ഒരിക്കല്‍ ഉമര്‍(റ) സ്വപത്‌നിയെ എന്തോ കാര്യത്തെ ചൊല്ലി ശക്തമായി ആക്ഷേപിച്ചപ്പോള്‍ അവരും അതേ നാണയത്തില്‍ തിരിച്ചടിച്ചു. അപ്രതീക്ഷിതമായ പ്രതികരണത്തില്‍ അന്ധാളിച്ചുപോയ ഉമര്‍(റ) ഭാര്യയെ വീണ്ടും ഗുണദോഷിച്ചപ്പോള്‍ മറുപടി വന്നത് ഇങ്ങനെ : “പ്രവാചകപത്‌നിമാര്‍ പ്രവാചകനോട് ശക്തമായി തന്നെ പ്രതികരിക്കാറുണ്ട്. പിന്നെയെന്താ, എനിക്ക് ആ സ്വാതന്ത്ര്യമില്ലേ ? പ്രവാചകപത്‌നിമാരില്‍ ഒരാള്‍ അങ്ങനെ പെരുമാറുന്നത് എനിക്ക് നേരിട്ടു തന്നെ അറിയാം.’ ഹഫ്‌സയെ(റ) സൂചിപ്പിച്ചായിരുന്നു ആ വര്‍ത്തമാനം. പകലന്തിയോളം ചില കാര്യങ്ങളെക്കുറിച്ച് അവള്‍ തുറന്നടിക്കാറുണ്ട്, പ്രവാചകനോട്. ഇത് കേട്ട് വല്ലാതെ ആയിപ്പോയ ഉമര്‍ മകള്‍ ഹഫ്‌സയുടെ(റ) അടുത്ത് പോയി നിജസ്ഥിതി അന്വേഷിച്ചു. “ഉമ്മ പറഞ്ഞതൊക്കെ ശരിയാണ്.’ ഹഫ്‌സ(റ) വ്യക്തമാക്കി “നിനക്ക് ആഇശയുടെ ഐശ്വര്യമോ, സൈനബിന്റെ സൗന്ദര്യമോ ഇല്ലെന്ന് ഓര്‍ക്കണം.’ ഉമര്‍ സ്വപുത്രിയുടെ അമിതാവേശത്തെ ഒന്നുലയ്ക്കാനായി പറഞ്ഞുതുടങ്ങി. അതൊന്നും അവളില്‍ യാതൊരു പ്രതികരണവും തീര്‍ക്കാതിരുന്നപ്പോള്‍ ഉമര്‍(റ) കുപിതനായി ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ പ്രവാചകനെ വല്ലാതെ കുഴക്കിയാല്‍ ദൈവം അവന്റെ കോപാഗ്‌നിയാല്‍ നിങ്ങളെ നശിപ്പിക്കുകയില്ലെന്നതിന് വല്ല ഉറപ്പും ഉണ്ടോ? അതിനു ശേഷം ഉമര്‍(റ) തന്റെ ബന്ധുകൂടിയായ മറ്റൊരു പ്രവാചകപത്‌നി ഉമ്മുസല്‍മയുടെ(റ) അടുത്തേക്ക് പോയി ചോദിച്ചു. “നിങ്ങളെല്ലാം പ്രവാചകനോട് ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ആദരവൊന്നും പ്രകടിപ്പിക്കാറില്ലെന്ന് കേട്ടത് ശരിയാണോ?’ അതിശയകരം തന്നെ ഈ കാര്യം. പ്രവാചകന്റെയും ഭാര്യമാരുടെയും ഇടയില്‍, നിങ്ങളെ ആരാണ് ഇടയാളനായി വിളിച്ചത്? അതെ, ഞങ്ങളെല്ലാം ആവശ്യങ്ങള്‍ വെട്ടിത്തുറന്ന് തിരുനബിയോട് പറയാറുണ്ട്.’ ഈ സംഭാഷണം മാത്രം മതിയാകും നമുക്ക് നബിയുടെ വിനയം മനസ്സിലാക്കാന്‍.
നമസ്‌കാരവേളയില്‍ ഒട്ടകത്തിന്റെ കൂടല്‍മാല ദേഹത്ത് ഇട്ടപ്പോഴും യാത്രയ്ക്കിടയില്‍ പരുക്കനായ ഒരു അഅ്‌റാബി നബിയുടെ കഴുത്തിലിട്ട ഷാള്‍ പിടിച്ചു വലിക്കുകയും കഴുത്തിന് പരിക്കേല്‍ക്കുകയും ചെയ്തപ്പോഴും ദേഷ്യത്താല്‍ തന്റെ പ്രിയ പത്‌നി ഭക്ഷണപാത്രം നിലത്തിട്ട് പൊട്ടിച്ചപ്പോഴും തിരുനബി കുലുങ്ങിയില്ല. പോരാട്ടത്തിന് വേണ്ടി സൈന്യത്തെ ക്രമപ്പെടുത്തുമ്പോള്‍ നബിയുടെ അമ്പു കൊണ്ട് സവാദിന്റെ ദേഹത്ത് തട്ടിയ അവസരം മുതലെടുത്ത് സവാദ്(റ) നബിയെ(സ്വ) ഒന്ന് ചുംബിക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ച് പ്രതികാരം ചെയ്യണം എന്ന ആവശ്യം പറഞ്ഞപ്പോള്‍ ഒരു സാധാരണക്കാരനെ പോലെ സ്വദേഹം പ്രതികാരത്തിനുവേണ്ടി ഒരുക്കി കൊടുത്തപ്പോഴും എല്ലാം അവിടുത്തെ വിനയം പ്രകാശിപ്പിക്കുന്നു.
ദയാലുത്വം (Kindness)
നബിയുടെ(സ്വ) പല വിവാഹങ്ങളും കൈത്താങ്ങും പിന്തുണയും ആയിരുന്നു എന്നു കാണാം.
ഉമ്മു സലമ ബീവിയുമായുള്ള(റ) വിവാഹം ഇങ്ങനെ വായിക്കാം: നേരത്തെ ഉഹ്ദിലേറ്റ പരുക്കിനൊപ്പം ബനൂഅസദുകാരുമായുള്ള ഏറ്റുമുട്ടല്‍ കൂടിയായപ്പോള്‍ അബൂസലമ(റ)യുടെ വേദന ഇരട്ടിക്കുകയും മുറിവ് പഴുക്കുകയും ചെയ്തു. ഒടുവില്‍ അതു തന്റെ വേര്‍പാടിലേക്ക് നയിച്ചു.
മരണസന്ദര്‍ഭത്തില്‍ അബൂസലമ(റ) സന്തോഷവാനായിരുന്നു. അദ്ദേഹം അല്ലാഹുവിനോട് പറഞ്ഞു: “”നാഥാ, എന്റെ കുടുംബത്തില്‍ നീ എനിക്ക് ശേഷം ശുദ്ധമായത് പകരമാക്കേണമേ.” ആ പ്രാർഥന ഫലിച്ചു. ഭര്‍ത്താവിന്റെ മരണസമയത്ത് ഉമ്മുസലമ ബീവിക്ക് നാല് മക്കളുണ്ടായിരുന്നു. സലമ, ഉമര്‍, സൈനബ, ദുര്‍റ എന്നിവര്‍. അദ്ദേഹം മരണപ്പെട്ടപ്പോള്‍ മഹതി പറഞ്ഞു: “അബൂസലമയെക്കാള്‍ നല്ലവരായി എനിക്ക് മറ്റാരെ ലഭിക്കാന്‍?’ എന്നാല്‍ തിരുനബിയുമായുള്ള വിവാഹത്തോടെ അബൂ സലമയുടെ പ്രാർഥന മഹതിക്ക് ബോധ്യപ്പെടുകയായിരുന്നു.
ഉമ്മുഹബീബ ബീവി(റ)യുമായുള്ള വിവാഹം: ഹുദൈബിയയുടെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് അബിസീനിയയില്‍ പ്രവാചകന്റെ ബന്ധുവും അർധസഹോദരപുത്രിയുടെ ഭര്‍ത്താവുമായ ഉബൈദുല്ലാഹിബ്‌നു ജഹ്ശിന്റെ മരണവിവരം വന്നു. ഇസ്‌ലാമിലേക്ക് വരും മുമ്പ് അയാളൊരു ക്രിസ്ത്യാനിയായിരുന്നു. അബ്‌സീനിയയിലെത്തി അധികം വൈകാതെ അയാള്‍ വീണ്ടും ക്രിസ്തുമതത്തിലേക്കുതന്നെ തിരിച്ചുപോയി. ഇത് അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുഹബീബയെ(റ) വല്ലാതെ അസ്വസ്ഥപ്പെടുത്തി. അബൂസുഫ്്യാന്റെ മകളായിരുന്ന ആ സ്ത്രീ പക്ഷേ മുസ്‌ലിമായി തന്നെ തുടര്‍ന്നു. ഭര്‍ത്താവിന്റെ മരണാനന്തരം നാലുമാസം കഴിഞ്ഞപ്പോള്‍ പ്രവാചകന്‍ നേഗസ് രാജാവിന് ഒരു സന്ദേശം കൈമാറി. അതില്‍ പ്രവാചകനും വിധവയായ ഉമ്മുഹബീബക്കുമിടയില്‍ അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ നടത്താനിഷ്ടപ്പെടുന്ന വിവാഹചടങ്ങുകള്‍ക്ക് പൂര്‍ണമായും പ്രാതിനിധ്യം വഹിക്കാന്‍ നേഗസിനോട് ആവശ്യപ്പെടുന്നുണ്ടായി രുന്നു. ഉമ്മുഹബീബയോടാവട്ടെ നേരിട്ട് ഒരു സന്ദേശവും പ്രവാചകന്‍ അയച്ചില്ല. എന്നാല്‍ അവരെ “വിശ്വാസികളുടെ മാതാവ് ‘ എന്ന് അഭിസംബോധന ചെയ്യുന്നതായി ഒരു സ്വപ്നദര്‍ശനം അനുഭവപ്പെട്ടിരുന്നു. ഈ സ്വപ്നം താന്‍ പ്രവാചകപത്‌നിയാകാന്‍ പോകുന്നതിന്റെ അടയാളമായി അവര്‍ വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസം നേഗസില്‍ നിന്ന് ഒരു സന്ദേശം കിട്ടിയപ്പോള്‍ അവര്‍ക്ക് സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടെന്ന് തോന്നി. തുടര്‍ന്ന് അവര്‍ തന്നെ കുടുംബക്കാരനായ ഖാലിദ്ബ്‌നു സാഇദിനെ(റ) രക്ഷിതാവായി സ്വീകരിച്ചു. അദ്ദേഹവും നേഗസും ജാഫറിന്റെയും(റ) മറ്റു സഹോദരീ സഹോദരന്മാരുടേയും സാന്നിധ്യത്തില്‍ വിവാഹകരാറില്‍ ഒപ്പുവച്ചു. സന്തോഷകരമായ ഈ മുഹൂര്‍ത്തത്തിന് അലങ്കാരമെന്നോണം എല്ലാ മുസ്‌ലിംകളെയും ക്ഷണിച്ചുവരുത്തി നേഗസ് കൊട്ടാരത്തില്‍ വിഭവസമൃദ്ധമായ ഒരു വിരുന്നൊരുക്കുകയുണ്ടായി.
കാരുണ്യത്തിന്റെ പ്രതീകമായിരുന്നു തിരുനബി(സ്വ). പ്രവാചകന് ഏറെ പ്രിയമായിരുന്നു അദ്ദേഹത്തിന്റെ പേരക്കുട്ടികളോട്. “എന്റെ വീട്ടില്‍ എനിക്ക് ഏറ്റവും പ്രിയം ഹസനോടും ഹുസൈനോടു മാണ്. ഉസാമയും ആ ഗണത്തില്‍ തന്നെ പെടും. ഒന്നിലധികം തവണ ഉസാമയുടേയും ഹസന്റേയും കൈകള്‍ പിടിച്ച് പ്രവാചകന്‍ പ്രാര്‍ഥിച്ചു “അല്ലാഹുവേ ഞാനിവരെ വല്ലാതെ സ്‌നേഹിക്കുന്നു. നീയും ഇവരെ സ്‌നേഹിക്കേണമേ. ‘
ആത്മ നിയന്ത്രണം
ഹുദൈബിയ സന്ധി, മുസ്‌ലിംകളെ ഏറെ വേദനിപ്പിച്ച രംഗം. ആത്മനിയന്ത്രണം നഷ്ടപ്പെടുത്തിയ ഉടമ്പടി പ്രമേയം. ഖുറൈശികളുടെ ഭാഗത്ത് നിന്നും പല നാടകീയ രംഗങ്ങളും അരങ്ങേറുന്നു. തിരുനബിയാണെങ്കില്‍ അവര്‍ പറയുന്ന തീരുമാനങ്ങള്‍ അനുസരിച്ചുകൊണ്ട് ഉടമ്പടിയുമായി മുന്നോട്ടു നീങ്ങുന്നു. ഇതു കണ്ട സ്വഹാബത് തീര്‍ത്തും ആശങ്കാകുലരായിരുന്നു, നബി കല്‍പ്പിക്കുന്ന കാര്യം പോലും ചെയ്യാന്‍ പറ്റാത്ത രൂപത്തില്‍ മാനസികമായി അവര്‍ തകര്‍ന്നിരുന്നു. ഉമറിന്റെ മനസ്സ് നിയന്ത്രണം വിട്ട് പ്രതികരിക്കാന്‍ തുടങ്ങി. ചാടിയെണീറ്റ ഉമര്‍ പ്രവാചകന്റെയടുത്ത് പോയി വാദിച്ചു: “താങ്കള്‍ ദൈവത്താല്‍ നിയോഗിതനായ പ്രവാചകനല്ലേ?’ അതുകേട്ട പ്രവാചകന്‍ “അതെ.’ “നമ്മള്‍ നന്മയുടെ പക്ഷത്തും നമ്മുടെ ശത്രുക്കള്‍ തിന്മയുടെ പക്ഷത്തുമല്ലേ?’ അതിനും പ്രവാചകന്‍ അതെയെന്ന് പറഞ്ഞു ശരിവച്ചു. “പിന്നെയെന്തേ, താങ്കള്‍ ഇത്രയും തരംതാണ നിലയില്‍ നമ്മുടെ മതത്തിന്റെ ബഹുമതിക്ക് വിരുദ്ധമായി വഴങ്ങി ക്കൊടുക്കുന്നത്?’ ഉമര്‍ ശക്തമായി ചോദ്യം തുടര്‍ന്നപ്പോള്‍ പ്രവാചകന്റെ മറുപടി വന്നത് ഇങ്ങനെ, “ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്. എനിക്കവനെ അനുസരിക്കാതിരിക്കാനാവില്ല. അവന്‍ എനിക്ക് വിജയം സമ്മാനിക്കുക തന്നെ ചെയ്യും.’ എന്നിട്ടും വിട്ടുകൊടുക്കാതെ ഉമര്‍ തുടര്‍ന്നും ചോദിച്ചു. “താങ്കള്‍ ഞങ്ങളോട് കഅ്ബയില്‍ പോയി വിശുദ്ധഗേഹത്തെ ത്വവാഫ് ചെയ്യുമെന്ന് പറഞ്ഞില്ലേ?’ “അതിനെന്താ പ്രശ്‌നം അടുത്തവര്‍ഷം നാം കഅ്ബയില്‍ വരികയും ത്വവാഫ് ചെയ്യുകയും ചെയ്യുമല്ലോ.’ പ്രവാചകന്റെ ഉത്തരം. എന്നിട്ടും പ്രതിഷേധം അടയ്ക്കിവെയ്ക്കാനാവാതെ ഉമര്‍ അബൂബക്കറിന്റെയടുത്തേക്ക് പോയി. വല്ലാതെ പൊട്ടിത്തെറിച്ചു. നബിയോട് ചോദിച്ച അതേ ചോദ്യങ്ങള്‍ അദ്ദേഹത്തോടും ഉമര്‍(റ) ചോദിക്കുകയായിരുന്നു. പ്രവാചകന്റെ ഉത്തരങ്ങള്‍ അദ്ദേഹം കേട്ടിരുന്നില്ലെങ്കിലും പൂര്‍ണമായും ആശയത്തിലും വാചകത്തിലും ഏറെകുറെ സമാനമായിരുന്നു അവരുടെ വാക്കുകളും. അവസാനിപ്പിക്കും മുമ്പ് അബൂബക്കര്‍ ഇതും കൂടി പറഞ്ഞു: “സര്‍വാത്മനാ അദ്ദേഹത്തിന് പിന്തുണ കൊടുക്കൂ. കാരണം അല്ലാഹുവാണ് സത്യം, അദ്ദേഹമാണ് ശരി. ഈ നിലപാട് ഉമറില്‍ മതിപ്പ് തീര്‍ത്തെങ്കിലും മാനസികാവസ്ഥ പൂര്‍ണമായും തണുത്തില്ല. നിഷേധാത്മക നീക്കങ്ങളൊന്നും പിന്നീടുണ്ടായില്ല. പ്രവാചകന്‍ ഉടമ്പടിയില്‍ ഒപ്പുവ യ്ക്കാന്‍ ഉമറിനോട് ആവശ്യപ്പെട്ടപ്പോള്‍ ഒന്നും ഉരിയാടാതെ പ്രസ്തുത കല്പന അദ്ദേഹം അനുസരിക്കുകയായിരുന്നു. സുഹൈലിന്റെ പുത്രന്‍ അബ്ദുല്ലയോടും കരാറില്‍ പേര് വച്ച് ഒപ്പുവയ്ക്കാന്‍ പ്രവാചകന്‍ നിർദേശിച്ചു. കരാറില്‍ ഒപ്പിട്ട മറ്റു മുസ്‌ലിംകള്‍ അലി(റ), അബൂബക്കര്‍(റ), അബ് ദുറഹ്മാനുബ്‌നു ഔഫ്(റ), മഹമൂദ്ബ്‌നു മസ്‌ലമ(റ) എന്നിവരാണ്. പൊതുവെ നിലനിന്ന നീരസമെല്ലാം ഇപ്പോള്‍ ഏറെക്കുറെ മാഞ്ഞു പോയി. എന്നാല്‍ സുഹൈലും കൂട്ടാളികളും ദുഃഖാര്‍ത്തനായ അബൂ ജന്ദലിനേയും കൂട്ടി താവളം വിട്ടപ്പോള്‍, പ്രതിഷേധാഗ്‌നി ഒരിക്കല്‍ക്കൂടി മിന്നാന്‍ തുടങ്ങി. കരാറില്‍ ഒപ്പുവച്ച അനുചരന്മാര്‍ക്കൊപ്പം പ്രവാചകന്‍ (സ്വ) അപ്പുറത്ത് മാറിനില്‍ക്കുകയായിരുന്നു. പിന്നീട് അദ്ദേഹം അവിടെ നിന്നും വിട്ട് തീര്‍ഥാടകരുടെ മുഖ്യകേന്ദ്രത്തിലേക്ക് നടന്നടുത്തു. സ്വഹാബികളോട് പറഞ്ഞു: “എല്ലാവരും എണീറ്റു പോയി, മൃഗങ്ങളെ അറുക്കുകയും തലമുണ്ഡനം നടത്തുകയും ചെയ്യുക’. എന്നാല്‍ യാതൊരു പ്രതികരണവും ഒരാളുടെ ഭാഗത്ത് നിന്നുപോലും ഉണ്ടായില്ല. രണ്ടാം തവണയും പ്രവാചകന്‍ (സ്വ) കല്പന ആവര്‍ത്തിച്ചു. അപ്പോഴും ആദ്യത്തെ അവസ്ഥ തന്നെ. മൂന്നാം തവണയും ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. എല്ലാവരും ഒന്നും മിണ്ടാനാകാതെ വെറുതെ നോക്കിനില്‍ക്കുകയായിരുന്നു. ഈ നിലപാട് യഥാർത്ഥത്തില്‍ അവരുടെ ഭാഗത്തു നിന്നുമുള്ള ഒരു കലാപമൊന്നുമായിരുന്നില്ല. അവരുടെ ആഗ്രഹങ്ങള്‍ തകര്‍ന്നപ്പോള്‍, അവരെല്ലാം പരിഭ്രാന്തരാവുകയായിരുന്നു. അനുഷ്ഠാനപരമായി ശരിയല്ലാത്ത ഒരു കാര്യം ചെയ്യാന്‍ പ്രവാചകന്‍ കല്പിച്ചതുപോലെയാണ് അവര്‍ക്ക് അനുഭവപ്പെട്ടത്. കാരണം ഇബ്‌റാഹീമീ പാരമ്പര്യപ്രകാരം ബലി നടക്കുന്നത് വിശുദ്ധസ്ഥാനങ്ങളില്‍ വച്ചാണ്. തലമുണ്ഡനം നടക്കേണ്ട ഇടവും അതുതന്നെ കാര്യത്തിന്റെ കിടപ്പ് ഇതാണെങ്കിലും അവരുടെ അനുസരണക്കേട് പ്രവാചകനെ നിരാശനാക്കി. കൂടാരത്തിലേക്ക് പിന്‍വലിഞ്ഞ പ്രവാചകന്‍ ഭാര്യ ഉമ്മുസല്‍മയോട് സംഭവം പറഞ്ഞു: “”പ്രവാചകരേ, താങ്കള്‍ പോവുക ‘ ‘ ഉമ്മുസല്‍മ സംസാരിച്ചുതുടങ്ങുകയാണ്. ആരോടും ഒന്നും പറയാതെ നേരെ പോയി താങ്കള്‍ ഒട്ടകത്തെ ബലിയറുക്കുക. പ്രവാചകനപ്പോള്‍ തനിക്കായി കരുതിവച്ച ഒട്ടകത്തിന്റെ അടുത്തേക്ക് പോയി. ഉച്ചത്തില്‍ ദൈവനാമം ഉരുവിട്ട് ബലി നടത്തി. “ബിസ്മില്ലാഹ്, അല്ലാഹു അക്ബര്‍’ എന്നായിരുന്നു പ്രവാചകന്‍ ഉറക്കെ ചൊല്ലിയത്. ഈ വചനങ്ങള്‍ ശ്രവിക്കവേ, മറ്റുള്ളവരെല്ലാം ചാടിയെണീറ്റ് ബലികര്‍മത്തിന് മത്സരിച്ചു.
ആത്മനിയന്ത്രണം നഷ്ടപ്പെട്ട സ്വഹാബതിന്റെ കൂട്ടത്തില്‍ അവരെ പോലെ ഒരാളായി പ്രവാചകനും മാറിയിരുന്നെങ്കില്‍ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അത് തീരാനഷ്ടം ആകുമായിരുന്നു. എന്നാല്‍ അവിടെ ആത്മനിയന്ത്രണം നേടുകയും സ്വഹാബതിന് അത് നേടിക്കൊടുക്കുകയും ചെയ്യുകയാണ് പ്രവാചകന്‍(സ്വ) ചെയ്തത്.
ബുദ്ധിവൈഭവം (intelligence)
ഉഹ്ദ് പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ മതിയായ പ്രായമില്ലാത്ത ചെറുപ്പക്കാരും ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നു. എന്നാല്‍ അവരെ പ്രവാചകന്‍ ഉപാധിയോടെ സ്വീകരിക്കുകയായിരുന്നു. പ്രവാചകന്‍(സ്വ) സൈനിക പരിശോധന നടത്തി. എട്ട് കുട്ടികള്‍ അവരുടെ യുദ്ധാവേശത്താല്‍ പ്രായം പരിഗണിക്കാതെ രംഗത്തുണ്ടെന്ന് പ്രവാചകന്‍ മനസ്സിലാക്കി. അക്കൂട്ടത്തില്‍ പതിമൂന്നുകാരായ സെയ്ദിന്റെ(റ) മകന്‍ ഉസാമയും ഉമറിന്റെ മകന്‍ അബ്ദുല്ലയുമുണ്ടായിരുന്നു. പ്രവാചകന്‍ (സ്വ) അവരോടെല്ലാം ഉടനെത്തന്നെ വീട്ടിലേക്ക് മടങ്ങാന്‍ കല്‍പന കൊടുക്കുകയുണ്ടായി. എന്നാല്‍, അവരതില്‍ പ്രതിഷേധിച്ചു. അന്‍സാറുകളില്‍ ഒരാള്‍ പതിനഞ്ചുകാരനായ ഔസ് കുലത്തിലെ റാഫി, സൈനിക മുന്നണിയിലെ മുതിര്‍ന്നവരേക്കാളും മികച്ച രീതിയില്‍ അമ്പെയ്ത്ത് നടത്തുമെന്ന് പ്രവാചകന് ഉറപ്പുകൊടുത്തു. തന്നിമിത്തം റാഫിക്ക് സൈന്യത്തില്‍ ചേര്‍ന്നുനില്‍ക്കാന്‍ അനുമതി കിട്ടി. അപ്പോഴുണ്ട് നജ്ദ് ഗോത്രത്തിലെ അനാഥനായ സമുറ എന്നു പേരുള്ള ബാലന്‍, റാഫിയെ താന്‍ ഗുസ്തിയില്‍ മലര്‍ത്തിയടിക്കുമെന്ന അവകാശവാദവുമായി രംഗത്ത്. അവന്റെ ഉമ്മയെ റാഫിയുടെ കുലത്തിലെ ഒരാള്‍ വിവാഹം കഴിച്ചിരുന്നു. പ്രവാചകന്‍ രണ്ടു കുട്ടികളോടും അവരുടെ ശക്തി തെളിയിക്കാനാവശ്യപ്പെട്ടു. സമുറ തന്റെ അവകാശവാദം ശരിയാണെന്ന് തെളിയിച്ചപ്പോള്‍ അവനെയും മുന്നണിയില്‍ തങ്ങാന്‍ അനുവദിച്ചു. മറ്റു കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കുകയുണ്ടായി.
നേതൃത്വം, ധൈര്യം (Leadership, courage)
മുസ്‌ലിംകള്‍ക്ക് ബദര്‍ പോരാട്ടം വലിയ ആവേശം പകര്‍ന്നു. അതിനുശേഷം പുതുതായി ഇസ്‌ലാമിലേക്ക് വന്നവരും ആവേശക്കാരും ഉഹ്ദ് പോരാട്ടത്തിലേക്ക് ഇറങ്ങാന്‍ ധൃതി കൂട്ടി. എല്ലാവരും വൈകുന്നേരത്തെ പ്രാര്‍ഥനക്കായി സംഗമിച്ചു. മദീനയുടെ കുന്നിന്‍ പ്രദേശങ്ങളില്‍ നിന്നു നിരവധി വിശ്വാസികള്‍ പള്ളിയിലേക്കൊഴുകി. പ്രാര്‍ഥനക്കു ശേഷം അബൂബക്കറിനോടും ഉമറിനോടുമൊപ്പം(റ) പ്രവാചകന്‍(സ്വ) വീട്ടിലേക്ക് പോയി. യുദ്ധവസ്ത്രങ്ങളണിയാന്‍ അവര്‍ പ്രവാചകനെ സഹായിച്ചു. യോദ്ധാക്കളെല്ലാം ഒറ്റവരിയില്‍ അണിനിരന്നപ്പോള്‍ സഅ്ദുബ്‌നു മുആദും തന്റെ കുടുംബക്കാരും അവരോട് ഇങ്ങനെ പറഞ്ഞു : “നിങ്ങളാണ് എന്റെ ആഗ്രഹത്തിനെതിരെ പ്രവാചകനെ യുദ്ധത്തിനു പോകാന്‍ നിര്‍ബന്ധിച്ചത്. ദൈവികമായ തീരുമാനമൊന്നും വന്നിട്ടില്ല. അതിനാല്‍ കാര്യങ്ങള്‍ അദ്ദേഹത്തിനുതന്നെ വിട്ടുകൊടുക്കുക. അദ്ദേഹം പുതിയൊരു തീരുമാനമെടുക്കട്ടെ. ‘ അപ്പോഴേക്കും പ്രവാചകന്‍ പൂര്‍ണമായും പടയങ്കിയണിഞ്ഞ് ഊരിപ്പിടിച്ച വാളുമായി അവിടെ പ്രത്യക്ഷപ്പെട്ടു. പലരും യുദ്ധതീരുമാനത്തില്‍ ദുഃഖിതരായിരുന്നു. പ്രവാചകനോട് അവര്‍ പറഞ്ഞു: “ദൈവദൂതരേ, ഞങ്ങള്‍ ഒരു കാര്യത്തിലും താങ്കള്‍ക്ക് എതിരു നില്‍ക്കില്ല. താങ്കള്‍ക്ക് അഭികാമ്യമെന്ന് തോന്നുന്നതെന്തോ അതു പ്രവര്‍ത്തിക്കുക. അപ്പോള്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: “പടയങ്കിയണിഞ്ഞ ഒരു പ്രവാചകന്‍ പിന്മാറുന്നത് ശരിയല്ല. അയാള്‍ക്കും ശത്രുവിനുമിടയില്‍ വിധിക്കുന്നതുവരെ. അതിനാല്‍, എന്നോടൊപ്പം യുദ്ധത്തില്‍ അണിചേരുക. ദൈവമാര്‍ഗത്തില്‍ മുന്നോട്ടു കുതിക്കുക. വിജയം നിങ്ങളുടേതാണ്. നിങ്ങള്‍ സ്ഥിരചിത്തതയുള്ളവരാണെങ്കില്‍. തുടര്‍ന്ന് പ്രവാചകന്‍ മൂന്നു കൊടിമരങ്ങള്‍ ആവശ്യപ്പെടുകയും അതില്‍ മൂന്ന് ബാനറുകള്‍ കെട്ടുകയും ചെയ്തു. ഔസിന്റെ കൊടി ഉസൈദിന്(റ) കൊടുത്തു. ഖസ്‌റജിന്റേത് ഹുബാബിന്റെ(റ) കൈയിലും. മുഹാജിറുകളുടെ ധ്വജവാഹകന്‍ മിസ്അബായിരുന്നു(റ).
ഒരിക്കല്‍ മഖ്‌സും ഗോത്രത്തിലെ ഒരു ശ്രേഷ്ഠ വനിതയുടെ ശിക്ഷാവിധി നടപ്പാക്കേണ്ട സാഹചര്യമുണ്ടായി. കൈവെട്ടല്‍ ആയിരുന്നു ശിക്ഷ. ശ്രേഷ്ഠവ്യക്തിയായ അവര്‍ക്ക് ശിക്ഷ നടപ്പാക്കുന്നതില്‍ പലരും വിമുഖരായിരുന്നു. ഒടുവില്‍ ഒരാള്‍ ഇതില്‍ ഇളവ് ചെയ്തു കൊടുക്കണം എന്ന ആവശ്യവുമായി റസൂലിനെ സമീപിച്ചു. സാഹചര്യം ആകെ മാറി, റസൂലിന്റെ മുഖം വിവര്‍ണമായി കോപത്തോടെ അവരെ ശാസിച്ചു. അല്ലാഹുവിന്റെ വിധി തീര്‍പ്പില്‍ ഒത്തുതീര്‍പ്പിന് വന്നിരിക്കുകയാണ്, മോഷണം നടത്തിയത് എന്റെ മകള്‍ ഫാത്തിമ ആണെങ്കിലും കൈകള്‍ ഛേദിച്ചിരിക്കും എന്നായിരുന്നു പ്രവാചകന്റെ മറുപടി.
സാമൂഹിക പ്രതിബദ്ധത (Social responsibility)
സമൂഹത്തിന്റെ പൊതുവായ ക്ഷേമം പരിഗണിച്ചുകൊണ്ടും അതിന്റെ ആന്തരികമായ താളാത്മകതയും മറ്റു സമൂഹങ്ങളുമായുള്ള ബന്ധങ്ങളും അടങ്ങുന്ന ഒരു ലോകക്രമത്തെ ലക്ഷ്യമാക്കിക്കൊണ്ടും പ്രവാചകന്റെ(സ്വ) ഉപദേശവും സഹായവും തേടാത്തതായ ഒരു ദിനം പോലും മദീനയില്‍ കടന്നുപോയിട്ടില്ല. വിശ്വാസികളില്‍ ചിലരുടെ വ്യക്തിപരമായ പ്രശ്‌നം അത് ചിലപ്പോള്‍ സല്‍മാന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ ഭൗതികപരമാകാം അല്ലെങ്കില്‍ ഒരിക്കല്‍ അബൂബക്കര്‍ പ്രവാചക സാന്നിധ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ബനൂ തമീം ഗോത്രത്തിലെ ഹന്ദലയുടെ കാര്യത്തിലെന്നപോലെ ആത്മീയമാകാം ഹന്ദല തന്റെ പ്രശ്‌നവുമായി ആദ്യം സമീപിച്ചത് അബൂബക്കറിനെയായിരുന്നു. എന്നാല്‍ ഹന്ദല ഉന്നയിക്കുന്ന പ്രശ്‌നത്തില്‍ പ്രവാചകനില്‍ നിന്നുതന്നെ വേണം ഉത്തരം ലഭിക്കേണ്ടതെന്ന് അബൂബക്കറിന് (റ)തോന്നി. അന്വേഷകന്റെ മുഖം ആകെ അസ്വസ്ഥമായിരുന്നു. കാര്യം അന്വേഷിച്ച പ്രവാചകനോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഹന്‍ദല ഒരു കപടവിശ്വാസിയാണ് പ്രവാചകരേ.’ എന്താണ് അയാള്‍ ഉദ്ദേശിച്ചതെന്ന് നബി (സ്വ) വീണ്ടും തിരക്കി. “അല്ലാഹുവി ന്റെ ദൂതരേ, ഞങ്ങള്‍ താങ്കളുടെ സാന്നിധ്യത്തിലാവുകയും എന്നിട്ട് താങ്കള്‍ ഞങ്ങളോട് സ്വര്‍ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ അതെല്ലാം ഞങ്ങളുടെ കണ്‍വെട്ടത്തില്‍ തെളിയുന്നതുപോലെ അനുഭവ പ്പെടും. പിന്നീട് താങ്കളുടെ സാന്നിധ്യത്തില്‍ നിന്നകന്നാല്‍ ഞങ്ങളുടെ മനസ്സുകള്‍ ഭാര്യമാര്‍, കുട്ടികള്‍, സ്വത്തുക്കള്‍ എന്നിവയിലെല്ലാം കൂടിക്കുഴഞ്ഞ് ഞങ്ങള്‍ അധികകാര്യങ്ങളും മറന്നുപോകും. ജീവിതത്തിന്റെ ദൈനംദിന വ്യവഹാരങ്ങള്‍ക്കിടയിലും ആത്മീയ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ബോധം മാറ്റമില്ലാതെ സൂക്ഷിക്കുന്നവനാണ് മാതൃകായോഗ്യനെന്ന കാര്യം പ്രവാചകന്റെ(സ്വ) ഉത്തരത്തില്‍ തെളിയുന്നത് കാണാം. അദ്ദേഹം ഹന്ദലയോട് പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കരങ്ങളിലാണോ അവന്‍ തന്നെ സത്യം, നിങ്ങള്‍ക്ക് സാന്നിധ്യത്തിലെന്നപോലെ എപ്പോഴും കഴിയാനായാല്‍ അല്ലെങ്കില്‍ ദൈവസ്മരണയുടെ നിറവാര്‍ന്ന ബോധത്തിലായാല്‍ നിങ്ങളിലേക്ക് മാലാഖമാര്‍ ഇറങ്ങി വരികയും അവര്‍ നിങ്ങളുടെ കൈ പിടിച്ച് നിങ്ങളെ ഉറക്കാന്‍ കിടത്തുകയും നിങ്ങളുടെ വഴികളിലെല്ലാം നിങ്ങളോടൊപ്പം സഹവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ഹന്ദല, അതിനും ( ജീവിതത്തിന്റെ വ്യവഹാരത്തിനും ധ്യാനത്തിനും നിനക്ക് ) സമയമുണ്ട്. സമൂഹത്തിന്റെ ഇത്തരം ആവശ്യങ്ങളില്‍ നിന്ന് മുഖം തിരിക്കാന്‍ പ്രവാചകന് കഴിയുമായിരുന്നില്ല. എന്നാല്‍ മറ്റെന്തെങ്കിലും വഴിക്ക് പ്രവാചകന്‍ സംരക്ഷിക്കപ്പെടണമെന്നത് സമയത്തിന്റെ ഒരു ആവശ്യമായിരുന്നു.
മുഹമ്മദ് അജ്മൽ നൂറാനി
You must be logged in to post a comment Login