നോക്കൂ അവന്റെ മാതാപിതാക്കളോട് നമ്മളെന്തു പറയും

നോക്കൂ അവന്റെ മാതാപിതാക്കളോട് നമ്മളെന്തു പറയും

ഇന്ത്യാരാജ്യം വലിയ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങൾ, വികസനോന്മുഖ പ്രവർത്തനങ്ങൾ അങ്ങനെ പല നിലക്കും വൻ പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ മനോഗതി മാത്രം മാറിയിട്ടില്ല. നൂറു വർഷങ്ങൾക്ക് മുമ്പ് എന്റെ പിതാവിന് സംഭവിച്ചത് ഇപ്പോൾ ആവർത്തിച്ചിരിക്കുന്നു. അന്ന് എന്റെ പിതാവ് അതിജീവിച്ചെങ്കിലും ഇന്ന് ഒമ്പതുവയസ്സുള്ള ആ ആൺകുട്ടി കൊല്ലപ്പെട്ടിരിക്കുന്നു.

1922ലാണ് സ്കൂളിൽ വെച്ച് എന്റെ പിതാവിന് ദുരനുഭവമുണ്ടായത്. ഹിന്ദുക്കൾക്ക് വേണ്ടിയുള്ള കുടത്തിൽ നിന്നും വെള്ളം കുടിക്കാൻ അച്ഛന് അനുവാദമില്ലായിരുന്നു. പക്ഷേ, അദ്ദേഹം കുടിച്ചു. 1922 ആണ്. അന്ന് രാജ്യം സ്വതന്ത്രമായിട്ടില്ല. ഇന്നങ്ങനെയല്ല. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. പരമോന്നത രാഷ്ട്രത്തിലെ പൗരന്മാർ സ്വാതന്ത്ര്യം നേടിയിട്ട് എഴുപത്തഞ്ച് വർഷങ്ങൾ പിന്നിട്ടു എന്നർഥം.

അവന്റെ പ്രായം ഒമ്പത് വയസ്സാണെന്നതാണ് എന്നെ ഞെട്ടിപ്പിക്കുന്നത്. ഒരു ദളിതനെ തല്ലിച്ചതച്ചതിൽ ഏറെ ദുഃഖമുണ്ട്. എന്നാണ് നമുക്കിനി ദളിതനെ മനുഷ്യനായി കാണാനാവുക? ഒരു വലിയ വിഭാഗം ഇന്ത്യക്കാർ ചെറിയ പ്രായം മുതലേ എങ്ങനെയാണ് മനുഷ്യത്വരഹിതരാകുന്നത്? അവരുടെ മനസ്സിൽ വിവേചനം, വിദ്വേഷം, അക്രമം, കോപം എന്നിവ കുത്തിവെക്കപ്പെടുകയാണ്. ചെറുപ്രായം മുതൽ വിഷലിപ്ത മനസ്സുമായി അവർ വളരുന്നു. അവർക്ക് ദളിതർ മനുഷ്യരല്ല. എന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നു. ഈ അവസ്ഥ തുടരുന്നത് ശരിയല്ല.

പ്രതിഷേധിക്കേണ്ടത് ദളിതർ മാത്രമല്ല
ഇത്തരം അക്രമങ്ങളിൽ ദളിതരല്ലാത്തവർ എത്ര വേഗമാണ് കൈകഴുകുന്നത്. ദളിതരല്ലാത്തവരാണ് ഇവിടെ പരാജയപ്പെടുന്നത്. വാസ്തവത്തിൽ ആ അധ്യാപകൻ ഉൾപ്പെടുന്ന സമൂഹവും ദളിതരല്ലാത്ത മറ്റു സമൂഹങ്ങളും ജലോറിൽനിന്ന് ജയ്പൂരിലേക്ക് സമാധാനമാർച്ച് നടത്തണം. ഇന്ന് മുതൽ ഞങ്ങളൊരു ദളിതനെ അക്രമിക്കില്ലെന്നും ദളിതരെ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുമെന്നും അവർ പ്രതിജ്ഞയെടുക്കണം. അതാണ് സമൂഹം എന്നതിന്റെ അർഥം. ഉത്തരവാദിത്വം. ഉന്നതമായ സംസ്കാരത്തെക്കുറിച്ചും അത്യുന്നതമായ നാഗരിഗതയെക്കുറിച്ചും നമ്മൾ നിരന്തരം സംസാരിക്കുന്നു. നമ്മുടെ ചുറ്റുമുള്ള മനുഷ്യരെപ്പോലും മനുഷ്യരായി കാണാനുള്ള സംസ്കാരവും നാഗരികതയും നാം കാണിക്കേണ്ടതല്ലേ.

ഇത്തരം ഭയാനകമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ പറയുന്നു: “എന്തുകൊണ്ട് ദളിതുകൾ രാജിവെക്കുന്നില്ല. എന്തുകൊണ്ട് ദളിത് നേതൃത്വം പ്രതികരിക്കുന്നില്ല.’ ദളിതുകളെ അക്രമിക്കുമ്പോൾ ദളിതുകൾ പ്രതികരിക്കണമെന്നത് കേവല യുക്തിയാണ്. എന്റെ വീക്ഷണത്തിൽ ദളിതരല്ലാത്തവരാണ് പ്രതികരിക്കേണ്ടത്. പ്രതിഷേധിക്കേണ്ടത്. ദളിതിതര നേതാക്കളാണ് മുന്നിട്ടിറങ്ങേണ്ടത്. പരിഹാര നടപടികൾക്കായി മുറവിളി കൂട്ടേണ്ടത്.

ഞാനും ജാതി വിവേചനം നേരിട്ടു
ഒരു മഹാന്റെ മകളായതുകൊണ്ടൊന്നും ജാതിവിവേചനം കുറയില്ല. ബാബു ജഗ്ജീവൻ റാമിന്റെ മകളാണ് ഞാൻ. ബാബു ജഗ്ജീവൻ റാം ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ദളിത് നേതാവുമായിരുന്നു. അതിനാൽ മറ്റു പെൺകുട്ടികൾ എന്നിൽ അഭയം തേടിയിരുന്നു. എന്റെ പിതാവിനും മാതാവിനും കുടുംബാംഗങ്ങൾക്കും നേരിടേണ്ടിവന്ന വിവേചനങ്ങൾ എനിക്കും നേരിടേണ്ടിവന്നു.
പലരും എന്നെ സത്കരിക്കാനായി വീട്ടിലേക്ക് ക്ഷണിക്കാറുണ്ട്. പക്ഷേ, ആ കുടുംബത്തിലെ എല്ലാവർക്കും ഞാൻ സ്വീകാര്യയായിരുന്നില്ല. അടുക്കളയിൽനിന്ന് “എന്തിനാ അവളെ ക്ഷണിച്ചത്. ഏത് ചായക്കപ്പിലാ അവൾക്ക് നൽകേണ്ടത്’ തുടങ്ങിയ മുറുമുറുപ്പുകൾ കേൾക്കാമായിരുന്നു.
ലണ്ടനിൽ വെച്ചുണ്ടായ അനുഭവം നോക്കൂ. അവിടെ ഞാൻ ഫോറിൻ സർവീസ് ഓഫീസറായി നിയമിക്കപ്പെട്ട് ഒരു വീട് അന്വേഷിക്കുകയായിരുന്നു. കേരളത്തിൽനിന്നുള്ള ജേക്കബ് എന്ന വ്യക്തിയെ കണ്ടുമുട്ടി. 25 വർഷമായി അദ്ദേഹം ലണ്ടനിലാണ്. വീട് വാടകയ്ക്ക് നൽകാൻ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. ഞാൻ വീട് സന്ദർശിച്ചു. എനിക്ക് ഇഷ്ടപ്പെട്ടു. ഔപചാരികതയൊക്കെ തീർന്ന് പോകാൻ നേരം അദ്ദേഹം ചോദിച്ചു: നിങ്ങൾ ബ്രാഹ്മണനാണോ?
ഞാൻ പറഞ്ഞു: “അല്ല, ഞാൻ പട്ടികജാതിക്കാരിയാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടോ?’
അദ്ദേഹം ഇല്ലെന്ന് പറഞ്ഞെങ്കിലും എനിക്ക് വീട് തന്നില്ല. എന്റെ ജാതിയെക്കുറിച്ചറിയാൻ അയാൾ ആഗ്രഹിച്ചത് എനിക്ക് വിചിത്രമായി തോന്നി. എല്ലായിടത്തുമുണ്ട് ഇത്തരം സമീപനങ്ങൾ. അനേകം ആളുകളുടെ മനസ്സ് വിഷലിപ്തമാണ്. അത് അവരെ മനുഷ്യത്വമില്ലാതാക്കിയിരിക്കുന്നു. മനസ്സാക്ഷി പൂർണമായും ഇല്ലാതായ ഇവർ ഏറെ ആശങ്കകളുണ്ടാക്കുന്നു.

ജാതിയുടെ ഉന്മൂലനം
ദളിതർ എപ്പോഴും ഇരകളാണ്. അവരുടെ അവസ്ഥ ആശങ്കാജനകമാണ്. പക്ഷേ ഈ ക്രൂരത ചെയ്യുന്നവരുടെ മാനസികാവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ. ദളിതർ കഷ്ടപ്പെടുന്നുവെന്ന് എല്ലാവരും പറയുന്നു. അതെ അവർ കഷ്ടപ്പെടുന്നു. അതിന്റെ വിലയാണ് അവർക്ക് നൽകേണ്ടിവരുന്നത്. സമൂഹത്തിന്റെ കണ്ണിൽ അവർ അവഗണനയുടെ പടുകുഴിയിൽ വീണിരിക്കുന്നു.
ജാതി വ്യവസ്ഥ സമ്പൂർണമായി ഉന്മൂലനം ചെയ്യാൻ ഇതുവരെ ആരും തയാറായിട്ടില്ല. എന്റെ അച്ഛൻ അതിന്ന് സന്നദ്ധനായി. 1956-57 കാലത്ത് അദ്ദേഹം റെയിൽവേ മന്ത്രിയായിരുന്നു. അക്കാലത്ത് സ്റ്റേഷനുകളിൽ കുപ്പിവെള്ളം വിൽക്കുന്നവർ ഇല്ലായിരുന്നു. വെള്ളപ്പാത്രങ്ങളുണ്ട്. അതിലൂടെ യാത്രക്കാർക്ക് വെള്ളം നൽകും. ഈ പാത്രങ്ങൾ കൈകാര്യം ചെയ്തവരെല്ലാം ബ്രാഹ്മണരായിരുന്നു. അവരെ “പാനിപാണ്ടേ’ എന്നാണ് വിളിച്ചിരുന്നത് അവർ ബ്രാഹ്മണരായതിനാൽ കുടിവെള്ളവിതരണം ആരും എതിർത്തില്ല.

റെയിൽവേ ജോലിക്കാരായ പാനിപാണ്ടെകൾക്ക് അച്ഛൻ മറ്റൊരു ജോലി നൽകി. അവരുടെ സ്ഥാനത്ത് പാനിപാണ്ടേമാരായി വാൽമീകിമാരെ പ്രതിഷ്ഠിച്ചു. ഇന്ത്യയിലെ എല്ലാ സ്റ്റേഷനുകളിലും വാൽമീകിമാർ വെള്ളപ്പാത്രങ്ങൾ കൈകാര്യം ചെയ്തു. അതോടെ എല്ലാവരും അച്ഛനെതിരെ തിരിഞ്ഞു. അധിക്ഷേപിച്ചു. പക്ഷേ, അച്ഛൻ വഴങ്ങിയില്ല. ജാതിവ്യവസ്ഥയെ തുടച്ചുനീക്കാനുള്ള വലിയൊരു മാർഗമായിരുന്നു അത്. വലിയൊരു ചുവടുവെപ്പ്.

ഹോസ്റ്റലിലെ ഭക്ഷണം
സ്വന്തം മാതാപിതാക്കളിൽ നിന്നാണ് കുട്ടികൾ പഠിക്കുക. എന്റെ മാതാപിതാക്കൾ ജാതീയ അധിക്ഷേപങ്ങൾക്കും വിവേചനങ്ങൾക്കും ഇരയായിക്കൊണ്ടേയിരുന്നതിനാൽ എനിക്ക് ലഭിച്ച പഠനങ്ങൾ വ്യത്യസ്തമായിരുന്നു. ആളുകൾ ഞങ്ങളോട് സംസാരിക്കുന്ന രീതിയിൽനിന്നുതന്നെ ഞങ്ങൾ മറ്റുള്ളവരിൽനിന്നും വ്യത്യസ്തരാണെന്ന് മനസ്സിലാക്കാമായിരുന്നു.

എന്റെ അമ്മ ഇന്ദ്രാണി ദേവിക്ക് ഹോസ്റ്റലിൽ ഡൈനിംഗ് ഹാളിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ലായിരുന്നു. പലപ്പോഴും പോർട്ടിക്കോയിൽ നിലത്തിരുന്ന് കഴിക്കേണ്ടിവന്നു. ബനാറസ് ഹിന്ദു സർവകലാശാലയിലെ സമാനമായ അനുഭവം അച്ഛനുമുണ്ടായി. ഡൈനിംഗ് ഹാളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. അച്ഛൻ ഹോസ്റ്റലിൽനിന്ന് മാറി മുറി വാടകക്ക് കിട്ടുമോ എന്നന്വേഷിച്ചു. ശങ്കർ ഉലേക്കർ എന്ന ദളിത് വിദ്യാർഥി സ്വന്തമായി ഭക്ഷണം പാകം ചെയ്യുകയും സ്വന്തം പാത്രം കഴുകുകയും ചെയ്യുന്നുണ്ട്. നിങ്ങളും അങ്ങനെ ചെയ്തോളൂ എന്നായിരുന്നു കിട്ടിയ സന്ദേശം.
അതിനച്ഛൻ സമ്മതിച്ചില്ല. പാചകം ചെയ്യലും പാത്രങ്ങൾ കഴുകലും തൂത്തുവാരലുമല്ല അച്ഛന്റെ പ്രശ്നം. ഹോസ്റ്റലിൽ അങ്ങനെ ചെയ്താൽ താൻ വ്യത്യസ്തനാണെന്ന അപകർഷതാബോധം പഠനത്തെ ബാധിക്കും എന്നതാണ്.

ഒടുവിൽ അച്ഛൻ സ്ഥലം മാറി മറ്റൊരു മുറിയെടുത്ത് അഡ്വാൻസ് കൊടുത്തു. മുറിപൂട്ടി അമ്മയെ കൂട്ടിക്കൊണ്ടുവരാൻ പോയി. തിരികെ എത്തിയപ്പോൾ വീട്ടുടമസ്ഥൻ പറഞ്ഞു. നീ ദളിതനാണെന്ന് എന്തേ പറയാതിരുന്നത്. നിനക്ക് മുറി തരാനാവില്ല.

ഞാൻ അഡ്വാൻസ് തന്നിട്ടാണ് റൂം പൂട്ടിയതെന്നും അനുവദിച്ചില്ലെങ്കിൽ തല്ലുമെന്നും പറഞ്ഞ് ശബ്ദമുയർത്തിയപ്പോഴാണ് അയാൾ ഭയന്ന് അനുവദിച്ചത്.
അച്ഛന്റെ ജാതി അറിഞ്ഞ ബാർബർമാർ മുടിവെട്ടാൻ വിസമ്മതിച്ചു. മുടിവെട്ടിയില്ലെങ്കിൽ ഞങ്ങളുടെ സേവനം നിങ്ങൾക്കുമുണ്ടാവില്ലെന്ന് ആ പ്രദേശത്തെ ദളിതരെ എല്ലാം സംഘടിപ്പിച്ച് അച്ഛൻ താക്കീത് ചെയ്തു.

എന്തിന് രാജ്യസേവനം
ഈ കഥകൾ അച്ഛൻ പറയുമ്പോൾ ഞാൻ തീരെ ചെറുപ്പമായിരുന്നു. അച്ഛന് ഒരിക്കലും ഈ നീതികേടുകൾ അംഗീകരിക്കാനാവില്ലെന്ന് ഞാൻ മനസ്സിലാക്കി. പരിഹാരങ്ങൾ കണ്ടെത്തി മറികടക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

“ഈ രാജ്യം എനിക്കും നിങ്ങൾക്കും നിരന്തരം വിവേചനം മാത്രമാണ് നൽകിയത്. പിന്നെന്തിനാണ് നിങ്ങൾ ഈ രാജ്യത്തിനുവേണ്ടി പോരാടിയത്’ ഒരിക്കൽ ഞാനിത് അച്ഛനോട് ചോദിച്ചു.
അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഞാൻ ഒരു സ്വാതന്ത്ര്യസമരസേനാനിയായത് സ്വതന്ത്ര ഇന്ത്യ കാണാൻ ആഗ്രഹിച്ചതുകൊണ്ടാണ്. ഈ ദിനങ്ങൾ മാറി നമ്മുടെ ദിനങ്ങൾ വരും.’
ജലോറിൽ സംഭവിച്ചത് കാണാൻ അദ്ദേഹം ജീവിച്ചിരിക്കാത്തത് എത്ര നല്ലത്. കാരണം നൂറു വർഷം മാറിയിട്ടും ഇന്ത്യ മാറിയിട്ടില്ല. കാര്യങ്ങൾ മാറിയിട്ടില്ല.

ഭരണഘടന ജാതി നിർത്തലാക്കട്ടെ
ഒന്നും മാറുന്നില്ല. ഹത്രാസ്, ജലോർ സംഭവങ്ങൾ കുറച്ചുകാലത്തേക്ക് വാർത്തകളുടെ തലക്കെട്ടാവും. പിന്നെയും തുടരും. ജാതിവ്യവസ്ഥ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. എങ്കിലും അതൊരു സാമൂഹിക പ്രശ്നം മാത്രമല്ല. മതവേരുകൾ കൂടെ ഉണ്ടതിന്. മതത്തിൽ വേരൂന്നിയിട്ടുണ്ടെങ്കിൽ അത് ഇല്ലാതാക്കാൻ നല്ല സമയമെടുക്കും.

രാജ്യത്തിന്റെ ഭരണഘടനയിൽ ജാതിവ്യവസ്ഥ തുടച്ചുനീക്കുമെന്ന് ഒരിടത്തുമില്ല. അമേരിക്കൻ ഭരണഘടനനോക്കൂ. അവിടെ ഏറ്റവും പ്രശ്നമായിരുന്നത് അടിമത്തമാണ്. അതിനാൽ ഭരണഘടനയിൽ അടിമത്തം നിർത്തലാക്കുന്നുവെന്ന് വ്യക്തമായി പറയുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ജാതിവ്യവസ്ഥയെ പാടേ നിർത്തലാക്കിയാണ് ഭരണഘടന ഉണ്ടാവേണ്ടത്. പക്ഷേ അതുണ്ടായില്ല.
ഞങ്ങൾക്ക് സംവരണം നൽകപ്പെട്ടിരിക്കുന്നു. എല്ലാ കാലത്തും സംവരണ വിഭാഗമായി കണക്കാക്കുന്നതിന് പകരം പിന്നാക്കം നിൽക്കാനുള്ള മൂലകാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയായിരുന്നു വേണ്ടത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ എക്സിക്യൂട്ടീവും പാർലമെന്റും നയം വ്യക്തമായി പറയുമായിരുന്നു.

ജാതി അക്രമങ്ങൾ രാഷ്ട്രീയമല്ല
മനുഷ്യൻ അക്രമിക്കപ്പെട്ടു എന്നതാണ് വസ്തുത. ഇത് രാജസ്ഥാനിലോ യു പിയിലോ ഉത്തരാഖണ്ഡിലോ എവിടെ നടന്നാലും അവിടെ ആര് ഭരിക്കുന്നു എന്നത് അപ്രധാനമാണ്. രാഷ്ട്രീയവത്കരിക്കുന്നതോടെ കാര്യത്തിന്റെ ഗൗരവം നഷ്ടപ്പെടുകയാണ്. നമ്മുടെ ചിന്താഗതി മാറ്റുകയാണ് വേണ്ടത്.
അവൻ ചെറിയ കുട്ടിയായിരുന്നു. നോക്കൂ.. സമൂഹം അവനെ കൊന്നു. ജാതിവ്യവസ്ഥ അവനെ കൊന്നു. ഇനിയും ഇത് തുടർന്നാൽ ഭാവിയിൽ എത്ര കുട്ടികൾ കൊല്ലപ്പെടുമെന്നോർക്കുക. അവന്റെ പ്രായം ഒമ്പതാണ്. നിങ്ങളുടെ ഒമ്പത് വയസ്സുള്ള മകനെ മനസ്സിലോർക്കുക. അവന്റെ മാതാപിതാക്കളോട് നമ്മളെന്തുപറയണം?

മീരാ കുമാർ

(ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കറാണ് 15-ാം ലോക്സഭാ സ്പീക്കറായ ലേഖിക).
കടപ്പാട്: ദ ക്വിന്റ്
വിവ. എബി

You must be logged in to post a comment Login