുവെന്ന് നെഹ്‌റു ഉണർത്തുന്നത്. “വിധിയുമായി മുഖാമുഖം’ എന്ന് പ്രസിദ്ധിയാർജ്ജിച്ച ആ പ്രസംഗം നടന്നതിന്റെ തൊട്ടടുത്ത മണിക്കൂറിൽ ഡൽഹി ആഘോഷാവേശങ്ങളുടെ ആർപ്പുവിളികളിലേക്ക് അതിവേഗമുണർന്നു. സ്വാതന്ത്ര്യമെന്ന ചിരകാല സ്വപ്നത്തോട് രാജ്യവും ജനതയും മുഖാമുഖം നിന്ന ആ അർധരാത്രി ഇന്ത്യ പിറക്കുകയായിരുന്നു, ഒട്ടു ധൃതിയിലും ഒരല്പം മുടന്തിയും. ധൃതിയുടെ കാരണം വ്യക്തമായിരുന്നു. നീണ്ടകാലത്തെ സമരങ്ങൾ, അടിച്ചമർത്തലുകൾ, ജയിൽവാസം, കൊടിയ മർദ്ദനങ്ങൾ, അരുംകൊലകൾ… എല്ലാറ്റിനും അറുതിയാവുകയാണ്. പുതിയ സ്വപ്നങ്ങളിലേക്ക് ഇന്ത്യ ചിറക് വിടർത്തുകയാണ്. അപ്പോഴും പക്ഷേ അതിർത്തികളിൽ ചോര പെയ്യുകയായിരുന്നു. മനുഷ്യരുടെ ചോര. ആഘോഷത്തിന്റെ ആ അർധരാത്രിയിൽ ഡൽഹിയിൽ ഉണ്ടാകേണ്ടിയിരുന്ന ഒരാൾ -ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും മഹാനായൊരാൾ- അതിർത്തിയിലെ ചോരപ്പെയ്ത്ത് അവസാനിപ്പിക്കാൻ കിണഞ്ഞുശ്രമിക്കുകയായിരുന്നു. പരിക്ഷീണനെങ്കിലും പരാജിതനായിരുന്നില്ല ഗാന്ധി. മെല്ലിച്ച ശരീരത്തിന്റെ സകല സാധ്യതകളും ഉപയോഗിച്ച് അദ്ദേഹം സമാധാനത്തിലേക്ക് വഴിവെട്ടുകയായിരുന്നു ആ നാളുകളിൽ. ഗാന്ധിയുടെ അസാന്നിധ്യമാണ് ഡൽഹിയിലെ ആഘോഷത്തെ മുടന്തിപ്പിച്ചത്.
അടിത്തട്ടുമനുഷ്യരുടെ ഉയിർപ്പും കുതിപ്പും ഇന്ത്യയുടെ ആത്മാവിൽ അടയാളപ്പെടുത്തിയ മനുഷ്യനായിരുന്നു മഹാത്മാ ഗാന്ധി. കേവല പ്രാതിനിധ്യം എന്ന നിലയിലല്ല, അഭിമാനകരമായ അസ്തിത്വം എന്ന തലത്തിലേക്ക് ആ കുതിപ്പിനെ വികസിപ്പിക്കാനാണ് ഗാന്ധി ശ്രമിച്ചത്. സ്വാതന്ത്ര്യപ്രാപ്തിയുടെ എഴുപത്തഞ്ചാം വർഷത്തിലും ആ സ്വപ്നം അകന്നുനിൽക്കുകയാണ്. ആദിവാസിവിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുർമു രാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തതിനു പിറകെയും ഇക്കാര്യം പറയേണ്ടിവരുന്നു എന്നത് സമകാല ഇന്ത്യയുടെ രാഷ്ട്രീയ സമസ്യയായി വായിച്ചെടുക്കുക. അവർ റെയ്‌സിന ഹിൽസിലേക്ക് കടന്നുവന്ന വഴികൾ തിരഞ്ഞുപോയാൽ ഈ പറഞ്ഞതിന്റെ സാംഗത്യം ബോധ്യപ്പെടും. കേന്ദ്രം ഭരിക്കുന്ന ബിജെപി മുന്നണിയുടെ നോമിനി ആയാണ് മുർമു സ്ഥാനാർഥിയാകുന്നത്. നിർണായക നേരങ്ങളിൽ ബിജെപിക്ക് ഒപ്പം നിൽക്കുന്ന പതിവ് ഇക്കുറിയും ചില പ്രാദേശിക കക്ഷികൾ തെറ്റിച്ചില്ല. പ്രതിപക്ഷ സ്ഥാനാർഥി ആയി മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ മത്സരിച്ചിരുന്നു. മുൻകാലങ്ങളിൽ പ്രതിപക്ഷ സ്ഥാനാർഥിയായി മത്സരിച്ചവർ നേടിയതിനെക്കാൾ കൂടുതൽ വോട്ട് നേടാൻ യശ്വന്ത് സിൻഹക്ക് സാധിച്ചു. എങ്കിലും ജയിക്കാൻ ആവശ്യമായ വോട്ടുകൾ സമാഹരിക്കാനായില്ല. കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പിന്തുണയാണ് യശ്വന്ത് സിൻഹക്ക് കിട്ടിയത്. കുറേകൂടി വോട്ടുകൾ അദ്ദേഹത്തിനു സമാഹരിക്കാൻ കഴിയുമായിരുന്നു. കോൺഗ്രസിനായിരുന്നു അതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുക. പാർട്ടിയുടെ ഏറ്റവും സമുന്നതരായ രണ്ടു നേതാക്കൾക്കെതിരെ ഇ ഡി എടുത്ത കേസിൽ മുങ്ങിപ്പോയി ആ നാളുകളിൽ കോൺഗ്രസ്. അവർക്ക് നാഥനുണ്ടായിരുന്നില്ല. നാഥനുണ്ടായിരുന്നപ്പോൾ ചെയ്യേണ്ട പണികൾ അവർ ചെയ്തിട്ടുമില്ല. പ്രതിപക്ഷ സ്ഥാനാർഥിക്ക് ലഭിച്ച തരക്കേടില്ലാത്ത പിന്തുണയെ എങ്ങനെ ബിജെപി വിരുദ്ധ രാഷ്ട്രീയമായി വളർത്തിക്കൊണ്ടുവരാം എന്ന ആലോചനയിലേക്ക് പോലും കോൺഗ്രസ് എത്തിച്ചേർന്നില്ല. അത്ര പരിക്ഷീണമാണ് കോൺഗ്രസ്. എങ്കിലും പാടെ എഴുതിത്തള്ളാൻ കഴിയില്ല. പിന്നിയ വസ്ത്രം പോലെയായിരിക്കുന്നു കോൺഗ്രസ്. തീർത്തും ഉപയോഗശൂന്യമായിട്ടില്ല എന്നേയുളളൂ.
സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനമാണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യവർഷത്തിലെ മറ്റൊരു വിശേഷം. സ്വാതന്ത്ര്യസമരത്തിൽ നിന്ന് വിട്ടുനിന്നതിന്റെ പേരിൽ പഴി കേട്ടുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകനായ ഒരു ഭരണാധികാരിയിൽ നിന്ന് അങ്ങനെയൊരു പ്രസ്താവന ഉണ്ടാകുമ്പോൾ അതിലടങ്ങിയിരിക്കുന്ന രാഷ്ട്രീയകൗശലം കാണാതെപോകരുത്. വർത്തമാനത്തിൽ നിന്ന് ചരിത്രത്തിലേക്ക് വേരാഴ്ത്താനുള്ള ശ്രമമാണത്. ആഹ്വാനങ്ങളില്ലാതെ തന്നെ ഇന്ത്യൻ ജനത സമുചിതമായി സ്വാതന്ത്ര്യം ആഘോഷിച്ചപ്പോഴെല്ലാം ഭരണഘടനയെ കുറിച്ചും പതാകയെ കുറിച്ചുമൊക്കെ പരിഭവം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സംഘ്പരിവാർ. ആ പരിഭവങ്ങൾ അവർ ഇപ്പോൾ ഉപേക്ഷിച്ചു എന്ന് പറയാനാകില്ല. പക്ഷേ അതിനപ്പുറമുള്ള ചില സ്ട്രാറ്റജികൾ അവർ വികസിപ്പിച്ചിരിക്കുന്നു. ഭരണഘടന റദ്ദ് ചെയ്യാതെ തന്നെ ഭരണഘടനാവ്യവസ്ഥകളെ മറികടക്കാം എന്ന ബോധ്യം പൊതുവിൽ സംഘ്പരിവാർ ഇപ്പോൾ പങ്കിടുന്നുണ്ട്. സി എ എ അങ്ങനെയൊരു ശ്രമമായിരുന്നു. മതത്തിന്റെ പേരിൽ വിവേചനം പാടില്ലെന്ന ഭരണഘടനാവ്യവസ്ഥയെ അവർ താൽക്കാലികമായെങ്കിലും മറികടന്നു. അന്തിമമായി അതിലൊരു നിലപാട് സ്വീകരിക്കേണ്ട പരമോന്നത കോടതി സി എ എക്കെതിരായ ഹരജികൾ ഇനിയും പരിഗണിച്ചിട്ടില്ല! മുത്തലാഖ് നിയമം മറ്റൊരു ഉദാഹരണം. മുസ്‌ലിം പുരുഷന്മാർക്ക് മാത്രം ബാധകമാകുന്ന ശിക്ഷാവിധികൾ ഉൾകൊള്ളുന്ന പ്രസ്തുത നിയമം തുല്യനീതി എന്ന ഭരണഘടനാസങ്കല്പത്തെ പാടെ റദ്ദ് ചെയ്യുന്നതാണ്. എന്നിട്ടും നിയമം പാസായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതേ നിയമം ഉപയോഗിച്ച് കേസുകൾ രജിസ്റ്റർ ചെയ്തു.
ത്തലാഖ്നിയമത്തിനെതിരായ ഹരജികൾ പരിഗണന കാത്ത് കിടപ്പുണ്ട് കോടതിയിൽ! ദേശീയ വിദ്യാഭ്യാസ നയം വേറൊരു ഉദാഹരണം. എവിടെയെങ്കിലും ചർച്ച ഉണ്ടായോ? പാർലിമെന്റിൽ അവതരിപ്പിച്ചോ? ഏകപക്ഷീയമായി നടപ്പാക്കുകയായിരുന്നു, രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു നയം.
പാർലിമെന്റിൽ വാക്ക് വിലക്കിയ രീതിയും ഇതേ തലത്തിൽ പരിശോധിക്കപ്പെടണം. അഴിമതിക്കാരൻ, ഏകാധിപതി, രാജ്യദ്രോഹി, വിനാശകാരി, ക്രിമിനൽ, മുതലക്കണ്ണീർ, വിഡ്ഢിത്തം തുടങ്ങി 65 വാക്കുകളാണ് പാർലമെന്റ് രേഖയിൽ നിന്ന് നീക്കം ചെയ്തത്. ഇനി ആ വാക്കുകൾ സഭയിൽ ഉച്ചരിക്കാൻ പറ്റില്ലേ? പറ്റും. പക്ഷേ, രേഖയിൽ ഉണ്ടാകില്ല. സഭാധ്യക്ഷൻമാർ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇത്രയും വാക്കുകൾ രേഖയിൽ നിന്ന് നീക്കിയത്. രേഖയിൽ ഇല്ലെങ്കിൽ എന്താണ് കുഴപ്പം? പാർലിമെന്റിൽ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ബാധ്യതപ്പെട്ടവരാണ് എം പിമാർ. കയ്യടി ലക്ഷ്യമിട്ടല്ല ഒരംഗം പാർലിമെന്റിൽ സംസാരിക്കുന്നത്. അയാൾ തന്റെ രാഷ്ട്രീയത്തെയും നിലപാടുകളെയും തന്നെത്തന്നെയും എന്നേക്കുമായ് അടയാളപ്പെടുത്തുകയാണ് പാർലിമെന്റിൽ. ഒരു വാക്ക് ചിലപ്പോൾ ഒരാശയമായി മാറും. ചിലപ്പോൾ അതൊരു നിശിതവിമർശമായി എഴുന്നുനിൽക്കും. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ കാറ്റൊഴിച്ചുവിടുന്നതിന് തുല്യമാണ് രേഖകളിൽ നിന്ന് വാക്കുകൾ നീക്കുന്നത്. ഒരാളുടെ നിലപാടിന്റെ കാറ്റൊഴിച്ചുവിടുന്ന ഏർപ്പാടാണിത്.പിൽക്കാലത്തെപ്പോഴെങ്കിലും ഈ രേഖകൾ പരിശോധിക്കുന്ന ചരിത്രവിദ്യാർഥിക്ക് മുന്നിൽ അനാവൃതമാകുന്നത് “അംഗഭംഗം’ വന്ന ഈ നിലപാടുകൾ ആയിരിക്കും പാർലിമെന്റിൽ പ്ലക്കാർഡുകൾ പാടില്ല, പാർലിമെന്റ് വളപ്പിൽ പ്രതിഷേധം പാടില്ല തുടങ്ങി വേറെയും വിലക്കുകൾ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നു. പാർലിമെന്റ് ഏറ്റവും പ്രധാനമായ ജനാധിപത്യസ്ഥാപനമാണ്. ജനാധിപത്യം എന്നാൽ എതിരഭിപ്രായങ്ങളെ കേൾക്കുക കൂടിയാണ്. അവിടെ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. ഭരണകൂടത്തിന് കയ്യടിക്കുന്നവർ മാത്രമുള്ള ഒരു സഭയല്ല ഇതുവരേയ്ക്കും നമ്മുടേത്. ഭരണകൂടം തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ നിങ്ങൾക്ക് തെറ്റുപിണഞ്ഞിരിക്കുന്നു എന്ന് സർക്കാരിനെ ഓർമിപ്പിക്കണ്ടേ എം പിമാർ.അത് ചെയ്തതിനു കേരളത്തിൽനിന്നുൾപ്പടെ ചില എം പി മാർ പാർലിമെന്റിൽ നിന്ന് സസ്പെൻഡ്‌ചെയ്യപ്പെട്ടു കഴിഞ്ഞു ഇക്കഴിഞ്ഞ സമ്മേളനത്തിൽ. ഒരെതിർശബ്ദവും പൊറുക്കാൻ കഴിയാത്ത ഭരണകൂടം ഇതേ ജനാധിപത്യത്തിന്റെ സാധ്യതകൾ ഉപയോഗിച്ചാണ് അധികാരത്തിലിരിക്കുന്നത് എന്നതാണ് രസാവഹം. അധികാരികൾ മാത്രം സംസാരിക്കുന്ന പാർലിമെന്റിനെ അല്ല രാഷ്ട്രശില്പികൾ വിഭാവന ചെയ്തത്.
പുതിയ പാർലിമെന്റ് മന്ദിരത്തിനു മുകളിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തെച്ചൊല്ലിയുള്ള വിവാദങ്ങളും അന്തരീക്ഷത്തിലുണ്ട്. ശാന്തതസ്ഫുരിക്കുന്ന ഗൗരവം വിട്ട് ക്രൗര്യഭാവത്തിലേക്ക് സിംഹത്തിന്റെ ഭാവം മാറ്റിപ്പണിതു എന്നാണ് ആരോപണം. അതിൽ വസ്തുതയുണ്ട് എന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസിലാകും. ഭരണകൂടം മാറുന്നതിന് അനുസരിച്ച് മാറ്റപ്പെടേണ്ടതല്ല രാജ്യത്തിന്റെ ചിഹ്നങ്ങൾ. ഭരണം മാറിയാലും രാഷ്ട്രം മാറില്ല എന്ന് ഉദ്‌ഘോഷിക്കുന്നുണ്ട് ആ ചിഹ്നങ്ങൾ. അതിന്മേലും ഭരണകൂടം കൈവെക്കുന്നു എന്ന് വരുമ്പോൾ അതുല്പാദിപ്പിക്കുന്ന രാഷ്ട്രീയ സന്ദേശം വ്യക്തമാണ് -ഞങ്ങൾ രാജ്യത്തെ മാറ്റിപ്പണിയുന്നു എന്നുതന്നെ.
2025 ആർ എസ് എസിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. സംഘടന രൂപീകൃതമായിട്ട് നൂറ്റാണ്ട് തികയുകയാണ്.അധികാരത്തിൽ നിന്ന് അകറ്റിനിർത്തപ്പെട്ട ഭൂതകാലവും കടന്ന് മൃഗീയാധിപത്യത്തോടെ അധികാരത്തിൽ വാഴുന്ന കാലത്ത് തങ്ങളുടെ വിഭാവനയിലുള്ള രാഷ്ട്രം സ്ഥാപിതമാകണമെന്ന് സംഘ്പരിവാർ ആഗ്രഹിക്കുന്നുണ്ട്. ആ വിഭാവനയുടെ മൂലക്കല്ല് എം എസ് ഗോൾവാൾക്കറുടെ വിചാരധാരയാണ്. അവിടെ മുസ്‌ലിംകൾ മാത്രമല്ല, ക്രിസ്ത്യാനിയും ദളിതനും കമ്മ്യൂണിസ്റ്റുമൊക്കെ അപരൻ ആയിരിക്കും. അതിന് ആദ്യം വേണ്ടത് തങ്ങളോട് വിയോജിക്കുന്ന ശബ്ദങ്ങൾ ഇല്ലാതാക്കുകയാണ്. വാക്കുകളെയും പ്രതിഷേധങ്ങളെയും പടിയടച്ചു പിണ്ഡം വെക്കുന്നത് അതിന്റെ ഭാഗമാണ്. ആ നീക്കത്തെ ജനാധിപത്യപരമായും നിയമപരമായും നേരിടുന്നതിൽ കോൺഗ്രസ് ഉൾപ്പടെ പ്രതിപക്ഷം നിരന്തരം പരാജയപ്പെടുന്നു. വലിയ ഒച്ചകൾക്ക് മാത്രമേ ചെറുതെങ്കിലും പ്രകമ്പനങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. ജനാധിപത്യം നൈരന്തര്യത്തിന്റെ കലയാണ്. വിശ്രമത്തിന്റെ ആലസ്യത്തിലേക്ക് ജനാധിപത്യവാദികൾ ഉറക്കംതൂങ്ങുമ്പോഴാകും ഫാഷിസം അതിന്റെ പ്രഹരശേഷിമുഴുവൻ എടുത്തുപ്രയോഗിക്കുന്നത്. അതുകൊണ്ട് നമുക്ക് സ്വാതന്ത്ര്യത്തിനു വേണ്ടി ഉണർന്നിരിക്കാം.
മുഹമ്മദലി കിനാലൂർ
You must be logged in to post a comment Login