ഇഴഞ്ഞെത്തിയ അനുരാഗി

ഇഴഞ്ഞെത്തിയ  അനുരാഗി

ഇപ്പോള്‍ ഗ്രന്ഥപാരായണ സമയമാണ്. ദര്‍ബാര്‍ നിശബ്ദമായി. സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത. പ്രജകള്‍ രാജാവിന്റെ വരവും കാത്തിരുന്നു. രാജകീയ പ്രൗഢിയോടെ ലോകചക്രവര്‍ത്തി സുലൈമാന്‍ നബി(അ) ദര്‍ബാറിലേക്ക് പ്രവേശിച്ചു. ചക്രവര്‍ത്തിയുടെ ദര്‍ശനത്തിനായി നാഴികകളെണ്ണി കാത്തിരിക്കുന്ന മനുഷ്യരും ജിന്നുകളും ഇതര ജീവജാലങ്ങളും സദസ്സില്‍ നിന്നെഴുന്നേറ്റു. ചക്രവര്‍ത്തി സിംഹാസനത്തിലുപവിഷ്ടനായി. പുഞ്ചിരി തൂകുന്ന വദനം. വിശ്വാസം കളിയാടുന്ന ഭാവം. സന്തോഷഭരിതരായ പ്രജകള്‍. ചക്രവര്‍ത്തി ഒന്നു തൊണ്ടയനക്കി. ഇരിപ്പിടത്തിനടുത്തായി സൂക്ഷിക്കുന്ന, തന്റെ പിതാവിനു സ്രഷ്ടാവ് നല്‍കിയ ഗ്രന്ഥം, സബൂര്‍ കൈയിലെടുത്തു. ചക്രവര്‍ത്തിയുടെ കണ്ണുകള്‍ തിളങ്ങി.

മനോഹരമായ പാരായണം. ഭംഗിയുള്ള പാരായണശൈലി പിതാവില്‍ നിന്ന് ലഭിച്ചതാണ്. ദാവൂദ്(അ) സബൂര്‍ പാരായണം തുടങ്ങിയാല്‍ പക്ഷികള്‍ പോലും കേട്ടിരിക്കുമത്രെ. ചക്രവര്‍ത്തിയുടെ പാരായണം ദര്‍ബാറിന്റെ നിശബ്ദതയില്‍ കാതിനിമ്പമുള്ള സംഗീതമായി അലയടിച്ചു. ഇലാഹീ സ്തുതികളും ഉപദേശങ്ങളും. സബൂറിന്റെ മനസ്സലിയിപ്പിക്കുന്ന ഭാഷ. വചനങ്ങള്‍ മാറി മാറി വന്നു. പ്രവാചകരുടെ ശൃംഖല അവസാനിപ്പിക്കാന്‍ സ്രഷ്ടാവിന്റെ സ്‌നേഹിതന്‍ ഭൂമിയില്‍ അവതരിപ്പിക്കുന്ന വചനങ്ങളെത്തി. അന്ത്യപ്രവാചകന്റെ സ്തുതികള്‍, സൗന്ദര്യം, ഭംഗി, ശാരീരിക പ്രത്യേകതകള്‍. സബൂറിലെ വരികള്‍ കേട്ട് സദസ്സ് കോരിത്തരിച്ചു. ഓരോരുത്തരും അന്ത്യപ്രവാചകനെ മനസ്സില്‍ കണ്ടു. സൃഷ്ടിജാലങ്ങളൊക്കെയും ആത്മീയ ലഹരിയില്‍ ലയിച്ചു. ഹാ എത്ര മനോഹരമായിരിക്കും ആ പ്രവാചകന്റെ നാളുകള്‍. അതനുഭവിക്കാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമില്ലല്ലോ!
പെട്ടെന്ന് ചക്രവര്‍ത്തിയുടെ ശബ്ദം നിലച്ചു. സദസ്സൊന്നടങ്കം അമ്പരന്നു. ആത്മീയതയുടെ ഉന്നതിയിലെത്തി പൊടുന്നനെ പിടിവിട്ട് താഴേക്ക് പതിക്കുന്ന പ്രതീതി. അന്ത്യപ്രവാചകരുടെ വിശേഷണങ്ങള്‍ കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. ചക്രവര്‍ത്തി ഒന്നുകൂടി പാരായണം ചെയ്‌തെങ്കിലെന്ന് പ്രജകളെല്ലാം കൊതിച്ചു. ചക്രവര്‍ത്തിയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരിക്കുന്നു. അന്ത്യപ്രവാചകന്റെ വിശേഷമറിഞ്ഞ ശേഷം അവരെ കാണാനാവില്ലെന്ന് തിരിച്ചറിയുമ്പോള്‍ ആര്‍ക്കാണ് കരച്ചിലടക്കാനാവുക.

സബൂര്‍ പാരായണം മതിയാക്കി സുലൈമാന്‍(അ) ജനങ്ങളിലേക്ക് തിരിഞ്ഞു. ഇന്നത്തെ വിഷയം അന്ത്യപ്രവാചകര്‍. സദസ്സ്യരെല്ലാം അല്‍പം മുമ്പുണ്ടായിരുന്ന അതേ ആത്മീയ മനസ്സോടെ ചക്രവര്‍ത്തിയുടെ വാക്കുകള്‍ സാകൂതം കേട്ടു. ഹൃദയങ്ങള്‍ തരളിതമായി. മനസ്സ് പ്രവാചകരെ തേടി അലഞ്ഞു. അന്ത്യപ്രവാചക പ്രകീര്‍ത്തന സദസ്സ്. മന്ത്രിമാര്‍, സേനാധിപര്‍, ദര്‍ബാറിലുള്ളവര്‍, പ്രജകള്‍ എല്ലാവരും ഒരേ മനസ്സോടെ പ്രവാചക മദ്ഹില്‍ അലിഞ്ഞു. ആ പ്രവാചകനെ കാണാന്‍ അവിടെയുള്ള ഹൃദയങ്ങളെല്ലാം കൊതിച്ചു.

“നബിയേ, ആ പ്രവാചകനെ കാണാന്‍ ഭാഗ്യം ലഭിക്കുമോ? ‘ എല്ലാവര്‍ക്കും ചോദിക്കണമെന്നുണ്ട്. ദര്‍ബാറില്‍ ശബ്ദം ഉയര്‍ത്താന്‍ ആരും ആഗ്രഹിച്ചില്ല. ചക്രവര്‍ത്തിയോട് ചോദിച്ചാല്‍ ഉത്തരം ലഭിക്കുമെന്നുറപ്പ്. പക്ഷേ, ആ ചോദ്യം ഈ മദ്ഹിന്റെ ഒഴുക്ക് മുറിക്കും. എല്ലാവരും അകപ്പെട്ട ആ ആത്മീയ ലഹരി തകരും. അതെങ്ങനെ സഹിക്കാനാവും. നേരത്തെ സബൂര്‍ പാരായണം മുറിഞ്ഞപ്പോള്‍ അനുഭവിച്ച വേദന ഒരുപക്ഷേ ഒരിക്കല്‍ കൂടി താങ്ങാനാവില്ല.
ചക്രവര്‍ത്തി ആനന്ദലഹരിയിലാണ്. അന്ത്യപ്രവാചകരുടെ സ്തുതികള്‍ മുറിയാതെ ഒഴുകുന്നു. പ്രവാചക പ്രേമത്തിന്റെ അലയൊലികള്‍ സദസ്സില്‍ നിറഞ്ഞു. സദസ്സ് ആനന്ദാഗ്നിയില്‍ വിങ്ങിപ്പൊട്ടി. സഹിക്കാനാവാതെ അഫ്ആ(പാമ്പ്) തലപൊക്കി. ചക്രവര്‍ത്തി കേള്‍ക്കത്തക്കവണ്ണം അവന്‍ പറഞ്ഞു.
“നബിയേ, എനിക്ക് അന്ത്യപ്രവാചകനെ കാണണം.’ ആ ശബ്ദം മുഴങ്ങിയതും സദസ്സ് നിശബ്ദമായി. എല്ലാവരുടെ മനസ്സിലും ഈ ആഗ്രഹമുണ്ട്. പക്ഷേ, ശബ്ദിക്കാതെ ഇരിക്കുന്നെന്നേ ഉള്ളൂ. ചക്രവര്‍ത്തി കണ്ണുകള്‍ തുറന്നു. അഫ്ആ സന്തോഷാധിക്യം നിറഞ്ഞ പ്രണയഭാവത്തില്‍ ആടുന്നു.
“നമുക്കതിനുള്ള ഭാഗ്യമില്ലല്ലോ അഫ്ആ..’ ചക്രവര്‍ത്തിയുടെ പുഞ്ചിരിയാര്‍ന്ന മറുപടി അഫ്ആയെ തളര്‍ത്തി. അന്ത്യപ്രവാചകനെ കാണാന്‍ ആര്‍ക്കാണ് കൊതിയില്ലാത്തത്.
“എനിക്ക് അന്ത്യപ്രവാചകരെ കാണാനുള്ള ആയുസ് വേണം നബിയേ. അതിന് അല്ലാഹുവിനോട് നിങ്ങള്‍ ചോദിക്കുമോ?’ അഫ്ആയുടെ ആഗ്രഹം പോലെ നബി അല്ലാഹുവിനോട് ദുആ ചെയ്തു. “നിനക്ക് അതുവരെ ആയുസ് നീട്ടിത്തന്നു’ എന്ന സന്ദേശവുമായാണ് നബി കണ്ണുകള്‍ തുറന്നത്. അതോടെ സദസ്സൊന്നടങ്കം എഴുന്നേറ്റു.

“നബിയേ ഞങ്ങള്‍ക്കും കാണണം അന്ത്യപ്രവാചകരെ, ആ മഹത്വം നേടണം.’ “ആ അവസരം അഫ്ആ കൊണ്ടുപോയല്ലോ’. ചക്രവര്‍ത്തിയുടെ വാക്കുകള്‍ കേട്ടതും സദസ്സ് ഒന്നടങ്കം കണ്ണീരിലായി.
തന്റെ ജീവിതം സഫലമായെന്ന സന്തോഷം അഫ്ആക്ക് അടക്കാനായില്ല. അവന്‍ തുള്ളിച്ചാടിക്കാണണം. ചക്രവര്‍ത്തിയുടെ കാലശേഷം അഫ്ആ ആ നാട്ടില്‍ നിന്നും പലായനം ചെയ്തു. അന്ത്യപ്രവാചകന്റെ നാട് അങ്ങ് ദൂരെയാണ്. അതാണിനി എന്റെ ലക്ഷ്യം. അഫ്ആ ദേശങ്ങള്‍ താണ്ടി സഞ്ചരിച്ചു. മലകളും കാടുകളും പുഴകളും മരുഭൂമികളും താണ്ടി. ലോകത്തിന്റെ നാനാദിക്കുകളിലും അന്ത്യപ്രവാചകന്റെ ദേശം തേടി അലഞ്ഞു. പല പര്‍വതങ്ങളുടെ ഉച്ചിയിലും താഴ്്വരയിലും താമസിച്ചു. പല ഗോത്രങ്ങളെയും വംശങ്ങളെയും കണ്ടു. തന്റെ ലക്ഷ്യപ്രാപ്തിക്കായി കാത്തിരിക്കുകയാല്‍ ആര്‍ക്കും അവനൊരു ശല്യമായില്ല. ആരും അവനെയും അവന്‍ തിരിച്ചും അക്രമിച്ചില്ല. സുലൈമാന്‍ നബി(അ) പറഞ്ഞ പുണ്യപ്രവാചകരുടെ വദനം മനസ്സില്‍ കണ്ട്, നേരില്‍ കാണാത്ത ആ സൗന്ദര്യം മനസ്സില്‍ താലോലിച്ച് അവന്‍ സഞ്ചരിച്ചു.

ഒരു പ്രഭാതത്തില്‍ പതിവില്ലാതെ കാറ്റിന് നല്ല സൗരഭ്യം. അവന്‍ താമസിക്കുന്ന പര്‍വതം പൊടുന്നനെ നിര്‍മലമായതു പോലെ. ഏതോ മഹദ് വ്യക്തിയെ സ്വീകരിക്കാന്‍ തന്റെ മണ്ണുകള്‍ വിരിപ്പാക്കുകയായിരുന്നോ പര്‍വതം. അഫ്ആ ജാഗരൂകനായി തന്റെ മാളത്തില്‍ തന്നെ ഇരുപ്പുറപ്പിച്ചു. എന്തോ സംഭവിക്കാന്‍ പോകുന്നു. തന്റെ അഭിലാഷം നടക്കാതിരിക്കുമോ?
ഇല്ല! അങ്ങനെ ഉണ്ടാവില്ല. തന്റെ പ്രവാചകന്‍ സുലൈമാന്‍(അ) പറഞ്ഞത് നടക്കാതിരുന്നിട്ടില്ല. അന്ത്യപ്രവാചകരെ കാണാതെ താന്‍ മരിക്കില്ല. തീര്‍ച്ച. ഇപ്പോ ഈ മലക്കെന്തു സംഭവിച്ചതാവും. ഏതായാലും കാത്തിരിക്കാം.

കാറ്റിന്റെ സൗരഭ്യം കൂടിക്കൂടി വന്നു. അതോടൊപ്പം ആനന്ദവും. സുലൈമാന്‍ നബിയുടെ സദസ്സിലിരുന്ന് അന്ത്യപ്രവാചകനെ കുറിച്ച് കേട്ടപ്പോള്‍ മനസ്സില്‍ വന്ന അതേ ആനന്ദം. അതേ സന്തോഷം. അതേ സൗരഭ്യം. അപ്പോ, അന്ത്യപ്രവാചകന്‍ ഈ മലമുകളിലേക്ക് വരുന്നോ?
“നാഥാ, നീ എന്റെ പ്രാര്‍ഥന, അഭിലാഷം പൂര്‍ത്തീകരിക്കുകയാണോ?’ അഫ്ആക്ക് ആനന്ദത്തില്‍ തുള്ളിച്ചാടാന്‍ തോന്നി. താന്‍ ഒളിച്ചിരിക്കുന്ന മാളത്തോട് ചേര്‍ന്ന ഗുഹയില്‍ നിന്നാണ് സൗരഭ്യം അടിച്ചുവീശുന്നതെന്ന് അഫ്ആക്ക് മനസ്സിലായി. അവന്‍ അതിവേഗം ഗുഹയിലേക്ക് കുതിച്ചു. ആ ഗുഹ താന്‍ നേരത്തെ കണ്ടതാണ്. തന്റെ മാളത്തില്‍ നിന്നും പല വഴികളുമുണ്ട്. ഒരു വഴിയിലൂടെ അവന്‍ ഇഴഞ്ഞു. പക്ഷേ, മുന്നോട്ടുപോവാനായില്ല. എന്തോ അവിടെ തടസം നില്‍ക്കുന്നുണ്ട്. തന്റെയും അന്ത്യപ്രവാചകന്റെയും ഇടയില്‍ നില്‍ക്കുന്ന തടസത്തോട് അവന് ദേഷ്യം തോന്നി. അവന്‍ അവന്റെ വിഷപ്പല്ലുകള്‍കൊണ്ട് ആഞ്ഞുകൊത്തി. ഒന്നും സംഭവിച്ചില്ല. തിരികെ വന്ന് അടുത്ത വഴിയിലൂടെ ഇഴഞ്ഞു. അവിടെയും തഥൈവ. പിന്നെയും വഴികള്‍ കണ്ടെത്തി അഫ്ആ മുന്നോട്ടു കുതിച്ചു. പക്ഷേ, ഒരു വഴിയും തനിക്കു മുന്നില്‍ തുറക്കുന്നില്ലെന്ന് ഞെട്ടലോടെ അവന്‍ തിരിച്ചറിഞ്ഞു.

തന്റെ അഭിലാഷം പൂവണിയില്ലേ, അവന്‍ ഒരു നിമിഷം സംശയിച്ചു. അവസാനമായി ഒരു വഴി കൂടി ബാക്കിയുണ്ട്. ഈ വഴി എന്തുവന്നാലും താന്‍ മറികടക്കുമെന്ന് അഫ്ആ മനസ്സിലുറച്ചു. മുന്നില്‍ തടസമുണ്ട്. മാര്‍ദവമായ ജീവസുറ്റ എന്തോ ആണ്. അവന്‍ മെല്ലെ സ്പര്‍ശിച്ചു. തരിച്ചുപോയി. ഇലാഹീ സ്മരണയില്‍ ലയിച്ചു ജീവിക്കുന്ന ഒരു ആത്മീയ ജ്യോതിസിന്റെ കാലുകളാണ്. അത് തന്റെ അന്ത്യപ്രവാചകന്റെ കാലാകുമോ? ഏയ് ആവില്ല. എന്നെ തടയാന്‍ പ്രവാചകന്‍ ഒരിക്കലും മുതിരില്ല. പിന്നെ ആരാവും?

സുലൈമാന്‍ നബിയുടെ വാക്കുകള്‍, അന്ത്യപ്രവാചകരുടെ മദ്ഹുകള്‍ അഫ്ആയുടെ മനസ്സിലേക്ക് ഓടിയെത്തി. അന്ത്യപ്രവാചകരുടെ സന്തത സഹചാരി, കൂട്ടുകാരന്‍, സതീര്‍ഥ്യന്‍, അബൂബക്കര്‍ സിദ്ദീഖ്. യാ റബ്ബ്, അവരെ ഞാനെങ്ങനെ ഉപദ്രവിക്കും. കൊടിയ വിഷമുള്ള എന്റെ പല്ലുകള്‍ അവരെ വ്രണപ്പെടുത്തിയാല്‍, അല്ലാഹ്, ആലോചിക്കാന്‍ പോലുമാവില്ല. അഫ്ആ മെല്ലെ പിന്തിരിഞ്ഞു. പെട്ടെന്ന് അന്ത്യപ്രവാചകരെ കാണാനുള്ള ആഗ്രഹം അണപൊട്ടി. അഫ്ആയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാകും. എന്തുചെയ്യും. പ്രവാചകനെ കാണാനാണ് താന്‍ ഇത്രയും കാലം ജീവിച്ചത്. അതിന് ഒരവസരം വന്നിട്ട് എങ്ങനെ കാണാതിരിക്കും. രണ്ടും കല്‍പിച്ച് അഫ്ആ കണ്ണുകള്‍ ഇറുക്കെ ചിമ്മി അവന്‍ ആ മൃദുലമായ പാദങ്ങളില്‍ മെല്ലെ സ്പര്‍ശിച്ചു. ഒന്ന് കാല് മാറ്റൂ. “അന്ത്യപ്രവാചകരുടെ കൂട്ടുകാരാ ഞാനൊന്നു നബിയെ കണ്ടോട്ടെ’ എന്ന അപേക്ഷയായിരുന്നു ആ സ്പര്‍ശനം.

മാളം തുറന്നില്ല. അഫ്ആ മനമില്ലാ മനസ്സോടെ വീണ്ടും കൊത്തി. തുറന്നില്ല. പ്രവാചകനെ കാണാനുള്ള അടങ്ങാത്ത കൊതി. അഫ്ആ ആഞ്ഞാഞ്ഞുകൊത്തി. സഹിക്കാനായിട്ടുണ്ടാവില്ല. ഒടുവില്‍ കാലുകള്‍ വലിഞ്ഞു. അഫ്ആ മെല്ലെ പുറത്തേക്കിഴഞ്ഞു. തന്റെ പ്രവാചകന്‍ സുലൈമാന്‍ പോലും ഭവ്യബഹുമാനത്തോടെ കാണുന്ന അന്ത്യപ്രവാചകരെ ഒരു നിലക്കും പ്രയാസപ്പെടുത്തരുതെന്നാണ് അഫ്ആയുടെ ആഗ്രഹം. കണ്ടു. തന്റെ മനസ്സിന്റെ അടങ്ങാത്ത അഭിലാഷം. കണ്‍കുളിര്‍ക്കെ കണ്ടു. പ്രവാചകന്‍ തന്നെയും നോക്കുന്നത് അഫ്ആ അറിഞ്ഞു.

“നബിയേ ഞാന്‍ സുലൈമാന്‍ നബിയുടെ കാലം മുതല്‍ അങ്ങയെ കാണാന്‍ ഇറങ്ങിയതാ. തിരുദര്‍ശനം തടഞ്ഞതു കൊണ്ടു മാത്രമാണ് അങ്ങയുടെ കൂട്ടുകാരന്റെ കാലില്‍ കടിക്കേണ്ടി വന്നത്. മാപ്പ് തരൂ നബിയേ.’ മുത്തുനബിയെ കണ്ട സന്തോഷത്തില്‍ അഫ്ആ മാളത്തിലേക്ക് തന്നെ വലിഞ്ഞു.

എം കെ അന്‍വര്‍ ബുഖാരി

You must be logged in to post a comment Login