അടിമയായിരിക്കുന്നതിന്‍റെ സുഖം

ADIMA
“ഉറപ്പ്, ഞാനൊരു അടിമ മാത്രം. (യജമാനഭാവത്തില്‍) ചാരിയിരുന്ന് ഞാനൊന്നും തിന്നാറില്ല. ഉറപ്പ്, ഞാന്‍ അല്ലാഹുവിന്റെ അടിമ മാത്രം. അടിമകള്‍ ഭക്ഷിക്കാനിരിക്കും പോലെ ഞാന്‍ ഇരുന്ന് ഭക്ഷിക്കുന്നു.” (തിര്‍മുദി).
ഇബ്നു അത്വാഇല്ലാഹി സ്സിക്കന്ദരി(റ)
വിവ. സ്വാലിഹ്

അല്ലാഹുവിന്റെ അടിമയാവുന്നതിനെക്കാള്‍ ഔന്നത്യം മറ്റേതിനുണ്ട്? മറ്റെല്ലാം ആ ദാസ്യത്തിന്റെ താഴെ വരുന്നത് മാത്രമാണ്. ഖുര്‍ആന്‍ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട് പലപ്പോഴും:
“തന്റെ ദാസനെ രാത്രിയില്‍ പ്രയാണം ചെയ്യിപ്പിച്ചവന്‍ പരിശുദ്ധന്‍.” (ഇസ്രാഅ്/01)
“നമ്മുടെ ദാസനുമേല്‍ നാം അവതരിപ്പിച്ചത്”. (അന്‍ഫാല്‍/41)
“കാഫ്ഹായാ ഐന്‍ സ്വാദ്, തന്റെ ദാസന്‍ സകരിയ്യായെ താങ്കളുടെ നാഥന്‍ അനുഗ്രഹിച്ചതിന്റെ സ്മരണ. (മര്‍യം 1,2)
“അല്ലാഹുവിന്റെ ദാസന്‍ അവനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് എഴുന്നേറ്റു നിന്ന സന്ദര്‍ഭത്തില്‍.” (ജിന്ന്/19)
തന്റെ ഇഷ്ടന്‍മാര്‍ക്കെല്ലാം അല്ലാഹു കൊടുത്തിട്ടുള്ള വലിയ ഓശാരങ്ങളിലൊന്ന് ദാസ്യപ്പദവിതന്നെയാണ്. മുത്തുനബിയും ആ ദാസ്യത്തിന് തന്നെയാണ് പൂതിവെച്ചത്. അവിടുന്ന് ഒരിക്കല്‍ പറഞ്ഞല്ലോ :
“ഉറപ്പ്, ഞാനൊരു അടിമ മാത്രം. (യജമാനഭാവത്തില്‍) ചാരിയിരുന്ന് ഞാനൊന്നും തിന്നാറില്ല. ഉറപ്പ്, ഞാന്‍ അല്ലാഹുവിന്റെ അടിമ മാത്രം. അടിമകള്‍ ഭക്ഷിക്കാനിരിക്കും പോലെ ഞാന്‍ ഇരുന്ന് ഭക്ഷിക്കുന്നു.” (തിര്‍മുദി).

  യജമാനന്റെ മുന്നിലിരുന്ന് സകലമാന വിധേയത്വവും പ്രകടിപ്പിച്ച്, അടിമ ഭക്ഷിക്കാനിരിക്കും പോലെയാണ് മുത്തുനബിയും ഇരുന്നത്. ഒറ്റക്കാലില്‍ ചമ്രം പടിഞ്ഞ്, തലകുനിച്ചിരുന്ന് മൂന്നു വിരലുകളില്‍ കോരിയെടുക്കാവുന്ന അളവു മാത്രം വായിലേക്ക്… ശരീരഭാഷകളിലും ദാസ്യത്വം നിലനിര്‍ത്താനാണ് മുത്തുനബിക്കിഷ്ടം. ‘ദാസന്‍’ എന്നതിനെക്കാള്‍ മുന്തിയ ഒരു പേരുണ്ടായിരുന്നെങ്കില്‍ അപ്പേരിലായിരിക്കും മുത്തുനബിയെ അല്ലാഹു വിളിക്കുക. അങ്ങനെ ഉണ്ടായില്ല. മനുഷ്യരാശിയുടെ നേതൃപദവി നല്കിയനുഗ്രഹിക്കപ്പെട്ടപ്പോഴും മുത്തുനബി പറഞ്ഞു: “ഞാന്‍ ആദം പുത്ര•ാരുടെ സയ്യിദാണ്. എന്നാല്‍ എനിക്കതില്‍ അഭിമാനം തോന്നുന്നില്ല.” (മുസ്ലിം). ഗുരു അബുല്‍ അബ്ബാസില്‍ മര്‍സി (റ) വിശദീകരിച്ചതിങ്ങനെ: “വലാ ഫഖ്റ = ഈ നേതൃത്വത്തില്‍ ഞാനഭിമാനിക്കുന്നില്ല, എന്റെ അഭിമാനം അല്ലാഹുവിന്റെ ദാസ്യത്തിലാണ്. അവന്റെ അടിമയെന്നു പറയുന്നതാണ് എനിക്ക് സന്തോഷം. ദൈവദാസനായിരിക്കാന്‍ വേണ്ടിയാണ് എനിക്ക് അസ്തിത്വം നല്‍കിയിരിക്കുന്നത്.”
അല്ലാഹു പറഞ്ഞല്ലോ:
“ജിന്നു മനുഷ്യവര്‍ഗത്തെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.; അവരെന്നെ പരമമായി വണങ്ങാനായിട്ടല്ലാതെ.” വണക്കം ദാസന്റെ പുടവയാണ്; പുടവക്കകത്തുള്ളത് ദാസ്യമാണ്; ഉബൂദിയ്യത്ത്.

    ഇഷ്ടങ്ങളെ യജമാനനുവേണ്ടി ത്യജിക്കുമ്പോഴാണ് ദാസനാകുക. യജമാനന്‍ ഉണ്ടായിരിക്കെ, തനിക്കു വേണ്ടി താനൊന്നും ആസൂത്രണം ചെയ്യാതിരിക്ക. എല്ലാം അയാള്‍ യജമാനനു വിട്ടുകൊടുക്കും. അരുതായ്മകളെ വെടിയുന്നത് മാത്രമല്ല, ദാസ്യം പരീക്ഷിക്കാന്‍ ചിലപ്പോള്‍ ഹിതകരമായതുപോലും ഒഴിവാക്കാന്‍ പറഞ്ഞെന്നു വരും. നമ്മുടെ നേതാക്കളായ അബൂബക്കര്‍, ഉമര്‍(റ) എന്നിവരുടെ വിധേയത്വത്തിന്റെ ഒരു രംഗമിതാ:
അബൂബക്കര്‍(റ) വിശുദ്ധ ഖുര്‍ആന്‍ ഓതുകയാണ്. വളരെ പതിഞ്ഞ സ്വരത്തിലാണ് ഓത്ത്. ഉമര്‍(റ)വും ഖുര്‍ആന്‍ ഓത്തിലാണ്. ഉയര്‍ന്ന ശബ്ദത്തിലാണ് അദ്ദേഹം ഓതുന്നത്. ഇരുവരുടെയും ഓത്ത് ശ്രദ്ധിച്ച ശേഷം മുത്തുനബി അബൂബക്കറിനോട് ചോദിച്ചു: “എന്താണിത്ര പതിഞ്ഞ സ്വരത്തില്‍?”
“ഞാന്‍ സംസാരിക്കുന്നത് ആരോടാണോ അവന്‍ കേള്‍ക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.”
പിന്നെ മുത്തുനബി ഉമറിനോട്: “എന്താണിത്ര ഉറക്കെ?”
“ഉറക്കത്തില്‍ നിന്നുണരുകയും ശൈത്വാനെ ആട്ടിയകറ്റുകയുമാണ് ഞാന്‍.”
രണ്ടും കേട്ടു കഴിഞ്ഞ മുത്തുനബി അബൂബക്കറിനോട് അല്പം കൂടി ശബ്ദമുയര്‍ത്താനും ഉമര്‍(റ)നോട് ഒച്ചയല്പം കുറയ്ക്കാനും നിര്‍ദ്ദേശിച്ചു. സംഭവത്തെക്കുറിച്ച് ഗുരു അബുല്‍ അബ്ബാസില്‍ മര്‍സി(റ) പറയുന്നതിങ്ങനെയാണ്: “ഇവിടെ, ഇരുവരുടെയും സ്വന്തം ശരികളെ തിരുത്തി, തന്റെ ശരിക്ക് വിധേയപ്പെടുത്തുകയാണ് മുത്തുനബി. അതാണ് ദാസ്യം. സ്വേഛയെ ഹനിക്കുക.”

   ബനൂ ഇസ്രയേല്യര്‍ക്ക് മരുഭൂമിയിലെത്തിയപ്പോള്‍ മന്നയും സല്‍വയും അന്നമായി നല്‍കി. അല്ലാഹു അവര്‍ക്ക് തിരഞ്ഞെടുത്ത ഭക്ഷണമായിരുന്നു അത്. അവര്‍ക്കതില്‍ യാതൊരു അധ്വാനക്ളേശങ്ങളുമില്ലായിരുന്നു. എങ്കിലും ശീലങ്ങള്‍ അവരെ വഴിതെറ്റിച്ചു. അല്ലാഹുവിന്റെ തെരഞ്ഞെടുപ്പ് അവര്‍ വിസമ്മതിച്ചു. അവര്‍ക്ക് മന്നും സല്‍വയും ഇഷ്ടമായില്ല. “താങ്കളുടെ നാഥനോട് പ്രാര്‍ത്ഥിക്ക; ഭൂമി മുളപ്പിക്കുന്നവ ഞങ്ങള്‍ക്ക് അവന്‍ ഉത്പാദിപ്പിക്കട്ടെ. ചീര, വെള്ളരി, ഗോതമ്പ്, പയര്‍, ഉള്ളി തുടങ്ങിയവ.” (02/61)

    മൂസാ (അ) തിരിച്ചു ചോദിച്ചു: “ഉത്തമമായത് കിട്ടിയിട്ട് അധമമായതാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത്?” അല്ലാഹു തിരഞ്ഞെടുത്തു നിര്‍ദ്ദേശിച്ചതാണ് മന്നയും സല്‍വയും. ശീലങ്ങളെ അവ അലോസരപ്പെടുത്തുമെങ്കിലും അവ തന്നെയല്ലേ ഉത്തമം? അവര്‍ക്ക് കഴിച്ചു ശീലമുള്ളതാണ് അവരാവശ്യപ്പെട്ട പച്ചക്കറികള്‍. പക്ഷേ, അല്ലാഹുവിന്റെ ആസൂത്രണത്തിനെതിരെ ആ ശീലങ്ങളെ അവരുയര്‍ത്തിയപ്പോള്‍ അവ അധമമായിത്തീര്‍ന്നു. മൂസാനബി(അ) താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞു: “നിങ്ങള്‍ വല്ല നഗരത്തിലും പാര്‍ത്തോളൂ. ചോദിക്കുന്നത് നിങ്ങള്‍ക്ക് അവിടെ കിട്ടും”. നാഗരിക ജീവിതരീതിയുടെ പ്രത്യാഘാതമായിട്ടാകണം അവര്‍ക്കു മേല്‍ അപമാനവും അധമത്വവും വന്നു വീണു. അല്ലാഹുവിന്റെ കോപത്തിന് അവര്‍ വിധേയരായി. യജമാനന്റെ ഇഷ്ടം നോക്കാത്തതാണ് കാരണം. അവന്‍ അവന്റെ യോഗ്യതക്കനുസരിച്ച് ഒരു മെനു തിരഞ്ഞെടുത്തു. അവര്‍ അവരുടെ അയോഗ്യതയുടെ ബലത്തില്‍ മറ്റൊന്ന് പകരം ചോദിച്ചു. “അല്ലാഹുവിന്റെ തീരുമാനത്തിനു പകരം സ്വന്തം ഇഷ്ടത്തെയാണോ നിങ്ങള്‍ പകരം കണ്ടെത്തിയത്?” താക്കീതിന്റെ ചോദ്യമാണ് മൂസാനബി(അ)യുടേത്. അന്തസ്സിന്റെ ലളിതവഴി വിട്ട് അപമാനത്തിന്റെ ‘നഗര’ താല്‍പര്യമാണോ നിങ്ങള്‍ക്ക് എന്നാണ് ചോദ്യം. തീര്‍ച്ചയായും മുഹമ്മദീയ സമുദായമായിരുന്നു ആ മരുഭൂമിയിലെങ്കില്‍ അവരിങ്ങനെ ചെയ്യില്ലായിരുന്നു. സ്വേഛകളോടൊപ്പം പൊറുക്കുന്നവര്‍ അനുഭവിക്കുന്ന പ്രത്യാഘാതങ്ങളുടെ പച്ചയായ ഉപമയായിട്ടാണ് ബനൂ ഇസ്രായേല്യര്‍ ഖുര്‍ആനില്‍ കടന്നുവരുന്നത്. സ്വയം ഭരിക്കാന്‍ നോക്കിയിട്ടാണ് അവര്‍ ഈ മരുപ്പറമ്പിലെത്തിയതു തന്നെ. “നീയും നിന്റെ റബ്ബും, നിങ്ങളിരുവരും യുദ്ധം ചെയ്തോ, ഞങ്ങള്‍ ഇവിടെ ഇരുന്നോളാം.” ഇതായിരുന്നു അവരുടെ നില.
“ഞങ്ങള്‍ക്ക് അല്ലാഹുവിനെ താങ്കള്‍ നേര്‍ക്കുനേര്‍ കാണിച്ചു തരൂ.” അവരുടെ മര്യാദകെട്ട മറ്റൊരു നിലപാട് ഇങ്ങനെയായിരുന്നു. നൈല്‍ നദി കടക്കാന്‍ അല്ലാഹു അവരെ സഹായിച്ചു. കാലിലെ നനവു വറ്റും മുമ്പ്, പ്രതിഷ്ഠകള്‍ക്കു മുന്നില്‍ കുമ്പിടുന്നവരെ കണ്ടപ്പോള്‍ അവര്‍ മൂസാനബിയോട് ആവശ്യപ്പെട്ടതെന്തായിരുന്നു?
“അവര്‍ക്കുള്ള ഇലാഹുകളെപ്പോലെ ഒരു ഇലാഹിനെ ഞങ്ങള്‍ക്കും ശരിയാക്കിത്താ..”
മൂസാനബിയുടെ വിലയിരുത്തലാണ് ശരി. “നിശ്ചയം, നിങ്ങള്‍ വിവരമില്ലാത്ത ജനക്കൂട്ടമാണ്.” പ്രപഞ്ചത്തിന്റെ ആസൂത്രകനാരാണെന്ന് അവര്‍ക്കിനിയും അറിയില്ല. ഫറോവ വലിയ റബ്ബായി നടിച്ചുവെങ്കില്‍ ഇവര്‍ ചിന്ന റബ്ബുകളായിരുന്നുവെന്ന വ്യത്യാസം മാത്രം.

   കാര്യങ്ങള്‍ അല്ലാഹുവിന്നു വിട്ടുകൊടുക്കാന്‍ കൂട്ടാക്കാതിരിക്കലാണ് വലിയ പാപം, മാര്‍ഗ്ഗഭ്രംശം. ഗുരു അബൂയസീദിനോട് ചോദിച്ചു: “താങ്കളെന്താണുദ്ദേശിക്കുന്നത്?” അദ്ദേഹം പറഞ്ഞു: “ഒന്നും ഉദ്ദേശിക്കാതിരിക്കുകയെന്ന നിലവാരത്തിലെത്തണമെന്നാണ് ഉദ്ദേശ്യം.” ഏറ്റവും പോരിശയുള്ള കറാമത്ത്, ഏറ്റം മഹത്ത്വമേറിയ പുണ്യം ഇതാണെന്നു അബൂ യസീദ് (റ) തിരിച്ചറിയുന്നു. അതു കൊണ്ടാണ് ഗുരു അബുല്‍ ഹസന്‍ റഹിമഹുല്ലാഹ് ഇങ്ങനെ പറഞ്ഞത്: “ഉറപ്പ്, അവ രണ്ടുമാണ് കറാമത്തുകള്‍. അതില്‍ വിശ്വാസം നിറഞ്ഞ കറാമത്തുണ്ട്. അതായത്, ദൃഢവിശ്വാസികള്‍ക്കേ ഈ നിലവാരത്തിലെത്താനാകൂ. അതില്‍ കര്‍മോത്സുകമായ കറാമത്തുമുണ്ട്. കാരണം, സമ്പൂര്‍ണമായ അനുസരണയും അനുധാവനവുമാണത്. നിഷ്കളങ്കമായ കറാമത്തും അതിലുണ്ട്. പുറത്ത് പറയുന്നതും ഉള്ളിലുള്ളതും ഒന്നാവും. വഞ്ചനയും കാപട്യവും മാളത്തിലൊളിക്കും. അങ്ങനെ നോക്കുമ്പോള്‍ ഈമാനും ഇസ്ലാമും ഇഹ്സാനും ഒന്നിക്കുന്ന കറാമത്തുകളാണിത്. അദ്ദേഹം പറഞ്ഞു: മതത്തിന്റെ തീരുമാനത്തിലും ക്രമീകരണത്തിലും യാതൊരു തിരുത്തിനും നമുക്കവകാശമില്ല. കേള്‍ക്കുക, അനുസരിക്കുക, അത്രമാത്രം. കാരണം അതു റബ്ബാനിയ്യായ ഫിഖ്ഹിന്റെ ഭാഗമാണ്. ദിവ്യജ്ഞാനത്തിന്റെ ഭാഗം. മതത്തിന്റെ തീരുമാനങ്ങളില്‍ വൈരുദ്ധ്യങ്ങളില്ല. അവയില്‍ അസ്വീകാര്യങ്ങളില്ല. മതത്തിന്റെ ഓരോ കല്പനയും നിന്നോട് ശാസിക്കുന്നത് നീ നിനക്കു വേണ്ടി ആസൂത്രണം ചെയ്യാന്‍ വൃഥാ ശ്രമിക്കേണ്ട എന്നത്രെ. ഒരു വലിയ്യ് വലിയ്യാകുന്നത് അല്ലാഹുവിന്റെ ഇഷ്ടങ്ങള്‍ക്കൊത്ത് തന്റെ ഇഷ്ടങ്ങളെ പാകപ്പെടുത്തുമ്പോഴാണ്. അവന്റെ വിധികള്‍ക്ക് തന്നെ കൊടുക്കുമ്പോഴാണ്.” അതിനാല്‍ പറയാം, പ്രകാശപൂരിതമാകണം തന്റെ വിശ്വാസവും സ്ഥാനവുമെങ്കില്‍ ഭരണമുപേക്ഷിക്കുക. ആസൂത്രണം വെടിയുക. ആത്മജ്ഞാനികള്‍ യാത്ര ചെയ്ത വഴിക്കു തിരിക്കുക. എന്നാല്‍ അവര്‍ എത്തിയിടത്തു നിനക്കുമെത്താം.

    ആദം നബി(അ) അടുക്കരുതെന്ന് വിലക്കിയ വൃക്ഷത്തെ സമീപിച്ചു. “ഈ വൃക്ഷത്തെ സമീപിക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളിരുവരും അക്രമികളില്‍ പെടും.” വിലക്ക് അംഗീകരിക്കാമായിരുന്നു. പൊരുളുകളെക്കുറിച്ച് പര്യാലോചിക്കേണ്ടതില്ലായിരുന്നു. സാത്താന്‍ പ്രലോഭിപ്പിച്ചതിങ്ങനെ: “നിങ്ങളിരുവരുടെയും റബ്ബ് ഈ വൃക്ഷത്തില്‍ നിന്നു നിങ്ങളിരുവരെയും വിലക്കിയത്, നിങ്ങളിരുവരും മലക്കുകളാകുമെന്നതിനാലോ സ്ഥിരവാസികളാകുമെന്നതിനാലോ ആണ്.”

   ഇതുകേട്ട് ആദം (അ) ചിന്തിച്ചു : “ഹബീബിന്റെ സന്നിധിയില്‍ നിത്യം പാര്‍ക്കുന്നതല്ലേ നല്ലത്? മനുഷ്യത്വത്തില്‍ നിന്നു മലക്കിയ്യത്തിലേക്ക് ഉയരാമല്ലോ.” പിന്നെ വൃക്ഷത്തിലേക്കടുത്തു. റബ്ബുല്‍ ആലമീന്‍ ആസൂത്രണം ചെയ്തതിനപ്പുറത്തേക്ക് ഒരു വേള ആഗ്രഹിച്ചുപോയി. ഹബീബിനൊപ്പം സ്ഥിരം വാഴാനും മലക്കിനെക്കാള്‍ ഉയര്‍ന്ന പദവിയിലെത്താനും വൃക്ഷത്തിലേക്കടുക്കരുതെന്ന വിലക്കു പാലിക്കുകയാണ് വേണ്ടതെന്ന ബോധം ഒരു നിമിഷം നഷ്ടപ്പെട്ടു. ഇബ്ലീസ് പ്രലോഭിപ്പിച്ചതിനും ആദം ആഗ്രഹിച്ചതിനുമപ്പുറം ഈ വിലക്കിലും ഭൂമിയിലേക്ക് കരുതിയ ആദമിനെയും സഖിയെയും സ്വര്‍ഗത്തില്‍ പടച്ചു പാര്‍പ്പിച്ചതിലും അല്ലാഹുവിന് വലിയ ആസൂത്രണങ്ങളുണ്ടായിരുന്നു. അതാണ് പറഞ്ഞത്, കല്പന പാലിച്ചാല്‍ മതി. വിലക്ക് വെടിഞ്ഞാല്‍ മതി. അതിനപ്പുറം ആലോചിക്കേണ്ട കാര്യം ദാസനില്ല. അവനാണ് ദാസന്‍. ദാസ്യതയാണ് പരമസ്ഥാനം.
(തുടരും)

You must be logged in to post a comment Login