രാജ്യമേ എഴുന്നേറ്റ് നില്‍ക്കൂ നിന്റെ മകള്‍ അപമാനിതയായിരിക്കുന്നു

രാജ്യമേ എഴുന്നേറ്റ് നില്‍ക്കൂ നിന്റെ മകള്‍  അപമാനിതയായിരിക്കുന്നു

To fellow Indians, I appeal to all of you, at a time when we hear news every day of people being attacked and killed because of their religion or community, please help affirm their faith in the secular values of our country and support their struggles for justice, equality, and dignity.- (മതവിശ്വാസത്തിന്റേയും സമുദായത്തിന്റേയും പേരില്‍ അക്രമിക്കപ്പെടുന്ന മനുഷ്യര്‍ ദിനംപ്രതി പെരുകുകയാണ്. ഈ രാജ്യത്തിന്റെ മതേതരമൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കാന്‍ അക്രമിക്കപ്പെടുന്നവരെ നിങ്ങള്‍ സഹായിക്കണം. നീതിക്കും സമത്വത്തിനും മനുഷ്യാന്തസിനും വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങളില്‍ ഒപ്പം നില്‍ക്കണം) – നീണ്ട നിയമപോരാട്ടത്തിന്റെ ചരിത്രപരമായ വിജയത്തിനുശേഷം ബില്‍ക്കീസ് ബാനു സഹപൗരരോട് അഭ്യര്‍ഥിച്ചത്.

സ്വതന്ത്രഇന്ത്യയുടെ എഴുപത്തിയഞ്ചാം പിറന്നാളിനോടുള്ള, ആ പിറന്നാള്‍ മഹോല്‍സവത്തോടുള്ള സംഘപരിവാരത്തിന്റെ പ്രതികാരമാണ് സ്വാതന്ത്ര്യാഘോഷനാളുകളില്‍ ഗുജറാത്തില്‍ നടത്തിയത്. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ കുറ്റകൃത്യമായിരുന്നു ബില്‍ക്കീസ് ബാനു കേസ്. ആ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ സ്വാതന്ത്ര്യാഘോഷത്തിന്റെ ഭാഗമായി വിട്ടയച്ചിരിക്കുന്നു ഗുജറാത്ത് സര്‍ക്കാര്‍. നീതിക്കുവേണ്ടി അലഞ്ഞലഞ്ഞ് ജീവിതം കെട്ടുപോയ, പ്രകാശങ്ങള്‍ അന്യമായിതീര്‍ന്ന ബില്‍ക്കീസിനും തകര്‍ന്ന് പോയിടത്തു നിന്ന് അവള്‍ വാരിക്കൂട്ടിയെടുത്ത അല്‍പജീവിതത്തിനും മുന്നിലേക്ക് ആ പ്രതികള്‍ വന്നുകഴിഞ്ഞു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി എനിക്ക് പേടിയാവുന്നു എന്ന് നിരന്തരം വിലപിക്കുകയായിരുന്നു ബില്‍ക്കീസ്. ആര് ഞങ്ങളെ സംരക്ഷിക്കും എന്ന ഭയം. അത്ര വലിയ ശക്തിയോടാണല്ലോ അവള്‍ പോരാടി നേടിയത്. പോയ രണ്ടു പതിറ്റാണ്ടിനിടെ അവളും ഭര്‍ത്താവും വീടുകള്‍ മാറിക്കൊണ്ടേയിരിക്കുകയാണ്. ഭയം മൂലം ഒരിടത്തും അധികകാലം തങ്ങില്ല.

ഇപ്പോഴിതാ അവള്‍ക്ക് മുന്നിലേക്ക് ആ നരാധമരെ തുറന്നുവിട്ടിരിക്കുന്നു സംഘപരിവാര്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയെന്ന് വാഴ്ത്തപ്പെട്ട മതേതരത്വം ബലാത്സംഗം ചെയ്യപ്പെട്ടതായിരുന്നു ബില്‍ക്കീസ് സംഭവം. മുസ്‌ലിംകളോടുള്ള ഹിന്ദുത്വയുടെ വംശാനന്തര പകയാണ് അവളില്‍ ആഴ്ന്നിറങ്ങിയത്. ഇന്ത്യന്‍ മുസല്‍മാന്റെ മനുഷ്യാന്തസിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മഹാത്മാഗാന്ധിയോടുള്ള കൊന്നിട്ടും തീരാത്ത പകയാണ് ബില്‍ക്കീസിന്റെ മൂന്ന് വയസ്സുകാരി മകള്‍ സലീഹയെ നിലത്തടിച്ച് തലച്ചോര്‍ തെറിപ്പിച്ച് കൊന്നുകളഞ്ഞതിലൂടെ സംഘപരിവാര്‍ വീട്ടിയത്. ദുര്‍ബലയും നിരക്ഷരയുമായ ഒരു പാവം മുസ്‌ലിം വീട്ടമ്മ, കാമം തീര്‍ത്തശേഷം മരിച്ചുപോയി എന്ന് കരുതി ഉടുതുണിയില്ലാതെ തങ്ങള്‍ വഴിയില്‍ കളഞ്ഞിട്ടുപോന്ന ഒരു പാവം സ്ത്രീ, കണ്‍മുന്നില്‍ മകള്‍ കൊല്ലപ്പെട്ട ഒരു പെണ്ണ്, സ്വന്തം ബന്ധുക്കള്‍ കൊല്ലപ്പെടുകയും സ്വന്തം കുടുംബത്തിലെ പെണ്‍കുഞ്ഞുങ്ങള്‍ വലിച്ചുകീറപ്പെടുകയും ചെയ്യുന്നത് കണ്‍മുന്നില്‍ കണ്ട ഒരു പെണ്ണ്, ആലംബമില്ലാത്ത ദരിദ്രയായ ഒരുപെണ്ണ് തനിയെ എഴുന്നേറ്റ് വരുമെന്നും ഊറ്റത്തിന്റെ കൊടുമുടിയില്‍ അരിയിട്ട് വാഴുന്ന തങ്ങളെ വെല്ലുവിളിക്കുമെന്നും സംഘം കരുതിയില്ലല്ലോ? കൊല്ലപ്പെട്ട അവളുടെ ബന്ധുക്കളെ പഞ്ചസാര ചേര്‍ത്ത് കത്തിക്കാന്‍ കൂട്ടുനിന്ന തങ്ങളുടെ പൊലീസിനെ അവള്‍ വെള്ളം കുടിപ്പിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചില്ലല്ലോ? അതിപ്രതാപിയായ ഒരു മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുഴുവന്‍ സംവിധാനങ്ങളും ഒന്നിച്ച് നിന്നിട്ടും ഈ പെണ്ണ് കീഴടങ്ങാന്‍ കൂട്ടാക്കിയില്ലല്ലോ? അങ്ങനെ തോറ്റുപോയവര്‍ ഇപ്പോള്‍ അവസാനവിജയം നേടുകയാണ്. ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്ന് പാടി പതാകയുയര്‍ത്തി സ്വാതന്ത്ര്യം ആഘോഷിക്കുന്നവരോട് സംഘപരിവാറിന്റെ മറുപടിയാണിത്.

ഫാഷിസം പകയുടെ പ്രത്യയശാസ്ത്രം കൂടിയാണ്. ഇന്ത്യന്‍ വലത് ഹിന്ദുത്വ അതിന്റെ രാഷ്ട്രീയ വേരുകള്‍ കണ്ടെടുത്തത് നാസിജര്‍മനിയില്‍ നിന്നും ഫാഷിസ്റ്റ് ഇറ്റലിയില്‍ നിന്നുമായിരുന്നല്ലോ? പ്രതീകങ്ങളിലൂടെയുള്ള പ്രതികാരം സ്‌റ്റേറ്റ് നിര്‍വഹിക്കുന്നതിന് ഫാഷിസ്റ്റ് ഇറ്റലിയില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. നാസി ജര്‍മനിയെ അപേക്ഷിച്ച് ജനാധിപത്യമെന്ന് തോന്നിപ്പിക്കുന്ന പലതും ഫാഷിസ്റ്റ് ഇറ്റലിയില്‍ ഉണ്ടായിരുന്നു. സുപ്രീം കോടതി ഒരുദാഹരണം. സ്‌റ്റേറ്റ്മാന്‍ഷിപ്പില്‍ വിശ്വസിക്കുകയും സ്‌റ്റേറ്റ്മാനിലൂടെ അതികരുത്തുള്ള സ്‌റ്റേറ്റ് ആവിഷ്‌കരിക്കുകയുമാണ് മുസോളിനി ഇറ്റലിയില്‍ ചെയ്തത്. ഇന്ത്യന്‍ ഹിന്ദുത്വയുടെ ആദ്യകാല നേതാക്കള്‍ ഇറ്റലിയുടെ തീവ്രദേശീയതയെ ആശ്ലേഷിച്ചവരായിരുന്നു. പ്രതീകങ്ങളിലൂടെയുള്ള പ്രതികാരമെന്നത് ഒരു ഇറ്റാലിയന്‍ നിര്‍മിതിയാണ്. ഗാന്ധിയെ വധിക്കാന്‍ നാഥുറാം ഗോഡ്‌സേ തിരഞ്ഞെടുത്തത് ഇറ്റാലിയന്‍ നിര്‍മിത ബരേറ്റ 9 എന്ന റിവോള്‍വറാണ്. അത് യാദൃച്ഛികമായിരിക്കാം. ചരിത്രം പക്ഷേ, ചില യാദൃച്ഛികതകളെ ചരിത്രപരമാക്കി പരിവര്‍ത്തിപ്പിക്കും. സ്വതന്ത്രഇന്ത്യയില്‍ ഹിന്ദുത്വ നടത്തിയ ആദ്യത്തെ പ്രതീക പ്രതികാരം ഗാന്ധിവധമായിരുന്നു. വിശദീകരിക്കാം.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദുത്വയ്‌ക്കോ ഇപ്പോഴത്തെ വിശാലസംഘപരിവാറിന്റെ ഭാഗമായ സംഘടനകള്‍ക്കോ പങ്കില്ല എന്ന വാദം പ്രബലമാണല്ലോ? ഹിന്ദുത്വയ്ക്ക് എതിരായി രംഗത്തുള്ളവര്‍ അത്യാവേശത്തോടെ ഇക്കാര്യം പ്രചരിപ്പിച്ചും പോരാറുണ്ട്. എന്നാല്‍ ആ വാദത്തില്‍ ചില അപകടങ്ങളുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുത്വധാര സജീവമായിരുന്നു. ഇന്ന് നാം സംഘപരിവാരം എന്ന് വിളിക്കുന്ന, ആര്‍ എസ് എസ് അമരത്തുള്ള ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ സ്വാതന്ത്ര്യം എന്ന യാഥാര്‍ത്ഥ്യത്തിലേക്കുള്ള വഴിയില്‍ പലരൂപത്തില്‍ ഉണ്ടായിരുന്നു. നാം വലിയ ശത്രുവിനെ നേരിടുമ്പോള്‍ ചെറിയ വീഴ്ചകള്‍ പാടില്ല എന്നതിനാലാണ് ഇത് പറയുന്നത്. വാസ്തവത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യം ആശയത്തിന്റെ പിറവിയിലും അതിന്റെ പ്രാരംഭ സംഘാടനത്തിലും മുന്നിട്ടു എന്നത് പില്‍ക്കാലത്ത് ഹിന്ദുത്വയായി പരിണമിച്ച മൂല്യങ്ങളാണ്. ലജ്പത് റായ്, ബാല ഗംഗാധര തിലകന്‍, ഗോഖലെ തുടങ്ങിയ പ്രാരംഭകര്‍ ഹിന്ദുത്വ മൂല്യങ്ങളുടെ പില്‍ക്കാല വരവിന് പലനിലകളില്‍ കാരണമായിട്ടുണ്ട്. മതപരിഷ്‌കരണ ശ്രമങ്ങളായി പലയിടത്തും പിറവിയെടുത്ത പ്രസ്ഥാനങ്ങള്‍ ഹിന്ദുമൂല്യങ്ങളുടെ പ്രചാരകരായിരുന്നു. സൂക്ഷ്മാര്‍ഥത്തില്‍ ഇന്ന് സംഘപരിവാരം മുന്നോട്ടു വെക്കുന്ന ഹിന്ദുരാഷ്ട്ര എന്ന ആശയത്തിന്റെ കിരണങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ മുന്നേറ്റത്തിന്റെ ആദ്യപടവുകളില്‍ എമ്പാടും ദൃശ്യമാണ്. നഗരങ്ങളെ കേന്ദ്രീകരിച്ച് മുന്നാക്ക ഹിന്ദുക്കളാണ് കോണ്‍ഗ്രസിനെ ചലിപ്പിച്ചിരുന്നത്. ജാതി ആചരിച്ചിരുന്നവരായിരുന്നു മിക്കവരും. മനുസ്മൃതി കൊള്ളാവുന്ന വ്യവസ്ഥയാണെന്ന് വിശ്വസിച്ചിരുന്ന കൂട്ടരും ധാരാളം. അക്കാലത്താണ് ഇന്ത്യന്‍ ദേശീയത പതിയെ രൂപപ്പെടുന്നത്. അതായത്, ബ്രിട്ടനെതിരെ പലനിലകളില്‍ 1857-ല്‍ ഉള്‍പ്പടെ നടന്ന സായുധമായ ചെറുത്തുനിൽപ്പുകള്‍ സൂക്ഷ്മാര്‍ഥത്തില്‍ ഒരു വിശാല സ്വാതന്ത്ര്യ പോരാട്ടമായിരുന്നില്ല. അതത് തദ്ദേശീയതയുടെ ചെറുത്തുനിൽപ്പോ അതിജീവനമോ ആയിരുന്നു. അത് ഒരു ഇന്ത്യന്‍ ദേശീയതയുടെ രൂപപ്പെടലിന് വഴിവെക്കും വിധം വിശാലവുമായിരുന്നില്ല. ഇപ്പറഞ്ഞതിനര്‍ഥം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തില്‍ ആ ചെറുത്തുനിൽപ്പുകള്‍ക്ക് ഒരു പ്രാധാന്യവും ഇല്ല എന്നല്ല. മറിച്ച് അതൊരു ദേശീയതയെ ഉത്പാദിപ്പിച്ചില്ല എന്നാണ്. അതേസമയം നഗരകേന്ദ്രിതമായി സവര്‍ണ-സമ്പന്ന മുന്‍കൈയില്‍ രൂപം കൊണ്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ പ്രാരംഭം മുതല്‍ ഒരു ഇന്ത്യന്‍ ദേശീയതാ സങ്കല്പത്തെ രൂപപ്പെടുത്തുന്നുണ്ട് അല്ലെങ്കില്‍ അതുണ്ടായി വരുന്നുണ്ട്. ഇന്നത്തെ ഹിന്ദുത്വയുടെ ഒട്ടുമിക്ക താല്‍പര്യങ്ങളോടും ചേര്‍ന്നുപോകുന്ന ഒന്നായിരുന്നു ആ ദേശീയത. അതായത് ബ്രിട്ടീഷ് ചരിത്രകാരന്മാരെ അന്ധമായി പിന്‍പറ്റിയ ഒരു ചരിത്രബോധം അവര്‍ സൂക്ഷിച്ചിരുന്നു. ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച െവെദേശിക കടന്നുകയറ്റക്കാര്‍ മുതലായ ചരിത്രവിരുദ്ധ നിര്‍മിതികളെ അക്കാല കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍പറ്റിയിരുന്നു. ഒരു ഹിന്ദു ഇന്ത്യയെ സാധ്യമാക്കും വിധമുള്ള പ്രവര്‍ത്തനങ്ങളുടെ ഛായ അക്കാല കോണ്‍ഗ്രസ് പരിശ്രമങ്ങളില്‍ തെളിഞ്ഞുകാണാം. ബ്രിട്ടനോടോ ബ്രിട്ടന്റെ അധിനിവേശത്തോടോ പ്രതിരോധരൂപത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നുമില്ല. മറിച്ച് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വേണമെന്ന നിവേദക സ്വഭാവത്തിലുള്ള അഭ്യര്‍ഥനകള്‍ ഉണ്ടാവുകയും ചെയ്തു. അക്കാലത്തെ ഹിന്ദുത്വയുടെ പ്രവര്‍ത്തകര്‍ അല്ലെങ്കില്‍ വക്താക്കള്‍ സമ്പൂര്‍ണമായിത്തന്നെ ബ്രിട്ടീഷ് വിധേയത്വം പുലര്‍ത്തുകയും ചെയ്തു. ഒരു സ്വാഭാവിക ഹിന്ദു ദേശീയത രൂപപ്പെട്ടു വന്നതിന്റെ കഥയാണ് പറഞ്ഞത്.

ഈ ദേശീയതയെ നെടുകെ പിളര്‍ത്തിയത് അല്ലെങ്കില്‍ മാരകമായി മുറിച്ചത് 1915-ല്‍ എത്തിയ ഗാന്ധിയാണ്. സവിശേഷമായ ഒരു വരവായിരുന്നു അത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ദാരിദ്ര്യം നേരിട്ടറിഞ്ഞിട്ടില്ലാത്ത, ഒരിന്ത്യന്‍ കര്‍ഷകനുമായി പോലും സൗഹൃദമില്ലാതിരുന്ന സമ്പൂര്‍ണ ഉപരിവര്‍ഗ ഹിന്ദു ആയിരുന്ന ഗാന്ധി ഇന്ത്യന്‍ ദരിദ്രനാരായണരുടെ പുതിയ നേതൃരൂപമായി മാറി. അനായാസം തൊഴിലാളികളെ സംഘടിപ്പിച്ചു. രാജ്യമൊട്ടാകെ കര്‍ഷക സമരങ്ങള്‍ നടത്തി. ഹിന്ദുത്വയുടെ പ്രധാന ബിംബമായിരുന്ന ഭഗവദ്ഗീതയെ സമ്പൂര്‍ണമായി ഏറ്റെടുത്ത് മതരഹിതമായി അവതരിപ്പിച്ചു. ആദ്യ കാല കോണ്‍ഗ്രസ് തീരെ പരിഗണിക്കാതിരുന്ന മുസല്‍മാന്റെയും പാഴ്‌സിയുടെയും മതജീവിതത്തെ സംബോധന ചെയ്തു. ഇന്ത്യന്‍ മുന്നേറ്റത്തിന്റെ മുഖ്യധാരയില്‍ മുസ്‌ലിം അടയാളപ്പെട്ടു. ഹിന്ദു ദേശീയത മാഞ്ഞുപോയി. പകരം ആധുനികതയുടെ കൊടിയടയാളമുള്ള പുതിയ ഗാന്ധിയന്‍ ദേശീയത വേരുപടര്‍ത്തി. മതേതര ബഹുസ്വര ഇന്ത്യയുടെ പിറവി. ആ പിറവിയാണ് ഹിന്ദുത്വയ്ക്ക് ഇന്ത്യയില്‍ ഏറ്റ ആദ്യത്തെ മാരക പ്രഹരം. അതോടെ സ്വാതന്ത്ര്യസമരത്തിന്റെ സര്‍വ മേഖലകളില്‍ നിന്നും അവര്‍ പിന്‍വാങ്ങി. സാധ്യമായപ്പോള്‍ എല്ലാം തുരങ്കം വെച്ചു. ഈ മതേതര ബഹുസ്വര ഇന്ത്യയുടെ അസ്തമയത്തോടെ ഉദിക്കാനായി അവര്‍ തീവ്ര ഹിന്ദു ദേശീയതയെ അട്ടത്ത് വെച്ചു. ഗാന്ധി വളര്‍ന്നു. ഇന്ത്യന്‍ ദേശീയതയുടെ പ്രതിപുരുഷനായി പടര്‍ന്നു. ഗാന്ധി ഇന്ത്യന്‍ മതേതര-ബഹുസ്വര ദേശീയതയുടെ പ്രതീകമായി. ആ പ്രതീകത്തെ ഹിന്ദുത്വ ഭയന്നു. അവര്‍ പകവീട്ടി. ഗാന്ധിയെ വധിച്ചു. തീവ്ര വലത് ഹിന്ദുത്വ സ്വതന്ത്രഇന്ത്യയോട് നടത്തിയ പ്രതികാരം. അവര്‍ ആഗ്രഹിച്ച വിധത്തില്‍ ഒരു രാഷ്ട്രം രൂപപ്പെടാത്തതിന് അവര്‍ ഗാന്ധിയെ വധിച്ചു.
സമാനമാണ് ഗുജറാത്ത് വംശഹത്യ. ഇന്ത്യ എന്ന ആശയത്തോടുള്ള സംഘപരിവാറിന്റെ പ്രതികാരം. ഇന്ത്യ എന്ന ആശയത്തെ മതേതര ജനാധിപത്യ റിപ്പബ്ലിക്കിലേക്ക് മാറ്റിപ്പണിത മഹാത്മാ ഗാന്ധിക്കുള്ള മറുപടി ഗാന്ധിയുടെ ജന്മമണ്ണില്‍ നല്‍കി സംഘപരിവാര്‍. ഇന്ത്യാചരിത്രത്തിലെ വലിയ മുറിവ്. ആ മുറിവിലേക്കാണ് 11 കുറ്റവാളികളെ തുറന്നുവിട്ട് സംഘപരിവാര്‍ മുളക് തൂകുന്നത്. അതും മറുപടിയാണ്. പ്രതികാരമാണ്. നോക്കൂ, എട്ടു പേരെ കൊന്ന, ബില്‍ക്കീസിനെ കൂട്ട ബലാല്‍സംഗം ചെയ്ത പ്രതികള്‍ക്ക് തുറവി. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസിലെ ജീവപരന്ത്യം അവസാനിക്കുന്നു. വധശിക്ഷയായിരുന്നു സി.ബി.ഐ ആവശ്യപ്പെട്ടത്. നല്‍കിയില്ല. ‘We do agree that it is a rare massacre manifesting ugly animosity and hostility,’ they noted. But the accused are not ‘history-sheeters or hard-core criminals’. എന്നായിരുന്നു കോടതിയുടെ മറുപടി. ഹര്‍ഷ് മന്ദിര്‍ എഴുതുന്നു: “In a stark but telling coincidence, the day after the Bilkis Bano ruling, the Supreme Court upheld death penalty for the men convicted for the gruesome gang-rape and murder of Jyoti Singh Pandey, the paramedical student in Delhi, on 16 December 2012 much to the country’s jubilation. Th e judges described this as a ‘barbaric crime’ that created a ‘tsunami of shock’. It is hard to understand why one crime, in which infant children were smashed against rocks and killed, eight people were gang-raped and 14 people killed in a frenzy of mob hate, was less grievous than the other. Surely, the learned bench was not suggesting that the “boiling for revenge’ after the Godhra train burning created a context that somehow mitigated the hate crimes that followed?’ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാത്തതിനെക്കുറിച്ച് ബില്‍ക്കീസ് ബാനുവിന്റെ പ്രതികരണവും കേള്‍ക്കാം: “I do not seek revenge. I seek justice.’ അത്രേ ഉള്ളൂ. പക്ഷേ, വലത് ഹിന്ദുത്വ അവരോട് പ്രതികാരം തന്നെ ചെയ്തു. ആ പ്രതികാരത്തോട് ബില്‍ക്കീസ് ഇങ്ങനെയാണ് പ്രതികരിച്ചത്: “how can justice for any woman end like this? I trusted the highest courts in our land. I trusted the system, and I was learning slowly to live with my trauma.’
നാം ശിരസ് കുനിക്കേണ്ടിയിരിക്കുന്നു. അത്രകാലം തന്നെ അറിയുന്ന, കുഞ്ഞിലേ കാണുന്ന അയല്‍ക്കാര്‍ പേടിച്ചരണ്ട് വഴിമുട്ടി നിന്ന തന്റെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞ്, തല തകര്‍ന്ന് മരിച്ചുകിടക്കുന്ന തന്റെ പൊന്നുമോളുടെ ചോരയിലേക്ക് വീഴ്ത്തിയവര്‍. ആ ചോരയില്‍ കിടത്തി തന്നെ മാറിമാറി ബലാത്സംഗം ചെയ്തവര്‍… അവര്‍ വരുന്നു. അവര്‍ സ്വീകരിക്കപ്പെടുന്നു. അവരുടെ ബ്രാഹ്‌മണ്യം വാഴ്ത്തപ്പെടുന്നു. അവളിനി എന്തു ചെയ്യണം. ഏതറ്റം വരെ ഓടണം. നിര്‍ഭയ കേസില്‍ എന്ന പോലെ ഈ രാജ്യം ഒറ്റക്കെട്ടായി നഗരങ്ങളില്‍ എഴുന്നേറ്റു നിന്ന് അരുത് എന്ന് അലറേണ്ട കാലമാണിത്.

കെ കെ ജോഷി

You must be logged in to post a comment Login